Friday, June 19, 2009

തമ്പുരാനിസത്തിന്റെ തികട്ടലുകള്‍

ഓല മേഞ്ഞ പഴയ ഓഫീസുകള്‍ ശ്രേഷ്ഠവും, ഓടിട്ട പുതിയ ഓഫീസുകള്‍ മ്ലേഛവുമാണെന്ന മട്ടിലുള്ള വിശകലനങ്ങള്‍ എന്തായാലും മാര്‍ക്സിസമല്ല. മോട്ടോര്‍ സൈക്കിളില്‍ മീന്‍ വില്‍ക്കുന്ന പുതിയ തൊഴിലാളിയോട് മനസ്സു കൊണ്ടിനിയും ഐക്യപ്പെടാത്തവര്‍ പഴയ കാലത്തിന്റെ തടവിലാണ്. ‘ മീന്‍ കച്ചവടക്കാരന്റെ പത്രാസ്’ എന്നത് ‘തമ്പുരാനിസ‘ത്തിന്റെ തികട്ടലാണ്. ക്ഷോഭിക്കരുത്. ചരിത്രം അതെല്ലാം കുഴിവെട്ടി മൂടി ശക്തിയിലേയ്ക്ക് കുതിയ്ക്കുക തന്നെ ചെയ്യും. ഒരു ജനതയുടെ ജീവിതനിലവാരത്തിലുള്ള വളര്‍ച്ചയും, സാങ്കേതികവിദ്യ സാധ്യമാക്കുന്ന സൌകര്യങ്ങളും അവരുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുമെന്ന പ്രാഥമിക സാമൂഹ്യ പരമാര്‍ത്ഥം തിരിച്ചറിയാത്തവരെ വര്‍ത്തമാനത്തിലേക്ക് വിളിച്ചുണര്‍ത്തുക അത്യന്തം പ്രയാസകരമാണ്. കെട്ടിടങ്ങളുടെ വലിപ്പച്ചെറുപ്പമല്ല, സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ അവ വഹിക്കുന്ന പങ്കാണ് പ്രസക്തം.

പാര്‍ട്ടി കെട്ടിടങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴിലാളി പ്രസ്ഥാനങ്ങളെ തെറി വിളിക്കുന്നവരില്‍ പലരും സ്വന്തം ചിലവില്‍ രമ്യഹര്‍മ്മങ്ങള്‍ പണിയുന്നതില്‍ പുളകം കൊള്ളുന്നവരാണ്. രണ്ടു പേര്‍ക്ക് മൂന്നു നില മാളികയാവാം, ആയിരക്കണക്കിന് മനുഷ്യര്‍ നിരന്തരം ഇടപെടുന്ന രാഷ്ട്രീയ-സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് ഇരുനിലക്കെട്ടിടം പാടില്ല എന്നാണിപ്പോള്‍ ചിലര്‍ വാദിക്കുന്നത്.

സത്യത്തില്‍ ഒരു പ്രദേശത്തെ ഏറ്റവും സൌകര്യമുള്ള കെട്ടിടം ഒരു കലാസമിതിയുടെയോ, വായനശാലയുടേതോ, സാമൂഹ്യ ജീവിതത്തില്‍ സജീവമായി ഇടപെടുന്ന ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനങ്ങളുടേതോ ആയിരിക്കുന്നതില്‍ അഭിമാനിക്കുകയാണ് ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. അതിനുപകരം ചിലരിപ്പോള്‍ ഇത്തരം കാര്യങ്ങളിലൊക്കെ പെട്ടെന്ന് പ്രകോപിതരായിത്തീരുമ്പോള്‍ അവരുടെ അജണ്ടയെക്കുറിച്ച് പുനര്‍‌വിചിന്തനം അനിവാര്യമാകും. പിരിക്കുന്ന പണത്തിനു കണക്കില്ലാത്തവര്‍ക്ക് കെട്ടാതെ പോയ കെട്ടിടങളെക്കുറിച്ചോര്‍ത്ത് കണ്ണീര്‍ പൊഴിക്കാനവകാശമുണ്ട്. അതേസമയം, കൃത്യമായ കണക്കുകള്‍ ജനസമക്ഷം തുറന്നു വെച്ച് ഓരോരോ കാര്യങ്ങള്‍ക്ക് സ്വരൂപിച്ച പണം അതാത് കാര്യങ്ങത്തില്‍ തന്നെ ചിലവഴിക്കുന്നവരില്‍ എന്തിനു പഴി ചാരണം?

*
‘വെള്ളം കുടിക്കാനുള്ളതാണ് കളിക്കാനുള്ളതല്ല’ എന്നുള്ളത് വെള്ളം വ്യവസായികളുടെ പരോക്ഷ പരസ്യമാണ്. ഭൂമിയിലെ വെള്ളം പാരിസ്ഥിതിക അവബോധം ഉള്‍ക്കൊള്ളുന്ന സര്‍വ മനുഷ്യര്‍ക്കും കുടിക്കാനും, കുളിക്കാനും, കളിക്കാനും, അനുഭൂതികളിലാറാടി തിമര്‍ക്കാനും ഉള്ളതാണ്. വെള്ളം തൊട്ട് കളിയ്ക്കേണ്ട അതിനു വിപണിമൂല്യമുണ്ട് എന്ന ജലവ്യവസായത്തിന്റെ പരസ്യങ്ങള്‍ക്കു മുമ്പില്‍ വിളറി നില്‍ക്കുന്നവരില്‍ ചിലര്‍ സ്വകാര്യമുതലാളിത്തത്തിന്റെ വിനോദശാലകളിലെ സ്ഥിരം സന്ദര്‍ശകരാണ്. സ്വകാര്യവ്യക്തികള്‍ നടത്തുന്ന ‘വിനോദകേന്ദ്ര‘ങ്ങളില്‍ അഭിരമിക്കുകയും, സഹകരണാടിസ്ഥാനത്തില്‍ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ അടച്ചാക്ഷേപിക്കുകയും ചെയ്യുന്നതിലെ ‘വൈരുധ്യങ്ങള്‍’ എത്ര പൂഴ്ത്തി വെച്ചാലും ഒരു നാള്‍ പുറത്ത് ചാടും. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന മഹത്തായ മേയ്‌ദിന മുദ്രാവാക്യത്തെ സാംസ്കാരികാധിനിവേശം വഴി മൂലധനശക്തികള്‍ സമര്‍ത്ഥമായി തിരിച്ചു പിടിച്ച് കഴിഞ്ഞിരിക്കുന്നു....

*
സര്‍വദുരിതങ്ങളും അവസാനിച്ചിട്ടു മതി ആഹ്ലാദം എന്ന് തീരുമാനിച്ചാല്‍ മത-മതേതര ഉത്സവങ്ങളെ മുഴുവന്‍ ഉടന്‍ ഉന്മൂലനം ചെയ്യേണ്ടി വരും. വ്യവസ്ഥയുടെ സമ്പൂര്‍ണ്ണ മാറ്റത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടു തൃപ്തരാകാത്തവര്‍ തൊഴിലില്ലായ്മാ വേതനമടക്കം സര്‍വ താല്‍ക്കാലികാശ്വാസങ്ങളും തള്ളിക്കളയേണ്ടി വരും. സാമൂഹ്യപരിഷ്കാരങ്ങളും, താല്‍കാലിലാശ്വാസങ്ങളും വിപ്ലവത്തില്‍ വെള്ളം ചേര്‍ക്കുമെന്ന് വാദിക്കുന്നവര്‍ പ്രാകൃതത്വത്തില്‍ നിന്നും പട്ടിണിയില്‍ നിന്നുമാണ് വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതെന്ന് കരുതുന്നവരാണ്. “കുഞ്ഞിമാളൂ ദാരിദ്ര്യമാണ് മനുഷ്യനെക്കൊണ്ട് മോഷണം നടത്തിക്കുന്നത്’ എന്ന കെ.ദാമോദരന്റെ പാട്ടബാക്കിയെന്ന നാടകത്തിലെ കിട്ടുണ്ണിയെന്ന രാഷ്ട്രീയപ്രവര്‍ത്തകന്റെ പ്രാഥമികവിവരം പോലും പല സൈദ്ധാന്തികന്മാരും സങ്കുചിത വിപ്ലവാവേശങ്ങള്‍ക്കിടയില്‍ അവഗണിക്കുന്നു.

*
ജനാധിപത്യ മൂല്യങ്ങള്‍ക്ക് മുന്നില്‍ പഴയ മുഖം‌മൂടികള്‍ പോലും നഷ്ടപ്പെട്ട മുഖ്യധാരാമാധ്യമങ്ങളുടെ വലതുപക്ഷ സേവയാണ് മൂല്യവിമര്‍ശനമെന്ന വ്യാജേന ഇപ്പോള്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അതിന്റെ പിറവി മുതല്‍ കുഴിച്ചുമൂടാന്‍ പ്രതിജ്ഞയെടുത്തവര്‍, തങ്ങള്‍ മുന്‍പ് ആ മഹാപ്രസ്ഥാനത്തിന്റെ സംരക്ഷകരായിരുന്നു എന്ന നാട്യത്തിലാണ് ആരോപണങ്ങള്‍ വാ‍രിച്ചൊരിയുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ കണ്ടെത്തുകയും തിരുത്തുകയും ചെയ്തകാര്യങ്ങളാണ് “കോഴക്കഥ”കളായി മാധ്യമതാളുകളില്‍ കൊഴുക്കുന്നത്. ‘സര്‍വരും കൊള്ളരുതാത്തവര്‍’ എന്നൊരു മാഫിയായുക്തിയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പരസ്പരം മത്സരിച്ച് ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരന്തരമായി വേട്ടയാടിയവര്‍, മാന്‍‌കിടാവിന്റെ വിശുദ്ധി അവകാശപ്പെടുന്നതിലെ ‘അല്പത്തരം’ മാറ്റിവെച്ചാല്‍ പിന്നീടവരുടെ വാദവിവാദങ്ങളില്‍ അവശേഷിക്കുന്നത് കുപ്രസിദ്ധമായ ആ പഴയ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ നുരപ്പും പുളിപ്പുമാണ്. ഒരിക്കല്‍ മൂല്യാധിഷ്ഠിതമായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാകെ ഇപ്പോള്‍ മൂല്യരഹിതമായി മാറിയിരിക്കുന്നു എന്നാക്രോശിക്കുന്ന മാധ്യമമുതലാളിമാരുടെ തലക്കു മുകലിളിരിക്കുമ്പോള്‍ കോമാളിത്തൊപ്പികള്‍ പോലും നാണിച്ചു പോകും!

*
ലാളിത്യത്തെ കട്ടന്‍ ചായയിലും പരിപ്പു വടയിലും പരിമിതപ്പെടുത്തുന്നവര്‍ മൂല്യാന്വേഷണങ്ങളെ പൈങ്കിളിക്കഥയിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന ചരിത്രവിരുദ്ധപ്രവര്‍ത്തനത്തിലാണ് വ്യാപൃതരായിരിക്കുന്നത്. മൂല്യബോധം ഭൂതകാലത്തിലെവിടെയോ സ്ഥിരവാസമുറപ്പിച്ചിരിക്കുകയാണെന്ന് പ്രചരിപ്പിക്കുന്നവര്‍, ആശയപരമായി സ്വയം ഭൂതകാലത്തില്‍ സ്തംഭിച്ചു പോയവരാണ്. ചോര്‍ന്നൊലിക്കുന്ന കൂരകളും, ഒടിഞ്ഞ ബെഞ്ചും, അലക്കിത്തേക്കാത്ത വസ്ത്രവും അവരില്‍ ചിലര്‍ക്ക് ആവേശകരവും വിപ്ലവകരവുമായി അനുഭവപ്പെടുന്നത് ‘ആരാന്റെ അമ്മയുടെ’ ഭ്രാന്ത് കാണാനുള്ള കുടിലകൌതുകം കൊണ്ടാണ്. വ്യക്തിപരതയുടെ ചെറിയ ലോകങ്ങളില്‍ വ്യാപരിക്കുന്നതുകൊണ്ടാണ് മൂന്നാള്‍ മാത്രമുള്ള സ്വന്തം വീടിനോടൊപ്പം വലുപ്പം പാര്‍ട്ടി ഓഫീസിനുണ്ടായിപ്പോകുന്നത് ചില ‘എക്സ്പാര്‍ട്ടികളെ’ വല്ലാതെ പരിഭ്രമിപ്പിക്കുന്നത്. പൊതുജീവിതം സജീവമാകുന്നതില്‍ പുളകിതരാകുന്നവര്‍ സ്വന്തം പ്രദേശത്തെ ഏറ്റവും സൌകര്യവും സൌന്ദര്യവുമുള്ള കെട്ടിടം വായനശാലയും, കലാസമിതിയും, ബഹുജനസംഘടനകളുടെ ഓഫീസുമാകാതിരിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പരിഭ്രമിക്കേണ്ടത്.

*
സമരങ്ങളും സംഘര്‍ഷങ്ങളും കത്തിനില്‍ക്കുന്ന ഒരു കാലത്ത് ഭാഷ പരുക്കനാവും. ചെത്തിമിനുക്കാത്ത കൂര്‍ത്ത പാറക്കല്ലു പോലുള്ള വാക്കുകള്‍ അന്ന് ശത്രുവിന്റെ മര്‍മ്മം നോക്കി കുതിക്കും. തലകുനിച്ചും കൈകൂപ്പിയും കഴിഞ്ഞുകൂടിയ മലയാളി ആത്മബോധമാര്‍ജ്ജിക്കുന്ന മുറയ്ക്കാണ് സ്വന്തം ശിരസ്സിനു മുകളിലേക്കുയര്‍ന്ന മുഷ്ടിക്കൊപ്പം; ഏത് തമ്പുരാനെയും ‘എടാ’ എന്നും ‘എടോ’ എന്നും വിളിക്കാനുള്ള കരുത്ത് നേടിയത്. മുതലാളി മുമ്പും ഇന്നും വിളിക്കുന്ന സമസ്ത തെറിയും ചൂഷകവര്‍ഗം സ്വാംശീകരിച്ച മേല്‍ക്കോയ്മയുടെ ഭാഗമാണെങ്കില്‍ തൊഴിലാളി തിരിച്ചു വിളിക്കുന്ന തെറികള്‍ പ്രസ്തുത മേല്‍ക്കോയ്മയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാണ്. ഭാഷയിലെ ഒരു വാക്കിനു തന്നെ വര്‍ഗസമരത്തിന്റെ വേദിയാകാന്‍ കഴിയും. ഇതൊന്നും തിരിച്ചറിയാതെ, ഒരു ജനകീയപ്രസ്ഥാനത്തെ അങ്ങേയറ്റം അവഹേളിച്ച ഒരു പത്രാധിപരെ ഒരു പ്രഭാഷണത്തില്‍ ‘എടോ ഗോപാലകൃഷ്ണാ’ എന്നു വിളിച്ചത്, സംസ്കാരലോപമായി കാണുന്നവര്‍, ‘തങ്ങള്‍ക്കെന്തുമെഴുതാം’, മറ്റുള്ളവരാരും അതിനോട് പ്രതികരിച്ചുകൂടെന്ന് കരുതുന്ന, സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങള്‍ പിറക്കുന്നതിനും മുന്‍പുള്ള കാലത്തെ മേലാളക്കാഴ്ചപ്പാട്, കാലം മാറിയതറിയാതെ സൂക്ഷിക്കുന്നവരാണ്. അവരെ പിന്തുണയ്ക്കുന്ന ‘നവമാന്യര്‍’ കാലഹരണപ്പെട്ട ശുദ്ധിവാദത്തിന് ന്യായം കണ്ടെത്താനുള്ള അര്‍ത്ഥശൂന്യമായ തര്‍ക്കത്തിലാണ് വ്യാപൃതരായിരിക്കുന്നത്.

കെ.ഇ.എന്‍ എഴുതിയ ‘വിവാദകാ‍ലങ്ങളിലെ ആള്‍മാറാട്ടം’ എന്ന പുസ്തകത്തില്‍ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങള്‍. കടപ്പാട്: പ്രോഗ്രസ് പബ്ലിക്കേഷന്‍.

4 comments:

  1. സമരങ്ങളും സംഘര്‍ഷങ്ങളും കത്തിനില്‍ക്കുന്ന ഒരു കാലത്ത് ഭാഷ പരുക്കനാവും. ചെത്തിമിനുക്കാത്ത കൂര്‍ത്ത പാറക്കല്ലു പോലുള്ള വാക്കുകള്‍ അന്ന് ശത്രുവിന്റെ മര്‍മ്മം നോക്കി കുതിക്കും. തലകുനിച്ചും കൈകൂപ്പിയും കഴിഞ്ഞുകൂടിയ മലയാളി ആത്മബോധമാര്‍ജ്ജിക്കുന്ന മുറയ്ക്കാണ് സ്വന്തം ശിരസ്സിനു മുകളിലേക്കുയര്‍ന്ന മുഷ്ടിക്കൊപ്പം; ഏത് തമ്പുരാനെയും ‘എടാ’ എന്നും ‘എടോ’ എന്നും വിളിക്കാനുള്ള കരുത്ത് നേടിയത്. മുതലാളി മുമ്പും ഇന്നും വിളിക്കുന്ന സമസ്ത തെറിയും ചൂഷകവര്‍ഗം സ്വാംശീകരിച്ച മേല്‍ക്കോയ്മയുടെ ഭാഗമാണെങ്കില്‍ തൊഴിലാളി തിരിച്ചു വിളിക്കുന്ന തെറികള്‍ പ്രസ്തുത മേല്‍ക്കോയ്മയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാണ്. ഭാഷയിലെ ഒരു വാക്കിനു തന്നെ വര്‍ഗസമരത്തിന്റെ വേദിയാകാന്‍ കഴിയും. ഇതൊന്നും തിരിച്ചറിയാതെ, ഒരു ജനകീയപ്രസ്ഥാനത്തെ അങ്ങേയറ്റം അവഹേളിച്ച ഒരു പത്രാധിപരെ ഒരു പ്രഭാഷണത്തില്‍ ‘എടോ ഗോപാലകൃഷ്ണാ’ എന്നു വിളിച്ചത്, സംസ്കാരലോപമായി കാണുന്നവര്‍, ‘തങ്ങള്‍ക്കെന്തുമെഴുതാം’, മറ്റുള്ളവരാരും അതിനോട് പ്രതികരിച്ചുകൂടെന്ന് കരുതുന്ന, സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങള്‍ പിറക്കുന്നതിനും മുന്‍പുള്ള കാലത്തെ മേലാളക്കാഴ്ചപ്പാട്, കാലം മാറിയതറിയാതെ സൂക്ഷിക്കുന്നവരാണ്. അവരെ പിന്തുണയ്ക്കുന്ന ‘നവമാന്യര്‍’ കാലഹരണപ്പെട്ട ശുദ്ധിവാദത്തിന് ന്യായം കണ്ടെത്താനുള്ള അര്‍ത്ഥശൂന്യമായ തര്‍ക്കത്തിലാണ് വ്യാപൃതരായിരിക്കുന്നത്.

    ReplyDelete
  2. ഇനി, കട്ടന്‍ ചായയിലെക്കും, പരിപ്പുവടയിളേക്കും, ഓല മേഞ്ഞ പാര്‍ട്ടിയാപ്പീസിലേക്കും പോയി എന്നുതന്നെ വെക്കുക. അപ്പോള്‍ ആരോപണം, ‘കാലത്തിനൊത്ത് മാറാത്തവര്‍’‘കിണറ്റിലെ തവളകള്‍’ എന്നൊക്കെയായിരിക്കും.

    പ്രസക്തമായ പോസ്റ്റ്.
    അഭിവാദ്യങ്ങളോടെ

    ReplyDelete