Friday, July 17, 2009

ചൊറിയല്ലേ, പ്ളീസ്

അനര്‍ഹനായ ഒരാള്‍ക്കുള്ള, ഗൌരവസ്വഭാവം തീരെയില്ലാത്ത പ്രതികരണമാണിതെന്ന് മുന്‍കൂര്‍ ജാമ്യം! നൈരാശ്യത്തിന്റെ നിലയില്ലാക്കയത്തില്‍ പെട്ടുപോയ, മോഹഭംഗത്തിന്റെയും കൊതിക്കെറുവിന്റെയും വെള്ളംകുടിച്ച് പള്ള വീര്‍പ്പിച്ചവര്‍ക്ക് നിലവിളിക്കാനല്ലാതെ ഒന്നിനും കഴിയില്ല. അത്തരമൊരു ദയനീയ നിലവിളി അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമിയുടെ മുഖപ്രസംഗത്താളിലൂടെ നടത്തുന്നു-"വിരട്ടല്ലേ, പ്ളീസ്'' എന്ന്. പട പോരാളികളുമായാണ് വേണ്ടത്. ആയുധവും ബലവുമില്ലാതെ നിര്‍ഗുണരായി കളത്തിലിറങ്ങുന്നവരോട് യുദ്ധം ചെയ്യാന്‍ ആരും പോകില്ല എന്ന് അപ്പുക്കുട്ടന്‍ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട്, അദ്ദേഹത്തിന്റെ ആവശ്യം ഒന്നുമാത്രമാണ്-വിരട്ടരുതെന്ന്; പേടിപ്പിക്കരുതെന്ന്; കണ്ണുരുട്ടരുതെന്ന്.

രാജ്മോഹന്‍ ഉണ്ണിത്താന്റെയോ ശരത്ചന്ദ്രപ്രസാദിന്റെയോ നിലവാരം (മുണ്ടുരിയപ്പെട്ടിട്ടില്ലെങ്കിലും) അപ്പുക്കുട്ടനുണ്ടോ എന്നറിയില്ല. പക്ഷേ, അദ്ദേഹം ഇന്നു നില്‍ക്കുന്നത് ആ രണ്ടുപേരുടെയും എത്രയോ താഴെയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിലാസംപോലും നഷ്ടപ്പെട്ട ഒരു 'യഥാര്‍ഥ' പാര്‍ടിയുടെ അമരത്തുമാണെന്നത് വിസ്മരിക്കപ്പെട്ടുകൂടാ. സേവ് സിപിഎം ഫോറത്തിലൂടെ പാര്‍ടിയെ പാര്‍ടിക്കകത്തുനിന്നുകൊണ്ട് തരംതാണ നിലയില്‍ ഭര്‍ത്സിച്ച കുറ്റത്തിനാണ് അപ്പുക്കുട്ടന്‍ പാര്‍ടിക്കുപുറത്തേക്ക് വലിച്ചെറിയപ്പെട്ടത്. വി എസ് അച്യുതാനന്ദനെതിരെ അന്ന് കടുത്ത അമര്‍ഷ-അപവാദ പ്രചാരണമാണ് അപ്പുക്കുട്ടനും സംഘവും നടത്തിയിരുന്നത്. ആ ചൊരുക്ക് ഇപ്പോഴും വി എസിനോട് അപ്പുക്കുട്ടനുണ്ട് എന്നത് അദ്ദേഹത്തിന്റെ വാക്കുകളില്‍തന്നെ കാണാം. അതിങ്ങനെ:

"തന്റെ മുന്‍കൈയില്‍, ചിലപ്പോള്‍ നിര്‍ബന്ധബുദ്ധിയില്‍തന്നെ, പാര്‍ട്ടിയില്‍ പലര്‍ക്കെതിരെയും ഇതുപോലെ സംഘടനാ നടപടി എടുത്തിട്ടുണ്ട്. അതിന്റെ പേരില്‍ പാര്‍ട്ടി ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ കണ്ണു നനഞ്ഞവരുണ്ട്. കണ്ണീരിന് പകരം ചോരതന്നെ മണ്ണില്‍ വീഴ്ത്തിയവരും ഇപ്പോഴും വീഴ്ത്തുന്നവരുമുണ്ട്. അവരില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടി എന്ന കരിങ്കല്‍ക്കോട്ടക്കകത്തു നിന്ന് വേരും ബന്ധവും അസ്തിത്വവും ഇല്ലാതെ പൊടുന്നനെ ബാഷ്പീകൃതമായി അദൃശ്യരായി. നേതൃത്വത്തിന്റെ അമരം പിടിച്ചുപറ്റിയവര്‍(ഇതിന്റെ അര്‍ഥമെന്താണോ ആവോ) ഇന്നും പാര്‍ട്ടിയുടെ അടിത്തട്ടില്‍ അവസാനത്തെ ചെങ്കൊടിപ്പുതപ്പിനും ലാല്‍സലാമിനും വേണ്ടി മുഖമില്ലാത്തവരായി കഴിഞ്ഞുകൂടുന്നുണ്ട്. ഇതൊക്കെയായി ബന്ധപ്പെട്ട എന്തെങ്കിലും ചിന്താശകലങ്ങളോ മുഖക്കാഴ്ചകളോ വി എസ്സിന്റെ മനസ്സിലെ തിരയോട്ടത്തില്‍ ഈ ഘട്ടത്തില്‍ തെളിഞ്ഞോ എന്ന് വ്യക്തമല്ല.''

അപ്പോള്‍ അതാണ് സംഗതി. അപ്പുക്കുട്ടന്റെ വിരോധം വി എസിനോടാണ്. അതുതീര്‍ക്കാനുള്ള മുന്ത്യടവാണ് ഇക്കാണുന്നതൊക്കെയും.

പാര്‍ടിക്കകത്തുനിന്ന് പാര്‍ടിക്കെതിരെ അപവാദ പ്രചാരണത്തിന്റെ നായകത്വം ഏറ്റെടുക്കുകയും പാര്‍ടിവിരുദ്ധ വാറോലകള്‍ അച്ചടിച്ച് ഊരും പേരും പറയാതെ നാടാകെ വിതരണം ചെയ്യുകയും ചെയ്ത അപ്പുക്കുട്ടന്റെ കണ്ണീരും ചോരയും എന്തിന് മണ്ണില്‍ വീഴണം? ഒരു പാര്‍ടിക്കും പൊറുക്കാനാവാത്ത അത്തരം പ്രവൃത്തികള്‍ നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ മുന്‍കൈയോ നിര്‍ബന്ധബുദ്ധിയോ ഉണ്ടായാല്‍ അതെങ്ങനെ ഒരു മഹാപരാധമാകും? തൊണ്ടിയോടെ പിടിക്കപ്പെട്ട മോഷ്ടാവിന് പിടിച്ചവരോടുള്ള പക അപ്പുക്കുട്ടനിലും കാണുന്നുണ്ട്. ആ പകയാണ്, അച്ചടക്കലംഘനത്തിനുള്ള പരസ്യമായ പ്രോത്സാഹനമായും അച്ചടക്കമുള്ള പാര്‍ടി ജനങ്ങളുടേതല്ല എന്ന വിചിത്ര ന്യായവാദമായും പുറത്തുവരുന്നത്. ഒരു ഭാഗത്ത്, വി എസിനെ പാര്‍ടിവിരുദ്ധന്റെ കുപ്പായമിടീക്കണം; അടര്‍ത്തിയെടുക്കണം. മറുഭാഗത്ത്, ആ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് പാര്‍ടിയെ ആക്രമിക്കണം; തളര്‍ത്തണം. കൌശലക്കാരനായ കമ്യൂണിസ്റ്റ് വിരുദ്ധന്റെ എല്ലാ അടവുകളും പ്രയോഗിക്കുന്നുണ്ട് അപ്പുക്കുട്ടന്‍.

"പാര്‍ട്ടി ഐക്യം ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങളുടെ ചാട്ടവാറുകള്‍ സൃഷ്ടിക്കുന്നതല്ല. സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിലേയും തന്റെ മന്ത്രിസഭയിലേയും പി ബി ആനകള്‍ ഇരുവശത്തുംനിന്ന് വി.എസ്സിനെ അനുസരിപ്പിക്കുന്ന കാഴ്ചയാണ് ഇനി. ഇതു പാര്‍ട്ടിയില്‍ ഐക്യം ഉറപ്പുവരുത്തുമോ?''

അപ്പുക്കുട്ടന്റെ നിരീക്ഷണങ്ങളും സംശയങ്ങളും ഇങ്ങനെ പോകുന്നു. ഒരുകാലത്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം എന്തുകൊണ്ട് പാര്‍ടിക്ക് പുറത്തായി, എന്തിന് ഇപ്പോള്‍ ഈ വിഡ്ഢിവേഷം കെട്ടുന്നു, എന്താണ് അദ്ദേഹത്തിന്റെ യഥാര്‍ഥ ആവശ്യം എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ വാക്കുകളിലുണ്ട്. സംഘടനാ തത്വങ്ങളുടെ ലംഘനത്തിനും അച്ചടക്കലംഘനത്തിനും വി എസ് അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍നിന്ന് നീക്കംചെയ്യുന്നു എന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ പ്രസ്താവന. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നു എന്നാണ് ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കു മടങ്ങുംമുമ്പുതന്നെ വി എസ് വ്യക്തമാക്കിയത്. പാര്‍ടിയാണ് വലുത് എന്നും താന്‍ പാര്‍ടിക്ക് കീഴ്പ്പെട്ടാണ് പ്രവര്‍ത്തിക്കുക എന്നുമുമുള്ള പ്രഖ്യാപനം കൂടിയാണത്. അതായത്, ഇന്നലെവരെ അപ്പുക്കുട്ടനടക്കമുള്ളവര്‍ പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതുമായ പാര്‍ടിവിരുദ്ധ ലൈനിനോട് പൊരുത്തപ്പെടുന്നതോ നേരിയ അനുഭാവം കാണിക്കുന്നതുപോലുമോ അല്ല ആ പ്രസ്താവന.

ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളെ ചാട്ടവാറായി മനസ്സിലാക്കാനും ആ ചാട്ടവാറിന്റെ പ്രഹരം എക്കാലവും ഓര്‍ക്കാനും അപ്പുക്കുട്ടന് കഴിയും. അത് അദ്ദേഹത്തിന്റെ അനുഭവം. എന്നാല്‍, പാര്‍ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ ഉന്നതനേതാക്കള്‍ വരെയുള്ളവര്‍ക്ക് അനിവാര്യമായി പാലിക്കേണ്ട, പാലിക്കാന്‍ പ്രതിബദ്ധതയുള്ളതാണ് സംഘടനാ തത്വങ്ങളും അച്ചടക്കവും. അതു പാലിക്കുക, അല്ലെങ്കില്‍ ലംഘനത്തെക്കുറിച്ച് പാര്‍ടി ചൂണ്ടിക്കാണിക്കുമ്പോള്‍ തിരുത്തി മുന്നോട്ടുപോവുക എന്നത് ഉത്തമ കമ്യൂണിസ്റ്റിന്റെ ധര്‍മമാണ്; കര്‍മമാണ്. അപ്പുക്കുട്ടന് അത് മനസ്സിലാകാത്തത്, 'പാര്‍ട്ടി താത്പര്യവും ജനതാത്പര്യവും തമ്മിലുള്ള വൈരുധ്യമാണ് വി.എസ്.-പിണറായി പ്രശ്നമായും വിഭാഗീയതയായും' എന്ന കാപട്യപൂര്‍ണമായ നിഗമനമാണ് അദ്ദേഹത്തെ നയിക്കുന്നത് എന്നതിനാലാണ്. ജനങ്ങള്‍ വേറെ; പാര്‍ടി വേറെ എന്ന് പറഞ്ഞുറപ്പിക്കാന്‍ നിരന്തരം ശ്രമമുണ്ടാകുന്നുണ്ട്. അപ്പുക്കുട്ടന്‍ അതിന്റെ നല്ലൊരു പ്രചാരകനാണ്. "പാര്‍ട്ടിക്കകത്ത് എത്രകണ്ട് ബോധ്യപ്പെടുത്തിയാലും വി.എസ്സിനെതിരെ മാത്രമെടുത്ത നടപടി തങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടിയായേ ജനങ്ങള്‍ സ്വീകരിക്കൂ. മൂന്ന് കോടിയിലേറെ ജനങ്ങളുള്ള കേരളത്തില്‍ കേവലം മൂന്ന് ലക്ഷം അംഗങ്ങളുടെ പാര്‍ട്ടിനേതൃത്വം തങ്ങളോടു നടത്തിയ യുദ്ധപ്രഖ്യാപനമായി'' എന്ന അപ്പുക്കുട്ടന്റെ വാദം അതിന് ഒടുവിലത്തെ തെളിവ്.

ശരിയാണ്, അനേകം മാധ്യമങ്ങള്‍ ഒന്നിച്ചുനിന്ന് രാപകല്‍ അധ്വാനിച്ചതിന്റെയും അപ്പുക്കുട്ടനെപ്പോലുള്ളവര്‍ മാധ്യമങ്ങളിലൂടെ നിരന്തരം വിസര്‍ജിച്ച കാപട്യസമീപനത്തിന്റെയും ഫലമായി ചിലരെല്ലാം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത് സിപിഐ എമ്മിനുമേല്‍ നേടിയ വിജയമായി ആഘോഷിക്കപ്പെട്ടിട്ടുമുണ്ട്. പാര്‍ട്ടി അംഗത്വമെടുക്കുമ്പോള്‍ വേണ്ട പ്രതിജ്ഞയെക്കുറിച്ചേ അദ്ദേഹത്തിന് ഓര്‍മയുള്ളൂ. കമ്യൂണിസ്റ്റ് പാര്‍ടി എങ്ങനെ ജനങ്ങളുടെ നേതാവായി മാറുന്നു എന്ന ലളിതവും പ്രഥമപ്രധാനവുമായ സങ്കല്‍പ്പത്തെക്കുറിച്ച് അദ്ദേഹം അജ്ഞനാണ്. നേതാക്കള്‍ നൂലില്‍ കെട്ടിയിറക്കപ്പെട്ടവരാണെന്ന് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ (ദേശാഭിമാനിയിലെത്തിയപ്പോള്‍ മാത്രം പാര്‍ടിയിലെത്തുകയും അതിന്റെ തുടര്‍ച്ചയായി സംസ്ഥാനകമ്മിറ്റിയിലെത്തുകയുംചെയ്ത അനുഭവം) അദ്ദേഹം ധരിച്ചുവശാവുകയാണ്. "പിണറായിയാണ് പാര്‍ട്ടി, പാര്‍ട്ടി സെക്രട്ടറിയാണ് മുതലാളി എന്ന പുതിയ നയപ്രഖ്യാപന'' മായാണ് കേന്ദ്രകമ്മിറ്റി തീരുമാനത്തെ അപ്പുക്കുട്ടന്‍ അവതരിപ്പിക്കുന്നത്. സിപിഐ എമ്മിനെതിരെ ശത്രുക്കള്‍ കെട്ടിപ്പൊക്കിയ 'ലാവ്ലിന്‍ കേസ്' പൊലിപ്പിക്കാന്‍ നല്ല സംഭാവന നല്‍കിയ ആളാണിദ്ദേഹം. അങ്ങനെയൊരു കേസ് കൊണ്ടുവന്നാല്‍, അതില്‍ പേരുചേര്‍ക്കപ്പെട്ട നേതാവിനെ പാര്‍ടി പടിയടച്ച് പിണ്ഡംവയ്ക്കുമെന്ന് സ്വപ്നംകണ്ടവരില്‍ ഒരാളുമാണ്. ആ സ്വപ്നം നടക്കാഞ്ഞപ്പോള്‍; കള്ളക്കേസിനെ ശക്തിയുക്തം നേരിടുമെന്ന് പാര്‍ടി പ്രഖ്യാപിച്ചപ്പോള്‍, പുതിയ സിദ്ധാന്തം അവതരിപ്പിക്കുന്നു! ഇവിടെ അപ്പുക്കുട്ടന്റേത് രാമലീലയല്ല, കൃത്യമായ സൃഗാല ലീലയാണ്.

ചാനലുകളില്‍നിന്ന് ചാനലുകളിലേക്ക് ഓടിയും സ്വന്തമായി പാര്‍ടിയുണ്ടാക്കിയും മാതൃഭൂമിയിലൂടെയും സിപിഐ എമ്മിന്റെ കാര്യങ്ങളില്‍ വെപ്രാളപ്പെടുന്ന അപ്പുക്കുട്ടന് കാണേണ്ടത്, സിപിഐ എം ഇല്ലാതാകുന്നതുമാത്രമാണ്. അതിനായി പാര്‍ടിയും ജനങ്ങളും വേറെ, വി എസും പാര്‍ടിയും വേറെ, പാര്‍ടി എന്നാല്‍ പിണറായി എന്നെല്ലാമുള്ള വാചകക്കസര്‍ത്തുമായി വരികയാണ്. സിപിഐ എമ്മിന്റെ മൂന്നുലക്ഷം അംഗങ്ങളുമായി ജനങ്ങള്‍ക്ക് വൈരുധ്യമുണ്ടെന്ന് പറയാനേ അപ്പുക്കുട്ടന് കഴിയുന്നുള്ളൂ. മൂന്നുലക്ഷം പാര്‍ടി അംഗങ്ങള്‍മാത്രം വോട്ടുചെയ്തതുകൊണ്ടാണോ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 42 ശതമാനം വോട്ടുനേടിയത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരു തെരഞ്ഞെടുപ്പിലെ തിരിച്ചടി എക്കാലത്തേക്കുമുള്ള തകര്‍ച്ചയായി പറഞ്ഞുറപ്പിക്കാനാണ് ശ്രമം. അങ്ങനെയെങ്കില്‍ 1977ലെ സമ്പൂര്‍ണ തോല്‍വി മറികടന്ന് പാര്‍ടി ഇന്നത്തെ നിലയില്‍ എത്തുമായിരുന്നോ എന്ന ചോദ്യവും അപ്പുക്കുട്ടന്‍ കേള്‍ക്കില്ല. തന്റെ തന്നെ പാര്‍ടിക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരംകൂടി അദ്ദേഹം സൈദ്ധാന്തികമായി പറയണം. ജനങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന വക്കീലായി അംഗീകരിക്കപ്പെടാനുള്ള മിനിമം യോഗ്യതയെങ്കിലും തെളിയിക്കപ്പെടണ്ടേ? ചെന്നിത്തലയുടെ വക്കാലത്താണ് തന്റേതെന്ന യാഥാര്‍ഥ്യം ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയണ്ടേ? കഷ്ടം! വിരട്ടരുതേ പ്ളീസ് എന്നു കെഞ്ചാനുള്ള കരുത്തെങ്കിലും അദ്ദേഹത്തില്‍ ശേഷിക്കണേ എന്നാശംസിക്കുന്നു. തല്‍ക്കാലം തന്റെ തന്നെ മുഖാവരണം നശിപ്പിക്കുന്ന ഈ ചൊറിച്ചില്‍ അവസാനിപ്പിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു!

നിരൂപകന്‍ ദേശാഭിമാനി 17 ജൂലൈ 2009

3 comments:

  1. അനര്‍ഹനായ ഒരാള്‍ക്കുള്ള, ഗൌരവസ്വഭാവം തീരെയില്ലാത്ത പ്രതികരണമാണിതെന്ന് മുന്‍കൂര്‍ ജാമ്യം! നൈരാശ്യത്തിന്റെ നിലയില്ലാക്കയത്തില്‍ പെട്ടുപോയ, മോഹഭംഗത്തിന്റെയും കൊതിക്കെറുവിന്റെയും വെള്ളംകുടിച്ച് പള്ള വീര്‍പ്പിച്ചവര്‍ക്ക് നിലവിളിക്കാനല്ലാതെ ഒന്നിനും കഴിയില്ല. അത്തരമൊരു ദയനീയ നിലവിളി അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമിയുടെ മുഖപ്രസംഗത്താളിലൂടെ നടത്തുന്നു-"വിരട്ടല്ലേ, പ്ളീസ്'' എന്ന്. പട പോരാളികളുമായാണ് വേണ്ടത്. ആയുധവും ബലവുമില്ലാതെ നിര്‍ഗുണരായി കളത്തിലിറങ്ങുന്നവരോട് യുദ്ധം ചെയ്യാന്‍ ആരും പോകില്ല എന്ന് അപ്പുക്കുട്ടന്‍ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട്, അദ്ദേഹത്തിന്റെ ആവശ്യം ഒന്നുമാത്രമാണ്-വിരട്ടരുതെന്ന്; പേടിപ്പിക്കരുതെന്ന്; കണ്ണുരുട്ടരുതെന്ന്.

    ReplyDelete
  2. very very good post iniyu ithupolullath orupadu eyuthuka

    ReplyDelete
  3. അച്ചടക്ക ലംഘനത്തിനു സ്വന്തം പാർട്ടിയിൽ നിന്നു പുറത്തായ “വീരേന്ദ്രന്റെ” പത്രത്തിലിരുന്ന് സി.പി.എമ്മിന്റെ ഉപദേശിയ്ക്കുന്ന അപ്പുക്കുട്ടൻ , അതിലല്പം സ്വന്തം മുതലാളിയ്ക് കൊടുത്തിരുന്നെങ്കിൽ !!!!!( അപ്പോൾ അറിയാം കാര്യം !)

    ReplyDelete