Monday, November 9, 2009

കണ്ണൂര്‍ വര്‍ത്തമാനം

കണ്ണൂര്‍ ജനതയെ അപമാനിച്ചതിനുള്ള മറുപടി

കണ്ണൂര്‍ ജനതക്കെതിരെ യുഡിഎഫ് നേതാക്കള്‍ നടത്തിയ അപവാദ പ്രചാരണത്തിനുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ശശി പറഞ്ഞു. ഏതു പട്ടാളം വന്നാലും തങ്ങളുടെ സമ്മതിദാനാവകാശം നിര്‍ഭയമായി രേഖപ്പെടുത്തുമെന്ന ജനങ്ങളുടെ തീരുമാനമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. കണ്ണൂരില്‍ എന്തോ സംഭവിക്കാന്‍ പോകുന്നു, വ്യാപക അക്രമം നടക്കും, ബൂത്തുപിടിക്കും എന്നൊക്കെയായിരുന്നു പ്രചാരണം. എന്നാല്‍ സ്ത്രീകളുള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ വലിയതോതില്‍ രാവിലെ വോട്ട് ചെയ്യാനെത്തി. എന്തെങ്കിയും ഭീകരത ഉണ്ടെങ്കില്‍ ഇങ്ങനെ വോട്ടര്‍മാര്‍, പ്രത്യേകിച്ച് സ്ത്രീവോട്ടര്‍മാര്‍ കൂട്ടത്തോടെ വന്ന് വോട്ട് ചെയ്യുമായിരുന്നില്ല. യുഡിഎഫും മാധ്യമങ്ങളും എത്ര നിന്ദ്യമായ പ്രചാരണം നടത്തിയാലും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആരെയും ഭയക്കേണ്ട കാര്യമില്ലെന്ന് കണ്ണൂരിലെ ജനതക്ക് നന്നായറിയാം. വര്‍ഷങ്ങളായി തുടരുന്ന കള്ളപ്രചാരണത്തിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞതുകൊണ്ടാണിത്.

സമാധാനപരമായ തെരഞ്ഞെടുപ്പ് ചരിത്രമാണ് കഴിഞ്ഞകാലമത്രയും കണ്ണൂരിലുണ്ടായത്. കള്ളവോട്ടുള്‍പ്പെടെയുള്ള കള്ളക്കഥകള്‍ യുഡിഎഫ് സ്ഥിരമായി കെട്ടിച്ചമക്കുന്നതാണ്. യുഡിഎഫിനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ ഇത്തരം കള്ളക്കഥകള്‍ക്ക് ഏറെ വാര്‍ത്താ പ്രാധാന്യം നല്‍കുന്നതിനാലാണ് കണ്ണൂരിനെക്കുറിച്ച് മോശമായ അഭിപ്രായമുണ്ടാകുന്നത്. ജില്ലയില്‍ യുഡിഎഫിന് സ്വാധീനമുള്ള ഇരിക്കൂര്‍പോലുള്ള സ്ഥലങ്ങളിലാണ് അക്രമം പതിവ്. മണ്ഡലത്തില്‍ എവിടെയും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നതും യുഡിഎഫിന്റെ കുപ്രചാരണത്തിനുള്ള മറുപടിയാണ്. ജനവിരുദ്ധ പ്രചാരണങ്ങളില്‍ കുടുങ്ങാതെ നിര്‍ഭയരായി വോട്ട് ചെയ്യാനെത്തിയ മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്യുന്നതായും ശശി പറഞ്ഞു.

പോറലേല്‍ക്കാതെ ആദ്യ റെക്കോഡ്

കണ്ണൂരില്‍ ശനിയാഴ്ച രേഖപ്പെടുത്തിയത് മണ്ഡലത്തിന്റെ ചരിത്രത്തിലെ നാലാമത്തെ ഉയര്‍ന്ന പോളിങ്. 79.33 ശതമാനം പേര്‍ വോട്ടു ചെയ്തതായാണ് കണക്ക്. 1965-ല്‍ നിലവില്‍ വന്ന കണ്ണൂര്‍ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിലെ റെക്കോഡ് പോളിങ് തകര്‍ക്കാന്‍ വാശിയേറിയ ഉപതെരഞ്ഞെടുപ്പിലുമായില്ല. '65-ല്‍ 84.18 ശതമാനമായിരുന്നു പോളിങ്. കുറവ് 1996-ല്‍; 69.42 ശതമാനം. 67ലാണ് രണ്ടാമത്തെ ഉയര്‍ന്ന പോളിങ്. ആദ്യത്തേതിനെക്കാള്‍ 0.44 ശതമാനം കുറഞ്ഞ് 83.74. 1987-ല്‍ 79.79 ശതമാനമുണ്ടായി. 70-ല്‍ പോളിങ് കുറഞ്ഞ് 76.52 ശതമാനമായി. പിന്നീടിങ്ങോട്ട് കൂടിയും കുറഞ്ഞും മാറിക്കൊണ്ടിരുന്നെങ്കിലും കുത്തനെയുള്ള വര്‍ധനയോ ഇടിവോ ഇല്ലാതെ 70നും 75നുമിടയില്‍ വോട്ടിങ് ശതമാനവുമായി പോളിങ്ങില്‍ സ്ഥിരത സൂക്ഷിക്കുന്നതാണ് കണ്ണൂരിന്റെ പരമ്പരാഗത ശൈലി. 1977-ല്‍ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. 2.69 ശതമാനം പോളിങ് കൂടി 79.21 ശതമാനമായി. 1980-ല്‍ 78.33 ശതമാനം പേരാണ് വോട്ട് ചെയ്തത്. രണ്ടുവര്‍ഷം കഴിഞ്ഞ്, 82-ല്‍ പോളിങ് 75.23 ശതമാനമായിരുന്നു. 87-ല്‍ അല്‍പംകൂടി. 79.79 ശതമാനം. 1991-ല്‍ 73.38, 96-ല്‍ 69.42, 2001-ല്‍ 71.58, 2006-ല്‍ 75.62 ശതമാനം എന്നിങ്ങനെയാണ് വിവിധ തെരഞ്ഞെടുപ്പുകളിലെ പോളിങ്. അഞ്ചുമാസം മുമ്പ് നടന്ന ലോകസഭാ തെരഞ്ഞടുപ്പില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലുണ്ടായത് റെക്കോഡ് പോളിങ്ങായിരുന്നു. 80.92 ശതമാനം. എന്നാല്‍, പുനര്‍വിഭജനപ്രകാരം രൂപീകൃതമായ, വരുന്ന നിയമസഭയോടെ പ്രാബല്യത്തിലാകുന്ന പുതിയ കണ്ണൂര്‍ മണ്ഡലമായിരുന്നു ലോക്സഭയിലേക്ക് വിധിയെഴുതിയത്. കേരളപ്പിറവിക്കുശേഷം 1957-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍-1, കണ്ണൂര്‍-2 എന്നിങ്ങനെ രണ്ട് നിയമസഭാ മണ്ഡലങ്ങളുണ്ടായിരുന്നു.

കണ്ണൂരില്‍ കൂടുതല്‍ പോളിങ് ചിറക്കല്‍ പഞ്ചായത്തില്‍

ശനിയാഴ്ച നടന്ന കണ്ണൂര്‍ അസംബ്ളി മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കുടുതല്‍ പോളിങ് ചിറക്കല്‍ പഞ്ചായത്തില്‍. 82.15 ശതമാനം വോട്ടര്‍മാരാണ് ഇവിടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. കുറവ് മുനിസിപ്പാലിറ്റിയാണ്. 76.98 ശതമാനം. 79.33 ശതമാനമാണ് മണ്ഡലത്തിലെ ശരാശരി പോളിങ്. എളയാവൂരിലും പുഴാതിയിലും തുല്യനിലയിലാണ് വോട്ടിങ്. 81.15, 81.25 എന്നിങ്ങനെയാണ് ഇവിടുത്തെ പോളിങ്. പള്ളിക്കുന്ന് പഞ്ചായത്തില്‍ 79.78 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് ഇലക്ഷന്‍ കമീഷന്‍ പുറത്തുവിട്ട കണക്ക് പറയുന്നത്. ഭൂരിപക്ഷം ബൂത്തുകളിലും 75-82 ഇടയിലാണ് പോളിങ്.

70 ശതമാനത്തില്‍ കുറവ് വോട്ട് രേഖപ്പെടുത്തിയത് അഞ്ചു ബൂത്തുകളിലാണ്. അവ മുനിസിപ്പാലിറ്റിയിലാണ്. മുഴത്തടം ഗവ. യുപി സ്കൂളിലെ 8, 8 എ ബൂത്തുകളിലാണ് ഏറ്റവും കുറവ് പോളിങ്. 63.85, 63.25 എന്നിങ്ങനെയാണ് രണ്ടു ബൂത്തുകളിലെയും വോട്ടിങ് നില. ഗവ. എല്‍പിഎസ് ആനയിടുക്ക് (66.12), ഗവ.യുപിഎസ് താവക്കര (68.55), ഗവ. ടൌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (67) എന്നിവയാണ് 70 ശതമാനത്തില്‍ കുറവ് രേഖപ്പെടുത്തിയ മറ്റു ബൂത്തുകള്‍. പതിനെട്ട് ബൂത്തില്‍ 85 ശതമാനത്തിലധികമാളുകള്‍ വോട്ട് ചെയ്തു. പുഴാതി പഞ്ചായത്തിലെ വോയ്സ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ 81-ാം നമ്പര്‍ ബൂത്തില്‍ 88.51 ശതമാനം വോട്ടര്‍മാര്‍ വോട്ട് ചെയ്തു. മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ്ങാണിത്. കാട്ടാമ്പള്ളി ഗവ. മാപ്പിള യുപിഎസിലെ രണ്ടു ബൂത്തില്‍ 87.78, 87.02 ശതമാനം പോളിങ് നടന്നു. പുഴാതി സെന്‍ട്രല്‍ യുപിഎസിലെ 43,44,45 ബൂത്തുകളിലും 85 ശതമാനത്തിലധികമായിരുന്നു പോളിങ് (86.78,87.08,85.95). സരസ്വതി വിലാസം എല്‍പിഎസിലെ രണ്ടു ബൂത്തുകളില്‍ 85.07, 85.22 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. പുതുച്ചേരി എല്‍പിഎസ്-87.31, ചാലാട് നോര്‍ത്ത് എല്‍പി-85.62, ഗവ. മാപ്പിള എല്‍പി- 85.17, പുഴാതി നോര്‍ത്ത് എല്‍പി- 85.70, പുഴാതി നോര്‍ത്ത് എല്‍പി- 85.81, ഗവ. വെല്‍ഫയര്‍ എല്‍പി പുഴാതി- 85.16, ജിഎച്ച്എസ് പുഴാതി-85.05, ചെങ്ങിനിപ്പടി യുപിഎസ്-86.22, അതിരകം യുപി- 85.81, അതിരകം യുപി-85.98, എടച്ചൊവ്വ യുപി- 85.03 എന്നിവയാണ് 85 ശതമാന്നത്തില്‍ അധികം പോളിങ് നടന്ന മറ്റു ബൂത്തുകള്‍.

കേരളത്തെ അപമാനിച്ച യുഡിഎഫ് മാപ്പുപറയണം

ഉപതെരഞ്ഞെടുപ്പില്‍ ക്രമസമാധാനത്തിന്റെ പേരു പറഞ്ഞ് കേരളത്തെ അപമാനിക്കുന്ന പ്രചാരണം നടത്തിയതിന് യുഡിഎഫ് മാപ്പുപറയണമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ക്രമസമാധാനം തകരുമെന്നു പറഞ്ഞ് യുഡിഎഫ് കേലാഹലം സൃഷ്ടിച്ചത് ബോധപൂര്‍വമാണെന്നും കോടിയേരി വാര്‍ത്താലേഖകരോടു പറഞ്ഞു. യുഡിഎഫ് ക്രമസമാധാന പ്രശ്നം ഉയര്‍ത്തിയ കണ്ണൂരിലടക്കം തികച്ചും സമാധാനപരമായാണ് വോട്ടെടുപ്പു നടന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഏറ്റവും സമാധാനപരമായി തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തെ തെരഞ്ഞെടുപ്പു കമീഷന്‍ പ്രത്യേകം അഭിനന്ദിച്ചതാണ്. അങ്ങനെയുള്ള കേരളത്തെ അപമാനിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. കണ്ണൂരില്‍ അക്രമം ഉണ്ടാവുമെന്നുള്ള പ്രചാരണവും അസംബന്ധമായി. കേന്ദ്ര സേനയെ ഇറക്കാന്‍ യുഡിഎഫ് മുറവിളി കൂട്ടിയതും പ്രത്യേക ഉദ്ദേശ്യത്തോടെയാണെന്ന് വ്യക്തമായി. ഈ തെറ്റുകള്‍ക്ക് കേരളീയരോട് യുഡിഎഫ് നേതാക്കള്‍ ക്ഷമ ചോദിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ദേശാഭിമാനി 2009 നവംബര്‍ 09

5 comments:

  1. സമാധാനപരമായ തെരഞ്ഞെടുപ്പ് ചരിത്രമാണ് കഴിഞ്ഞകാലമത്രയും കണ്ണൂരിലുണ്ടായത്. കള്ളവോട്ടുള്‍പ്പെടെയുള്ള കള്ളക്കഥകള്‍ യുഡിഎഫ് സ്ഥിരമായി കെട്ടിച്ചമക്കുന്നതാണ്. യുഡിഎഫിനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ ഇത്തരം കള്ളക്കഥകള്‍ക്ക് ഏറെ വാര്‍ത്താ പ്രാധാന്യം നല്‍കുന്നതിനാലാണ് കണ്ണൂരിനെക്കുറിച്ച് മോശമായ അഭിപ്രായമുണ്ടാകുന്നത്. ജില്ലയില്‍ യുഡിഎഫിന് സ്വാധീനമുള്ള ഇരിക്കൂര്‍പോലുള്ള സ്ഥലങ്ങളിലാണ് അക്രമം പതിവ്. മണ്ഡലത്തില്‍ എവിടെയും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നതും യുഡിഎഫിന്റെ കുപ്രചാരണത്തിനുള്ള മറുപടിയാണ്.

    ReplyDelete
  2. കണ്ണൂരില്‍ കമ്യൂണിസ്റ്റുകാര്‍ ജയിക്കുമോ? എന്റെ മച്ചുനന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ടുചെയ്തു എന്ന് വിളിച്ചുപറഞ്ഞു.

    ReplyDelete
  3. കണ്ണൂര്‍ ജനതക്കെതിരെ എല്‍ ഡി എഫ് നേതാക്കള്‍ നടത്തിയ അപവാദ പ്രചാരണത്തിനുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയം എന്നു സിപിഐ എം ജില്ലാ സെക്രട്ടറി പി ശശി പറയുമോ പരയൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂമോ​‍ാ​‍ാ​‍ാ​‍ാ​‍ാ (ആച്ചുമാ​‍മ സ്റ്റയില്‍)

    ReplyDelete
  4. റിസള്‍ട്ട് വന്നല്ലോ..കേന്ദ്രസേന വന്നു ഒരു പഴുതുമില്ലാത്ത തരത്തില്‍ തിരഞ്ഞെടുപ്പു നടന്നാല്‍ ഒരിക്കലും സി.പി.എം കണ്ണൂരില്‍ ജയിക്കില്ലാ‍ാ‍ാ.....

    ReplyDelete
  5. കേന്ദ്രസേന വന്ന് ‘പഴുതില്ലാതെ’ നടത്തിയപ്പോള്‍ ഇടതുപക്ഷത്തിനു റെക്കോര്‍ഡ് ഭൂരിപക്ഷം കിട്ടിയ വാര്‍ത്തയൊന്നും അറിഞ്ഞിട്ടില്ലല്ലേ?

    ReplyDelete