Tuesday, June 9, 2009

ഇ.എം.എസ്സിനോട് ചോദിക്കാം...

ഉള്‍പ്പാര്‍ട്ടി പ്രശ്നത്തെ എങ്ങനെ സമീപിക്കണം

?മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍നിന്നും പാര്‍ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ പല പ്രവര്‍ത്തകരേയും പുറത്താക്കുകയുണ്ടായി; എല്‍ സി മെമ്പര്‍ മുതല്‍ ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍വരെ. എന്നാല്‍ പാര്‍ടിയുടെ കേന്ദ്ര നേതൃത്വത്തില്‍ ഗ്രൂപ്പിസം ഇല്ലാതെ എങ്ങനെയാണ് പ്രാദേശികതലത്തില്‍ ഗ്രൂപ്പു പ്രവര്‍ത്തനം നടക്കുന്നത്. 1954ല്‍ ആവിര്‍ഭവിച്ചതും 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയെ പിളര്‍ത്തി അവസാനിച്ചു എന്നു കരുതിയതുമായ ഗ്രൂപ്പിസം ഇപ്പോഴും പാര്‍ടിയില്‍ നിലനില്‍ക്കുന്നു എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്?

പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം എന്ന പേരില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ക്ക് അവരുടെ സസ്പെന്‍ഷന്‍ കാലയളവിനുള്ളില്‍ കൂടുതല്‍ ജോലി ഏല്‍പിക്കുകയും ഏല്‍പിച്ച ജോലി കാര്യഗൌരവത്തോടെ ചെയ്തുതീര്‍ത്തിട്ടുണ്ടോ എന്നു വസ്തുനിഷ്ഠമായി വിലയിരുത്തുകയും ചെയ്തതിനുശേഷം തിരിച്ചെടുക്കുന്ന സമ്പ്രദായം നിലവിലുണ്ടല്ലോ. സ്വാര്‍ഥതാല്‍പര്യത്തിനുവേണ്ടിയായിക്കൂടേ ഇത്?

പിന്നീടും തെറ്റ് ആവര്‍ത്തിച്ചുകൂടെന്നുണ്ടോ? ഇത്തരം പ്രവര്‍ത്തകരെ പാര്‍ടിയില്‍ നിലനിര്‍ത്തിയാല്‍ പാര്‍ടിക്ക് ജനപിന്തുണ നഷ്ടപ്പെടുകയില്ലേ?

2. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ വ്യക്തികളെ പാര്‍ടി പുറത്താക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ടല്ലോ. മാത്രമല്ല പ്രാദേശികതലങ്ങളില്‍ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രാദേശിക നേതാക്കള്‍ക്ക് അധികാരം നല്‍കുകയും ചെയ്തിട്ടുണ്ടല്ലോ. ഇവിടെ ഒരു ചോദ്യം: പ്രാദേശിക പ്രവര്‍ത്തകരോട് വ്യക്തിവൈരാഗ്യം പുലര്‍ത്തുന്നവരാണ് തലപ്പത്തിരിക്കുന്നതെങ്കില്‍ ചിലപ്പോള്‍ യഥാര്‍ഥ പാര്‍ടി പ്രവര്‍ത്തകരും വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടില്ലേ? ഇത് പാര്‍ടിയിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് ഒരു ഭീഷണിയല്ലേ?

പുരുഷോത്തമന്‍ പി
കടലുണ്ടി നഗരം

“ഗ്രൂപ്പിസ''മെന്ന പദപ്രയോഗത്തിന്റെ പുറകില്‍ വ്യത്യസ്തമായ രണ്ടു പ്രതിഭാസങ്ങളെ ചോദ്യകര്‍ത്താവ് കൂട്ടിക്കുഴച്ചിരിക്കുന്നു.

1954 മുതല്‍ 1964 വരെ നടന്നത് ആശയപരവും രാഷ്ട്രീയപരവുമായ രംഗത്തെ ഉള്‍പ്പാര്‍ട്ടി സമരമാണ്. അറുപത്തിനാലിനുശേഷവും അത് മറ്റൊരു രൂപത്തില്‍ തുടര്‍ന്നു. അറുപത്തിനാലുവരെ സോവിയറ്റുപാര്‍ടിയുടെ നേതൃത്വത്തിലുള്ള റിവിഷനിസ്റ്റ് ആശയഗതി പാര്‍ടിയില്‍ വളര്‍ന്നു. 1964നുശേഷം ചൈനീസ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള "ഇടതുപക്ഷ'' ആശയഗതി അതേ ജോലിചെയ്തു. രണ്ടിന്റെയും അവശിഷ്ടങ്ങള്‍ ഏറിയോ കുറഞ്ഞോ ഉള്ള തോതില്‍ ഇന്നും പാര്‍ടിയില്‍ കണ്ടേക്കാം.

എന്നാല്‍ ഇതുപോലെ ആശയപരമോ രാഷ്ട്രീയപരമോ ആയ യാതൊരു അടിസ്ഥാനവുമില്ലാതെ, വ്യക്തികളോ ഗ്രൂപ്പുകളോ പാര്‍ടി സംഘടനയില്‍, സംഘടനയിന്മേലുള്ള നിയന്ത്രണത്തെച്ചൊല്ലി അന്യോന്യം മത്സരിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ ധാരാളമുണ്ട്.

ഇന്ന് ഇന്ത്യയിലുള്ളതുപോലെ പാര്‍ലമെന്റ് മുതല്‍ പഞ്ചായത്തുവരെ വിവിധ നിലവാരങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുണ്ടാവുകയും അവയില്‍ കടന്നുകൂടാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സൌകര്യമുണ്ടാകുകയും ചെയ്യുമ്പോള്‍, ഇത്തരം അധികാര വടംവലിക്ക് കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

ചോദ്യകര്‍ത്താവ് പരാമര്‍ശിക്കുന്ന സംഭവങ്ങള്‍ മിക്കവാറും ഈ ഇനത്തില്‍പ്പെട്ടവയാണ്.

ഈ രണ്ടിനങ്ങളില്‍ ഏതില്‍പ്പെട്ടവയായാലും ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കമാണ് താഴെ കൊടുക്കുന്നത്.

1. 1954 മുതല്‍ 64 വരെയും അതില്‍ പിന്നീടും ഇന്ത്യന്‍ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായതുപോലെ ആശയപരവും രാഷ്ട്രീയവുമായി നടക്കുന്ന ഉള്‍പ്പാര്‍ട്ടി സമരം തൊഴിലാളിവര്‍ഗത്തിന്റെയും ശത്രുവര്‍ഗത്തിന്റെയും ആശയഗതികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഒരു സവിശേഷരൂപമാണ്. ശത്രുവര്‍ഗങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു സമൂഹത്തിലാണ് തൊഴിലാളിവര്‍ഗം ജീവിക്കുന്നതെന്നതിനാല്‍ ശത്രുവര്‍ഗ ചിന്താഗതികള്‍ തൊഴിലാളിവര്‍ഗത്തിലും അവയുടേതായ സ്വാധീനം ചെലുത്തും. ഈ സ്വാധീനത്തിന്റെ രണ്ടു രൂപങ്ങളാണ് വലതുപക്ഷ റിവിഷനിസവും "ഇടതുപക്ഷ'' സെക്ടേറിയനിസവും-ഇതു രണ്ടും പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം അതിനെതിരായി വിട്ടുവീഴ്ച കൂടാതെ പോരാടാന്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകാര്‍ക്ക് ബാധ്യതയുണ്ട്.

2. എന്നാല്‍ മാര്‍ക്സിസം-ലെനിനിസത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വലതുപക്ഷ റിവിഷനിസത്തെയും ഇടതുപക്ഷ സെക്ടേറിയനിസത്തെയും എതിര്‍ത്ത് തോല്‍പിക്കാന്‍ കെല്‍പുള്ള 'അപ്രമാദി'കളായ നേതാക്കളുണ്ടാവുക സാധ്യമല്ല. പാര്‍ടി നേതൃത്വത്തിന്റെ കൂട്ടായ പ്രവര്‍ത്തനം, നേതൃത്വവും അണികളും തമ്മില്‍ നിരന്തരമായ ആശയക്കൈമാറ്റം, ഒരിക്കല്‍ അംഗീകരിക്കുന്ന നയസമീപനം തെറ്റാണെന്ന് അനുഭവം തെളിയിക്കുമ്പോള്‍, അത് തിരുത്താനുള്ള സന്നദ്ധത എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പ്രവര്‍ത്തന-സംഘടനാരീതി അംഗീകരിക്കുന്ന പാര്‍ടി ഉണ്ടാകണം. ഈ പ്രവര്‍ത്തന-സംഘടനാ രീതിക്കാണ് ജനാധിപത്യപരമായ കേന്ദ്രീകരണം എന്നു വിളിക്കുന്നത്. അതിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്ന് നിരന്തരമായ വിമര്‍ശന-സ്വയം വിമര്‍ശനങ്ങളാണുതാനും.

3. ഈ പ്രവര്‍ത്തന-സംഘടനാ രീതി അംഗീകരിക്കുമ്പോള്‍ ഒരു വശത്ത് (നേതാക്കളുടെ ഭാഗത്ത്) മേധാവിത്വത്തിന്റെയും, മറുവശത്ത് (അണികളുടെ ഭാഗത്ത്) അച്ചടക്കരാഹിത്യത്തിന്റെയും പ്രവണതകള്‍ പ്രത്യക്ഷപ്പെട്ടേക്കും. ഇത് രണ്ടും എവിടെവിടെ വരുന്നുവോ അവിടവിടെയെല്ലാം അതിനെ മുളയിലേ നുള്ളിക്കളയാന്‍ ശ്രമിച്ചെങ്കില്‍ മാത്രമേ ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും കേന്ദ്രീകൃത നേതൃത്വവുമുള്ള ഒരു തൊഴിലാളിവര്‍ഗ പാര്‍ടി ഉണ്ടാവുകയുള്ളു.

4. ഇങ്ങനെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും കേന്ദ്രീകൃത നേതൃത്വവും ഉണ്ടാകുന്നതിന് വ്യക്തികളായ മെമ്പര്‍മാര്‍ ഓരോരുത്തരും സ്വന്തം ഘടകത്തിന്; ന്യൂനപക്ഷം ഭൂരിപക്ഷത്തിന്; കീഴ്ഘടകം മേല്‍ഘടകത്തിന് ഈ രീതിയില്‍ കീഴ്പ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. ഈ തത്വത്തില്‍നിന്നുള്ള ഏതു വ്യതിചലനവും (അത് ചെയ്യുന്നത് എത്ര ഉയര്‍ന്ന നേതാവായാലും കൊള്ളാം) പൊറുക്കാന്‍ വയ്യാത്ത പാര്‍ടിദ്രോഹമെന്ന നിലയ്ക്ക് അമര്‍ത്തപ്പെടണം.

5. ഇത്തരം അച്ചടക്ക ലംഘനങ്ങള്‍ രണ്ടു കാരണങ്ങളാല്‍ വരാം.

ഒന്നുകില്‍ ഭൂരിപക്ഷത്തിന്റെ ആശയപരവും രാഷ്ട്രീയപരവുമായ സമീപനം മൌലികമായി തെറ്റാണെന്ന പരിപൂര്‍ണ്ണ വിശ്വാസത്തോടെ പാര്‍ടിയില്‍ ഒരു പിളര്‍പ്പുണ്ടാക്കുന്നത് വിപ്ളവത്തിന്റെ താല്‍പര്യത്തിനൊത്തതാണെന്ന വിശ്വാസത്തെ ആസ്പദമാറ്റിയുള്ള അച്ചടക്ക ലംഘനം. ഇതാണ് ലോക തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തില്‍ ലെനിന്റെ നേതൃത്വത്തില്‍ നടന്നത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അമ്പത്തിനാല് മുതല്‍ അറുപത്തിനാലുവരെയും അറുപത്തിനാലിനുശേഷവും രണ്ട് വിഭിന്ന രൂപങ്ങളില്‍ നടന്ന ഉള്‍പാര്‍ടി സമരവും ഈ ഇനത്തില്‍പ്പെടുന്നു.

ഇത്തരം സമരങ്ങളുടെ കേന്ദ്ര പ്രശ്നം ഏറ്റുമുട്ടുന്ന വിരുദ്ധ സമീപനങ്ങളില്‍ ഏത് ശരിയെന്നതാണ്. അത് ചരിത്രം തീരുമാനിച്ചുകൊള്ളും.

6. രണ്ടാമത്തേത് അധികാര വടംവലിയുടെ ഭാഗമായുള്ള ഉള്‍പ്പാര്‍ട്ടി സമരങ്ങളാണ് (ഇതിനാണ് ഈ അര്‍ഥത്തില്‍ "ഗ്രൂപ്പിസം എന്ന് പറയേണ്ടത്.) ബൂര്‍ഷ്വാ-പെറ്റി ബൂര്‍ഷ്വാ വര്‍ഗങ്ങള്‍ക്ക് സഹജമായ അധികാരക്കൊതി തൊഴിലാളിവര്‍ഗ പ്രതിനിധികളായ ചില വ്യക്തികളിലും ഗ്രൂപ്പുകളിലും പ്രതിഫലിക്കുന്നുവെന്നതാണ് ഇതിന് പിന്നിലുള്ള യാഥാര്‍ത്ഥ്യം. അതുകൊണ്ട് ഈ ദുഷ്പ്രവണതയ്ക്കെതിരായ സമരമെന്ന നിലയ്ക്ക് ഇത് കൈകാര്യംചെയ്യുകയും വേണം.

7. ചുരുക്കത്തില്‍, ശത്രുവര്‍ഗങ്ങളുടെ ആശയഗതി പൊതുവിലും അവര്‍ക്ക് സഹജമായ അധികാരക്കൊതി വിശേഷിച്ചും തൊഴിലാളിവര്‍ഗത്തില്‍ പ്രതിഫലിക്കുന്നതിന്റെ ഫലമായാണ് അച്ചടക്ക പ്രശ്നം പാര്‍ടിയില്‍ പൊന്തിവരുന്നത്. പക്ഷേ, അച്ചടക്ക പ്രശ്നം ആ നിലയ്ക്ക് കൈകാര്യം ചെയ്യുന്നതിന്റെ ഉദ്ദേശം, ഈ ദുഷ്പ്രവണതകള്‍ക്ക് ഇരയായ വ്യക്തികളെയും ഗ്രൂപ്പുകളെയും, അവര്‍ പ്രകടിപ്പിക്കുന്ന ദുഷ്പ്രവണതകളോട് യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ, നന്നാക്കിയെടുക്കുകയാണ്. ഇതിന് പറ്റുന്ന പ്രായോഗിക സമീപനം പാര്‍ടി ഭരണഘടനയില്‍ വിശദീകരിച്ചിട്ടുണ്ട്.

1980 മാര്‍ച്ച് 28 ലക്കം ചിന്തയില്‍ ഇ.എം.എസിന്റെ ചോദ്യോത്തര പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.

1 comment:

  1. ?മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍നിന്നും പാര്‍ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ പല പ്രവര്‍ത്തകരേയും പുറത്താക്കുകയുണ്ടായി; എല്‍ സി മെമ്പര്‍ മുതല്‍ ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍വരെ. എന്നാല്‍ പാര്‍ടിയുടെ കേന്ദ്ര നേതൃത്വത്തില്‍ ഗ്രൂപ്പിസം ഇല്ലാതെ എങ്ങനെയാണ് പ്രാദേശികതലത്തില്‍ ഗ്രൂപ്പു പ്രവര്‍ത്തനം നടക്കുന്നത്. 1954ല്‍ ആവിര്‍ഭവിച്ചതും 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയെ പിളര്‍ത്തി അവസാനിച്ചു എന്നു കരുതിയതുമായ ഗ്രൂപ്പിസം ഇപ്പോഴും പാര്‍ടിയില്‍ നിലനില്‍ക്കുന്നു എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്?

    ReplyDelete