Friday, October 2, 2009

മനോരമക്കണ്ണുകളില്‍ രാഷ്ട്രീയ തിമിരം

നാടാകെ കരഞ്ഞ തേക്കടി ദുരന്തത്തിലും മനോരമ ചാനല്‍ കണ്ണുകളില്‍ നിറഞ്ഞത് രാഷ്ട്രീയതിമിരം. ഊണും ഉറക്കവുമില്ലാതെ 12 മണിക്കൂര്‍ തുടര്‍ച്ചയായി സേവനം ചെയ്ത മെഡിക്കല്‍ സംഘത്തിനെതിരെയാണ് 'മനോരമ' കള്ളക്കഥ മെനഞ്ഞത്. മരിച്ച ആരോരുമറിയാത്തവരുടെ 'ബന്ധുക്കളില്‍' നിന്ന് ആശുപത്രിയിലുള്ളവര്‍ പണം വാങ്ങിയെന്നായിരുന്നു വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ ചാനലില്‍ ഫ്ളാഷ് മിന്നിയത്. ഇതറിഞ്ഞ് ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘം തെറ്റായ വാര്‍ത്തയില്‍ പ്രകോപിതരായി. ദുരന്തത്തില്‍ മരിച്ച ഹൈദരാബാദ് സ്വദേശികളുടെ ബന്ധുക്കളില്‍ നിന്ന് ആശുപത്രിയിലുള്ളവര്‍ കൈക്കൂലി വാങ്ങിയെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്. ചാനലില്‍ ഫ്ളാഷ് വന്നുതുടങ്ങിയപ്പോള്‍ വാഹനത്തിനടുത്തേക്ക് ജനങ്ങള്‍ പാഞ്ഞടുത്ത് ഇവിടെയുണ്ടായിരുന്ന ലേഖികയെയും ജീവനക്കാരെയും തടഞ്ഞുവച്ചു.

ഡിസിസി ആക്ടിങ് പ്രസിഡന്റ് റോയ് കെ പൌലോസാണ് മനോരമയ്ക്ക് വ്യാജവാര്‍ത്ത നല്‍കിയതെന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. വ്യാജവാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക്മുമ്പ് ആശുപത്രി വരാന്തയിലുണ്ടായിരുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ എം മാണി എന്നിവരുമായി ഇക്കാര്യം സംസാരിച്ചിരുന്നു. പിന്നീട് ഇവിടെനിന്ന് പുറത്തേക്ക്പോയ റോയി കെ പൌലോസ് മനോരമയ്ക്ക് വ്യാജവാര്‍ത്ത നല്‍കി. ദുരന്തം നടന്ന സമയംമുതല്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ച ഡോക്ടര്‍ന്മാരെ കൈക്കൂലിക്കാരായി ചിത്രീകരിക്കാനാണ് മനോരമയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന യുഡിഎഫിന്റെ സംസ്ഥാന നേതാക്കള്‍ പോലും ഫ്ളാഷ് വാര്‍ത്ത കള്ളവും ക്രൂരവുമാണെന്ന് ചാനല്‍ ഓഫീസില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ചാനല്‍സംഘം ഡോക്ടര്‍മാരോട് മാപ്പ് പറഞ്ഞ് രംഗം ശാന്തമാക്കി. പിന്നീട് കള്ളവാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു.

എം എസ് ബിജു ദേശാഭിമാനി 02 ഒക്ടോബര്‍ 2009

2 comments:

  1. നാടാകെ കരഞ്ഞ തേക്കടി ദുരന്തത്തിലും മനോരമ ചാനല്‍ കണ്ണുകളില്‍ നിറഞ്ഞത് രാഷ്ട്രീയതിമിരം. ഊണും ഉറക്കവുമില്ലാതെ 12 മണിക്കൂര്‍ തുടര്‍ച്ചയായി സേവനം ചെയ്ത മെഡിക്കല്‍ സംഘത്തിനെതിരെയാണ് 'മനോരമ' കള്ളക്കഥ മെനഞ്ഞത്.

    ReplyDelete