Thursday, October 8, 2009

ഇന്ത്യയുടെ 134-ാം സ്ഥാനം

ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചും ഉയര്‍ച്ചയെക്കുറിച്ചും അഹങ്കാരത്തോടെ വാചകമടിക്കുന്ന യുപിഎ നേതൃത്വത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഐക്യരാഷ്ട്ര സഭയുടെ വികസന റിപ്പോര്‍ട്ട്. വര്‍ഷംതോറും തയ്യാറാക്കുന്ന മാനവിക വികസന സൂചികയനുസരിച്ച് 184 ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 134 ആണെന്ന് ആ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2006ല്‍ 128-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ പിന്തള്ളി ആറുരാജ്യങ്ങള്‍ മുന്നോട്ടുപോയി. അയല്‍രാജ്യങ്ങളായ ചൈനയ്ക്കും ശ്രീലങ്കയ്ക്കും ഭൂട്ടാനും പുറകിലാണ് ഇന്ത്യ. ചൈനയുടെ സ്ഥാനം 92 ആണ്. നോര്‍വെയാണ് ഒന്നാംസ്ഥാനത്ത്. തുടര്‍ന്ന് ഓസ്ട്രേലിയ, ഐസ്ലാന്‍ഡ്, കനഡ, അയര്‍ലന്‍ഡ് എന്നിവ. അമേരിക്ക പന്ത്രണ്ടാം സ്ഥാനത്തുനിന്ന് പതിമൂന്നിലേക്ക് താണു. ഇന്ത്യ പിന്നോട്ടുപോയപ്പോള്‍ ചൈന 99-ാം സ്ഥാനത്തുനിന്ന് 92ലെത്തി. ആയുര്‍ദൈര്‍ഘ്യം, സാക്ഷരത, വിദ്യാലയ പ്രവേശന നിരക്ക്, പ്രതിശീര്‍ഷ വരുമാനം തുടങ്ങിയ മാനദണ്ഡങ്ങളാണ് മാനവിക വികസന സൂചികയ്ക്ക് ആധാരം. 2007ലെ കണക്കാണ് ഇതെന്നിരിക്കെ, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മോശമായ കണക്കുകളാണ് ഉണ്ടാവുകയെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെടുന്ന വളര്‍ച്ചയുടെ പൊള്ളത്തരമാണ് ഈ റിപ്പോര്‍ട്ടിലുടെ വ്യക്തമാക്കപ്പെടുന്നത്. സാധാരണ ജനങ്ങളുടെ ജീവിത നിലവാരം താഴോട്ടാണ്. യുപിഎ സര്‍ക്കാരില്‍നിന്ന് സഹായവും ആനുകൂല്യവും ലഭിക്കുന്നത് വന്‍കിട ബൂര്‍ഷ്വാസിക്കാണ്. ഉയര്‍ന്ന 'വളര്‍ച്ച' കൈവരിച്ചു എന്ന അവകാശവാദം വന്‍കിട ബൂര്‍ഷ്വാസി വാരിക്കൂട്ടിയ നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

2004ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം ഒന്‍പതായിരുന്നത് 2008 ആയപ്പോള്‍ 53 ആയി വര്‍ധിച്ചു എന്ന ഒറ്റക്കണക്കുമതി അതു തെളിയിക്കാന്‍. ഈ കാലയളവില്‍ 10 കോര്‍പറേറ്റ് കുടുംബത്തിന്റെ ആസ്തി മൂന്നിരട്ടിയാണ് വര്‍ധിച്ചത്- 2003-04 ല്‍ 3,54,000 കോടി രൂപയായിരുന്നത് 10,34,000 കോടി രൂപയായി. അതേ സമയം, കഴിഞ്ഞ പതിറ്റാണ്ടില്‍ രാജ്യത്തെ പട്ടണങ്ങളിലെ ദാരിദ്ര്യം ആറുശതമാനം വര്‍ധിച്ചു. പട്ടണങ്ങളിലെ ദരിദ്രരില്‍ മഹാഭൂരിപക്ഷവും അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരാണ്. ദിവസം 20 രൂപയില്‍ താഴെ മാത്രമേ അവര്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്നുള്ളൂ. പട്ടണങ്ങളിലെ 34 ശതമാനം കുടുംബങ്ങള്‍ക്കും പരിസരത്ത് കുടിവെള്ളസ്രോതസ്സില്ല. 30 ശതമാനം ആളുകള്‍ക്ക് സ്വന്തം വീടുകളില്‍ കക്കൂസില്ല. ഡല്‍ഹിയിലെ ചേരികളില്‍ താമസിക്കുന്നവരില്‍ 10 ശതമാനത്തിനു മാത്രമേ ശുചീകരണ സൌകര്യം ലഭ്യമാകുന്നുള്ളൂ. ഡല്‍ഹിയിലെ ചേരികളില്‍ 85 ശതമാനത്തിലും പൊതുകക്കൂസുകള്‍ പോലുമില്ല ഇന്ത്യന്‍ ജനസംഖ്യയിലെ വലിയ വിഭാഗത്തെ നിരന്തരമായി പട്ടിണി വേട്ടയാടുന്നു.

ഇപ്പോള്‍ വന്ന യുന്‍ റിപ്പോര്‍ട്ടില്‍ മാത്രമല്ല, അന്തര്‍ദേശീയ ഭക്ഷ്യഗവേഷണ ഇന്‍സ്റിറ്റ്യൂട്ടും (ഐഎഫ്പിആര്‍ഐ) ആഗോളപട്ടിണി സൂചകവും (ജിഎച്ച്ഐ) 88 വികസ്വരരാജ്യങ്ങളില്‍ ഭീകരമായ പട്ടിണിയുള്ള വിഭാഗത്തില്‍ ഇന്ത്യയെ 66-ാം സ്ഥാനത്താണ് നിര്‍ത്തിയത്. ഗ്രാമീണജനതയില്‍ 80 ശതമാനവും നഗരജനതയില്‍ 64 ശതമാനവും മൊത്തം ജനസംഖ്യയില്‍ 76 ശതമാനവും കലോറിക്കുറവിന്റെയും ഭക്ഷ്യലഭ്യതയുടെയും കാര്യത്തില്‍ ദുരിതം അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. യുപിഎ സര്‍ക്കാര്‍ കാര്‍ഷിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, കര്‍ഷക കടാശ്വാസ പദ്ധതി, ഗിരിവര്‍ഗ ജനതയ്ക്ക് ഭൂമിയില്‍ അവകാശം ഉറപ്പാക്കുന്ന ഗിരിവര്‍ഗ വനാവകാശനിയമം എന്നിങ്ങനെയുള്ള ചില നടപടികളെങ്കിലും ഏറ്റെടുത്തത് ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിന്റെ ഫലമായിട്ടായിരുന്നുവെന്നതും ഓര്‍ക്കേണ്ടതുണ്ട്. ആഗോള പ്രതിസന്ധിയോടും ഇന്ത്യയില്‍ അതിന്റെ പ്രത്യാഘാതത്തോടുമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രതികരണം തികച്ചും അപര്യാപ്തമായിരുന്നു. ലോകമാകെ നവലിബറല്‍ നയങ്ങളെ നിരാകരിക്കുമ്പോഴും കോണ്‍ഗ്രസ് നവലിബറല്‍ നയപരിപാടികളില്‍ മുറുകെപ്പിടിക്കുകയാണുണ്ടായത്.

പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനുള്ള മാര്‍ഗം പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കലും ശക്തിപ്പെടുത്തലും വില നിയന്ത്രണവും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയലുമാണ്. എന്നാല്‍ യുപിഎ ഗവമെന്റ് പൊതുവിതരണ സംവിധാനത്തെ ഘട്ടംഘട്ടമായി തകര്‍ത്തുകളയുകയും അഗ്രി ബിസിനസുകളെയും സ്ഥാപനങ്ങളെയും സ്വകാര്യ വ്യാപാരികളെയും വളരാന്‍ അനുവദിച്ച് മുതലക്കണ്ണീരൊഴുക്കുകയുമാണ് ചെയ്യുന്നത്. യുപിഎ ഗവമെന്റിന് ഇടതുപക്ഷം പിന്തുണ നല്‍കിയ ഘട്ടത്തില്‍ നയപരമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളില്‍ പ്രധാനപ്പെട്ടത് ഭക്ഷ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. ദേശീയപൊതുമിനിമം പരിപാടിയിലുള്ള നിബന്ധനകളോടു കൂടിയ പ്രതിബദ്ധത കാണിക്കുന്നതിനു പകരം യുപിഎ ഗവമെന്റ് ഭക്ഷ്യസുരക്ഷ അട്ടിമറിക്കുന്നതിലേക്കാണ് നീങ്ങിയത്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയ്ക്കുണ്ടായ അപ്രതീക്ഷിത മുന്നേറ്റം സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്ക് വേഗം കൂട്ടുകയാണുണ്ടായത്.

ഇതിന്റെയെല്ലാം ഫലമായാണ് ലോകരാജ്യങ്ങളില്‍ 134-ാമത്തെ സ്ഥാനത്തേക്ക് ഇന്ത്യ ചെന്നുപതിച്ചത്. ഇതില്‍കൂടുതല്‍ ഇനി താഴാന്‍ ഏറെയില്ല. എന്നാല്‍, ജനങ്ങളുടെ ജീവിതദുരിതം വര്‍ധിപ്പിക്കുന്ന നടപടികള്‍ വിദേശകരാറുകളുടെ രൂപത്തിലും കോര്‍പറേറ്റുകള്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതിലൂടെയും വന്നുകൊണ്ടിരിക്കുകയുമാണ്. ആസിയന്‍ കരാറും ആണവകരാറും ഡബ്ള്യുടിഒ ചര്‍ച്ചകളും ഇന്ത്യയെ ഇനിയും ഉയര്‍ച്ചയിലേക്ക് നയിക്കും എന്ന് പ്രചരിപ്പിക്കുന്നവര്‍ യുഎന്‍ റിപ്പോര്‍ട്ടിലേക്കും കണ്ണോടിക്കണം. 53 ശതകോടീശ്വരന്മാര്‍ തടിച്ചുകൊഴുത്താല്‍ ഉയരുന്നതല്ല ഇന്ത്യയുടെ വളര്‍ച്ചയുടെ ഗ്രാഫ് എന്നും ഗ്രാമ-നഗരങ്ങളിലെ ജനങ്ങള്‍ വയറുനിറച്ച് ഭക്ഷണം കഴിക്കുന്ന അവസ്ഥയാണ് ആദ്യം ഉണ്ടാകേണ്ടതെന്നും അവര്‍ തിരിച്ചറിഞ്ഞേ തീരൂ. സ്വാതന്ത്ര്യം കിട്ടി ആറ് പതിറ്റാണ്ടുകഴിഞ്ഞ ഇന്ത്യയെ 134-ാം സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞതിന്റേതാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്ന വളര്‍ച്ച എന്നത് തിരിച്ചറിയാതെ പോകുന്നത് അപകടമാണ്.

ദേശാഭിമാനി മുഖപ്രസംഗം 08 ഒക്ടോബര്‍ 2009

4 comments:

  1. ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചും ഉയര്‍ച്ചയെക്കുറിച്ചും അഹങ്കാരത്തോടെ വാചകമടിക്കുന്ന യുപിഎ നേതൃത്വത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഐക്യരാഷ്ട്ര സഭയുടെ വികസന റിപ്പോര്‍ട്ട്. വര്‍ഷംതോറും തയ്യാറാക്കുന്ന മാനവിക വികസന സൂചികയനുസരിച്ച് 184 ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 134 ആണെന്ന് ആ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2006ല്‍ 128-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ പിന്തള്ളി ആറുരാജ്യങ്ങള്‍ മുന്നോട്ടുപോയി. അയല്‍രാജ്യങ്ങളായ ചൈനയ്ക്കും ശ്രീലങ്കയ്ക്കും ഭൂട്ടാനും പുറകിലാണ് ഇന്ത്യ. ചൈനയുടെ സ്ഥാനം 92 ആണ്. നോര്‍വെയാണ് ഒന്നാംസ്ഥാനത്ത്. തുടര്‍ന്ന് ഓസ്ട്രേലിയ, ഐസ്ലാന്‍ഡ്, കനഡ, അയര്‍ലന്‍ഡ് എന്നിവ. അമേരിക്ക പന്ത്രണ്ടാം സ്ഥാനത്തുനിന്ന് പതിമൂന്നിലേക്ക് താണു. ഇന്ത്യ പിന്നോട്ടുപോയപ്പോള്‍ ചൈന 99-ാം സ്ഥാനത്തുനിന്ന് 92ലെത്തി. ആയുര്‍ദൈര്‍ഘ്യം, സാക്ഷരത, വിദ്യാലയ പ്രവേശന നിരക്ക്, പ്രതിശീര്‍ഷ വരുമാനം തുടങ്ങിയ മാനദണ്ഡങ്ങളാണ് മാനവിക വികസന സൂചികയ്ക്ക് ആധാരം. 2007ലെ കണക്കാണ് ഇതെന്നിരിക്കെ, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മോശമായ കണക്കുകളാണ് ഉണ്ടാവുകയെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെടുന്ന വളര്‍ച്ചയുടെ പൊള്ളത്തരമാണ് ഈ റിപ്പോര്‍ട്ടിലുടെ വ്യക്തമാക്കപ്പെടുന്നത്. സാധാരണ ജനങ്ങളുടെ ജീവിത നിലവാരം താഴോട്ടാണ്. യുപിഎ സര്‍ക്കാരില്‍നിന്ന് സഹായവും ആനുകൂല്യവും ലഭിക്കുന്നത് വന്‍കിട ബൂര്‍ഷ്വാസിക്കാണ്. ഉയര്‍ന്ന 'വളര്‍ച്ച' കൈവരിച്ചു എന്ന അവകാശവാദം വന്‍കിട ബൂര്‍ഷ്വാസി വാരിക്കൂട്ടിയ നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

    ReplyDelete
  2. മന്മോഹന്‍ കീ ജയ്.

    ReplyDelete
  3. ജന്‍ശക്തീ സമ്മതിച്ചിരിക്കുന്നു നിങ്ങളെ,


    CPM എന്ന പാര്‍ട്ടിയുടെ ആസ്തിയും 2004 നെ അപേഷിച്ചു മൂന്നിരട്ടി മാത്രമാണൊ ഉയര്‍ന്നതു? അല്ലാ 2004 അവര്‍ക്കു 65 എം പി മാര്‍, ഇപ്പൊ 24 അങ്ങനെയാണെങ്കില്‍ ഈ കാലയളവില്‍ ആസ്തി കുറഞ്ഞാ? അല്ലാ ഈ കാലയളവു ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും മാത്രമേ ബാധകമുള്ളൂ?

    പാര്‍ട്ടിയുടെയും നേതാക്കന്മാരുടെയും ആസ്തിയെയും ഇവിടെ ഒന്നു കമന്റ് രൂപത്തില്‍ പ്രതിപാദിച്ചാല്‍ നമുക്ക് ശരിക്കും ഇന്ത്യയുടെ ഗതി മനസ്സിലാകും. പിന്നെ നമ്മുടെ ലാവ്ലിന്‍പിണറായി സഖാവിന്റെ കോടതി ചെലവും ഉണ്ടായാല്‍ ശരാശരി ഇന്ത്യക്കാരന്റെ വളര്‍ച്ചയെ
    കുറിച്ചറിയാന്‍ ഐക്യരാഷ്ട്ര സഭയുടെ വികസന റിപ്പോര്‍ട്ട് നോക്കെണ്ട വരില്ലാ.

    ReplyDelete
  4. പിന്നെ നമ്മുടെ ലാവ്ലിന്‍പിണറായി സഖാവിന്റെ കോടതി ചെലവും ...

    how about his son's education fees? yeaa.. poor indians :)

    ReplyDelete