Sunday, October 11, 2009

ഗൌരവത്തോടെ കാണേണ്ട വിഷയങ്ങള്‍

മാവോയിസ്റ്റ് ആക്രമണം

മഹാരാഷ്ട്രയില്‍ മാവോവാദികള്‍ 17 പൊലീസുകാരെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത് അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണേണ്ട സംഭവമാണ്. പഞ്ചായത്ത് ഓഫീസിന് തീവച്ചശേഷമാണ് ഈ കിരാതമായ ആക്രമണം നടന്നത്. പൊലീസ് സേനയും മാവോയിസ്റ്റ് തീവ്രവാദികളും തമ്മില്‍ മൂന്നുമണിക്കൂറോളം തുറന്ന യുദ്ധംതന്നെ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. മാവോയിസ്റ്റുകള്‍ ആധുനിക ആയുധങ്ങള്‍ ഏറ്റുമുട്ടലില്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. ഇവര്‍ക്ക് ഇത്രയധികം ആധുനിക ആയുധങ്ങള്‍ എവിടെനിന്ന് ലഭിക്കുന്നുവെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഇതിന്റെ പിറകില്‍ സാമ്രാജ്യത്വശക്തിയുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.

മഹാരാഷ്ട്രയില്‍ ഇതാദ്യത്തെ ആക്രമണമല്ല. ഈ വര്‍ഷംതന്നെ ഫെബ്രുവരിയില്‍ എസ്ഐ ഉള്‍പ്പെടെ 15 പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. മേയില്‍ 16 പൊലീസുകാരെയാണ് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 13ന് അസംബ്ളി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അഞ്ച് ദിവസംമുമ്പ് ഇത്ര ഭയാനകമായ ആക്രമണം നടന്നത്. ജാര്‍ഖണ്ഡില്‍ 37 വയസ്സുള്ള ഒരു പൊലീസ് ഓഫീസറെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി തലയറുത്ത് റോഡിലേക്ക് തള്ളിയതിനു തൊട്ടുപിറകെയാണ് ഈ ആക്രമണം. രാജ്യത്ത് നക്സലൈറ്റ് ആക്രമണം ഇതോടെ കടുത്ത ഭീഷണിയായി ഉയര്‍ന്നിരിക്കുന്നു. ജാര്‍ഖണ്ഡില്‍ 2003 ജനുവരിക്കും 2009 ഒക്ടോബറിനും ഇടയ്ക്ക് 338 പൊലീസുകാരെയാണ് നക്സലുകള്‍ വധിച്ചത് എന്നറിയുമ്പോള്‍ യഥാര്‍ഥ ഗൌരവം നമുക്ക് ബോധ്യപ്പെടും. സംസ്ഥാനത്തെ 24 ജില്ലയില്‍ 20ലും മാവോയിസ്റ്റ് ഭീഷണി ശക്തമാണെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമബംഗാളില്‍ ലാല്‍ഗഢില്‍ നക്സലുകള്‍ സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയുമാണ് തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നത്. പാര്‍ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തുമ്പോള്‍ പാര്‍ടി ശത്രുക്കള്‍ക്ക് ആഹ്ളാദമാണ്. അവര്‍ കൊലപാതകം ആഘോഷിക്കുകയാണ്. യുപിഎ സര്‍ക്കാരിലെ ഘടകകക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവും കേന്ദ്ര റെയില്‍മന്ത്രിയുമായ മമത ബാനര്‍ജി പരസ്യമായിത്തന്നെ മാവോയിസ്റ്റ് തീവ്രവാദികളുടെ രക്ഷയ്ക്കായി രംഗത്ത് വരുന്നത് നാം കണ്ടതാണ്. മാവോയിസ്റ്റുകളെ നേരിടാന്‍ കേന്ദ്രം അര്‍ധസൈനികവിഭാഗത്തെ അയച്ചപ്പോള്‍ അതില്‍ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച ആളാണ് ത്രിണമൂല്‍ നേതാവ് മമതബാനര്‍ജി. നന്ദിഗ്രാമില്‍ സ്ഥിരതാമസക്കാരായ സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും സ്വന്തം വീടുകളില്‍നിന്ന് ആട്ടിപ്പായിക്കാന്‍ ത്രിണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ബിജെപിയും മാവോയിസ്റ്റുകളും ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിച്ചത്. മാവോവാദികള്‍ക്ക് ഇക്കൂട്ടര്‍ എല്ലാ പ്രോത്സാഹനവും നല്‍കി. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം പശ്ചിമബംഗാളിലാണെങ്കിലും നിരവധി വര്‍ഷങ്ങളായി അവര്‍ക്ക് അവിടെ വേരുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തകാലത്ത് ത്രിണമൂല്‍ കോഗ്രസിന്റെയും കൂട്ടരുടെയും സഹായവും ഉറച്ച പിന്തുണയും ലഭിച്ചതോടെയാണ് അന്യ സംസ്ഥാനങ്ങളിലുള്ള മാവോയിസ്റ്റുകള്‍ അവിടെ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ നാലോ അഞ്ചോ സംസ്ഥാനങ്ങളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന നക്സല്‍ പ്രസ്ഥാനം പതിനഞ്ചോളം ജില്ലയില്‍ വ്യാപിച്ചതായിട്ടാണ് മനോരമ വിലപിക്കുന്നത്. ആരാണ് ഇതിന് ഉത്തരവാദി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താനുള്ള ബാധ്യതയില്‍നിന്ന് ആര്‍ക്കുംതന്നെ ഒഴിഞ്ഞുമാറാന്‍ കഴിയുന്നതല്ല.

സ്വാതന്ത്ര്യം ലഭിച്ച് 62 വര്‍ഷം കഴിഞ്ഞശേഷം കടുത്ത ദാരിദ്ര്യവും പട്ടിണിയുമാണ് നക്സല്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് പറയുന്നത്. ലോകത്തിലെ 182 രാഷ്ട്രങ്ങളില്‍ ദാരിദ്ര്യവും പട്ടിണിയും അവസാനിപ്പിക്കുന്നതില്‍ ഇന്ത്യയുടെ സ്ഥാനം 134 ആണെന്ന സത്യം ആരിലും അത്ഭുതത്തിന് വക നല്‍കുന്നില്ലെന്നാണ് പറയുന്നത്. എഐസിസി അഖിലേന്ത്യാ സെക്രട്ടറി രാഹുല്‍ ഗാന്ധി ഇടതുപക്ഷകോട്ട പിടിച്ചടക്കാനുള്ള അശ്വമേധയാഗത്തിനിറങ്ങി പുറപ്പെട്ടപ്പോള്‍ പാവപ്പെട്ടവരെപ്പറ്റി മാത്രമേ സംസാരിക്കുന്നുള്ളു. അദ്ദേഹം സുരക്ഷാസേനയെ അവഗണിച്ച് വഴിയോരത്തുള്ള ചായക്കടയില്‍ കയറിച്ചെന്ന് പൊറോട്ടയും പാലും പഞ്ചസാരയും കഴിച്ചതാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്ത. ജീന്‍സ് ധരിച്ച രാജകുമാരനായി കോളേജ് ക്യാമ്പസുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

കോളേജ് ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം സംഘടിപ്പിക്കാനുള്ള അനുവാദം അഖിലേന്ത്യാ കോണ്‍ഗ്രസ് സെക്രട്ടറിക്കു മാത്രമായി പരിമിതപ്പെടുത്താമെന്നാണ് മോഹിക്കുന്നതെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ നാളിതുവരെ പ്രചാരവേല സംഘടിപ്പിക്കുകയും രാഷ്ട്രീയക്കാര്‍ പുറമെനിന്ന് വന്ന് കോളേജുകളില്‍ ഇടപെടരുതെന്ന് വാതോരാതെ വാദിക്കുകയും ചെയ്ത സ്വകാര്യ മാനേജ്മെന്റുകള്‍ എന്നു മുതലാണ് നിലപാടില്‍ മാറ്റം വരുത്തിയതെന്ന് പറയണം. സുപ്രീംകോടതിയുടെ വ്യക്തമായ വിധി ധിക്കരിച്ചുകൊണ്ടാണ് മുഴുവന്‍സമയ രാഷ്ട്രീയക്കാരനായ രാഹുല്‍ഗാന്ധി കേരളത്തിലെ കോളേജ് ക്യാമ്പസുകള്‍ കയറിയിറങ്ങിയതെന്ന വസ്തുത മാധ്യമങ്ങള്‍ മറന്നുപോകരുത്.

ഇടതുപക്ഷ കോട്ടകള്‍ വെട്ടിപ്പിടിക്കാന്‍ നടക്കുന്ന രാഹുല്‍ഗാന്ധിക്ക് 15 സംസ്ഥാനങ്ങളില്‍ വ്യാപിച്ചതായി മലയാള മനോരമ വിലപിക്കുന്ന നക്സല്‍ പ്രസ്ഥാനത്തെപ്പറ്റി എന്തു പറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. 62 വര്‍ഷത്തില്‍ 50 വര്‍ഷവും ഇന്ത്യ ഭരിച്ചത് നെഹ്റുകുടുംബമാണെന്ന സത്യം മറന്നുകൊണ്ടായിരിക്കാം പട്ടിണിയും ദാരിദ്ര്യവും കാണാന്‍ നെഹ്റുകുടുംബത്തിലെ പുതിയ തലമുറക്കാരന്‍ ഇറങ്ങിപ്പുറപ്പെട്ടത്.

യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം 2007ല്‍ ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പത് ആയിരുന്നത് 2008ല്‍ 53 ആയി ഉയര്‍ന്നു. ലോകത്തെ ധനികരില്‍ 10ല്‍ 4പേരും ഇന്ത്യയിലാണ്. ശതകോടീശ്വരന്മാരുടെ ആസ്തി 14 ലക്ഷം കോടിയില്‍പരമായി ഉയര്‍ന്നിരിക്കുന്നു. മറുഭാഗത്ത് 77 ശതമാനം സാധാരണ ജനങ്ങള്‍ ദാരിദ്ര്യത്തിലും പട്ടിണിയിലുമാണ്. ഇത് മാറ്റാന്‍ രാഹുല്‍ വല്ല പുതിയ പരിപാടിയും യുവാക്കളുടെ മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ടോ? നക്സല്‍ ഭീഷണി അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണാനോ അതിന് പരിഹാരം കാണാനോ ഒരു കര്‍മപരിപാടിയും കോണ്‍ഗ്രസിനില്ല. നേരെമറിച്ച് ത്രിപുരയിലും ബംഗാളിലും കേരളത്തിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചുപോരുന്നത്.

ക്രമസമാധാനപാലനത്തില്‍ കേരളം മെച്ചപ്പെട്ട സംസ്ഥാനമാണെന്ന് മേല്‍പ്പറഞ്ഞ വസ്തുതകള്‍ വെളിപ്പെടുത്തുന്നുണ്ട്. സിപിഐ എം അതിന്റെ തുടക്കംമുതല്‍ നക്സല്‍ പ്രസ്ഥാനത്തെയും തീവ്രവാദത്തെയും ഭീകരപ്രസ്ഥാനത്തെയും തള്ളിപ്പറഞ്ഞ പാര്‍ടിയാണ്. സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ പശ്ചിമബംഗാളിലും കേരളത്തിലും പ്രോത്സാഹനം നല്‍കുന്നത് ചൂഷകവര്‍ഗമാണ്. ഒടുവില്‍ ഭസ്മാസുരന് വരംകൊടുത്ത അനുഭവം അവര്‍ക്കുണ്ടാകുമെന്ന് ഓര്‍മിപ്പിക്കാന്‍മാത്രമെ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളു. നക്സല്‍ പ്രസ്ഥാനത്തെ ആശയപരമായി നേരിടണം. ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും അവസാനിപ്പിക്കണം. ഭൂപരിഷ്കരണം നടപ്പാക്കണം. നക്സലിസത്തിന് വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കുന്നത് അവസാനിപ്പിക്കണം. ആയുധശക്തികൊണ്ട് മാത്രം നക്സല്‍ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. ജനങ്ങളെ ഒപ്പം നിര്‍ത്തി ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെമാത്രമേ തീവ്രവാദപ്രസ്ഥാനത്തെ ഫലപ്രദമായി നേരിടാന്‍ കഴിയൂ.

ദേശാഭിമാനി മുഖപ്രസംഗം

1 comment:

  1. നക്സല്‍ പ്രസ്ഥാനത്തെ ആശയപരമായി നേരിടണം. ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും അവസാനിപ്പിക്കണം. ഭൂപരിഷ്കരണം നടപ്പാക്കണം. നക്സലിസത്തിന് വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കുന്നത് അവസാനിപ്പിക്കണം. ആയുധശക്തികൊണ്ട് മാത്രം നക്സല്‍ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. ജനങ്ങളെ ഒപ്പം നിര്‍ത്തി ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെമാത്രമേ തീവ്രവാദപ്രസ്ഥാനത്തെ ഫലപ്രദമായി നേരിടാന്‍ കഴിയൂ.
    *
    കോളേജ് ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം സംഘടിപ്പിക്കാനുള്ള അനുവാദം അഖിലേന്ത്യാ കോണ്‍ഗ്രസ് സെക്രട്ടറിക്കു മാത്രമായി പരിമിതപ്പെടുത്താമെന്നാണ് മോഹിക്കുന്നതെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ നാളിതുവരെ പ്രചാരവേല സംഘടിപ്പിക്കുകയും രാഷ്ട്രീയക്കാര്‍ പുറമെനിന്ന് വന്ന് കോളേജുകളില്‍ ഇടപെടരുതെന്ന് വാതോരാതെ വാദിക്കുകയും ചെയ്ത സ്വകാര്യ മാനേജ്മെന്റുകള്‍ എന്നു മുതലാണ് നിലപാടില്‍ മാറ്റം വരുത്തിയതെന്ന് പറയണം. സുപ്രീംകോടതിയുടെ വ്യക്തമായ വിധി ധിക്കരിച്ചുകൊണ്ടാണ് മുഴുവന്‍സമയ രാഷ്ട്രീയക്കാരനായ രാഹുല്‍ഗാന്ധി കേരളത്തിലെ കോളേജ് ക്യാമ്പസുകള്‍ കയറിയിറങ്ങിയതെന്ന വസ്തുത മാധ്യമങ്ങള്‍ മറന്നുപോകരുത്.
    *
    62 വര്‍ഷത്തില്‍ 50 വര്‍ഷവും ഇന്ത്യ ഭരിച്ചത് നെഹ്റുകുടുംബമാണെന്ന സത്യം മറന്നുകൊണ്ടായിരിക്കാം പട്ടിണിയും ദാരിദ്ര്യവും കാണാന്‍ നെഹ്റുകുടുംബത്തിലെ പുതിയ തലമുറക്കാരന്‍ ഇറങ്ങിപ്പുറപ്പെട്ടത്.

    ReplyDelete