Thursday, August 6, 2009

പരാക്രമം സ്ത്രീകളോട്

പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അസമമായ തൊഴില്‍വിഭജനം ഇല്ലാതാക്കാനുള്ള ഉപാധി ഉല്‍പ്പാദന ശക്തികളുടെ വികാസത്തിലൂടെ ഒരുപരിധിവരെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും മുതലാളിത്ത വ്യവസ്ഥയിലെ ആന്തരിക ഘടകങ്ങളും വൈരുധ്യങ്ങളും അതിനെ പുറകോട്ട് വലിച്ചുകൊണ്ടിരിക്കും. സ്ത്രീകള്‍ക്ക് തുല്യവേതനം ഉറപ്പാക്കുന്ന കമീഷന്‍ റിപ്പോര്‍ട്ട് 1977മുതല്‍ അമേരിക്കയില്‍ പൊടിപിടിച്ച് കിടപ്പാണ്. ആഗോളവല്‍ക്കരണത്തിന്റെയും നവലിബറല്‍ നയങ്ങളുടെയും ഫലമായി തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് വര്‍ധിക്കുകയും അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. സ്ത്രീകളെ വേലയ്ക്ക് വയ്ക്കുന്ന പരമ്പരാഗത വ്യവസായങ്ങള്‍ പ്രതിസന്ധിയെ നേരിടുന്നു. അതുമൂലം സ്ത്രീ തൊഴിലാളികള്‍ക്ക് പണി നഷ്ടപ്പെടുന്നു. വന്‍തോതില്‍ സ്ത്രീകളെ തൊഴിലെടുപ്പിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലകളിലുംമറ്റും മിനിമംകൂലിയിലും കുറഞ്ഞ കൂലിയാണ് കൊടുക്കുന്നത്. സ്ത്രീകള്‍ കരാര്‍ജോലിയും ഒറ്റപ്പെട്ട ജോലിയും ചെയ്യാന്‍ വര്‍ധിച്ച തോതില്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇതിന്റെ സ്വാഭാവിക ഫലമാണ് കുറഞ്ഞ കൂലി, സേവന അരക്ഷിതത്വം, ലൈംഗിക പീഡനത്തിനുള്ള വര്‍ധിച്ച സാധ്യത ഉള്‍പ്പെടെ മോശപ്പെട്ട തൊഴില്‍ പരിതഃസ്ഥിതി എന്നിവ. സ്ത്രീകള്‍ക്ക് തുല്യ അവകാശവും സവിശേഷ പരിഗണനയും എന്നത് പരിഷ്കൃത സമൂഹത്തിന്റെ സുപ്രധാനമായ ഉപാധിയാണ്. പ്രസവാവധി ദീര്‍ഘിപ്പിക്കലടക്കമുള്ള ആവശ്യങ്ങളുണ്ടാകുന്നതും അംഗീകരിക്കപ്പെടുന്നതും ആ പശ്ചാത്തലത്തിലാണ്.

അത്ഭുതകരമെന്നു പറയട്ടെ, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിങ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ഇതൊന്നും കണ്ടമട്ടില്ല. ഗര്‍ഭധാരണം നിയമനത്തിനു തടസ്സമാണെന്നും പ്രസവം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷമുള്ള വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയശേഷമേ നിയമനം നല്‍കൂ എന്നുമാണ് സ്റ്റേറ്റ് ബാങ്കിന്റെ തീട്ടൂരം. ഗര്‍ഭധാരണം നടന്ന് ഒരുമാസത്തിനകം ഒരു സ്ത്രീ നിയമനത്തിന് അര്‍ഹയാവുകയാണെങ്കില്‍, ഒരു കൊല്ലത്തിനുശേഷമേ അവര്‍ക്ക് ജോലിക്ക് ഹാജരാകാന്‍ പറ്റൂ എന്നര്‍ഥം. അതായത്, സ്ത്രീയായി പിറന്നതിന്റെ പേരില്‍, അമ്മയാകുന്നതിന്റെ പേരില്‍ അവര്‍ ഒരുവര്‍ഷം നിയമനത്തില്‍നിന്ന് പുറത്തുനിര്‍ത്തുന്ന ശിക്ഷ അനുഭവിക്കണമെന്ന്! പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും സ്ത്രീകളുടെ അവകാശമാണ്. അത് ആരെങ്കിലും നല്‍കുന്ന ഔദാര്യമല്ല. സ്റ്റേറ്റ് ബാങ്കിന്റെ തീരുമാനം ഇന്ത്യന്‍ ഭരണഘടനയോടും സമൂഹത്തിന്റെ അന്തസ്സിനോടുതന്നെയുമുള്ള വെല്ലുവിളിയാണ്. ഇത്തരമൊരു നീക്കത്തിന് മുന്‍കൈയെടുത്തവരും അതുമായി സഹകരിച്ചവരും കുറ്റവാളികളുടെ ഗണത്തിലാണ് പെടുന്നത്. അടിയന്തരമായും ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും പിന്‍വലിച്ച് നിയനത്തില്‍ സ്ത്രീകളോടുള്ള വിവേചനം പരിപൂര്‍ണമായി അവസാനിപ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് അധികൃതര്‍ തയ്യാറാകണം. പറ്റിയ തെറ്റിന് മാപ്പുപറയുകയും വേണം.

ദേശാഭിമാനി മുഖപ്രസംഗം 060809

സ്റ്റേറ്റ് ബാങ്ക് പുതിയതായി 11000 ക്ലര്‍ക്കുമാരെ നിയമിക്കുവാന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ബാങ്ക് അധികൃതര്‍ വൈദ്യപരിശോധന നടത്തുന്ന ഡോക്ടര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശരേഖയിലാണ് ഗര്‍ഭിണികള്‍ക്കെതിരെയുള്ള ഈ വിവേചനപരമായ നിര്‍ദ്ദേശം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ നിര്‍ദ്ദേശം അവരുടെ അസോസിയേറ്റ് ബാങ്കുകള്‍ക്കും ബാധകമാണ്. ഒറ്റയടിക്ക് 11000 പേരെ നിയമിക്കുന്നത് 1978നു ശേഷം ആദ്യമായാണ്. ഏതാണ്ട് 2.5 ലക്ഷത്തോളം ഒഴിവുകള്‍ ഇരിയ്കെയാണ് ഇപ്പോള്‍ ചെറിയ തോതിലുള്ള നിയമനങ്ങള്‍ക്ക് ബാങ്കുകള്‍ തയ്യാറാകുന്നത്. ഗര്‍ഭിണികള്‍ക്കെതിരെയുള്ള വിവേചനത്തെ സംബന്ധിച്ച വാര്‍ത്തയോട് പ്രതികരിക്കുവാന്‍ ബാങ്ക് അധികൃതര്‍ വിസമ്മതിച്ചു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്ത ഇവിടെ

ഗര്‍ഭിണികളോട് വിവേചനം പ്രധാനമന്ത്രി ഇടപെടണം

ഗര്‍ഭിണികള്‍ക്ക് ബാങ്കില്‍ ജോലിയില്ലെന്ന സ്റേറ്റ് ബാങ്ക് തീരുമാനം റദ്ദാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പരിഷ്കൃതസമൂഹത്തിന് അപമാനകരമായ സ്ത്രീവിരുദ്ധ തീരുമാനം പിന്‍വലിപ്പിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും ഉടന്‍ ഇടപെടണം. എസ്ബിഐയില്‍ പതിനൊന്നായിരത്തില്‍പ്പരം ക്ളര്‍ക്കുമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് രാജ്യത്തെ ലജ്ജിപ്പിക്കുന്ന, സംസ്കാരശൂന്യമായ ഈ മാര്‍ഗനിര്‍ദേശം.

6 comments:

  1. ഗര്‍ഭധാരണം നിയമനത്തിനു തടസ്സമാണെന്നും പ്രസവം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷമുള്ള വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയശേഷമേ നിയമനം നല്‍കൂ എന്നുമാണ് സ്റ്റേറ്റ് ബാങ്കിന്റെ തീട്ടൂരം. ഗര്‍ഭധാരണം നടന്ന് ഒരുമാസത്തിനകം ഒരു സ്ത്രീ നിയമനത്തിന് അര്‍ഹയാവുകയാണെങ്കില്‍, ഒരു കൊല്ലത്തിനുശേഷമേ അവര്‍ക്ക് ജോലിക്ക് ഹാജരാകാന്‍ പറ്റൂ എന്നര്‍ഥം. അതായത്, സ്ത്രീയായി പിറന്നതിന്റെ പേരില്‍, അമ്മയാകുന്നതിന്റെ പേരില്‍ അവര്‍ ഒരുവര്‍ഷം നിയമനത്തില്‍നിന്ന് പുറത്തുനിര്‍ത്തുന്ന ശിക്ഷ അനുഭവിക്കണമെന്ന്! പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും സ്ത്രീകളുടെ അവകാശമാണ്. അത് ആരെങ്കിലും നല്‍കുന്ന ഔദാര്യമല്ല. സ്റ്റേറ്റ് ബാങ്കിന്റെ തീരുമാനം ഇന്ത്യന്‍ ഭരണഘടനയോടും സമൂഹത്തിന്റെ അന്തസ്സിനോടുതന്നെയുമുള്ള വെല്ലുവിളിയാണ്. ഇത്തരമൊരു നീക്കത്തിന് മുന്‍കൈയെടുത്തവരും അതുമായി സഹകരിച്ചവരും കുറ്റവാളികളുടെ ഗണത്തിലാണ് പെടുന്നത്. അടിയന്തരമായും ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും പിന്‍വലിച്ച് നിയനത്തില്‍ സ്ത്രീകളോടുള്ള വിവേചനം പരിപൂര്‍ണമായി അവസാനിപ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് അധികൃതര്‍ തയ്യാറാകണം. പറ്റിയ തെറ്റിന് മാപ്പുപറയുകയും വേണം.

    ReplyDelete
  2. I guess there are some facilities are misused by many.. this may be one of them. there are some people really need helping hand with this rule, but majority are misusing it.

    when you start a firm will you recruit a pregnant woman? I doubt? forget about pregnant woman, how LDF MLA seat dedicated for womans?

    ReplyDelete
  3. സ്ത്രീകളോടുള്ള എസ്ബിഐ വിവേചനം നിര്‍ത്തണം: പി കരുണാകരന്‍

    ന്യൂഡല്‍ഹി: നിയമന കാര്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ത്രീകളോട് കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് പി കരുണാകരന്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. പതിനൊന്നായിരത്തോളം ജീവനക്കാരെ നിയമിക്കാനാണ് രാജ്യവ്യാപകമായി ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തുന്നത്. നിയമനത്തിനുള്ള ഉപാധികളില്‍ ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ സമീപനമാണ് ബാങ്ക് സ്വീകരിച്ചത്. നിയമനത്തിനുമുമ്പ് വൈദ്യപരിശോധന നടത്താന്‍ നിര്‍ദേശിക്കുന്ന ബാങ്ക്, ഉദ്യോഗാര്‍ഥി ഗര്‍ഭിണിയാണെങ്കില്‍ നിയമനം തടഞ്ഞുവയ്ക്കും. പ്രസവം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയൂ. ഇതുമൂലം സര്‍വീസ്- പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നു. സ്വകാര്യ ബാങ്കുകളിലോ മറ്റ് പൊതുമേഖലാ ബാങ്കുകളിലോ നടപ്പാക്കാത്ത നടപടികളാണിവ. സ്ത്രീകള്‍ക്കെതിരായ വിവേചനം മാത്രമല്ലിത്. ഭരണഘടന അനുശാസിക്കുന്ന മൌലികാവകാശങ്ങളുടെ ലംഘനംകൂടിയാണ്. എസ്ബിഐയിലും അസോസിയേറ്റ് ബാങ്കുകളിലും നടപ്പാക്കുന്ന ഇത്തരം പ്രതിലോമ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ശൂന്യവേളയില്‍ കരുണാകരന്‍ ആവശ്യപ്പെട്ടു.

    ReplyDelete
  4. പ്രിയ മുക്കുവന്‍,

    ലീവ് കിട്ടുവാന്‍ വേണ്ടി ചുമ്മാ ഗര്‍ഭം ധരിച്ച് മിസ് യൂസ് ചെയ്യും എന്നാണോ?

    ഭരണഘടനയും നിയമങ്ങളും സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ള അവകാശത്തെയാണ് താങ്കള്‍ ചോദ്യം ചെയ്യുന്നതെന്ന് മാത്രം ഓര്‍മിപ്പിക്കുന്നു.

    ReplyDelete
  5. കഴിഞ്ഞ സാമ്പത്തികവര്‍ഷം സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാനത്ത് നടത്തിയ ആയിരത്തോളം നിയമനത്തില്‍ ഇരുപതോളം ഗര്‍ഭിണികളെ മാറ്റിനിര്‍ത്തി. വിലക്കു കാലാവധി അവസാനിക്കാത്തതിനാല്‍ ഇവരില്‍ പലര്‍ക്കും ഇനിയും നിയമനം ലഭിച്ചിട്ടില്ല. രാജ്യത്താകെ, 30,231 ക്ളര്‍ക്കുമാരുടെ റിക്രൂട്ട്മെന്റ് കഴിഞ്ഞ സാമ്പത്തികവര്‍ഷം എസ്ബിഐ നടത്തിയതില്‍ 25,735 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. 3472 ഓഫീസര്‍മാരുടെ ഒഴിവിലേക്ക് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തിയെങ്കിലും നികത്തിയത് 3286 തസ്തിക. ഗര്‍ഭാവസ്ഥയിലാണെന്ന കാരണത്താല്‍ രണ്ടു തസ്തികയിലുമായി അറുനൂറോളം നിയമനം മരവിപ്പിച്ചതായി അറിയുന്നു. അസോസിയേറ്റ് ബാങ്കുകളിലെ നിയമനംകൂടി കണക്കാക്കിയാല്‍ എണ്ണം ഇനിയും ഏറും. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പുറമെ, അസോസിയേറ്റ് ബാങ്കുകളായ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍, സ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയാണ് ഗര്‍ഭിണികളുടെ നിയനം മരവിപ്പിക്കുന്നത്. ഇതര പൊതുമേഖലാ ബാങ്കുകളൊന്നും സ്റേറ്റ് ബാങ്കിന്റെ പാത പിന്തുടരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എട്ടുമാസംവരെ ഗര്‍ഭമുള്ളവരെ മറ്റു ബാങ്കുകള്‍ നിയമിക്കുന്നു. പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നവംബറില്‍ നിയമനം നല്‍കിയ അറുപതില്‍ മൂന്നുപേര്‍ ഗര്‍ഭിണികളായിരുന്നു. തിരുവനന്തപുരം പിരപ്പന്‍കോട് ശാഖയില്‍ നിയമനം ലഭിച്ച യുവതി ജനുവരിയില്‍ പ്രസവാവധിയില്‍ പ്രവേശിക്കുകയും ചെയ്തു. തിരുവനന്തപുരം, എറണാകുളം ശാഖകളിലുള്ള രണ്ടു പേര്‍ പ്രസവാവധിയിലാണ്. സ്ത്രീസ്വകാര്യതയെപ്പറ്റി ചോദ്യങ്ങളുന്നയിക്കുന്ന വ്യക്തിഗത പ്രസ്താവന മറ്റു ബാങ്കുകളൊന്നും നടപ്പാക്കിയിട്ടില്ല. മറ്റു ബാങ്കുകളും മെഡിക്കല്‍ പരിശോധന നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും സാധാരണ പരിശോധനകള്‍ മാത്രമാണെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു. സ്റേറ്റ് ബാങ്കിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെയുള്ള ജനവികാരം ഇതിനകം ശക്തമായിട്ടുണ്ട്. സിപിഐ എം ഉപനേതാവ് പി കരുണാകരന്‍ ലോക്സഭയില്‍ വ്യാഴാഴ്ച വിഷയം ഉന്നയിച്ചിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ എസ്ബിഐ സോണല്‍ ഓഫീസിലേക്ക് മാര്‍ച്ചും നടന്നു. വിവിധ സംഘടനകള്‍ പ്രസ്താവനകളുമായി രംഗത്തെത്തി. മാതൃത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന സ്റേറ്റ് ബാങ്കിന്റെ നിലപാട് തിരുത്തണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു.

    ദേശാഭിമാനി വാര്‍ത്ത 080809

    ReplyDelete
  6. എസ്ബിഐക്ക് ഉദ്യോഗാര്‍ഥികള്‍ നല്‍കേണ്ട വ്യക്തിഗത പ്രസ്താവനയില്‍ സ്ത്രീ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി പ്രതിഭ പാട്ടീലിനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഡിവൈഎഫ്ഐ നിവേദനം നല്‍കി. പ്രതിരോധമന്ത്രി എ കെ ആന്റണി, ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്സ, ദേശീയ വനിതാകമീഷന്‍ ചെയര്‍പേഴ്സ, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ ക്ളറിക്കല്‍ ജോലി ലഭിക്കാന്‍ യുവതികള്‍ തങ്ങളുടെ സ്വകാര്യത സംബന്ധിച്ച വിഷയങ്ങള്‍ക്കും ഉത്തരം നല്‍കണമെന്നാണ് പുതിയ നിബന്ധന. സ്ത്രീകള്‍ക്ക് തുല്യ അവകാശവും സവിശേഷ പരിഗണനയും എന്നത് പരിഷ്കൃതസമൂഹത്തിലെ സുപ്രധാന ഉപാധിയാണ്. പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും സ്ത്രീകളുടെ അവകാശമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍, സ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ജീവശാസ്ത്രപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ പറഞ്ഞ് സ്ത്രീകളെ തൊഴില്‍രംഗത്തുനിന്ന് മാറ്റിനിര്‍ത്താനുള്ള നീക്കം നടത്തുന്നു. ഭരണഘടനയെയും സമൂഹത്തിന്റെ അന്തസ്സിനെയും വെല്ലുവിളിക്കുന്ന ഇത്തരം നടപടികളില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ് എംപിയും സെക്രട്ടറി ടി വി രാജേഷും നിവേദനത്തില്‍ ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ ചോദ്യങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 10ന് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവതികള്‍ ജില്ലാകേന്ദ്രങ്ങളില്‍ എസ്ബിഐ ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.

    deshabhimani news

    ReplyDelete