Wednesday, April 8, 2009

ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍

ബംഗാളില്‍ നിന്നും ചില വാര്‍ത്തകളൊകെയുണ്ട്. ബംഗാളിന്റെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ചും, വികസനത്തെക്കുറിച്ചും പ്രണബ് മുഖര്‍ജി ദല്‍ഹിയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എത്രമാത്രം വാസ്തവമുണ്ട്? മമത ബാനര്‍ജി ഇപ്പോള്‍ എന്ത് ചെയ്യുന്നു? ഇടതുമുന്നണിക്ക് ഇത്തവണ ബംഗാളില്‍ നേട്ടമോ കോട്ടമോ? അതിനെക്കുറിച്ചൊക്കെ ഇത്തിരി കണക്കുകളും, കാര്യങ്ങളും, ബിമന്‍ ബസുവുമായി ഒരു അഭിമുഖവും.....

പ്രണബ് മുഖര്‍ജി ഏറ്റുപാടിയത്

ബംഗാള്‍ജനത തിരസ്കരിച്ച ദുരാരോപണം ന്യൂഡല്‍ഹിയില്‍ ആവര്‍ത്തിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജി പരിഹാസ്യനായി. തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടുമായി പ്രചാരണത്തിന് ഇറങ്ങിയ മമത ചവച്ചുതുപ്പിയ കള്ളക്കണക്കാണ് പ്രണബിന് ആശ്രയമായത്. പൊതുതെരഞ്ഞെടുപ്പില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ വിഷയമൊന്നും കിട്ടാതെവന്നപ്പോഴാണ് മമത ഒരു സര്‍വെ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയത്.

ഇന്‍ഡിക്യൂസ് അനലൈറ്റിക്സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ വിവേക് ഡിബ്രോയ്, ലവീഷ് ഭണ്ഡാരി എന്നിവര്‍ നടത്തിയ സര്‍വെയാണ് ആദ്യം മമതയും പിന്നീട് മുഖര്‍ജിയും പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ ഉപയോഗിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓരോവര്‍ഷവും ബംഗാളിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ട്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിഷ്പക്ഷമായ രീതിയില്‍ നടന്ന പഠനങ്ങള്‍ ബംഗാളിലെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.

എന്നാല്‍, ഡിബ്രോയ്യും ഭണ്ഡാരിയും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ ആധികാരികത സംശയകരമാണ്. ഇന്‍ഡിക്യൂസ്തന്നെ ഈ റിപ്പോര്‍ട്ടിന്റെ ആധികാരികത ഏറ്റെടുക്കുന്നില്ല. "ഇതിലെ വിവരങ്ങളുടെ ഉത്തരവാദിത്തം ഇത് തയ്യാറാക്കിയവര്‍ക്കുമാത്രമാണ്' എന്നാണ് ഇന്‍ഡിക്യൂസ് റിപ്പോര്‍ട്ടിന്റെ ആമുഖമായി പറയുന്നത്. മാത്രമല്ല, റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ശൈലിയും കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ്. അക്കാദമിക് സ്വഭാവം തീരെയില്ലാത്ത, വ്യക്തിപരമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും നിറഞ്ഞ റിപ്പോര്‍ട്ടാണ് ഇതെന്ന് പ്രശസ്ത സാമ്പത്തികവിദഗ്ധ ജയതിഘോഷ് ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ടിലെ പ്രധാന ആരോപണങ്ങള്‍ ഇവയാണ്. ആഭ്യന്തരവളര്‍ച്ച തോതില്‍ ബംഗാള്‍ പിന്നിലായി, ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താഴോട്ടുപോയി, പിന്നോക്കവിഭാഗങ്ങളുടെ നില മോശമായി, തൊഴിലില്ലായ്മ വര്‍ധിച്ചു, സാക്ഷരതനിരക്കും വിദ്യാഭ്യാസനിലവാരവും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറവാണ്. ആരോഗ്യസംരക്ഷണത്തിലും പിന്നോട്ടടി നേരിട്ടു.

ഈ വാദങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗികകണക്കുകള്‍തന്നെ നിഷേധിക്കുന്നു. 1977ല്‍ കോണ്‍ഗ്രസിന്റെ 27 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ദരിദ്രസംസ്ഥാനമായിരുന്നു ബംഗാള്‍. ഭക്ഷ്യക്ഷാമത്തിന്റെ നാടായിരുന്ന ബംഗാള്‍ ഇന്ന് ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ മിച്ചസംസ്ഥാനമാണ്. വികസനത്തിന്റെ എല്ലാ സൂചികയും ദേശീയശരാശരിയേക്കാള്‍ ബംഗാളില്‍ ഉയര്‍ന്നതാണ്. പ്രതിശീര്‍ഷ ഉപഭോഗം ഉള്‍പ്പെടെ. ഉദാരവല്‍ക്കരണവും സാമ്പത്തികമാന്ദ്യവും സൃഷ്ടിച്ച ഉലച്ചില്‍ ബംഗാളിലും ഉണ്ടായിട്ടുണ്ട്. രാജ്യമെമ്പാടും ദശലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ ബംഗാളിലും ആനുപാതികമായ നഷ്ടം സംഭവിച്ചു. ഇതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കേണ്ടത്?

ബംഗാള്‍ജനതയ്ക്ക് ഇക്കാര്യം ബോധ്യമുണ്ട്. അതുകൊണ്ടാണ് അവര്‍ മമതയുടെ കുപ്രചാരണം തള്ളിയത്. എന്നാല്‍, കോണ്‍ഗ്രസ് ദേശീയതലത്തില്‍ കള്ളപ്രചാരണം ഏറ്റെടുത്തത് അവരുടെ പാപ്പരത്തം തെളിയിച്ചു.

അരിയുല്‍പ്പാദനത്തില്‍ മിച്ച സംസ്ഥാനം

ബംഗാള്‍ ഭക്ഷ്യധാന്യദൌര്‍ലഭ്യം നേരിടുന്ന സംസ്ഥാനമാണെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.സംസ്ഥാനത്ത് ഇക്കൊല്ലം ഉല്‍പ്പാദിപ്പിച്ചത് 155.33 ലക്ഷം ടണ്‍ അരിയാണ്. ഒരു വര്‍ഷം ഇവിടെ വേണ്ടതാകട്ടെ 137.62 ലക്ഷം ടണ്‍ അരിയും. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകര്‍ക്കുപോലും 32 വര്‍ഷത്തില്‍ സംസ്ഥാനം കൈവരിച്ച കാര്‍ഷികവളര്‍ച്ച നിഷേധിക്കാന്‍ കഴിയില്ല.

1977ല്‍ സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ കാര്‍ഷിക ഉല്‍പ്പാദനമേഖല തകര്‍ച്ചയിലായിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ഭക്ഷ്യധാന്യങ്ങളുടെയും ഉല്‍പ്പാദനത്തില്‍ ബംഗാള്‍ മുന്‍നിരയിലാണ്. കാര്‍ഷികപരിഷ്കരണ നടപടികളിലൂടെ ഏറ്റവും ദരിദ്രജനവിഭാഗങ്ങളുടെപോലും ക്ഷേമം ഉറപ്പാക്കിയാണ് ബംഗാള്‍ ഈ നേട്ടം കൈവരിച്ചത്.

30 ലക്ഷം പേര്‍ക്കായി 11.26 ലക്ഷം ഏക്കര്‍ ഭൂമിയാണ് വിതരണംചെയ്തത്. ഇവരില്‍ 55 ശതമാനവും പട്ടികജാതി-പട്ടികവര്‍ഗക്കാരാണ്. സ്ത്രീശാക്തീകരണ നടപടികളുടെ ഭാഗമായി 6.04 ലക്ഷം സംയുക്തപട്ടയങ്ങള്‍ നല്‍കി. 1.61 ലക്ഷം സ്ത്രീകള്‍ക്കും പട്ടയം വിതരണംചെയ്തു.മറ്റൊരു സംസ്ഥാനത്തും സമാനമായ നടപടി സ്വീകരിച്ചിട്ടില്ല. 1977-78ല്‍ സംസ്ഥാനത്തെ കൃഷിഭൂമിയുടെ വലുപ്പം മൊത്തം ഭൂവിസ്തൃതിയുടെ 32 ശതമാനമായിരുന്നു. ജലസേചനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിന്റെ ഫലമായി ഇപ്പോള്‍ ഇത് 72 ശതമാനമായി വര്‍ധിച്ചു. 2008-09ല്‍ സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍കാര്‍ഷിക-അനുബന്ധപ്രവര്‍ത്തനങ്ങളില്‍നിന്നുള്ള വിഹിതത്തില്‍ 4.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ദേശീയ ശരാശരിനിരക്ക് 2.6 ശതമാനം മാത്രമാണ്.

ബംഗാളിലെ ഗ്രാമീണജനസംഖ്യയില്‍ 91 ശതമാനത്തിനും ശുദ്ധജലം ലഭിക്കുന്നു. പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ബംഗാള്‍ എട്ടാം സ്ഥാനത്താണ്. മഹാരാഷ്ട്ര ഇക്കാര്യത്തില്‍ ബംഗാളിന്റെ പിറകിലാണ്.

ഇന്ത്യയിലെ 100 ദരിദ്രജില്ലകളില്‍ 14 എണ്ണം ബംഗാളിലാണെന്ന് പ്രണബ് മുഖര്‍ജി പറയുന്നു. എന്നാല്‍ വസ്തുതാപരമായ ഒരു റിപ്പോര്‍ട്ടിലും ഇങ്ങനെ പറയുന്നില്ല. സംസ്ഥാനത്തെ 98 ശതമാനം സ്കൂളിലും ഉച്ചഭക്ഷണപദ്ധതി നടപ്പാക്കി. സ്കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ദേശീയശരാശരി 8.56 ആയിരിക്കെ ബംഗാളില്‍ 5.36 മാത്രം.

കേന്ദ്രസര്‍ക്കാരും അംഗീകരിച്ച വളര്‍ച്ച

പശ്ചിമബംഗാളില്‍ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ ഫലപ്രദമാണെന്ന് അടിവരയിടുന്നത് കേന്ദ്രസര്‍ക്കാരിന്റെയും ആസൂത്രണ കമീഷന്റെയും ആധികാരിക രേഖകള്‍. ഇത് മറച്ചുവച്ചാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രണബ് മുഖര്‍ജി കള്ളപ്രചാരണവുമായി രംഗത്തിറങ്ങിയത്.

ബംഗാളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ നിരക്ക് ദേശീയ ശരാശരിയേയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെയും അപേക്ഷിച്ച് മെച്ചമാണ്. ദാരിദ്ര്യനിര്‍മാര്‍ജനം ബംഗാളില്‍ ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലാണ്്. 1977നു മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത് 61 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. 2005-06ല്‍ ആസൂത്രണ കമീഷന്റെ കണക്കുപ്രകാരം ബംഗാളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ 19 ശതമാനമായി കുറഞ്ഞു. ദേശീയശരാശരി അന്ന് 22 ശതമാനമായിരുന്നു.

സംസ്ഥാന ഗ്രാമവികസനവകുപ്പ് നടത്തിയ സര്‍വെ പ്രകാരം ഇപ്പോള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ 14 ശതമാനംമാത്രം. കൃഷിയിലും ഭക്ഷ്യോല്‍പ്പാദനത്തിലും ദേശീയ ശരാശരിയേക്കാള്‍ മുന്നിലെത്തി. കോണ്‍ഗ്രസ് ഭരണകാലത്ത് ഭക്ഷണസാധനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നു. ഇപ്പോള്‍ പഞ്ചാബിനെയും ആന്ധ്രയെയും പിന്നിലാക്കി അരിയുല്‍പ്പാദനത്തില്‍ ബംഗാള്‍ കുതിക്കുന്നു. പച്ചക്കറി, മത്സ്യബന്ധനം എന്നിവയിലും ദശാബ്ദത്തിലേറെയായി സംസ്ഥാനം ഒന്നാംസ്ഥാനത്താണ്. പയറ്-പരിപ്പു വര്‍ഗങ്ങള്‍, എണ്ണക്കുരു എന്നിവയുടെ ഉല്‍പ്പാദനത്തിലും ഗണ്യമായ നേട്ടമുണ്ടാക്കി.

ഈ ഭക്ഷ്യസ്വയംപര്യാപ്തത 32 വര്‍ഷത്തെ ആസൂത്രണപ്രവര്‍ത്തനങ്ങളുടെ ഫലമാണ്. കൃഷിയില്‍ ദേശീയടിസ്ഥാനത്തില്‍ 2.6 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ ബംഗാളിലേത് 4.4 ശതമാനമാണ്. വ്യവസായരംഗത്തും ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച നേടി.

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് ജെ ഡി ഡയബറ്റിക്സ് ഇന്‍സ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തപ്പോള്‍ ആരോഗ്യരംഗത്ത് ബംഗാള്‍ ആര്‍ജിച്ച നേട്ടങ്ങളെ പ്രണബ് മുഖര്‍ജി പ്രശംസിച്ചു. അന്നത്തെ പത്രങ്ങളിലെല്ലാം ഇത് മുഖ്യവാര്‍ത്തയായി. 2009 മാര്‍ച്ച് രണ്ടിന് പ്രതിദിന്‍ പത്രത്തിന്റെ 'ബംഗ്ളാമുഖ്' പ്രത്യേകപതിപ്പില്‍ പ്രണബ് മുഖര്‍ജിയുടെ ലേഖനത്തില്‍ ബംഗാളില്‍ ഗ്രാമീണമേഖലയില്‍ നടപ്പാക്കുന്ന തൊഴില്‍ദാനപദ്ധതികള്‍, വൈദ്യുതിവല്‍ക്കരണം, റോഡ് നിര്‍മാണം എന്നിവയിലും പുരോഗതി കൈവരിച്ചതായി പറയുന്നു.

ഭരത് നിര്‍മാണ്‍ പദ്ധതി പഞ്ചായത്തുകളുടെ സഹായത്തോടെ തൃപ്തികരമായാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ 31,705 ഗ്രാമത്തില്‍ വൈദ്യുതി എത്തിച്ചു. 2008-09ല്‍ 4058 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു. ഗ്രാമീണ തൊഴിലവസരങ്ങളിലൂടെ 25 ലക്ഷം കുടുംബത്തിന് ഗുണം ലഭിച്ചു. ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 595 കോടി രൂപ സംസ്ഥാനത്ത് ഇതിനായി ചെലവഴിച്ചു. 36,201 പണി പൂര്‍ത്തിയായി. 39,738 ഇടത്ത് പണി പരോഗമിക്കുന്നു

വൃന്ദാ കാരാട്ടിനു പറയാനുള്ളത്

പശ്ചിമബംഗാള്‍ വികസനത്തില്‍ പിന്നോക്കമാണെന്ന കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജിയുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള പോസ്ററുകളും സിഡികളും പുറത്തിറക്കി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വൃന്ദ. തങ്ങളുടെ വാദമുഖങ്ങള്‍ക്ക് യോജിക്കുന്ന കണക്ക് വളച്ചൊടിച്ചതാണ് എഐസിസി പുറത്തിറക്കിയ ബംഗാള്‍ വിരുദ്ധരേഖയെന്ന് വൃന്ദ ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ധനസഹായത്തോടെ ചില ഏജന്‍സി നടത്തിയ പഠനത്തിലെ കണക്കാണ് ഔദ്യോഗികമെന്ന മട്ടില്‍ പ്രണബ് ഉദ്ധരിച്ചത്. അദ്ദേഹത്തെപ്പോലുള്ള മുതിര്‍ന്ന നേതാവില്‍നിന്ന് ഇത്തരം തരംതാണ വികസനവിരുദ്ധ രാഷ്ട്രീയം പ്രതീക്ഷിച്ചില്ല. പല ഘട്ടത്തിലും ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രണബ് പുകഴ്ത്തിയിട്ടുണ്ട്.

ഫെബ്രുവരി രണ്ടിന് കൊല്‍ക്കത്തയിലെ പ്രമേഹ ഇന്‍സ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യവെ സംസ്ഥാനം ആരോഗ്യരംഗത്തുണ്ടാക്കിയ നേട്ടങ്ങളെ പ്രണബ് മുഖര്‍ജി ഏറെ പ്രശംസിച്ചു.

"സങ്കീര്‍ണമായ അസുഖങ്ങള്‍ ബാധിച്ച പശ്ചിമബംഗാളിലെ ജനങ്ങള്‍ക്ക് മുമ്പ് ചികിത്സ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി ആകെ മാറി''-

പ്രണബിന്റെ ഈ വാക്കുകള്‍ ബംഗാളില്‍ എല്ലാ പത്രവും മുഖ്യവാര്‍ത്തയാക്കി. മാര്‍ച്ച് രണ്ടിന് ബംഗാളിപത്രമായ പ്രതിദിനില്‍ എഴുതിയ ലേഖനത്തില്‍ പശ്ചാത്തല വികസനസൌകര്യത്തില്‍ ബംഗാളിന്റെ നേട്ടങ്ങളെ പ്രണബ് പ്രകീര്‍ത്തിച്ചിരുന്നു. 37,910 ഗ്രാമത്തില്‍ 31,705 ഗ്രാമത്തിലും വൈദ്യുതി എത്തിയെന്നും 2008-09ല്‍ മാത്രം 4054 കിലോമീറ്റര്‍ ഗ്രാമീണ റോഡ് നിര്‍മിച്ചെന്നും 25 ലക്ഷം കുടുംബത്തിന് തൊഴിലുറപ്പുനിയമത്തിന്റെ ഗുണം ലഭിച്ചെന്നും ഇതിനായി 595 കോടി ചെലവഴിച്ചെന്നും മുഖര്‍ജി പറഞ്ഞു.

ഫെബ്രുവരിയിലും മാര്‍ച്ചിലുമായി നടത്തിയ ഈ പ്രസ്താവനകള്‍ ഏപ്രിലില്‍ എത്തിയപ്പോഴേക്കും മാറി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജൂനിയര്‍ പങ്കാളിയായി മാറിയതിനുശേഷം പ്രണബും വികസനവിരുദ്ധമുഖം സ്വീകരിച്ചതാണോ കാരണം? വിശദീകരിക്കേണ്ടത് പ്രണബ് തന്നെ.

പശ്ചിമബംഗാള്‍ മഹാരാഷ്ട്രയേക്കാളും പിന്നിലായെന്നാണ് ഏപ്രിലില്‍ പ്രണബ് വാദിക്കുന്നത്. എന്നാല്‍, മഹാരാഷ്ട്രയില്‍ പതിനായിരക്കണക്കിനു കര്‍ഷകര്‍ കടംകേറി ആത്മഹത്യചെയ്തപ്പോള്‍ ബംഗാളില്‍ ആരും ആത്മഹത്യചെയ്തില്ല. ഭൂപരിഷ്കരണം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനം ബംഗാളാണ്. അതുകൊണ്ടുതന്നെ കാര്‍ഷികരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനായി. ഇന്ത്യയില്‍ ഏറ്റവുമധികം നെല്ലുല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനവുമാണ് ഇത്. ആവശ്യംകഴിഞ്ഞ് മറ്റു സംസ്ഥാനങ്ങള്‍ക്ക് ബംഗാള്‍ അരി നല്‍കുന്നുണ്ട്. ഈ നേട്ടങ്ങളെ ഇല്ലാതാക്കാനാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം ശ്രമിക്കുന്നത്. ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന പ്രണബിന്റെ കീഴിലുള്ള ആസൂത്രണ കമീഷന്‍ റിപ്പോര്‍ട്ടില്‍ ദാരിദ്ര്യം കുറയ്ക്കുന്നതിന് ബംഗാള്‍ സര്‍ക്കാര്‍ എടുത്ത നടപടി എടുത്തുപറയേണ്ടതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്കനുസരിച്ച് ദാരിദ്ര്യം കുറഞ്ഞ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമബംഗാള്‍. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് ദേശീയതലത്തില്‍ ആറു ശതമാനവും ബംഗാളില്‍ ഇത് നാല് ശതമാനമാവുണെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാനോഫാക്ടറി അട്ടിമറിച്ച മമതയ്ക്ക് ബംഗാളിനെ യൂറോപ്പാക്കണം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ചോദ്യങ്ങള്‍ വിചിത്രമാണ്. "എന്തുകൊണ്ട് വടക്കന്‍ ബംഗാളിനെ സ്വിറ്റ്സര്‍ലന്‍ഡ് പോലെയാക്കി മാറ്റിക്കൂടാ? കൊല്‍ക്കത്തയെ ലണ്ടന്‍പോലെ വളര്‍ത്തരുതോ? ദിഗ്ഗയെ ഗോവയാക്കി മാറ്റിക്കൂടേ? തൃണമൂലിന് അധികാരം കിട്ടിയാല്‍ ഇതെല്ലാം സാധ്യമാകും.''- സിംഗൂരിലെ നാനോ കാര്‍ഫാക്ടറി അക്രമസമരത്തിലൂടെ അട്ടിമറിച്ച മമത ബാനര്‍ജിയാണ് ഇതെല്ലാം പറയുന്നത്. മമതയുടെ കാപട്യത്തിന്റെ ഏറ്റവും വലിയ തെളിവാണ് തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക.

ബംഗാളില്‍ മൊത്തം ഭൂമിയുടെ 72 ശതമാനവും കൃഷിക്ക് ഉപയോഗിക്കുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ ഭൂപരിഷ്കരണ-കാര്‍ഷിക പരിഷ്കരണ നടപടികളിലൂടെയാണ് കൃഷിഭൂമിയുടെ വിസ്തൃതി വര്‍ധിപ്പിച്ചത്. ഇതുകാരണം വ്യവസായങ്ങള്‍ക്ക് ഭൂമി കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. സിംഗൂരിലും മറ്റും താരതമ്യേന കാര്‍ഷികഉല്‍പ്പാദനക്ഷമത കുറഞ്ഞ സ്ഥലങ്ങളാണ് ബംഗാള്‍സര്‍ക്കാര്‍ വ്യവസായസംരംഭങ്ങള്‍ക്കായി ഏറ്റെടുക്കാന്‍ ശ്രമിച്ചത്. വ്യവസായത്തിനായി ഒരിടത്തും ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് മമത പ്രഖ്യാപിക്കയും ചെയ്തു.

കാര്‍ഷികേതര മേഖലകളില്‍ തൊഴില്‍വളര്‍ച്ച ഉറപ്പാക്കാതെ ബംഗാളിന് മുന്നേറാന്‍ കഴിയില്ലെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ പലതവണ വിശദീകരിച്ചിട്ടും അക്രമസമരം ഉപേക്ഷിക്കാന്‍ മമത തയ്യാറായില്ല. റോഡുകളും പാലങ്ങളും തകര്‍ത്തും കെട്ടിടങ്ങള്‍ ബോംബുവച്ച് നശിപ്പിച്ചും മമതയും സംഘവും നന്ദിഗ്രാമിലും സിംഗൂരിലും ഭീകരത സൃഷ്ടിച്ചു. ഇതേ കൂട്ടരാണ് ഇപ്പോള്‍ ബംഗാളിനെ വ്യാവസായികവല്‍ക്കരിക്കുമെന്ന് വീമ്പ് പറയുന്നത്.

ഇടതുമുന്നണി മുന്നേറും

ഇടതു മുന്നണിയ്ക്കും സിപിഐ എമ്മിനുമെതിരെ ഉയരുന്ന ഒരു ആരോപണവും മറുപടി കിട്ടാതെ ശേഷിക്കരുതെന്ന നിര്‍ബന്ധമുണ്ട് ബിമന്‍ ബസുവിന്. ജില്ലതോറുമുള്ള തെരഞ്ഞെടുപ്പുപ്രചാരണയാത്രയ്ക്കിടെ പത്രങ്ങള്‍ പരതി മറുപടി നല്‍കേണ്ട കാര്യങ്ങള്‍ അദ്ദേഹം സഹപ്രവര്‍ത്തകരോട് നിര്‍ദേശിക്കും. മാധ്യമങ്ങള്‍ കൂട്ടായി സിപിഐ എമ്മിനെ ആക്രമിക്കുമ്പോള്‍, അതിനെ സമചിത്തതയോടെ നേരിടുന്നതിനൊപ്പം എതിരാളികള്‍ക്കുനേരെ പ്രത്യാക്രമണം നടത്താനും അദ്ദേഹം തയ്യാര്‍. സിപിഐ എമ്മിന്റെ തകര്‍ച്ച സ്വപ്നം കാണുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് അദ്ദേഹം വാര്‍ത്താലേഖകരെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ ഇടതുമുന്നണി കണ്‍വീനറുമായ ബിമന്‍ ബസു തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍വെച്ച് 'ദേശാഭിമാനി'ക്ക് അനുവദിച്ച അഭിമുഖത്തില്‍നിന്ന്.

?പതിവിന് വിപരീതമായി ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെടുമെന്നാണല്ലോ പ്രചാരണം.

= ഇടതുമുന്നണിക്ക് പശ്ചിമബംഗാളില്‍ ഒരു തകര്‍ച്ചയും ഉണ്ടാകാന്‍ പോകുന്നില്ല. ദേശീയതലത്തിലും സാര്‍വദേശീയതലത്തിലും ഇടതുപക്ഷം തകരണമെന്ന് ആഗ്രഹിക്കുന്ന പ്രതിലോമശക്തികളാണ് ഇത്തരം പ്രചാരണങ്ങള്‍ കെട്ടഴിച്ചുവിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന ശത്രുപക്ഷമാണ് ഇത്തരം പ്രചാരണത്തിനുപിന്നില്‍.

? 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ 42 സീറ്റില്‍ മുപ്പത്തഞ്ചിലും വിജയിക്കാന്‍ ഇടതുമുന്നണിക്കായി. ഇത്തവണയും ഈ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയുണ്ടോ.

= നാല്‍പ്പത്തിരണ്ട് സീറ്റിലും വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 2004ലെ 35 സീറ്റുകൊണ്ട് മുന്നണി തൃപ്തരല്ല. എല്ലാ നിയോജകമണ്ഡലത്തിലും 50 ശതമാനത്തിലേറെ വോട്ട് നേടുക. അതാണ് ലക്ഷ്യം. അതിനുള്ള പ്രവര്‍ത്തനവുമായാണ് മുന്നണി മുന്നേറുന്നത്. ഒരു സഖ്യത്തിനും ഇടതുമുന്നണിയെ കീഴ്പ്പെടുത്താന്‍ കഴിയില്ല.

? മുന്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഭിന്നിച്ച അവസ്ഥയിലായിരുന്നു. ഇത്തവണ പ്രധാന പ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തിരിക്കുന്നു. ഒരുമിച്ച് പ്രചാരണം നടത്താനും തീരുമാനിച്ചിരിക്കുന്നു.

= വോട്ടും ജനങ്ങളുടെ പിന്തുണയുമൊന്നും ഇത്തരം കണക്കുകളിലൂടെ അളന്ന് തിട്ടപ്പെടുത്താനാകില്ല. ഇടതുമുന്നണിയെ തോല്‍പ്പിക്കുക എന്ന ഏക അജന്‍ഡയുടെ അടിസ്ഥാനത്തില്‍ സഖ്യമുണ്ടാക്കിയവര്‍ക്ക് ഒരിക്കലും സാധാരണജനങ്ങളുടെ പിന്തുണ നേടാനാകില്ല. ജനങ്ങള്‍ക്കറിയാം ഇത്തരം ഇടതുപക്ഷ വിരുദ്ധശക്തികള്‍ എങ്ങനെയാണ് പരസ്പരം പോരടിച്ചതെന്ന്. ഒരു നയത്തിന്റെയും പരിപാടിയുടെയും അടിത്തറയില്ല. ഒരു കാഴ്ചപ്പാടും അവര്‍ക്കില്ല. ഒന്നോ രണ്ടോ പാര്‍ടികള്‍ ഒരുമിക്കുന്നതോടെ ജനങ്ങള്‍ അവര്‍ക്കൊപ്പം നിലകൊള്ളുമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. ജനകീയസമരങ്ങളുടെയും വര്‍ഗസമരത്തിന്റെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവനക്കാരുടെയും അധ്യാപകരുടെയും നിരന്തരമായ സമരങ്ങളുടെയും അനുഭവസമ്പത്താര്‍ജിച്ച് രൂപംകൊണ്ടതാണ് ഇടതുമുന്നണി. എല്ലാ പ്രതിലോമപ്രവണതയ്ക്കുമെതിരെയുമുള്ള കൂട്ടായ സമരങ്ങളുടെ സൃഷ്ടിയാണ് ഇടതുമുന്നണി. ഇതിന് ബദലാകാന്‍ ഒരു സഖ്യത്തിനും കഴിയില്ല. കൂടുതല്‍ മികച്ച പ്രവര്‍ത്തനത്തിലൂടെ ഇടതുമുന്നണി ഇനിയും മുന്നേറണം.

?പ്രതിപക്ഷം നടത്തിയ ആക്രമണോത്സുകസമരങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ വ്യവസായവികസന പ്രക്രിയയെ താല്‍ക്കാലികമായെങ്കിലും തടയാന്‍ കഴിഞ്ഞു. ഇത് തെരഞ്ഞെടുപ്പിനെയും സംസ്ഥാനത്തിന്റെ പുരോഗതിയെയും എങ്ങനെയാണ് ബാധിക്കുക.

= ഇടതുപക്ഷവിരുദ്ധശക്തികളുടെ ഗൂഢവും പ്രതിലോമപരവുമായ നീക്കങ്ങള്‍ക്കാണ് ബംഗാള്‍ജനത സാക്ഷ്യംവഹിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങളെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിന് കഴിഞ്ഞു. ഇത് ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ഇന്ന് ഭക്ഷ്യധാന്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനെ ആശ്രയിക്കേണ്ട സ്ഥിതി പശ്ചിമബംഗാളിനില്ല. കാര്‍ഷികമേഖലയിലെ നേട്ടങ്ങള്‍ ഏകോപിപ്പിക്കാനും വൈവിധ്യവല്‍ക്കരിക്കാനുമാണ് മുന്നണി ശ്രമിക്കുന്നത്. കാര്‍ഷികമേഖലയിലെ വിജയത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് വ്യവസായവല്‍ക്കരണത്തിലാണ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. കൂടുതല്‍ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിച്ച് വന്‍തോതില്‍ തൊഴിലവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം. പുതുതലമുറയ്ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കുന്നതോടെ, ഇനിയും ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ലെന്ന് ഇടതുപക്ഷവിരുദ്ധശക്തികള്‍ മനസ്സിലാക്കുന്നു. അവരുടെ രാഷ്ട്രീയസാധ്യത പൂര്‍ണമായും ഇല്ലാതായ ഘട്ടത്തിലാണ് വ്യവസായവികസനത്തിന് തുരങ്കംവയ്ക്കാനുള്ള നടപടികളുമായി പ്രതിപക്ഷം രംഗത്തെത്തിയത്. അവര്‍ സംസ്ഥാനത്ത് അരാജകത്വവും ഭീകരതയും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷവിരുദ്ധശക്തികളുടെ എല്ലാ പദ്ധതിയും ജനങ്ങള്‍ തിരിച്ചറിയും. അവര്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും സ്ഥാനം.

? ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരിച്ചടികള്‍ ഇടതുപക്ഷത്തെ എങ്ങനെയാണ് ബാധിക്കുക.

= ഉപതെരഞ്ഞെടുപ്പുകളില്‍ മുന്നണിക്ക് നഷ്ടപ്പെട്ട സീറ്റുകള്‍ സ്ഥിരമായി ജയിക്കുന്നവയല്ല. 1952നുശേഷം പല സന്ദര്‍ഭത്തിലും ഈ സീറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സിപിഐ എം ദുര്‍ബലമായ പ്രദേശങ്ങളിലായിരുന്നു ഈ ഉപതെരഞ്ഞെടുപ്പുകള്‍. എന്നാല്‍, സിപിഐ എം മികച്ച ഭൂരിപക്ഷത്തോടെ ജയിച്ച ഉപതെരഞ്ഞെടുപ്പുകളുമുണ്ട്. ഉദാഹരണത്തിന്, പാര മണ്ഡലത്തില്‍ പാര്‍ടി സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

? പശ്ചിമബംഗാളിലെ മുസ്ളിങ്ങള്‍ സാമൂഹ്യമായ പിന്നോക്കാവസ്ഥ നേരിടുകയാണെന്ന വ്യാപകമായ പ്രചാരണത്തെ മുന്നണി എങ്ങനെയാണ് നേരിടുന്നത്. ഇങ്ങനെയൊരു പ്രചാരണത്തിന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് ആയുധം.

= പശ്ചിമബംഗാളിനെ സംബന്ധിച്ചിടത്തോളം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തികച്ചും ഏകപക്ഷീയമാണ്. പ്രൈമറിമുതല്‍ ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള പതിനായിരക്കണക്കിന് മദ്രസകളില്‍ പഠിപ്പിക്കുന്ന മുസ്ളിം സമുദായാംഗങ്ങളെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണക്കിലെടുത്തിട്ടില്ല. കോളേജുകളിലും യൂണിവേഴ്സിറ്റിയിലും ജോലിചെയ്യുന്ന സമുദായാംഗങ്ങളുടെ കണക്കും റിപ്പോര്‍ട്ടില്‍ ഇല്ല. പശ്ചിമബംഗാളില്‍ മദ്രസ അധ്യാപകരുടെ ശമ്പളം നല്‍കുന്നത് സര്‍ക്കാരാണ്. സര്‍ക്കാര്‍ അധ്യാപകരുടെ എല്ലാ അവകാശവും അവര്‍ക്ക് ലഭിക്കുന്നു. മുനിസിപ്പാലിറ്റികളിലെ വിദ്യാലയങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. സര്‍ക്കാര്‍ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുമ്പോള്‍, ആനുപാതികമായ വര്‍ധന മദ്രസ അധ്യാപകര്‍ക്കും ലഭിക്കുന്നു. മറ്റേത് സംസ്ഥാനത്താണ് ഇങ്ങനെയുള്ളത്. പല സംസ്ഥാനവും 20 മുതല്‍ 40 ശതമാനംവരെ മാത്രമേ പണം അനുവദിക്കുന്നുള്ളൂ. ഈ വിവരങ്ങളും ഭൂപരിഷ്കരണത്തിലൂടെ ഗുണംലഭിച്ച മുസ്ളിങ്ങളുടെ കണക്കും ദൌര്‍ഭാഗ്യവശാല്‍ സച്ചാര്‍ കമ്മിറ്റി ശേഖരിച്ചിട്ടില്ല. പശ്ചിമബംഗാളിലെ മുസ്ളിങ്ങളില്‍ അഞ്ചിലൊന്നുപേര്‍ക്കും ഇടതുമുന്നണി സര്‍ക്കാരിന്റെ ഭൂപരിഷ്കരണ നടപടികളിലൂടെ ഭൂമി സ്വന്തമായി. എന്തുകൊണ്ടോ ഈ വിവരവും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇല്ല.

(ബിമന്‍ ബസുവുമായി എന്‍ എസ് സജിത് നടത്തിയ അഭിമുഖ സംഭാഷണം)

2 comments:

  1. ബംഗാളില്‍ നിന്നും ചില വാര്‍ത്തകളൊകെയുണ്ട്. ബംഗാളിന്റെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ചും, വികസനത്തെക്കുറിച്ചും പ്രണബ് മുഖര്‍ജി ദല്‍ഹിയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എത്രമാത്രം വാസ്തവമുണ്ട്? മമത ബാനര്‍ജി ഇപ്പോള്‍ എന്ത് ചെയ്യുന്നു? ഇടതുമുന്നണിക്ക് ഇത്തവണ ബംഗാളില്‍ നേട്ടമോ കോട്ടമോ? അതിനെക്കുറിച്ചൊക്കെ ഇത്തിരി കണക്കുകളും, കാര്യങ്ങളും, ബിമന്‍ ബസുവുമായി ഒരു അഭിമുഖവും.....

    ReplyDelete
  2. kara kalancha nethavaya ak antonye kurichu ee paranchath shariyayilla

    ReplyDelete