Friday, December 4, 2009

ഗോവന്‍ ചലച്ചിത്രമേള കൊടിയിറങ്ങുമ്പോള്‍

ഗോവയിലേക്ക് പറിച്ചുനട്ട ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള അതിന്റെ ലക്ഷ്യം തിരിച്ചറിയുന്നുവെന്ന അനുഭവത്തോടെയാണ് ഇത്തവണ കൊടിയിറങ്ങിയത്. ഗൌരവമായ സിനിമാ അവബോധം രാജ്യത്ത് വളര്‍ന്നുവരുന്നുവെന്നതിന്റെ സൂചനയും വ്യാഴാഴ്ച സമാപിച്ച ഗോവന്‍മേള നല്‍കി. എന്നാല്‍, ലോകസിനിമയുടെ പരിച്ഛേദം പത്തുദിവസംനീണ്ട മേളയില്‍ എത്തിയിരുന്നോ എന്ന സംശയം നാല്‍പ്പതാമത് ചലച്ചിത്രമേളയില്‍ പ്രേക്ഷകന് ബാക്കിയാകുന്നു.

കാന്‍മുതല്‍ വെനീസ് വരെയുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്കുശേഷമാണ് ഇന്ത്യയുടെ മേള എത്തുന്നത്. അതുകൊണ്ടുതന്നെ മികച്ച ചിത്രങ്ങളുടെ പൊതുചര്‍ച്ചയ്ക്കും അവയെ വിലയിരുത്തുന്നതിനും മതിയായ സമയം ഇന്ത്യയുടെ മേളയ്ക്ക് ലഭിക്കുന്നുവെന്ന് സാരം. എന്നാല്‍, ഈ അനുകൂലസാഹചര്യം മികച്ച ചലച്ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തിയിരുന്നോ എന്നത് സംശയമാണ്. കാനിലെ മത്സരവിഭാഗത്തിലെത്തിയ ലാര്‍സ് വോടെയിലിന്റെ ആന്റി ക്രൈസ്റ്റ്, ജയിന്‍ കാംപിയോണിന്റെ ബ്രൈറ്റ് സ്റ്റാര്‍, സായ് മിങ് ലിയാങ്ങിന്റെ ഫെയ്സ്, കെന്‍ലോപ്പിന്റെ ലുക്കിങ് ഫോര്‍ എറിക് തുടങ്ങിയ ചിത്രങ്ങള്‍ ഇന്ത്യയുടെ മേളയില്‍ പ്രേക്ഷകര്‍ സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കേരളത്തിന്റെ മേളയില്‍പ്പോലും ഇത്തരം ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് എത്തിക്കുന്നുണ്ട്. ഇന്ത്യയുടെ മേളയില്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായെന്ന വിവാദം നിലനില്‍ക്കുമ്പോഴാണ് ഈ വിലയിരുത്തലിന് പ്രസക്തിയേറുന്നത്. ലോകത്തില്‍ മാസ്റേഴ്സ് എന്ന് വിശേഷിപ്പിക്കാവുന്നവരുടെ ചിത്രങ്ങളും പരിമിതമായേ മേളയ്ക്കെത്തിയുള്ളൂ. എന്നാല്‍, മലയാളപ്രേക്ഷകര്‍ക്കും പരിചിതനായ പെദ്രോ അല്‍മദോവറിന്റെ ബ്രോക്ക എംബ്രേസസ്, ഗോവന്‍മേളയില്‍ സമാപനചിത്രമായപ്പോള്‍ കാന്‍ ഫെസ്റ്റിവലിലെ സമാപനചിത്രം കൊക്കോ ചാനല്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചത് മികച്ച തീരുമാനമായി. കൌറിസ്മാക്കി സഹോദരന്മാരില്‍ ഒരാളായ മിക്ക കൌറിസ്മാക്കിയുടെ ദി ഹൌസ് ഓഫ് വോഞ്ചിങ് ലവ്, വിവാദങ്ങളുടെ നായകന്‍ ക്രിസ്റോഫ് സനൂസിയുടെ ആന്‍ഡ് എ വാം ഹാര്‍ട്ട് തുടങ്ങിയ ചിത്രങ്ങള്‍ എത്തിയെന്നത് പ്രേക്ഷകര്‍ക്ക് തെല്ലെങ്കിലും ആശ്വാസമായി. കണ്‍ട്രി ഫോക്കസ് എന്ന വിഭാഗം മേളയില്‍ ആദ്യമായി ആരംഭിച്ചെന്നത് ഈ മേളയുടെ പ്രത്യേകതയാണ്.

മേളയ്ക്ക് നല്‍കിയിരുന്ന സഹായം കേന്ദ്ര സര്‍ക്കാര്‍ പകുതിയായി വെട്ടിക്കുറയ്ക്കുകയുണ്ടായി. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഇത് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ചലച്ചിത്രവ്യവസായത്തില്‍നിന്ന് ലഭിക്കുന്ന നികുതിപണത്തിന്റെ നാമമാത്ര തുകമാത്രമാണ് മേളയ്ക്കായി വിനിയോഗിക്കുന്നത്. മികച്ച പാക്കേജുകള്‍ മേളയില്‍ എത്താതെ പോകുന്നതിന് പണത്തിന്റെ കുറവും ഒരു കാരണമാണ്. സമാന്തരചിത്രങ്ങള്‍പോലും വൈല്‍ഡ് ബഞ്ചുപോലുള്ള വന്‍ കമ്പനികള്‍ വിലയ്ക്കെടുത്ത് മേളകളിലേക്ക് നല്‍കുമ്പോള്‍ സംഘാടകര്‍ നല്‍കേണ്ടിവരുന്നത് വന്‍ തുകയാണ്. പ്രാതിനിധ്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ടായി. ചലച്ചിത്രവിദ്യാര്‍ഥികള്‍ കൂടുതലായി മേളയ്ക്ക് എത്തിയതാണ് ഇതിന് കാരണം. സ്വന്തം സിനിമകള്‍ ഇല്ലെങ്കില്‍ മേളയ്ക്ക് പോകില്ലെന്ന അവസ്ഥയില്‍നിന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ ഇനിയും മാറേണ്ടതുണ്ട്. അനുഭവസമ്പത്ത് വര്‍ധിപ്പിക്കാന്‍ മേളയില്‍ സജീവമായി പങ്കെടുത്ത് നല്ല സിനിമകളുടെ പ്രമേയവും സാങ്കേതികമേന്മയും കണ്ടറിയുകതന്നെ വേണം.

മേളയ്ക്കുമുമ്പേ ആരംഭിച്ച വിവാദങ്ങള്‍ ചലച്ചിത്രോത്സവം തുടങ്ങിയതോടെ കൊഴുക്കുകയായിരുന്നു. പനോരമയായിരുന്നു ഇതില്‍ പ്രധാനം. പനോരമ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ ഗൌരവമായി കാണണം. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ സിനിമ കണ്ടിട്ടില്ലെന്ന് ജൂറി അംഗങ്ങള്‍തന്നെ ആരോപിക്കുന്ന അവസ്ഥ പരിതാപകരമാണ്. സിനിമയുടെ നിര്‍മാണരീതികള്‍ മാറിയ പുതിയ സാഹചര്യത്തില്‍ പനോരമ ചിത്രങ്ങളുടെ തെരഞ്ഞെടുക്കലിന്റെ മാനദണ്ഡങ്ങള്‍ മാറ്റണം. സുതാര്യമായ സെലക്ഷന്‍രീതിയാണ് അനിവാര്യം.

ഗോവയില്‍ കൊങ്കിണി സിനിമാരംഗത്തിന് 50 വര്‍ഷത്തിന്റെ പാരമ്പര്യമുണ്ട്. എന്നാല്‍, സിനിമയെന്നാല്‍ അടിപിടി- ബോളിവുഡ് ചിത്രങ്ങളായി ഗോവന്‍ജനതയുടെ ആസ്വാദന നിലവാരം മരവിച്ചിരുന്നു. ഈ നില മാറി കൊങ്കിണി ചിത്രം പനോരമ ഉദ്ഘാടനചിത്രമായി മാറിയതും വളര്‍ച്ചയുടെ അടയാളമാണ്. താരങ്ങള്‍ക്ക് ചുവപ്പു പരവതാനി വിരിക്കുന്നതിനപ്പുറം നല്ല ചിത്രങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നതിലേക്ക് മാറണം. ഗോവ എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി എന്ന സംവിധാനത്തിന്റെ ശക്തി കുറഞ്ഞുവെന്നതാണ് ഗുണവശം. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സിന് കൂടുതല്‍ പ്രാധാന്യം ഇക്കുറി മേളയില്‍ ലഭിച്ചിട്ടുണ്ട്. മികച്ച 20 ഇന്ത്യന്‍ ചിത്രം കണ്ടെത്താന്‍ ഇഎസ്ജി നടത്തിയ ശ്രമം പ്രഹസനമായി മാറി. മേളയുടെ കെട്ടുകാഴ്ചകളിലൊന്നായി ഇത് അധഃപതിച്ചു. മേളയുടെ ഭാഗമായി നടത്തിയ ഹ്രസ്വചിത്രമത്സരത്തില്‍ ഗീതു മോഹന്‍ദാസും സഞ്ജീവ് ശിവനും അംഗീകാരം നേടിയത് കേരളത്തിന്റെ അഭിമാനമായി. ഈ മാസം 11ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവന്‍മേളയുടെ അനുഭവ പാഠങ്ങള്‍ പ്രചോദനമാകട്ടെ.

ദേശാഭിമാനി മുഖപ്രസംഗം 041209

'ഐ കാണ്‍ട് ലിവ് വിതൌട്ട് യു'വിന് സുവര്‍ണ മയൂരം

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം ഇതിവൃത്തമാക്കിയ തയ്‌വാന്‍ ചിത്രം 'ഐ കാണ്‍ട് ലിവ് വിതൌട്ട് യു' ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടി. 40 ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സംവിധായകന്‍ ലിയോ ഡൈ ഗോവ ഗോവ ഗവര്‍ണര്‍ എസ് എസ് സിദ്ദുവില്‍നിന്ന് ഏറ്റുവാങ്ങി. മികച്ച സംവിധാനത്തിനുള്ള രജതമയൂരം ദക്ഷിണകൊറിയയില്‍നിന്നുള്ള 'എ ബ്രാന്‍ഡ് ന്യൂ ലൈഫിന്റെ' സംവിധായിക ഊനി ലെകോംമ്തെക്കാണ്. 15 ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. അനാഥാലയത്തില്‍ കഴിയുന്ന കുട്ടിയുടെ ജീവിതപ്രതീക്ഷകളാണ് ചിത്രത്തിന്റെ പ്രമേയം. ജൂറിയുടെ പ്രത്യേക പുരസ്കാരം ജോര്‍ജിയ- കസാഖ്‌സ്ഥാന്‍ സംയുക്ത സംരംഭമായ ദി അദര്‍ ബാങ്കിന് ലഭിച്ചു. ജോര്‍ജ് ഓവാഷിവുലിയാണ് സംവിധായകന്‍. കലാ അക്കാദമിയില്‍ ചേര്‍ന്ന സമാപനച്ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയായി. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ജോ ബാറ്റിസ്റ ദെ ആന്‍ദ്രദെ പ്രഖ്യാപിച്ചു. ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വേദിയിലെത്തി. സമാപനച്ചടങ്ങില്‍പനമ്മണ്ണ ശശിയും സംഘവും തായമ്പക അവതരിപ്പിച്ചു.
ആത്മബന്ധത്തിന്റെ നേര്‍ചിത്രീകരണമാണ് 'ഐ കാട് ലിവ് വിതൌട്ട് യു' വിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. മകളെ സ്കൂളില്‍ ചേര്‍ക്കാന്‍ എത്തുന്നതോടെ അച്ഛന്റെ പ്രശ്നങ്ങള്‍ തുടങ്ങുന്നു. അമ്മകൂടി ഒപ്പിടാതെ കുട്ടിക്ക് സ്കൂള്‍പ്രവേശനം സാധ്യമല്ലെന്നു വരുമ്പോള്‍ പരിഹാരം തേടി അച്ഛനും മകളും അലയുന്നു. പരസ്പരം കയര്‍ കൊണ്ട് കെട്ടി കടലില്‍ ചാടി മരിക്കാനും ഇവര്‍ ശ്രമിക്കുന്നു. ഇതോടെ കുട്ടിക്ക് പ്രവേശനം നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറാകുന്നു. മികച്ച സംവിധാനത്തിന് ഇക്കൊല്ലം ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഊനി ലെകോംമ്തെക്ക് മമ്മൂട്ടി സമ്മാനിച്ചു. സ്വാനുഭവത്തില്‍നിന്ന് രൂപം നല്‍കിയ ചലച്ചിത്രത്തിനാണ് സംവിധായിക അവാര്‍ഡ് നേടിയത്. രണ്ടാനമ്മയുടെ വരവോടെ ഒന്‍പത് വയസ്സുകാരി അനാഥാലയത്തിലെത്തുന്നു. 13 വയസ്സുകാരിയാണ് ഇവളുടെ കൂട്ടുകാരി. ദത്തെടുക്കുന്നവര്‍ക്കൊപ്പം ഇരുവരും അനാഥാലയത്തില്‍ നിന്ന് യാത്രയാകുന്നിടത്താണ് ചിത്രം പൂര്‍ത്തിയാവുന്നത്. അച്ഛനെ തേടിയുള്ള ഒരു കുട്ടിയുടെ അപകടകരമായ യാത്രയാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായ 'ദി അദര്‍ ബാങ്കിന്റെ' പ്രമേയം.
(സജീവ് പാഴൂര്‍)

2 comments:

  1. ഗോവയിലേക്ക് പറിച്ചുനട്ട ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള അതിന്റെ ലക്ഷ്യം തിരിച്ചറിയുന്നുവെന്ന അനുഭവത്തോടെയാണ് ഇത്തവണ കൊടിയിറങ്ങിയത്. ഗൌരവമായ സിനിമാ അവബോധം രാജ്യത്ത് വളര്‍ന്നുവരുന്നുവെന്നതിന്റെ സൂചനയും വ്യാഴാഴ്ച സമാപിച്ച ഗോവന്‍മേള നല്‍കി. എന്നാല്‍, ലോകസിനിമയുടെ പരിച്ഛേദം പത്തുദിവസംനീണ്ട മേളയില്‍ എത്തിയിരുന്നോ എന്ന സംശയം നാല്‍പ്പതാമത് ചലച്ചിത്രമേളയില്‍ പ്രേക്ഷകന് ബാക്കിയാകുന്നു.

    ReplyDelete
  2. കുറവുകളുണ്ടായാലും, നമുക്കിത്തരം ചലച്ചിത്ര മേളകൾ എപ്പോഴും ഒരുണർവ്വു തരുന്നുണ്ട്‌. ലോകത്തെംബാടുമിറങ്ങുന്ന മികച്ച ശ്രഷ്ടികളെക്കുറിച്ച്‌ കൂടുതൽ അറിയാനും, നല്ല ചർച്ചകൾക്കു വേദിയൊരുക്കാനും ഇതു സഹായിക്കുന്നുണ്ടല്ലോ? പിന്നെ Internet ന്റെ പ്രചാരം കൊണ്ട്‌ താൽപര്യമുള്ളവർക്കെല്ലാം കാര്യങ്ങൾ വിശദമായി അറിയാൻ കഴിയുന്നതു കൊണ്ട്‌, ഒരു ന്യൂനപക്ഷം പണ്ട്‌ കെട്ടിയാടിയിരുന്ന, പഴ്യ ആ ബുദ്ധിജീവി നടിക്കലുകളും ഇപ്പോൾ ഒത്തിരി കുറയുന്നുണ്ടല്ലോ?

    ReplyDelete