Sunday, August 9, 2009

തപാല്‍ വകുപ്പിലും സ്വകാര്യവല്‍ക്കരണം

സ്വകാര്യ തപാല്‍ ഓഫീസിന് നിര്‍ദേശം

കോഴിക്കോട്: സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യപടിയായി തപാല്‍വകുപ്പ് കോര്‍പറേഷനാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്ത് സ്വകാര്യ തപാലോഫീസുകള്‍ തുടങ്ങും. സ്പീഡ്പോസ്റ്റ് ബുക്കിങ്, വിതരണം എന്നിവ പുറംകരാര്‍ നല്‍കാനും നിര്‍ദേശമുണ്ട്. 2012 മാര്‍ച്ച് 31നു മുമ്പ് 10,000 ഫ്രാഞ്ചൈസി പോസ്റ് ഓഫീസ് തുറക്കണമെന്നാണ്നിര്‍ദേശം. കത്തുകളുടെ സംഭരണവും വിതരണവും ഉറപ്പാക്കാന്‍ ഓരോ ഒന്നര കിലോമീറ്ററിനുള്ളിലും സ്വകാര്യ തപാല്‍ ഓഫീസ് തുറക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ ഇവയ്ക്കെല്ലാം ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ സ്വകാര്യ പോസ്റ്റ് ഓഫീസ് തുറക്കാം. . 2013-14 ഓടെ മുഴുവന്‍ ജനങ്ങള്‍ക്കും തപാല്‍സൌകര്യം ലഭ്യമാക്കാന്‍ ഇത് സഹായിക്കുമെന്ന് രൂപരേഖയില്‍ അവകാശപ്പെടുന്നു. നിലവിലുള്ള തപാല്‍ ഓഫീസുകളുടെ പുനഃസംഘാടനവും കേന്ദ്രം ലക്ഷ്യമിടുന്നു. നഷ്ടത്തിന്റെ പേരില്‍ നേരത്തെ ഒട്ടേറെ തപാല്‍ ഓഫീസുകള്‍ പൂട്ടിയിരുന്നു. കോര്‍പറേഷന്‍ രൂപീകരണത്തോടെ ലാഭമല്ലാത്തവ അടച്ചുപൂട്ടുന്നതിന് ആക്കം കൂടും. 2004-ല്‍ മന്‍മോഹന്‍സിങ് ഭരണത്തില്‍ സ്പീഡ്‌പോസ്റ്റ് സ്വകാര്യവല്‍ക്കരണത്തിനും മറ്റും ശ്രമമുണ്ടായി. ഇടതുപക്ഷം എതിര്‍ത്തതിനാല്‍ നടപ്പാക്കാനായില്ല. മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ സ്വകാര്യവല്‍ക്കരണം പിന്‍വാതിലിലൂടെ കൊണ്ടുവരാനാണ് ശ്രമം.

തപാല്‍ കോര്‍പറേഷന്‍വല്‍ക്കരണം പരിഷ്കരണ നടപടി തുടങ്ങി

തപാല്‍മേഖലയില്‍ കോര്‍പറേഷന്‍വല്‍ക്കരണ നിര്‍ദേശത്തിന് മുന്നോടിയായി പരിഷ്കരണ നടപടി തുടങ്ങി. രാജ്യത്തെ 500 തപാല്‍ ഓഫീസുകളില്‍ പ്രൊജക്ട് ഏറോ എന്ന പേരിലുള്ള പരിഷകാരങ്ങള്‍ക്കാണ് തുടക്കമിട്ടത്. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 42 ഓഫീസുകളും പദ്ധതിക്ക് കീഴിലുണ്ട്. ഇതെല്ലാം നഗരങ്ങളിലെ ഓഫീസുകളാണ്. തപാല്‍ മെയില്‍ ഡെലിവറിയും കൌണ്ടര്‍ സര്‍വീസുകളും മെച്ചപ്പെടുത്തുക എന്നതാണ് പ്രൊജക്ട് ഏറോ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓഫീസ് നവീകരണമടക്കം ഒട്ടേറെ നല്ല നിര്‍ദേശങ്ങളുണ്ട്. എന്നാല്‍ തപാല്‍ വകുപ്പ് പുറത്തുവിട്ട കോര്‍പറേറ്റ് പ്ളാനുമായി സാമ്യമുള്ളതാണ് ഭൂരിഭാഗം നിര്‍ദേശങ്ങളും. കോര്‍പറേഷനാക്കുകയും തുടര്‍ന്ന് സ്വകാര്യവല്‍ക്കരിക്കുയുംചെയ്യുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ രൂപരേഖ 'ദേശാഭിമാനി' കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.

കാര്യക്ഷമതയുടെ പേരുപറഞ്ഞ് തുടങ്ങിയ പ്രൊജക്ട് ഏറോ ഇതിന്റെ മുന്നോടിയാണെന്നാണ് ജീവനക്കാരുടെ ആശങ്ക. 500 കോടി രൂപയാണ് പുതിയ സംവിധാനമൊരുക്കാന്‍ നീക്കിവച്ചത്. ഇലക്ട്രോണിക് മണിയോര്‍ഡര്‍ സൌകര്യമുള്ളിടങ്ങളില്‍ സാധാരണ എംഒ നിര്‍ത്തുന്നതടക്കമുള്ള നടപടി പുതിയ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. സന്ദേശമയക്കാന്‍ സൌകര്യമില്ലാത്തതിനാല്‍ ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളുമടക്കമുള്ളവരെ കഷ്ടത്തിലാക്കിയിട്ടുണ്ട് ഈ പരിഷ്കാരം. മണിയോര്‍ഡര്‍ വരുമാനം കുറയാനും കാരണമായി. തപാല്‍ എന്ന മുഖ്യ സേവനമാര്‍ഗത്തില്‍നിന്ന് പിന്മാറുന്നതും സേവിങ്സ് ബാങ്ക്, പണമയക്കല്‍ എന്നിവക്ക് പ്രാമുഖ്യമുള്ളതുമാണ് പ്രൊജക്ട് ഏറോ. തപാല്‍വകുപ്പിന് പുതുജീവന്‍ പകരാന്‍ ലക്ഷ്യമിട്ടെന്ന് അവകാശപ്പെടുന്ന പദ്ധതി മെയില്‍ ഡെലിവറി, കൌണ്ടര്‍ സര്‍വീസ് എന്നിവയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനാണ് ഊന്നല്‍ നല്‍കുന്നത്. സേവിങ്സ് ബാങ്ക്, പണമയക്കല്‍, ഓഫീസ് സേവനം മെച്ചപ്പെടുത്തല്‍ എന്നിവയില്‍ നൂറുശതമാനം ലക്ഷ്യം കൈവരിക്കണമെന്നും പറയുന്നു. സാദാ കത്ത്, സ്പീഡ്പോസ്റ്റ്, രജിസ്റ്റേര്‍ഡ് എന്നിവ അതത് ദിവസം വിതരണം ചെയ്യുക, കൌണ്ടര്‍ ഇടപാടുകളുടെ കാലവിളംബം കുറയ്ക്കുക എന്നിവയും പ്രതിപാദിച്ചിട്ടുണ്ട്. ഫര്‍ണിച്ചര്‍, കൌണ്ടര്‍ ഇവയില്‍ സമാനത, യൂണിഫോം എന്നിങ്ങനെയാണ് ഇതര നിര്‍ദേശങ്ങള്‍.

എന്നാല്‍ മെയിലുകള്‍ അതത് ദിനം വിതരണംചെയ്യാനോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ കൂടുതല്‍ ജീവനക്കാരെ നിയമിക്കാതെയാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. ഇതിനാവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കിയിട്ടില്ല. പദ്ധതിരേഖയിലുള്ള പ്രകാരം പുതിയ ജീവനക്കാരെ നിയോഗിക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍തന്നെ പാളിയിട്ടുണ്ട്. പദ്ധതി വിജയമാണെന്ന് വരുത്താന്‍ മേലധികാരികളുടെ നിര്‍ബന്ധത്തോടെ മെയില്‍-ഇ എംഒ സംവിധാനം നൂറുശതമാനമാണെന്ന റിപ്പോര്‍ട് വരുത്തിക്കുന്നുണ്ട്. മെയില്‍ മോട്ടോര്‍ സര്‍വീസ് പരിമിതപ്പെടുത്തല്‍, കത്ത് വിതരണ തവണ കുറയ്ക്കല്‍, മെയില്‍ലൈനുകളുടെ അശാസ്ത്രീയ പരിഷ്കരണം, പെട്ടികളില്‍നിന്ന് കത്തെടുക്കുന്ന തവണ കുറയ്ക്കല്‍, പെട്ടി എണ്ണം കുറച്ചത് തുടങ്ങിയ നടപടികള്‍ക്കായിരുന്നു കഴിഞ്ഞ കുറേക്കാലമായി മുന്‍ഗണന. തപാല്‍വകുപ്പിന്റെ കാര്യക്ഷമത തകര്‍ക്കുന്ന നടപടി സ്വീകരിച്ചശേഷം അത് പരിഹരിക്കാതെ വികലമായി പ്രൊജക്ട് ഏറോ നടപ്പാക്കുന്നതിന് പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. 2013-14 ഓടെ നഷ്ടമില്ലാതാക്കി കോര്‍പറേഷനാക്കാനുള്ള പദ്ധതിയാണ് കോര്‍പറേഷന്‍ രൂപരേഖയിലുള്ളത്.

പി വി ജീജോ ദേശാഭിമാനി

2 comments:

  1. സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യപടിയായി തപാല്‍വകുപ്പ് കോര്‍പറേഷനാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്ത് സ്വകാര്യ തപാലോഫീസുകള്‍ തുടങ്ങും. സ്പീഡ്പോസ്റ്റ് ബുക്കിങ്, വിതരണം എന്നിവ പുറംകരാര്‍ നല്‍കാനും നിര്‍ദേശമുണ്ട്. 2012 മാര്‍ച്ച് 31നു മുമ്പ് 10,000 ഫ്രാഞ്ചൈസി പോസ്റ് ഓഫീസ് തുറക്കണമെന്നാണ്നിര്‍ദേശം. കത്തുകളുടെ സംഭരണവും വിതരണവും ഉറപ്പാക്കാന്‍ ഓരോ ഒന്നര കിലോമീറ്ററിനുള്ളിലും സ്വകാര്യ തപാല്‍ ഓഫീസ് തുറക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ ഇവയ്ക്കെല്ലാം ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ സ്വകാര്യ പോസ്റ്റ് ഓഫീസ് തുറക്കാം. . 2013-14 ഓടെ മുഴുവന്‍ ജനങ്ങള്‍ക്കും തപാല്‍സൌകര്യം ലഭ്യമാക്കാന്‍ ഇത് സഹായിക്കുമെന്ന് രൂപരേഖയില്‍ അവകാശപ്പെടുന്നു. നിലവിലുള്ള തപാല്‍ ഓഫീസുകളുടെ പുനഃസംഘാടനവും കേന്ദ്രം ലക്ഷ്യമിടുന്നു. നഷ്ടത്തിന്റെ പേരില്‍ നേരത്തെ ഒട്ടേറെ തപാല്‍ ഓഫീസുകള്‍ പൂട്ടിയിരുന്നു. കോര്‍പറേഷന്‍ രൂപീകരണത്തോടെ ലാഭമല്ലാത്തവ അടച്ചുപൂട്ടുന്നതിന് ആക്കം കൂടും. 2004-ല്‍ മന്‍മോഹന്‍സിങ് ഭരണത്തില്‍ സ്പീഡ്‌പോസ്റ്റ് സ്വകാര്യവല്‍ക്കരണത്തിനും മറ്റും ശ്രമമുണ്ടായി. ഇടതുപക്ഷം എതിര്‍ത്തതിനാല്‍ നടപ്പാക്കാനായില്ല. മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ സ്വകാര്യവല്‍ക്കരണം പിന്‍വാതിലിലൂടെ കൊണ്ടുവരാനാണ് ശ്രമം.

    ReplyDelete
  2. നഗരങ്ങളിലെ ഒമ്പതിനായിരത്തോളം പോസ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് തപാല്‍വകുപ്പ് സഹമന്ത്രി സച്ചിന്‍ പൈലറ്റിന് നിവേദനം സമര്‍പ്പിച്ചു. തപാല്‍സംവിധാനത്തെ തകര്‍ക്കുന്നതാണ് കേന്ദ്രനീക്കമെന്ന് പി രാജീവ് എംപിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു. വിഷയത്തില്‍ ഇടപെടാമെന്ന് സച്ചിന്‍ പൈലറ്റ് ഉറപ്പുനല്‍കി. പതിനയ്യായിരം പോസ്റ്ഓഫീസാണ് നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ദൂരപരിധിയിലും മറ്റും പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കിയാണ് പോസ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നത്. ഇത്തരം നീക്കം പോസ്റല്‍സംവിധാനത്തെതന്നെ ഇല്ലാതാക്കും- നിവേദനത്തില്‍ പറഞ്ഞു.

    ReplyDelete