Wednesday, November 25, 2009

കൂത്തുപറമ്പ് രക്തസാക്ഷിസ്മരണ

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന് 15 വര്‍ഷം തികയുകയാണ്. വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തിനെതിരെ 1994 നവംബറില്‍ നടന്ന ഐതിഹാസിക പോരാട്ടം ചരിത്രവും ലോകവും നിലനില്‍ക്കുന്നിടത്തോളം കനല്‍പോലെ തെളിഞ്ഞുനില്‍ക്കും; വരുംകാല സമരങ്ങള്‍ക്കാകെ ആവേശത്തിന്റെ ഊര്‍ജം പകരും. സാമ്രാജ്യത്വ അധിനിവേശത്തോട് സമരസപ്പെടാനാകാത്ത ക്ഷുഭിത യൌവനത്തിന്റെ സമരപ്രഖ്യാപനമായിരുന്നു അത്. സ്വാശ്രയ കോളേജുകളും സ്കൂളുകളും കൂണുപോലെ മുളച്ചുവന്ന സാഹചര്യം സാധാരണക്കാരന്റെ വിദ്യാഭ്യാസസ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. സര്‍ക്കാര്‍ ഭൂമിയും പണവും ഉപയോഗിച്ച് പരിയാരത്ത് സഹകരണത്തിന്റെ മറവില്‍ കച്ചവട മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ നീക്കംനടന്നത് ഈ സാഹചര്യത്തിലായിരുന്നു. വിദ്യാഭ്യാസക്കച്ചവടവിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രമായി തുടര്‍ന്ന് പരിയാരം മാറി. കേരളം കണ്ട ഏറ്റവും വലിയ 'പൊതുമുതല്‍ അപഹരണത്തിനും' വിദ്യാഭ്യാസ വില്‍പ്പനയ്ക്കുമെതിരെ വലിയ പ്രതിഷേധമാണ് നാടാകെ ഉയര്‍ന്നുവന്നത്. സഹകരണമേഖലയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടും നടമാടിയിരുന്ന കാലംകൂടിയായിരുന്നു അത്. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ജില്ലാസഹകരണ ബാങ്കുകളിലെ നിയമനങ്ങള്‍ 'ലേലം' ചെയ്യുന്ന ഭരണസമിതികള്‍ക്ക് എല്ലാ പിന്തുണയും ഒത്താശയുമാണ് വകുപ്പുമന്ത്രിയായ എം വി രാഘവന്‍ നല്‍കിയിരുന്നത്.

വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരം ദിനങ്ങള്‍ പിന്നിടുന്തോറും കരുത്താര്‍ജിച്ചുവന്നു. വിദ്യാര്‍ഥിപ്രക്ഷോഭത്തെ ചോരയില്‍ മുക്കി അവസാനിപ്പിക്കാനുള്ള നീക്കമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. പരിയാരം മോഡല്‍ കൊള്ളയും വിദ്യാര്‍ഥിവേട്ടയും യുവാക്കളെ അരിശം കൊള്ളിച്ചു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ധാര്‍മികപ്രക്ഷോഭത്തില്‍ യുവജനപ്രസ്ഥാനവും കണ്ണിചേരുകയായിരുന്നു. ഇതോടെ സമരം ജനകീയ മുന്നേറ്റമായി മാറി. അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ ബഹുജനരോഷമിരമ്പി.

1994 നവംബര്‍25ന് കൂത്തുപറമ്പ് അര്‍ബന്‍ ബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിന് സഹകരണമന്ത്രി എം വി രാഘവന്‍ എത്തുമ്പോഴേക്ക് കറുത്ത തുണി ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ആയിരക്കണക്കിന് യുവജന-വിദ്യാര്‍ഥി പ്രവര്‍ത്തകരാണ് എത്തിയിരുന്നത്. പിന്നീടുണ്ടായതെല്ലാം എം വി രാഘവനും യുഡി എഫും തീരുമാനിച്ചുറപ്പിച്ച തിരക്കഥ തന്നെയായിരുന്നു. ശക്തമായ പൊലീസ്പട, ആജ്ഞാനുവര്‍ത്തികളായ ഉന്നതോദ്യോഗസ്ഥര്‍. കൂത്തുപറമ്പ് സംഭവം യാദൃശ്ചികമായിരുന്നില്ല, ചോരക്കൊതിപൂണ്ട ഭരണകര്‍ത്താക്കളുടെ ഗൂഢാലോചന തന്നെയായിരുന്നു.

പൊലീസ് വെടിവയ്പില്‍ പൊലിഞ്ഞുപോയത് അഞ്ചുപേര്‍. വെടിയേറ്റ്, ജീവിതത്തിനും മരണത്തിനുമിടയില്‍ ഇന്നും അവശേഷിക്കുന്നവര്‍ നിരവധിയാണ്. രാജീവന്‍, റോഷന്‍, ബാബു, മധു, ഷിബുലാല്‍ ഇവര്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ ചുമരിലാണ് രക്തംകൊണ്ട് തങ്ങളുടെ നാമധേയം അടയാളപ്പെടുത്തിയത്. 25 വയസ്സുള്ളപ്പോഴാണ് പുഷ്പന് അന്ന് വെടിയേറ്റത്. സുഷ്മനാ നാഡി തകര്‍ന്ന്, ശരീരമാകെ തളര്‍ന്ന്, തളരാത്ത മനസ്സുമായി പുഷ്പന്‍ ഇതിഹാസസമാനമായ ജീവിതം ഇന്നും തുടരുന്നു. കൂത്തുപറമ്പ് ഇന്ന് കേവലം ഒരു സ്ഥലം മാത്രമല്ല, യുവത്വത്തിന്റെ പോരാട്ടവീര്യത്തിന്റെയും ത്യാഗമനോഭാവത്തിന്റെ തിളങ്ങുന്ന ചരിത്രമാണ്.

തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ ശക്തിപ്പെട്ട നവഉദാരവല്‍ക്കരണ സാമ്പത്തിക പരിഷ്കാരങ്ങള്‍ സമസ്തമേഖലകളും മൂലധനശക്തികള്‍ക്ക് വിഹരിക്കാനുള്ള മാര്‍ഗരേഖയായിരുന്നു. മുതലാളിത്തത്തിന്റെ പരിമിതിയുടെയും ദൌര്‍ബല്യങ്ങളുടെയും ദൃഷ്ടാന്തമാണ് സമീപകാലത്തുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി. മുതലാളിത്ത രാഷ്ട്രങ്ങള്‍ പ്രതിസന്ധിയില്‍ ഉഴലുമ്പോഴും വലിയ ആഘാതമേല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ രാജ്യമാണ് ഇന്ത്യ. പൊതുമേഖലയെ സംരക്ഷിക്കാന്‍ ഇടതുപക്ഷം നടത്തിയ ഇടപെടലുകളാണ് രാജ്യത്തെ സ്വകാര്യവല്‍ക്കരണപ്രക്രിയയുടെ വ്യാപ്തി കുറച്ചത്.

അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് തങ്ങളുടെ സമ്പദ്‌വ്യവസ്ഥകളുടെ മേല്‍ കൂടുതല്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവരുന്നതിന് മുതലാളിത്ത രാഷ്ട്രങ്ങള്‍പോലും നിര്‍ബന്ധിതരാകുമ്പോള്‍ 'പിഴച്ച' പാതയില്‍ തന്നെയാണ് യുപിഎ സര്‍ക്കാര്‍. 15-ാം ലോക്സഭയിലെ ഇടതുപക്ഷത്തിന്റെ കരുത്തുകുറഞ്ഞത് മന്‍മോഹന്‍സിങ്ങിനും കോണ്‍ഗ്രസിനും 'ആശ്വാസ'മത്രെ! 'ആം ആദ്മി കേലിയേ' എന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയവര്‍ ജനങ്ങളെ കണക്കിനു ശിക്ഷിക്കുകയാണ്. സമ്പന്നരുടെ ആസ്തി നിമിഷംപ്രതി കുതിച്ചുയരുമ്പോള്‍ ഭൂരിപക്ഷത്തിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുന്നു. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ യുവത്വത്തിന് വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്.

ബദലുകള്‍ മുന്നോട്ടുവയ്ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാരുകളെ ഒറ്റപ്പെടുത്തിയും അവഗണിച്ചും ആഗോളവല്‍ക്കരണനയങ്ങളെ കെട്ടിപ്പുണരുന്ന യുപിഎ സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടങ്ങള്‍ ഉയര്‍ന്നുവരേണ്ട കാലമാണ് ഇത്. തൊണ്ണൂറുകളില്‍ ആരംഭിച്ച സാമ്പത്തിക അധിനിവേശം സര്‍വസീമകളും കടന്ന് ആഭ്യന്തരസുരക്ഷിതത്വത്തിനുപോലും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. സാമ്പത്തിക അസമത്വങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട യുവത്വത്തെ തീവ്രവാദത്തിന്റെ കൂടാരങ്ങളിലേക്ക് നയിക്കുന്നതിനുള്ള നീക്കം നടക്കുന്നു. ഇത്തരത്തില്‍ സാമൂഹ്യ സുരക്ഷിതത്വംപോലും അപകടപ്പെടുമ്പോള്‍ വലിയ ഉത്തരവാദിത്തമാണ് യുവജനങ്ങള്‍ക്കുമേല്‍ വന്നു ചേരുന്നത്. നിലയ്ക്കാത്ത പോരാട്ടങ്ങളുടെ, നാള്‍വഴികള്‍ നമ്മെ കാത്തിരിക്കുന്നു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ അണയാത്ത ഓര്‍മകള്‍, അനീതികള്‍ക്കെതിരായ പോരാട്ടത്തിന് സമാനതകളില്ലാത്ത ഊര്‍ജമാണ്. കരുത്തോടെ മുന്നോട്ട്...

ടി വി രാജേഷ് ദേശാഭിമാനി 251109

2 comments:

  1. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന് 15 വര്‍ഷം തികയുകയാണ്. വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തിനെതിരെ 1994 നവംബറില്‍ നടന്ന ഐതിഹാസിക പോരാട്ടം ചരിത്രവും ലോകവും നിലനില്‍ക്കുന്നിടത്തോളം കനല്‍പോലെ തെളിഞ്ഞുനില്‍ക്കും; വരുംകാല സമരങ്ങള്‍ക്കാകെ ആവേശത്തിന്റെ ഊര്‍ജം പകരും. സാമ്രാജ്യത്വ അധിനിവേശത്തോട് സമരസപ്പെടാനാകാത്ത ക്ഷുഭിത യൌവനത്തിന്റെ സമരപ്രഖ്യാപനമായിരുന്നു അത്. സ്വാശ്രയ കോളേജുകളും സ്കൂളുകളും കൂണുപോലെ മുളച്ചുവന്ന സാഹചര്യം സാധാരണക്കാരന്റെ വിദ്യാഭ്യാസസ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. സര്‍ക്കാര്‍ ഭൂമിയും പണവും ഉപയോഗിച്ച് പരിയാരത്ത് സഹകരണത്തിന്റെ മറവില്‍ കച്ചവട മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ നീക്കംനടന്നത് ഈ സാഹചര്യത്തിലായിരുന്നു. വിദ്യാഭ്യാസക്കച്ചവടവിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രമായി തുടര്‍ന്ന് പരിയാരം മാറി. കേരളം കണ്ട ഏറ്റവും വലിയ 'പൊതുമുതല്‍ അപഹരണത്തിനും' വിദ്യാഭ്യാസ വില്‍പ്പനയ്ക്കുമെതിരെ വലിയ പ്രതിഷേധമാണ് നാടാകെ ഉയര്‍ന്നുവന്നത്. സഹകരണമേഖലയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടും നടമാടിയിരുന്ന കാലംകൂടിയായിരുന്നു അത്. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ജില്ലാസഹകരണ ബാങ്കുകളിലെ നിയമനങ്ങള്‍ 'ലേലം' ചെയ്യുന്ന ഭരണസമിതികള്‍ക്ക് എല്ലാ പിന്തുണയും ഒത്താശയുമാണ് വകുപ്പുമന്ത്രിയായ എം വി രാഘവന്‍ നല്‍കിയിരുന്നത്.

    ReplyDelete
  2. ലാല്‍ സലാം സഖാക്കളെ..
    പൊറുക്കുക..

    രക്തസാക്ഷികള്‍ക്ക് നമ്മള്‍ തിരിച്ച് കൊടുത്തതെന്ത്????

    ReplyDelete