Saturday, August 29, 2009

അഹമ്മദ് രാജി വച്ചേ തീരൂ

ഇസ്ളാം വിശ്വാസികള്‍ക്ക് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മതപരമായ ചടങ്ങാണ് ഹജ്ജ് കര്‍മം. ഖുര്‍ആനും പ്രവാചകചര്യയും നിര്‍ദേശിക്കുംപടി ദുല്‍ഹജ്ജ് മാസം എട്ടുമുതല്‍ 12 വരെ മുസ്ളിങ്ങള്‍ മക്കയിലേക്ക് നടത്തുന്ന തീര്‍ഥാടനവും കര്‍മങ്ങളുമാണ് ഹജ്ജ്. ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണത്. ഇസ്ളാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിലുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി മതിക്കപ്പെടുന്ന ഹജ്ജ് കര്‍മം കഴിവും സമ്പത്തുമുള്ള ഓരോ മുസ്ളിമും ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്തിരിക്കണമെന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും വിശുദ്ധമായ ഭാഗമായി കരുതപ്പെടുന്ന അത്തരമൊരു അനുഷ്ഠാനത്തിന്റെ മറവില്‍ അഴിമതി നടത്തുക; അതിന്റെ നേതൃത്വം നാഴികയ്ക്ക് നാല്‍പതുവട്ടം മത-വിശ്വാസങ്ങളെ പ്രകീര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ സമുന്നത നേതാവിനാവുക; കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കുന്ന ആ നേതാവിനെതിരെ അന്വേഷണം നടത്താന്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍തന്നെ തീരുമാനിക്കുക-അത്യന്തം സങ്കീര്‍ണമായ സ്ഥിതിയാണുണ്ടായിരിക്കുന്നത്.

ഹജ്ജ് ക്വോട്ട അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതും അതിനായി ചര്‍ച്ചകള്‍ നടത്തുന്നതും വിദേശ മന്ത്രി എസ് എം കൃഷ്ണയാണ്. വിദേശ സഹമന്ത്രി ശശി തരൂര്‍ ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണവും നല്‍കിയിരിക്കുന്നു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് പ്രാഥമികമായി കുറ്റവാളിയാണെന്ന് കണ്ടെത്തിക്കഴിഞ്ഞു എന്നര്‍ഥം. അഹമ്മദിന് ഒരു നിമിഷംപോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഇതില്‍ തെളിയുന്നത്. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ മറ്റൊരു മന്ത്രി അന്വേഷണം നടത്തുമെന്ന് പറയുന്നത് അത്യപൂര്‍വമായ സംഭവമാണ്.

സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്ന ഹജ്ജ് സീറ്റിലെ തിരിമറിയാണ് പുറത്തുവന്നത്. 47,000 സീറ്റ് സ്വകാര്യ ഏജന്‍സികള്‍ക്കു നല്‍കി തിരിമറി നടത്തിയെന്നാണ് പരാതി. സ്വകാര്യ ഏജന്‍സികള്‍ക്ക് വര്‍ഷം ശരാശരി 155 സീറ്റാണ് നല്‍കുന്നത്. എന്നാല്‍, അഹമ്മദിന് ബന്ധമുള്ള അല്‍ഹിന്ദ് ട്രാവല്‍സിന് 1700 സീറ്റ് അനുവദിച്ചു. ഒട്ടേറെ ക്രമക്കേട് ഇതിനു പിന്നില്‍ നടന്നു. അല്‍ഹിന്ദ് ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് അര ലക്ഷം രൂപവരെ കൂടുതല്‍ ഈടാക്കിയെന്നാണ് പരാതി. അഴിമതിയെക്കുറിച്ച് സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നാണ് വിദേശമന്ത്രാലയം വ്യക്തമാക്കിയത്. ഹജ്ജ് ക്വോട്ട വീതിച്ചതിലെ അഴിമതിയെയും ക്രമക്കേടുകളെയുംകുറിച്ച് സുപ്രീംകോടതിയിലെ റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാനെ അന്വേഷണത്തില്‍ സഹകരിപ്പിക്കുമെന്നുമാണ് എസ്എം കൃഷ്ണ വിശദീകരിച്ചത്. ജഡ്ജിയാരാണെന്ന് നിശ്ചയിക്കുതിന് അറ്റോര്‍ണി ജനറല്‍ ജി എന്‍ വഹന്‍വതിയുമായി കൃഷ്ണ വ്യാഴാഴ്ച ചര്‍ച്ച നടത്തുകയുമുണ്ടായി.

തികഞ്ഞ സ്വജനപക്ഷപാതവും ക്രമക്കേടുമാണ് ഹജ്ജ് ക്വോട്ട അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രി കാട്ടിയത്. അഴിമതി ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ത്തന്നെ മന്ത്രിമാര്‍ രാജിവച്ചൊഴിയുന്നതാണ് കീഴ്വഴക്കം. വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വിദേശമന്ത്രി നട്‌വര്‍സിങ്ങിനെ യുപിഎ സര്‍ക്കാര്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത്. സിഖ് വിരുദ്ധകലാപക്കേസില്‍ പ്രതിയാക്കപ്പെട്ട ജഗദീഷ് ടൈറ്റ്ലറെയും മറ്റൊരുകേസില്‍ ഷിബുസൊറനെയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആ മാനദണ്ഡങ്ങള്‍ അഹമ്മദിനും ബാധകമാണ്. ഇ അഹമ്മദ് വിദേശ സഹമന്ത്രിയായിരിക്കെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിലൂടെ കോടികള്‍ വെട്ടിച്ചതിനുപുറമെ സര്‍ക്കാര്‍ ഹജ്ജ് സീറ്റിലും തിരിമറി നടത്തിയതായി വാര്‍ത്ത വന്നിട്ടുണ്ട്. ഹജ്ജ് സെല്ലിന്റെ ഗവമെന്റ് ക്വോട്ടയിലും സൌദി സര്‍ക്കാര്‍ അനുവദിച്ച സ്പെഷ്യല്‍ ക്വോട്ടയിലുമായി ലഭിച്ച 17,000 സീറ്റാണ് അങ്ങനെ തിരിമറി നടത്തിയത്. സ്പെഷ്യല്‍ ക്വോട്ടയുടെ മറവില്‍ സീറ്റ് വന്‍തോതില്‍ വിറ്റ് കാശുമാറി. 20,000 മുതല്‍ 30,000 രൂപവരെ ഒരു സീറ്റിന് കമീഷന്‍. വാങ്ങിയായിരുന്നു വില്‍പ്പന. ശരാശരി 20,000 രൂപ കൂട്ടിയാല്‍ ചുരുങ്ങിയത് 34 കോടി രൂപയെങ്കിലും ഇങ്ങനെ അടിച്ചുമാറ്റിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ഇന്ത്യയില്‍ 2,76,000 പേര്‍ ഹജ്ജ് കമ്മിറ്റികള്‍ മുഖേന രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച ക്വോട്ട 1,57,000 ആണ്. ഇതില്‍ 47,000 സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് നല്‍കി. ബാക്കി 1,10,000 എണ്ണത്തില്‍ 6000 എണ്ണം ഹജ്ജ് സെല്ലിന്റെ ചുമതലയുള്ള കേന്ദ്ര വിദേശമന്ത്രാലയം പിടിച്ചുവച്ചു. ശേഷിക്കുന്ന 1,04,000 എണ്ണം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് മുസ്ളിം ജനസംഖ്യാനുപാതികമായി വീതിച്ചുനല്‍കി. കേരളത്തില്‍മാത്രം കഴിഞ്ഞവര്‍ഷത്തെ അപേക്ഷകരുടെ എണ്ണം 29,072 ആയിരുന്നു. ലഭിച്ച ക്വോട്ട 7800 മാത്രം. 21,272 പേര്‍ വെയ്റ്റിങ് ലിസ്റ്റിലായി. ഇത്രയേറെ പേര്‍ വെയ്റ്റിങ് ലിസ്റ്റിലിരിക്കെയാണ് സൌദി ഗവമെന്റ് ഇന്ത്യക്ക് 13000 സീറ്റ് കൂടുതലായി അനുവദിച്ചത്. ഇതില്‍ 2000 മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നല്‍കിയത്. വിശ്വാസികളുടെ ഹജ്ജ് തീര്‍ഥാടനമോഹം മുതലെടുത്താണ് മുസ്ളിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഈ പകല്‍ക്കൊള്ള നടന്നത്.

കോണ്‍ഗ്രസിന്റെ അത്യുന്നതങ്ങളില്‍ സ്വാധീനംചെലുത്തി ജുഡീഷ്യല്‍ അന്വേഷണം ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണിപ്പോള്‍ അഹമ്മദും കൂട്ടരും. ഹജ്ജ് അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. അധികാരം ഉപയോഗിച്ച് കാട്ടിക്കൂട്ടുന്ന അഴിമതിയുടെയും ക്രമക്കേടുകളുടെയും ചെറിയൊരംശംമാത്രം. പ്രമുഖ ചാനല്‍ ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്നാണ് എസ് എം കൃഷ്ണയ്ക്ക് ഇതില്‍ ഇടപെടേണ്ടിവന്നത്.

ഖേദകരമെന്നുപറയട്ടെ, തെളിവുസഹിതം കൂറ്റന്‍ അഴിമതി പുറത്തുവന്നപ്പോള്‍ അതേക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ കേരളത്തിലെ മുഖ്യമാധ്യമങ്ങള്‍ തയ്യാറായി കാണുന്നില്ല. യുഡിഎഫിന്റെയും മുസ്ളിം ലീഗിന്റെയും ചെരുപ്പുനക്കികളായി 'അഴിമതി വിരുദ്ധ മാധ്യമങ്ങള്‍' മാറുന്ന നാണംകെട്ട കാഴ്ചയാണ് തെളിയുന്നത്. ഹജ്ജ് ക്വോട്ട അഴിമതിയുടെ പേരില്‍ മുസ്ളിം ലീഗിനെ പിണക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പ്പര്യമില്ല. ലീഗില്ലെങ്കില്‍ യുഡിഎഫ് തന്നെ ഉണ്ടാകില്ല എന്ന ഭീതിയാണവരെ നയിക്കുന്നത്. അതുകൊണ്ട്, അഹമ്മദ് അഴിമതി നടത്തിയാലും അത് രാജ്യത്തെ ഇസ്ളാം വിശ്വാസികളുടെ നെഞ്ചത്ത് ചവിട്ടിയിട്ടായാലും കോണ്‍ഗ്രസില്‍നിന്ന് ഒരു പ്രതികരണവുമുണ്ടാകില്ല. ആ കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയില്‍നിന്ന് ഒട്ടും ഉയരത്തിലല്ല ഇന്നാട്ടിലെ മാധ്യമ പോരാളികളുടെ അളിഞ്ഞ മനഃസ്ഥിതിയും. അല്‍പ്പം ആത്മാഭിമാനം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുണ്ടെങ്കില്‍, ഈ മൌനിമാധ്യമങ്ങള്‍ എന്നേ പണി ഉപേക്ഷിച്ചേനേ.

വിശ്വാസികളെ വഞ്ചിക്കലും വിശ്വാസം മുതലെടുത്ത് പകല്‍ക്കൊള്ള നടത്തലുമാണ് അഹമ്മദിനുമേല്‍ നിലനില്‍ക്കുന്ന കുറ്റം. രാഷ്ട്രീയ ഉപജാപങ്ങളിലൂടെ തീര്‍ക്കാവുന്നതല്ല അത്. ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കുറ്റവാളികളെ തുറുങ്കിലടയ്ക്കണം. അന്വേഷണത്തില്‍ സഹകരിച്ച് അഹമ്മദ് രാജിവയ്ക്കുകയും വേണം. അത് ഇന്നാട്ടില്‍ ജനാധിപത്യം നിലനില്‍ക്കേണ്ടതിന്റെ ഉപാധികൂടിയാണ്.

ദേശാഭിമാനി മുഖപ്രസംഗം 29 ആ‍ഗസ്റ്റ് 2009

7 comments:

  1. ഇസ്ളാം വിശ്വാസികള്‍ക്ക് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മതപരമായ ചടങ്ങാണ് ഹജ്ജ് കര്‍മം. ഖുര്‍ആനും പ്രവാചകചര്യയും നിര്‍ദേശിക്കുംപടി ദുല്‍ഹജ്ജ് മാസം എട്ടുമുതല്‍ 12 വരെ മുസ്ളിങ്ങള്‍ മക്കയിലേക്ക് നടത്തുന്ന തീര്‍ഥാടനവും കര്‍മങ്ങളുമാണ് ഹജ്ജ്. ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണത്. ഇസ്ളാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിലുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി മതിക്കപ്പെടുന്ന ഹജ്ജ് കര്‍മം കഴിവും സമ്പത്തുമുള്ള ഓരോ മുസ്ളിമും ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്തിരിക്കണമെന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും വിശുദ്ധമായ ഭാഗമായി കരുതപ്പെടുന്ന അത്തരമൊരു അനുഷ്ഠാനത്തിന്റെ മറവില്‍ അഴിമതി നടത്തുക; അതിന്റെ നേതൃത്വം നാഴികയ്ക്ക് നാല്‍പതുവട്ടം മത-വിശ്വാസങ്ങളെ പ്രകീര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ സമുന്നത നേതാവിനാവുക; കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കുന്ന ആ നേതാവിനെതിരെ അന്വേഷണം നടത്താന്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍തന്നെ തീരുമാനിക്കുക-അത്യന്തം സങ്കീര്‍ണമായ സ്ഥിതിയാണുണ്ടായിരിക്കുന്നത്.

    ReplyDelete
  2. "ഒരുവന്‍ എന്‍റെ പശുവിനെ മോഷ്ടിച്ചാല്‍ തിന്‍മ. നേരെ മറിച്ചു ഞാന്‍ മറ്റൊരുവന്‍റെ പശുവിനെ മോഷ്ടിച്ചാല്‍ നന്‍മ!"

    തിന്‍മ എന്നാലെന്ത്? നന്‍മ എന്നാലെന്ത്? എന്ന ചോദിയങ്ങള്‍ക്ക് ഒരു ശുദ്ധാത്മാവ് കൊടുത്ത മറുപടി ഈ പോസ്റ്റു വായിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍ത്തു പോയി, വെറുതെ!

    ReplyDelete
  3. ഓര്‍ത്തത് നന്നായി. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നല്ലേ! വ്യത്യാസം കൂടി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ നന്നായി മനസ്സിലാകും.

    ReplyDelete
  4. "വ്യത്യാസം കൂടി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ നന്നായി മനസ്സിലാകും."

    enthu vyathyasam? thukayile vyathyasamo...? congressinum ghataka kakshikalkkum pande azhimathi oru puthari aayirunnilla. innippol idathu pakshathu ullavarkkum azhimathi pulikkukayilla ennu vannappol 'vyathyasam' enna padam kerala rashtreeyathil ninnum padi irangi poyathu arinjilla alle?!

    ReplyDelete
  5. വ്യത്യാസം മനസ്സിലായില്ലല്ലേ? ചര്‍ച്ച കുറെ കഴിഞ്ഞതല്ലേ. വീണ്ടും ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. “പണ്ടേ പുത്തരിയല്ല” എന്ന ന്യായീകരണമൊക്കെ പമ്പ കടന്നതും അറിഞ്ഞില്ല അല്ലേ? പുത്തരിയല്ലെങ്കില്‍ അതിനെതിരെ ഉയരട്ടെ കുറച്ച് കാലം മുന്‍പ് ഘോരം മുഴങ്ങിയിരുന്ന ഒച്ചകള്‍.

    ReplyDelete
  6. ഇതാ ഇതും കൂടി ഈ അഴിമതിയോട് ചേർത്ത് വായിക്കാവുന്നതാണു.

    ReplyDelete
  7. ഇന്ത്യയെ ഞെട്ടിച്ച കോടികളുടെ ഹജ്ജ് കുംഭകോണം ഒതുക്കാന്‍ കേരളത്തില്‍ മാധ്യമങ്ങളുടെ അവിശുദ്ധകൂട്ട്. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച മാധ്യമങ്ങളൊന്നും അഴിമതി കണ്ടില്ലെന്ന് നടിച്ചതിനു പിന്നില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രിയും ചില മാധ്യമ മുതലാളിമാരും ഉള്‍പ്പെട്ട സിന്‍ഡിക്കേറ്റ്. അഴിമതി അന്വേഷണത്തില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്ര സര്‍ക്കാരിന് ധൈര്യം പകരുന്നതും ഈ 'കൂട്ടായ്മ' യാണ്. ഇസ്ളാംമത വിശ്വാസികള്‍ പവിത്രമായി കരുതുന്ന ഹജ്ജ് കര്‍മത്തിന്റെ മറവില്‍ നടന്ന തീവെട്ടിക്കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ പുറത്തുകൊണ്ടുവന്നിരുന്നു. റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് നേരത്തെ വിദേശ സഹമന്ത്രിയായിരിക്കെ അദ്ദേഹവുമായി അടുപ്പമുള്ള സ്വകാര്യ ട്രാവല്‍സിന് ക്രമവിരുദ്ധമായി ഹജ്ജ്സീറ്റ് അനുവദിച്ചത് തെളിവ് സഹിതമാണ് ചാനല്‍ പുറത്തുകൊണ്ടുവന്നത്. എന്നാല്‍ കൈരളി ഒഴികെ കേരളത്തിലെ മറ്റൊരു ചാനലും ഇത് അറിഞ്ഞതായി നടിച്ചില്ല. ദേശാഭിമാനി, മാധ്യമം, ജനയുഗം ഒഴികെയുള്ള പത്രങ്ങളും ഈ വാര്‍ത്ത തിരസ്കരിച്ചു. നേരത്തെ ഹജ്ജ് അഴിമതി ടി കെ ഹംസ പുറത്തുകൊണ്ടു വന്നപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്ത അവഗണിക്കാനാണ് ശ്രമിച്ചത്. സ്വകാര്യ ഹജ്ജ് സീറ്റില്‍ മാത്രമല്ല, സര്‍ക്കാര്‍ ക്വോട്ടയിലും 17,000 ത്തോളം സീറ്റ് മറിച്ചുവിറ്റതിന്റെ കഥയും പറത്തുവന്നപ്പോള്‍ മാധ്യമങ്ങളില്‍ പലതും അങ്ങനെയൊരു സംഭവം നടന്നതായി ഭാവിച്ചില്ല. ഹജ്ജ് അഴിമതി മാധ്യമങ്ങള്‍ തിരസ്കരിച്ചതിന് പിന്നില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് കാര്യമായ ഇടപെടലുണ്ടായതായി അറിയുന്നു. ആരോപണ വിധേയനായ കേന്ദ്രമന്ത്രി നേരിട്ടുതന്നെ ചില മാധ്യമങ്ങളുടെ ഉന്നതരെ ബന്ധപ്പെടുകയായിരുന്നു. അഹമ്മദിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ കേരളത്തില്‍ മുന്നണി വിടുമെന്ന് ലീഗ് നേതാക്കള്‍ ഭീഷണിമുഴക്കിയിട്ടുമുണ്ട്. മാധ്യമങ്ങളുടെ അനുകൂല നിലപാടും മുന്നണി വിടുമെന്ന ഭീഷണിയും കൂടിയായപ്പോള്‍ ഹജ്ജ് അഴിമതി അന്വേഷണം ഏതാണ്ട് അട്ടിമറിക്കപ്പെട്ട നിലയിലാണ്.

    ReplyDelete