Tuesday, November 17, 2009

പൊതുമേഖല - കേരളം മാതൃക

പൊതുമേഖല: കേന്ദ്രം കേരളത്തെ മാതൃകയാക്കണം- വിദഗ്ധര്‍

പൊതുമേഖല നവീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ മാതൃകയാക്കണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ അമിയകുമാര്‍ ബാഗ്ചി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെയടക്കം വിറ്റുതുലച്ച് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന അന്ധമായ സ്വകാര്യവല്‍ക്കരണവും വിദേശവല്‍ക്കരണവും വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് 'പൊതുമേഖലയുടെ ഉയിര്‍ത്തെണീപ്പ്; കേരള അനുഭവം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ ബാഗ്ചി പറഞ്ഞു. പൊതുമേഖലാ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ പല വഴികള്‍ തേടുകയാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുകയെന്നതാണ് ഇതിലൊന്ന്. എന്നാല്‍, ഓഹരി വിപണികള്‍ തട്ടിപ്പ് കേന്ദ്രങ്ങളാണെന്ന് പണ്ടേ തെളിഞ്ഞതാണ്. വലിയ കൃത്രിമങ്ങള്‍ വിപണിയില്‍ നടത്താനാവും. ഗ്ളോബല്‍ ട്രസ്റ്റ് ബാങ്ക്, സത്യം തുടങ്ങിയ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സംഭവിച്ചത് ഓഹരി വിപണിയുടെ 'കാര്യക്ഷമതയ്ക്ക്' തെളിവാണ്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ഘട്ടംഘട്ടമായുള്ള സ്വകാര്യവല്‍ക്കരണം തന്നെയാണ്. മാരുതിയും, ബാല്‍കോയുമൊക്കെ നല്‍കുന്ന പാഠങ്ങള്‍ അതാണ്. മാരുതി ആദ്യം മാരുതി സുസുക്കിയായും ഇപ്പോള്‍ സുസുക്കിയായും മാറി. പൊതുമേഖലാ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ട് രാജ്യമാകെ വിതരണംചെയ്യണം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമല്ല കേന്ദ്രത്തിനും കേരളത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ട്- ബാഗ്ചി പറഞ്ഞു. പൊതുമേഖലയെ ശക്തിപ്പെടുത്താന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടതെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത് പ്രഭാത് പട്നായിക് പറഞ്ഞു. ഈ ഇച്ഛാശക്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനുള്ളതുകൊണ്ടാണ് അവിടെ പൊതുമേഖല നേട്ടം കൈവരിച്ചത്. വിലക്കയറ്റം, കുത്തകവല്‍ക്കരണം തുടങ്ങിയ മോശം പ്രവണതകള്‍ തടയാന്‍ പൊതുമേഖല ശക്തിപ്പെടുത്തുന്നതിലൂടെ സാധിക്കും- പട്നായിക് പറഞ്ഞു.

കേരള സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിതന്നെയാണ് പൊതുമേഖലയുടെ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് പി ജെ കുര്യന്‍ പറഞ്ഞു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിന്റെ പാതയില്‍ എത്തിച്ചത് അഭിനന്ദനാര്‍ഹമാണെന്നും കുര്യന്‍ പറഞ്ഞു. രാഷ്ട്രീയ സാഹചര്യം അനുകൂലമായാല്‍മാത്രമേ പൊതുമേഖലയ്ക്ക് കരുത്താര്‍ജിക്കാനാവൂ എന്നും കേരളത്തില്‍ എല്ലാ സാഹചര്യവും അനുകൂലമായതുകൊണ്ടാണ് നേട്ടം കൈവരിച്ചതെന്നും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ പറഞ്ഞു. അനുകൂല സാഹചര്യം ഒരുക്കിയാല്‍ മറ്റു സ്ഥലങ്ങളിലും കേരളമാതൃക ആവര്‍ത്തിക്കാമെന്നും ടി കെ എ നായര്‍ പറഞ്ഞു. പ്രായോഗികതയോടെ പ്രവര്‍ത്തിക്കുന്ന ഭരണസംവിധാനമാണ് കേരളത്തിന്റെ നേട്ടത്തിനു പിന്നിലെന്ന് ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ പറഞ്ഞു. വ്യക്തമായ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കാനും മത്സരക്ഷമത കൈവരിക്കാനും പൊതുമേഖലയ്ക്കാകണം. നഷ്ടം സംഭവിച്ചാല്‍ എല്ലാ വശങ്ങളും പരിശോധിച്ച് പരിഹാരം കാണണം. വിപണിയിലെ മാറ്റങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകണം. കേരളത്തിന്റെ നേട്ടം രാജ്യത്തിനാകെ മാതൃകയാണ്- ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിലെ പൊതുമേഖലയുടെ ലാഭം 89 കോടി

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ 89.29 കോടി രൂപയുടെ ലാഭം നേടിയതായി മന്ത്രി എളമരം കരീം പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 169.45 കോടിയായിരുന്നു ലാഭം. ആ റെക്കോഡ് ഇത്തവണ മറികടക്കാനാകുമെന്നാണ് സൂചനയെന്നും ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ 2006ല്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തിലായിരുന്നു. 2006-07 മുതല്‍ സ്ഥിതി മാറിയെന്ന് മന്ത്രി പറഞ്ഞു.

കുതിപ്പിന്റെ നേര്‍ക്കാഴ്ചയ്ക്ക് വ്യാപക പ്രശംസ

പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ കൂട്ടത്തോടെ കൈയൊഴിയുന്നതിനിടെ കേരളത്തില്‍ പൊതുമേഖല കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ച ദേശീയതലത്തില്‍ ചര്‍ച്ചയാവുന്നു. 'പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയിര്‍ത്തെണീപ്പ്- കേരള അനുഭവം' എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ കേരളത്തെ പ്രകീര്‍ത്തിച്ചു. കേരളത്തിന്റെ നേട്ടത്തിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയാണെന്ന് സെമിനാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക് സെമിനാര്‍ ഉദ്ഘാടനംചെയ്തു. വ്യവസായ മന്ത്രി എളമരം കരീം, മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ പി ജെ കുര്യന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍, സിഐടിയു ജനറല്‍ സെക്രട്ടറി മുഹമദ് അമീന്‍, ആര്‍എസ്പി നേതാവ് അബനി റോയ്, സാമ്പത്തിക വിദഗ്ധന്‍ അമിയകുമാര്‍ ബാഗ്ചി, ആസൂത്രണ കമീഷന്‍ അംഗം അഭിജിത്ത് സെന്‍, കോര്‍പറേറ്റ് ഭരണ വിദഗ്ധന്‍ ഡോ. വൈ ആര്‍ കെ റെഡ്ഡി, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ത്രിലോക്സിങ് പാപോല, ബിആര്‍പിഎസ്ഇ ചെയര്‍മാന്‍ നിതീഷ് സെന്‍ഗുപ്ത എന്നിവര്‍ സംസാരിച്ചു. വിവിധ കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ മൂന്നര വര്‍ഷ കാലയളവില്‍ കേരളത്തില്‍ പൊതുമേഖല കൈവരിച്ച കുതിപ്പിന്റെ വിശദാംശം ഉള്‍പ്പെടുത്തി വ്യവസായ-വാണിജ്യ വകുപ്പിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ സെമിനാറില്‍ നടത്തിയ ദൃശ്യാവതരണം ശ്രദ്ധേയമായി. 2005-06 കാലയളവില്‍ 70 കോടി രൂപ നഷ്ടത്തിലായിരുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 2008-09 വര്‍ഷമായപ്പോള്‍ 169.445 കോടി രൂപ ലാഭത്തിലെത്തിയത് എങ്ങനെയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അവതരണം.

ദേശാഭിമാനിയില്‍ നിന്ന്

1 comment:

  1. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ഘട്ടംഘട്ടമായുള്ള സ്വകാര്യവല്‍ക്കരണം തന്നെയാണ്. മാരുതിയും, ബാല്‍കോയുമൊക്കെ നല്‍കുന്ന പാഠങ്ങള്‍ അതാണ്. മാരുതി ആദ്യം മാരുതി സുസുക്കിയായും ഇപ്പോള്‍ സുസുക്കിയായും മാറി. പൊതുമേഖലാ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ട് രാജ്യമാകെ വിതരണംചെയ്യണം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമല്ല കേന്ദ്രത്തിനും കേരളത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ട്- ബാഗ്ചി പറഞ്ഞു. പൊതുമേഖലയെ ശക്തിപ്പെടുത്താന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടതെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത് പ്രഭാത് പട്നായിക് പറഞ്ഞു. ഈ ഇച്ഛാശക്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനുള്ളതുകൊണ്ടാണ് അവിടെ പൊതുമേഖല നേട്ടം കൈവരിച്ചത്. വിലക്കയറ്റം, കുത്തകവല്‍ക്കരണം തുടങ്ങിയ മോശം പ്രവണതകള്‍ തടയാന്‍ പൊതുമേഖല ശക്തിപ്പെടുത്തുന്നതിലൂടെ സാധിക്കും- പട്നായിക് പറഞ്ഞു.

    ReplyDelete