Thursday, December 10, 2009

വിവാദങ്ങള്‍ തുലയട്ടെ

വിവാദങ്ങള്‍ തുലയട്ടെ; ഒറ്റക്കെട്ടായി ചെറുക്കാം

ഒരുവിധ ഭീകരാക്രമണവും അടുത്ത കാലത്ത് നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭീകരതയെ അനുകൂലിക്കുന്ന പ്രചാരണങ്ങളും അതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള കരുനീക്കങ്ങളും ഇവിടെയും നടക്കുന്നുണ്ട്. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം രഹസ്യമായ ചില കരുനീക്കങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും മറയായി ഉപയോഗിക്കപ്പെടുന്നുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തുതോല്‍പ്പിക്കേണ്ട അവസ്ഥയാണിത്. അതില്‍ സങ്കുചിതമായ കക്ഷിരാഷ്ട്രീയ ലാഭമല്ല, നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് രാഷ്ട്രീയ പാര്‍ടികളെയും മാധ്യമങ്ങളെയും നയിക്കേണ്ടത്. ദൌര്‍ഭാഗ്യവശാല്‍, കഴിഞ്ഞ കുറച്ചുനാളായി ഇവിടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങള്‍ ശരിയായ ദിശയിലുള്ളതല്ല. ഭീകരപ്രവര്‍ത്തനം തടയാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാന്‍ ഉന്നംവച്ചുള്ള വിവാദങ്ങളാണ് യുഡിഎഫ് ഉയര്‍ത്തിവിട്ടത്. വിവിധ ഏജന്‍സികളും സംസ്ഥാനങ്ങളും ഉള്‍പ്പെട്ട കേസന്വേഷണത്തില്‍ കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ച് അനാവശ്യ സംശയം ഉയര്‍ത്തിവിട്ടത് യുഡിഎഫ് കണ്‍വീനര്‍തന്നെയാണ്. അത് മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രശ്നം ഭീകരപ്രവര്‍ത്തനമല്ല, അന്വേഷണച്ചുമതലയുള്ള ഐജിയാണ് എന്ന നിലയിലേക്കെത്തിച്ചു.

കഴിഞ്ഞ ദിവസം പിടിയിലായ കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ എട്ടുകേസില്‍ പ്രതിയാണ്. ആദ്യത്തേത് 1999ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ വധിക്കാന്‍ ശ്രമിച്ച കേസാണ്. ഇതില്‍ അറസ്റ്റിലായ നസീര്‍ ജാമ്യത്തിലിറങ്ങി മുങ്ങി. നായനാരുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ കെട്ടിച്ചമതാണ് ഈ കേസെന്ന് എം വി രാഘവനും കെ സുധാകരനും ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ അന്ന് ആക്ഷേപിച്ചത് കേരളീയരുടെ ഓര്‍മയിലുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഈ കേസ് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. കളമശേരിയില്‍ തമിഴ്നാട് ബസ് കത്തിച്ച കേസ്, കോഴിക്കോട് ടൌണ്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് ബോംബ് കേസ്, കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള ബോംബ് സ്ഫോടനക്കേസ് എന്നിവയിലെല്ലാം നസീറിന്റെ പങ്കാളിത്തം കണ്ടുപിടിച്ചതും നസീറിനെ പ്രതിചേര്‍ത്തതും എല്‍ഡിഎഫ് അധികാരത്തില്‍വന്നശേഷമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട്ചെയ്ത കേസ് കേരള പൊലീസിന്റെ ശ്രമഫലമായാണ് കണ്ടുപിടിച്ചതും നസീറിന്റെ പങ്കാളിത്തം തെളിയിച്ചതും. നസീറിനെക്കുറിച്ചുള്ള ഇത്തരം വിവരങ്ങളെല്ലാം വിശദമാക്കി കേരളാ പൊലീസാണ് 2009 ഏപ്രിലില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കത്തയച്ചത്. നസീറും കൂട്ടാളികളും ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ബംഗ്ളാദേശില്‍ എത്തിയിട്ടുണ്ടെന്ന് ബംഗ്ളാദേശില്‍ അവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പരടക്കം ചൂണ്ടിക്കാട്ടിയാണ് അറിയിച്ചത്. നസീര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ വിഭാഗത്തെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതും അക്കാര്യം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചതും കേരളമാണ് എന്നര്‍ഥം. പ്രതികള്‍ വിദേശത്തായതുകൊണ്ട് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കേസ് അന്വേഷിക്കുന്നത് ഉചിതമാണെന്ന കേരള സര്‍ക്കാരിന്റെ കത്തിനെതുടര്‍ന്നാണ് കോഴിക്കോട് ബസ്സ്റാന്‍ഡ് സ്ഫോടനക്കേസുകള്‍ ദേശീയ ഏജന്‍സി ഏറ്റെടുത്തത്.

ഇതെല്ലാം മറച്ചുവച്ചാണ്, എല്‍ഡിഎഫ് സര്‍ക്കാരിനുനേരെ ഐജി ടോമിന്‍ തച്ചങ്കരിയെ ബംഗളൂരുവില്‍ അയച്ചതിന്റെ പേരില്‍ കുതിരകയറാന്‍ യുഡിഎഫ് തയ്യാറായത്.

തച്ചങ്കരി കണ്ണൂര്‍ മേഖലയുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്; യുഡിഎഫിന്റെ കാലത്തും പ്രധാനപ്പെട്ട പല പദവികളും അലങ്കരിച്ചയാളാണ്. സ്പെഷ്യല്‍ ടീമിന്റെ ചുമതലയുള്ള ഡിഐജി ടി കെ വിനോദ്കുമാര്‍ വിദേശത്തായതിനാല്‍ അടിയന്തര നടപടിയെന്ന നിലയിലാണ് തച്ചങ്കരിയെ നിയോഗിച്ചതെന്ന് ആഭ്യന്തരമന്ത്രി തന്നെ അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും സംശയത്തിന്റെ പുകമറ പരത്താനുള്ള യുഡിഎഫ് പ്രചോദനം എന്താണ്? വിവിധ ഏജന്‍സികളും അനേകം ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അന്വേഷണത്തെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്? എന്തു ലക്ഷ്യമാണ് ഇങ്ങനെ ആരോപിക്കുന്നതിലൂടെ യുഡിഎഫിന് നേടാനുള്ളത്? പിഡിപി ബന്ധത്തിന്റെ പേരില്‍ തീവ്രവാദികളെ സഹായിക്കുന്ന നിലപാട് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നാണ് യുഡിഎഫിന്റെ ഒരു ആക്ഷേപം. എന്തേ പിഡിപിയുമായി യുഡിഎഫിന് ബന്ധമുണ്ടായിരുന്നില്ലേ. നസീറിനെ കോഴിക്കോട് ബോംബ് കേസിലും കളമശേരി ബസ് കത്തിക്കല്‍ കേസിലും പ്രതിയാക്കിയത് പതിനഞ്ചാം ലോക്സഭാ ഇലക്ഷനുശേഷമാണ് എന്നത് ഇവര്‍ക്കറിയില്ലേ? നസീര്‍ ഉള്‍പ്പെടുന്ന കോഴിക്കോട് ബോംബ് കേസ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കൈമാറിയത് ഈ സര്‍ക്കാരാണ് എന്നതറിയില്ലേ? നസീറിനെ രക്ഷിക്കാനായിരുന്നുവെങ്കില്‍ ഇത്തരം നടപടികളുടെ കാര്യമെന്ത്?

ഭീകരവാദികള്‍ ഭയവും ഭീകരതയും സൃഷ്ടിച്ച് ജനങ്ങളില്‍ അരക്ഷിതബോധം സൃഷ്ടിക്കുകയും പൊലീസിലും സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ഇവിടെ രാഷ്ട്രീയം ആരോപിച്ച് അന്വേഷണത്തെ തളര്‍ത്താനാണ് യുഡിഎഫ് നോക്കുന്നത്. ഇത് നാടിന് ഗുണംചെയ്യുന്ന സമീപനമല്ല. ഒരു സുപ്രധാന പ്രശ്നത്തെ ഇവ്വിധം രാഷ്ട്രീയദുഷ്ടലാക്കോടെ സമീപിക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും രഹസ്യതാല്‍പ്പര്യങ്ങളുണ്ടോ എന്നും പരിശോധിക്കപ്പെടണം. നസീറിന്റെ വെളിപ്പെടുത്തലുകളെ ഭയപ്പെടുകയും കേസന്വേഷണത്തിന്റെ പുരോഗതി തങ്ങളെ ബാധിക്കുമെന്ന് കരുതുകയും ചെയ്യുന്ന ആരെങ്കിലും യുഡിഎഫ് പാളയത്തിലുണ്ടോ? ഇല്ലെങ്കില്‍ എന്തിനീ വെകിളിപിടിച്ച പ്രകടനങ്ങള്‍?

എന്തിനെയും വിവാദത്തില്‍ പുതപ്പിച്ച് നശിപ്പിച്ചുകളയുന്ന വികലമനസ്സുകളെ അവഗണിച്ച്, ഭീകരതയ്ക്കെതിരായ നിലപാടുകളില്‍ എല്‍ഡിഎഫ് ഗവമെന്റിന് പരിപൂര്‍ണ പിന്തുണയും സഹായവും നല്‍കാന്‍ ജനങ്ങളാകെ തയ്യാറാകേണ്ടതുണ്ട്. ഇത് ഏതെങ്കിലും കക്ഷിയുടെ കാര്യമല്ല, കേരളത്തിന്റെയും ഇന്ത്യയുടെയും ജനങ്ങളുടെയാകെയും കാര്യമാണ് എന്ന തിരിച്ചറിവോടെ യുഡിഎഫ് കക്ഷികളും സഹകരണത്തിന് തയ്യാറാകണം.

ദേശാഭിമാനി മുഖപ്രസംഗം 101209

തച്ചങ്കരി വിവാദം: ഉമ്മന്‍ചാണ്ടിക്ക് ഗൂഢലക്ഷ്യം

കേരള പൊലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്ന് കേന്ദ്രസേന പിടികൂടിയ ലഷ്കര്‍ ഇ തോയ്ബ ദക്ഷിണേന്ത്യാ 'കമാന്‍ഡര്‍' തടിയന്റവിട നസീറിനെച്ചൊല്ലി യുഡിഎഫ് നേതാക്കള്‍ ഉയര്‍ത്തുന്ന വിവാദത്തിനു പിന്നില്‍ ഗൂഢലക്ഷ്യം. കണ്ണൂര്‍ റേഞ്ച് ഐജി ടോമിന്‍ തച്ചങ്കരി ബംഗളൂരുവില്‍ പോയത് എല്‍ഡിഎഫിന് താല്‍പ്പര്യമുള്ള ചിലരെ രക്ഷിക്കാനാണെന്നാണ് യുഡിഎഫിന്റെ ആക്ഷേപം. നസീറിനെയും ബന്ധു ഷഫാസിനെയും ചോദ്യംചെയ്യുന്നത് മുഖ്യമായും കര്‍ണാടക പൊലീസാണ്. കേരള പൊലീസിന്റെയും കേന്ദ്ര ഏജന്‍സികളായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെയും ഉദ്യോഗസ്ഥരുമുണ്ട്. ചോദ്യംചെയ്യല്‍ റെക്കോഡ് ചെയ്യുന്നുണ്ട്. അതുകൊണ്ട് അന്വേഷണസംഘത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ കേസ് വഴിതിരിച്ചുവിടാനാവില്ല. കേരള പൊലീസിന്റെ സംഘത്തില്‍ തീവ്രവാദവിരുദ്ധസ്ക്വാഡിലെ ഉദ്യോഗസ്ഥരും കൊച്ചി പൊലീസ് ഡെപ്യൂട്ടി കമീഷണറും ഉള്‍പ്പെടെയുള്ളവരുമുണ്ട്. സീനിയര്‍ ഐജി എന്ന നിലയിലും നസീറുമായി ബന്ധപ്പെട്ട എട്ട് ക്രിമിനല്‍ കേസില്‍ നാലും രജിസ്റ്റര്‍ര്‍ ചെയ്യപ്പെട്ട റേഞ്ചിലെ പൊലീസ് മേധാവിയെന്ന പരിഗണനയിലുമാണ് തച്ചങ്കരി ബംഗളൂരുവില്‍ എത്തിയത്. തച്ചങ്കരിയെ തിരിച്ചുവിളിച്ചില്ലെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഭീഷണി. ചെന്നിത്തലയുടെ വഴിയേ സഞ്ചരിച്ച് ഉമ്മന്‍ചാണ്ടി ബുധനാഴ്ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് മറുപടിയെന്ന നാട്യത്തില്‍ കുറെ നുണകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി ഉത്തരം തേടുന്ന ചോദ്യങ്ങള്‍ ഇവയാണ്:

1. തടിയന്റവിട നസീറിനെ രണ്ടുതവണ കസ്റഡിയിലെടുത്തിട്ട് എന്തുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ വിട്ടയച്ചു?

ഉത്തരം: നായനാര്‍ വധശ്രമക്കേസില്‍ 2000ല്‍ അറസ്റുചെയ്യപ്പെട്ട നസീറിനെ കോടതിയാണ് ജാമ്യത്തില്‍വിട്ടത്. പിന്നീട് വന്ന യുഡിഎഫ് ഭരണം ഈ കേസ് അന്വേഷിച്ചില്ല. വിനോദ് വധക്കേസില്‍ 2007 ആഗസ്തില്‍ കസ്റഡിയിലെടുത്ത നസീറിനെ പൊലീസ് വിട്ടുകൊടുത്തുവെന്നു പറയുന്നത് അസംബന്ധമാണ്. നസീറിനെ പിടികൂടാന്‍ ഭാര്യവീട്ടില്‍ ചെന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രേമനാഥിനെ ആക്രമിച്ച് നസീര്‍ രക്ഷപ്പെടുകയായിരുന്നു. നസീര്‍ പിന്നീട് ബംഗ്ളാദേശിലേക്ക് കടന്ന കാര്യം കഴിഞ്ഞ ഏപ്രില്‍ 17ന് കേരള പൊലീസാണ് റോയെ അറിയിച്ചത്.

2. നായനാര്‍ വധശ്രമക്കേസ് തീവ്രവാദവിരുദ്ധസ്ക്വാഡിനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നു പറഞ്ഞ് കോടതിയില്‍നിന്ന് കുറ്റപത്രം വാങ്ങിയിട്ട് ഈ സ്ക്വാഡിനെക്കൊണ്ട് അന്വേഷിപ്പിക്കാതെ തിരികെ നല്‍കിയതു എന്തുകൊണ്ട്?

ഉത്തരം: 1999ലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാന്‍ തീവ്രവാദികള്‍ പരിശ്രമിച്ചത്. അന്ന്, ഈ കേസിനെ തമാശയായും രാഷ്ട്രീയസ്റ്റണ്ടായുമാണ് യുഡിഎഫ് നേതാക്കള്‍ ചിത്രീകരിച്ചത്. അതിന്റെ ഫലമായി 2001-2006ലെ യുഡിഎഫ് ഭരണത്തില്‍ നായനാര്‍ കേസ് മരവിപ്പിച്ചു. പിന്നീട് കേസ് സജീവമായത് എല്‍ഡിഎഫ് ഭരണത്തിലാണ്. ഡല്‍ഹിയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ഒന്നാംപ്രതി അമീര്‍ അലി എന്ന ഹമീദിനെ കേരള പൊലീസ് ഡല്‍ഹിയിലെത്തി കഴിഞ്ഞവര്‍ഷം അറസ്റ്റു ചെയ്തു. ഇപ്പോള്‍ ജയിലിലാണ്.

തീവ്രവാദവിരുദ്ധസ്ക്വാഡ് രൂപീകരിച്ചത് 2008 ആഗസ്തിലാണ്. കോടതിയില്‍നിന്ന് കുറ്റപത്രം വാങ്ങി കേസന്വേഷണം കണ്ണൂര്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത് 2006ലും. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുമായി ബന്ധപ്പെടുത്തി എല്‍ഡിഎഫിന്റെ പ്രതിച്ഛായ തകര്‍ക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്. തീവ്രവാദകേസ് അന്വേഷണത്തിന്റെ ഭാഗമായി കേരള പൊലീസ് നേരത്തെ മഅ്ദനിയെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. നസീറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ ആവശ്യമുണ്ടെങ്കില്‍ അതും ചെയ്യാന്‍ കേരള പൊലീസിനോ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കോ ഒരു തടസ്സവുമില്ല. ഭീകരരെ വിട്ട് പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് വിവാദം സൃഷ്ടിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. ഭീകരവാദികള്‍ക്കെതിരെ സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ വിലകുറച്ച് കാണിക്കാനും പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താനുമാണ് ശ്രമം. ഒപ്പം യുഡിഎഫ് ഭരണത്തിലെ ഗുരുതരമായ വീഴ്ചകള്‍ മറച്ചുവയ്ക്കാനും.
(ആര്‍ എസ് ബാബു)

യുഡിഎഫ് സഹായിക്കുന്നത് തീവ്രവാദികളെ

തീവ്രവാദികള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരം ലഭിച്ചത് യുഡിഎഫ് ഭരണകാലത്താണെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താലേഖകരോടു പറഞ്ഞു. തങ്ങളുടെ കാലത്തെ തീവ്രവാദ പ്രവര്‍ത്തനം പുറത്തുവരുമോയെന്ന ആശങ്കമൂലമാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശം ഉന്നയിക്കുന്നത്.

കളമശേരി ബസ് കത്തിക്കല്‍, കോഴിക്കോട് ഇരട്ട സ്ഫോടനം, ബേപ്പൂര്‍ ബോട്ട് കത്തിക്കല്‍, കോഴിക്കോട് ഗ്രീന്‍വാലി വളപ്പിലെ സ്ഫോടനം, വളപ്പട്ടണത്ത് പൈപ്പ് ബോംബ് കണ്ടെത്തിയത്, കണ്ണൂര്‍ ചിക്കന്‍ സ്റ്റാള്‍ സ്ഫോടനം, മാറാട് കലാപം എന്നിവയെല്ലാം നടന്നത് യുഡിഎഫിന്റെ കാലത്താണ്. പ്രതിപക്ഷ നേതാവും യുഡിഎഫ് കവീനറും കോണ്‍ഗ്രസും ഇതിന് മറുപടി പറയണം.

തടിയന്റവിട നസീര്‍, ഷഫാസിനൊപ്പം ബംഗ്ളാദേശിലേക്ക് രക്ഷപ്പെട്ടെന്ന് കണ്ടെത്തിയത് സംസ്ഥാന ഇന്റലിജന്‍സാണ്. 2009 ഏപ്രില്‍ 17ന് റോ ഐജിക്ക് ഇത് സംബന്ധിച്ച് വിശദമായ വിവരം കൈമാറി. നസീര്‍ ബംഗ്ളാദേശില്‍ ഉപയോഗിച്ച ടെലിഫോ നമ്പരും നല്‍കി. ബംഗ്ളാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹസ്രത്ത് ഉള്‍ ജീഹാദി എന്ന സംഘടനയ്ക്ക് ലഷ്കര്‍ ഇ തോയ്ബ ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് കണ്ടെത്തി. ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ച് കേന്ദ്രസഹായത്തോടെ ഇരുവരെയും പിടികൂടുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്. നസീറും ഷഫാസും പിടിയിലായ വിവരം കിട്ടിയ ഉടന്‍തന്നെ കേരള പൊലീസ് ഷില്ലോങ്ങില്‍ എത്തി. ഇരുവരെയും വിട്ടുകിട്ടുന്നതിനുള്ള ശ്രമത്തിലാണ് കേരള പൊലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡും. തീവ്രവാദികളെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ വിവാദം ഉയര്‍ത്തുന്നത് ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുന്നതിനു തുല്യമാണ്. യുഡിഎഫ് കണ്‍വീനറുടെ നിലപാട് ഇത്തരം ശക്തികള്‍ക്ക് സഹായകമാകും. അന്വേഷണസംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന നിലപാടില്‍നിന്ന് പിന്തിരിയണം.

തീവ്രവാദ പ്രവര്‍ത്തനം അന്വേഷിക്കുന്നതിന് ഈ സര്‍ക്കാര്‍ വന്നശേഷം പൊലീസില്‍ പ്രത്യേക സംവിധാനമുണ്ടാക്കി. കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് തിരുവനന്തപുരത്ത് ഐബിയുടെ റീജണല്‍ ട്രെയ്നിങ് സ്കൂള്‍ ആരംഭിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം വിളിച്ച് വിവരം പരസ്പരം കൈമാറുന്നതിന് സംവിധാനമുണ്ടാക്കി. വാഗമണില്‍ തീവ്രവാദികള്‍ യോഗം ചേര്‍ന്നതറിഞ്ഞ ഉടന്‍തന്നെ പൊലീസ് കേസെടുത്തു. അതിനുശേഷമാണ് ഗുജറാത്ത് സംഭവമുണ്ടായത്. കശ്മീരില്‍ നാലു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി. കൊല്ലപ്പെട്ടവര്‍ക്കും മറ്റു ചിലര്‍ക്കും ലഷ്കര്‍ ഇ തോയ്ബയുമായി ബന്ധമുള്ളതായി ഈ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് നസീറിനെക്കുറിച്ചുള്ള വിവരം കിട്ടിയതെന്നും കോടിയേരി പറഞ്ഞു.

കോടിയേരി പറഞ്ഞതാണ് ശരി: മുഖ്യമന്ത്രി

തീവ്രവാദ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഐജി ടോമിന്‍ തച്ചങ്കരി ബംഗളൂരുവില്‍ പോയത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ് ശരിയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തനാണെന്നും അത് നേരത്തേ മനസ്സിലാക്കാത്തതുകൊണ്ടാണ് സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തില്‍ അസാധാരണമായി ഒന്നുമില്ല. തീവ്രവാദ അന്വേഷണച്ചുമതലയുള്ള ടി കെ വിനോദ്കുമാര്‍ അമേരിക്കയില്‍ പോയിരിക്കുന്നതിനാല്‍ തല്‍ക്കാലത്തേക്കാണ് തച്ചങ്കരിയെ അയച്ചത്. അദ്ദേഹം കണ്ണൂര്‍ ഐജിയാണ്. വിനോദ്കുമാര്‍ ഉണ്ടായിരിക്കെ തച്ചങ്കരിയെ അയച്ചത് ശരിയാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സര്‍ക്കാര്‍ അറിഞ്ഞില്ലെന്നു പറഞ്ഞത്. വിനോദ്കുമാറിന്റെ ജോലിയില്‍ തച്ചങ്കരി കൈകടത്തിയെന്ന് തോന്നി. വിനോദ്കുമാര്‍ പോകേണ്ട സ്ഥാനത്ത് തച്ചങ്കരി പോയെന്നാണ് കരുതിയത്. പിന്നീട് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചപ്പോള്‍ അങ്ങനെയല്ലെന്ന് ബോധ്യമായി. ഇത്തരമൊരു ഘട്ടത്തില്‍ തച്ചങ്കരിയെ അയക്കേണ്ടത് ആഭ്യന്തരമന്ത്രിയുടെ ചുമതലയാണ്. തച്ചങ്കരി പ്രാപ്തനാണെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ അയച്ചത്. മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയോഎന്ന ചോദ്യത്തിന്, അത് നിങ്ങളുടെ വ്യാഖ്യാനം എന്നായിരുന്നു മറുപടി.

ദേശാഭിമാനി 101209

1 comment:

  1. ഒരുവിധ ഭീകരാക്രമണവും അടുത്ത കാലത്ത് നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭീകരതയെ അനുകൂലിക്കുന്ന പ്രചാരണങ്ങളും അതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള കരുനീക്കങ്ങളും ഇവിടെയും നടക്കുന്നുണ്ട്. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം രഹസ്യമായ ചില കരുനീക്കങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും മറയായി ഉപയോഗിക്കപ്പെടുന്നുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തുതോല്‍പ്പിക്കേണ്ട അവസ്ഥയാണിത്. അതില്‍ സങ്കുചിതമായ കക്ഷിരാഷ്ട്രീയ ലാഭമല്ല, നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് രാഷ്ട്രീയ പാര്‍ടികളെയും മാധ്യമങ്ങളെയും നയിക്കേണ്ടത്.

    ReplyDelete