Sunday, April 5, 2009

94,55,000 കോടി രൂപയുടെ വെട്ടിപ്പ്

ഈ കഴിഞ്ഞ മാസം 2006-മാര്‍ച്ച് 31 വരെയുളള സ്വിസ് ബാങ്കുകളിലെ വിദേശ പൌരന്മാരുടെ അക്കൌണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കപ്പെട്ടു... ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള അഞ്ച് സ്ഥാനങ്ങളില്‍ ഒന്നാമത് ഇന്ത്യയാണ്. 1456 ബില്യന്‍ ഡോളര്‍.. എന്നാല്‍ 2008 നവംബറിലെ കണക്കനുസരിച്ച് ഇത് 1891 ബില്ല്യന്‍ ഡോളറാണത്രെ!
ഈ സംഖ്യ രൂപയിലാക്കിയാല്‍ എത്രയാണ്? ആദ്യമതിന്, നമുക്കീ സംഖ്യ എത്രകോടി ഡോളറുണ്ടന്ന് നോക്കാം.. 1891 X 100 = 1,89,100 കോടി ഡോളര്‍.. ഒരു കോടി ഡോളര്‍ എന്നാല്‍ 50 കോടി രൂപ.. 100 കോടി ഡോളര്‍ = ഒരു ബില്യന്‍ = 500 കോടി രൂപ.. 1,89,100X 50 = 94,55,000 കോടി രൂപാ.. എന്നുവെച്ചാല്‍ 9,45,50,00,00,00,000 രൂപ. തൊണ്ണൂറ്റി നാലു ലക്ഷത്തി അമ്പത്തി അയ്യായിരം കോടി രൂപ.

ഈ തുക 5% പലിശക്ക് നിക്ഷേപിച്ചാല്‍ കിട്ടുന്ന വാര്‍ഷിക പലിശ നമ്മുടെ ദേശീയ ബജറ്റിനെ കവച്ചുവയ്ക്കും.. ഇന്ത്യയിലെ അതിസമ്പന്ന രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും കണക്കില്‍പെടാതെ സമാഹരിച്ച പണമാണിത്.. കണക്കുള്ള എത്ര സമ്പത്താണ് വ്യവസായ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രഭുക്കള്‍ വേറെ സമാഹരിച്ചിരിക്കുന്നതെന്ന് ഊഹിക്കാം.. എവിടുന്നാണ് ഈ പണമൊക്കെ..? ആഗോള മൂലധന പ്രഭുക്കള്‍ക്ക് രാഷ്ട്രം വീതിച്ചുകൊടുക്കുന്നതിന് വാങ്ങിക്കൂട്ടിയ കൈക്കൂലി മുതല്‍, ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളും പൊതുമുതലും വിദേശികള്‍ക്ക് മേയാന്‍ അനുവദിക്കുന്നതിന് അവര്‍ നല്‍കുന്ന കൈമടക്കും, കമ്മീഷനും വരെ ഇതിലുണ്ടാവാം.. കഴിഞ്ഞ ഒന്നര വ്യാഴവട്ടമായി ഇന്ത്യാരാജ്യത്ത് 'സര്‍വ്വസമ്മത'മായി അരങ്ങുതകര്‍ക്കുന്ന ഉദാരവല്‍ക്കരണത്തിന്റെ ഉല്‍പ്പന്നമാണത്. 115 കോടി മനുഷ്യരുള്ള ഒരു മഹാരാജ്യം കുത്തകള്‍ക്കും വിറ്റുപെറുക്കിയതിന്റെ 'അറ്റാദായം' എന്നുപറയാം...

ഇന്ത്യക്ക് പിറകില്‍ റഷ്യാക്കാരുടെ സമ്പാദ്യമാണ് കൂടുതല്‍.. ഇന്ത്യന്‍ സമ്പന്നരുടെ സമ്പാദ്യത്തിന്റെ 1/3 മാത്രമെ അവര്‍ക്കുള്ളൂ.. അഞ്ച് സ്ഥാനങ്ങളില്‍ ഇന്ത്യയൊഴിച്ചെല്ലാവരും ചേര്‍ന്നാല്‍ 1173 ബില്യന്‍ ഡോളറേവരുന്നുള്ളൂ..

സ്വിസ് ബാങ്ക് സമ്പാദ്യവും ഇന്ത്യയിലെ 100 കോടി മനുഷ്യരുടെ ജീവിതവും തമ്മില്‍ എന്താണ് ബന്ധമെന്ന് നമുക്ക് ഈ തെരഞ്ഞെടുപ്പ് വേളയിലെങ്കിലും ഒന്നാലോചിക്കാവുന്നതാണ്..

ഇടതുപക്ഷം വളരെക്കാലമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് ഈ പണം തിരിച്ചു പിടിയ്ക്കണമെന്ന്. പ്രകാശ് കാരാട്ട് എഴുതിയ ലേഖനം കൂടി വായിക്കാം....

കള്ളപ്പണം തിരികെ പിടിക്കണം

നികുതി വെട്ടിക്കാന്‍ സ്വിസ് ബാങ്കുകളിലും ഇതര രഹസ്യഅക്കൌണ്ടുകളിലും നിക്ഷേപിച്ചിരിക്കുന്ന പണം തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് സിപിഐ എം ആവശ്യപ്പെട്ടുവരികയാണ്. രാജ്യത്തുനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുപോയ പണത്തിന്റെ അളവിന് കൃത്യമായ രേഖയില്ലെങ്കിലും ഇന്ത്യക്കാരുടെ ഇത്തരം നിക്ഷേപങ്ങള്‍ ശതകോടി ഡോളര്‍ വരും.

ഇതുവരെ നികുതി വെട്ടിപ്പുകാര്‍ സ്വിറ്റ്സര്‍ലന്‍ഡിലെയും ലിഷന്‍സ്റ്റീനിലെയും കാനറി ദ്വീപുകളിലെയും ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ അറിയുന്നത് അസാധ്യമായിരുന്നു. ഇത്രയുംകാലം വികസ്വരരാജ്യങ്ങളില്‍നിന്നും സമ്പത്ത് വികസിതരാജ്യങ്ങളിലേക്ക് കടത്താനുള്ള ഉപാധി എന്ന നിലയില്‍ ഇത്തരം നികുതിവെട്ടിപ്പ് നിക്ഷേപങ്ങളെ പാശ്ചാത്യ ഗവണ്‍മെന്റുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ദരിദ്രരാജ്യങ്ങളിലെ ഭരണവര്‍ഗത്തിനും അഴിമതിക്കാരായ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വന്‍കിട വ്യവസായികള്‍ക്കും സമ്പന്നര്‍ക്കും അവര്‍ കൊള്ളയടിക്കുന്ന സ്വത്ത് ലോകത്തെ വിവിധ രഹസ്യഅക്കൌണ്ടുകളില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹനം നല്‍കിയിരുന്നു.

പക്ഷേ, ആഗോളസാമ്പത്തിക പ്രതിസന്ധിയും ധനതകര്‍ച്ചയും വന്നതോടെ അമേരിക്കയും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും വിഭവങ്ങള്‍ക്കുവേണ്ടി അലയുകയും നികുതി വെട്ടിച്ച് രഹസ്യഅക്കൌണ്ടുകളില്‍ പണം നിക്ഷേപിച്ചിട്ടുള്ള തങ്ങളുടെ പൌരന്മാരോട് അവയെല്ലാം നിര്‍ബന്ധമായി തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയുംചെയ്യുന്നു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ അനധികൃതമായി കടത്തിക്കൊണ്ടുപോയ പണമെല്ലാം തിരിച്ചുകൊണ്ടുവരണമെന്ന കടുത്ത നിലപാടിലാണ്് ഈ സര്‍ക്കാരുകള്‍.

രണ്ട് സംഭവവികാസങ്ങളില്‍നിന്ന് മാറിയ മനോഭാവം വ്യക്തമാണ്. ഏറ്റവും വലിയ സ്വിസ് ബാങ്കായ യുബിഎസില്‍നിന്ന് അവിടെ അമേരിക്കക്കാര്‍ നടത്തിയിട്ടുള്ള രഹസ്യനിക്ഷേപങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ യുഎസ് സര്‍ക്കാര്‍ വിജയിച്ചു. രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമായ യുബിഎസ് തങ്ങളുടെ തെറ്റ് ഏറ്റുപറഞ്ഞു. അനധികൃതമായി പണം സൂക്ഷിച്ചതിന് അവര്‍ വന്‍പിഴ നല്‍കുകയുംചെയ്തു. സ്വിസ് ബാങ്കുകളുടെ രഹസ്യസ്വഭാവത്തില്‍ വന്ന ആദ്യത്തെ വലിയ വിള്ളലാണിത്.

യൂറോപ്യന്‍ യൂണിയനിലെ ധനമന്ത്രിമാര്‍ തങ്ങളുടെ രാജ്യങ്ങളിലെ നികുതി വെട്ടിപ്പുകാര്‍ നടത്തിയിട്ടുള്ള രഹസ്യനിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സ്വിസ് ബാങ്കുകളോട് ആവശ്യപ്പെട്ടതാണ് രണ്ടാമത്തെ സംഭവവികാസം. ഇക്കാര്യം പരിഗണിക്കാമെന്ന് സ്വിസ് ഗവണ്‍മെന്റ് സമ്മതിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ്, രാജ്യത്തുനിന്ന് അനധികൃതമായി കടത്തിയ പണം തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളുടെ ആദ്യഘട്ടമായി, ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഇക്കാര്യം പറയുന്നു: 'കള്ളപ്പണം പിടിച്ചെടുക്കാന്‍ നടപടി ആരംഭിക്കുക, പ്രത്യേകിച്ച് സ്വിസ് ബാങ്കുകളില്‍ ഉള്‍പ്പടെയുള്ള വിദേശത്തെ നിക്ഷേപങ്ങള്‍'

ഇപ്പോള്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനി ഇതേ ആവശ്യം ഉയര്‍ത്തിയിരിക്കുന്നു.

രാജ്യത്തുനിന്ന് കടത്തിയ അനധികൃതസ്വത്ത് തിരിച്ചുകൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം ശക്തമായി പറയേണ്ടതുണ്ട്. 1980കളില്‍ ബൊഫോഴ്സ് വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രാജ്യം സ്വിസ് ബാങ്കുകളിലെ 'ലോട്ടസ്', 'ടുളിക്ക്', 'മോണ്ട് ബ്ളാങ്ക്' തുടങ്ങിയ രഹസ്യഅക്കൌണ്ടുകളെപ്പറ്റി കേട്ടു.

ഇന്ത്യയില്‍നിന്നുള്ള മൂലധനനീക്കത്തിന് നിയന്ത്രണം നിലനിന്നിരുന്നതിനാല്‍ 1990കളുടെ ആദ്യംവരെ വിദേശത്തെ ബാങ്കുകളില്‍ ഉണ്ടായിരുന്ന പണത്തിന്റെ ഏറിയപങ്കും അനധികൃതമായി കടത്തിയതായിരുന്നു. വിദേശ ഇടപാടുകളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥര്‍ക്കും ലഭിച്ച കോഴ, വന്‍കിട വ്യവസായികളുടെയും കോര്‍പറേറ്റുകളുടെയും കള്ളപ്പണം, മറ്റു അനധികൃത സമ്പാദ്യങ്ങള്‍ തുടങ്ങിയവ വിദേശങ്ങളിലെ രഹസ്യ ബാങ്ക് അക്കൌണ്ടുകളിലെത്തി.

ഉദാരവല്‍ക്കരണത്തിനും മൌറീഷ്യസ് റൂട്ട് പോലുള്ള നികുതിരഹിത പാതകളുടെ സ്ഥാപനത്തിനുംശേഷം വിദേശത്തേക്കുള്ള മൂലധനപ്രവാഹം പതിന്മടങ്ങായി വര്‍ധിച്ചു. മൂലധനത്തിനുമേലുള്ള എല്ലാ നിയന്ത്രണവും നീക്കാനും രാജ്യത്തിനുള്ളിലേക്കും പുറത്തേക്കും മൂലധനത്തിന്റെ സമ്പൂര്‍ണവിനിമയം സാധ്യമാക്കാനും വേണ്ടിയാണ് മന്‍മോഹന്‍സര്‍ക്കാര്‍ നിലകൊള്ളുന്നത്. ഇത് രാജ്യത്തുനിന്ന് സമ്പത്ത് മുഴുവന്‍ ചോര്‍ന്നുപോകുന്ന സ്ഥിതി സൃഷ്ടിക്കും.

രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്നതിന് അറുതി വരുത്തണം. ഇതിനായി ധനപ്രവാഹത്തിനു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും മൂലധനനിക്ഷേപ വിനിമയം തടയുകയും ചെയ്യണം. ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ പ്രകാരമുള്ള മൌറീഷ്യസ് റൂട്ട് അവസാനിപ്പിക്കണം. പ്രമുഖ നികുതിവെട്ടിപ്പുകാരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുകയും സ്വിസ് ബാങ്കുകളോടും മറ്റു രഹസ്യ പണമിടപാട് സ്ഥാപനങ്ങളോടും നിക്ഷേപകരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയുംചെയ്യണം.

ഇതിനു മന്‍മോഹന്‍സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് വ്യക്തമല്ല. കോണ്‍ഗ്രസ് ഭരണകാലത്ത് ലക്ഷക്കണക്കിന് ഡോളര്‍ രാജ്യത്തിന്റെ പുറത്തേക്ക് കടത്തി. പ്രതിരോധഇടപാടുകളിലെ കോഴയും കമീഷനുകളുമാണ് ഇതില്‍ പ്രധാനം. പതിനായിരം കോടി ഡോളറിന്റെ ഇസ്രയേല്‍ മിസൈല്‍ ഇടപാടില്‍ 600 കോടി രൂപ 'ബിസിനസ് ചാര്‍ജ്' എന്ന നിലയില്‍ ഇടനിലക്കാര്‍ക്ക് കമീഷന്‍ നല്‍കിയതായി ഈയിടെ വെളിപ്പെട്ടു. ഓഹരിവിപണിയിലെ കയറ്റങ്ങളുടെ സമയത്ത് കൊള്ളലാഭംകൊയ്യുന്ന വന്‍കിടക്കാര്‍ ഈ പണം മൌറീഷ്യസില്‍ കമ്പനികള്‍ രജിസ്റ്റര്‍ചെയ്ത് അവിടേക്ക് മാറ്റുകയും ഇന്ത്യയില്‍ നികുതി നല്‍കുന്നതില്‍നിന്ന് ഒഴിവാകുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള ശതകോടി ഡോളര്‍ രാജ്യത്തിന്റെ സാമ്പത്തികവികസനത്തിനും വിദ്യാഭ്യാസ-ആരോഗ്യസംവിധാനങ്ങള്‍ ഒരുക്കാനും ലഭ്യമാക്കിയാല്‍ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയും. വന്‍കിട ബിസിനസുകാരും അഴിമതിക്കാരായ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഈ അവിശുദ്ധബന്ധത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. അനധികൃതമായി കടത്തിയ ഭാരിച്ച സ്വത്ത് രാജ്യത്ത് തിരിച്ചുകൊണ്ടുവരുന്നതിനായി, ഇക്കാര്യം ആവശ്യപ്പെട്ട് ജനങ്ങളുടെ വന്‍പ്രസ്ഥാനം ഉയര്‍ന്നുവരണം.

പി.എ.ജി ബുള്ളറ്റിന്‍, ദേശാഭിമാനി

9 comments:

  1. ഈ കഴിഞ്ഞ മാസം 2006-മാര്‍ച്ച് 31 വരെയുളള സ്വിസ് ബാങ്കുകളിലെ വിദേശ പൌരന്മാരുടെ അക്കൌണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കപ്പെട്ടു... ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള അഞ്ച് സ്ഥാനങ്ങളില്‍ ഒന്നാമത് ഇന്ത്യയാണ്. 1456 ബില്യന്‍ ഡോളര്‍.. എന്നാല്‍ 2008 നവംബറിലെ കണക്കനുസരിച്ച് ഇത് 1891 ബില്ല്യന്‍ ഡോളറാണത്രെ!

    ഈ സംഖ്യ രൂപയിലാക്കിയാല്‍ എത്രയാണ്? ആദ്യമതിന്, നമുക്കീ സംഖ്യ എത്രകോടി ഡോളറുണ്ടന്ന് നോക്കാം.. 1891 X 100 = 1,89,100 കോടി ഡോളര്‍.. ഒരു കോടി ഡോളര്‍ എന്നാല്‍ 50 കോടി രൂപ.. 100 കോടി ഡോളര്‍ = ഒരു ബില്യന്‍ = 500 കോടി രൂപ.. 1,89,100X 50 = 94,55,000 കോടി രൂപാ.. എന്നുവെച്ചാല്‍ 9,45,50,00,00,00,000 രൂപ. തൊണ്ണൂറ്റി നാലു ലക്ഷത്തി അമ്പത്തി അയ്യായിരം രൂപ.

    ReplyDelete
  2. അന്ന്വേഷണം നടക്കട്ടെ, ലാവ്ലിന്‍ കോഴയും അവിടെ ഉണ്ടാവുമല്ലോ !! നമുക്കു അതും കോണ്ട് വരണം ഇവിടേക്കു. പിന്നെ ഫാരിസിന്റേം, സേവി മനൊ മത്യു ന്റെം, മാര്‍ട്ടിന്റെം കൊണ്ട് വരണം.

    ReplyDelete
  3. ആ തുകയുടെ പെരുപ്പം കണ്ടിട്ട് തലകറങ്ങുന്നു. നമ്മുടെ രാഷ്ട്രീയ പ്രമുഖര്‍ക്ക് ഇതു വരെ ഇതു പിടികിട്ടിയിട്ടില്ലേ. ഒരുത്തരുടേയും പ്രകടനപത്രികയില്‍ ഈ സ്വിസ്സ് ബാങ്ക് അക്കൌണ്ടുകള്‍ വെളിപ്പെടുത്തുവാന്‍ ശ്രമിക്കുമെന്നൊരു വാചകം കണ്ടിലല്ലോ.

    ReplyDelete
  4. ഇതില്‍ എ.ഐ.സി.സി യുടേതായി എത്ര രൂപയുണ്ടോ ആവോ . ഇപ്പോല്‍ കിട്ടിയ 900 കോടിയും ആണവ കരാര്‍ ഇനത്തില്‍ കിട്ടിയ 2500 കോടിയും എല്ലാം. അടുത്ത ലോകസഭാ വിശ്വാസ വോട്ടെടുപ്പ് വരെയേ ഉണ്ടാകൂ. അപ്പോല്‍ കുറച്ച് പൈസ കുതിര കച്ചവടത്തിന് ആവശ്യമുണ്ടാകും.

    ഓടോ : വികസനം വികസനം എന്ന് പറയുനതിതാണ്. നമ്മുടെ വികസനം, നമ്മുടെ കൂടെയുള്‍ലവരുടെ വികസനം ... ( വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ അഴിമതിക്കാരനായ കോണ്ട്രാകര്‍ കരമന പറയുന്ന ഡയലോഗ് )

    ReplyDelete
  5. സി.പി.എം പ്രകടനപത്രികയില്‍ പറയുന്നുണ്ട് അങ്കില്‍...റിസോഴ്സ് മൊബിലൈസേഷന്‍ എന്ന പാരഗ്രാഫില്‍
    In order to mobilise resources to undertake the massive public spending plans, the CPI (M) proposes steps to:
    ...........................
    Halt further tax concessions to corporates; Launch a drive to unearth black money, especially those stashed in Swiss Banks and other offshore tax havens

    ലിങ്ക്

    ReplyDelete
  6. നികുതി നിരക്കുകള്‍ കുറച്ചു കൊണ്ട് വന്നു നീതിയുക്തമായ രീതിയിലെയ്ക്ക് എത്തിച്ചാല്‍ ആളുകള്‍ നികുതി വെട്ടിക്കുന്നത് കുറയും. അധ്വാനിച്ച് ഉണ്ടാക്കുന്ന പണത്തിന്റെ പകുതി സര്‍ക്കാരിനും രാഷ്ട്രീയക്കാര്‍ക്കും ധൂര്‍ത്തടിക്കാന്‍ കൊടുക്കണം എന്ന് പറഞ്ഞാല്‍ ആരെങ്കിലും ചെയ്യുമോ? പിണറായി പോലും ചെയ്യുകയില്ല. എല്ലാവര്ക്കും ഒരേ പോലെ 5% എന്നോ മറ്റോ നികുതി ആക്കിയാല്‍ സ്വിസ് ബാങ്ക് അക്കൌണ്ട് ഒക്കെ താനെ നില്‍ക്കും.

    ReplyDelete
  7. കോടികള്‍ കണ്ടിട്ട് പേടിയാകുന്നു

    ReplyDelete
  8. ജനശക്തിക്ക് ഇങ്ങനെ ഒരു ബ്ലോഗ്ഗുള്ളകാര്യം ഇപ്പോളാണറിയുന്നത്.വളരെ നന്നായിരിക്കുന്നു.തൂടരുക.

    ReplyDelete
  9. ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ കള്ളപ്പണത്തെക്കുറിച്ച് അറിയുന്നതിന് സ്വിസ്റ്റര്‍ലന്‍ഡ് സര്‍ക്കാരുമായും മറ്റ് രാജ്യങ്ങളുമായും ചര്‍ച്ച തുടങ്ങിയതായി ധനമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. രാജ്യസഭയില്‍ പ്രശാന്ത ചാറ്റര്‍ജി(സിപിഐ എം)യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പല രാജ്യങ്ങളില്‍നിന്നും കള്ളപ്പണത്തെക്കുറിച്ചുള്ള വിവരം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ബാങ്ക് രഹസ്യനിയമം അനുസരിച്ച് അത് വെളിപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. സ്വിസ് ബാങ്കുകള്‍ ഒരിക്കലും അക്കൌണ്ടുകളെക്കുറിച്ചുള്ള വിവരം നല്‍കാറില്ല. 1946 ല്‍ ന്യൂറംബര്‍ഗ് വിചാരണവേളയില്‍ മാത്രമാണ് അവര്‍ അക്കൌണ്ടുകള്‍ വെളിപ്പെടുത്തിയത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒഇസിഡി രാജ്യങ്ങളും മറ്റും നികുതി നഷ്ടപ്പെടാതിരിക്കാന്‍ സ്വിസ് ബാങ്കുകളുടെ അക്കൌണ്ട് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് സ്വിസ് ഗവമെന്റ് തയ്യാറായത്. ഇരട്ടനികുതി ഒഴിവാക്കുന്ന നിയമം പുനഃപരിശോധിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന് മുഖര്‍ജി പറഞ്ഞു. ഈ നിയമത്തിന്റെ മറവില്‍ പലരും രാജ്യത്ത് നികുതിയടയ്ക്കാതെ രക്ഷപ്പെടുന്നതിനാലാണ് ഈ നീക്കം. മൌറീഷ്യസില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തെക്കുറിച്ച് വിവരം നല്‍കാന്‍ അവിടത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം എത്രയുണ്ടെന്നതിന് വ്യക്തമായ കണക്ക് പറയാനാവില്ല. 1985ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് ഫിനാന്‍സ് ആന്‍ഡ് പോളിസി നടത്തിയ പഠനമനുസരിച്ച് 31,584 കോടി രൂപയ്ക്കും 36,786 കോടി രൂപയ്ക്കും ഇടയിലാണ് കള്ളപ്പണം. എന്നാല്‍, ജെഎന്‍യുവിലെ പ്രൊഫ. അരുകുമാറിന്റെ കണക്കനുസരിച്ച് 1995-96 സാമ്പത്തികവര്‍ഷത്തിലെ കള്ളപ്പണം 4.87 ലക്ഷം കോടി രൂപയാണ് - മുഖര്‍ജി പറഞ്ഞു

    ReplyDelete