Monday, November 2, 2009

ചൈനാ പ്രശ്നം- 1962ലും 2009ലും

നമ്മുടെ സംസ്ഥാനം "ഗുണ്ടാ മാഫിയാ പിടിയില്‍ അമര്‍ന്നുപോയതില്‍'' ധാര്‍മ്മിക രോഷം അഭിനയിച്ച് മുതല കണ്ണീര്‍ പൊഴിച്ചുകൊണ്ട്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ചൈനാ പ്രശ്നത്തില്‍ സിപിഎം എന്തേ അഭിപ്രായം പറയാത്തത് എന്ന് സെക്രട്ടറിയേറ്റിന്റെ പടിക്കല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ചോദിച്ചു എന്ന പത്രവാര്‍ത്ത വായിച്ചപ്പോള്‍ ഈ ലേഖകന്റെ ഓര്‍മ്മയില്‍ വന്നത് പഴയകാല കവയത്രി ശ്രീമതി തോട്ടയ്ക്കാട്ട് ഇക്കാവമ്മയാണ്. ശ്രീമതി ഇക്കാവമ്മയുടെ കവിതയില്‍ വൃത്തഭംഗമുണ്ടെന്നാക്ഷേപിച്ചുകൊണ്ട് ഒരു വിരുതന്‍ അശ്ളീലച്ചുവയുള്ള ഒരു പദ്യം ചോദ്യ രൂപേണ എഴുതി പ്രസിദ്ധപ്പെടുത്തി. കവയത്രി ഒട്ടും കൂസല്‍ ഇല്ലാതെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. തന്റെ പദ്യത്തില്‍ വ്യാകരണത്തിലെ യതി എന്ന പ്രയോഗത്തിലൂടെ അശ്ളീലം സമര്‍ത്ഥമായി മറച്ചുപിടിക്കാനുള്ള മാന്യതയും പാണ്ഡിത്യവും പ്രകടിപ്പിച്ചു. അശ്ളീലച്ചുവയുള്ളതിനാല്‍ രണ്ടു പദ്യങ്ങളും ഇവിടെ ഉദ്ധരിക്കുന്നില്ല.

ശ്രീമതി ഇക്കാവമ്മ ധാരാളം പദ്യങ്ങള്‍ എഴുതീട്ടുണ്ട്. അതുപോലെ അയല്‍രാജ്യങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ കമ്യൂണിസ്റ്റ് പാര്‍ടി വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്.

വ്യത്യസ്ത രാഷ്ട്രീയ - സാമ്പത്തിക - സാമൂഹ്യ ക്രമങ്ങളുള്ള രാഷ്ട്രങ്ങളാണ് ഇന്നത്തെ ലോകത്തില്‍. അവ പരസ്പര ബഹുമാനത്തോടെ സമാധാനപരമായി സഹവര്‍ത്തിക്കണം. കൂടിയാലോചനകളിലൂടെ - അല്ലാതെ യുദ്ധത്തിലൂടെയല്ല - തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത്. ഒരു രാഷ്ട്രത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ മറ്റു രാഷ്ട്രങ്ങള്‍ ഇടപെടരുത്. കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഈ അഭിപ്രായം ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും മഹാനായ നേതാവ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു 1954ല്‍ ഇന്തോനേഷ്യയിലെ ബാന്ദൂങ്ങില്‍ വച്ച് അംഗീകരിച്ചിട്ടുണ്ട്. 1991ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ ധനവകുപ്പു മന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബാങ്കോക്കില്‍ കൂടിയ ലോകബാങ്കിന്റെ യോഗത്തില്‍ പങ്കെടുത്തതോടുകൂടിയല്ലേ അമേരിക്കന്‍ ചേരിയിലേക്കുള്ള മാറ്റത്തിന്റെ തുടക്കം കുറിച്ചത്. നെഹ്റു അംഗീകരിച്ച് നടപ്പാക്കി തുടങ്ങിയ ചേരിചേരാനയം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സോണിയായും മന്‍മോഹന്‍ സിംഗും ഇന്നും അംഗീകരിക്കുന്നുണ്ടോ. അതറിയാനും ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകുമെന്ന് എന്തേ ചെന്നിത്തലയുടെ തലയില്‍ കേറാത്തത്?

1962ല്‍ ഇന്ത്യാ-ചൈനാ സംഘര്‍ഷം ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ടതാണോ? അതിന്റെ നാരായ വേരു തേടിപ്പോയാല്‍ 1950 ഒക്ടോബര്‍ 7ന് ചൈനീസ് ചെമ്പട ടിബറ്റിനെ മോചിപ്പിച്ച നാള്‍ മുതല്‍ തുടങ്ങിയതാണെന്നു കാണാം. ഇന്ത്യന്‍ മുതലാളിമാര്‍ തങ്ങളുടെ ഉല്‍പന്നമായ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വിറ്റഴിച്ചിരുന്നതായ മാര്‍ക്കറ്റായിരുന്നു ടിബറ്റ്. അതിന്റെ നഷ്ടം സഹിക്കാന്‍ പ്രയാസമായിരുന്നതിനാല്‍ ചൈനയോട് യുദ്ധം ചെയ്യണമെന്ന മുറവിളി ഉയര്‍ന്നു. പ്രധാനമന്ത്രി നെഹ്റു വഴങ്ങിയില്ല. ചൈനയിലെ അംബാസിഡറായിരുന്ന സര്‍ദാര്‍ കെ എം പണിക്കരും പ്രകോപനം അരുതെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.

താന്‍ ദൈവത്തിന്റെ അവതാരമാണെന്ന് അവകാശപ്പെട്ടുകൊണ്ട് പാവങ്ങളായ ടിബറ്റന്‍ ജനതയെ ചൂഷണം ചെയ്തിരുന്ന ദലൈലാമ ഇന്ത്യയില്‍ അഭയംതേടി. നെഹ്റു ഗവണ്‍മെന്റ് അഭയം നല്‍കിയെന്നു മാത്രമല്ല പ്രവാസി ഗവണ്‍മെന്റ് രൂപീകരിക്കുന്നതില്‍, ലഭിക്കുന്ന ഒരവസരവും പാഴാക്കാതെ ജനകീയ ചൈനയ്ക്കെതിരെ അലോസരം സൃഷ്ടിക്കുന്നതില്‍നിന്നും ലാമയെ തടഞ്ഞതുമില്ല. 1954ല്‍ ചേരിചേരാനയവും ചൈനീസ് പ്രധാനമന്ത്രി ചൌ എന്‍ലായിയുമായി ഒത്ത് പഞ്ചശീല തത്വങ്ങളും അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ലാമയുടെ ചൈനാവിരുദ്ധ നടപടികളെ തടഞ്ഞില്ല.

1960കള്‍ ആയപ്പോള്‍ മക്മോഹന്‍ രേഖയെപ്പറ്റിയായി തര്‍ക്കം. ജനകീയ ചൈന വിമോചിപ്പിക്കപ്പെടും മുമ്പ്, ഇന്ത്യ സ്വതന്ത്രയാവുംമുമ്പ് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ മക്മോഹന്‍ ഭൂപടത്തില്‍ സങ്കല്‍പിച്ച രേഖയാണ് ഇന്ത്യാ-ചൈനാ അതിര്‍ത്തിയായി സങ്കല്‍പിക്കപ്പെട്ടുപോന്നത്. ആരും സര്‍വെ ചെയ്ത അതിര്‍ത്തിക്കല്ല് സ്ഥാപിച്ചതൊന്നുമല്ല. സോവിയറ്റ് യൂണിയനില്‍ വിപ്ളവം വിജയിച്ചിട്ടും വളരെ കൊല്ലങ്ങള്‍ക്കുശേഷമാണ് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ സോവിയറ്റ് അധികാരം എത്തിക്കാന്‍ കഴിഞ്ഞത്. അതുപോലെ തന്നെ ചൈനയ്ക്കും ആദ്യം അതിര്‍ത്തികളില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. 1950ല്‍ ബ്രിട്ടന്റെ സഹായത്തോടെ തന്ത്രപ്രധാനമായ ടിബറ്റില്‍ അമേരിക്ക നോട്ടമിട്ടപ്പോഴാണ് ടിബറ്റിലേക്ക് സൈന്യം നീങ്ങിയതുതന്നെ. ദക്ഷിണാതിര്‍ത്തിയില്‍ ചൈന ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ചൈന അതിര്‍ത്തി (സാങ്കല്‍പികാതിര്‍ത്തി) ലംഘിച്ചെന്ന മുറവിളി ഇന്ത്യയില്‍ നിന്നുയര്‍ന്നു. യഥാര്‍ത്ഥത്തില്‍ ഈ മുറവിളി നെഹ്റു തുടര്‍ന്നുവന്നിരുന്ന ചേരിചേരാനയത്തിനും അന്നത്തെ പ്രതിരോധ വകുപ്പു മന്ത്രി വി കെ കൃഷ്ണമേനോനും എതിരായ രോഷപ്രകടനമായിരുന്നു. 1962 ഒക്ടോബര്‍ 12ന് കൊളംബോയിലേക്കു യാത്ര പുറപ്പെടുമ്പോള്‍ പ്രധാനമന്ത്രി നെഹ്റു "നമ്മുടെ മണ്ണില്‍നിന്നും ശത്രുക്കളെ തുരത്തി ഓടിക്കാന്‍'' ഉത്തരവിട്ടു. ("നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും അവകാശപ്പെടുന്ന'' എന്ന ഇ എം എസിന്റെ വാക്കുകള്‍ ഓര്‍ക്കുക). തുടര്‍ന്ന് ഒഴിവാക്കാമായിരുന്ന സംഘര്‍ഷം ഉണ്ടായി. കാര്യമായ യാതൊരെതിര്‍പ്പുമില്ലാതെ ചൈനീസ് സൈന്യം ആസാമിലെ തേസ്പൂര്‍ വരെ മുന്നേറുകയും ഒക്ടോബര്‍ 21ന് ഏകപക്ഷീയമായി വെടിനിറുത്തല്‍ പ്രഖ്യാപിച്ച് അവര്‍ നേരത്തെ നിന്നിരുന്ന സ്ഥാനത്തേക്ക് പിന്‍വാങ്ങുകയും ചെയ്തു.

1962 ലെ ഇന്ത്യാ-ചൈനാ അതിര്‍ത്തി യുദ്ധം ഹിമാലയന്‍ വിഡ്ഢിത്തമായിരുന്നു. ഇത് ഈ ലേഖകന്റെയോ സിപിഐ എമ്മിന്റേയോ അഭിപ്രായമല്ല. ബ്രിട്ടീഷ് - ഇന്ത്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന് പടിപടിയായി ബ്രിഗേഡിയര്‍ പദവിയില്‍ എത്തി ഇന്ത്യാ - ചൈനാ അതിര്‍ത്തി യുദ്ധത്തില്‍ പങ്കെടുത്ത് ഏഴുമാസം ചൈനീസ് തടവില്‍ കഴിഞ്ഞ ബ്രിഗേഡിയര്‍ ജെ പി ദാല്‍വി പട്ടാളക്കാരന്റെ വീക്ഷണത്തിന്റെ അനുഭവം വിവരിക്കുന്ന പുസ്തകത്തില്‍ പേരു തന്നെ "ഹിമാലയന്‍ ബ്ളണ്ടര്‍'' എന്നാണ്. (ഹിന്ദ് പോക്കറ്റ് ബുക്സ് പ്രസിദ്ധീകരണം).

അതിര്‍ത്തി തര്‍ക്കം യുദ്ധം കൂടാതെ സമാധാനപരമായി കൂടിയാലോചനകളിലൂടെ പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കന്മാരെ, ഒരു മാസം കഴിഞ്ഞപ്പോള്‍ നവംബര്‍ 21ന് ചൈനാ ചാരമുദ്ര കുത്തി ജയിലില്‍ അടച്ചു. ആ വകയിലും ഈ ലേഖകന്‍ ആറുമാസം ജയില്‍വാസം അനുഭവിച്ചു. (കൂട്ടത്തില്‍ പറയട്ടെ, സഖാക്കള്‍ വി എസ്, നായനാര്‍, ബാലാനന്ദന്‍, എ വി കുഞ്ഞമ്പു, ശര്‍മ്മാജി, ടി കെ രാമകൃഷ്ണന്‍, ഒ ജെ ജോസഫ് തുടങ്ങിയ മഹാരഥന്മാരോടൊപ്പം കഴിഞ്ഞു കൂടിയ ആ ദിവസങ്ങള്‍ ഈ ലേഖകന് മഹാഭാഗ്യമായിരുന്നു).

വര്‍ഷങ്ങള്‍ കഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടി ദീര്‍ഘദര്‍ശനം ചെയ്തതുപോലെ കൂടിയാലോചനകള്‍ വഴി തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം ഇന്നും തുടരുന്നു.

ചൈനാ ചാരമുദ്ര കുത്തി വീണ്ടും ജയിലില്‍ പോകേണ്ടി വന്നാലും ശരി, വീണ്ടും ചൈനയ്ക്കെതിരായി ജിഹാദ് ഉയര്‍ന്നിരിക്കുന്നുവെന്നു സത്യം പറയാതിരിക്കാന്‍ വയ്യ. ഇല്ലാക്കഥകളുടെ പെരുമഴ. ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ച് വെടിവെച്ച് 2 ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പരിക്കേറ്റിരിക്കുന്നു. വിദേശ വകുപ്പു സെക്രട്ടറി നിരുപമ റാവുവും, സുരക്ഷാ സെക്രട്ടറി എം കെ നാരായണനും ഈ വാര്‍ത്ത അടിസ്ഥാനരഹിതമെന്നു പ്രഖ്യാപിച്ചു. കള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ലേഖകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വിദേശ വകുപ്പു മന്ത്രി. എന്നിട്ടും ഇന്ത്യയിലെ ചൈനാവിരുദ്ധ ലോബികള്‍ അടങ്ങുന്ന മട്ടില്ല. അവര്‍ ദൈവത്തിന്റെ അവതാരമായ ദലൈലാമയെ അരുണാചലില്‍ എഴുന്നള്ളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ കിണഞ്ഞു ശ്രമിക്കയാണ്. രാഷ്ട്രീയ നിരീക്ഷകര്‍ ടിബറ്റിന്റെ ചരിത്രാന്വേഷണത്തില്‍ അതിരുവിട്ട താല്‍പര്യം കാണിക്കുന്നു. ഏതുവിധവും ഇന്ത്യാ-ചൈനാ ബന്ധം വഷളാക്കാനുള്ള തീവ്രയത്നത്തിലാണവര്‍.

സ്വാഭാവികമായും ഇതില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുന്ന ലേഖനം 'പീപ്പിള്‍സ് ഡെയ്ലി'യില്‍ വന്നതിനെ പൊക്കിപ്പിടിക്കുന്നവര്‍ തായ്ലന്റില്‍ വച്ച് ചേരുന്ന ആസിയാന്‍ ഉച്ചകോടിയ്ക്കിടെ നമ്മുടെ പ്രധാനമന്ത്രിയെ കണ്ടു സംഭാഷണം നടത്താന്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാവോ താല്‍പര്യം പ്രകടിപ്പിച്ചത് അറിഞ്ഞില്ലെന്ന് നടിക്കുകയാണ്.

പയ്യപ്പിള്ളി ബാലന്‍ chintha

5 comments:

  1. വ്യത്യസ്ത രാഷ്ട്രീയ - സാമ്പത്തിക - സാമൂഹ്യ ക്രമങ്ങളുള്ള രാഷ്ട്രങ്ങളാണ് ഇന്നത്തെ ലോകത്തില്‍. അവ പരസ്പര ബഹുമാനത്തോടെ സമാധാനപരമായി സഹവര്‍ത്തിക്കണം. കൂടിയാലോചനകളിലൂടെ - അല്ലാതെ യുദ്ധത്തിലൂടെയല്ല - തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത്. ഒരു രാഷ്ട്രത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ മറ്റു രാഷ്ട്രങ്ങള്‍ ഇടപെടരുത്. കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഈ അഭിപ്രായം ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും മഹാനായ നേതാവ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു 1954ല്‍ ഇന്തോനേഷ്യയിലെ ബാന്ദൂങ്ങില്‍ വച്ച് അംഗീകരിച്ചിട്ടുണ്ട്. 1991ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ ധനവകുപ്പു മന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബാങ്കോക്കില്‍ കൂടിയ ലോകബാങ്കിന്റെ യോഗത്തില്‍ പങ്കെടുത്തതോടുകൂടിയല്ലേ അമേരിക്കന്‍ ചേരിയിലേക്കുള്ള മാറ്റത്തിന്റെ തുടക്കം കുറിച്ചത്. നെഹ്റു അംഗീകരിച്ച് നടപ്പാക്കി തുടങ്ങിയ ചേരിചേരാനയം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സോണിയായും മന്‍മോഹന്‍ സിംഗും ഇന്നും അംഗീകരിക്കുന്നുണ്ടോ. അതറിയാനും ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകുമെന്ന് എന്തേ ചെന്നിത്തലയുടെ തലയില്‍ കേറാത്തത്?

    ReplyDelete
  2. ഇങ്ങനൊക്കെ പോസ്റ്റിടാമോ? "മിസ്റ്റര്‍ പയ്യപ്പിള്ളി, ഏതാണു താങ്കളുടെ മാതൃരാജ്യം?" എന്നൊക്കെ ചോദിച്ച് ഒളിയമ്പുകള്‍ ഝടപടാ വരും...

    ReplyDelete
  3. യുദ്ധങ്ങളില്ലാതെ എങ്ങനെ ദേശസ്നേഹം എങ്ങനെ ഒന്ന് പൊലിപ്പിച്ചെടുക്കും. വല്ല അഴിമതിയോഒ മറ്റ് പ്രശ്നങ്ങളോ വന്നാല്‍ ഉടനെ വരും യുദ്ധം. നമ്മുടെ കുറെ പട്ടാളക്കാര്‍ കുരുതി കൊടുക്കപ്പെടും. പ്പൊകുന്നത് അവര്‍ക്കും അവരുടെ കുടുംബത്തിനും. നേതാക്കള്‍ക്ക് എന്ത് നഷ്ടം.

    ഇന്ത്യാ ചൈനാ യുദ്ധം നടക്കാഞ്ഞിട്ട് തൂറാന്‍ മുട്ടി നില്‍ക്കുന്ന ചില പത്രങ്ങള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് എങ്ങനെയെങ്കിലും യുദ്ധം ഉണ്ട്റ്റായാല്‍ പത്ത് കോപ്പി അധികം അവരുടെ നാപ്കിന്‍ പത്രം ചിലവാകും. പല കാബറെ ചാനലുകള്‍ക്ക് പരസ്യ ഇനത്തില്‍ കുറച്ചു കൂടി തുട്ട് കിട്ടൂം.

    ഇതൊക്കെയാണ് കാര്യം. ഇതു വരെ പാകിസ്ഥാന്‍ ശത്രുവായിരുന്നപ്പോള്‍ ഇപ്പോള്‍ ചൈനയായി. ഇനി അടുത്തത് ആരാണാവോ.

    പിന്നെ ഇങ്ങനെയൊക്കെ എഴുതണമെങ്കില്‍ എഴുതുന്ന ആള്‍ നാഗ് പൂരിലോ ജനപഥ് 10 ല്‍ നിന്നോ ഐഡന്റിറ്റി കാര്‍ഡ് അറ്റസ്റ്റ് ചെയ്യണം എന്ന് മാത്രം.

    ReplyDelete
  4. What is this Mr Payyappilly Balan?

    ReplyDelete
  5. appol makmohan rekha valid alla, the chinese claims about arunachal pradesh is correct , iraq invasion is wrong , chinese invasion to tibet is correct, so if makmohan rekha is wrong lets re draw a new line , like how or what chinese did let all our neighbouring countries send their armies and catch as much a sproperty from india as possible, lets negotiate with them peacefully,
    good thoughts dear friend , good thoughts

    ReplyDelete