Thursday, June 25, 2009

സിബിഐ മറന്നുവച്ച കുഴിബോംബ്

കുറ്റപത്രത്തില്‍നിന്ന് സിബിഐ നീക്കാന്‍ വിട്ടുപോയ കുഴിബോംബുകളാണ് കാര്‍ത്തികേയന് വിനയായത്. എവിടെനിന്നോ ഉണ്ടായ ഇടപെടലിന്റെ ഫലമായി കാര്‍ത്തികേയനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സിബിഐ കുറ്റപത്രത്തില്‍ തദനുസൃതമായ ഭേദഗതി വരുത്താതിരുന്നത് അനവധാനത നിമിത്തമായിരിക്കാം; അല്ലെങ്കില്‍ എപ്പോഴെങ്കിലും സത്യം കണ്ടെത്തട്ടെ എന്ന താല്‍പ്പര്യം നിമിത്തമാകാം. കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്താണ് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കെഎസ്ഇബി ഫുള്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ മൂന്നു സാധാരണ വെള്ളക്കടലാസിലാണ് ധാരണാപത്രമെഴുതിയത്. അന്നുമുതലാണ് കേസിനാസ്പദമായ ഗൂഢാലോചനയുടെ തുടക്കം. ഇത്രയും സിബിഐ കണ്ടെത്തിയ കാര്യങ്ങളാണ്. ജനകനെ കണ്ടെത്തിയതിനുശേഷം പിതൃത്വം മറ്റൊരാളില്‍ ആരോപിക്കുന്നതിലെ വൈരുധ്യം അഡ്വക്കറ്റ് ജനറല്‍ മുതല്‍ സാധാരണക്കാരന്‍വരെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന ആക്ഷേപത്തിന് ഉപോല്‍ബലകമായി പറഞ്ഞിരുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടതും ഇതുതന്നെയായിരുന്നു. കുറ്റപത്രത്തിന്റെ പ്രാഥമിക പരിശോധനയ്ക്കുശേഷം കോടതി ചോദിച്ചതും ഇതുതന്നെ. ഇതാകട്ടെ ഗവര്‍ണര്‍ നേരത്തെ ചോദിക്കേണ്ടതായ ചോദ്യമായിരുന്നു.

ലാവ്ലിന്‍ കുറ്റാരോപണത്തിലെ മുഖ്യ ഇനം ഗൂഢാലോചനയാണ്. അതിന്റെ തുടക്കം കാര്‍ത്തികേയനില്‍നിന്നാണെന്ന് കണ്ടെത്തിയ സിബിഐ അദ്ദേഹത്തെ പ്രതിയാക്കാതിരുന്നത് തെളിവില്ലാത്തതിനാല്‍ ആണത്രേ. തെളിവില്ലായിരുന്നെങ്കില്‍ കാര്‍ത്തികേയന്റെയും ഗോപാലകൃഷ്ണന്റെയും പേരുകള്‍ പ്രതികൂലമായ പരാമര്‍ശങ്ങളോടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു. സിബിഐ വെളിപ്പെടുത്തിയ കാര്യങ്ങള്‍തന്നെ കാര്‍ത്തികേയന്റെ പങ്കാളിത്തം സ്ഥാപിക്കാന്‍ മതിയായവയാണ്. ആ പങ്കാളിത്തം തന്നെയാണ് കാര്‍ത്തികേയനെതിരായ തെളിവ്. ഇനി കാര്‍ത്തികേയനെ ഒഴിവാക്കണമെങ്കില്‍ ഒന്നിലും അദ്ദേഹത്തിന് പങ്കില്ലെന്ന് സമര്‍ഥിക്കേണ്ടിവരും. സ്വന്തം കുറ്റപത്രം സിബിഐയെ വെട്ടിലാക്കിയിരിക്കുന്നു. ഒരുപക്ഷേ ഇങ്ങനെയൊരു അവസ്ഥ സിബിഐ ആഗ്രഹിച്ചിട്ടുണ്ടാകാം. കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കെ മുഖ്യമന്ത്രിയായിരുന്ന ആന്റണി ഡല്‍ഹിയിലുള്ളപ്പോള്‍ സിബിഐ അല്‍പ്പം നിസ്സഹായാവസ്ഥയിലായി എന്ന് ന്യായമായും സംശയിക്കാം. എന്നാല്‍, പഴുതടച്ച് കാര്‍ത്തികേയനെ രക്ഷപ്പെടുത്താന്‍ സിബിഐ ശ്രമിച്ചില്ല.

ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയന് അമിതമായ താല്‍പ്പര്യമുണ്ടായിരുന്നു എന്നതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് തല പരിശോധനയെന്ന പരാമര്‍ശമായിരുന്നു. വരദാചാരിയും കൂട്ടരും നടത്തിയത് കളവായ പ്രസ്താവനയായിരുന്നുവെന്ന് തെളിഞ്ഞതോടെ സിബിഐയുടെ കേസ് ദുര്‍ബലമാവുകയാണ്. വിചാരണയ്ക്കുമുന്നേ പ്രോസിക്യൂഷന്‍ ഭിത്തിയില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. വരുംദിനങ്ങളില്‍ അത് കൂടുതല്‍ വലുതാകാനാണ് സാധ്യത. കാര്‍ത്തികേയനെ പ്രതിയാക്കുന്നില്ലെങ്കില്‍ ഗൂഢാലോചനയെന്ന കുറ്റാരോപണം അടിസ്ഥാനമില്ലാതെ തകര്‍ന്നുവീഴും. കാര്‍ത്തികേയനെ പ്രതിയാക്കുകയാണെങ്കിലോ, ലാവ്ലിന്‍ ഇടപാട് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നുവെന്ന് അദ്ദേഹത്തിന് കോടതിയെ ബോധ്യപ്പെടുത്തേണ്ടിവരും.

അനിഷ്ടമുള്ളവരെ പ്രതിയാക്കാനും ഇഷ്ടമുള്ളവരെ ഒഴിവാക്കാനും സിബിഐ ഏതു മാര്‍ഗവും സ്വീകരിക്കുമെന്നതിനു തെളിവായി ലാവ്ലിനും അഭയയും ഉള്‍പ്പെടെ പല കേസും നമ്മുടെ മുന്നിലുണ്ട്. കൃത്രിമമായി തെളിവുണ്ടാക്കുന്നതിനും തെളിവുകള്‍ വികലമാക്കുന്നതിനും കണ്ടില്ലെന്നു വയ്ക്കുന്നതിനും മടിയില്ലാത്ത ഏജന്‍സിയാണത്. അതുകൊണ്ട് പ്രാഥമികഘട്ടത്തില്‍ ഉണ്ടായതുപോലെ കോടതിയുടെ സൂക്ഷ്മമായ നിരീക്ഷണവും കര്‍ശനമായ നിയന്ത്രണവും ആവശ്യമുണ്ട്. നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സിബിഐക്ക് അന്യമല്ല. ഫോണ്‍ ചോര്‍ത്തല്‍ എന്ന ഗുരുതരമായ ആരോപണം സിബിഐക്ക് എതിരെ ഉണ്ടായി. നിഷേധമുണ്ടായെങ്കിലും വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ പത്രങ്ങള്‍ ഒന്നും വിശദീകരിച്ചില്ല. സിബിഐയെ മുന്‍നിര്‍ത്തി സിപിഐ എമ്മിനെ തേജോവധം ചെയ്യാനുള്ള തിടുക്കത്തില്‍ പലരും പലതും മറന്നു. തെരഞ്ഞെടുപ്പില്‍ ലാവ്ലിന്‍ വിജയകരമായ പ്രചാരണവിഷയമാക്കിയ കോണ്‍ഗ്രസ് ഇനി അല്‍പ്പകാലം അതേക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

സെബാസ്റ്റ്യന്‍ പോള്‍

2 comments:

  1. കുറ്റപത്രത്തില്‍നിന്ന് സിബിഐ നീക്കാന്‍ വിട്ടുപോയ കുഴിബോംബുകളാണ് കാര്‍ത്തികേയന് വിനയായത്. എവിടെനിന്നോ ഉണ്ടായ ഇടപെടലിന്റെ ഫലമായി കാര്‍ത്തികേയനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സിബിഐ കുറ്റപത്രത്തില്‍ തദനുസൃതമായ ഭേദഗതി വരുത്താതിരുന്നത് അനവധാനത നിമിത്തമായിരിക്കാം; അല്ലെങ്കില്‍ എപ്പോഴെങ്കിലും സത്യം കണ്ടെത്തട്ടെ എന്ന താല്‍പ്പര്യം നിമിത്തമാകാം. കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്താണ് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കെഎസ്ഇബി ഫുള്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ മൂന്നു സാധാരണ വെള്ളക്കടലാസിലാണ് ധാരണാപത്രമെഴുതിയത്. അന്നുമുതലാണ് കേസിനാസ്പദമായ ഗൂഢാലോചനയുടെ തുടക്കം. ഇത്രയും സിബിഐ കണ്ടെത്തിയ കാര്യങ്ങളാണ്. ജനകനെ കണ്ടെത്തിയതിനുശേഷം പിതൃത്വം മറ്റൊരാളില്‍ ആരോപിക്കുന്നതിലെ വൈരുധ്യം അഡ്വക്കറ്റ് ജനറല്‍ മുതല്‍ സാധാരണക്കാരന്‍വരെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന ആക്ഷേപത്തിന് ഉപോല്‍ബലകമായി പറഞ്ഞിരുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടതും ഇതുതന്നെയായിരുന്നു. കുറ്റപത്രത്തിന്റെ പ്രാഥമിക പരിശോധനയ്ക്കുശേഷം കോടതി ചോദിച്ചതും ഇതുതന്നെ. ഇതാകട്ടെ ഗവര്‍ണര്‍ നേരത്തെ ചോദിക്കേണ്ടതായ ചോദ്യമായിരുന്നു.

    ReplyDelete
  2. ആഹ്ലാദിക്കാന്‍ വരട്ടെ, ഇതിനു പിന്നില്‍ ഒരു ഗൂഡാലോചന ഇല്ലേ എന്നു സംശയിക്കണം.
    ഗൂഡാലോചന തുടങ്ങിവച്ച കാര്‍ത്തികേയന്‍ പ്രതിയല്ലാത്തൊരു കുറ്റപത്രം പ്രദമ ദ്രിഷ്ട്യാ കളവാണ് എന്ന് വിചാരണ വേളയില്‍ ബോധ്യപ്പെടും.
    എന്നാല്‍ ഇനി കോടതിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും അന്വെഷണം നടത്തിയതാണെന്നും അതില്പോലും യാതോരു തെളിവും കിട്ടിയിട്ടില്ല എന്നും വാദിച്ച് സി.ബി.ഐ.ക്ക് രക്ഷപ്പെടാം. അതിനല്ലേ ഈ ഒത്തുകളി.

    അല്ലാതെ നമ്മുടെ കോടതികള്‍ ഇത്രക്കു പരിശുദ്ധരോ ?.

    ReplyDelete