Wednesday, July 15, 2009

മാവോയിസ്റ് ഭീകരത: ചില യാഥാര്‍ഥ്യങ്ങള്‍

ഇന്ത്യന്‍ മാവോയിസ്റുകള്‍ വിശ്വസിക്കുന്നത് ഭീകരതയുടെ രാഷ്ട്രീയത്തിലാണ്. സംഘടിതവും സ്വാഭാവികവുമായുള്ള ബഹുജന പ്രസ്ഥാനത്തിനു പകരം അവരുടെ സായുധസംഘങ്ങള്‍ നടത്തുന്ന അതിക്രമങ്ങളിലാണ് അവര്‍ വിശ്വസിക്കുന്നത്. നമ്മുടെ രാജ്യത്തെ യഥാര്‍ഥ ബഹുജനപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ സവിശേഷപ്രവണത തികച്ചും ഹാനികരമാണ്.

ഇപ്പോള്‍ മാവോയിസ്റുകള്‍ക്ക് ശക്തിയുള്ള ഭൂപ്രദേശം ഇന്ത്യന്‍ജനതയില്‍ പരമദരിദ്രരായ വിഭാഗങ്ങള്‍ അധിവസിക്കുന്നവയാണ്. ആദിവാസി ജനവിഭാഗമാണ് നമ്മുടെ രാജ്യത്തെ പ്രധാന 'തൊഴിലാളിവര്‍ഗം' എന്ന് അവകാശപ്പെടുന്നവരുണ്ടായിരിക്കാം, ആ ആദിവാസി ജനവിഭാഗത്തിലെ മഹാഭൂരിപക്ഷവും താമസിക്കുന്നത് ഈ ഭൂപ്രദേശത്താണെന്ന വസ്തുത അവര്‍ അറിഞ്ഞിരിക്കണം. മാവോയിസ്റുകളുടെ തോക്കിന്റെ നിഴലിലാണ് അവര്‍ ഇപ്പോള്‍ കഴിയുന്നത്. ശരിക്കുള്ള ഒരു ബഹുജനപ്രസ്ഥാനത്തിലും ആദിവാസികളെ ഇതേവരെ അണിനിരത്തിയിട്ടില്ല. സാമ്പത്തിക ആവശ്യങ്ങള്‍ക്കായുള്ള പ്രാഥമിക പ്രസ്ഥാനങ്ങളില്‍നിന്നുപോലും അവര്‍ ഇപ്പോഴും പ്രകാശവര്‍ഷങ്ങള്‍ക്കകലെ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്.

ഇതെല്ലാംതന്നെ ഈ രാജ്യത്തെ ഭരണവര്‍ഗത്തെയാണ് ഏറെ സന്തോഷിപ്പിക്കുന്നത്. ക്രമസമാധാന പ്രശ്നത്തിനുമുപരിയായി ഇതില്‍ നമ്മുടെ ഭരണവര്‍ഗത്തിനും മറ്റൊന്നും ഭയക്കേണ്ടതില്ല. ആദിവാസികള്‍ അധികമായി അധിവസിക്കുന്ന പ്രദേശങ്ങളിലാണ് മാവോയിസ്റുകള്‍ താവളങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന ചിന്തതന്നെ ചില ആളുകളെ ആവേശം കൊള്ളിക്കുന്നുണ്ടാകാം. എന്നാല്‍, ഇത്തരം താവളങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ആദിവാസി ജനതയോടുള്ള സഹാനുഭൂതിയൊന്നും കാണാനാകില്ലെന്ന കാര്യമാണ് ഓര്‍മിക്കേണ്ടത്. തങ്ങളുടെ നിരവധി രേഖകളില്‍ മാവോയിസ്റുകള്‍തന്നെ സംശയാതീതമായി വ്യക്തമാക്കിയിട്ടുള്ളത്, ഇത്തരം പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നതിനു പിന്നിലുള്ള കാരണം സൈനികമായ അടവുമായി ബന്ധപ്പെട്ടതാണെന്നാണ്. ദുര്‍ഗമങ്ങളായ ഉള്‍പ്രദേശങ്ങളും കാടുകളുമാകുമ്പോള്‍ ഭരണകൂടത്തിന് അവിടങ്ങളിലേക്ക് ചെന്നെത്താന്‍ എളുപ്പമാകില്ല. ഈ അപ്രാപ്യത കാരണമാണ് ഈ പ്രദേശങ്ങള്‍ അവരുടെ 'ഗറില്ലാ യുദ്ധ'ത്തിന് അനുയോജ്യമായി മാറിയത്.

അങ്ങനെ മാവോയിസ്റുകളുടെ ആകെ താല്‍പ്പര്യം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ മാത്രമാണ്. ആദിവാസികളോടും ദരിദ്രരോടുമുള്ള സ്നേഹവും സഹാനുഭൂതിയും അവരെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേയല്ല. എന്നാല്‍, അവര്‍ക്ക് ആദിവാസി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത ദാരിദ്ര്യത്തെ പ്രത്യക്ഷത്തില്‍തന്നെ ഉപയോഗപ്പെടുത്താന്‍ കഴിയും- അവര്‍ അത് ചെയ്യുന്നുമുണ്ട്; പക്ഷേ ആദിവാസികളുടെ ബോധം ഉയര്‍ത്തുന്നതിനുവേണ്ടിയല്ല അതെന്നു മാത്രം. അതിനുപകരം തങ്ങളുടെ ആജ്ഞകള്‍ക്ക് ജനങ്ങള്‍ കീഴടങ്ങാന്‍ ഈ ദാരിദ്ര്യത്തെ ഉപയോഗപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.

ആന്ധ്രപ്രദേശില്‍നിന്നോ ഛത്തീസ്‌ഗഢില്‍നിന്നോ മാവോയിസ്റ് കുഴിബോംബ് സ്ഫോടനത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുന്നിടത്തോളം അന്തരീക്ഷത്തില്‍ വീരസാഹസികതയുടേതായ ഒരു ഘടകം നിലനില്‍ക്കും. എന്നാല്‍, ഇപ്പോള്‍ എ കെ 47ന്റെ വെടിയൊച്ചകള്‍ക്കിടയില്‍ കഴിയുമ്പോള്‍ ലാല്‍ഗഢിലും ബേല്‍പഹാരിയിലും മറ്റു പ്രദേശങ്ങളിലും നിലനില്‍ക്കുന്ന കടുത്ത യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ആളുകള്‍ക്ക് നേരിട്ട് ബോധ്യമാവുകയാണ്. ബംഗാളിലെ ജംഗിള്‍മഹല്‍ പ്രദേശത്ത് 74 സിപിഐ എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അസംഖ്യം ആളുകളാണ് തങ്ങളുടെ ഗ്രാമങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടത്. അവിടെ ഭീകരവാഴ്ച സൃഷ്ടിക്കുന്നതിനായാണ് ഇതെല്ലാം ചെയ്തുകൂട്ടിയത്. പാവപ്പെട്ട ആളുകള്‍ 'വിപ്ളവകാരികളെ' ഭയപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണം ലോകത്തെവിടെയും ഉണ്ടാകില്ല.

തങ്ങളുടെ തുറന്ന ഇടനാഴി എന്ന് വിളിക്കപ്പെടുന്നിടത്ത് മാവോയിസ്റുകള്‍ എന്താണ് ചെയ്യുന്നത്? അവര്‍ ഭൂമി വിതരണം ചെയ്യുകയാണോ? ഫ്യൂഡലിസത്തെ പുറന്തള്ളുകയാണോ? കൂട്ടുകൃഷി സമ്പ്രദായം നടപ്പാക്കുകയാണോ? ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയുള്ള വികസനപരിപാടികള്‍ നടപ്പാക്കുകയാണോ? അത്തരത്തിലുള്ള കാര്യങ്ങളൊന്നും അവിടെ നടപ്പാക്കുന്നില്ല. മാവോയിസ്റുകള്‍ ഏറ്റവും ശക്തമായിട്ടുള്ള ബിഹാറിലെ പ്രദേശങ്ങള്‍ ഫ്യൂഡല്‍ പ്രഭുക്കന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശ്വാസകരമായ പ്രദേശങ്ങളാണ്. മറ്റു ചില നൿസലൈറ്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കാരണം മുമ്പ് ഈ പ്രദേശങ്ങളില്‍ ഭൂമിക്കുവേണ്ടിയുള്ള പ്രസ്ഥാനം കുറെയേറെ മുന്നേറിയിരുന്നു. ഇപ്പോള്‍ ആ മുന്നേറ്റമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. വാസ്തവത്തില്‍, മാവോയിസ്റുകളും ഫ്യൂഡല്‍ പ്രഭുക്കന്മാരും പരസ്പര ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. മാവോയിസ്റുകളുടെ അജന്‍ഡയില്‍ ഭൂമിക്കുവേണ്ടിയുള്ള പ്രസ്ഥാനത്തിന് വിദൂരമായ സ്ഥാനംപോലുമില്ല. മാവോയിസ്റുകള്‍ക്ക് ഗുണ്ടാപ്പിരിവ് കൊടുത്തുകഴിഞ്ഞാല്‍ കോൺട്രാക്ടര്‍മാര്‍ക്ക് എന്ത് കൊള്ളരുതായ്മയും കാണിക്കാവുന്ന സ്ഥിതിയാണ്. കോൺട്രാക്ടര്‍മാര്‍ക്ക് തങ്ങളുടെ ആവശ്യത്തിനായി റോഡ് നിര്‍മിക്കേണ്ട ആവശ്യംപോലും ഉണ്ടാകുന്നില്ലെന്നതാണ് അധിക നേട്ടം. ഗുണ്ടാപ്പിരിവ് കൊടുത്താല്‍മാത്രം കാര്യം നടക്കും. നിയമവിരുദ്ധ വനംമാഫിയയുമായും ഖനിമാഫിയയുമായും മാവോയിസ്റുകള്‍ ഇതേ ബന്ധമാണ് പുലര്‍ത്തുന്നത്. പരസ്പരാശ്രയത്തെ ആധാരമാക്കിയ ഈ ബന്ധത്തില്‍നിന്നുള്ള നേട്ടം എല്ലാ കക്ഷികള്‍ക്കും ലഭിക്കും.

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പുകാലത്ത് പല രാഷ്ട്രീയ പാര്‍ടികളുടെയും പണം പറ്റുന്ന ദല്ലാളുകളായാണ് മാവോയിസ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഛത്തീസ്‌ഗഢിലും ഒറീസയിലും ബാലസംഘത്തിന്റെ പേരില്‍ ദരിദ്ര ആദിവാസി കുടുംബങ്ങളിലെ കുട്ടികളെ ഇവര്‍ തട്ടിക്കൊണ്ടുപോവുകയാണ്. മാവോയിസ്റുകള്‍ ജീര്‍ണതയുടെ അന്ത്യഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇപ്പോള്‍ ഇവര്‍ അടിസ്ഥാനപരമായും മാഫിയാസംഘംമാത്രമാണ്. പശ്ചിമബംഗാളിലെ ജംഗിള്‍മഹലില്‍ മാവോയിസ്റ് അതിക്രമങ്ങള്‍ക്ക് കാരണം ആ പ്രദേശത്തെ അവികസിതാവസ്ഥയാണെന്നു പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായിരിക്കുകയാണ്. അവിടെ വികസനത്തിന്റെ അഭാവം ഉണ്ടെന്നതു ശരിതന്നെയാണ്- പ്രത്യേകിച്ചും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഉള്‍പ്രദേശങ്ങളില്‍. ചില മേഖലകളില്‍ ചില ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടും ഇപ്പോഴും ദാരിദ്ര്യം നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദശകമായി നമ്മുടെ രാജ്യത്ത് നടപ്പാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് പിന്നെയും വര്‍ധിപ്പിച്ചിരിക്കുകയാണ്. നവഉദാരവല്‍ക്കരണനയങ്ങള്‍ അതിവേഗം നടപ്പാക്കണമെന്ന് വാദിക്കുന്ന ചില ആളുകള്‍തന്നെ വികസനത്തിന്റെ അഭാവമാണ് മാവോയിസ്റുകളെ ശക്തിപ്പെടുത്തുന്നതെന്ന് ടെലിവിഷൻ ചാനലുകളില്‍ വാദിക്കുന്നുവെന്നതാണ് വിരോധാഭാസം. മാവോയിസ്റുകളാകട്ടെ, ഏതെങ്കിലും തരത്തിലുള്ള വികസനനടപടികള്‍ക്ക് എതിരുമാണ്.

മുതലാളിത്ത സമൂഹത്തില്‍, വര്‍ഗപരമായ ഘടനയ്ക്കും ഉള്ളടക്കത്തിനും ഉപരിയായി ഒരു വികസനവും ഉണ്ടാകില്ല. പക്ഷേ, സമൂഹത്തില്‍ അടിമുടി മാറ്റമുണ്ടാകുംമുമ്പ്, തൊഴിലാളിവര്‍ഗത്തിന്റെ ഉന്നമനത്തിനായി വികസനം വേണമെന്ന് ആവശ്യപ്പെടുന്നത് ഒരു കുറ്റമാണോ? എവിടെയെങ്കിലും വികസനത്തിനുള്ള അവസരമോ സാഹചര്യമോ നിലനില്‍ക്കുന്നെങ്കില്‍ അത്തരം അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതും കുറ്റമാണോ? "മാര്‍ക്സിനുമേല്‍ കിടന്നുറങ്ങുന്ന മാര്‍ക്സിസ്റുകള്‍'' എന്ന് മാവോ തന്നെ വിശേഷിപ്പിച്ചിട്ടുള്ള തലതിരിഞ്ഞ ഇടതുപക്ഷക്കാര്‍ ഇത്രമാത്രം ഒരിക്കലും തല കുമ്പിട്ടിട്ടില്ല. ഇന്ത്യന്‍ മാവോയിസ്റുകള്‍ എല്ലായിടത്തും വികസനപരിപാടികളെ എതിര്‍ക്കുകയാണ്. റയില്‍പ്പാത നിര്‍മാണത്തെയും പാലങ്ങള്‍ കെട്ടുന്നതിനെയും വൈദ്യുതപദ്ധതികള്‍ നിര്‍മിക്കുന്നതിനെയുമെല്ലാം അവര്‍ എതിര്‍ക്കുകയാണ്. ഒറീസയിലും ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലുമെല്ലാം സ്കൂളുകള്‍ അഗ്നിക്കിരയാക്കുന്നത് മാവോയിസ്റുകളുടെ ഒരു പൊതുപരിപാടിയാണ്. പശ്ചിമബംഗാളിലെ പശ്ചിമ മെദിനിപ്പുര്‍, ബാങ്കുറ, പുരുളിയ ജില്ലകളില്‍ ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനവും അനുവദിക്കാതെയാണ് മാവോയിസ്റുകള്‍ തങ്ങളുടെ സാന്നിധ്യം പ്രകടിപ്പിക്കുന്നത്. അവര്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്?

അവരുടെ 'വര്‍ഗശത്രുക്കള്‍' ആരാണെന്ന് നമുക്കൊന്നു നോക്കാം. ബംഗാളിലെ ജംഗിള്‍മഹല്‍ പ്രദേശത്ത് അവര്‍ 74 സിപിഐ എം പ്രവര്‍ത്തകരെയാണ് കൊന്നത്. അതില്‍ 50 പേരും കര്‍ഷകത്തൊഴിലാളികളോ ദരിദ്രകര്‍ഷകരോ ആണ്. നിരായുധരും ദരിദ്രരുമായ ഈ ആളുകളെയാണ് അവര്‍ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കുത്തിക്കൊല്ലുകയോ വെടിവച്ചു കൊല്ലുകയോ ചെയ്യുന്നത്. ആ സ്ഥലത്തുതന്നെ അവരുടെ ശവശരീരം അവിടെ കിടന്ന് ചീഞ്ഞഴുകുന്നതിനായി ഉപേക്ഷിക്കുകയും ചെയ്യുന്നു. അവരുടെ ശവസംസ്കാരം നടത്താന്‍പോലും കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ല. ഈ കൊടുംക്രൂരതകള്‍കൊണ്ട് മാവോയിസ്റുകള്‍ എന്ത് ആന്തരിക ആഹ്ളാദമാണ് നേടുന്നത് എന്നറിയില്ല. ദരിദ്രരായ ആദിവാസികളുടെ ജീവിതം ദയനീയമാക്കുന്നത് അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഏതെങ്കിലും വര്‍ഗതാല്‍പ്പര്യം സംരക്ഷിക്കാന്‍ പര്യാപ്തമായതുമല്ല.

ഇന്ത്യന്‍ മാവോയിസ്റുകളുടെ രാഷ്ട്രീയലക്ഷ്യവും താല്‍പ്പര്യവും സുവ്യക്തവും സ്പഷ്ടവുമാണ്. സുദീര്‍ഘവും സുസ്ഥിരവുമായ പോരാട്ടങ്ങളിലൂടെയാണ് ജംഗിള്‍മഹല്‍ പ്രദേശത്തെ മൂന്ന് ജില്ലകള്‍ സിപിഐ എമ്മിന്റെ ശക്തമായ കോട്ടകളായി മാറിയത്. ഈ കോട്ടയെ തകര്‍ക്കുന്നതിനായാണ് മാവോയിസ്റുകള്‍ തങ്ങളുടെ ആയുധബലത്തെ ആശ്രയിക്കുന്നത്. എന്നാല്‍, ഈ ആശയം മാവോയിസ്റുകളുടേതു മാത്രമല്ല. മാവോയിസ്റുകളെ മുന്നില്‍ നിര്‍ത്തി, തൃണമൂല്‍ കോഗ്രസ് ഉള്‍പ്പെടെയുള്ള മറ്റുള്ളവരാണ് തങ്ങളുടെ ഭാഗം നന്നായി കളിക്കുന്നത്.

ഇന്ത്യയില്‍ മറ്റൊരിടത്തും ഇതേവരെ മാവോയിസ്റുകള്‍ രാഷ്ട്രീയമായ ഒരു വെല്ലുവിളി നേരിട്ടിട്ടില്ല. പൊലീസുമായും ഭരണസംവിധാനവുമായും അവര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ബഹുജനപ്രസ്ഥാനം ഉയര്‍ത്തുന്ന തടസ്സത്തിന്റെയും ജനകീയ ചെറുത്തുനില്‍പ്പിന്റെയും രുചി അവര്‍ ആദ്യമായി അനുഭവിക്കുന്നത് പശ്ചിമബംഗാളിലാണ്. സ്വാഭാവികമായും ഇടതുപക്ഷത്തിനെതിരായി അവരുടെ ആക്രമണം കേന്ദ്രീകരിക്കപ്പെടും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് തിരിച്ചടി നേരിട്ടതോടെ ഓഹരിവിപണിക്ക് ഇനി ഭയക്കാനൊന്നുമില്ല. വാഷിങ്ടൺ ആനന്ദനൃത്തം ആടുകയാണ്. വന്‍കിട മാധ്യമകുത്തകകള്‍ക്ക് തങ്ങളുടെ ആഹ്ളാദം അടക്കാനാകുന്നില്ല. ഇതേ അവസരത്തില്‍തന്നെ, സിപിഐ എം കേഡര്‍മാരെ കൊല്ലുന്നതില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ താരങ്ങളായി വാഴ്ത്തപ്പെടും എന്നത് സംശയാതീതമാണ്.

***

ദേബാശിഷ് ചക്രവര്‍ത്തി

2 comments:

  1. ഇന്ത്യയില്‍ മറ്റൊരിടത്തും ഇതേവരെ മാവോയിസ്റുകള്‍ രാഷ്ട്രീയമായ ഒരു വെല്ലുവിളി നേരിട്ടിട്ടില്ല. പൊലീസുമായും ഭരണസംവിധാനവുമായും അവര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ബഹുജനപ്രസ്ഥാനം ഉയര്‍ത്തുന്ന തടസ്സത്തിന്റെയും ജനകീയ ചെറുത്തുനില്‍പ്പിന്റെയും രുചി അവര്‍ ആദ്യമായി അനുഭവിക്കുന്നത് പശ്ചിമബംഗാളിലാണ്. സ്വാഭാവികമായും ഇടതുപക്ഷത്തിനെതിരായി അവരുടെ ആക്രമണം കേന്ദ്രീകരിക്കപ്പെടും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് തിരിച്ചടി നേരിട്ടതോടെ ഓഹരിവിപണിക്ക് ഇനി ഭയക്കാനൊന്നുമില്ല. വാഷിങ്ടണ്‍ ആനന്ദനൃത്തം ആടുകയാണ്. വന്‍കിട മാധ്യമകുത്തകകള്‍ക്ക് തങ്ങളുടെ ആഹ്ളാദം അടക്കാനാകുന്നില്ല. ഇതേ അവസരത്തില്‍തന്നെ, സിപിഐ എം കേഡര്‍മാരെ കൊല്ലുന്നതില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ താരങ്ങളായി വാഴ്ത്തപ്പെടും എന്നത് സംശയാതീതമാണ്.

    ReplyDelete
  2. Sagakanmare Mayoist karu adichu paste akiyennu paranjal mathiyallo. Athinum vende chuna ulla anpilleru.

    ReplyDelete