Friday, August 21, 2009

വരള്‍ച്ചയുടെ അപകടം

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും വരള്‍ച്ചയുടെ ഭയാനക സ്ഥിതി സംജാതമായിരിക്കുന്നു. ജനങ്ങളില്‍ മഹാ ഭൂരിപക്ഷത്തിന്റെയും ഉപജീവനമാര്‍ഗത്തിനു നേര്‍ക്ക് ഉയര്‍ന്നുവന്ന ഭീഷണി കൂടുതല്‍ രൂക്ഷമാകാന്‍ പോകുന്നു. എല്ലാ അവശ്യസാധനത്തിന്റെയും വില കുത്തനെ ഉയരുന്നതിനാല്‍ ദുരിതത്തിലകപ്പെട്ട ജനങ്ങളുടെ ദുരിതം ഇതുമൂലം കൂടുതല്‍ വര്‍ധിക്കും. മൊത്തവില സൂചികയും ഉപഭോക്തൃ വിലസൂചികയും തമ്മിലുള്ള വിടവ് കുടുകയാണ്. മൊത്തവില സൂചികയുടെ വളര്‍ച്ച മൈനസ് 1.6 ആയി താഴ്ന്നിരിക്കുന്നെങ്കിലും ഉപഭോക്തൃ വിലസൂചികയുടെ വളര്‍ച്ച (അവയില്‍വച്ച് പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കളുടെ വില)10 ശതമാനത്തിലധികം ആയിരിക്കുന്നു. ഇതിനൊക്കെ മേലെയാണ് വരള്‍ച്ചയുടെ സ്ഥിതിവിശേഷം വന്നുചേര്‍ന്നത്. ഗ്രാമീണ ഇന്ത്യയിലെ വലിയഭാഗത്ത് ഇതു പ്രത്യക്ഷത്തില്‍ത്തന്നെ ദുരിതം വിതയ്ക്കുന്നതിനു പുറമെ ഉല്‍പ്പാദനം കുറയുന്നതുമൂലം അവശ്യവസ്തു വില വീണ്ടും ഉയരുന്നതിനും അത് ഇടയാക്കും.

സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് സംസാരിക്കുന്നതിനിടയില്‍ ആഗസ്ത് 8നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസ്താവിച്ചത്, രാജ്യം ഇന്ന് വളരെ ദുരിതംപിടിച്ച ഒരു സ്ഥിതിവിശേഷത്തെയാണ് അഭിമുഖീകരിക്കുന്നത് എന്നാണ്. രാജ്യത്തിന്റെ പലഭാഗത്തും അത് കൃഷിപ്പണിയെ ദോഷമായി ബാധിച്ചിരിക്കുന്നു. കൃഷിക്കാരെയും അവരുടെ കുടുംബങ്ങളെയും ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. നെല്‍ക്കൃഷിചെയ്യുന്ന സ്ഥലത്ത് 30 ലക്ഷം ഹെക്ടറിലധികം ഇത്തവണ വിളവിറക്കിയിട്ടില്ല. വരള്‍ച്ച ഏറ്റവുംകൂടുതല്‍ ബാധിച്ചിട്ടുള്ളത് നെല്‍ക്കൃഷിയെയാണ്. ഔദ്യോഗിക കണക്ക് അനുസരിച്ച്, മഴക്കാലത്തിന്റെ ആദ്യത്തെ രണ്ടുമാസം 25 ശതമാനത്തിലധികം മഴയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഏറ്റവുംകൂടുതല്‍ രൂക്ഷമായ വരള്‍ച്ചയുണ്ടായത് 2002-ാമാണ്ടിലാണ്. ആ വര്‍ഷത്തില്‍പോലും നാലുമാസത്തെ മഴക്കാലത്ത് ആകെ മഴയിലുണ്ടായ കുറവ് 19 ശതമാനം മാത്രമാണ്. ഈ കുറിപ്പ് എഴുതുമ്പോള്‍, രാജ്യത്തെ മൂന്നില്‍രണ്ട് ജില്ലയിലും പതിവില്‍നിന്ന് എത്രയോ കുറഞ്ഞ മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നാണ് കണക്ക്. ആറ് സംസ്ഥാനത്തെ 141 ജില്ല വരള്‍ച്ചബാധിത ജില്ലകളായി പ്രഖ്യാപിച്ചുകഴിഞ്ഞു. മൊത്തമുള്ള 35 സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 എണ്ണത്തില്‍ മഴ പതിവിലും വളരെ കുറവായിരുന്നു. ഇതിന്റെ ഫലമായി സാധാരണ നെല്‍ക്കൃഷി ചെയ്യുന്ന മൊത്തം കൃഷിഭൂമിയില്‍ 58 ശതമാനത്തില്‍ മാത്രമേ ഇത്തവണ വിളവിറക്കിയിട്ടുള്ളൂ-ഏതാണ്ട് 60 ലക്ഷം ഹെക്ടറിലധികം ഭൂമിയില്‍ കൃഷിയിറക്കിയിട്ടില്ല. കഴിഞ്ഞവര്‍ഷത്തേതിനെ അപേക്ഷിച്ച് 5 ലക്ഷം ഹെക്ടറോളം ഭൂമിയില്‍ ഇത്തവണ എണ്ണക്കുരു ഇറക്കിയിട്ടില്ല. അതില്‍ത്തന്നെ നിലക്കടലക്കൃഷിയുടെ കാര്യത്തിലാണ് ഏറ്റവുംവലിയ കുറവുണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഒരുലക്ഷത്തോളം ഹെക്ടറില്‍ കരിമ്പ് കൃഷി നടന്നിട്ടില്ല. 2009-10 ല്‍ ഇന്ത്യയുടെ കാര്‍ഷികോല്‍പ്പാദനം 4.7 ശതമാനം കണ്ടെങ്കിലും കുറയുമെന്നാണ് സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കണോമി എന്ന സ്ഥാപനം പ്രവചിക്കുന്നത്. 2008-09ലുണ്ടായ 1.5 ശതമാനത്തിന്റെ ഇടിവിനു പുറമെയാണ് ഇത്.

ഗുരുതരമായ ഈ സ്ഥിതി ജനങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും ഉപജീവനമാര്‍ഗത്തെ രൂക്ഷമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവശ്യസാധന വില ഇനിയും കുതിച്ചുയരും. ഇത്തരമൊരു സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെ ഊഹക്കച്ചവടവും പൂഴ്ത്തിവയ്പ്പുംമൂലം സാധനവില കുത്തനെ ഉയരും. പ്രധാനമന്ത്രി ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി.

"ആവശ്യം വരികയാണെങ്കില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാനും വിപണിയില്‍ ഇടപെടുന്നതിനും നാം മടിക്കുകയില്ല.''

വരള്‍ച്ചയുടെ സ്ഥിതി ദൃശ്യമായിത്തുടങ്ങുംമുമ്പുതന്നെ അവശ്യവസ്തുക്കളുടെ ഊഹക്കച്ചവടംമൂലം വില ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ്സ് കമീഷന്റെ കണക്കനുസരിച്ച്, 2009 ജൂണില്‍മാത്രം ചരക്ക് കൈമാറ്റവിപണിയില്‍ ആകെ 15,64,114.96 കോടി രൂപയുടെ ഊഹക്കച്ചവടം നടന്നു. 2007 ജൂണില്‍ ഇത് 2,21,888.06 കോടി രൂപയുടേതു മാത്രമായിരുന്നെന്ന് നാം ഓര്‍ക്കണം. അതായത് 7 ഇരട്ടിയിലധികം വര്‍ധനയുണ്ടായെന്ന് അര്‍ഥം. അവശ്യവസ്തുക്കളുടെ ഊഹാത്മകമായ അവധിവ്യാപാരത്തിന്റെ കാര്യത്തിലുണ്ടായ അഭൂതപൂര്‍വമായ കുതിച്ചുകയറ്റമാണ് വില കുത്തനെ വര്‍ധിക്കാനിടയാക്കിയത്. വില വര്‍ധിക്കാതെ ലാഭം വര്‍ധിക്കുകയില്ല; ലാഭം വര്‍ധിപ്പിക്കാനാകുന്നില്ലെങ്കില്‍, ഊഹക്കച്ചവടത്തിന്റെ അളവ്, ഇങ്ങനെ വമ്പിച്ച രീതിയില്‍ വര്‍ധിക്കുകയില്ല. അതുകൊണ്ട്, വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെങ്കില്‍, "ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും വിപണിയില്‍ ഇടപെടുമെന്നും'' മറ്റും പ്രധാനമന്ത്രി പറയുന്നത് ഗൌരവമായിട്ടാണെങ്കില്‍, അവശ്യവസ്തുക്കളുടെ ഊഹക്കച്ചവടം ഉടന്‍ നിരോധിക്കണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, പ്രധാനമന്ത്രി പ്രകടിപ്പിച്ച ഉല്‍ക്കണ്ഠ വെറും പൊള്ളയായിത്തന്നെ അവശേഷിക്കും. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി പ്രസ്താവിച്ചത് ഇങ്ങനെയാണ്-

"പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ചില പച്ചക്കറികള്‍ തുടങ്ങിയ ചില അവശ്യവസ്തുക്കളുടെ കാര്യത്തില്‍ വില വര്‍ധിക്കുന്ന പ്രവണത ഈയിടെ ദൃശ്യമാകുകയുണ്ടായി. അവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് കേന്ദ്രഗവമെന്റും സംസ്ഥാന ഗവമെന്റുകളും യോജിച്ചു പ്രവര്‍ത്തിക്കണം. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തണം. ദരിദ്രരുടെ കാര്യത്തില്‍ പ്രത്യേകിച്ചും വിലക്കയറ്റത്തില്‍നിന്ന് അവരെ സംരക്ഷിച്ചുനിര്‍ത്തുന്ന സംരക്ഷണമാര്‍ഗമാണല്ലോ പൊതുവിതരണസംവിധാനം. കച്ചവടക്കാര്‍ക്ക് കൈവശംവയ്ക്കാവുന്ന സ്റ്റോക്കിന്റെ പരിധി നിശ്ചയിച്ച് ഇതു ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും പൂഴ്ത്തിവയ്പ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും എതിരായി കര്‍ശന നടപടികള്‍ കൈക്കൊള്ളുകയും വേണം.''

വരള്‍ച്ചാ പരിതഃസ്ഥിതി തരണംചെയ്യാനും അവശ്യവസ്തു വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സംസ്ഥാന ഗവമെന്റുകള്‍ കൈക്കൊള്ളുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി തുടര്‍ന്ന് ഇങ്ങനെ പ്രസ്താവിച്ചു. "ഏതായാലും പൌരന്മാരെ പട്ടിണിക്കിടുന്ന പ്രശ്നമേയില്ല.'' ഇതുചെയ്യണമെങ്കില്‍ എല്ലാ അവശ്യവസ്തുക്കളുടെയും ഊഹക്കച്ചവടം രണ്ടാം യുപിഎ സര്‍ക്കാര്‍ ഉടന്‍ നിരോധിക്കണം; ഭക്ഷ്യ എണ്ണകളും പഞ്ചസാരയും മറ്റ് അവശ്യവസ്തുക്കളും റേഷന്‍ ഷോപ്പുകളിലൂടെ വിതരണംചെയ്യുന്ന ഇനങ്ങളില്‍ ഉള്‍പ്പെടുത്തണം. എല്ലാത്തിലുമുപരിയായി പൊതുവിതരണ വ്യവസ്ഥ സാര്‍വത്രികമാക്കണം. ജനങ്ങള്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി മേല്‍പ്പറഞ്ഞ നടപടി യുപിഎ ഗവമെന്റിനെക്കൊണ്ട് പ്രാവര്‍ത്തികമാക്കാനായി, കേന്ദ്രഗവമെന്റിനുമേല്‍ ശക്തമായ ജനകീയ സമ്മര്‍ദം കൊണ്ടുവരേണ്ടതുണ്ട്. സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതമയമായിത്തീരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അടിയന്തരമായും ഫലപ്രദമായുമുള്ള നടപടി ഗവമെന്റിനെക്കൊണ്ട് സ്വീകരിപ്പിക്കാന്‍ ജനകീയ സമരങ്ങളുടെ ശക്തി അനിവാര്യമാണെന്ന് ആത്യന്തിക വിശകലനത്തില്‍ വ്യക്തമാകുന്നതാണ്.

സീതാറാം യെച്ചൂരി

1 comment:

  1. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും വരള്‍ച്ചയുടെ ഭയാനക സ്ഥിതി സംജാതമായിരിക്കുന്നു. ജനങ്ങളില്‍ മഹാ ഭൂരിപക്ഷത്തിന്റെയും ഉപജീവനമാര്‍ഗത്തിനു നേര്‍ക്ക് ഉയര്‍ന്നുവന്ന ഭീഷണി കൂടുതല്‍ രൂക്ഷമാകാന്‍ പോകുന്നു. എല്ലാ അവശ്യസാധനത്തിന്റെയും വില കുത്തനെ ഉയരുന്നതിനാല്‍ ദുരിതത്തിലകപ്പെട്ട ജനങ്ങളുടെ ദുരിതം ഇതുമൂലം കൂടുതല്‍ വര്‍ധിക്കും. മൊത്തവില സൂചികയും ഉപഭോക്തൃ വിലസൂചികയും തമ്മിലുള്ള വിടവ് കുടുകയാണ്. മൊത്തവില സൂചികയുടെ വളര്‍ച്ച മൈനസ് 1.6 ആയി താഴ്ന്നിരിക്കുന്നെങ്കിലും ഉപഭോക്തൃ വിലസൂചികയുടെ വളര്‍ച്ച (അവയില്‍വച്ച് പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കളുടെ വില)10 ശതമാനത്തിലധികം ആയിരിക്കുന്നു. ഇതിനൊക്കെ മേലെയാണ് വരള്‍ച്ചയുടെ സ്ഥിതിവിശേഷം വന്നുചേര്‍ന്നത്. ഗ്രാമീണ ഇന്ത്യയിലെ വലിയഭാഗത്ത് ഇതു പ്രത്യക്ഷത്തില്‍ത്തന്നെ ദുരിതം വിതയ്ക്കുന്നതിനു പുറമെ ഉല്‍പ്പാദനം കുറയുന്നതുമൂലം അവശ്യവസ്തു വില വീണ്ടും ഉയരുന്നതിനും അത് ഇടയാക്കും.

    ReplyDelete