Monday, October 26, 2009

നസ്രേത്തില്‍നിന്ന് നന്മ പ്രതീക്ഷിക്കണമോ?

"നസ്രേത്തില്‍നിന്നു നന്മ പ്രതീക്ഷിക്കേണ്ട''എന്നത് ഒരു ശൈലിയാണ്; അതിന്റെ വ്യംഗ്യങ്ങള്‍ എന്തൊക്കെയായാലും. ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നവീന്‍ ചൌളയുടെ തീരുമാനങ്ങളാണ്; കണ്ണൂരിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യവിചാരം.

ഭരണഘടനാധിഷ്ഠിതമായ ഒരു സംവിധാനത്തിന്റെ മുഖ്യ 'രക്ഷാധികാരി'യായിരിക്കണം കമീഷണര്‍. സ്വാതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കേണ്ട ഉത്തരവാദിത്തം അതിന്റെയൊക്കെ ആകത്തുകയായ ആര്‍ജവവും.മുന്‍ഗാമികളൊക്കെ ഈ വിശേഷണങ്ങള്‍ക്കൊക്കെ ഏറെക്കുറെ -മനുഷ്യസഹജമായ ചില പാളിച്ചകള്‍ ഒഴിച്ചാല്‍- അനുയോജ്യരുമായിരുന്നു. ഉദ്യോഗസ്ഥമേധാവിയായിരുന്ന് ഡല്‍ഹിയെ വിറപ്പിച്ച നവീന്‍ ചൌളയെ തെരഞ്ഞെടുപ്പ് കമീഷനിലേക്ക് നോമിനേറ്റ് ചെയ്തത് കോണ്‍ഗ്രസാണ്. ഇത്തരം സ്ഥാനങ്ങളിലേക്ക് -ഭരണഘടനപ്രകാരം നിഷ്പക്ഷരാവണമെന്ന സങ്കല്‍പ്പം സൃഷ്ടിച്ച തസ്തികകളിലേക്ക്-തെരഞ്ഞെടുക്കപ്പെടുന്നവരൊക്കെ ഭരണകക്ഷികളുടെ സില്‍ബന്തികള്‍മാത്രം. ഗവര്‍ണര്‍ നിയമനക്കാര്യത്തിലടക്കം ആരൊക്കെ എവിടെയൊക്കെ ഗവര്‍ണര്‍മാരായെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. അതുകൊണ്ടുതന്നെയാണ് അവിഭക്ത കമ്യൂണിസ്റ്റ് പാടിയും പില്‍ക്കാലത്ത് ഇ എം എസും ഗവര്‍ണര്‍പദവിയെന്ന 'കര്‍ണാഭരണം' എടുത്തുകളയണമെന്നും ഇത് ഇന്ത്യയുടെ ഫെഡറല്‍ ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും വാദിച്ചത്; എഴുതിയത്; പൊരുതിയത്.

നവീന്‍ ചൌളയെ തെരഞ്ഞെടുപ്പു കമീഷന്‍ അംഗമായി നാമനിര്‍ദേശം ചെയ്തപ്പോള്‍ അന്നതിനെ എതിര്‍ത്തത് കമീഷനിലെ മറ്റൊരംഗമായ എന്‍ ഗോപാലസ്വാമി. അദ്ദേഹം മുഖ്യതെരഞ്ഞെടുപ്പു കമീഷണറുമായി. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ ഷാ കമീഷന്‍ നവീന്‍ ചൌളയെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഷാ കമീഷന്‍ ഇദ്ദേഹത്തോടൊപ്പം അന്നത്തെ ഡല്‍ഹി ലഫ്. ഗവര്‍ണറായിരുന്ന ജഗ്മോഹനെക്കുറിച്ചും പറഞ്ഞിരുന്നു. (സഞ്ജയ് ഗാന്ധിയുടെ വലംകൈയായി തുര്‍ക്കുമാന്‍ ഗേറ്റ് അടിച്ചുപൊളിക്കുകയും കാണുന്നവരെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി 'നസ്ബന്ധി' (വന്ധ്യംകരിച്ച) അറവുശാലയിലേക്ക് ആട്ടിത്തെളിച്ച മനുഷ്യന്‍. പിന്നീട് അദ്ദേഹം ജമ്മു കശ്മീരിലും ലഫ്. ഗവര്‍ണറായിരുന്നു. അക്കാലത്ത് ഈ ലേഖകനും ശ്രീനഗറില്‍ പോയിരുന്നു. സാക്ഷികള്‍-വീക്ഷണം ലേഖകന്‍ പ്രസന്നകുമാര്‍, മുന്‍ മലയാളം എക്സ്പ്രസ് പത്രാധിപരും ഇപ്പോള്‍ അമൃതാ ടിവി മേധാവിയുമായ നീലന്‍) ജഗ്മോഹന്‍ പിന്നീട് ബിജെപി എംപിയായി.

ഇത്തരം കാര്യങ്ങളൊന്നും നമ്മുടെ മാധ്യമസുഹൃത്തുക്കളുടെ അറിവിലില്ല; അറിവുള്ളവര്‍ അറിയാത്തവരായി നടിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ പറഞ്ഞത് ആനുഷംഗികമായിട്ടാണ്. ചില വസ്തുതകള്‍ പറയുമ്പോള്‍ അതിന് ഉപോല്‍ബലകമായ സത്യങ്ങളും പറയണ്ടേ. സാക്ഷികളും വേണ്ടേ.

നവീന്‍ ചൌള ഏതായാലും തെരഞ്ഞെടുപ്പ് കമീഷനില്‍ അംഗമായി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായിരുന്ന ഗോപാലസ്വാമിയെക്കൊണ്ടുതന്നെ 'മാമോദീസ' മുക്കിക്കണമെന്ന് കേന്ദ്രഭരണം തീരുമാനിച്ചു. അതിനദ്ദേഹം വഴങ്ങിയില്ല. അദ്ദേഹം റിട്ടയര്‍ചെയ്തശേഷമേ ഇദ്ദേഹത്തെ സിംഹാസനത്തിലേക്ക് അവരോധിച്ചുള്ളൂ. നമുക്കറിയാം അദ്ദേഹത്തിന്റെ കോഗ്രസ് വിധേയത്വം. സഞ്ജയ് ഗാന്ധിയുടെ 'എടുത്തുകൊടുപ്പുകാര' (Errand boy)നായിരുന്ന ഇദ്ദേഹത്തെ സോണിയ ഗാന്ധിക്ക് അത്ര പഥ്യമല്ലായിരുന്നു. എഴുതി അദ്ദേഹം, 'ഹിന്ദു' പത്രത്തില്‍ മദര്‍ തെരസേയെക്കുറിച്ച്. പോരേ, ആനന്ദനിര്‍വൃതിക്ക് ഇനി എന്തുവേണം.

ഇനി ഇന്ത്യയും ലോകവും അറിയുന്ന ഖുശ്വന്ത് സിങ്ങിന്റെ ഏറ്റവും പുതിയ പുസ്തകത്തെ പരിചയപ്പെടുത്തട്ടെ. അതിലൂടെ നമ്മുടെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ നവീന്‍ ചൌളയെയും. 2009ല്‍ ഇറങ്ങി ഖുശ്വന്ത്സിങ്ങിന്റെ പുതിയ പുസ്തകം. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചത്. ഷീലാ റെഡ്ഡിയെന്ന ഒരു പത്രപ്രവര്‍ത്തകയാണ് ഇത് എഡിറ്റുചെയ്തത്. അവരന്ന് മുംബൈയില്‍ ജോലിചെയ്തിരുന്ന സമയത്താണ് ഇദ്ദേഹത്തെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത്. അതിനുശേഷമാണ് അവര്‍ എം ജെ അക്ബറിന്റെ 'ഏഷ്യന്‍ ഏജ്' എന്ന പത്രത്തിനായി ജോലിചെയ്തത്. അക്കാലത്ത് അവരും ഖുശ്വന്ത്സിങ്ങും തമ്മിലുണ്ടായിരുന്ന ഗുരുശിഷ്യബന്ധത്തില്‍നിന്ന് പിറന്നതാണ് ഈ പുസ്തകം. പേര് 'ഞാനെന്തിന്, അടിയന്തരാവസ്ഥയെ പിന്താങ്ങി'. ഒരു കുമ്പസാരം കണക്കെ അദ്ദേഹം ഈ തലക്കെട്ടില്‍തന്നെ എഴുതിയ ആമുഖലേഖനത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും വിസ്തരഭയത്താല്‍ നീട്ടുന്നില്ല.

ആ ലേഖനത്തില്‍ അദ്ദേഹം നവീന്‍ ചൌളയെക്കുറിച്ച് എന്തുപറയുന്നുവെന്ന് നോക്കാം (പുസ്തകത്തിലെ അഞ്ചാംപേജ്). 'ഈ ഗവമെന്റിനെ നിയന്ത്രിക്കുന്നത് ഒരുകൂട്ടം ശിങ്കിടികളാണെന്ന് ഞാന്‍ മനസ്സിലാക്കി. സിദ്ധാര്‍ഥ ശങ്കര്‍ റേയാണ് അടിയന്തരാവസ്ഥാ നിയന്ത്രണങ്ങളെല്ലാം കരുപ്പിടിപ്പിച്ചത്. സഞ്ജയ് ആയിരുന്നു അച്ചാണി (Kingpin), അദ്ദേഹത്തിന്റെ അടുക്കള മന്ത്രിസഭ (Kitchen Cabinet) യില്‍ ഭാര്യയും അമ്മായിയമ്മയും. കുടുംബത്തിലെ പഴയ സില്‍ബന്തി മുഹമ്മദ് യൂനുസും (ചാച്ച); സിവില്‍ സര്‍വന്റായ നവീന്‍ ചൌള, കിണറ്റില്‍ ചാടി ജീവിതമൊടുക്കിയ ലഫ്. ഗവര്‍ണര്‍ കിഷന്‍ചന്ദ്, പിന്നെ ജഗ്മോഹന്‍. അദ്ദേഹത്തെയായിരുന്നു ചേരികള്‍ നിര്‍മാര്‍ജനംചെയ്യാന്‍ ഉത്തരവാദപ്പെടുത്തിയിരുന്നത്. അതദ്ദേഹം 'മതാനുഷ്ഠത'യോടെതന്നെ ചെയ്തു. പിന്നെയുണ്ടായിരുന്നത് 'കൊട്ടാര' കുടുംബം സ്വാമിജി എന്നു വിളിച്ചിരുന്ന റാസ്പുട്ടിന്‍-അതേ ധീരേന്ദ്ര ബ്രഹ്മചാരി. പിന്നെ രണ്ടു പെണ്ണുങ്ങളും. അംബികാസോണിയും റുക്സാനാ സുല്‍ത്താനയും-സഞ്ജയ് ഗാന്ധിക്ക് കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരോട് ഒരു താല്‍പ്പര്യമുണ്ടായിരുന്നു. അദ്ദേഹത്തെ വാരിപ്പുണര്‍ന്ന മറ്റൊരു നേതാവുണ്ടായിരുന്നു. ഹരിയാനയിലെ ബന്‍സിലാല്‍. ഹരിയാനയില്‍ സഞ്ജയ്‌ഗാന്ധിക്ക് ഭൂമിയും നല്‍കി. എന്തു പറഞ്ഞുകൊണ്ട്: "bachda pakad lo tohma toh peechey chali ayeega''- പശുക്കുട്ടിയെ പിടിക്കൂ. അമ്മ തെരഞ്ഞുവരും. ഐ കെ ഗുജ്റാളിനെ മോസ്കോയിലേക്ക് അയച്ചു. പകരം പറഞ്ഞാല്‍കേള്‍ക്കുന്ന വി സി ശുക്ളയെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്റ്റിങ്ങ് മന്ത്രിയാക്കി.

ഇത് ഇവിടെ അവസാനിക്കുന്നില്ല. മറ്റൊരു അധ്യായം (പേജ് 77) അദ്ദേഹം ഇന്ദിരാഗാന്ധിക്കുവേണ്ടിയാണ്. തലക്കെട്ട്-മിസ്സിസ് ജി: ഇന്ദിരയെന്ന അത്ഭുതം. (Mrs G: The wonder that was Indira) ഈ ലേഖനത്തില്‍ ഇന്ദിരാഗാന്ധിയെക്കുറിച്ച് അദ്ദേഹത്തിനുള്ള സകല ആദരവും മതിപ്പും ചിലപ്പോള്‍ കണ്ണീര്‍ ഇറ്റുവീഴുന്ന പോലുള്ള വാചകങ്ങളും എഴുതിച്ചേര്‍ത്തപ്പോള്‍ അവര്‍ക്കു പറ്റിയ അബദ്ധങ്ങളെക്കുറിച്ചും പറയുന്നു; ദുഃഖത്തോടെ അവിടെയും നമ്മുടെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറും മുഖ്യ കഥാപാത്രമാണ്.

ഖുശ്വന്ത്സിങ് പുസ്തകത്തിലെ എണ്‍പതാം പേജില്‍ പറയുന്നു: 'ഇത് ഇന്ദിരയുടെ കുഴപ്പമായിരുന്നില്ല. അവരെ ചുറ്റിപ്പറ്റിനിന്നിരുന്ന പലരും അവരെ ദുരുപയോഗിച്ചു. ആരൊക്കെയാണ് ഈ കൂട്ടത്തില്‍പ്പെട്ടത്. അവരുടെ മകന്‍ സഞ്ജയ്, ഭാര്യ മേനക, അവരുടെ അമ്മ അംതേശ്വര്‍, കുടുംബസുഹൃത്ത് മുഹമ്മദ് യൂനസ്, ബ്യൂറോക്രാറ്റുകളായ ഡല്‍ഹിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ കൃഷന്‍ ചന്ദ്, നവീന്‍ ചൌളയും മറ്റു ചിലരും. ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്ന ഒരു ലിസ്റ്റ് ഇന്ദിരയുടെ കൈയിലുണ്ടായിരുന്നു. ഗ്വാളിയോര്‍ രാജകുടുംബാംഗമായിരുന്ന ഗായത്രീദേവിയെ തിഹാര്‍ ജയിലില്‍ വേശ്യകളോടൊപ്പമല്ലേ താമസിപ്പിച്ചത്?''

കേരളത്തില്‍ കണ്ണൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ സ്വീകരിച്ച നിലപാടുകളില്‍ അത്ഭുതപ്പെടേണ്ട. ഗുണ്ടകള്‍ രാഷ്ട്രീയക്കാരും രാഷ്ട്രീയമാഫിയക്കാരും എവിടെയും സാകൂതം കേറിച്ചെന്ന് പോക്കിരിത്തരം കാണിക്കാനും കഴിയുമ്പോള്‍ നമ്മുടെ ജനാധിപത്യം എവിടെ? വടക്കേ ഇന്ത്യന്‍ രാഷ്ട്രീയം കേരളത്തിലേക്കും വരുന്നോ?

സി എം അബ്ദുറഹിമാന്‍ ദേശാഭിമാനി 26 ഒക്ടോബര്‍ 2009

1 comment:

  1. നവീന്‍ ചൌളയെ തെരഞ്ഞെടുപ്പു കമീഷന്‍ അംഗമായി നാമനിര്‍ദേശം ചെയ്തപ്പോള്‍ അന്നതിനെ എതിര്‍ത്തത് കമീഷനിലെ മറ്റൊരംഗമായ എന്‍ ഗോപാലസ്വാമി. അദ്ദേഹം മുഖ്യതെരഞ്ഞെടുപ്പു കമീഷണറുമായി. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ ഷാ കമീഷന്‍ നവീന്‍ ചൌളയെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഷാ കമീഷന്‍ ഇദ്ദേഹത്തോടൊപ്പം അന്നത്തെ ഡല്‍ഹി ലഫ്. ഗവര്‍ണറായിരുന്ന ജഗ്മോഹനെക്കുറിച്ചും പറഞ്ഞിരുന്നു. (സഞ്ജയ് ഗാന്ധിയുടെ വലംകൈയായി തുര്‍ക്കുമാന്‍ ഗേറ്റ് അടിച്ചുപൊളിക്കുകയും കാണുന്നവരെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി 'നസ്ബന്ധി' (വന്ധ്യംകരിച്ച) അറവുശാലയിലേക്ക് ആട്ടിത്തെളിച്ച മനുഷ്യന്‍. പിന്നീട് അദ്ദേഹം ജമ്മു കശ്മീരിലും ലഫ്. ഗവര്‍ണറായിരുന്നു. അക്കാലത്ത് ഈ ലേഖകനും ശ്രീനഗറില്‍ പോയിരുന്നു. സാക്ഷികള്‍-വീക്ഷണം ലേഖകന്‍ പ്രസന്നകുമാര്‍, മുന്‍ മലയാളം എക്സ്പ്രസ് പത്രാധിപരും ഇപ്പോള്‍ അമൃതാ ടിവി മേധാവിയുമായ നീലന്‍) ജഗ്മോഹന്‍ പിന്നീട് ബിജെപി എംപിയായി.

    ReplyDelete