Saturday, November 21, 2009

ഉപഭൂഖണ്ഡത്തിലെ രക്തബന്ധുക്കള്‍

ഉപഭൂഖണ്ഡത്തിലെ രക്തബന്ധുക്കള്‍

ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മില്‍ വിപ്ളവകരമായ സാഹോദര്യമുണ്ട്. എന്നാല്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി പൊക്കിള്‍ക്കൊടി ബന്ധം തന്നെയുള്ള രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികള്‍ ഉപഭൂഖണ്ഡത്തിലുണ്ട്; ഇന്ത്യ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് അവിഭക്ത ഇന്ത്യന്‍ പാര്‍ടിയില്‍നിന്ന് പിറവിയെടുത്ത പാകിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയും (സിപിപി) അതില്‍നിന്ന് ജന്മംകൊണ്ട ബംഗ്ളാദേശ് കമ്യൂണിസ്റ്റ് പാര്‍ടിയും (സിപിബി).

കൊല്‍ക്കത്തയില്‍ 1948 മാര്‍ച്ചില്‍ ചേര്‍ന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രണ്ടാം കോണ്‍ഗ്രസിലാണ് അവിഭക്ത പാര്‍ടി രണ്ടായി പിരിയുന്നത്. പുരോഗമനസാഹിത്യകാരന്മാരുടെ അഖിലേന്ത്യാ സംഘടനയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ സജ്ജാദ് സഹീര്‍ ജനറല്‍ സെക്രട്ടറിയായാണ് സിപിപി രൂപീകരിച്ചത്. ഖോക്ക റോയ് സെക്രട്ടറിയായി കിഴക്കന്‍ പാകിസ്ഥാന്‍ പ്രവിശ്യാസമിതിയും രൂപീകരിച്ചു. പടിഞ്ഞാറന്‍ പാകിസ്ഥാനും പിന്നീട് ബംഗ്ളാദേശായ കിഴക്കന്‍ പാകിസ്ഥാനും തമ്മില്‍ 2000 കിലോമീറ്റര്‍ അകലമുള്ളതിനാല്‍ ഈ പ്രവിശ്യാസമിതിയെ സിപിബിയുടെ ആദ്യരൂപമായി കാണാറുണ്ട്. 68ല്‍ രഹസ്യമായി ചേര്‍ന്ന കിഴക്കന്‍ പാകിസ്ഥാന്‍ പ്രവിശ്യാസമിതിയുടെ നാലാംസമ്മേളനത്തെ ആദ്യ കോണ്‍ഗ്രസായി പ്രഖ്യാപിച്ചു. പിന്നീട് 71ല്‍ ബംഗ്ളാദേശ് രൂപീകരണത്തെ തുടര്‍ന്ന് പാര്‍ടിയുടെ പേര് സിപിബി എന്നായി. മതമൌലികവാദികളും പട്ടാള സ്വേച്ഛാധിപത്യങ്ങളും അരങ്ങുതകര്‍ത്ത പാകിസ്ഥാനിലും ബംഗ്ളാദേശിലും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനം എക്കാലവും ദുഷ്കരമായിരുന്നു. പാകിസ്ഥാനിലാണ് കമ്യൂണിസ്റ്റുകാര്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടത്. അവിടെ 51ല്‍ നിരവധി നേതാക്കളെ റാവല്‍പിണ്ടി ഗൂഢാലോചന കേസ് ചുമത്തി പീഡിപ്പിച്ചു. 54ല്‍ നിരോധിക്കപ്പെട്ട പാര്‍ടി 86വരെ ഒളിവില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായി. പാര്‍ടിയുടെ പ്രമുഖ നേതാക്കളായ ഹസന്‍ നാസിര്‍, നസീര്‍ അബ്ബാസി തുടങ്ങി നിരവധി കമ്യൂണിസ്റ്റുകാരെ മാറിമാറി വന്ന പട്ടാള ഭരണകൂടങ്ങള്‍ നിഷ്ഠുരമായി കൊന്നു.

അടിച്ചമര്‍ത്തലുകള്‍ നേരിട്ട് പോരാടിയ പാര്‍ടി ബലൂചിസ്ഥാനിലെ പത്ഫീദറില്‍ സംഘടിപ്പിച്ച ഉശിരന്‍ സായുധ കര്‍ഷകപോരാട്ടം ശ്രദ്ധേയമായിരുന്നു. സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ ഭിന്നതകള്‍ പാകിസ്ഥാന്‍ പാര്‍ടിയിലും പിളര്‍പ്പുണ്ടാക്കി. പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചശേഷം പാകിസ്ഥാനില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടി ഫ്യൂഡലിസത്തിനും മതമൌലികവാദത്തിനുമെതിരെ പോരാട്ടത്തിന്റെ മുന്നണിയിലാണ്. ഇതിനൊപ്പം പട്ടാള-സിവിലിയന്‍ ബ്യൂറോക്രാറ്റിക് വാഴ്ചകള്‍ക്കുമെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിന് വിശാല ഇടതുപക്ഷമുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.

ബംഗ്ളാദേശില്‍ 54ലെ പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ 300 അംഗ സഭയിലേക്ക് 27 കമ്യൂണിസ്റ്റുകാര്‍ വിജയിച്ചു. ഇതില്‍ 23പേര്‍ സഖ്യകക്ഷികളുടെ പേരിലാണ് മത്സരിച്ചത്. പാക് കേന്ദ്രഭരണത്തിനെതിരായ പ്രക്ഷോഭത്തിന്റെയും ഒമ്പതുമാസം നീണ്ട സായുധസ്വാതന്ത്ര്യ പോരാട്ടത്തിന്റെയും മുന്നണിയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുണ്ടായിരുന്നു. ബംഗ്ളാദേശ് രൂപീകരണത്തെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകസമിതിയില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കും സ്ഥാനം ലഭിച്ചു. 75ലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടി കടുത്ത പീഡനത്തിന് ഇരയായി. 77ല്‍ നിരോധിക്കപ്പെട്ടു. 83ല്‍ പട്ടാളഭരണത്തിനെതിരെ 15 കക്ഷി സഖ്യത്തില്‍ ചേര്‍ന്ന പാര്‍ടിക്ക് 90ല്‍ ജനറല്‍ എര്‍ഷാദിനെ പുറത്താക്കിയ പ്രക്ഷോഭത്തില്‍ വലിയ പങ്കുണ്ട്. മതമൌലികവാദത്തിനെതിരെ ഭരണകക്ഷിയായ അവാമി ലീഗ് അടക്കം മുഴുവന്‍ മതേതരശക്തികളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ് പാര്‍ടി. രണ്ട് പ്രധാന കക്ഷിക്ക് പ്രാമുഖ്യമുള്ള ഇരുകക്ഷി രാഷ്ട്രീയവ്യവസ്ഥയ്ക്കെതിരെ എല്ലാ പുരോഗമനവാദികളെയും ചേര്‍ത്ത് ബദല്‍ വളര്‍ത്താനും ശ്രമിക്കുന്നു.
(എ ശ്യാം)

സാര്‍വദേശീയ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയില്‍ നിന്ന്..

ക്യൂബ: ഒബാമയുടെ നയത്തിലും മാറ്റമില്ല

മുന്‍ അമേരിക്കന്‍ ഭരണാധികാരികളില്‍നിന്ന് ഒട്ടും വ്യത്യസ്തമായ നയമല്ല അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ക്യൂബയോട് കൈക്കൊള്ളുന്നതെന്ന് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അന്താരാഷ്ട്രവിഭാഗം ഉപമേധാവി ഓസ്കാര്‍ ഇസ്രായേല്‍ മാര്‍ട്ടിനെസ് പറഞ്ഞു. അര നൂറ്റാണ്ടായി തുടരുന്ന ഉപരോധം ഇപ്പോഴുമുണ്ട്. ക്യൂബയുമായി വ്യാപാര-വാണിജ്യബന്ധത്തിലേര്‍പ്പെടുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും അമേരിക്ക ഇപ്പോഴും ശിക്ഷിക്കുകയാണ്. അടുത്തയിടെ 22 കമ്പനിക്കെതിരെ അമേരിക്ക നടപടിയെടുത്തു. ക്യൂബയുമായി ഇടപാട് നടത്തിയതിന് യൂറോപ്പിലെ ഒരു ബാങ്കിന് ഒരു ലക്ഷം ഡോളറാണ് ഒബാമ ഭരണകൂടം പിഴയിട്ടത്. ക്യൂബയുമായുള്ള ബന്ധത്തില്‍ വലിയ മാറ്റം വരുത്തുമെന്നാണ് ഒബാമ പറയുന്നതെങ്കിലും അത് നടപ്പാക്കാന്‍ അദ്ദേഹം തയ്യാറായില്ല-മാര്‍ട്ടിനെസ് പറഞ്ഞു.

സാമൂഹ്യപദ്ധതികള്‍ വര്‍ധിച്ച തോതില്‍ ഏറ്റെടുത്തുകൊണ്ടാണ് പ്രതിസന്ധിയെ മറികടക്കാന്‍ ക്യൂബ ശ്രമിക്കുന്നത്. പൊതുബജറ്റിന്റെ 40 ശതമാനവും സാമൂഹ്യപദ്ധതികള്‍ക്കാണ് ഉപയോഗിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കായികരംഗം എന്നിവ പൂര്‍ണമായും സൌജന്യമാണ്. അരി, ഭക്ഷ്യഎണ്ണ എന്നിവ 1960കളില്‍ നല്‍കിയ വിലയ്ക്കുതന്നെയാണ് ഇപ്പോഴും ജനങ്ങള്‍ക്ക് നല്‍കുന്നത്. വീടുനിര്‍മാണത്തിനും മറ്റും സഹായം നല്‍കുന്നുണ്ട്. ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലാണെങ്കിലും 26 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ 17 ലക്ഷം ഹെക്ടര്‍ കൃഷി നടത്താനായി ജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയാണ് കൃഷി. 80 ശതമാനം ഉല്‍പ്പാദനക്ഷമത നേടാനായിട്ടുണ്ട്. ഇത് നൂറ് ശതമാനമാക്കാനാണ് ശ്രമിക്കുന്നത്. നേതൃത്വത്തില്‍നിന്ന് ഫിദല്‍ കാസ്ട്രോ ഒഴിഞ്ഞതോടെ ക്യൂബ സോഷ്യലിസം ഉപേക്ഷിക്കുകയാണെന്ന പാശ്ചാത്യ പ്രചാരണത്തില്‍ കഴമ്പില്ല. ഫിദലിന്റെ പാതയിലൂടെ തന്നെയാണ് റൌളും സഞ്ചരിക്കുന്നത്. സോഷ്യലിസത്തില്‍നിന്ന് കൂടുതല്‍ സോഷ്യലിസത്തിലേക്കാണ് ക്യൂബ മുന്നേറുന്നതെന്നും മാര്‍ട്ടിനെസ് പറഞ്ഞു.

സോഷ്യലിസ്റ്റ് പാതയില്‍ ഉറച്ച് മുന്നേറും: സിപിസി

ചൈന മുതലാളിത്തപാതയിലാണെന്നും മാര്‍ക്സിസത്തില്‍നിന്ന് അകലുന്നുവെന്നുമുള്ള ചിലരുടെ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി ഐ പിങ് പറഞ്ഞു. കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ സാര്‍വദേശീയസമ്മേളനത്തില്‍ പ്രധാന പ്രമേയത്തിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്സിസത്തെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും കൂട്ടിയിണക്കി പ്രയോഗിക്കുകയാണ് ചൈന ചെയ്യുന്നത്. മാര്‍ക്സിസത്തെ അതത് രാജ്യങ്ങളുടെ സവിശേഷതകള്‍ കണക്കിലെടുത്താണ് പ്രയോഗത്തില്‍ വരുത്തേണ്ടതെന്ന് മാര്‍ക്സിസം അറിയുന്നവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇക്കൊല്ലം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ചൈന 7.7 ശതമാനം സാമ്പത്തികവളര്‍ച്ച നേടിയെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ ആധിപത്യമുള്ള ആഗോള സമ്പദ്വ്യവസ്ഥയാണ് തകര്‍ച്ച നേരിട്ടതെന്ന് വര്‍ക്കേഴ്സ് പാര്‍ടി ഓഫ് കൊറിയ പ്രതിനിധി പാക് ഗ്യോങ് സ പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ നിറവേറ്റുന്നത് സോഷ്യലിസ്റ്റ് സംവിധാനമാണ്. ഉപരോധമടക്കം അമേരിക്ക നടത്തുന്ന ഒറ്റപ്പെടുത്തല്‍ അതിജീവിച്ചാണ് ഉത്തരകൊറിയ സോഷ്യലിസ്റ്റ് പാതയിലൂടെ മുന്നേറുന്നത്.

മുതലാളിത്തത്തിന്റെ ആശയങ്ങള്‍ സാര്‍വദേശീയമായി ദുര്‍ബലമായെന്ന് തൂഡെ പാര്‍ടി ഓഫ് ഇറാന്‍ പ്രതിനിധി നവിദ് ഷൊമാലി പറഞ്ഞു. ആഗോള സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് യോജിച്ച ബഹുജന പോരാട്ടം ശക്തമാക്കണം. അഹമ്മദി നെജാദിന്റെ ഭരണനടപടികളെ അദ്ദേഹം വിമര്‍ശിച്ചു. കിര്‍ഗിസ്ഥാന്‍, ലെബനന്‍, നേപ്പാള്‍, ബംഗ്ളാദേശ് തുടങ്ങിയ ഏഷ്യയിലെ കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികള്‍ വെള്ളിയാഴ്ച ചര്‍ച്ചയില്‍ പങ്കെടുത്തു.

ചെറുത്തുനില്‍പ്പ് വിപുലമാകണം: സിപിഐ

തൊഴിലാളിവര്‍ഗവും ജനങ്ങളും പ്രധാനമായും നേരിടുന്നത് ആഗോളപ്രശ്നങ്ങളാണെന്നും അതിനാല്‍ ആഗോളവും ഏകോപിച്ചതുമായ ചെറുത്തുനില്‍പ്പുകള്‍ക്ക് ലോകത്തെ തൊഴിലാളിവര്‍ഗം സജ്ജമാകണമെന്നും സിപിഐ അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ ആഗോളസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ ചര്‍ച്ചയില്‍ സിപിഐ അസിസ്റന്റ് സെക്രട്ടറി സുധാകര്‍റാവുവാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. പ്രാദേശികമായും ദേശീയമായുമുള്ള ചെറുത്തുനില്‍പ്പുകള്‍ക്കും ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും രൂപംനല്‍കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ആഗോളമായ ഏകീകൃത പോരാട്ടങ്ങള്‍ സുപ്രധാനമാണ്. ഐഎംഎഫ്, ലോക ബാങ്ക്, ജി-7 ഉച്ചകോടികള്‍ക്കുമുന്നില്‍ നടന്ന ചെറുത്തുനില്‍പ്പുകള്‍ ഓര്‍മിക്കേണ്ടതാണ്. തൊഴിലാളിവര്‍ഗത്തിനും ജനങ്ങള്‍ക്കുംമേല്‍ കൂടുതല്‍ ആക്രമണങ്ങള്‍ ആസൂത്രണംചെയ്യാന്‍ മൂലധനശക്തികളുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്ന സ്ഥലങ്ങളിലാണ് ജനങ്ങളുടെ സ്വാഭാവികമായ ചെറുത്തുനില്‍പ്പുകളുണ്ടായത്. ഇനിയുള്ള ഇത്തരം പോരാട്ടങ്ങള്‍ കൂടുതല്‍ വിപുലവും പുതിയ ജനവിഭാഗങ്ങളെ അണിനിരത്തുന്നതുമാകണം.

മുതലാളിത്തം അതിന്റെ പ്രതിസന്ധി മറികടക്കാന്‍ വന്‍തോതില്‍ പൊതുഫണ്ടില്‍നിന്ന് കൊള്ള നടത്തുകയാണ്. ഇതിന്റെ ഭാരം താങ്ങേണ്ടിവരുന്നത് ജനങ്ങളും. മുതലാളിത്തം കൊട്ടിഘോഷിച്ച സാമ്പത്തികവളര്‍ച്ച ഒരു ചെറു ന്യൂനപക്ഷത്തിന്റെ മാത്രം വളര്‍ച്ചയ്ക്കാണ് ഇടയാക്കിയത്. ഇന്ത്യയിലും പരിഷ്കരണനടപടികള്‍ മുന്നോട്ടുകൊണ്ടുപോയി ജനങ്ങളെ വീണ്ടും പാപ്പരാക്കാനാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സിപിഐ കുറ്റപ്പെടുത്തി.

ദേശാഭിമാനി 211109

1 comment:

  1. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മില്‍ വിപ്ളവകരമായ സാഹോദര്യമുണ്ട്. എന്നാല്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി പൊക്കിള്‍ക്കൊടി ബന്ധം തന്നെയുള്ള രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികള്‍ ഉപഭൂഖണ്ഡത്തിലുണ്ട്; ഇന്ത്യ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് അവിഭക്ത ഇന്ത്യന്‍ പാര്‍ടിയില്‍നിന്ന് പിറവിയെടുത്ത പാകിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയും (സിപിപി) അതില്‍നിന്ന് ജന്മംകൊണ്ട ബംഗ്ളാദേശ് കമ്യൂണിസ്റ്റ് പാര്‍ടിയും (സിപിബി).

    ReplyDelete