Sunday, August 9, 2009

പെയ്‌ഡ് ന്യൂസ് സിന്‍ഡ്രോം

പണം വാങ്ങി വാര്‍ത്ത കൊടുക്കുന്ന ('പെയ്ഡ് ന്യൂസ് സിന്‍ഡ്രോം') രോഗാതുരാവസ്ഥയിലേക്ക് ഇന്ത്യന്‍മാധ്യമങ്ങള്‍ മാറിയെന്ന് പ്രസ് കൌസില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റീസ് ജി എന്‍ റേ പറഞ്ഞു. ഐജെയു സംഘടിപ്പിച്ച 'തെരഞ്ഞെടുപ്പുകളില്‍ പണാധിപത്യം' എന്ന സെമിനാര്‍ പാലക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റ് മേഖലകളിലെല്ലാം കച്ചവടം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍, ജനകീയ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന വേളയില്‍ പോലും പണാധിപത്യവും പേശീബലവും കൊണ്ടുവരുന്ന പ്രവണതയുണ്ട്. ഇതിനെ ചെറുത്ത് ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്താണ് ഈ പ്രവണത കൂടുതലായി കണ്ടത്. ഇതു സംബന്ധിച്ച് ജനങ്ങളില്‍നിന്ന് ധാരാളംപരാതികള്‍ പ്രസ് കൌസിലിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ്തെരഞ്ഞെടുപ്പുസമയത്ത് 100 ബില്യണ്‍ രൂപയാണ് ഏപ്രില്‍ 16മുതലുള്ള ഒരു മാസക്കാലം ഇലക്ഷനു വേണ്ടി വന്ന ചെലവ്. ഇതില്‍ 20 മില്യണ്‍ രൂപ മാത്രമേ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായുള്ളൂ. ബാക്കി തുകയത്രയും പ്രചരണങ്ങള്‍ക്കും മറ്റുമാണ് ഉപയോഗിച്ചത്. ഇതില്‍ ഒരുവിഹിതം മാധ്യമങ്ങളെ സ്വാധീനിക്കാനാണ് രാഷ്ട്രീയപാര്‍ടികള്‍ നീക്കിവച്ചതെന്ന് 'സെന്റര്‍ ഓഫ് മീഡിയ സ്റ്റഡീസ്' നടത്തിയ പഠനത്തില്‍ പറയുന്നു. ഇത് ഉത്തരവാദിത്തത്തില്‍നിന്ന് മാധ്യമങ്ങള്‍ വ്യതിചലിക്കുന്നതിന്റെ ലക്ഷണമാണ്. ആദര്‍ശംവിട്ട് അഴിമതിക്ക് വശംവദരായി ജോലി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കപ്പെടുന്നു. പണത്തിന്റെ സ്വാധീനത്തില്‍ മൂല്യങ്ങളെ നശിപ്പിക്കുകയും മറക്കുകയും ചെയ്യുന്നു. എഡിറ്റര്‍മാര്‍പോലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. ഇത് മാധ്യമങ്ങളുടെ അന്തസ്സ് കളഞ്ഞുകുളിച്ചു. അച്ചടിമാധ്യമരംഗത്താണ് ഈ പ്രവണത കൂടുതലായി കാണുന്നത്. മാര്‍ക്കറ്റിനെ ആശ്രയിച്ച് നീങ്ങുന്നതുകൊണ്ടാണിത്. തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുപകരം സ്ഥാനാര്‍ഥികളുടെ ഗ്ളാമറിനുപിറകേ പോയി വാര്‍ത്തകളില്‍ സെന്‍സേഷണലിസം കൊണ്ടുവരികയാണ് മാധ്യമങ്ങള്‍. ഇങ്ങനെ വ്യക്തികളെ മഹത്വവല്‍ക്കരിച്ച് യഥാര്‍ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ തമസ്കരിക്കുകയാണ്. കോര്‍പറേറ്റ്വല്‍ക്കരണവും ഉത്തരവാദിത്തത്തില്‍നിന്നുള്ള വ്യതിയാനവും മാധ്യമങ്ങളെ പിടിമുറുക്കി.

3 comments:

  1. മറ്റ് മേഖലകളിലെല്ലാം കച്ചവടം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍, ജനകീയ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന വേളയില്‍ പോലും പണാധിപത്യവും പേശീബലവും കൊണ്ടുവരുന്ന പ്രവണതയുണ്ട്. ഇതിനെ ചെറുത്ത് ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതുണ്ട്.

    ReplyDelete
  2. തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തുക വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തകര്‍ തൊഴിലിനെ വ്യഭിചരിച്ചതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍.
    മാധ്യമ പ്രവര്‍ത്തകനായിരുന്ന എന്‍. നരേന്ദ്രന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില പത്രങ്ങളും ചാനലുകളും പണം വാങ്ങി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി വാര്‍ത്ത സൃഷ്ടിച്ചു. കോടികളാണ് ഇതിനായി ഒഴുകിയത്. ഇത് സംബന്ധിച്ച് പ്രസ് കൌണ്‍സിലിന് നല്‍കിയ പരാതിയില്‍ സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമിതിയെ നിയോഗിച്ചാല്‍, നേരിട്ട് ഹാജരായി തെളിവ് നല്‍കാമെന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത നേതാവ് തന്നോട് സമ്മതിച്ചിട്ടുണ്ട്. പണം നല്‍കി വാര്‍ത്ത സൃഷ്ടിച്ചത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനിലെ രണ്ടംഗങ്ങളുമായി അനൌപചാരിക ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കാമെന്ന് അവരും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ നാല് തൂണുകളും അഴിമതിക്കതീതമായിരിക്കണം. നാല് തൂണുകളിലൊന്ന് സംശയത്തിന്റെ നിഴലിലാണ്. മറ്റ് മൂന്നെണ്ണത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല.

    കോടിക്കണക്കിനാളുകള്‍ പട്ടിണി കിടക്കുന്ന രാജ്യത്ത് എന്ത് ജനാധിപത്യമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മനുഷ്യാവകാശത്തെ കുറിച്ചാണ് ഭരണാധികാരികള്‍ സംസാരിക്കുന്നത്. പകുതിയോളം പേര്‍ ദാരിദ്യ്രത്തില്‍ കഴിയുന്ന രാജ്യത്താണ് മനുഷ്യാവകാശത്തെ കുറിച്ച് പറയുന്നത്. പോലിസും ഭരണാധികാരികളും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണ്. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ പോലിസിന്റെ ബജറ്റ് അയ്യായിരം ഇരട്ടി വര്‍ധിച്ചു. മന്ത്രിമാര്‍ക്കും ചില വ്യക്തികള്‍ക്കും സുരക്ഷക്ക് വേണ്ടിയാണ് പ്രധാനമായും തുക ചെലവഴിക്കുന്നത്. വികസനത്തിന് ആരും എതിരല്ല. എന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കണം. അരനൂറ്റാണ്ട് മുമ്പ് ഭക്രാനംഗല്‍ പദ്ധതിക്ക് കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ പുനരധിവസിക്കപ്പെടാത്തവര്‍ ഇപ്പോഴുമുണ്ട്. ഭൂരിപക്ഷം ആദിവാസികളുടെയും ഭൂമി വികസനത്തിന് ഏറ്റെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിലൂടെ സത്യം പുറത്ത് വരാത്തതിനാല്‍ ഇത്തരം പ്രശ്നങ്ങളില്‍ പ്രതികരണങ്ങള്‍ ഇല്ലാതെ പോകുന്നു.

    വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പല വിവരങ്ങളും മറച്ചുവെക്കുന്നതായി അദ്ദേഹം ആരോപിച്ചു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം, 1962ലെ ചൈന ആക്രമണം തുടങ്ങിയ കാര്യങ്ങളിലൊന്നിലും മറുപടി കിട്ടിയിട്ടില്ല. ഇത്തരം വിവരങ്ങള്‍ എന്തിനാണ് മറച്ചുപിടിക്കുന്നതെന്നും നയ്യാര്‍ ചോദിച്ചു.

    madhyamam news

    ReplyDelete
  3. .പാലക്കാട്: ആവിഷ്കാരസ്വാതന്ത്യ്രത്തിന്റെ പേരില്‍ എന്തും പ്രസിദ്ധീകരിക്കാനുള്ള അവകാശമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ധരിക്കരുതെന്ന് പ്രസ് കൌസില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി എന്‍ റേ പറഞ്ഞു. തെറ്റായ വാര്‍ത്ത നല്‍കി ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയും സ്വീകാര്യതയും മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലാതാക്കരുത്. പ്രസ് കൌസിലിനുമുന്നില്‍ വരുന്ന പരാതികളില്‍ ഭൂരിഭാഗവും തെറ്റായ വാര്‍ത്തകളെ സംബന്ധിച്ചാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാലക്കാട് ഗസ്റ്റ്ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകനെതിരെ നടപടിയെടുത്തതിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ സ്വാതന്ത്യ്രം സംരക്ഷിക്കാനാണ് പ്രസ് കൌസില്‍ മുന്‍ഗണന നല്‍കുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങളെയും അച്ചടിമാധ്യമങ്ങളെയും വിലയിരുത്താന്‍ കമീഷന്‍ രൂപീകരിക്കണം. മാധ്യമങ്ങളുടെ പ്രവര്‍ത്തനവും പ്രശ്നങ്ങളും പഠിക്കാനും നിര്‍ദേശം സമര്‍പ്പിക്കാനും കമീഷന്‍ ആവശ്യമാണ്. ഇക്കാര്യം നാലുവര്‍ഷമായി പ്രസ് കൌസില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അച്ചടിമാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന പ്രസ്കൌസില്‍ പോലൊരു സംവിധാനം ദൃശ്യമാധ്യമങ്ങള്‍ക്കില്ല. മുംബൈ ആക്രമണത്തെത്തുടര്‍ന്ന് ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്ററി കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ദൃശ്യമാധ്യമങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete