Monday, November 16, 2009

ഇങ്ങനെപോയാല്‍ ഇവര്‍ പാര്‍ലമെന്റും വില്‍ക്കും

ഒന്നാം യുപിഎ സര്‍ക്കാരില്‍ നിന്നും രണ്ടാം യുപിഎ സര്‍ക്കാരിന് പല വ്യത്യാസങ്ങളും ഉണ്ട്. അതില്‍ പ്രധാനം സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങളില്‍ തന്നെയാണ്. ആദ്യ യുപിഎ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ നിര്‍ണായക പിന്തുണ ഉള്ളതിനാല്‍ സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങളുമായി മുന്നോട്ട് പേകാന്‍ കഴിഞ്ഞിരുന്നില്ല. എന്‍ടിപിസിയുടെയും നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെയും ഓഹരികള്‍ വില്‍ക്കാന്‍ മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് കാരണം ആ നീക്കം ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ അധികാരത്തില്‍ വന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്നെ അഞ്ച് വര്‍ഷമായി പരണത്ത് കയറ്റിവെക്കേണ്ടി വന്ന സാമ്പത്തിക ഉദാരവത്ക്കരണ അജന്‍ഡ വീണ്ടും സജീവമാക്കി. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഓഹരിവില്‍പനാ നയവുമായി രണ്ടാം യുപിഎ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ആദ്യപ്രഖ്യാപനമുണ്ടായത്; ജൂണ്‍ നാലിന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ വിദേശ നിക്ഷേപം രാജ്യത്തിന് ഗുണകരമായെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും അതിനാവശ്യമായ നയം സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇന്‍ഷൂറന്‍സ്, ബേങ്ക്, പെന്‍ഷന്‍ സ്വകാര്യവത്ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കി. തുടര്‍ന്ന് ജൂലായ് അഞ്ചിന് അവതരിപ്പിച്ച സാമ്പത്തിക സര്‍വെയില്‍ ഈ നയം തങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കി. ഓഹരി വില്‍പനയിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 25,000 കോടി രൂപ നേടുമെന്ന് ലക്ഷ്യമിട്ടു. എന്നാല്‍ തൊട്ടടുത്ത ദിവസം കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച പൊതുബജറ്റില്‍ ഓഹരി വില്‍പനയിലൂടെ നേടാന്‍ ലക്ഷ്യമിട്ടത് 1120 കോടി രൂപയായിരുന്നു. ഏതായാലും സാമ്പത്തിക സര്‍വെ ലക്ഷ്യമിട്ടതിനേക്കാളും വേഗത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് കാണാം.

അമേരിക്കയുമായുള്ള തന്ത്ര പ്രധാന ബന്ധം രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശക്തമായതോടെ സ്വകാര്യവല്‍ക്കരണ നയത്തിനും ആക്കം വര്‍ധിച്ചു. എന്‍എച്ച്പിസിയും ഓയില്‍ ഇന്ത്യയും ഓഹരികമ്പോളത്തില്‍ ലിസ്റ്റുചെയ്തുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് കൊല്‍ക്കത്തയിലെ ഫീനിക്സ് യൂള്‍ ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിലുള്ള ആന്‍ഡ്രൂ യൂള്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ 26 ശതമാനം ഓഹരികള്‍ വിറ്റു. ഈ കമ്പനിയിലെ 74 ശതമാനം ഓഹരികള്‍ ഇപ്പോള്‍ തന്നെ ഫീനിക്സ് അക്തിയേന്‍ ജിസല്‍ഷാഫ്റ്റ് ജര്‍മനി എന്ന സ്വകാര്യ കമ്പനിയുടെ കൈവശമാണ്. ബാക്കി 26 ശതമാനം ഓഹരികള്‍ കൂടി വില്‍ക്കുന്നതോടെ ഈ കമ്പനി പൂര്‍ണമായും സ്വകാര്യമേഖലയിലായി. കോണ്ടിനെന്റല്‍ കോണ്ടിടെക്ക് എന്ന കമ്പനിക്കാണ് ഘനവ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള 26 ശതമാനം ഓഹരികള്‍ വില്‍ക്കുന്നത്. ഒരു ഓഹരിക്ക് 49.50 രൂപ തോതില്‍ 11,943,074 ഓഹരികളാണ് 62.82 കോടിക്ക് വില്‍പന നടത്തുന്നത്. കണ്‍വേയര്‍ ബെല്‍റ്റ് ഉണ്ടാക്കുന്ന കമ്പനിയാണിത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ആന്‍ഡ്രൂ യൂള്‍ കമ്പനിയുടെ പുന:സംഘടനക്ക് 2007 ഫെബ്രുവരി 22 ന് അംഗീകരിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ വില്‍പന. പുന:സംഘടനക്ക് ആന്‍ഡ്രൂ യൂള്‍ കമ്പനിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 87.06 കോടി രൂപ തിരിച്ചടക്കാനാണ് ഓഹരി വില്‍പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുകയെന്നാണ് വിശദീകരണം.

തുടര്‍ന്നാണ് രാജ്യത്തെ ഏറ്റവും വലിയ അഞ്ച് കമ്പനികളിലൊന്നായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ (എന്‍ടിപിസി) അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. ഇതോടെ എന്‍ടിപിസിയില്‍ ഗവണ്‍മെന്റിന്റെ ഓഹരി 84.5 ശതമാനമായി കുറയും. അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കുന്നതിലൂടെ 8800 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 30000 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കാനാണിതെന്ന് ഗവണ്‍മെന്റ് അവകാശപ്പെടുന്നു. 49,000 കോടി രൂപ കരുതല്‍ ശേഖരമായുള്ള കമ്പനിയാണ് എന്‍ടിപിസി. ഇത് ചെലവഴിക്കാന്‍ അനുവദിച്ചാല്‍ ഓഹരിവില്‍പന ഒഴിവാക്കാമായിരുന്നു. അതിന് തയ്യാറാകാതെ ഓഹരിവില്‍ക്കാനാണ് സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. രാജ്യത്തിന്റെ വൈദ്യുതീകരണത്തിന് പൊതുമേഖലയുടെ ശക്തമായ നേതൃത്വത്തിനുവേണ്ടിയായിരുന്നു 1975 ല്‍എന്‍ടിപിസി തുടങ്ങിയത്. ഇപ്പോള്‍ 15 കല്‍ക്കരി വൈദ്യുതി നിലയങ്ങളും ഏഴ് വാതക വൈദ്യുതി നിലയങ്ങളും എന്‍ടിപിസിയുടെ കീഴിലുണ്ട്. സംയുക്ത സംരംഭങ്ങളായി മൂന്ന് കല്‍ക്കരി നിലയങ്ങളും ഒരു നാഫ്ത-എല്‍എന്‍ജി നിലയവുമുണ്ട്. രാജ്യത്തിന്റെ മൊത്തം വൈദ്യുതോല്‍പ്പാദന ശേഷിയുടെ 19 ശതമാനവും ഉല്‍പ്പാദനത്തില്‍ 29 ശതമാനവും എന്‍ടിപിസിയുടേതാണ്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ സത്ലജ് വിദ്യുത് നിഗം ലിമിറ്റഡിന്റെ പത്ത് ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന് 75 ശതമാനം ഓഹരിയുള്ളതാണ് സത്ലജ് വൈദ്യുതി കോര്‍പ്പറേഷന്‍. ബാക്കി ഹിമാചല്‍പ്രദേശ് സര്‍ക്കാരിന്റെ ഓഹരിയാണ്.

ഗ്രാമീണ വൈദ്യുതി കോര്‍പറേഷന്റെ (ആര്‍ഇസി) 20 ശതമാനം ഓഹരികള്‍ വില്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 15 ശതമാനം ഓഹരികള്‍ ഓഹരികമ്പോളത്തില്‍ ചില്ലറ വില്‍പനക്കായി നല്‍കുമ്പോള്‍ അഞ്ച് ശതമാനം ഓഹരികള്‍ സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കും. ആര്‍ഇസിയുടെ 12,87,99,000 ഓഹരികളാണ് ഓഹരികമ്പോളത്തില്‍ ചില്ലറ വില്‍പനക്കായി വെക്കുന്നത്. 4,29,33,000 ഓഹരികളാണ് സ്വകാര്യകമ്പനികള്‍ക്ക് വിറ്റഴിക്കുക. പത്ത് രൂപയാണ് ഓഹരിവില. ഓഹരി വില്‍പനയിലൂടെ ലഭിക്കുന്ന തുക ആര്‍ഇസിയുടെ വിപുലീകരണത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയില്‍ വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1969 ല്‍ രൂപീകരിച്ച കമ്പനിയാണ് ആര്‍ഇസി. ഉല്‍പാദന-വിതരണം, പ്രസരണ പദ്ധതികള്‍ക്ക് പണം നിക്ഷേപിക്കുന്നതാണ് ഈ കോര്‍പറേഷന്‍. ഇതിനകം 92400.65 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ഈ കോര്‍പറേഷന്‍ ചെലവഴിച്ചിട്ടുണ്ട്. പതിനൊന്നാം പദ്ധതിക്കാലത്ത് 42248.34 കോടി രൂപയാണ് ആര്‍ഇസി ചെലവഴിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഓഹരി വില്‍പന നടത്തുന്ന നാലാമത്തെ പൊതുമേഖലാ സ്ഥാപനമാണിത്. നിലവില്‍ ആര്‍ഇസിയുടെ 81.82 ശതമാനം ഓഹരികളാണ് സര്‍ക്കാരിനുള്ളത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി സ്വകാര്യവല്‍ക്കരിക്കുന്നതിനിടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരികള്‍ വില്‍ക്കുന്ന നയവും കേന്ദ്രം പ്രഖ്യാപിച്ചു. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ പത്ത് ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നതാണ് ഈ നയം. ഒന്നാം യുപിഎ സര്‍ക്കാരിന്റെ നയത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നയമാണ് ഇത്. നവരത്ന കമ്പനികളുടെയും പത്ത് ശതമാനം ഓഹരികള്‍ വല്‍ക്കുന്നത് നിര്‍ബന്ധമാക്കുന്ന നയം ഓഹരികമ്പോളത്തില്‍ ഇതുവരെയും ഇറങ്ങാത്ത കമ്പനികളെ ലിസ്റ്റ് ചെയ്യാനും തീരുമാനിച്ചു. കേരളത്തിലെ കപ്പല്‍ശാലക്കുപുറമെ, എഫ്എസിടി, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡ്, പുനലൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി, തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് എന്നിവ ഉള്‍പ്പെടെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന 160 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കുമെന്ന് ഇതോടെ ഉറപ്പായി. ഭാരത് ഇലക്ട്രോണിക്സ് ഉള്‍പ്പെടെ പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും ഇനി കോര്‍പറേറ്റുകളുടെ കൈകളിലെത്തും. ഓഹരിവില്‍പനയിലൂടെ സ്വരൂപിക്കുന്ന പണം ദേശീയ നിക്ഷേപ നിധിയിലേക്കായിരിക്കും പോവുക. സാമൂഹ്യക്ഷേമ പദ്ധതികളുടെ മൂലധന ചെലവിലേക്കായിരിക്കും ഇതുപയോഗിക്കുക. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്വത്തില്‍ പങ്കാളിത്തം നല്‍കുമെന്ന പേരിലാണ് കോര്‍പറേറ്റുകള്‍ക്ക് ഓഹരി വില്‍ക്കാന്‍ വഴിയൊരുക്കുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഓഹരികള്‍ കോര്‍പറേറ്റുകള്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണ് അവയുടെ ഓഹരി വില്‍ക്കാത്തത്. മൊത്തം 60,000 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം തന്നെ സ്വരൂപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിനുള്ള ആദ്യനടപടിയാണ് ഓഹരിവില്‍പന. ഇന്ത്യന്‍ പെട്രോ കെമിക്കല്‍ കോര്‍പറേഷന്‍, മോഡേണ്‍ ഫുഡ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ്, ബാല്‍കോ, മാരുതി തുടങ്ങിയ കമ്പനികള്‍ നേരത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു. പടിപടിയായുള്ള ഓഹരിവില്‍പനയിലൂടെ അവ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് 51 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശംവെച്ച് ബാക്കി 49 ശതമാനം മാത്രമെ വില്‍ക്കൂ എന്നാണ്. എന്നാല്‍ ലാഭകരമായ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കില്ലെന്ന് നേരത്തെ പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചതിലൂടെ 51 ശതമാനം ഓഹരി നിലനിര്‍ത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഭാവിയില്‍ ലംഘിക്കപ്പെടുമെന്ന സൂചന നല്‍കുന്നു.

ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ മേഖലയില്‍ സ്വകാര്യവത്ക്കരണം ത്വരിതപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുകയുമുണ്ടായി. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ധനമേഖലയില്‍ കൂടുതല്‍ ഉദാരവത്ക്കരണം നടപ്പിലാക്കണമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വിദേശ നിക്ഷേപം ആവശ്യമാണെന്നും പ്രധാനമന്ത്രി പറയുമ്പോള്‍ അത് നല്‍കുന്ന സന്ദേശം ഓഹരി വില്‍പനയുള്‍പ്പെടെയുള്ള ഉദാരവത്ക്കരണ നയങ്ങളുമായി സര്‍ക്കാര്‍ അതിവേഗം മുന്നോട്ട് പോകുമെന്നാണ്.

വി ബി പരമേശ്വരന്‍ ചിന്ത വാരിക

4 comments:

  1. ഒന്നാം യുപിഎ സര്‍ക്കാരില്‍ നിന്നും രണ്ടാം യുപിഎ സര്‍ക്കാരിന് പല വ്യത്യാസങ്ങളും ഉണ്ട്. അതില്‍ പ്രധാനം സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങളില്‍ തന്നെയാണ്. ആദ്യ യുപിഎ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ നിര്‍ണായക പിന്തുണ ഉള്ളതിനാല്‍ സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങളുമായി മുന്നോട്ട് പേകാന്‍ കഴിഞ്ഞിരുന്നില്ല. എന്‍ടിപിസിയുടെയും നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെയും ഓഹരികള്‍ വില്‍ക്കാന്‍ മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് കാരണം ആ നീക്കം ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ അധികാരത്തില്‍ വന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്നെ അഞ്ച് വര്‍ഷമായി പരണത്ത് കയറ്റിവെക്കേണ്ടി വന്ന സാമ്പത്തിക ഉദാരവത്ക്കരണ അജന്‍ഡ വീണ്ടും സജീവമാക്കി. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഓഹരിവില്‍പനാ നയവുമായി രണ്ടാം യുപിഎ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ആദ്യപ്രഖ്യാപനമുണ്ടായത്; ജൂണ്‍ നാലിന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ വിദേശ നിക്ഷേപം രാജ്യത്തിന് ഗുണകരമായെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും അതിനാവശ്യമായ നയം സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇന്‍ഷൂറന്‍സ്, ബേങ്ക്, പെന്‍ഷന്‍ സ്വകാര്യവത്ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കി. തുടര്‍ന്ന് ജൂലായ് അഞ്ചിന് അവതരിപ്പിച്ച സാമ്പത്തിക സര്‍വെയില്‍ ഈ നയം തങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കി. ഓഹരി വില്‍പനയിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 25,000 കോടി രൂപ നേടുമെന്ന് ലക്ഷ്യമിട്ടു. എന്നാല്‍ തൊട്ടടുത്ത ദിവസം കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച പൊതുബജറ്റില്‍ ഓഹരി വില്‍പനയിലൂടെ നേടാന്‍ ലക്ഷ്യമിട്ടത് 1120 കോടി രൂപയായിരുന്നു. ഏതായാലും സാമ്പത്തിക സര്‍വെ ലക്ഷ്യമിട്ടതിനേക്കാളും വേഗത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് കാണാം.

    ReplyDelete
  2. ജാഗ്രതയുടെ ആശങ്കക്ക് പ്രസക്തിയും യാഥാര്‍ത്ഥ്യബോധവുമുണ്ട്.
    അവര്‍ പാര്‍ലമെന്റും വാടകക്കുകൊടുക്കും,വേണമെങ്കില്‍ വില്‍ക്കും.

    നമ്മളെന്തു ചെയ്യും എന്നതാണ് പ്രധാനം.
    ആക്രോശിക്കും,കരയും,കരിംബൂച്ചയായി ശകുനം മുടക്കും,അടിമകളായ അണികളെ റോഡില്‍ നിര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കും...

    നല്ലൊരു കര്‍മ്മ പദ്ധതി വിഭാവന ചെയ്യണം. ശത്രുതയുള്ളവരെപ്പോലും ഒലിപ്പിക്കാതെ സ്നേഹിക്കാനാകുന്ന ലക്ഷ്യബോധമുള്ള ഒരു നേതൃത്വം വേണം.അതിനായി ഇടതുപക്ഷ പ്രസ്ഥാനത്തെ ഉടച്ചുവാര്‍ക്കണം.
    (നിലവിലുള്ള നേതാക്കളെ നോക്കുകുത്തികളായി വരംബത്ത് നിര്‍ത്താനെകൊള്ളു.) പത്തു വര്‍ഷം നന്നായി കഠിനാദ്ധ്വാനം ചെയ്താല്‍ ഇടതുപക്ഷ ശക്തികള്‍ക്ക് ജാതിമത സംഘടനകളുടെ സഹായമില്ലാതെതന്നെ ജനങ്ങള്‍ പാര്‍ലമെന്റ് ഏല്‍പ്പിച്ചുതരും.

    ഷണ്ഡത്വത്തിന്റെ യോഗ്യതകളായ സീനിയോറിറ്റി ലിസ്റ്റും, പാരംബര്യ വാഴ്ച്ചയും,ഗുഡ് സര്‍വ്വീസ് ഗ്രേഡുകളുമൊക്കെ അവസാനിപ്പിച്ച് താഴെത്തട്ടിലെ കഴിവുള്ളവരെ കണ്ടെത്തി അവരിലൂടെ ജനമുന്നേറ്റം സാധ്യമാക്കുക എന്നതാണ് വഴി. പറ്റുമോ സഖാക്കളേ...?
    ഇല്ലെങ്കില്‍, മറ്റൊരു കോണ്‍ഗ്രസ്സായി പ്രസംഗിച്ച് , പ്രസംഗിച്ച് അടിമത്വത്തെ ഊട്ടിവളര്‍ത്തുക.

    അടിമകള്‍ക്കെന്തിനാണ് പാര്‍ലമെന്റ് !!!
    പാര്‍ലമെന്റ് ആരെങ്കിലും വാങ്ങട്ടെ !!!

    ReplyDelete
  3. i think allowing pvt players (individuals like u and me, corporates, MFs etc) to purchase shares is a good move for the enterprise. at least their operation wl be more efficient. thts what i believe.. has any companies (whose shares were sold by govt) been liquidated? has the profitability of such companies been reduced? i dont think so..

    ReplyDelete
  4. പകുതിയിലധികം ഓഹരിയും വില്‍ക്കുമെന്ന് പ്രണബ്

    ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ ആവശ്യമെങ്കില്‍ പകുതിയിലധികവും വില്‍ക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. പൊതുമേഖലാ ഓഹരിവില്‍പ്പന സംബന്ധിച്ച് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ലോക്സഭയില്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അംഗങ്ങള്‍ ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ 51 ശതമാനം സര്‍ക്കാര്‍ ഓഹരി നിലനിര്‍ത്തിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്. വേണമെന്നു തോന്നിയാല്‍ പാര്‍ലമെന്റിന് ഇത് മാറ്റാമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ഭാവിയില്‍ അത്തരം മാറ്റമുണ്ടാകില്ലെന്ന് ഉറപ്പുപറയാന്‍ കഴിയില്ല. ഭൂരിപക്ഷമുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ ഈ നയം ഭേദഗതിചെയ്യാം. ഓഹരി വിറ്റഴിക്കല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1991ല്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. തുടര്‍ന്നുവന്ന സര്‍ക്കാരുകളും ഓഹരി വിറ്റിട്ടുണ്ട്. ഇതുവരെ 57,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2004 മുതല്‍ 2007 വരെ ഏഴ് പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികള്‍ വിറ്റു. ഇപ്പോള്‍ വില്‍ക്കുന്ന ഓഹരികളില്‍നിന്ന് കിട്ടുന്ന തുക ദേശീയ നിക്ഷേപനിധിയില്‍ നിക്ഷേപിക്കും. ഓഹരി വിറ്റഴിക്കല്‍ തുടരുകതന്നെ ചെയ്യും. പൊതുമേഖലയുടെ ഓഹരികള്‍ വാങ്ങുന്നതില്‍ വ്യക്തികള്‍ കുറവാണെന്ന് പ്രണബ് സമ്മതിച്ചു. ഓഹരികള്‍ കൈക്കലാക്കുന്നത് കോര്‍പറേറ്റ് സ്ഥാപനങ്ങളാണെന്ന് തെളിയിക്കുന്നതായി മന്ത്രിയുടെ പ്രഖ്യാപനം. പൊതുജനപങ്കാളിത്തം ഉറപ്പാക്കാനാണ് ഓഹരികള്‍ വില്‍ക്കുന്നതെന്ന സര്‍ക്കാര്‍ വാദം ഇതോടെ പൊളിയുകയാണ്. ദേശീയ നിക്ഷേപനിധിയുടെ പേരില്‍ നടക്കുന്ന ഓഹരി വില്‍പ്പന സ്വകാര്യവല്‍ക്കരണംതന്നെയാണെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. പൊതുജന പങ്കാളിത്തത്തിനായി ഓഹരി വിറ്റഴിക്കുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശമെങ്കിലും കോര്‍പറേറ്റ് സ്ഥാപനങ്ങളാണ് ഈ ഓഹരികള്‍ കൈക്കലാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ രാഷ്ട്രവികസനത്തിന്റെ ക്ഷേത്രങ്ങളാണെന്ന് നെഹ്റു പറഞ്ഞു. ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആ ക്ഷേത്രങ്ങളെ തകര്‍ക്കുകയാണെന്നും ആചാര്യ പറഞ്ഞു. ഓഹരി വിറ്റഴിക്കല്‍ തുടരുമെന്നും ആവശ്യമെങ്കില്‍ പകുതിയിലധികം ഓഹരികളും വില്‍ക്കുമെന്നും പറഞ്ഞ ധനമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ എം അംഗങ്ങള്‍ ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി

    വി ജയിന്‍ ദേശാഭിമാനി 091209

    ReplyDelete