Sunday, September 13, 2009

വിദ്യാഭ്യാസ സ്വകാര്യവല്‍ക്കരണം ലോകബാങ്ക് നിര്‍ദേശം

ഹയര്‍സെക്കന്‍ഡറിതലംവരെയുള്ള വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കാനുള്ള യുപിഎ സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ ലോകബാങ്ക് നിര്‍ദേശം. പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭത്തിന്റെ മറവില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം തയ്യാറാക്കിയ സമീപനരേഖയിലാണ് ലോകബാങ്ക് താല്‍പ്പര്യം മറനീക്കിയത്. കൊളംബിയ, ഡൊമിനിക്കന്‍ റിപ്പബ്ളിക്, ഫിലിപ്പീന്‍സ്, താന്‍സാനിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങള്‍ വിദ്യാഭ്യാസമേഖലയെ മെച്ചപ്പെടുത്തിയെന്ന ലോകബാങ്ക് അവകാശവാദം ഉയര്‍ത്തിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സമീപന രേഖ തയാറാക്കിയത്. പൊതുവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ മുതല്‍മുടക്ക് ഇല്ലാതാക്കുക, സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളാണ് ലോകബാങ്കിനുള്ളത്. ലോകബാങ്കിന് പൂര്‍ണമായും വിധേയമാകുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇത് ഏറെക്കുറെ നടപ്പാക്കി. പ്രാഥമിക- സെക്കന്‍ഡറി തലങ്ങളിലെ സ്കൂളുകള്‍കൂടി സ്വകാര്യവല്‍ക്കരിക്കുകയാണ്് ലോകബാങ്ക് ലക്ഷ്യം. കൊളംബിയ തുടങ്ങിയ അഞ്ച് രാജ്യത്ത് പൊതു- സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താരതമ്യം ചെയ്ത് 1995ല്‍ ലോകബാങ്ക് പ്രസിദ്ധീകരിച്ച 'വികസ്വരരാജ്യങ്ങളിലെ പൊതു-സ്വകാര്യ സെക്കന്‍ഡറി വിദ്യാഭ്യാസം: ഒരു താരതമ്യപഠനം' എന്ന രേഖ ഉദ്ധരിച്ചാണ് കേന്ദ്ര മാനവശേഷി വികസന വകുപ്പ് സമീപനരേഖ തയ്യാറാക്കിയത്. വിദ്യാഭ്യാസത്തിനുള്ള ചെലവ് സ്വകാര്യസ്കൂളുകളില്‍ കുറവാണ് എന്നതാണ് ലോകബാങ്ക് പഠനത്തിലെ പ്രധാന 'കണ്ടെത്തല്‍'.

സര്‍ക്കാര്‍ സ്കൂളുകളില്‍ ചെലവുകൂടാനുള്ള കാരണമായി വിചിത്രമായ വസ്തുതകളാണ് നിരത്തിയിരിക്കുന്നത്. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളവും മറ്റ് ചെലവുകളും കൂടുതലാണ്, അധ്യാപക പരിശീലനത്തിന് സര്‍ക്കാരിന് കൂടുതല്‍ ചെലവുചെയ്യേണ്ടിവരുന്നു തുടങ്ങിയ വാദമാണ് പഠനത്തില്‍. സ്വകാര്യ സ്കൂളുകളില്‍ ഇത് വളരെ കുറവാണെന്നും ലോകബാങ്ക് പറയുന്നു. സ്വകാര്യമേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് നല്ല വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നും ലോകബാങ്ക് രേഖയില്‍ പറയുന്നു. സ്വകാര്യമേഖലയ്ക്ക് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്നും നിര്‍ദേശിക്കുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ പ്രാഥമിക വിദ്യാലയങ്ങളില്‍ 90 ശതമാനവും സെക്കന്‍ഡറിവിദ്യാലയങ്ങളില്‍ 70 ശതമാനവും പൊതുമേഖലയിലാണ്. ഈ സ്കൂളുകളെ സ്വകാര്യവല്‍ക്കരിച്ച് വിദ്യാഭ്യാസം കച്ചവടമാക്കുമ്പോള്‍ സ്വകാര്യമേഖലയ്ക്കുണ്ടാകുന്ന വമ്പിച്ച നേട്ടമാണ് ലോകബാങ്ക് നയത്തിന്റെ അടിസ്ഥാനം. യുപിഎ സര്‍ക്കാരിന്റെ മനസ്സിലിരുപ്പും ഇതുതന്നെ.

വി ജയിന്‍ Deshabhimani

1 comment:

  1. ഹയര്‍സെക്കന്‍ഡറിതലംവരെയുള്ള വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കാനുള്ള യുപിഎ സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ ലോകബാങ്ക് നിര്‍ദേശം. പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭത്തിന്റെ മറവില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം തയ്യാറാക്കിയ സമീപനരേഖയിലാണ് ലോകബാങ്ക് താല്‍പ്പര്യം മറനീക്കിയത്. കൊളംബിയ, ഡൊമിനിക്കന്‍ റിപ്പബ്ളിക്, ഫിലിപ്പീന്‍സ്, താന്‍സാനിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങള്‍ വിദ്യാഭ്യാസമേഖലയെ മെച്ചപ്പെടുത്തിയെന്ന ലോകബാങ്ക് അവകാശവാദം ഉയര്‍ത്തിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സമീപന രേഖ തയാറാക്കിയത്. പൊതുവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ മുതല്‍മുടക്ക് ഇല്ലാതാക്കുക, സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളാണ് ലോകബാങ്കിനുള്ളത്. ലോകബാങ്കിന് പൂര്‍ണമായും വിധേയമാകുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇത് ഏറെക്കുറെ നടപ്പാക്കി. പ്രാഥമിക- സെക്കന്‍ഡറി തലങ്ങളിലെ സ്കൂളുകള്‍കൂടി സ്വകാര്യവല്‍ക്കരിക്കുകയാണ്് ലോകബാങ്ക് ലക്ഷ്യം. കൊളംബിയ തുടങ്ങിയ അഞ്ച് രാജ്യത്ത് പൊതു- സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താരതമ്യം ചെയ്ത് 1995ല്‍ ലോകബാങ്ക് പ്രസിദ്ധീകരിച്ച 'വികസ്വരരാജ്യങ്ങളിലെ പൊതു-സ്വകാര്യ സെക്കന്‍ഡറി വിദ്യാഭ്യാസം: ഒരു താരതമ്യപഠനം' എന്ന രേഖ ഉദ്ധരിച്ചാണ് കേന്ദ്ര മാനവശേഷി വികസന വകുപ്പ് സമീപനരേഖ തയ്യാറാക്കിയത്. വിദ്യാഭ്യാസത്തിനുള്ള ചെലവ് സ്വകാര്യസ്കൂളുകളില്‍ കുറവാണ് എന്നതാണ് ലോകബാങ്ക് പഠനത്തിലെ പ്രധാന 'കണ്ടെത്തല്‍'.

    ReplyDelete