Wednesday, August 12, 2009

എച്ച്എംടി ഭൂമി കൈമാറ്റം ശരിവച്ചു

കൊച്ചിയില്‍ സൈബര്‍സിറ്റി നിര്‍മാണത്തിന് കേന്ദ്രപൊതുമേഖലാ കമ്പനിയായ എച്ച്എംടിയുടെ ഉപയോഗിക്കാത്ത ഭൂമി കൈമാറിയത് ഹൈക്കോടതി ശരിവച്ചു. മുംബൈയിലെ ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനു കൈമാറിയ 70 ഏക്കര്‍ ഭൂമി വ്യാവസായിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഭൂപരിഷ്കരണനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി എച്ച്എംടിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ 100 ഏക്ര കൈമാറാന്‍ കമ്പനിക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠ്, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

എച്ച്എംടി കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ ഭൂമി വിറ്റതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനും വ്യവസായമന്ത്രി എളമരം കരീമിനുമെതിരെ സംഘടിതമായി യുഡിഎഫും മാധ്യമങ്ങളും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയാണെന്നും തെളിയിക്കുന്നതാണ് കോടതി വിധി.

എച്ച്എംടിക്കുവേണ്ടി 1972ല്‍ 781.50 ഏക്കര്‍ ഭൂമിയാണ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയത്. പിന്നീട് ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകളില്‍നിന്ന് ഉപാധികളോടെ എച്ച്എംഎടിയെ ഒഴിവാക്കി 1991ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഏറ്റെടുത്തു നല്‍കിയ ഭൂമി നാലുവര്‍ഷത്തിനകം വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ പാലിക്കാതിരുന്നതിനാല്‍ എച്ച്എംടിയുടെ കൈവശമുള്ള 400 ഏക്കര്‍ ഭൂമി വീണ്ടെടുക്കാനും ഇതില്‍ 350 ഏക്കര്‍ കിന്‍ഫ്രക്ക് സൌജന്യമായി നല്‍കാനും 50 ഏക്കര്‍ സംസ്ഥാന ഭവനനിര്‍മാണബോര്‍ഡിന് വ്യവസായ ടൌഷിപ്പ് സ്ഥാപിക്കാന്‍ നല്‍കാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ എച്ച്എംടി ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണനയിലിരിക്കെ 100 ഏക്കര്‍ ഭൂമി തങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ 300 ഏക്കര്‍ കിന്‍ഫ്രക്ക് വിട്ടുനല്‍കാമെന്ന് ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂപരിഷ്കരണനിയമത്തിന്റെ വ്യവസ്ഥയില്‍നിന്ന് 100 ഏക്കര്‍ ഭൂമി സ്ഥിരമായി ഒഴിവാക്കി നല്‍കിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ ഭൂമി ഇഷ്ടാനുസരണം ഉപയോഗിക്കാനും വില്‍പ്പന നടത്താനും കമ്പനിക്ക് അവകാശമുണ്ടെന്നും സര്‍ക്കാരും എച്ച്എംടിയും കോടതിയില്‍ ബോധിപ്പിച്ചു. സുതാര്യ നടപടിക്രമങ്ങളിലൂടെയാണ് ഭൂമി കൈമാറിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അത് അംഗീകരിച്ചാണ് കോടതി വിധി.

പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഭൂപരിഷ്കരണനിയമത്തിലെ വ്യവസ്ഥകളില്‍നിന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളെ ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. നിയമവ്യവസ്ഥയിലെ ഇളവ് ഭൂമി കൈവശമുള്ള കാലത്തോളമേ ബാധകമാവൂ എന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കാനാവില്ല. എന്നാല്‍, ഭൂമി കൈമാറിയാല്‍ അത് വാങ്ങുന്നവരും ഈ ഇളവിന് അര്‍ഹരാണെന്ന് തെളിയിക്കണം. അതിനാല്‍ എച്ച്എംടി ഭൂമി കൈമാറ്റത്തില്‍ നിയമവിരുദ്ധമായി ഒന്നും ഇല്ലെന്നും കോടതി പറഞ്ഞു. ബ്ളൂസ്റ്റാര്‍ റിയാല്‍റ്റേഴ്സിന് ഭൂമി കൈമാറിയതും പോക്കുവരവ് നടത്തിയതും നിയമപരമാണെന്ന സര്‍ക്കാര്‍ വാദം ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഭൂമി കൈമാറാന്‍ സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ലെന്നുള്ള വാദവും ശരിവച്ചു. ഉത്തരവിലെ പരാമര്‍ശങ്ങള്‍ എച്ച്എംടിയുടെ 100 ഏക്കര്‍ ഭൂമിക്കുമാത്രമാണ് ബാധകമെന്നും ഹൈക്കോടതിയുടെ പരിഗണനയിലുള്ള എച്ച്എംടിയുടെ മിച്ചഭൂമിക്ക് ഈ വിധി ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ഭൂമി കൈമാറ്റം റദ്ദാക്കണമെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്റര്‍ സെക്രട്ടറി ജോയി കൈതാരം അടക്കമുള്ളവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.

പി പി താജുദ്ദീന്‍ ദേശാഭിമാനി ദിനപ്പത്രം

ഹെക്കോടതി വിധിയോടെ എച്ച്്എംടി ഭൂമി കൈമാറ്റ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നു തെളിഞ്ഞതായി വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. സര്‍ക്കാര്‍ നിലപാട് ശരിവയ്ക്കുന്നതാണ് വിധി. കേന്ദ്ര പൊതുമേഖലാസ്ഥാപനം ഭൂമി വിറ്റതിന്റെപേരില്‍ തനിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ചു. അതെല്ലാം അടിസ്ഥാനരഹിതമായിരുന്നെന്ന് ഹൈക്കോടതി ഉത്തരവോടെ വ്യക്തമായി. സൈബര്‍സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഐടി വകുപ്പാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. എച്ച്എംടി ഭൂമി വ്യവസായാവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതിയും അതുതന്നെയാണ് വ്യക്തമാക്കിയതെന്ന് കരീം പറഞ്ഞു.

ഒന്നരവര്‍ഷം നഷ്ടമാക്കി; നിക്ഷേപകരെ ഭയപ്പെടുത്തി

ഭൂമി കൈമാറ്റത്തിന്റെ പേരില്‍ അനാവശ്യ വിവാദമുയര്‍ത്തിയവര്‍ അറുപതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമായിരുന്ന ഐടി പദ്ധതിയും വന്‍നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതയും മുടക്കി. 2008 ജനുവരി 19ന് സൈബര്‍ സിറ്റിക്ക് തറക്കല്ലിട്ടതോടെ അഴിച്ചുവിട്ട വിവാദംമൂലം ഒന്നരവര്‍ഷമാണ് നഷ്ടമായത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്എംടി, കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ ഭൂമി വിറ്റതിന്റെപേരില്‍ സംസ്ഥാന സര്‍ക്കാരിനും വ്യവസായമന്ത്രി എളമരം കരീമിനുമെതിരെ യുഡിഎഫും മാധ്യമങ്ങളും ചേര്‍ന്ന് ആരോപണങ്ങളുടെ പ്രവാഹം സൃഷ്ടിച്ചു. ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് എച്ച്എംടി അന്നേ വ്യക്തമാക്കിയിരുന്നു. കേന്ദ്ര വ്യവസായ-പൊതുമേഖലാ മന്ത്രി സന്തോഷ് മോഹന്‍ ദേവ് ഭൂമി വില്‍പ്പന ശരിവച്ച് സംസ്ഥാനത്തിന് കത്തെഴുതി. സംസ്ഥാന സര്‍ക്കാരിന് ഭൂമി വില്‍പ്പന റദ്ദാക്കാന്‍ കഴിയില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കി. എന്നിട്ടും പിന്മാറാതെ യുഡിഎഫും മാധ്യമങ്ങളും അപവാദവ്യവസായം തുടര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഇവര്‍ക്കുള്ള മറുപടിയാണ്.

ഹൌസിങ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്(എച്ച്ഡിഐഎല്‍) കമ്പനി ആരംഭിക്കാനിരുന്ന സൈബര്‍ സിറ്റിക്ക് തടസ്സംനിന്നവര്‍ കേരളത്തില്‍ വന്‍തോതില്‍ നിക്ഷേപത്തിനൊരുങ്ങിയ സ്വകാര്യ വ്യവസായസംരംഭകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു സൈബര്‍ സിറ്റിയെച്ചൊല്ലിയുയര്‍ത്തിയ കോലാഹലം സ്വകാര്യനിക്ഷേപകരെ ആശങ്കയിലാക്കി. നാലായിരം കോടി മുതല്‍മുടക്കുള്ള സൈബര്‍ സിറ്റി മാത്രമല്ല, 75,000 തൊഴില്‍ ലഭിക്കുമായിരുന്ന 7500 കോടി മുതല്‍മുടക്കുള്ള ശോഭ ഹൈടെക് സിറ്റി, 2500 കോടി നിക്ഷേപം ലക്ഷ്യമിട്ട് കോഴിക്കോട് കിനാലൂരില്‍ മലേഷ്യന്‍ കമ്പനിയുമായി ചേര്‍ന്ന് തുടങ്ങാനിരുന്ന വ്യവസായ ടൌഷിപ്പ്, മാവൂര്‍ ഗ്രാസിം വ്യവസായ ടൌണ്‍ഷിപ്പ് തുടങ്ങി ഒട്ടേറെ പദ്ധതികളും വിവാദത്തില്‍ മുക്കി തടസ്സപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായരംഗത്ത് കുതിപ്പിന് വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് പെരുംനുണകളുമായി യുഡിഎഫും മാധ്യമങ്ങളും രംഗത്തിറങ്ങിയത്. വില്‍ക്കാന്‍ വച്ച പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് കുതിച്ചതും കേന്ദ്രപൊതുമേഖലയുമായി ചേര്‍ന്ന് സംയുക്തസംരംഭങ്ങള്‍ തുടങ്ങിയതും യുഡിഎഫ് കേന്ദ്രങ്ങളെ അലട്ടി. സൈബര്‍ സിറ്റി പ്രദേശത്ത് കടന്നുകയറി യൂത്ത് കോണ്‍ഗ്രസുകാര്‍ കലാപത്തിന് ശ്രമിച്ചു. തടസ്സം സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ സൈബര്‍ സിറ്റിയുടെ ആദ്യഘട്ടം ഇപ്പോള്‍ പൂര്‍ത്തിയാകുമായിരുന്നു. പാരിസ്ഥിതികപ്രശ്നങ്ങള്‍ സൈബര്‍ സിറ്റി പദ്ധതിക്കുണ്ടായിരുന്നില്ല. ആരെയും കുടിയൊഴിപ്പിക്കേണ്ടിയിരുന്നുമില്ല. പൊതുമേഖലാസ്ഥാപനങ്ങളുടെ കൈവശം അധികമുള്ള ഭൂമി വിറ്റ് പുനരുദ്ധാരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കളമശേരിയില്‍ എച്ച്എംടിയുടെ നൂറ് ഏക്കറില്‍ നിന്ന് 70 ഏക്കര്‍ എച്ച്ഡിഐഎല്ലിന്റെ അനുബന്ധസ്ഥാപനമായ ബ്ളൂസ്റ്റാര്‍ റിയാല്‍റ്റേഴ്സിന് കൈമാറിയത്. യുഡിഎഫ് ഭരിക്കവെ 2005 നവംബറില്‍ ആഗോള ടെന്‍ഡര്‍ വിളിച്ചായിരുന്നു കൈമാറ്റം.

കെ എം മോഹന്‍ദാസ്

3 comments:

  1. കൊച്ചിയില്‍ സൈബര്‍സിറ്റി നിര്‍മാണത്തിന് കേന്ദ്രപൊതുമേഖലാ കമ്പനിയായ എച്ച്എംടിയുടെ ഉപയോഗിക്കാത്ത ഭൂമി കൈമാറിയത് ഹൈക്കോടതി ശരിവച്ചു. മുംബൈയിലെ ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനു കൈമാറിയ 70 ഏക്കര്‍ ഭൂമി വ്യാവസായിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഭൂപരിഷ്കരണനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി എച്ച്എംടിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ 100 ഏക്ര കൈമാറാന്‍ കമ്പനിക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠ്, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

    ReplyDelete
  2. ആളും തരവും നോക്കി ഭൂ പരിഷ്ക്കരണ നിയമത്തില്‍ ഇളവ് നല്‍കുന്നത് ഭൂഷണമോ?

    കണ്ണായ സ്ഥലം കുറഞ്ഞ വിലക്ക് കൊടുത്തതിലെ അഴിമതി കോടതി പരിഗണിയ്കാതിരുന്നതിലൂടെ സര്‍കാരിന്‍റെ നിലപാടുകള്‍ക്കനുകൂലമായ വിധിയെന്ന് കരുതാനാകുമോ?

    പദ്ധതിയുടെ തറകല്ലിടല്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നതിലൂടെ അച്ചുദാനന്ദന്‍ തന്നെയായിരുന്നു എതിര്‍പ്പിന്‍റെ തലപ്പെന്ന കാര്യം ദേശാഭിമാനികറിയില്ലെ? കോപ്പി പേസ്റ്റ് ചെയ്യുന്നയാള്‍ക്കും?

    കാലങ്ങളായി കേന്ദ്ര പദ്ധതികള്‍ പോലും യഥാവിധി നടപ്പിലാകാന്‍ കഴിയാത്ത കേരള സര്‍ക്കാരിന്‍ ബ്ലൂസ്റ്റാറിന്‍റെ ഒന്നര വര്‍ഷത്തിന്‍റെ നഷ്ടം മുതലകണ്ണീരോ അതോ മുഖം മൂടിയോ?

    ഇടതുപക്ഷമായിരുന്നു പ്രതിപക്ഷത്തെങ്കില്‍ എന്താകുമായിരുന്നു ഈ വിഷയത്തില്‍ നിലപാട്? സമയ നഷ്ടത്തിനു പുറമേ പൊതുമുതല്‍ നഷ്ടത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

    പരാതിക്കാര്‍ യു ഡി എഫോ മാധ്യമങ്ങളോ അല്ല, പരാതികാരന്‍ കേസ് തുടര്‍ന്നു നടത്തുമെന്ന് പറഞ്ഞിരിക്കുന്നു, അതുകൊണ്ട് ആര്‍മാദത്തിന്‍ മിതത്വം പാലികുന്നത് ബുദ്ധിയല്ലെ?

    കോടതി വിധികളില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വിസ്വാസമോ? അതോ തങ്ങള്‍ക്കനുക്കുലമാകുമ്പോള്‍ മാത്രം സ്വീകരികാമെന്നോ?

    പാവപ്പെട്ടവന്‍റെ പാര്‍പ്പിട പദ്ധതി.....?

    ReplyDelete
  3. ഭൂമി കൈമാറിയതിന്റെ വിശദവിവരങ്ങള്‍ പോസ്റ്റിലുണ്ട്. ആളും തരവും നോക്കിയാണോ എന്ന് പോസ്റ്റ് ഒന്നുകൂടി വിശദമായി വായിച്ചിട്ട് സ്വയം തീരുമാനിക്കുക.

    കേസ് കൊടുത്തയാള്‍ കേസ് തുടര്‍ന്നു നടത്തട്ടെ, സുപ്രീം കോടതിക്ക് ഹൈക്കോടതി വിധി അസാധുവാക്കുന്നുവെങ്കില്‍‍ അങ്ങിനെ നടക്കട്ടെ. ആരും വേണ്ടെന്ന് പറഞ്ഞില്ലല്ലോ. പഴയ പ്രചരണം ഒക്കെ ഒന്നുകൂടി പഴയ പത്രങ്ങള്‍ നോക്കി വായിക്കുക എന്നേ പറയാനുള്ളൂ.

    നന്ദി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.

    ReplyDelete