Sunday, July 26, 2009

വലതുപക്ഷ ഏജന്റിന്റെ സംശയരോഗം അവസാന ഭാഗം

ആദ്യ ഭാഗം

ചോദ്യങ്ങള്‍ സാങ്കല്‍പ്പികം

മൂന്ന്:

ഗ്ളോബല്‍ ടെന്‍ഡര്‍ വയ്ക്കാതെ ലാവ്ലിനുമായി ധാരണപത്രം ഒപ്പിട്ടതാണ് ഈ കരാറില്‍ നഷ്ടം വരാന്‍ കാരണമായതെന്നാണ് നീലകണ്ഠനും ഇതുമായി ബന്ധപ്പെട്ട് എല്ലാവരും ഇത്രയുംകാലം പറഞ്ഞുനടന്നത്. യുഡിഎഫ് സര്‍ക്കാരാണ് ലാവ്ലിനുമായി ധാരണപത്രം ഒപ്പിട്ടതെന്ന് സിബിഐപോലും അസന്ദിഗ്ധമായി പ്രഖ്യാപിച്ച അവസരത്തിലാണ് അതിന്റെ കള്ളി പൂര്‍ണമായി പൊളിഞ്ഞത്. ഇപ്പോള്‍ പറയുന്നത് കനഡയില്‍ ടെന്‍ഡര്‍ വയ്ക്കാമായിരുന്നില്ലേ എന്നാണ്. ലാവ്ലിനുമായി കരാര്‍ ഉണ്ടാക്കി സാധനസാമഗ്രികള്‍ ലാവ്ലിന്‍ വാങ്ങി സപ്ളൈ ചെയ്യണമെന്ന് യുഡിഎഫ് കാലത്ത് കരാറുണ്ടാക്കിയാല്‍ പിന്നീട് എന്തു ടെന്‍ഡറാണ് വിളിക്കേണ്ടത്. സാധനസാമഗ്രികള്‍ വാങ്ങിക്കാന്‍ വേണ്ടിവരുന്ന സമയം ലാഭിക്കാന്‍ കനഡയില്‍ ലിമിറ്റഡ് ടെന്‍ഡര്‍ വിളിക്കാന്‍ ലാവ്ലിന് അനുവാദം കൊടുത്തത് സിബിഐ കുറ്റവിമുക്തനാക്കിയ രാജഗോപാല്‍ കെഎസ്ഇബി ചെയര്‍മാനായ കാലത്താണ്. കരാര്‍ പൂര്‍ത്തീകരിക്കേണ്ടതിലേക്കായും സമയം ലാഭിക്കുന്നതിനുവേണ്ടിയും കെഎസ്ഇബി നടപ്പാക്കിയ ഇത്തരം കാര്യങ്ങള്‍ക്ക് രാഷ്ട്രീയനേതൃത്വത്തിന് എന്ത് ഉത്തരവാദിത്തവും ബാധ്യതയുമാണ് നീലകണ്ഠന്‍ കല്‍പ്പിക്കുന്നത്? "ഇടനിലക്കാരനെ'' ചുമതലപ്പെടുത്തിയ ആന്റണി സര്‍ക്കാരും കാര്‍ത്തികേയനും ചെയ്യാത്ത എന്തു കുറ്റമാണ് പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കരാര്‍ ബാധ്യതകളുടെ പേരില്‍ ചെയ്തതെന്നും നീലകണ്ഠന്‍ നിഷ്പക്ഷമായി വിലയിരുത്തേണ്ടതായിരുന്നു. ഒരേ നടപടിക്രമം പാലിക്കപ്പെട്ട പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണപദ്ധതികളില്‍ അസ്വാഭാവികത കണ്ടെത്തിയ യുഡിഎഫ് അവര്‍തന്നെ പൂര്‍ത്തീകരിച്ച കുറ്റ്യാടിപദ്ധതിയില്‍ അസ്വാഭാവികത കാണാതെ പോയതു സംബന്ധിച്ച വിമര്‍ശം ഇപ്പോഴല്ല മുമ്പും സിപിഐ എം ഉന്നയിച്ചിരുന്നു. അതുതന്നെയാണ് ഈ കേസ് രാഷ്ട്രീയമായി കെട്ടിപ്പൊക്കിയതാണെന്ന് സ്ഥാപിക്കുന്നതിനുള്ള വലിയ കാരണവും.

നാല്:

മാറ്റിസ്ഥാപിക്കേണ്ട മുഴുവന്‍ യന്ത്രസാമഗ്രികളും 1996 ഫെബ്രുവരി 24ലെ കരാറില്‍ വിശദമായി ചേര്‍ത്തിരുന്നു. ഇതിന്റെ 1995ല്‍ നിലവിലുള്ള വിലയും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, 1997 ഫെബ്രുവരി 10ന് അനുബന്ധ കരാര്‍ ഒപ്പിടുമ്പോള്‍ ഈ വിലയില്‍ വര്‍ധനയില്ലാതെ (ലാവ്ലിന്റെ റിസ്കില്‍) സപ്ളൈ നടത്തണമെന്നാണ് കെഎസ്ഇബി തീരുമാനിച്ചത്. ഇത് ബോര്‍ഡ് രേഖകള്‍ (സിബിഐ സമര്‍പ്പിച്ചത്) പരിശോധിച്ചാല്‍ വ്യക്തമാകും. യന്ത്രസാമഗ്രികള്‍ സപ്ളൈചെയ്തത് 2000നു ശേഷമാണ് എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ 1995ലെ നിലവാരപ്രകാരം വില വര്‍ധനയില്ലാതെ സാധനങ്ങള്‍ സപ്ളൈചെയ്യാന്‍ കെഎസ്ഇബിയെ പ്രേരിപ്പിച്ച ഘടകം നീലകണ്ഠനു ബോധ്യപ്പെടാന്‍ പ്രയാസമാകും. വിശേഷബുദ്ധിയുള്ളവര്‍ക്ക് പ്രയാസമില്ല. എന്‍എച്ച്പിസി റിപ്പോര്‍ട്ടില്‍ യന്ത്രസാമഗ്രികളുടെ വിലനിലവാരം അന്താരാഷ്ട്രവിലകളുമായി പൊരുത്തപ്പെടാവുന്നതാണെന്നാണ് പറഞ്ഞത്. സുബൈദാ കമ്മിറ്റിയാകട്ടെ ഈ നവീകരണകരാറുകളിലെയും താരതമ്യംചെയ്ത മറ്റു കരാറുകളിലെയും പ്രവൃത്തികളുടെ സ്വഭാവം തികച്ചും വ്യത്യസ്തമായതിനാല്‍ (നേര്യമംഗലം, ശബരിഗിരി) അവ തമ്മില്‍ പ്രായോഗികമായ താരതമ്യം ശരിയാകില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഇക്കാര്യം ആരും പൂഴ്ത്തിവച്ചിട്ടില്ല.

അഞ്ച്:

നീലകണ്ഠന്‍തന്നെ പറയുന്നുണ്ട്. 'ലാവലിന്‍ ഇട്ട വിലയനുസരിച്ച് നല്‍കേണ്ട നിരവധി സാമഗ്രികള്‍ (ട്രാന്‍സ്ഫോര്‍മര്‍, സ്വിച്ച്ഗിയര്‍, കേബിള്‍മുതലായവ) ഇന്ത്യയില്‍നിന്ന് ബോര്‍ഡ് നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചതിന്റെ വിലക്കുറവല്ലേ ഉണ്ടായത്?' എന്ന്. പലിശക്കാര്യത്തില്‍ ജി കാര്‍ത്തികേയന്‍ നിയമസഭയില്‍ പറഞ്ഞത് ഇങ്ങനെ: 'എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കനേഡിയന്‍ ഹൈകമീഷണര്‍ കേരളത്തില്‍ വന്നിരുന്നു. അതിനുശേഷമാണ് എസ്എന്‍സി ലാവ്ലിനുമായി ധാരണപത്രം ഒപ്പിട്ടത്. അന്നത്തെ വ്യവസ്ഥപ്രകാരം ധാരണപത്രം ഒപ്പിട്ടാല്‍ സാമ്പത്തികപാക്കേജായാണ് നടപ്പാക്കേണ്ടത്. കസള്‍ട്ടന്റായി നിയമിക്കപ്പെട്ട ലാവ്ലിന് ഉപകരണ വിതരണക്കരാര്‍ നല്‍കേണ്ടിവരും.'' വിവിധ തലങ്ങളില്‍ നടന്ന പഠനത്തിനും ചര്‍ച്ചയ്ക്കുംശേഷമാണ് തീരുമാനമെടുത്തതെന്നും അന്ന് കാര്‍ത്തികേയന്‍ വ്യക്തമാക്കി. കുറ്റ്യാടി വിപുലീകരണപദ്ധതിക്ക് ലാവ്ലിനുമായി ഒപ്പിട്ട ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഉപകരണ വിതരണക്കരാര്‍ നല്‍കിയത്. കാര്‍ത്തികേയന്റെ കാലത്ത് കരാറുകളും അതിന്മേല്‍ എല്‍ഡിഎഫ് കാലത്ത് വരുത്തിയ വ്യത്യാസവും പരിഗണിച്ചാല്‍ 30 കോടിയിലധികം രൂപയുടെ കുറവ് ലാവ്ലിനുമായി ബന്ധപ്പെട്ട കരാറുകളില്‍ വരുത്തിയിട്ടുണ്ടെന്നു വ്യക്തമാകും. 181 കോടി രൂപയുടെ കരാര്‍ 149 കോടി രൂപയുടെ കരാറായി ചുരുങ്ങിയത് എല്‍ഡിഎഫ് വരുത്തിയ കുറവല്ലെന്ന് നീലകണ്ഠന് പറയാമോ. ലാവ്ലിന് കസള്‍ട്ടന്‍സി ഫീസായി 17 കോടി രൂപ നല്‍കിയത് അനാവശ്യമല്ലേ എന്നു ചോദിക്കുന്ന നീലകണ്ഠന്‍ 24 കോടി രൂപ കസള്‍ട്ടന്‍സി ഫീസ് കൊടുക്കാന്‍ യുഡിഎഫ് എടുത്ത തീരുമാനത്തെ ന്യായീകരിക്കുന്നുണ്ടോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. (ഇക്കാര്യത്തിലെല്ലാം യുഡിഎഫ് ശരിയും എല്‍ഡിഎഫും തെറ്റും എന്നാണല്ലോ അദ്ദേഹത്തിന്റെ കണ്ടെത്തല്‍- പഴയ കോണ്‍ഗ്രസുകാരന്റെ കൂറ്!). വിദേശ വായ്പയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ വായ്പ ലഭ്യമാക്കുമെന്നതാണ് മറ്റൊരു കണ്ടെത്തല്‍. വായ്പയുടെ പലിശയും മറ്റു ചെലവുകളും കണക്കിലെടുക്കുമ്പോള്‍ വിദേശ വായ്പയേക്കാള്‍ ഒട്ടുംതന്നെ പി എഫ്സി വായ്പ ലാഭകരമാകുന്നില്ലെന്നതാണ് വസ്തുത. കൂടാതെ, സിബിഐതന്നെ ഹാജരാക്കിയ പിഎഫ്സിയുടെ അക്കാലത്തെ വായ്പാ നിബന്ധനകള്‍പ്രകാരം വായ്പാ കാലപരിധിക്കകത്ത് കെഎസ്ഇബി ഒരു നഷ്ടവും കൂടാതെ പ്രവര്‍ത്തിക്കണമെന്നും നഷ്ടമുണ്ടായാല്‍ അത് സംസ്ഥാനസര്‍ക്കാര്‍ സബ്സിഡി കൊടുത്ത് നികത്തണമെന്നും പറയുന്നു. അക്കാലത്തെ കെഎസ്ഇബിയുടെ വാര്‍ഷിക നഷ്ടം ഈ പദ്ധതിക്ക് ചെലവിടുന്ന തുകയേക്കാള്‍ ഉയര്‍ന്നതാണെന്ന വസ്തുത നീലകണ്ഠന്‍ മനസ്സിലാക്കിക്കാണില്ല. പദ്ധതിച്ചെലവിനുപോലും പണമില്ലാതെ വിഷമിക്കുന്ന കെഎസ്ഇബിക്ക് അക്കാലത്ത് നഷ്ടംകൂടാതെ പ്രവര്‍ത്തിക്കണമെന്ന നിബന്ധന പാലിച്ച് പിഎഫ്സി വായ്പ എടുക്കാന്‍ ആകുമായിരുന്നോ. ഇഡിസി വായ്പയില്‍ സാമ്രാജ്യത്വ അജന്‍ഡ കടന്നുവരുന്ന ഏതെങ്കിലും കാണാച്ചരടുകള്‍ നീലകണ്ഠന്‍ ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയണം.

ആറ്:

സിപിഐ എം കേന്ദ്ര കമ്മിറ്റി രേഖയില്‍ ബാലാനന്ദന്‍ കമ്മിറ്റി സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു. രേഖ ദയവായി ദേശാഭിമാനിയില്‍ വായിക്കുക.

ഏഴ്:

ഇത് ഉല്‍പ്പാദനശേഷി കൂട്ടാനുള്ള പദ്ധതി ആയിരുന്നില്ലെന്നും ശേഷി കൂട്ടിയാലും ലഭ്യമായ വെള്ളത്തിനനുസരിച്ചേ വൈദ്യുതോല്‍പ്പാദനം നടത്താനാകൂ എന്നും പണ്ഡിതന് അറിയില്ലേ? റെനവേഷന്‍ ആന്‍ഡ് മോഡെണൈസേഷന്‍ എന്ന് ഇംഗ്ളീഷില്‍ പറഞ്ഞാല്‍ അതിനര്‍ഥം നവീകരണവും ആധുനികവല്‍ക്കരണവുമാണ് എന്ന് മനസ്സിലാകാഞ്ഞിട്ടോ അങ്ങനെ ഭാവിച്ചിട്ടോ സംശയം? മുഴുവന്‍ യന്ത്രസാമഗ്രികളും മാറ്റാതെ അറ്റകുറ്റപ്പണി നടത്തിയാല്‍ മതി എന്ന വിചിത്രവാദക്കാര്‍ ഇപ്പോള്‍ ലാവ്ലിന്‍ പന്നിയാറിലെ പെന്‍സ്റോക്കുകൂടി മാറ്റേണ്ടതായിരുന്നു എന്ന അഭിപ്രായത്തില്‍ എത്തിയിരിക്കുന്നു. ഈ മൂന്നു പദ്ധതിയിലെയും ഇനിയും മാറ്റിസ്ഥാപിക്കേണ്ടവയുടെ ലിസ്റ് നീലകണ്ഠന്‍ ഉടന്‍ മാതൃഭൂമിയിലൂടെ ലഭ്യമാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏല്‍പ്പിക്കാത്ത പണി ലാവലിന്‍ ചെയ്തില്ലെന്ന് വിലപിക്കുന്നതും ഉല്‍പ്പാദനശേഷി വര്‍ധിക്കുമെന്ന് ആരും പറയാത്ത കാര്യത്തിനുള്ള പ്രതികരണവും എവിടെയാണ് നീലകണ്ഠന്റെ ബുദ്ധിയെ കൊണ്ടെത്തിക്കുന്നത്?

എട്ട്:

മന്ത്രിസഭയില്‍ ഒരു ഫയല്‍ ചെല്ലുമ്പോള്‍ 3000 പേജും ചുമന്നല്ല, പ്രസക്തമായ കാര്യങ്ങള്‍ കുറിപ്പാക്കിയാണ് കൊണ്ടുപോവുക എന്നും അനുബന്ധമായി എല്ലാ വശങ്ങളും പരിശോധിക്കാനുള്ള സംവിധാനമുണ്ടാകും എന്നും നീലകണ്ഠന് അറിവുണ്ടാകില്ല. മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ടത് ആ മന്ത്രിസഭയിലുണ്ടായിരുന്നവരാണ്. അന്ന് ധനമന്ത്രിയായിരുന്ന ശിവദാസമേനോന്‍ പറയുന്നു, എല്ലാ വശങ്ങളും പരിശോധിച്ചാണ് മന്ത്രിസഭ തീരുമാനിച്ചതെന്ന്. (ശിവദാസമേനോന്‍ ഒരിക്കലും ഈ കരാറിനെ എതിര്‍ത്തിട്ടില്ല. മറിച്ചുള്ള നീലകണ്ഠന്റെ പരാമര്‍ശം പച്ചക്കള്ളമാണ്). സിബിഐ രേഖപ്പെടുത്തിയ മൊഴികളനുസരിച്ചാണ് നീലകണ്ഠന്‍ നിഗമനങ്ങളിലെത്തുന്നതെങ്കില്‍ അദ്ദേഹത്തിന്റെ പേര് ടി പി നന്ദകുമാര്‍ എന്നാക്കാവുന്നതാണ്. വരദാചാരിയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയതാണല്ലോ.

ഒമ്പത്:

പിണറായി എന്നല്ല ആരെങ്കിലും പണം വാങ്ങിതായി തെളിവില്ല; അത്തരമൊന്നും സിബിഐയോ വിജിലന്‍സോ കണ്ടെത്തിയിട്ടുമില്ല.

സാങ്കല്‍പ്പികചോദ്യങ്ങളിലൂടെ നീലകണ്ഠന്‍ ചെയ്യുന്നതാണ് തെറ്റിദ്ധരിപ്പിക്കല്‍. കാര്‍ത്തികേയനില്‍ തുടങ്ങി കടവൂരില്‍ അവസാനിച്ച കരാര്‍ നടത്തിപ്പില്‍ കേവലം രണ്ടുവര്‍ഷവും അഞ്ചുമാസവും (1996 മെയ്മുതല്‍ 1998 ഒക്ടോബര്‍വരെ) മന്ത്രിയായിരുന്ന പിണറായി വിജയന്‍മാത്രം കുറ്റക്കാരനെന്ന് കള്ളം പറഞ്ഞും വ്യാജ ആരോപണങ്ങളിലൂടെയും സമര്‍ഥിക്കാന്‍ നീലകണ്ഠന്‍ പെടാപ്പാടുപെടുന്നതുതന്നെ പിണറായി കമ്യൂണിസ്റ് പാര്‍ടിയുടെ സമുന്നത നേതാവായതുകൊണ്ടാണ്. പാമോലിന്‍, ബ്രഹ്മപുരം അടക്കമുള്ള അഴിമതിക്കേസുകളുമായി ഇതിനെ താരതമ്യം ചെയ്യേണ്ടത് പിണറായി വിജയന്റെ രക്തം കൊതിക്കുന്നവരുടെ ആവശ്യം. പക്ഷേ, യാഥാര്‍ഥ്യങ്ങള്‍ അത്രപെട്ടെന്ന് മാച്ചുകളയാനാകില്ലല്ലോ. ഇല്ലാത്ത ഫയലില്‍ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി നോട്ടെഴുതി എന്ന് ആരോപണമുന്നയിച്ച് അര്‍മാദിക്കുകയും ആ പെരുങ്കള്ളം വ്യാജമൊഴികളിലൂടെ സിബിഐ കുറ്റപത്രത്തില്‍ സ്ഥാപിക്കുകയും ചെയ്തത് ഈ കേസ് എങ്ങനെ സൃഷ്ടിച്ചതാണെന്ന് പരിഹാസ്യമാംവിധം തെളിയിച്ചിരിക്കെ അതേക്കുറിച്ച് മൌനിയാകുന്ന നീലകണ്ഠന്‍ സങ്കല്‍പ്പലോകത്തിലൂടെതന്നെ സഞ്ചരിക്കട്ടെ. പിണറായിയും പാര്‍ടിയും ജനാധിപത്യരീതിയിലല്ലാതെ എങ്ങനെയാണ് ഈ കേസില്‍ പ്രതികരിച്ചത്? യുഡിഎഫും കോണ്‍ഗ്രസും രാഷ്ട്രീയ ദുഷ്ടലാക്കോടെ പിണറായിയെ പ്രതിചേര്‍ക്കാന്‍ നീങ്ങിയപ്പോള്‍ അത് രാഷ്ട്രീയക്കളിയാണെന്ന് ജനങ്ങളോട് തുറന്നുപറയുന്നത് എങ്ങനെയാണ് ജനാധിപത്യവിരുദ്ധ മാര്‍ഗമാവുക? പാര്‍ടി സംഘടന ഉപയോഗിച്ച് ഈ കേസില്‍ ആരെയാണ് ശിക്ഷിച്ചത്? അതെങ്ങനെ ഇത്ര തിട്ടമായി നീലകണ്ഠന് പറയാനാകുന്നു? വി എസ് അച്യുതാനന്ദനെ പിബിയില്‍നിന്ന് ഒഴിവാക്കിയതാണ് ഉദ്ദേശിക്കുന്നതെങ്കില്‍, അത് പാര്‍ടി സംഘടനാ തത്വങ്ങളും അച്ചടക്കവും ലംഘിച്ചതിനാണ്. മന്ത്രിയായിരിക്കെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഒരാള്‍ചെയ്ത കാര്യങ്ങള്‍ക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും അതിനാണ് പ്രോസിക്യൂഷന്‍ അനുമതി അടക്കമുള്ള നിബന്ധനകളുള്ളതെന്നും നീലകണ്ഠന്‍ മനസ്സിലാക്കാത്തത് മറ്റുള്ളവരുടെ കുറ്റമാകുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചത് മേല്‍പറഞ്ഞ നിയമപരിരക്ഷയ്ക്ക് പിണറായി അര്‍ഹനാണെന്നുള്ളതുകൊണ്ടുതന്നെയാണ്. അത് നിയമവിധേയമാണ്.

പൊക്രാനും കരാറും

പത്ത്:

പൊക്രാന്‍ സ്ഫോടനത്തെത്തുടര്‍ന്നാണ് കരാറിനു പകരം എംഒയു വച്ചതെന്ന് നാളിതുവരെ ആരും പറഞ്ഞിട്ടില്ല. എംഒയു ഒപ്പിട്ടത് 98 ഏപ്രില്‍ 25നും പൊക്രാന്‍ സ്ഫോടനം നടന്നത് അതിനുശേഷം 98 മെയ് 11-13നുമാണ്. എംഒയുവിനു പകരം കരാര്‍ ഒപ്പിടുന്നതിന് കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് സഹായധനം ലഭ്യമാക്കുന്നതു സംബന്ധിച്ച ധാരണകള്‍ ഉറപ്പിച്ചശേഷമേ സാധ്യമാകൂ എന്നാണ് ലാവ്ലിന്‍ പറഞ്ഞിരുന്നത്. എന്നാല്‍, 2000 മെയ് മാസത്തിനകം ഇത് സാധിക്കാതെ വന്നത് രാഷ്ട്രീയ സാഹചര്യങ്ങളാലാണ് (പൊക്രാന്‍ സ്ഫോടനത്തെത്തുടര്‍ന്നുളവായ) എന്നാണ് അവര്‍ അറിയിച്ചത്. പൊക്രാന്‍ സ്ഫോടനത്തെത്തുടര്‍ന്ന് ഇന്ത്യ നേരിട്ട ഉപരോധവും 'ബാലിശ'മാണെന്ന് നീലകണ്ഠന്‍ പറയാത്തത് ഭാഗ്യം. ധാരണപത്രം ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് പലവട്ടം പുതുക്കുകയാണുണ്ടായത്. പിന്നെങ്ങനെ ഓരോവട്ടവും പുതുക്കാന്‍ വരുമ്പോള്‍ വെള്ളം ചേര്‍ത്തിരുന്നെന്ന് ശര്‍മ പറയും? സമനിലതെറ്റിയോ നീലകണ്ഠന്? ലാവ്ലിന്‍ സമര്‍പ്പിച്ച കരടുകരാറിലെ ചില വ്യവസ്ഥകളെ സംബന്ധിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് എസ് ശര്‍മ ചെയ്തത്. സര്‍ക്കാര്‍നിലപാടിനനുസരിച്ച് കരാര്‍ ഭേദഗതിചെയ്ത് ഒപ്പിടണമെന്നുതന്നെയാണ് ശര്‍മയും ആവശ്യപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശിച്ച ഭേദഗതി ലാവ്ലിന്‍ സ്വീകരിച്ചിട്ടും യുഡിഎഫ് സര്‍ക്കാര്‍ കരാറൊപ്പിട്ടില്ല എന്നതാണ് കാതലായ പ്രശ്നം. യഥാര്‍ഥത്തില്‍ കരാറില്‍ വെള്ളംചേര്‍ക്കലല്ല സംഭവിച്ചത്; അട്ടിമറിയാണ്. അത് ചെയ്തത് കടവൂര്‍ ശിവദാസനും. നീലകണ്ഠന്റെ കണ്ണ് ആ ഭാഗത്തേക്ക് പോകുന്നതേയില്ല.

പന്ത്രണ്ടുകോടി ചെലവാക്കി, ഇനി ഒരു പൈസയും തരാനില്ല എന്നാണ് നീലകണ്ഠന്റെ മറ്റൊരുവാദം. ചെലവാക്കിയ 12 കോടിയിലധികം ലാവ്ലിന്‍ സമാഹരിച്ചിട്ടുണ്ടോ എന്നും എങ്കില്‍ അത് എവിടെ പോയി എന്നറിയാനുമാണ് ആര്യാടന്‍ കത്തയച്ച് ചോദിച്ചത്. 12 കോടിയിലധികം ഒന്നുംതന്നെ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഹൈകമീഷണര്‍ വ്യക്തമാക്കിയത്. ആര്യാടന്റെ കത്തും ഹൈകമീഷന്റെ മറുപടിയും ചേര്‍ത്തുവച്ച് ഒരിക്കല്‍കൂടി വായിച്ചാല്‍ കാര്യം മനസ്സിലാകും. ധാരണപത്രം കരാറാക്കാനുള്ള ശ്രമം എല്‍ഡിഎഫ് കാലത്ത് തുടര്‍ച്ചയായി നടന്നെന്നും യുഡിഎഫ് വന്നപ്പോള്‍പ്പോലും ധാരണപത്രം നിലവിലുണ്ടായിരുന്നെന്നും ആന്റണിസര്‍ക്കാര്‍ ഒരുതവണ അത് പുതുക്കുകയും ബ്ളഡ് ബാങ്ക് പണിയാനുള്ള പണം ആ സമയത്ത് ലാവ്ലിന്‍ ചെലവാക്കുകയും ചെയ്തെന്നും കരാര്‍ ഒപ്പിടാന്‍ പലകുറി ലാവ്ലിന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് കടവൂര്‍ ശിവദാസന്‍ ഏകപക്ഷീയമായാണ് ധാരണപത്രം പുതുക്കാതിരുന്നതെന്നുമുള്ള വസ്തുതകള്‍ എന്തേ നീലകണ്ഠന്‍ മറച്ചുപിടിക്കുന്നു?

പലതവണ ഉത്തരംകിട്ടിയ ചോദ്യങ്ങള്‍ വീണ്ടും ഉന്നയിക്കുന്നത് ആരെ വിഡ്ഢിയാക്കാനാണ്?

ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ലാവ്ലിന്‍ തയ്യാറാകുന്നത് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ കരാര്‍ അവര്‍ക്കു നല്‍കിയതിനുള്ള പ്രതിഫലമായിട്ടല്ല. അങ്ങനെയായിരുന്നെങ്കില്‍ എംസിസി സംബന്ധിച്ച വ്യവസ്ഥകള്‍ 96 ഫെബ്രുവരി 24ലെ നിര്‍വഹണകരാറില്‍ത്തന്നെ കാര്‍ത്തികേയന്‍ ചേര്‍ക്കുമായിരുന്നു. എന്നാല്‍, പദ്ധതിക്കുള്ള വായ്പ എടുക്കുന്ന സമയത്താണ് കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ക്യാന്‍സര്‍സെന്ററിനുള്ള പണം സമാഹരിച്ച് ആശുപത്രി സ്ഥാപിക്കാമെന്ന് ലാവ്ലിന്‍ സമ്മതിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം എംഒയു ഒപ്പിട്ടത്.

പതിനൊന്ന്:

നീലകണ്ഠന്‍ ആദ്യം മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട രേഖകള്‍ വായിക്കണം. പിന്നെ, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍ വായിക്കണം. താങ്കള്‍ പറയുന്നതുപോലെ ടെക്നിക്കാലിയ വന്ന വഴി സംശയകരമാണെങ്കില്‍ സിബിഐയോട് ചോദിക്കണം- എന്തേ നിങ്ങള്‍ ടെക്നിക്കാലിയയെ പ്രതിചേര്‍ത്തില്ല എന്ന്. ടെക്നിക്കാലിയയുടെ ഇടപെടലിലോ ചെയ്ത ജോലിയിലോ സിബിഐ കേസ് കണ്ടെത്തിയിട്ടില്ല. ധനസഹായം സമാഹരിച്ച് സര്‍ക്കാരിനോ ബോര്‍ഡിനോ പണമായി നല്‍കാമെന്ന് ചര്‍ച്ചകളില്‍ ലാവ്ലിനോ കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികളോ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? വിദേശസംഭാവന സ്വീകരിച്ച മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടുകളും രേഖകളും ഇന്ത്യാഗവമെന്റിന്റെ ആഭ്യന്തരമന്ത്രാലയം പരിശോധിക്കുകയുണ്ടായി. 13 കോടി രൂപയോളം വരുന്ന വിദേശസംഭാവനയില്‍ ഒരുവിധ ദുരുപയോഗമോ പണാപഹരണമോ പരിശോധനയില്‍ കാണുകയുണ്ടായില്ലെന്ന് ആഭ്യന്തരമന്ത്രാലയം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുണ്ട്. 2001 ഏപ്രില്‍ 26ന്റെ മന്ത്രാലയത്തിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെക്നിക്കാലിയയുടെ അക്കൌണ്ടില്‍ ഒരുകോടിയില്‍ താഴെയേ വന്നിട്ടുള്ളൂ എന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ലാവ്ലിന്‍ നേരിട്ട് പദ്ധതി നിര്‍വഹിക്കുകയായിരുന്നുവെന്നതിന് കൂടുതലെന്ത് തെളിവുവേണം? ആശുപത്രി അവിടെയുണ്ടെന്നതിനും അത് ഈ പറഞ്ഞത്രയും തുക ചെലവാക്കിയാല്‍മാത്രമേ ഉയര്‍ന്നുവരുമായിരുന്നുള്ളൂ എന്നതിനും തെളിവുവേണമെന്ന് നീലകണ്ഠന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ചിത്രം പൂര്‍ണമായേനെ. എവിടെ കാണാച്ചരട്?

പന്ത്രണ്ട്:

ഗ്രാന്റ് തുക പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്ന് സിപിഐ എം പറയുന്നത് പദ്ധതിനിര്‍വഹണം ലാവ്ലിനെ യുഡിഎഫ് ഏല്‍പ്പിച്ച കാലത്ത് ഒപ്പിട്ട എംഒയു, നിര്‍വഹണകരാര്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. ലാവ്ലിന് കരാര്‍ കൊടുക്കാനുള്ള തീരുമാനമെടുത്ത യുഡിഎഫ് സര്‍ക്കാര്‍കാലത്ത് ആ പദ്ധതിയുടെ ചെലവ് ഇത്തരമൊരു ഗ്രാന്റുകൂടി ചേര്‍ത്താണെന്ന് കാണിക്കുന്ന ഏതെങ്കിലും രേഖ നീലകണ്ഠന്റെ കൈവശമുണ്ടോ? അതിനെല്ലാംശേഷം വിലയുടെ സ്വീകാര്യത എന്‍എച്ച്പിസിയെക്കൊണ്ട് പരിശോധിപ്പിച്ചത് പിണറായി വിജയന്‍ മന്ത്രിയായകാലത്താണെന്ന വസ്തുത നിഷേധിക്കാനാകുമോ? 2001നു ശേഷം വന്ന യുഡിഎഫ് സര്‍ക്കാര്‍ ആശുപത്രികരാര്‍ ഒപ്പുവച്ച് മുഴുവന്‍ സഹായവും നേടിയെടുത്തിരുന്നെങ്കില്‍ എന്‍എച്ച്പിസി റിപ്പോര്‍ട്ട് നീലകണ്ഠന്‍ സ്വീകരിക്കുമായിരുന്നോ? എങ്കില്‍ കരാര്‍ ഒപ്പിടാതെ, ധാരണപത്രം കാലഹരണപ്പെടുത്തി ആശുപത്രിക്കുള്ള സഹായം നഷ്ടപ്പെടുത്തിയതുമാത്രമല്ലേ ഈ പദ്ധതിനിര്‍വഹണത്തിലെ ഏക പോരായ്മയായി വിലയിരുത്തപ്പെടേണ്ടത്? ഇനി നീലകണ്ഠന്‍ ആരുടെ തടി രക്ഷപ്പെടുത്താന്‍വേണ്ടിയാണ് ഈ ആരോപണമുന്നയിക്കുന്നതെന്ന് സ്വയംവിമര്‍ശപരമായി ചിന്തിക്കുമല്ലോ.

പതിമൂന്ന്:

സര്‍ക്കാര്‍ കരാറുകളില്‍ ടെന്‍ഡര്‍വഴി സുതാര്യത ഉറപ്പുവരുത്തി നടപ്പാക്കണമെന്നും സാമ്രാജ്യചരടുകളുള്ള വായ്പകള്‍ കരുതലോടെ മാത്രമേ സ്വീകരിക്കാവൂ എന്നതുമാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിതനയം. പിണറായി മന്ത്രിയായ രണ്ടരവര്‍ഷവും അതിനുശേഷവും ടെന്‍ഡറില്ലാതെ, സുതാര്യതയില്ലാതെ, സാമ്രാജ്യചരടുകളുള്ള ഒരു വായ്പയും എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി വാങ്ങുകയോ വാങ്ങാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. കേരളത്തിലെ പദ്ധതികളെല്ലാം ലാവ്ലിന് നല്‍കാമെന്ന് സമ്മതിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്നും എല്‍ഡിഎഫ് അത് അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും കാര്‍ത്തികേയന്റെ കാലത്തെ എംഒയു വായിച്ചാല്‍ നീലകണ്ഠന് മനസ്സിലാകും. പദ്ധതിനിര്‍വഹണവും വായ്പാ തിരിച്ചടവും പൂര്‍ത്തിയായല്ലോ. ഇപ്പോള്‍ കെഎസ്ഇബി അങ്ങനെതന്നെ നില്‍ക്കുകയല്ലേ. ഒരു ചരടും അതിനെ വരിഞ്ഞുമുറുക്കിയതായി കാണുന്നില്ലല്ലോ. മനോവിഭ്രാന്തിപൂണ്ട് എഡിബി വായ്പ, ഗൂഢാലോചന, കണ്ണൂര്‍ എന്‍റോ എന്നെല്ലാം പുലമ്പി ചോദ്യപരമ്പര അവസാനിപ്പിച്ചത് ദൌര്‍ഭാഗ്യകരമായി. അതിനെല്ലാം വല്ലവരും നീണ്ടുനിവര്‍ന്ന് ഉത്തരം പറഞ്ഞാല്‍ നീലകണ്ഠന്റെ മറ്റു പല കേസും പൊളിയും.

സിപിഐ എം സംസ്ഥാനസര്‍ക്കാരില്‍ പങ്കാളിത്തം വഹിക്കുമ്പോള്‍ ജനകീയ ജനാധിപത്യ സര്‍ക്കാരിന്റെ പരിപാടിയാണ് നടപ്പാക്കുക എന്ന് നീലകണ്ഠന് എങ്ങനെ വിവരം കിട്ടി എന്നറിയില്ല. നിലവിലുള്ള നിയമത്തിന്റെയും ചട്ടങ്ങളുടെയും ആവശ്യകതയുടെയും പരിധിക്കത്തുനിന്നുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കുന്നത്. അതില്‍ പാര്‍ടിവിരുദ്ധമായ ഒരു കാര്യവും നടന്നിട്ടില്ലെന്നാണ് പാര്‍ടിയുടെ പരമോന്നത സമിതി പരിശോധിച്ച് വ്യക്തമായ നിഗമനത്തിലെത്തിയത്.

"പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ടോ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടോ ഒരു അഴിമതിയിലും പിണറായി വിജയന്‍ ഉള്‍പ്പെട്ടിട്ടില്ല''

എന്നാണ് കേന്ദ്ര കമ്മിറ്റി സംശയത്തിന് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളെ കേസ് പഠിപ്പിക്കാന്‍ സ്വയം പ്രഖ്യാപിത വാധ്യാരായി ഡല്‍ഹിക്ക് വിമാനം കയറിയ നീലകണ്ഠന്റെ ആഗ്രഹമല്ല കേന്ദ്ര കമ്മിറ്റി തീരുമാനമെന്നര്‍ഥം. പാര്‍ടിയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഒന്ന് ഇളക്കിയെങ്കിലും നോക്കാനുള്ള സാഹസമാണ് മാതൃഭൂമിയിലൂടെ നീലകണ്ഠന്‍ നടത്തുന്നത്.

ശ്രീ പി. എം മനോജ് . ശ്രീ മനോജിന്റെ പോസ്റ്റ് ഇവിടെ

ദേശാഭിമാനി ദിനപ്പത്രത്തില്‍ 2009 ജൂലൈ 25,26 തീയതികളില്‍ പ്രസിദ്ധീകരിച്ചത്.

ലാവലിന്‍ വിഷയത്തില്‍ ജാഗ്രതയിലെ എല്ലാ പോസ്റ്റുകളും ലാവലിന്‍ എന്ന ലേബല്‍ ക്ലിക്കിയാല്‍ വായിക്കാം

1 comment:

  1. "പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ടോ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടോ ഒരു അഴിമതിയിലും പിണറായി വിജയന്‍ ഉള്‍പ്പെട്ടിട്ടില്ല''

    എന്നാണ് കേന്ദ്ര കമ്മിറ്റി സംശയത്തിന് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളെ കേസ് പഠിപ്പിക്കാന്‍ സ്വയം പ്രഖ്യാപിത വാധ്യാരായി ഡല്‍ഹിക്ക് വിമാനം കയറിയ നീലകണ്ഠന്റെ ആഗ്രഹമല്ല കേന്ദ്ര കമ്മിറ്റി തീരുമാനമെന്നര്‍ഥം. പാര്‍ടിയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഒന്ന് ഇളക്കിയെങ്കിലും നോക്കാനുള്ള സാഹസമാണ് മാതൃഭൂമിയിലൂടെ നീലകണ്ഠന്‍ നടത്തുന്നത്.

    ReplyDelete