Wednesday, October 21, 2009

ഗോവയില്‍ നിന്നുള്ള വാര്‍ത്തകള്‍

ഗോവ: ഒരാള്‍കൂടി മരിച്ചു ഭീകരസംഘടനയെ വാഴിച്ചത് കോണ്‍ഗ്രസ്

ഗോവ സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച സനാതന്‍ സംസ്ഥാന്‍ എന്ന ഭീകരസംഘടനയ്ക്ക് വളമേകിയത് കോണ്‍ഗ്രസാണെന്ന് വ്യക്തമാകുന്നു. സനാതന്‍ സംസ്ഥാനെ നിരോധിക്കാന്‍ ഒരുവര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) വെളിപ്പെടുത്തി. എന്നാല്‍, ഇവരെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യറായില്ല. അന്ന് നിരോധിച്ചിരുന്നെങ്കില്‍ സാംഗ്ളിയിലുണ്ടായ വര്‍ഗീയ കലാപം തടയാന്‍ കഴിയുമായിരുന്നെന്ന് എടിഎസിന്റെ ഒരുയര്‍ന്ന ഓഫീസര്‍ അറിയിച്ചു. മഡ്ഗാവ് സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യോഗേഷ് നായക് ചൊവ്വാഴ്ച രാവിലെ മരിച്ചു. ഇതോടെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. സംഭവസ്ഥലത്ത് വച്ചുതന്നെ മല്‍ഗൌണ്ഡ പാട്ടീല്‍ മരിച്ചിരുന്നു. താണെയിലെ ഗഡ്കാരി രംഗായതനില്‍ സ്ഫോടനമുണ്ടായ വേളയിലാണ് ഈ സംഘടനയെ നിരോധിക്കണമെന്ന് എടിഎസിന്റെ മേധാവി ഹേമന്ത് കര്‍ക്കാരെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഹേമന്ത് കര്‍ക്കാരെ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. കര്‍ണാടകത്തിലെ ഭട്കലില്‍നിന്ന് കണ്ടെടുത്ത സ്ഫോടകശേഖരവും മഡ്ഗാവിലെ സ്ഫോടനവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുന്നു. ഗോവയില്‍ സ്ഫോടനം നടന്ന അതേദിവസം തന്നെയാണ് ഭട്കലില്‍ വന്‍ സ്ഫോടകശേഖരവും കണ്ടെടുത്തത്. 1200 കിലോ അമോണിയം നൈട്രേറ്റ്, 3000 ഇലക്ട്രിക് ഡിറ്റനേറ്റര്‍, 500 ഇലക്ട്രിക്കേതര ഡിറ്റനേറ്റര്‍ എന്നിവയാണ് കണ്ടെടുത്തത്. മൂന്നുപേരില്‍ നിന്നാണ് ഈ സ്ഫോടകശേഖരം കണ്ടെടുത്തത്. നാഗരാജ സോമയ്യ ദേവഡിഗ, അനന്ദ് മഞ്ജുനാഥ് ദേവഡിഗ, ജെത്തയ്യ ദേവഡിഗ എന്നിവരെയാണ് തീരദേശ പൊലീസ് സേന അറസ്റ്റ് ചെയ്തത്. കടല്‍ വഴിയാണ് സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്നത്.

ഹൈന്ദവ ഭീകരത ഗോവയിലേക്കും

ദീപാവലിത്തലേന്ന് ഗോവയിലെ മഡ്ഗാവില്‍ നടന്ന സ്ഫോടനത്തിനു പിന്നില്‍ ഹിന്ദുഭീകര സംഘടനയാണെന്ന് വ്യക്തമായതോടെ രാജ്യത്ത് അവരുടെ ശൃംഖല വിപുലമാകുകയാണെന്ന് തെളിയുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള സനാതന്‍ സംസ്ഥാന്‍ എന്ന സംഘടനയാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിനു പിന്നിലെന്നാണ് ഗോവ പൊലീസ് വെളിപ്പെടുത്തിയത്. ഇവര്‍ക്ക്, 2008 സെപ്തംബറില്‍ മലേഗാവില്‍ സ്ഫോടനം നടത്തിയ അഭിനവ് ഭാരത് എന്ന സംഘടനയുമായും അതിനു നേതൃത്വം നല്‍കിയ പ്രഗ്യാസിങ് ഠാക്കൂറുമായും ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മഡ്ഗാവില്‍ സ്കൂട്ടറില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിലുള്‍പ്പെട്ട മേല്‍ഗൊണ്ട പാട്ടീല്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. യോഗേഷ് നായിക് എന്നയാള്‍ മരിച്ചെന്ന് സനാതന്‍ സംഘടന പറയുന്നുണ്ടെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. മേല്‍ഗൊണ്ട പാട്ടീല്‍ സനാതന്റെ സജീവപ്രവര്‍ത്തകനാണ്. സംഘടനയുടെ പ്രസിദ്ധീകരണമായ 'സനാതന്‍ പ്രഭാതി'ലെ സ്ഥിരം എഴുത്തുകാരനുമാണ് മഹാരാഷ്ട്രയിലെ ലഡ് താലൂക്കുകാരനായ ഇയാള്‍. ദീപാവലിത്തലേന്ന് സ്ഫോടനം നടത്തി ഉത്തരവാദിത്തം മുസ്ളിങ്ങളുടെമേല്‍ കെട്ടിവയ്ക്കുകയായിരുന്നു സനാതന്‍ സംഘടനയുടെ ലക്ഷ്യം. കാണ്‍പുരിലും നന്ദേദിലും ഉണ്ടായ ബോംബുസ്ഫോടനത്തിനു സമാനമാണ് ഈ സംഭവം. ആ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഗോവ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡും സഹായത്തിനുണ്ട്.

മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സാംഗ്ളിയിലും മിറാജിലും മറ്റും നടന്ന വര്‍ഗീയലഹളയില്‍ സജീവമായ പങ്കുവഹിച്ച സംഘടനയാണ് സനാതന്‍ സംസ്ഥാന്‍. ബിജെപി-ശിവസേന സഖ്യത്തിനു വേണ്ടി ഇവര്‍ പ്രചാരണം നടത്തിയിരുന്നു. കലാപവേളയില്‍ വാളും ലാത്തിയും വിതരണം ചെയ്യുന്നതില്‍ സംഘടന മുമ്പന്തിയില്‍ ഉണ്ടായിരുന്നു. അന്ന് പൊലീസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ സാംഗ്ളി പൊലീസിനെ സമീപിച്ചത് ഗോവയില്‍ കൊല്ലപ്പെട്ട പാട്ടീല്‍ ആയിരുന്നു. സാംഗ്ളി നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മിറാജില്‍ സനാതന്‍ സംസ്ഥാന് ആശ്രമമുണ്ട്. ക്ളിനിക്കല്‍ ഹിപ്നോത്തെറാപ്പിസ്റ്റ് ജയന്ത് ബാലാജി അഥാവ്ലെ 1990ല്‍ രൂപംകൊടുത്ത സംഘടനയാണ് സനാതന്‍ സംസ്ഥാന്‍. നേരത്തെയും ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലായിട്ടുണ്ട്. 2008 ജൂണില്‍ മഹാരാഷ്ടയില്‍ വിവിധ സംഭവത്തിലായി സനാതന്‍ സംസ്ഥാന്റെ അഞ്ചു പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞവര്‍ഷം ദീപാവലിത്തലേന്ന് പെന്‍ ഹൈവേയില്‍ ബോംബ് വച്ചതിനും ജോധ അക്ബര്‍ എന്ന സിനിമാ ഷൂട്ടിങ്ങിനിടെ പന്‍വേലിലെ സിനിമാ ശാലയിലുണ്ടായ സ്ഫോടനത്തിനും വാസി, താണെ എന്നിവിടങ്ങളിലുണ്ടായ ബോംബുസ്ഫോടത്തിനുമാണ് ഇവരെ അറസ്റ്റുചെയ്തത്.

ന്യൂഡല്‍ഹി: ഗോവയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിനുപിന്നില്‍ ഹിന്ദുവര്‍ഗീയ സംഘടനയാണെന്ന് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചു. സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദീപാവലി ആഘോഷവേദിക്കുസമീപം ബോംബുവയ്ക്കാന്‍ ശ്രമിക്കെയാണ് സനാതന്‍ സന്‍സ്ഥാന്‍ എന്ന സംഘടനയുടെ രണ്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. മറ്റു മൂന്ന് ബോംബ് പൊലീസ് കണ്ടെത്തി നിര്‍വീര്യമാക്കി. വര്‍ഗീയകലാപം ഇളക്കിവിടാനാണ് സംഘപരിവാര്‍ ബന്ധമുള്ള സംഘടന സ്ഫോടനപരമ്പര ആസൂത്രണംചെയ്തതെന്ന് പൊലീസ് പറഞ്ഞു. മലേഗാവ് സ്ഫോടനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹിന്ദു ജാഗരണ്‍മഞ്ചുപോലുള്ള സംഘടനയാണ് സനാതന്‍ സന്‍സ്ഥാന്‍. വെള്ളിയാഴ്ച രാത്രി മഡ്ഗാവില്‍ സ്കൂട്ടറില്‍ സ്ഫോടകവസ്തുവുമായി പോയവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘം സനാതന്‍ സന്‍സ്ഥാന്റെ പ്രസ് റെയ്ഡുചെയ്തു. മാനേജര്‍ ഉള്‍പ്പടെ അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു. സംഭവം അന്വേഷിക്കാന്‍ എസ്പി ഓംപ്രകാശ് കുര്‍തര്‍ക്കറുടെ നേതൃത്വത്തില്‍ ഗോവ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അമോണിയം നൈട്രേറ്റ്, ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഡറ്റണേറ്ററുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മിച്ച സ്ഫോടകവസ്തുക്കളാണ് മഡ്ഗാവില്‍ കണ്ടെടുത്തത്. ഡറ്റണേറ്ററുകള്‍ നാഗ്പൂരില്‍ നിര്‍മിച്ചതാണ്. കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലെ താനെ, പന്‍വെല്‍, വാശി എന്നിവിടങ്ങളിലെ സിനിമാ തിയറ്ററില്‍ സ്ഫോടകവസ്തുക്കള്‍ വച്ചതിന് സനാതനന്‍ സന്‍സ്ഥാന്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക ആക്രമണം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുമായി നേരിട്ട് ബന്ധമുള്ള നേതാക്കളുടെ ഗൂഢാലോചനയില്‍ കഴിഞ്ഞവര്‍ഷം മലേഗാവ് സ്ഫോടനം അരങ്ങേറിയത്. മുംബൈ ഭീകരവിരുദ്ധസംഘം നടത്തിയ അന്വേഷണത്തിലാണ് സംഘപരിവാര്‍ ശക്തികള്‍ക്ക് സ്ഫോടനത്തിലുള്ള പങ്ക് വെളിപ്പെട്ടത്. തുടര്‍ന്ന് എബിവിപി മുന്‍ നേതാവും സന്യാസിനിയുമായ പ്രജ്ഞ സിങ് അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. വിശദമായ ചോദ്യംചെയ്യലില്‍ ബിജെപിയിലെയും സംഘപരിവാറിലെയും നിരവധി നേതാക്കള്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി. മലേഗാവ് സ്ഫോടനത്തിനുശേഷം പുണെയില്‍നിന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥനും ഭോപാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് മറ്റു ചിലരും അറസ്റ്റിലായി. സൈനിക ഉദ്യോഗസ്ഥന്‍ സൈന്യത്തിന്റെ ഉപയോഗത്തിനുള്ള സ്ഫോടകവസ്തുക്കള്‍വരെ തീവ്രവാദികള്‍ക്ക് നല്‍കിയതായി കണ്ടെത്തിയിരുന്നു.

മഡ്ഗാവ്: മന്ത്രിഭാര്യയുടെ പങ്കും വിദേശബന്ധവും അന്വേഷിക്കും

ന്യൂഡല്‍ഹി: ഗോവയിലെ മഡ്ഗാവില്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സനാതന്‍ സന്‍സ്ഥാന്‍ എന്ന സംഘടനയുമായി ഗോവ മന്ത്രിയുടെ ഭാര്യക്കുള്ള ബന്ധവും അന്വേഷിക്കും. ഈ സംഘടനയുടെ വിദേശബന്ധങ്ങളെക്കുറിച്ചും ഗോവ പൊലീസ് അന്വേഷണം നടത്തും. കോഗ്രസിന്റെ സഖ്യകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ടിയുടെ നേതാവും കൃഷിമന്ത്രിയുമായ സുധീര്‍ ധവാലിക്കറുടെ ഭാര്യ ജ്യോതി ധവാലിക്കര്‍ക്ക് സനാതന്‍ സന്‍സ്ഥാനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഏത് രീതിയതിലുള്ള ബന്ധമാണിതെന്ന് അന്വേഷിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോവ ആഭ്യന്തരമന്ത്രി രവി നായക് പറഞ്ഞു. വിദേശികളുമായുള്ള സംഘടനയുടെ ബന്ധം അന്വേഷിച്ചുവരികയാണ്. പല വിദേശികളും രാംനദിയിലെ ആശ്രമം സന്ദര്‍ശിക്കുന്നുണ്ട്. ഞായറാഴ്ചയും രണ്ടു ഫ്രഞ്ച് പൌരന്മാര്‍ ആശ്രമത്തിലുണ്ടായിരുന്നു. വിദേശികള്‍ ടൂറിസ്റ് വിസയിലെത്തുമ്പോള്‍ പൊലീസ് സ്റേഷനില്‍ വിവരം അറിയിക്കണം. എന്നാല്‍, ഇവരാരും ഇക്കാര്യമറിയിച്ച് പൊലീസ് സ്റേഷനില്‍ ഫോറം സമര്‍പ്പിക്കാറില്ല. ആശ്രമത്തില്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുമില്ല. ഇക്കാര്യവും അന്വേഷിക്കും. കേസില്‍ ചിലരെ കസ്റഡിയിലെടുത്തെങ്കിലും ആരുടെയും അറസ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്വന്തം മന്ത്രാലയത്തിന്റെ കഴിവുകേട് മറച്ചുവയ്ക്കാനാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് സനാതന്‍ സന്‍സ്ഥാന്‍ വക്താവ് പനാജിയില്‍ പറഞ്ഞു. സ്ഫോടനവുമായി സംഘടനയ്ക്ക് ബന്ധമില്ല. ആശ്രമത്തില്‍നിന്ന് ചില സാധനങ്ങള്‍ കണ്ടെടുത്തെന്ന വാര്‍ത്ത അസംബന്ധമാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ സ്ഫോടനത്തിന് ഇരയാവുകയായിരുന്നെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9.30നാണ് മഡ്ഗാവില്‍ സ്ഫോടനം നടന്നത്. മൂന്ന് ബോംബ് പൊലീസ് നിര്‍വീര്യമാക്കുകയും ചെയ്തു. സങ്കോലെയിലെ ശാന്തദുര്‍ഗ ക്ഷേത്രത്തിനു സമീപവും ബോംബ് കണ്ടെടുത്തു. ജലാറ്റിന്‍ സ്റ്റിക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ദേശാഭിമാനി 21-10-09

4 comments:

  1. ഗോവ സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച സനാതന്‍ സംസ്ഥാന്‍ എന്ന ഭീകരസംഘടനയ്ക്ക് വളമേകിയത് കോണ്‍ഗ്രസാണെന്ന് വ്യക്തമാകുന്നു. സനാതന്‍ സംസ്ഥാനെ നിരോധിക്കാന്‍ ഒരുവര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) വെളിപ്പെടുത്തി. എന്നാല്‍, ഇവരെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യറായില്ല. അന്ന് നിരോധിച്ചിരുന്നെങ്കില്‍ സാംഗ്ളിയിലുണ്ടായ വര്‍ഗീയ കലാപം തടയാന്‍ കഴിയുമായിരുന്നെന്ന് എടിഎസിന്റെ ഒരുയര്‍ന്ന ഓഫീസര്‍ അറിയിച്ചു. മഡ്ഗാവ് സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യോഗേഷ് നായക് ചൊവ്വാഴ്ച രാവിലെ മരിച്ചു. ഇതോടെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി.

    ReplyDelete
  2. ഈ ബ്ലൊഗിലെ വിഷയ വിവരങലിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഒരു കാര്യം മനസ്സിലകും, ഇന്ത്യ ഇന്നു ഹിന്ദു-മുതലാളിത്ത്വ ഭീകരതയുടെ നടിവിലണന്നു.

    ReplyDelete
  3. സത്യമേവ ജയതേ....!!!

    ReplyDelete
  4. പനാജി: ഗോവയിലെ മഡ്ഗാവിലുണ്ടായ സ്ഫോടനത്തില്‍ ഹിന്ദു തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പങ്കിന് കൂടുതല്‍ തെളിവ് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലായ അഞ്ചുപേര്‍ക്കും സനാതന്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. അവസാനമായി ബുധനാഴ്ച അറസ്റിലായ എന്‍ജിനിയറിങ് വിദ്യാര്‍ഥി ധനഞ്ജയ് അഷ്തേക്കര്‍, ചോദ്യംചെയ്യലില്‍ സനാതന്‍ സന്‍സ്തയുമായുള്ള ബന്ധം സമ്മതിച്ചതായി എസ്പി ആത്മറാം ദേശ്പാണ്ഡെ പറഞ്ഞു. ഒക്ടോബര്‍ 16ന് മഡ്ഗാവിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ദീപാവലി ആഘോഷത്തിനിടെ സ്ഫോടനം നടത്തി കലാപമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. (ദേശാഭിമാനി 15 നവംബര്‍ 2009)

    ReplyDelete