Sunday, May 31, 2009

കരുത്താര്‍ജിക്കുന്ന പൊതു വിദ്യാഭ്യാസരംഗം

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുകയാണ്. എല്ലാവിഭാഗം ജനങ്ങളുടെയും ആത്മാര്‍ഥമായ സഹകരണവും പിന്തുണയും സമാഹരിച്ചുള്ള നിരവധി ക്രിയാത്മകപ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ പുരോഗതി ഉണ്ടാകുന്നത്. “ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം”എന്ന മുദ്രാവാക്യം മൂന്നുവര്‍ഷംമുമ്പ് മുമ്പോട്ടുവച്ചപ്പോള്‍ ആവേശകരമായ പ്രതികരണമാണുണ്ടായത്. തുടര്‍ന്ന് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും കാര്യക്ഷമതയില്‍നിന്ന് സുസ്ഥിര മികവിലേക്കുള്ള പ്രയാണവും അധ്യാപകരും രക്ഷാകര്‍ത്താക്കളും സമൂഹവും ഏറ്റെടുത്തു എന്നുപറയാം. പാഠ്യപദ്ധതി പരിഷ്കരണം ദേശീയപാഠ്യപദ്ധതി നിര്‍ദേശങ്ങള്‍ പരിഗണിച്ച് കേരള പാഠ്യപദ്ധതി ചട്ടക്കൂട് -2007 വികസിപ്പിച്ചു. സംസ്ഥാനതല പാഠ്യപദ്ധതി വികസിപ്പിച്ച ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനാണ്. കേരളത്തിലെ ഏതാണ്ടെല്ലാ പഞ്ചായത്തിലും ഇതുസംബന്ധിച്ച ചര്‍ച്ച നടന്നു. 1,50,000ത്തോളം പേര്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇതേ തുടര്‍ന്ന് പാഠപുസ്തകങ്ങളും പരിഷ്കരിക്കാന്‍ ആരംഭിച്ചു. വിദ്യാഭ്യാസരംഗത്തെ നൂതനവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകള്‍ക്കനുസൃതമായി പാഠ്യപദ്ധതി നവീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആശങ്കകള്‍ പലര്‍ക്കും ഉണ്ടായിരുന്നു. സംശയദൃഷ്ടിയോടെയാണ് പലരും ഇതിനെ നോക്കിക്കണ്ടത്. വിവാദങ്ങളും പ്രക്ഷോഭ പരിപാടികളുംവരെ ഉണ്ടായി. സര്‍ക്കാര്‍ ഇത്തരം പ്രതികരണങ്ങളെ ജനാധിപത്യപരമായി സമീപിച്ചു. എല്ലാവിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തും എന്നാല്‍ അക്കാദമിക താല്‍പ്പര്യങ്ങള്‍ ബലികഴിക്കാതെയും നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി. സ്വയം വിമര്‍ശനപരമായി ഓരോന്നും പുനഃപരിശോധിക്കാനും മെച്ചപ്പെടുത്താനുമുള്ള അവസരങ്ങളാക്കി ഇത്തരം സന്ദര്‍ഭങ്ങളെ പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

2,4,6,8 ക്ളാസുകളിലെ പാഠപുസ്തകങ്ങളാണ് ഈ വര്‍ഷം പരിഷ്കരിച്ച് നടപ്പാക്കുന്നത്. 1,3,5,7 ക്ളാസുകളിലെ നവീകരിച്ച പാഠപുസ്തകങ്ങള്‍ വീണ്ടും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ഒപ്പം 9, 10 ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാനുള്ള നടപടികളും എസ്സിഇആര്‍ടിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. പാഠപുസ്തകങ്ങളും പഠനരീതിയും മാറ്റുന്നത് വിദ്യാഭ്യാസ ഗുണനിലവാരം ഉയരാന്‍ സഹായകമാകുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രൈമറി, അപ്പര്‍പ്രൈമറി തലങ്ങളില്‍ പഠനനിലവാരം ഉയര്‍ത്താനായി എന്ന് എന്‍സിഇആര്‍ടി നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സെക്കന്‍ഡറി തലത്തിലും മാറ്റം ദൃശ്യമാണ്. എസ്എസ്എല്‍സി റിസള്‍ട്ട് ഇതിന് തെളിവാണ്.

കംപ്യൂട്ടര്‍ സാങ്കേതികവിദ്യ

1016 വിദ്യാലയങ്ങളില്‍ 5068 കംപ്യൂട്ടര്‍ വിതരണം ചെയ്തും 681 സ്കൂളുകള്‍ക്ക് എല്‍സിഡി പ്രോജക്ടുകള്‍ നല്‍കിയും 1226 പ്രിന്ററുകള്‍, 696 സ്കാനറുകള്‍, 371 ഹാന്‍ഡിക്യാമറകള്‍, 385 ജനറേറ്ററുകള്‍ എന്നിവ വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കിയും 1013 സര്‍ക്കാര്‍ സ്കൂളിലും 614 എയ്ഡയ് വിദ്യാലയത്തിലും ബ്രോഡ്ബാന്റ് കണക്ഷനുകള്‍ ഏര്‍പ്പെടുത്തിയും ഐടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പഠനത്തിന് ശക്തമായ അടിത്തറ പാകിയിരിക്കുകയാണ്. പ്രൈമറി തലത്തില്‍ കംപ്യൂട്ടര്‍ പഠനത്തിന് ഓരോ ജില്ലയിലും പ്രതിവര്‍ഷം 50 ലക്ഷം രൂപ വീതം അനുവദിച്ചു. ഹൈസ്കൂളുകളില്‍ ഐടി വിദ്യാഭ്യാസത്തിന് പ്രത്യേക പാഠപുസ്തകവും അപ്പര്‍പ്രൈമറി തലത്തില്‍ പഠനസഹായികളും തയ്യാറാക്കി. വിക്ടേഴ്സ് ചാനലിലൂടെ 17 മണിക്കൂര്‍ പ്രതിദിന വിദ്യാഭ്യാസപരിപാടി സംപ്രേഷണം ചെയ്യുന്നു. എസ്ഐഇടി യുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള നൂറുകണക്കിന് റിസോഴ്സ് സിഡിക്കുള്ള വര്‍ധിച്ച ആവശ്യവും സ്വീകാര്യതയും പരിഗണിച്ച് കൂടുതല്‍ സിഡികള്‍ നിര്‍മിക്കുന്നതിനും നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. എല്ലാ ക്ളാസിലും കംപ്യൂട്ടര്‍ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി എല്ലാ അധ്യാപകര്‍ക്കും കംപ്യൂട്ടര്‍ സഹായത്തോടെയുള്ള പഠനരീതിയില്‍ സമഗ്രമായ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി ഐടി അറ്റ് സ്കൂള്‍ സംവിധാനവും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി ഏറ്റെടുത്തിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ രംഗത്ത് നല്‍കുന്ന സംഭാവനകളും വിലപ്പെട്ടതാണ്.

ഭൌതികസൌകര്യങ്ങള്‍ മെച്ചപ്പെടുന്നു

അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിയത്. 3139 ക്ളാസ്മുറി, 5877 ടോയ്ലറ്റ്, 3811 വിദ്യാലയങ്ങളില്‍ കുടിവെള്ളം വിതരണ സംവിധാനം, 1970 വിദ്യാലയങ്ങള്‍ക്ക് ചുറ്റുമതില്‍, 52000 ഫര്‍ണിച്ചര്‍ എന്നിവ നല്‍കാനായത് ശ്രദ്ധേയമായ നേട്ടമാണ്. സ്കൂള്‍ ലൈബ്രറികളുടെ നവീകരണത്തിനായി 575 ലക്ഷം രൂപയും പഠനോപകരണ ഗ്രാന്റിനത്തില്‍ 1898.9 ലക്ഷം രൂപയും വിനിയോഗിച്ചു. ഇതു കൂടാതെ വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ശരാശരി 50 ലക്ഷം രൂപ ഓരോ ജില്ലയ്ക്കും അനുവദിച്ചു. ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ശിശുസൌഹൃദപരമായ വൃത്തിയും വെടിപ്പുമുള്ള ആധുനിക സാങ്കേതികവിദ്യാസംവിധാനങ്ങളുള്ള ആകര്‍ഷകമായ വിദ്യാലയങ്ങള്‍ എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുകയാണ്.

പഠനപ്രോത്സാഹന പദ്ധതികള്‍

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കംനില്‍ക്കുന്ന കുട്ടികളെ ഉയര്‍ന്ന മികവോടെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി വിവിധതരം സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയിലെ പതിനായിരം കുട്ടികള്‍ക്ക് അയ്യായിരം രൂപ വീതം സ്കോളര്‍ഷിപ്പായി നല്‍കി. കേന്ദ്രഗവമെന്റ് അനുവദിച്ച മൈനോരിറ്റി സ്കോളര്‍ഷിപ്പിന്റെ നിബന്ധനകള്‍ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമായിരുന്നു. ഇതു മാറ്റുന്നതിനും പരമാവധി കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു.

ഏകജാലകം

ഹയര്‍സെക്കന്‍ഡറി പ്രവേശനപ്രക്രിയയില്‍ കൃത്യത, സുതാര്യത, സാമൂഹ്യനീതി എന്നിവ ഉറപ്പുവരുത്തുന്നതിന് ഏകജാലക പ്രവേശന പ്രക്രിയക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷം ആകെ ലഭ്യമായ 212080 മെറിറ്റ് സീറ്റില്‍ ഏകജാലക പ്രവേശനം വഴി 202627 സീറ്റില്‍ പ്രവേശനം നടത്തി. മാനേജ്മെന്റ് കമ്യൂണിറ്റി ക്വോട്ടകളിലെ പ്രവേശനം ഏകജാലകത്തിലൂടെ ആയിരുന്നില്ല. 2005-06ല്‍ ആകെ സീറ്റിന്റെ 78.39 ശതമാനത്തിലാണ് പ്രവേശനം നടന്നതെങ്കില്‍ 2008-09ല്‍ ഏകജാലകം വഴി 95.54 ശതമാനം സീറ്റില്‍ പ്രവേശനം നടത്തി. ഒബിസി, പട്ടികജാതി പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് ഇതിലൂടെ ഏറെ പ്രയോജനം ലഭിച്ചത്. ഒബിസി വിഭാഗത്തില്‍ 38.48 ശതമാനം കുട്ടികള്‍ക്കാണ് 2005ല്‍ പ്രവേശനം ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം 54.40 ശതമാനമായി വര്‍ധിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലും ഇരട്ടിയിലധികം വര്‍ധന പ്രവേശനതോതില്‍ ഉണ്ടായി. മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടാന്‍ അവസരമൊരുക്കിയ ഏകജാലക പ്രവേശനരീതി വിദ്യാഭ്യാസമേഖലയിലെ പ്രതിലോമപ്രവണതകള്‍, പാഴ്‌ചെലവുകള്‍ തുടങ്ങിയവ ഇല്ലാതാക്കുന്നതിനും സാമൂഹ്യനീതിയും സുതാര്യതയും ഉറപ്പാക്കുന്നതിനും വഴിയൊരുക്കി. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

അധ്യാപക പരിശീലനം

പാഠ്യപദ്ധതിയിലുണ്ടായ മാറ്റം, പഠനം കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമങ്ങള്‍, ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍, പുതിയ പഠനരീതികള്‍, പഠന മനഃശാസ്ത്രരംഗത്തെ പുതിയ പ്രവണതകള്‍, വൈജ്ഞാനികമേഖലയിലുണ്ടാകുന്ന വളര്‍ച്ച, പഠനം ഫലപ്രദമാക്കുന്നതിനായി നടത്തിയ ഗവേഷണാനുഭവങ്ങള്‍ തുടങ്ങിയവ അധ്യാപകരുടെ കാര്യശേഷി നിരന്തരം ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചു. ഇതിന്റെ ഭാഗമായി ഒരുവര്‍ഷം 20 ദിവസത്തെ പരിശീലനം നടത്താനാണ് തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷത്തെ അനുഭവങ്ങള്‍ പരിശോധിച്ച് അധ്യാപകസംഘടനകളുടെ അഭിപ്രായംകൂടി പരിഗണിച്ച് കാര്യക്ഷമമായ അധ്യാപകപരിശീലനത്തിന് പ്രവര്‍ത്തനപദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ കാര്യക്ഷമമായ പരിശീലനപരിപാടി ആസൂത്രണംചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതു ഒഴിവു ദിവസങ്ങളൊഴികെയുള്ള ശനിയാഴ്ചകള്‍കൂടി പ്രയോജനപ്പെടുത്തിയുള്ള പരിശീലനമായിരിക്കും വരുംവര്‍ഷം നടത്തുക.

ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ്

അന്തരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായി 2009-10 ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് എന്ന പ്രത്യേക പരിപാടി നടപ്പാക്കുന്നു. കുട്ടികള്‍ക്ക് ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട 100 പരീക്ഷണ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍, ഓരോ സ്കൂളിലും കൊച്ച് ഒബ്സര്‍വേറ്ററികള്‍, എല്ലാ വിദ്യാര്‍ഥികള്‍ക്കും വര്‍ക്ക് ബുക്കുകള്‍, ഓരോ ജില്ലയിലും ശരാശരി പത്തുവീതം ഒബ്സര്‍വേറ്ററികള്‍, ഓരോ പഞ്ചായത്തിലും നക്ഷത്രനിരീക്ഷണ സഹവാസ ക്യാമ്പുകള്‍, സയന്‍സ്, ഗണിതം, സാമൂഹ്യശാസ്ത്ര ക്ളബുകളെ പ്രവര്‍ത്തനക്ഷമമാക്കല്‍ ജില്ലാതല അധ്യാപക കൂട്ടായ്മകള്‍, സെമിനാറുകള്‍, ശാസ്ത്ര കോണ്‍ഗ്രസുകള്‍, സ്കൂളുകള്‍ക്ക് ഗലീലിയോ അവാര്‍ഡുകള്‍, സയന്‍സ് ഒളിമ്പ്യാഡുകള്‍, വീഡിയോജാഥകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതുവഴി അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ കുട്ടികളുടെ ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള പഠന നിലവാരം മെച്ചപ്പെടുത്താനും ശാസ്ത്രാവബോധം വര്‍ധിപ്പിക്കാനും കഴിയുമെന്നു കരുതുന്നു.

എന്റെ മരവും മണ്ണെഴുത്തും

കൊച്ചുമരങ്ങള്‍ മരം നട്ടാല്‍ പച്ചപിടിക്കും മലയാളം’എന്ന മുദ്യാവാക്യമുയര്‍ത്തി നടപ്പാക്കിയ എന്റെ മരം പരിപാടി ഏറെ അംഗീകാരം നേടിയ ഒന്നാണ്. കുട്ടികളില്‍ പാരിസ്ഥിതികാവബോധം വളര്‍ത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി. എന്റെ മരം പദ്ധതിയുടെ തുടര്‍ച്ചയായി മണ്ണെഴുത്തു ഡയറി, വര്‍ണോത്സവം, വനസഞ്ചാരം, പരിസ്ഥിതി ക്യാമ്പുകള്‍, പ്രോജക്ടുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത്. പരിസ്ഥിതിസൌഹൃദപരവും നിര്‍മലവുമായി വിദ്യാലയാന്തരീക്ഷം ഒരുക്കുന്നതിനും മാലിന്യവിമുക്തകേരളം എന്ന ലക്ഷ്യത്തിന് അനുപൂരകമായ തരത്തിലുള്ള പ്രവര്‍ത്തനസംസ്കാരം രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ‘തെളിമ’ എന്ന പേരില്‍ വര്‍ക്ക് ബുക്ക് തയ്യാറാക്കി വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇംഗ്ളീഷ് പഠനം

യൂണിസെഫിന്റെ പ്രതിനിധി ശ്രീമതി അരുണാരത്നം കേരളം സന്ദര്‍ശിച്ചപ്പോള്‍ തിരുവനന്തപുരത്തുവച്ച് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന യുപി സ്കൂള്‍ വിദ്യാര്‍ഥികളുമായി ആശയ വിനിമയം നടത്തിയതിന്റെ അനുഭവം വിവരിക്കുകയുണ്ടായി. ഇംഗ്ളീഷില്‍ അനായാസം ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു. ദേശീയ സെമിനാറില്‍ പ്രദര്‍ശിപ്പിച്ച നാല്‍പ്പതില്‍പ്പരം മലയാളം പ്രദര്‍ശനപാനലുകളിലെ ഉള്ളടക്കം കുട്ടികള്‍ ഇംഗ്ളീഷില്‍ വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ളീഷ് പഠനം ലക്ഷ്യത്തിലേക്കുതന്നെയാണ് എന്നാണ് അവരുടെ നിരീക്ഷണം. ഇംഗ്ളീഷ് മീഡിയത്തില്‍ പോയാലേ കുട്ടികള്‍ ഇംഗ്ളീഷ് സ്വായത്തമാക്കൂ എന്ന ചിലരുടെ അബദ്ധധാരണ തിരുത്തിക്കുറിക്കാന്‍ പര്യാപ്തമായ നിരവധി തെളിവുകള്‍ പൊതുവിദ്യാലയങ്ങളില്‍ പ്രകടമാണ്. സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ഇംഗ്ളീഷ് പഠനം മെച്ചപ്പെടുത്തുന്നതിനായി തെരഞ്ഞെടുത്ത നൂറു പഞ്ചായത്തില്‍ ആവിഷ്കരിച്ച ഗവേഷണപദ്ധതി ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. പൊതു സദസ്സുമായി ഇംഗ്ളീഷില്‍ ആശയവിനിമയം ചെയ്തതും ഇംഗ്ളീഷില്‍ ഇന്‍ലാന്‍ഡ് മാഗസിന്‍, പത്രങ്ങള്‍, കൈയെഴുത്തു മാസികകള്‍ ഇവ തയ്യാറാക്കിയതും കഥകളും കവിതകളും ലേഖനങ്ങളും സിനിമയും നാടകവുമൊക്കെ രൂപപ്പെടുത്തിയതും കുട്ടികളുടെ കഴിവ് ഇംഗ്ളീഷില്‍ വളരെ വര്‍ധിച്ചു എന്നതിന്റെ തെളിവാണ്. എട്ടാംക്ളാസ് വരെ പാഠപുസ്തകം പരിഷ്കരിച്ചത് ഇംഗ്ളീഷ് പഠനത്തിന്റെ നിലവാരം ഉയര്‍ത്താന്‍ സഹായിച്ചു. റീജണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് (ബംഗളൂരു) കേരളീയാനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് ഇതേ മാതൃകയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ പോകുകയാണ്. തന്നെയുമല്ല ആര്‍ഐഇയുടെയും ഈ രംഗത്തെ മറ്റ് ഏജന്‍സികളുടെയും സഹകരണത്തോടെ അധ്യാപകപരിശീലനവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇംഗ്ളീഷ് ഭാഷ കൈകാര്യംചെയ്യാനുള്ള അധ്യാപകരുടെ പ്രാപ്തി വര്‍ധിപ്പിക്കേണ്ടത് അടിയന്തരപ്രാധാന്യം നല്‍കേണ്ട കാര്യമാണ്. പത്തുവര്‍ഷത്തെ മികച്ച ഇംഗ്ളീഷ് പഠനം നമ്മുടെ കുട്ടികളുടെ ആത്മവിശ്വാസവും കഴിവും വര്‍ധിപ്പിക്കുമെന്നും മാത്രമല്ല പുതിയലോക സാഹചര്യത്തിന്റെ ആവശ്യങ്ങളെ നേരിടാന്‍ അവരെ സജ്ജരാക്കുകയും ചെയ്യും. ഇംഗ്ളീഷ് പഠനം മെച്ചപ്പെടുത്താനുള്ള ക്രിയാത്മകപദ്ധതി തയ്യാറാക്കുന്ന ഘട്ടത്തില്‍ നാം സ്വയം ചോദിക്കേണ്ട മറ്റൊരു കാര്യമുണ്ട്. മലയാളഭാഷ നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടതില്ലേ. മാതൃഭാഷാപഠനമല്ലേ കുട്ടികള്‍ക്ക് അതും ചെറുക്ളാസില്‍ ആശയസ്വാംശീകരണത്തിന് സഹായകമാകുക. അക്കാദമിക പണ്ഡിതന്മാര്‍ എല്ലാം ചൂണ്ടിക്കാട്ടുന്ന ഒന്നുണ്ട്, സ്വന്തം മാതൃഭാഷയില്‍ തന്നെയാകണം പ്രാഥമികഘട്ടത്തില്‍ പഠനം നടത്തേണ്ടത്.

കാര്യക്ഷമമായ വിദ്യാഭ്യാസ സേവനങ്ങള്‍

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും പൊതുസമൂഹത്തിന് മെച്ചപ്പെട്ടതും കാര്യക്ഷമവുമായ സേവനങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. ഇതിന് സഹായകമാകുംവിധം പൌരാവകാശരേഖ കഴിവതുംവേഗം പ്രസിദ്ധീകരിക്കുന്നതാണ്. വിദ്യാഭ്യാസ സംവിധാനത്തിലെ ചിലരെങ്കിലും പരാതിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അഴിമതിയോ സ്വജന പക്ഷപാതമോ നടത്തുന്നു എന്ന പരാതി ഉയര്‍ന്നുവരുന്നുണ്ട്. നമ്മുടെ ഓഫീസുകളെയെല്ലാം അഴിമിതിവിമുക്തവും കാര്യക്ഷമവും ആക്കേണ്ടതാണ്. ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ ശരിയല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നു എന്ന് നിങ്ങള്‍ക്ക് അനുഭവപ്പെട്ടാല്‍ അക്കാര്യം വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിനെ അറിയിക്കാം. വ്യക്തികളുടെ പേര് സൂചിപ്പിക്കുന്നത് നന്നായിരിക്കും. ആരെയും ശിക്ഷിക്കാനല്ല. അത്തരം വ്യക്തികളെ തിരുത്താന്‍ സഹായിക്കാനാണ്.

പ്രവേശനത്തിന്റെ സന്ദേശം

ഇന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കേരളം അക്ഷരലോകത്തേക്ക് വരവേല്‍ക്കുകയാണ്. എല്ലാ ജില്ലയിലും പഞ്ചായത്തിലും വിദ്യാലയങ്ങളിലും പ്രവേശനോത്സവം ആഹ്ളാദകരമായ തുടക്കമാകും. പ്രവേശനോത്സവത്തിലൂടെ കേരളം പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ക്കും തുടക്കം കുറിക്കുകയാണ്. എട്ടാം ക്ളാസുവരെ എല്ലാ കുട്ടികള്‍ക്കും സൌജന്യ പാഠപുസ്തകം എത്തിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനം ഏറെ ഫലപ്രദമായിരുന്നു. കൃത്യമായ ആസൂത്രണവും ഇച്ഛാശക്തിയും വിദ്യാഭ്യാസമേഖലയില്‍ കൂട്ടായ്മയുടെ പ്രവര്‍ത്തന സംസ്കാരവും മികവിന്റെ തിളക്കവും ഉണ്ടാക്കാന്‍ നമുക്കെല്ലാം കൂട്ടായി ആഗ്രഹിക്കാം. അതിനായി കൈകോര്‍ക്കുക.

എം എ ബേബി വിദ്യാഭ്യാസമന്ത്രി

1 comment:

  1. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുകയാണ്. എല്ലാവിഭാഗം ജനങ്ങളുടെയും ആത്മാര്‍ഥമായ സഹകരണവും പിന്തുണയും സമാഹരിച്ചുള്ള നിരവധി ക്രിയാത്മകപ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ പുരോഗതി ഉണ്ടാകുന്നത്. “ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം”എന്ന മുദ്രാവാക്യം മൂന്നുവര്‍ഷംമുമ്പ് മുമ്പോട്ടുവച്ചപ്പോള്‍ ആവേശകരമായ പ്രതികരണമാണുണ്ടായത്. തുടര്‍ന്ന് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും കാര്യക്ഷമതയില്‍നിന്ന് സുസ്ഥിര മികവിലേക്കുള്ള പ്രയാണവും അധ്യാപകരും രക്ഷാകര്‍ത്താക്കളും സമൂഹവും ഏറ്റെടുത്തു എന്നുപറയാം. പാഠ്യപദ്ധതി പരിഷ്കരണം ദേശീയപാഠ്യപദ്ധതി നിര്‍ദേശങ്ങള്‍ പരിഗണിച്ച് കേരള പാഠ്യപദ്ധതി ചട്ടക്കൂട് -2007 വികസിപ്പിച്ചു. സംസ്ഥാനതല പാഠ്യപദ്ധതി വികസിപ്പിച്ച ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനാണ്. കേരളത്തിലെ ഏതാണ്ടെല്ലാ പഞ്ചായത്തിലും ഇതുസംബന്ധിച്ച ചര്‍ച്ച നടന്നു. 1,50,000ത്തോളം പേര്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇതേ തുടര്‍ന്ന് പാഠപുസ്തകങ്ങളും പരിഷ്കരിക്കാന്‍ ആരംഭിച്ചു. വിദ്യാഭ്യാസരംഗത്തെ നൂതനവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകള്‍ക്കനുസൃതമായി പാഠ്യപദ്ധതി നവീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആശങ്കകള്‍ പലര്‍ക്കും ഉണ്ടായിരുന്നു. സംശയദൃഷ്ടിയോടെയാണ് പലരും ഇതിനെ നോക്കിക്കണ്ടത്. വിവാദങ്ങളും പ്രക്ഷോഭ പരിപാടികളുംവരെ ഉണ്ടായി. സര്‍ക്കാര്‍ ഇത്തരം പ്രതികരണങ്ങളെ ജനാധിപത്യപരമായി സമീപിച്ചു. എല്ലാവിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തും എന്നാല്‍ അക്കാദമിക താല്‍പ്പര്യങ്ങള്‍ ബലികഴിക്കാതെയും നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി. സ്വയം വിമര്‍ശനപരമായി ഓരോന്നും പുനഃപരിശോധിക്കാനും മെച്ചപ്പെടുത്താനുമുള്ള അവസരങ്ങളാക്കി ഇത്തരം സന്ദര്‍ഭങ്ങളെ പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

    ReplyDelete