Tuesday, June 30, 2009

കോണ്‍ഗ്രസിന്റെ തനിനിറം

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മുന്‍തൂക്കവും തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനായതും കോണ്‍ഗ്രസിനെ രാഷ്ട്രീയ അഹന്തയുടെ പരമകാഷ്ഠയിലാണെത്തിച്ചത്. മുമ്പ് നിര്‍ത്തിവച്ച ജനദ്രോഹനയങ്ങളും തീരുമാനങ്ങളും ഒന്നൊന്നായി പുറത്തെടുക്കുന്നത് അത്തരമൊരു അഹന്തയുടെ ഫലമായാണ്. പത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ അഞ്ചുമുതല്‍ 30 ശതമാനംവരെ ഓഹരി വിറ്റ് അരലക്ഷം കോടിയിലധികം രൂപ സ്വരൂപിക്കാനുള്ള നീക്കവും അതിന്റെ ഭാഗമാണ്. ആഗോള സാമ്പത്തികപ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വന്‍തോതില്‍ പ്രതിസന്ധി ഉണ്ടാക്കാത്തത് ആഗോളവല്‍ക്കരണനടപടി പലതും നടപ്പാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ സമ്പദ്ഘടന ആഗോളവ്യവസ്ഥയുമായി പൂര്‍ണമായും ചേരാത്തതുകൊണ്ടാണെന്ന് ധനമേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കിയതാണ്. അതിനു കാരണം ഇടതുപക്ഷ കക്ഷികള്‍ എടുത്ത ശക്തമായ നിലപാടാണ്. ആഗോളവല്‍ക്കരണനയം ആരംഭിച്ച കാലംതൊട്ട് അതിലെ ജനദ്രോഹവശങ്ങള്‍ക്കെതിരെ ഇടതുപക്ഷം പോരാട്ടത്തിലായിരുന്നു. ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ധനമേഖലകളില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ ശക്തമായ പോരാട്ടം അവയെ പൂര്‍ണമായും സ്വകാര്യവല്‍ക്കരണത്തിന് വിട്ടുകൊടുക്കാന്‍ സര്‍ക്കാരിന് കഴിയാത്ത പരിതഃസ്ഥിതി ഉണ്ടാക്കി. അതോടൊപ്പംതന്നെ ഇത്തരം സ്ഥാപനങ്ങള്‍ ആഗോള മുതലാളിത്തശക്തികളുടെ കൈകളിലേക്ക് കൊടുക്കുന്നതിന് കേന്ദ്രഭരണത്തില്‍ ഇടപെടാനുള്ള അവസരം ഉപയോഗിച്ച് ഇടതുപക്ഷം ശക്തമായി പ്രതിരോധിക്കുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ കര്‍ക്കശനിലപാടിന്റെ ഫലമായി പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും നിലനിന്നു. വിദേശ വിനിമയമേഖലയില്‍ മൂലധനത്തിന്റെ സര്‍വസ്വതന്ത്രമായ ഒഴുക്ക് തടയുന്ന നിയന്ത്രണം നിലനിര്‍ത്താനും കഴിഞ്ഞു. മാത്രമല്ല, ധനമേഖലയിലെ പരിഷ്കാരങ്ങള്‍ സംബന്ധിച്ച് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ തത്വാധിഷ്ഠിതമായ എതിര്‍പ്പാണ് ആഗോള മുതലാളിത്ത പ്രതിസന്ധിയില്‍നിന്ന് ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷപ്പെടുത്താന്‍ ഇടയാക്കിയത്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തം നേട്ടമായി ഉയര്‍ത്തിക്കാട്ടിയത് ഇക്കാര്യങ്ങളൊക്കെയാണ്. സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ കഴിഞ്ഞത് സ്വന്തം മിടുക്കായി അവതരിപ്പിച്ചും ഇടതുപക്ഷം നിര്‍ബന്ധിച്ച് നടപ്പാക്കിച്ച തൊഴിലുറപ്പുപദ്ധതിപോലുള്ളവയുടെ ജനപ്രീതിമുതലെടുത്തുമാണ് കോണ്‍ഗ്രസ് വോട്ടുനേടിയത്. എന്നാല്‍, ഇടതുപക്ഷപിന്തുണയില്ലാതെ ഭരിക്കാന്‍ കഴിയുമെന്നുവന്നപ്പോള്‍ അനുഭവങ്ങളാകെ മറന്ന് തനിനിറം പുറത്തുകാട്ടുന്ന കോണ്‍ഗ്രസിനെയാണ് കാണാനാകുന്നത്.

2004ലെ ബജറ്റിനു മുന്നോടിയായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ നവരത്ന പൊതുമേഖലാ സ്ഥാപനത്തിന്റെയും സര്‍ക്കാര്‍ ഓഹരി 51 ശതമാനമാക്കി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നതായി അന്നത്തെ ധനമന്ത്രി പി ചിദംബരം വ്യക്തമാക്കിയിരുന്നു. 2005 മെയില്‍ പൊതുമേഖലാ സ്ഥാപനമായ ബിഎച്ച്എല്ലിന്റെ 10 ശതമാനം ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് 2006 ജൂണില്‍ യുപിഎ-ഇടതുപക്ഷ ഏകോപനസമിതിയില്‍നിന്ന് ഇടതുപക്ഷം പിന്മാറിയത്. ഈ എതിര്‍പ്പിന്റെ ഫലമായി ഇത്തരം നീക്കത്തില്‍നിന്ന് യുപിഎ സര്‍ക്കാരിന് പിന്മാറേണ്ടിവന്നു. അഞ്ചുമുതല്‍ 15 വരെ ശതമാനം ഓഹരി വിറ്റ് 10,000 കോടി രൂപ സമാഹരിക്കുമെന്നാണ് ഇക്കുറി യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഈ സാമ്പത്തികവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്ര പൊതുമേഖലാ കമ്പനിയുടെ ഓഹരി വിറ്റ് 45,000 മുതല്‍ 53,000 കോടി രൂപവരെ നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വാര്‍ത്ത വന്നിരിക്കുന്നു. മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ 1991ല്‍ ആരംഭിച്ച ഓഹരിവില്‍പ്പനയിലൂടെ ഇതുവരെ നേടിയതിനേക്കാളും കൂടുതല്‍ തുക അടുത്ത ഒറ്റവര്‍ഷംകൊണ്ട് നേടാനാണ് ലക്ഷ്യം. 1991 മുതല്‍ ഇതുവരെയായി ഏകദേശം 53,000 കോടി രൂപയുടെ ഓഹരിയാണ് സ്വകാര്യമേഖലയ്ക്ക് കൈമാറിയത്. ഇതില്‍ 29,520 കോടി രൂപമാത്രമാണ് സര്‍ക്കാരിന് ലഭിച്ചത്. വിത്തെടുത്ത് കുത്തുന്നതിനു തുല്യമായ ഈ നടപടിക്ക് യുപിഎ നേതൃത്വം നിരത്തുന്ന ന്യായീകരണം തീര്‍ത്തും ദുര്‍ബലമാണ്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണത്തിനാണ് ഓഹരിവില്‍പ്പനയെന്ന അവകാശവാദം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. 2007-08 വര്‍ഷത്തിലെ കണക്കനുസരിച്ച് 45 പൊതുമേഖലാ സ്ഥാപനത്തിനുംകൂടി കരുതല്‍ധനവും മിച്ചവുമായി 4.85 ലക്ഷം കോടി രൂപയുണ്ട്. പൊതുമേഖലയുടെ നവീകരണത്തിനും വിപുലീകരണത്തിനുമായി ഈ തുക ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന ആവശ്യം ഇതേ സര്‍ക്കാരാണ് പൂഴ്ത്തിവച്ചിരിക്കുന്നത്. പൊതുമേഖലയുടെ നവീകരണത്തിനാണെങ്കില്‍ ആ പണം ധാരാളംമതി. എന്നാല്‍, കൈ നനയാതെ മീന്‍പിടിക്കാനും മൂലധനതാല്‍പ്പര്യം സംരക്ഷിക്കാനുമായി പൊതുമുതല്‍ വിറ്റുതുലച്ചേ തീരൂ എന്നതാണ് യുപിഎയുടെ നയം. ആകെയുള്ള 45 കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ 49 ശതമാനം ഓഹരി വിറ്റാല്‍ 4.46 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് നിക്ഷേപ ബാങ്കായ എസ്എംസി ക്യാപിറ്റല്‍ കണക്കു കൂട്ടയിട്ടുണ്ട്. അങ്ങനെ ലഭിക്കുന്ന പണം മാത്രമല്ല; പൊതുസ്വത്ത് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുക എന്ന താല്‍പ്പര്യവും ഈ നീക്കത്തിനു പിന്നിലുണ്ട്.

വന്‍ ലാഭസാധ്യതയുള്ളതും നിലവില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങളുടെ ഓഹരികള്‍ എന്തിന് വില്‍ക്കണം എന്ന ചോദ്യത്തിന് യുക്തമായ ഉത്തരം നല്‍കാന്‍ ഇന്നുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതിസന്ധിയില്‍നിന്ന് സംരക്ഷിക്കുന്നതിനും സാധാരണക്കാരന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമുള്ള ഇടപെടലാണ് ഇടതുപക്ഷം നാലരവര്‍ഷത്തെ യുപിഎ ഭരണത്തില്‍ നടത്തിയത്. അതിന്റെ ചെലവിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്. ഇന്ന് 'പാലം കടന്നാല്‍ കൂരായണ'എന്ന മനോഭാവത്തോടെ ആരെയും വകവയ്ക്കാതെ പൊതുമുതല്‍ വില്‍ക്കാനിറങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ മുഖമാണ് ഒരിക്കല്‍കൂടി അനാവൃതമാകുന്നത്. അതിശക്തമായ ചെറുത്തുനില്‍പ്പിലൂടെ ഈ നശീകരണപ്രവര്‍ത്തനത്തെ ഇന്ത്യയിലെ ജനങ്ങള്‍ തടഞ്ഞേതീരൂ. അത്തരം പ്രതിരോധത്തിന് മുന്നിട്ടിറങ്ങുന്നതും ശബ്ദമുയര്‍ത്തുന്നതും ഇടതുപക്ഷമാണെന്നത്, തെരഞ്ഞെടുപ്പിലെ താല്‍ക്കാലിക തിരിച്ചടി ഇന്ത്യയില്‍ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തി ഒട്ടുംകുറച്ചിട്ടില്ല എന്നതിന് തെളിവാകുന്നുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 010709

1 comment:

  1. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മുന്‍തൂക്കവും തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനായതും കോണ്‍ഗ്രസിനെ രാഷ്ട്രീയ അഹന്തയുടെ പരമകാഷ്ഠയിലാണെത്തിച്ചത്. മുമ്പ് നിര്‍ത്തിവച്ച ജനദ്രോഹനയങ്ങളും തീരുമാനങ്ങളും ഒന്നൊന്നായി പുറത്തെടുക്കുന്നത് അത്തരമൊരു അഹന്തയുടെ ഫലമായാണ്. പത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ അഞ്ചുമുതല്‍ 30 ശതമാനംവരെ ഓഹരി വിറ്റ് അരലക്ഷം കോടിയിലധികം രൂപ സ്വരൂപിക്കാനുള്ള നീക്കവും അതിന്റെ ഭാഗമാണ്. ആഗോള സാമ്പത്തികപ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വന്‍തോതില്‍ പ്രതിസന്ധി ഉണ്ടാക്കാത്തത് ആഗോളവല്‍ക്കരണനടപടി പലതും നടപ്പാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ സമ്പദ്ഘടന ആഗോളവ്യവസ്ഥയുമായി പൂര്‍ണമായും ചേരാത്തതുകൊണ്ടാണെന്ന് ധനമേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കിയതാണ്. അതിനു കാരണം ഇടതുപക്ഷ കക്ഷികള്‍ എടുത്ത ശക്തമായ നിലപാടാണ്. ആഗോളവല്‍ക്കരണനയം ആരംഭിച്ച കാലംതൊട്ട് അതിലെ ജനദ്രോഹവശങ്ങള്‍ക്കെതിരെ ഇടതുപക്ഷം പോരാട്ടത്തിലായിരുന്നു. ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ധനമേഖലകളില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ ശക്തമായ പോരാട്ടം അവയെ പൂര്‍ണമായും സ്വകാര്യവല്‍ക്കരണത്തിന് വിട്ടുകൊടുക്കാന്‍ സര്‍ക്കാരിന് കഴിയാത്ത പരിതഃസ്ഥിതി ഉണ്ടാക്കി. അതോടൊപ്പംതന്നെ ഇത്തരം സ്ഥാപനങ്ങള്‍ ആഗോള മുതലാളിത്തശക്തികളുടെ കൈകളിലേക്ക് കൊടുക്കുന്നതിന് കേന്ദ്രഭരണത്തില്‍ ഇടപെടാനുള്ള അവസരം ഉപയോഗിച്ച് ഇടതുപക്ഷം ശക്തമായി പ്രതിരോധിക്കുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ കര്‍ക്കശനിലപാടിന്റെ ഫലമായി പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും നിലനിന്നു. വിദേശ വിനിമയമേഖലയില്‍ മൂലധനത്തിന്റെ സര്‍വസ്വതന്ത്രമായ ഒഴുക്ക് തടയുന്ന നിയന്ത്രണം നിലനിര്‍ത്താനും കഴിഞ്ഞു. മാത്രമല്ല, ധനമേഖലയിലെ പരിഷ്കാരങ്ങള്‍ സംബന്ധിച്ച് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ തത്വാധിഷ്ഠിതമായ എതിര്‍പ്പാണ് ആഗോള മുതലാളിത്ത പ്രതിസന്ധിയില്‍നിന്ന് ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷപ്പെടുത്താന്‍ ഇടയാക്കിയത്.

    ReplyDelete