Sunday, October 25, 2009

ആസിയന്‍ കരാറിനൊപ്പം സംരക്ഷിതപട്ടിക വരില്ല

ഹുവഹിന്‍: ഇന്ത്യ-ആസിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ജനുവരിയില്‍ നിലവില്‍ വരുമ്പോള്‍ അതിനൊപ്പം സംരക്ഷിത പട്ടിക (നെഗറ്റിവ് ലിസ്റ്റ്) നടപ്പാകില്ല. കരാര്‍ നടപ്പാകുമ്പോള്‍ പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അവയെ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഹുവഹിന്നില്‍ നടന്ന ആസിയന്‍-ഇന്ത്യ ഉച്ചകോടി ഇക്കാര്യത്തില്‍ ധാരണയിലെത്തിയില്ല. അതേസമയം, ആസിയന്‍ രാജ്യങ്ങളുമായി സേവന-നിക്ഷേപ മേഖലകളിലും കരാറുണ്ടാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉച്ചകോടിയില്‍ പറഞ്ഞു. സഹകരണം ശക്തിപ്പെടുത്തുന്നതിന് ആസിയന്‍-ഇന്ത്യ സഹകരണ ഫണ്ടിലേക്ക് 230 കോടി രൂപ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

സംരക്ഷിത പട്ടിക നടപ്പാകാന്‍ വൈകുമെന്ന് ഉച്ചകോടിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച വിദേശ ജോയിന്റ് സെക്രട്ടറി എന്‍ രവി പറഞ്ഞു. ആസിയനിലെ പത്ത് അംഗരാജ്യങ്ങളും അവരുടേതായ സംരക്ഷിത പട്ടികയുമായി എത്തിയതിനാല്‍ തീരുമാനം വൈകും. ജനുവരിയില്‍ കരാര്‍ നടപ്പാകുമ്പോള്‍ സംരക്ഷിത പട്ടിക ഉണ്ടാകില്ല. എന്ന് നടപ്പാകുമെന്ന് പറയാനും അദ്ദേഹം തയ്യാറായില്ല. ചരക്കുമേഖലയിലെ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയിലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ദോഷമാകുമെന്ന ആശങ്ക ഉച്ചകോടിയില്‍ പ്രകടിപ്പിച്ചോ എന്ന് ചോദിച്ചപ്പോള്‍ അതിന് മന്ത്രിതല സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അത് ഇന്ത്യയില്‍മാത്രം ചര്‍ച്ചചെയ്യേണ്ടതാണെന്നും അദ്ദേഹം മറുപടി നല്‍കി.

മന്ത്രിതല കമ്മിറ്റി കാര്‍ഷികോല്‍പ്പന്നങ്ങളുടെ തകര്‍ച്ചയെക്കുറിച്ച് ചര്‍ച്ചചെയ്യാനല്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. സേവന-നിക്ഷേപ മേഖലകളില്‍ കരാറിനുളള പ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2010ല്‍ ഇന്ത്യയും ആസിയന്‍ രാജ്യങ്ങളുമായുള്ള വാണിജ്യം 5000 കോടി ഡോളറാക്കുകയാണ് ലക്ഷ്യം. പ്രകൃതിദുരന്തം, പകര്‍ച്ചവ്യാധി, ഭീകരത എന്നീ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയുടെ അറിവ്, വൈദഗ്ധ്യം, വിഭവം എന്നിവ ആസിയനുമായി പങ്കിടും. ഇന്ത്യയും ആസിയനുമായി കൂടിയാലോചനാ സമിതി വേണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ബുദ്ധിജീവികള്‍, നയരൂപീകരണത്തിന് നേതൃത്വം നല്‍കുന്നവര്‍, പണ്ഡിതര്‍, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസ് പ്രമുഖര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാകണം സമിതി. ഭാവിയില്‍ സഹകരിക്കേണ്ട മേഖലകളെക്കുറിച്ച് ഈ സമിതി മാര്‍ഗനിര്‍ദേശം നല്‍കണം. ആസിയന്‍ രാജ്യങ്ങളും ഇന്ത്യയുമായുള്ള വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ബിസിനസ്, ടൂറിസ്റ്റ് യാത്രികരെ പ്രോത്സാഹിപ്പിക്കണം. കാര്‍ഷികമേഖലയിലെ സഹകരണം ശക്തമാക്കണം. 2010ല്‍ ഇന്ത്യയില്‍ നടക്കുന്ന കൃഷിമന്ത്രിമാരുടെ സമ്മേളനം ഇതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണം. പ്രകൃതിദുരന്തം സംബന്ധിച്ച് ഉപഗ്രഹംവഴി വിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. ആസിയന്‍ രാജ്യങ്ങള്‍ക്കുവേണ്ടി ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതടക്കം ബഹിരാകാശമേഖലയിലെ സേവനം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ദേശാഭിമാനി 25-10-09

2 comments:

  1. ഇന്ത്യ-ആസിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ജനുവരിയില്‍ നിലവില്‍ വരുമ്പോള്‍ അതിനൊപ്പം സംരക്ഷിത പട്ടിക (നെഗറ്റിവ് ലിസ്റ്റ്) നടപ്പാകില്ല. കരാര്‍ നടപ്പാകുമ്പോള്‍ പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അവയെ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഹുവഹിന്നില്‍ നടന്ന ആസിയന്‍-ഇന്ത്യ ഉച്ചകോടി ഇക്കാര്യത്തില്‍ ധാരണയിലെത്തിയില്ല. അതേസമയം, ആസിയന്‍ രാജ്യങ്ങളുമായി സേവന-നിക്ഷേപ മേഖലകളിലും കരാറുണ്ടാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉച്ചകോടിയില്‍ പറഞ്ഞു. സഹകരണം ശക്തിപ്പെടുത്തുന്നതിന് ആസിയന്‍-ഇന്ത്യ സഹകരണ ഫണ്ടിലേക്ക് 230 കോടി രൂപ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

    ReplyDelete
  2. This post is being listed by keralainside.net . Please visit keralainside.net and add this post to the favourite blogs database.. Thank you..

    ReplyDelete