Sunday, December 27, 2009

യു.പി.എ 2009ല്‍

ജനദ്രോഹം മറയില്ലാതെ

രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളിലൂടെ, കോണ്‍ഗ്രസിന്റെ ജനവിരുദ്ധതയുടെ മുഖം പൂര്‍ണമായും വെളിപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഹനവാഗ്ദാനങ്ങള്‍ ചൊരിഞ്ഞ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ അതെല്ലാം മറന്ന് ജനവിരുദ്ധതയ്ക്ക് മുന്‍തൂക്കം നല്‍കിയിരിക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഇടതുപക്ഷത്തിന്റെ നിയന്ത്രണവും താല്‍പ്പര്യങ്ങളും പ്രതിഫലിച്ചു. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ അധികാരത്തിലെത്തിയതോടെ ആരെയും കൂസാതെ, എല്ലാ ജനദ്രോഹനടപടികളും കോണ്‍ഗ്രസ് പുറത്തെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ നിഷ്ക്രിയതയുടെയും നയങ്ങളുടെയും ഫലമാണ് അവശ്യസാധനവില കുതിച്ചുയരുന്നത്. സാമ്പത്തികമാന്ദ്യത്തില്‍, പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു താങ്ങായിനിന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ആരംഭിച്ചതും കോണ്‍ഗ്രസിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ജനവിരുദ്ധതയുടെ ഉദാഹരണമാണ്.

പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭക്ഷ്യ വിലക്കയറ്റത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ മാത്രം നാണയപ്പെരുപ്പം ഏകദേശം 20 ശതമാനമാണ്. ഉരുളക്കിഴങ്ങ് അടക്കമുള്ള പച്ചക്കറികള്‍ക്ക് 150 ശതമാനംവരെ വില ഉയര്‍ന്നു. ധാന്യങ്ങളും പയറുവര്‍ഗങ്ങളും ഇരട്ടിയോളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. വില പിടിച്ചുനിര്‍ത്താനുള്ള പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നു പറഞ്ഞ് കൈകഴുകുകയാണ് യുപിഎ സര്‍ക്കാര്‍. എഫ്സിഐ മുഖേന നടന്നിരുന്ന ഭക്ഷ്യധാന്യ സംഭരണത്തില്‍ സ്വകാര്യമേഖല ആധിപത്യം ചെലുത്താന്‍ തുടങ്ങിയതോടെതന്നെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലായി. ഭക്ഷ്യധാന്യശേഖരം പൊതുവിതരണ സംവിധാനത്തിലൂടെ ന്യായവിലയ്ക്ക് നല്‍കി ജനങ്ങളെ സഹായിക്കുന്നതിനുപകരം പൊതുവിപണിയിലേക്കാണ് നല്‍കുന്നത്. കരിമ്പ് കര്‍ഷകരെ ദ്രോഹിക്കുന്ന വിലനയംമൂലം കര്‍ഷകര്‍ കരിമ്പ് കത്തിക്കുകയും ഇനി കരിമ്പുകൃഷി നടത്തില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. പഞ്ചസാരവില ഒരുവര്‍ഷംകൊണ്ട് ഇരട്ടിയായി. സവാളക്കൃഷിയും ഉല്‍പ്പാദനവും കുറയുകയും വില കുതിച്ചുകയറുകയും ചെയ്യുമ്പോഴും അതിന്റെ കയറ്റുമതി നിരോധിച്ചിട്ടില്ലെന്നത് വിചിത്രമാണ്. അവധിവ്യാപാരവും കരിഞ്ചന്തയും പൂഴ്ത്തിവയ്പും അഭംഗുരം തുടരുന്നു. 300 ജില്ലകളെ വരള്‍ച്ച സാരമായി ബാധിച്ചു. ഭക്ഷ്യധാന്യമടക്കം പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ് വരും. ഇത് പരിഹരിക്കാനോ കര്‍ഷകസമൂഹത്തെ സഹായിക്കാനോ പരിപാടികളില്ല.

വരള്‍ച്ചയും വെള്ളപ്പൊക്കവുംമൂലം ഒരുഭാഗത്ത് ഉല്‍പ്പാദനം കുറയുമ്പോഴും ഉള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാത്തതിനാല്‍ വിറ്റഴിക്കാന്‍പറ്റാതെ നശിപ്പിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ന്യായവിലയ്ക്കുള്ള സംഭരണം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ സംഭരിച്ച് സൂക്ഷിക്കാനുള്ള കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള സൌകര്യങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. പൊതുമേഖലയിലെ നവരത്ന അടക്കമുള്ള പ്രധാന സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ദൃഢനിശ്ചയവുമായാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ലോകബാങ്കില്‍നിന്ന് പൊതുമേഖലയുടെ നവീകരണത്തിനെന്നപേരില്‍ 200 കോടി ഡോളര്‍ കടമെടുത്ത യുപിഎ സര്‍ക്കാര്‍ ലോകബാങ്ക് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിക്കുകയാണ്. പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുകയെന്നതാണ് ലോകബാങ്കിന്റെ പ്രധാന നിബന്ധന. എന്‍ടിപിസി പോലുള്ള സുപ്രധാന പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ഊര്‍ജസ്വയംപര്യാപ്തതയെന്ന രാജ്യത്തിന്റെ സ്വപ്നത്തെ സാരമായി ബാധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്വകാര്യവല്‍ക്കരണപാതയിലാണ്. അസോസിയറ്റ് ബാങ്കുകളെ ഒന്നൊന്നായി ലയിപ്പിച്ച് എസ്ബിഐയെ അങ്ങനെതന്നെ വിറ്റഴിക്കുകയാണ് ലക്ഷ്യം.

പ്രത്യക്ഷനികുതി പരിഷ്കാരം കോര്‍പറേറ്റ് ഭീമന്മാരെ സഹായിക്കാനാണ്. നികുതിവരുമാനത്തില്‍ വന്‍ കുറവിനിടയാക്കുന്ന ഈ പരിഷ്കാരത്തില്‍ കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ആയി കുറയും. സ്വത്തുനികുതിയും കുറയ്ക്കുകയാണ്. ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം, ഉന്നതവിദ്യാഭ്യാസമേഖലയിലെ വിദേശ പങ്കാളിത്തം എന്നിവയും സാമ്പത്തിക, വിദ്യാഭ്യാസമേഖലകളില്‍ വലിയ ദോഷമുണ്ടാക്കുന്നതാണ്. ആരും ചോദ്യംചെയ്യാനില്ലെന്നും എന്ത് ദ്രോഹനയവും നടപ്പാക്കാമെന്നുമുള്ള അഹങ്കാരമാണ് യുപിഎ സര്‍ക്കാരിനെ നയിക്കുന്നത്. ഈ ദ്രോഹനയങ്ങളെ ഇടതുപക്ഷം മാത്രമാണ് ശക്തമായിഎതിര്‍ക്കുന്നത്. ബിജെപിയടക്കമുള്ളവര്‍ക്ക് കോണ്‍ഗ്രസിന്റെ സാമ്പത്തികനയങ്ങളോട് വിയോജിപ്പില്ല എന്നത് ദ്രോഹനടപടികള്‍ക്ക് ധൈര്യം നല്‍കുന്നു. എന്നാല്‍, കര്‍ഷകരും തൊഴിലാളികളും സാമാന്യജനങ്ങളും തങ്ങളുടെ ദുരിതത്തിന് കാരണക്കാരായ യുപിഎ സര്‍ക്കാരിനെതിരെ രാഷ്ട്രീയത്തിനതീതമായി ഒന്നിക്കുന്ന കാഴ്ചയാണ് രാജ്യത്താകെ കാണുന്നത്.
(വി ജയിന്‍)

അമേരിക്കന്‍ പാളയത്തിലേക്ക് അതിവേഗം

രണ്ടാം യുപിഎ സര്‍ക്കാരിന്റെ വിദേശനയം വിലയിരുത്താനുള്ള സമയമായില്ലെങ്കിലും ഒന്നാം യുപിഎ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഈ സര്‍ക്കാരിന്റെ നടപടികള്‍ പരിശോധിക്കാം. ഇന്ത്യയുടെ പരമ്പരാഗത വിദേശനയത്തിന്റെ അടിസ്ഥാനനയങ്ങളില്‍നിന്ന് യുപിഎ സര്‍ക്കാര്‍ തെന്നിമാറുകയാണെന്ന് പറയാവുന്ന സംഭവങ്ങളാണ് ഏഴുമാസമായി നടന്നുവരുന്നത്. ചേരിചേരാ നയം, വികസ്വരരാഷ്ട്രങ്ങളോട് പ്രത്യേകിച്ചും ആഫ്രോ-എഷ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളോടുള്ള ചങ്ങാത്തം എന്നിവയില്‍നിന്ന് അകന്നുമാറി അമേരിക്കന്‍ കേന്ദ്രീകൃത വിദേശനയമാണ് ഇപ്പോള്‍ പിന്തുടരുന്നത്. മുംബൈ ഭീകരാക്രമണവും അതിനുശേഷമുള്ള സുരക്ഷാ സംവിധാനങ്ങളും മാത്രം പരിശോധിച്ചാല്‍ അമേരിക്കന്‍ സ്വാധീനം വ്യക്തമാകും. ആഭ്യന്തര സുരക്ഷാനടപടികളും അതിനായി ഒരുക്കുന്ന സംവിധാനങ്ങളും അമേരിക്കന്‍മോഡലിലാണ്. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന അമേരിക്കന്‍ ഭീകരനെ സംബന്ധിച്ചുള്ള വാര്‍ത്തകളും അന്വേഷണവും അമേരിക്ക ഇന്ത്യന്‍നയത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ മറ്റൊരു മുഖമാണ്. മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏക പ്രതി കസബിനെ ചോദ്യം ചെയ്ത എഫ്ബിഐ ഹെഡ്ലിയെ ചോദ്യംചെയ്യാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. ആഭ്യന്തര കാര്യങ്ങളില്‍ പോലും അമേരിക്കയെ പിന്തുടരുന്ന മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വിദേശനയത്തിലും ഇതേ നയമാണ് തുടരുന്നത്. അമേരിക്കയുടെ ശത്രു ഇന്ത്യയുടെയും ശത്രു, അമേരിക്കയുടെ മിത്രം ഇന്ത്യയുടെയും മിത്രം എന്നതാണ് രീതി.

രണ്ടാം യുപിഎ സര്‍ക്കാര്‍ രൂപംകൊണ്ടതോടെയാണ് ഇന്ത്യന്‍ വിദേശനയം അതിവേഗം അമേരിക്കന്‍ പാളയത്തിലേക്കു നീങ്ങിയത്. ഇടതുപക്ഷ പിന്തുണയില്ലാത്ത ഭരണമെന്ന നിലയിലാണ് വിദേശനയത്തില്‍ ഈ മാറ്റമുണ്ടായത്. ലോകവ്യാപാര സംഘടനയുടെ ദോഹവട്ടം ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഇന്ത്യ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറായതാണ് ഈ വര്‍ഷത്തെ പ്രധാന നയംമാറ്റം. എട്ടു വര്‍ഷമായി ചര്‍ച്ച തടസ്സപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യയാണ് പെട്ടെന്ന് അമേരിക്കക്ക് ഒപ്പം നീങ്ങിയത്. കാലാവസ്ഥ വ്യതിയാന വിഷയത്തിലും ഉരുണ്ടുകളിച്ചു. അമേരിക്കയും മറ്റും ആഗ്രഹിച്ചതുപോലെ സ്വമേധയാ ഹരിതഗൃഹവാതക നിര്‍ഗമനത്തില്‍ കുറവുവരുത്തിയ ഇന്ത്യ പിന്നീട് പാര്‍ലമെന്റിന് നല്‍കിയ വാഗ്ദാനത്തിനു കടകവിരുദ്ധമായി ഈ കുറവുവരുത്തല്‍ നടപടി അന്താരാഷ്ട്ര നിരീക്ഷണത്തിനു വിധേയമാക്കി. ജി-77 കൂട്ടായ്മ അപ്രസക്തമാക്കുന്ന നടപടിയും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായി. വിദേശനയത്തിന്റെ അമേരിക്കന്‍ ചായ്വിന് ഉപകരണമായി തീര്‍ന്ന സിവില്‍ ആണവക്കരാര്‍ അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കുംവിധം ഏറെ മുന്നോട്ടുപോയതും ഈവര്‍ഷം തന്നെ. അമേരിക്ക നല്‍കുന്ന ആയുധങ്ങളും ഉപകരണങ്ങളും മറ്റും ഇന്ത്യ അത് നിര്‍ദിഷ്ട ആവശ്യത്തിനു തന്നെയാണോ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാന്‍ അമേരിക്കന്‍ അധികൃതര്‍ക്ക് അനുമതി നല്‍കുന്ന എന്‍ഡ് യൂസര്‍ മോണിറ്ററിങ് എഗ്രിമെന്റില്‍ ഇന്ത്യ ഒപ്പിട്ടു. അമേരിക്കന്‍ കമ്പനികള്‍ വില്‍ക്കുന്ന ആണവ റിയാക്ടര്‍ അപകടത്തില്‍പ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കമ്പനികളെ രക്ഷപ്പെടുത്തുന്ന ആണവബാധ്യതാ നിയമം പാസാക്കാന്‍ അമേരിക്ക കേന്ദ്രസര്‍ക്കാരില്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയാണ്. അപകടത്തിന്റെ ബാധ്യത മുഴുവന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ കെട്ടിയേല്‍പ്പിക്കുന്നതാണ് ഈ നിയമം. എന്നിട്ടും ഇത് അടുത്തുതന്നെ പാസാക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

അമേരിക്കയും ഇസ്രയേലുമായി ആയുധവ്യാപാരം അടിക്കടി വര്‍ധിക്കുകയുമാണ്. കരിമ്പട്ടികയിലുള്ള ഇസ്രയേല്‍ കമ്പനികളുമായി പോലും ആയുധക്കരാറില്‍ ഒപ്പുവച്ചു. കോടികള്‍ കോഴകൊടുത്താണ് അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍നിന്ന് കരാര്‍ നേടുന്നതെന്ന് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി മീര ശങ്കര്‍ തന്നെ ആരോപിക്കുകയും ചെയ്തു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാനെതിരെ മൂന്നാമതും വോട്ടുചെയ്ത് ഇന്ത്യ അമേരിക്കന്‍ പക്ഷപാതിത്വം ആവര്‍ത്തിച്ചുവ്യക്തമാക്കി. ഇസ്രലിനെ യുദ്ധക്കുറ്റവാളിയായി ശിക്ഷിക്കണമെന്ന റിച്ചാര്‍ഡ് ഗോള്‍ഡ്സ്റ്റണ്‍ റിപ്പോര്‍ട്ടിന് അനുകൂലമായി പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായില്ല.

(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 271209

1 comment:

  1. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളിലൂടെ, കോണ്‍ഗ്രസിന്റെ ജനവിരുദ്ധതയുടെ മുഖം പൂര്‍ണമായും വെളിപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഹനവാഗ്ദാനങ്ങള്‍ ചൊരിഞ്ഞ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ അതെല്ലാം മറന്ന് ജനവിരുദ്ധതയ്ക്ക് മുന്‍തൂക്കം നല്‍കിയിരിക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഇടതുപക്ഷത്തിന്റെ നിയന്ത്രണവും താല്‍പ്പര്യങ്ങളും പ്രതിഫലിച്ചു. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ അധികാരത്തിലെത്തിയതോടെ ആരെയും കൂസാതെ, എല്ലാ ജനദ്രോഹനടപടികളും കോണ്‍ഗ്രസ് പുറത്തെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ നിഷ്ക്രിയതയുടെയും നയങ്ങളുടെയും ഫലമാണ് അവശ്യസാധനവില കുതിച്ചുയരുന്നത്. സാമ്പത്തികമാന്ദ്യത്തില്‍, പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു താങ്ങായിനിന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ആരംഭിച്ചതും കോണ്‍ഗ്രസിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ജനവിരുദ്ധതയുടെ ഉദാഹരണമാണ്.

    ReplyDelete