Sunday, November 29, 2009

ദുബായിലെ കാര്‍മേഘങ്ങള്‍ മാറട്ടെ

ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആഗോള നിക്ഷേപ കമ്പനിയായ 'ദുബായ് വേള്‍ഡ്' പ്രതിസന്ധിയിലാണെന്ന വാര്‍ത്ത മലയാളിയുടെ മനസ്സില്‍ തീ കോരിയിടുന്നതാണ്. ദുബായില്‍ ജോലിചെയ്യുന്ന നാലുലക്ഷത്തിലേറെ മലയാളികളെയും അവരുടെ കുടുംബങ്ങളെയും പ്രതിസന്ധി നേരിട്ട് ബാധിക്കുമെന്നതാണ് കാരണം. ദുബായിലെ നിര്‍മാണരംഗത്ത് 80 ശതമാനവും മലയാളികളാണ്. ദുബായ് വേള്‍ഡില്‍ പ്രശ്നം അവിടത്തെ നിര്‍മാണമേഖലയെ ആകെ ബാധിക്കുമെന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്.

എഴുപതുകളില്‍ മലയാളികള്‍ ഗള്‍ഫിലേക്ക് തൊഴില്‍തേടി പോയ ആദ്യ അഭയകേന്ദ്രങ്ങളില്‍ ഒന്നാണ് ദുബായ്. ഇപ്പോള്‍ 40 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ഇതില്‍ 75 ശതമാനവും മലയാളികളാണ്. അതുകൊണ്ടുതന്നെ ഗള്‍ഫ്-മേഖലയിലെ ഓരോ സാമൂഹ്യ, സാമ്പത്തിക ചലനവും കേരളത്തിലെ ഓരോ ഗ്രാമത്തെയും ആകാംക്ഷയിലും ആശങ്കയിലും ആഴ്ത്തുന്നത് സ്വാഭാവികം. ഗള്‍ഫും കേരളവും തമ്മില്‍ ഇഴപിരിയാനാവാത്ത ബന്ധംതന്നെ മൂന്നു പതിറ്റാണ്ടിനിടയില്‍ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരളം ദുബായിലെ പ്രതിസന്ധിയെ വീക്ഷിക്കുന്നത്.

ലോകത്തെ 70 ധനസ്ഥാപനങ്ങള്‍ക്ക് 'ദുബായ് വേള്‍ഡ്' നല്‍കാനുള്ള 5900 കോടി ഡോളറിന്റെ (2,74,350 കോടി രൂപ) കടം തിരിച്ചടയ്ക്കാന്‍ ആറുമാസം കാലാവധി ചോദിച്ചതാണ് ആഗോള സമ്പദ്വ്യവസ്ഥ ദുബായിയെ തുറിച്ചുനോക്കാന്‍ കാരണമായത്. ആ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടുവെന്നതിന്റെ സ്പഷ്ടമായ സൂചികയാണിത്. ദുബായ് എമിറേറ്റിന്റെ മൊത്തം കടബാധ്യത 8000 കോടി ഡോളറാണ്. ഇതിന്റെ 75 ശതമാനവും വരുത്തിവച്ചത് ദുബായ് വേള്‍ഡാണ്. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അമ്പതോളം സ്ഥാപനം ഉള്‍പ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ ഹോള്‍ഡിങ് കമ്പനിയാണ് ദുബായ് വേള്‍ഡ്. ഇതില്‍ കൂടുതല്‍ സ്ഥാപനങ്ങളും സുസ്ഥിര ലാഭത്തിലാണ്. ലാഭത്തിലുള്ളതില്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നത് ലോകത്തെ നാലാമത്തെ വലിയ തുറമുഖ നടത്തിപ്പ് സംരംഭമായ ദുബായ് പോര്‍ട്ട് വേള്‍ഡാണ്. ലോകത്തെ 49 തുറമുഖം ബിഒടി അടിസ്ഥാനത്തില്‍ ഈ കമ്പനിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍. കൊച്ചിയിലെ വല്ലാര്‍പാഠം കണ്ടെയ്നര്‍ ടെര്‍മിനല്‍ ഏറ്റെടുത്തിരിക്കുന്നതും ദുബായ് പോര്‍ട്ട് വേള്‍ഡാണ്. കാര്യക്ഷമതയിലും വിശ്വാസ്യതയിലും 'ദുബായ് വേള്‍ഡ്' ലോകത്ത് ഒന്നാം സ്ഥാനത്തുതന്നെയാണ്.

ഈ പൊതുമേഖലാ ഹോള്‍ഡിങ് കമ്പനിയുടെ രണ്ട് അനുബന്ധ സ്ഥാപനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണക്കാരായതെന്നാണ് ധനവിദഗ്ധര്‍ വിലയിരുത്തുന്നത്. റിയല്‍ എസ്റ്റേറ്റ് വിഭാഗമായ നഖീല്‍, നിക്ഷേപ കമ്പനിയായ ഇസ്തിമര്‍ വേള്‍ഡ് എന്നിവ ഉണ്ടാക്കിയ ഭീമന്‍ കടമാണ് കമ്പനിയെ ബാധിച്ചിരിക്കുന്നത്. പാം ഐലന്‍സ്, ദ വേള്‍ഡ് തുടങ്ങിയ പദ്ധതികളിലൂടെ ഗള്‍ഫ് മേഖലയില്‍ നടത്തിയ വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നഖീലിന്റെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. നിക്ഷേപ കമ്പനിയായ ഇസ്തിമറിന് ലാഭവിഹിതം നല്‍കാനായില്ലെന്നു മാത്രമല്ല കടം തിരിച്ചടവിനു പോലും വയ്യാതായി.

ഇതിന് ഈ സ്ഥാപനങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അമേരിക്കയില്‍ ഭവനനിര്‍മാണ- ധനമേഖലയിലെ പ്രതിസന്ധിയുടെ തുടര്‍ചലനമായി ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ അത് ഏറ്റവും ബാധിച്ച ഗള്‍ഫ് രാജ്യം ദുബായ് ആയിരുന്നു. ദുബായിലെ റിയല്‍ എസ്റ്റേറ്റ് വിപണി തളര്‍ന്നു. വസ്തുവിലയില്‍ 50 ശതമാനത്തിലധികം തകര്‍ച്ചയുണ്ടായി. ഈ തകര്‍ച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാന്‍ കരാര്‍ ഏറ്റെടുത്ത ദുബായ് കമ്പനിയായ ടീകോമിനെപ്പോലും ബാധിച്ചെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. അമേരിക്കന്‍ ഭവനവായ്പ പ്രതിസന്ധി ലോകമെങ്ങുമുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിച്ചുതുടങ്ങിയെന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ്. ഇതിന്റെ ഇരകളില്‍ രണ്ടാണ് ദുബായ് വേള്‍ഡിന്റെ അനുബന്ധ സ്ഥാപനങ്ങളായ നഖീലും ഇസ്തിമര്‍ വേള്‍ഡും. ആഗോള ധനമൂലധനത്തിന്റെ കുത്തൊഴുക്കില്‍ കെട്ടിപ്പൊക്കുന്ന മണ്‍ചിറകളുടെ പ്രതീകമാണ് ഈ സ്ഥാപനങ്ങള്‍.

മുതലാളിത്ത വ്യവസ്ഥയുടെ വിത്താണ് ചരക്ക്. ഈ ചരക്കുകളെയെല്ലാം മൊത്തത്തില്‍ ഉല്‍പ്പാദന ഉപാധികളെന്നും ഉപഭോഗ വസ്തുക്കളെന്നും രണ്ടായി തിരിക്കാം. ഉപഭോഗവസ്തുക്കളുടെ ഉല്‍പാദനം ആധുനിക മനുഷ്യന് ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാല്‍, അമിതോപഭോഗത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം. ദുബായ് ഉപഭോഗ ഉല്‍പ്പാദനത്തിന്റെ ലോകകേന്ദ്രങ്ങളില്‍ ഒന്നാണ്. ലോകമെങ്ങുമുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ക്ക് പ്രിയങ്കരമായ ഇടമാണ് ദുബായ്. ഇതിനു കാരണം ആ രാജ്യത്തിന്റെ സവിശേഷമായ സാമ്പത്തിക-ഭൂമി ശാസ്ത്ര പ്രത്യേകതകളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണയില്ലാത്ത അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് ദുബായ്. അതുകൊണ്ടുതന്നെ റിയല്‍ എസ്റ്റേറ്റ്, ടൂറിസം, വാണിജ്യം തുടങ്ങിയ മേഖലകള്‍ക്കാണ് ദുബായ് പ്രാധാന്യം നല്‍കിയത്. ഇതിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ വളര്‍ച്ചയുടെ പുതുചരിത്രംകുറിച്ചു ദുബായ്.

മുതലാളിത്തത്തിന്റെ ചാക്രിക പ്രതിസന്ധിയില്‍ ആഗോളവല്‍ക്കരണ കാലത്ത് അടിത്തറയില്ലാത്ത സമ്പദ്‌വ്യവസ്ഥകളാണ് കുമിളകളായി പൊട്ടുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ ഉത്തേജനം വ്യവസായ കമ്പനികളുടെ നിക്ഷേപമാണ്. ഇപ്പോള്‍ ധനകാര്യ (ഊഹക്കച്ചവട-റിയല്‍ എസ്റ്റേറ്റ്) മേഖലയിലെ നിക്ഷേപം വ്യവസായ മേഖലയിലെ നിക്ഷേപത്തേക്കാള്‍ പ്രാധാന്യം നേടിയിരിക്കുന്നു. ഇത് കുമിളയാണ്. അത് പൊട്ടുമ്പോള്‍ അടിത്തറസമ്പദ്‌വ്യവസ്ഥയായ ഉല്‍പ്പാദന ഉപാധികളുടെ ഉല്‍പ്പാദനത്തെയും അത് മന്ദീഭവിപ്പിക്കുന്നു. 1997ല്‍ തെക്കുകിഴക്കേഷ്യയിലും 2001ല്‍ ലാറ്റിനമേരിക്കയിലും 2008ല്‍ അമേരിക്കന്‍ ഐക്യനാടുകളിലും കണ്ട ഈ പ്രതിഭാസം ഗള്‍ഫ് നാടുകളെയും ബാധിക്കുമോ എന്ന ആശങ്ക സ്ഥാനത്തോ അസ്ഥാനത്തോ എന്ന് സാമ്പത്തിക വിദഗ്ധര്‍ ഉറച്ചുപറയുന്നില്ല. എന്നാല്‍, ദുബായ് എന്നത് എണ്ണപ്പണത്താല്‍ അതിസമ്പന്നമായ ഏഴ് എമിറേറ്റ്സുകള്‍ അടങ്ങിയ യുഎഇയുടെ ഭാഗമാണ്. ദുബായിക്ക് പിന്തുണയുമായി ഫെഡറല്‍ സര്‍ക്കാരും ഏറെ സമ്പന്നമായ തലസ്ഥാനമായ അബുദാബിയും ഉണ്ടെന്നത് ആത്മവിശ്വാസം ഉയര്‍ത്തുന്ന ഘടകമാണ്.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ കയറ്റുമതിരാജ്യമാണ് യുഎഇ. തലസ്ഥാനമായ അബുദാബിയുടെ കീഴിലുള്ള അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ മാത്രം ആസ്തി 70000 കോടി ഡോളറാണ്. ദുബായിക്ക് 35000 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ആ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്. മാന്ദ്യം ബാധിക്കാതിരിക്കാന്‍ സാമ്പത്തിക സ്ഥാപനങ്ങളില്‍ അഴിച്ചുപണിയും പുനഃസംഘടനയും നടത്തുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയും അനാവശ്യ ആശങ്ക ഉയര്‍ത്തുകയുമാണുണ്ടായതെന്ന് ദുബായ് സര്‍ക്കാരിന്റെ പരമോന്നത ധനകമ്മിറ്റിയുടെ ചെയര്‍മാന്‍ ശൈഖ് അഹമ്മദ്ബിന്‍ സഈദ് ആല്‍ മക്തും വ്യക്തമാക്കിയിട്ടുണ്ട്. പുനഃസംഘടനക്കിടെ ചെറിയ പ്രശ്നങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും ഇത് പരിഹരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ദുബായ് സര്‍ക്കാരും യുഎഇ ഫെഡറല്‍ സര്‍ക്കാരും പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇറങ്ങിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

പ്രശ്നം ഇന്ത്യയെയും കേരളത്തെയും ബാധിക്കുമോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നാണ് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞത്. എല്ലാറ്റിനുമുപരി ദുബായ് ഹോള്‍ഡിങ് ഒരു സര്‍ക്കാര്‍ സ്ഥാപനമാണെന്നത് ശുഭാപ്തിവിശ്വാസം വര്‍ധിപ്പിക്കുന്നു. ദുബായ് പ്രതിസന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകമെങ്ങുമുള്ള സ്റോക്ക് എക്സ്ചേഞ്ചുകളെയാണ് കൂടുതല്‍ ബാധിച്ചത്. ധനമൂലധനത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നത് സ്റ്റോക്ക് എക്സ്ചേഞ്ചുകളാണ്. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്തോറും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തിന്റെ കേന്ദ്രങ്ങളായി അവ അധഃപതിച്ചിരിക്കുന്നു. യഥാര്‍ഥ സാമ്പത്തിക സ്ഥിതിഗതികളേക്കാള്‍ ഊഹക്കച്ചവടക്കാരുടെയും നിക്ഷേപകരുടെയും മാനസിക വിഭ്രാന്തികളുടെ പ്രതിഫലനമായിത്തീരുന്നു ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍. എന്നാല്‍, ഈ വിഭ്രാന്തികള്‍ക്ക് സമ്പദ്വ്യവസ്ഥകളെ ഉലയ്ക്കാന്‍ ശേഷിയുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 301109

1 comment:

  1. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ കയറ്റുമതിരാജ്യമാണ് യുഎഇ. തലസ്ഥാനമായ അബുദാബിയുടെ കീഴിലുള്ള അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ മാത്രം ആസ്തി 70000 കോടി ഡോളറാണ്. ദുബായിക്ക് 35000 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ആ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്. മാന്ദ്യം ബാധിക്കാതിരിക്കാന്‍ സാമ്പത്തിക സ്ഥാപനങ്ങളില്‍ അഴിച്ചുപണിയും പുനഃസംഘടനയും നടത്തുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയും അനാവശ്യ ആശങ്ക ഉയര്‍ത്തുകയുമാണുണ്ടായതെന്ന് ദുബായ് സര്‍ക്കാരിന്റെ പരമോന്നത ധനകമ്മിറ്റിയുടെ ചെയര്‍മാന്‍ ശൈഖ് അഹമ്മദ്ബിന്‍ സഈദ് ആല്‍ മക്തും വ്യക്തമാക്കിയിട്ടുണ്ട്. പുനഃസംഘടനക്കിടെ ചെറിയ പ്രശ്നങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും ഇത് പരിഹരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ദുബായ് സര്‍ക്കാരും യുഎഇ ഫെഡറല്‍ സര്‍ക്കാരും പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇറങ്ങിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

    ReplyDelete