Thursday, August 20, 2009

ഒക്ടോബര്‍ 2ന് മനുഷ്യച്ചങ്ങല

കാര്‍ഷികകേരളത്തെയും അനുബന്ധമേഖലകളെയും തകര്‍ക്കുന്ന ആസിയന്‍ കരാറിനും കേന്ദ്രനയങ്ങള്‍ക്കും എതിരെ ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. കേരളത്തിലെ മൂന്നുകോടി ജനങ്ങളുടെ ജീവിതം തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. കേരളത്തെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളും മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കണമെന്ന് സംസ്ഥാനകമ്മിറ്റി അഭ്യര്‍ഥിച്ചു. ആസിയന്‍ കരാര്‍ ദേശവ്യാപകമായും കേരളത്തിന് പ്രത്യേകമായും വരുത്തുന്ന ദോഷങ്ങള്‍ സംസ്ഥാനകമ്മിറ്റി വിലയിരുത്തി. മനുഷ്യച്ചങ്ങലയില്‍ മുഴുവന്‍ ജനവിഭാഗങ്ങളെയും അണിനിരത്താനും അതിനായി വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. നാണ്യവിളകളില്‍ ഊന്നിനില്‍ക്കുന്ന കേരളത്തിന്റെ കാര്‍ഷികമേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതാണ് ആസിയന്‍ കരാര്‍. കരാര്‍ പ്രാബല്യത്തിലാവുന്നതോടെ ആസിയന്‍ രാജ്യങ്ങളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ നിര്‍ബാധം ഇങ്ങോട്ട് ഒഴുകും. കേരളത്തിലേതിനു സമാനമായ ഉല്‍പ്പന്നങ്ങള്‍ ആസിയന്‍ രാജ്യങ്ങളിലും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ ഉയര്‍ന്ന ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉള്ളതിനാല്‍ നമ്മുടെ കമ്പോളം ഇവര്‍ക്ക് കീഴ്പ്പെടും. മാത്രമല്ല, ഈ രാജ്യങ്ങള്‍വഴി വികസിത മുതലാളിത്തരാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളും കടന്നുവരുമെന്ന് സംസ്ഥാനകമ്മിറ്റി ചൂണ്ടിക്കാട്ടി.

കേരളത്തിലെ മുഖ്യ ഉല്‍പ്പന്നങ്ങളായ നാളികേരം, റബര്‍, കുരുമുളക്, കാപ്പി, തേയില തുടങ്ങിയ നാണ്യവിളകളുടെ ഭാവി പ്രതിസന്ധിയിലാകും. കേരളതീരങ്ങളില്‍ ലഭിക്കുന്ന മത്സ്യങ്ങള്‍തന്നെയാണ് ആസിയന്‍ രാജ്യങ്ങളിലും. ഇവ നമ്മുടെ കമ്പോളത്തിലേക്ക് കടന്നുവരുന്നതോടെ മത്സ്യമേഖല വറുതിയിലാകും. കൈത്തറി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളും പ്രതിസന്ധിയിലാകും. ആസിയന്‍ കരാര്‍ സമ്പദ്ഘടനയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കേരളം ആശങ്ക അറിയിച്ചതാണ്. കേരളവുമായി ചര്‍ച്ചചെയ്ത ശേഷമേ കരാര്‍ ഒപ്പിടൂവെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കാതെയാണ് ധൃതിപിടിച്ച് കരാര്‍ ഒപ്പിട്ടത്. കരാറിന്റെ വിശദാംശം പുറത്തുവിടാതിരുന്നത് കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധതയ്ക്ക് ഉദാഹരണമാണ്. ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കി സാധനങ്ങളും സേവനങ്ങളും നിക്ഷേപങ്ങളും സ്വതന്ത്രമായി പ്രവഹിക്കുന്ന ഈ കരാര്‍ ആഗോളവല്‍ക്കരണ സമീപനം മുന്നോട്ടുവയ്ക്കുന്നതു തന്നെയാണ്. ഗള്‍ഫ് കുടിയേറ്റവും നാണ്യവിളകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിയുമാണ് നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമാക്കി നിര്‍ത്തുന്നത്. എന്നാല്‍, ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ കയറ്റുമതിയെയും പ്രവാസിമേഖലയെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആസിയന്‍ കരാറിലൂടെ സ്ഥിതി കൂടുതല്‍ വഷളാവുമെന്ന് സംസ്ഥാനകമ്മിറ്റി മുന്നറിയിപ്പുനല്‍കി.

1 comment:

  1. കാര്‍ഷികകേരളത്തെയും അനുബന്ധമേഖലകളെയും തകര്‍ക്കുന്ന ആസിയന്‍ കരാറിനും കേന്ദ്രനയങ്ങള്‍ക്കും എതിരെ ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. കേരളത്തിലെ മൂന്നുകോടി ജനങ്ങളുടെ ജീവിതം തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. കേരളത്തെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളും മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കണമെന്ന് സംസ്ഥാനകമ്മിറ്റി അഭ്യര്‍ഥിച്ചു. ആസിയന്‍ കരാര്‍ ദേശവ്യാപകമായും കേരളത്തിന് പ്രത്യേകമായും വരുത്തുന്ന ദോഷങ്ങള്‍ സംസ്ഥാനകമ്മിറ്റി വിലയിരുത്തി. മനുഷ്യച്ചങ്ങലയില്‍ മുഴുവന്‍ ജനവിഭാഗങ്ങളെയും അണിനിരത്താനും അതിനായി വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. നാണ്യവിളകളില്‍ ഊന്നിനില്‍ക്കുന്ന കേരളത്തിന്റെ കാര്‍ഷികമേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതാണ് ആസിയന്‍ കരാര്‍. കരാര്‍ പ്രാബല്യത്തിലാവുന്നതോടെ ആസിയന്‍ രാജ്യങ്ങളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ നിര്‍ബാധം ഇങ്ങോട്ട് ഒഴുകും. കേരളത്തിലേതിനു സമാനമായ ഉല്‍പ്പന്നങ്ങള്‍ ആസിയന്‍ രാജ്യങ്ങളിലും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ ഉയര്‍ന്ന ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉള്ളതിനാല്‍ നമ്മുടെ കമ്പോളം ഇവര്‍ക്ക് കീഴ്പ്പെടും. മാത്രമല്ല, ഈ രാജ്യങ്ങള്‍വഴി വികസിത മുതലാളിത്തരാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളും കടന്നുവരുമെന്ന് സംസ്ഥാനകമ്മിറ്റി ചൂണ്ടിക്കാട്ടി.

    ReplyDelete