Friday, March 27, 2009

മറനീക്കുന്ന മാധ്യമ പക്ഷപാതം

മാധ്യമങ്ങള്‍ക്കെന്തുപറ്റിയെന്ന് ചില ശുദ്ധാത്മാക്കളെങ്കിലും അത്ഭുതംകൂറുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെയും, ചില ചാനലുകളുടെയും നിഷ്പക്ഷനാട്യം വിശ്വസിക്കുന്നവര്‍ക്കാണ് തെറ്റുപറ്റിയത്. ഭാരതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു വിധിയെഴുത്തിന് ജനത തയ്യാറെടുക്കുമ്പോള്‍, നിര്‍ലജ്ജം വലതുപക്ഷ ദാസ്യം പുറത്തെടുക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ആരാണ് ഇടതുപക്ഷത്തെ പ്രൊഫഷണലായി ആക്രമിക്കുന്നത് എന്നതിലാണ് മത്സരം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തള്‍ ഇടതുപക്ഷ വിരുദ്ധവും വിശേഷിച്ച് മാര്‍ക്സിസ്റ്റ് വിരുദ്ധവുമായി മാറിക്കഴിഞ്ഞു.

നിയോജകമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയംചെയ്തുകഴിഞ്ഞാല്‍ പുതിയ സീറ്റുകളുടെ വിഭജനം സംബന്ധിച്ച് മുന്നണികളില്‍ ചര്‍ച്ചകളും തര്‍ക്കങ്ങളും പതിവാണ്. 1982ലാണ് ഇന്നത്തെ നിലയില്‍ എല്‍ഡിഎഫ് ആദ്യമായി കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1984ല്‍ ലോകസഭാ തെരഞ്ഞെടുപ്പിലും. മണ്ഡലങ്ങള്‍ മാറിമറിഞ്ഞശേഷം അതിന്റെ വിഭജനം സംബന്ധിച്ച് എല്‍ഡിഎഫില്‍ അഭിപ്രായവ്യത്യാസമുണ്ടായി. അത് മുന്നണിയെ തകര്‍ത്തുവെന്ന നിലയിലാണ് മാധ്യമപ്രചാരണം.

യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഏക സീറ്റായ പൊന്നാനിയില്‍ എങ്ങനെ യുഡിഎഫിനെ തോല്‍പിക്കാം എന്നതിനെ സമംബന്ധിച്ചായിരുന്നു യഥാര്‍ത്ഥത്തില്‍ തര്‍ക്കം. മുന്നണിയിലെ എല്ലാ കക്ഷികളും ഒരേ അളവില്‍ അത് ഉള്‍ക്കൊണ്ടില്ല എന്ന് നിരീക്ഷിക്കാമെങ്കിലും മുന്നണിയെ അത് തകര്‍ത്തുവെന്ന് ദീര്‍ഘദര്‍ശനം ചെയ്യുന്ന തിരക്കിലായി മാധ്യമങ്ങള്‍. സിപിഐക്കും സിപിഐ (എം)നും "ഒരത്താണി''യേയുള്ളുവെന്നും അത് ഭാരതത്തിലെ ഇടതുപക്ഷ ഐക്യത്തിലാണെന്നും കൃത്യമായി തിരിച്ചറിയുന്ന നേതൃത്വം ഈ പാര്‍ടികള്‍ക്കുണ്ട്. സിപിഐ-സിപിഐ (എം) സീറ്റുവിഭജനം പൂര്‍ത്തിയാകുന്നതായി വ്യക്തമാക്കിക്കഴിഞ്ഞിട്ടും മാര്‍ച്ച് 18ന് മലയാളമനോരമ ലീഡ് കാച്ചുന്നത് നോക്കുക "സിപിഐ വോട്ട് നോക്കേണ്ടെന്ന് സിപിഐ (എം)''. ലാവ്ലിന്‍ കേസില്‍ പിണറായിയെ തുണയ്ക്കേണ്ടെന്ന് സിപിഐയും. ഇത്തരമൊരു വ്യാജവാര്‍ത്ത ആലപ്പുഴയില്‍നിന്ന് സ്വന്തം ലേഖകനായ ഇലങ്കത്ത് ജയചന്ദ്രനെന്ന വിദ്വാന്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ എന്ത് സത്യമാണുള്ളത്. നിയമസഭാ മണ്ഡലം തലത്തില്‍ പാര്‍ടി അംഗങ്ങളുടെ ജനറല്‍ബോഡി യോഗങ്ങളിലാണ് ഇത് റിപ്പോര്‍ട്ടുചെയ്തതെന്നാണ് കണ്ടുപിടുത്തം. സിപിഐ (എം) തെരഞ്ഞെടുപ്പ്കാലത്ത് അത്തരമൊരു യോഗം നടത്തിയിട്ടില്ല. റിപ്പോര്‍ട്ട്ചെയ്തിട്ടുമില്ല. എല്‍ഡിഎഫ് യോജിച്ചു മത്സരിക്കുമെന്നാണ് സിപിഐ (എം) എക്കാലത്തും പറയുന്നതും. സീറ്റ് വിഭജനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരുമിച്ചണിനിരക്കാനുള്ള എല്‍ഡിഎഫ് ശ്രമത്തെ തടയാനാവില്ലെങ്കിലും തങ്ങളുടെ വലതുപക്ഷ വായനക്കാരില്‍ അല്‍പമെങ്കിലും ആശയും നിഷ്പക്ഷരായ വോട്ടര്‍മാരില്‍ മുന്‍വിധിയും ഉണ്ടാക്കാനുള്ള കരുട്ടുബുദ്ധിയല്ലേ അത്.

ലാവ്ലിന്‍ കേസിന്റെ കാറ്റുപോയതില്‍ മനോരമയ്ക്കു മാത്രമല്ല. ഏഷ്യാനെറ്റിനും വല്ലാത്ത ഉത്കണ്ഠയാണ്. ലാവ്ലിന്‍ കേസിന്റെ വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍ സിപിഐ (എം)നു കഴിഞ്ഞു. അപ്പോള്‍ പ്രതിസ്ഥാനത്ത് കേന്ദ്രസര്‍ക്കാരും സിബിഐയുമാണ്. സിപിഐ (എം) സംസ്ഥാനസെക്രട്ടറിയെ ആക്രമിച്ച് പാര്‍ടിയെ തകര്‍ക്കാനുള്ള ആ നീക്കം പാര്‍ടി കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ നേരിട്ടപ്പോള്‍ ലാവ്ലിന്‍ കഥകള്‍ ആവിയായതിന്റെ ജാള്യം വലതുപക്ഷത്തിനുണ്ട്. അത് തെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് കൊണ്ടുവന്നതെങ്കിലും അത് എടുക്കാത്ത നാണയമായി.

തെരഞ്ഞെടുപ്പിനിടയില്‍ യുഡിഎഫിലും കോണ്‍ഗ്രസിലുമുണ്ടായ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. സീറ്റ് വിഭജനത്തില്‍ യുഡിഎഫിലെ എല്ലാ ചെറിയ കക്ഷികള്‍ക്കും പരാതിയുണ്ട്. കോണ്‍ഗ്രസ് പാര്‍ടിയിലെ നിഴല്‍യുദ്ധം ചെന്നിത്തലയുടെ കേരള യാത്രയില്‍ കണ്ടതാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റിനെ പൊടുന്നനവെ മാറ്റി പുതിയൊരാളെ വാഴിച്ചു. അയാള്‍ ലഡു കൊടുക്കുന്നതും ചെന്നിത്തല അത് വിഴുങ്ങുന്നതും കാണാം. അടുത്തസീനില്‍ പുതിയ യൂത്ത് പ്രസിഡന്റിനെ മാറ്റി ഉമ്മന്‍ചാണ്ടി സിദ്ധിക്കുമായി വീണ്ടും വരുന്ന കാഴ്ചയാണ്. ഈ അപഹാസ്യനാടകം ചെന്നിത്തല-ചാണ്ടിയെന്ന ഇരട്ട നേതൃത്വത്തിലെ ഐക്യത്തിന്റെ ആഴം വ്യക്തമാക്കിയെങ്കിലും ചാനലുകള്‍ക്കോ പത്രങ്ങള്‍ക്കോ അതിലൊന്നും താല്‍പര്യമേയില്ല. സുധീരനും വയലാര്‍രവിയും തമ്മില്‍ നടക്കുന്ന തുറന്ന പോരും വാര്‍ത്തയല്ല.

കേന്ദ്രത്തില്‍ ഇടതുപക്ഷ നേതൃത്വത്തില്‍ ദേശീയ ശക്തി ഒന്നാം മുന്നണിയായിക്കഴിഞ്ഞു. അതിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഭരണത്തിലേക്ക് എത്തുമോയെന്ന ചോദ്യങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. യുപിഎ സ്വയം ഇല്ലാതായി. ലാലുവും മുലായംസിംഗും പസ്വാനും ചേര്‍ന്ന് കോണ്‍ഗ്രസിനെ ബിഹാറിലും യുപിയിലും അപമാനിക്കുന്നു. കോണ്‍ഗ്രസ് നാലോ അഞ്ചോ സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ള ഒരു പ്രാദേശിക കക്ഷിയായി മാറുന്നു. ബിജെപിയുടെ ഒറ്റപ്പെടല്‍ ഒറീസയിലെ രാഷ്ട്രീയ നീക്കങ്ങളോടെ സമ്പൂര്‍ണ്ണമായി. ഭരണത്തിലേറുമെന്ന് വീമ്പിളക്കി നടന്നിരുന്ന ഈ രണ്ട് മുന്നണികളുടെയും തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ദേശീയ ബദല്‍ രൂപപ്പെടുന്നതിന്റെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍പോലും മിനക്കെടാതെ സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ ഇന്ത്യയിലെ കുഴലൂത്തുകാരായി മാധ്യമങ്ങള്‍ അധ:പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കാണാനാകുന്നത്.

ഒരു മന്ത്രിയെപ്പറ്റി നമ്മുടെ മാധ്യമങ്ങള്‍ നല്ലതുപറയണമെങ്കില്‍ അദ്ദേഹം രാജിവെയ്ക്കണം. ജനതാദളിന്റെ മന്തിയായിരുന്ന മാത്യു ടി തോമസ് രാജിവച്ചപ്പോള്‍ അദ്ദേഹത്തെ മാധ്യമങ്ങള്‍ പ്രശംസകൊണ്ട് മൂടി. അഴിമതിരഹിതനും, കഴിവുറ്റവനുമായ ഗതാഗതമന്ത്രി നടത്തിയ ചടുല നീക്കങ്ങള്‍ ആ രംഗത്ത് വരുത്തിയ മാറ്റങ്ങള്‍ എത്ര പെട്ടന്നാണ് മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞത്. മാത്യുടിതോമസ് മാത്രമല്ല, ഈ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കഴിവുതെളിയിച്ചവരല്ലേ. അവര്‍ ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്. ഇതുസംബന്ധിച്ച എല്ലാ ധാരണയും മാധ്യമങ്ങള്‍ക്കുണ്ടെന്നതിന്റെ തെളിവാണ് ഗതാഗതമന്ത്രിയുടെ രാജിയോടൊപ്പംതന്നെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ കൃത്യമായിപ്പറയാന്‍ മാധ്യമങ്ങള്‍ക്കായത്. കാര്യങ്ങള്‍ തങ്ങള്‍ക്കറിയാം. പക്ഷേ ഇടതുപക്ഷത്തിന് ഗുണമാകുന്ന ഒന്നും പറയുകയില്ല എന്ന കൃത്യമായ നിശ്ചയം മാധ്യമങ്ങള്‍ക്കുണ്ട്. ജനങ്ങളാകെ ഇടതുമുന്നണിക്കെതിരാണെന്ന് ചാനലുകളിലെ അങ്കര്‍മാര്‍ പലതും പ്രസ്താവിക്കുന്നതു കേട്ടു. നികേഷ്കുമാര്‍ അങ്ങനെ പറയുന്നത് പിതാവിനോടുള്ള സ്നേഹം കൊണ്ടാണെന്ന് തിരിച്ചറിയാം. എന്നാല്‍ മറ്റ് മാധ്യമങ്ങളോ? പുറത്തുവരുന്നത് വാര്‍ത്തകളല്ല, മാധ്യമങ്ങളുടെ കാപട്യംതന്നെയാണ്.

*

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരികയിൽ എഴുതിയ ലേഖനം

5 comments:

  1. മാധ്യമങ്ങള്‍ക്കെന്തുപറ്റിയെന്ന് ചില ശുദ്ധാത്മാക്കളെങ്കിലും അത്ഭുതംകൂറുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെയും, ചില ചാനലുകളുടെയും നിഷ്പക്ഷനാട്യം വിശ്വസിക്കുന്നവര്‍ക്കാണ് തെറ്റുപറ്റിയത്. ഭാരതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു വിധിയെഴുത്തിന് ജനത തയ്യാറെടുക്കുമ്പോള്‍, നിര്‍ലജ്ജം വലതുപക്ഷ ദാസ്യം പുറത്തെടുക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ആരാണ് ഇടതുപക്ഷത്തെ പ്രൊഫഷണലായി ആക്രമിക്കുന്നത് എന്നതിലാണ് മത്സരം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തള്‍ ഇടതുപക്ഷ വിരുദ്ധവും വിശേഷിച്ച് മാര്‍ക്സിസ്റ്റ് വിരുദ്ധവുമായി മാറിക്കഴിഞ്ഞു.

    ReplyDelete
  2. MUKHAM NANNAVATNHATHUNU KANNADI THALLIPPOTTIKKAM....ALLEE...?

    ETHRA KANNAADIKAL THAKARKKUM..?

    LEFT NE THAKARKKUNNATHU MEDIA ALLA.
    LEFT PARTIES THANNNEYANU.
    ELLA MALAYALIKALKKUM ATHRIYAM.
    KANNADACHU IRUTTAKKUNNAVARKKU OZHIKE.

    ReplyDelete
  3. പ്രിയ മാര്‍ട്ടിന്‍,

    താങ്കളുടെ കമന്റിലേതുപോലുള്ള വെറും പ്രസ്താവനകള്‍ ആര്‍ക്കുമാകാം. അതില്‍ കാര്യമില്ല. എത്ര പുറം വേണമെങ്കിലും താങ്കളുടെ കമന്റ് ശൈലിയില്‍ ഉപന്യസിക്കാന്‍ ബുദ്ധിമുട്ടില്ല. വസ്തുതകള്‍ നിരത്തി സംസാരിക്കുവാന്‍ ബുദ്ധിമുട്ടാണു താനും. അതിനു വായിക്കണം, പഠിക്കണം, സമയം മെനക്കെടുത്തണം.

    ക്ഷമിക്കുക.

    ReplyDelete
  4. "താങ്കളുടെ കമന്റിലേതുപോലുള്ള വെറും പ്രസ്താവനകള്‍ ആര്‍ക്കുമാകാം. അതില്‍ കാര്യമില്ല. എത്ര പുറം വേണമെങ്കിലും താങ്കളുടെ കമന്റ് ശൈലിയില്‍ ഉപന്യസിക്കാന്‍ ബുദ്ധിമുട്ടില്ല. വസ്തുതകള്‍ നിരത്തി സംസാരിക്കുവാന്‍ ബുദ്ധിമുട്ടാണു താനും. അതിനു വായിക്കണം, പഠിക്കണം, സമയം മെനക്കെടുത്തണം."

    ദേശാഭിമാനി മാത്രം വായിച്ചാല്‍ മതിയൊ..?
    അല്ല താങ്കള്‍ക്ക്‌ തൃപ്തിയാകുന്ന കമന്റ്‌ എഴുതണമെങ്കില്‍ ദേശാഭിമാനിയും ചിന്തയും മാത്രം വായിക്കണം.
    അതു മാത്രമല്ല മറ്റു മാധ്യമങള്‍ എല്ലാം സി.പി.എമ്മിന് എതിരാണല്ലോ..?
    സമയം മെനക്കെടുത്തി വായിച്ചു പഠിക്കുന്ന സമ ഭാവനയോടെ കാര്യങള്‍ കാണുന്ന ഒരാള്‍ക്കും താങ്കള്‍ കോപ്പി ചെയ്തിരിക്കുന്ന മുകളിലെ ലേഖനം എഴുതാന്‍ കഴിയില്ലല്ലോ സുഹൃത്തേ..?

    ReplyDelete
  5. എല്ലാം വായിക്കണം. ലേഖനത്തിലെ വസ്തുതകളെക്കുറിച്ച് വസ്തുതകള്‍ നിരത്തി സംസാരിക്കണം എന്നേ പറഞ്ഞുള്ളൂ. എതിര്‍ക്കണം എന്നെ പറഞ്ഞുള്ളൂ.

    ReplyDelete