Monday, December 21, 2009

പാക്കേജ് ജേര്‍ണലിസം

"ഊര്‍ജസ്വലവും ചലനാത്മകവുമായ യുവനേതൃത്വം: അശോക്റാവു ചവാന്‍'' ലോക്മത് എന്ന മറാത്തി ദിനപത്ര (ഒക്ടോബര്‍ 10) ത്തിന്റെ മുഖ്യ വാര്‍ത്തയുടെ തലവാചകമാണിത്. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താന്‍ പോകുന്നതിന്റെ കൃത്യം 72 മണിക്കൂര്‍മുമ്പായിരുന്നു ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. പത്രത്തിന്റെ "പ്രത്യേക പ്രതിനിധി''യുടെ പേരിലാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. ഇതൊരു വാര്‍ത്തയായാണ് പത്രം പ്രസിദ്ധീകരിച്ചതെന്ന് ഇതില്‍നിന്ന് വ്യക്തം. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്റാവു ചവാന്‍ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ഒരുപാടുപേര്‍ക്ക് ഒരുപാടുനേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തതായാണ് ഈ സ്റോറിയിലുള്ളത്. ലോക്മതുമായി മത്സരിക്കുന്ന മറ്റൊരു പ്രമുഖ മറാത്തി ദിനപത്രമായ മഹാരാഷ്ട്ര ടൈംസ് ഇതേ 'സ്റോറി' ഇതേദിവസംതന്നെ വള്ളിപുള്ളി വിസര്‍ഗവ്യത്യാസമില്ലാതെ പ്രസിദ്ധീകരിച്ചിരുന്നു. ഒരേപോലെ ചിന്തിക്കുന്ന രണ്ടു മനസ്സുകളോ? ഒന്നെന്നപോലെ തുടിക്കുന്ന രണ്ടു ഹൃദയങ്ങളോ? മൂന്നുദിവസംമുമ്പ് (ഒക്ടോബര്‍ 7) പുധാരി എന്ന മറ്റൊരു മറാത്തി ദിനപത്രത്തില്‍ ഇതേ കഥ (തലവാചകം ഒഴികെ അതിലും ഒരു വാക്കിന്റെപോലും വ്യത്യാസമില്ല) പ്രസിദ്ധീകരിച്ചിരുന്നുവെന്നത് മറ്റൊരു സംഗതി. ആ പത്രത്തിലാകട്ടെ, റിപ്പോര്‍ട്ടറുടെ പേര് ചേര്‍ത്തിട്ടുണ്ടായിരുന്നു. മഹാരാഷ്ട്ര ടൈംസില്‍ ഈ സ്റോറി പ്രത്യക്ഷപ്പെട്ടത് ബൈലൈന്‍ ഇല്ലാതെയാണ്. ഈ പത്രങ്ങളില്‍ ഒന്നുംതന്നെ ഈ ഇനത്തിനടുത്തൊരിടത്തും 'അഡ്വര്‍ടൈസ്മെന്റ്' എന്നോ 'സ്പോസേര്‍ഡ് ഫീച്ചര്‍' എന്നോ രേഖപ്പെടുത്തിയിരുന്നില്ല. 'പാക്കേജ് ജേര്‍ണലിസം' അഥവാ 'കവറേജ് പാക്കേജുകള്‍' എന്നെല്ലാം അറിയപ്പെടുന്ന സംഗതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ചവാനാണെന്നു തോന്നുന്നു. 'ദ ഹിന്ദു' നടത്തിയ ഏകദേശ അന്വേഷണത്തില്‍തന്നെ മുഖ്യമന്ത്രി ചവാനെയും നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉത്തമ ഗുണങ്ങളെയും വാഴ്ത്തുന്ന 47 ഫുള്‍പേജ് "വാര്‍ത്തകള്‍'' (അവയില്‍ ചിലത് കളറിലുമാണ്) കണ്ടെത്തി. ഒക്ടോബര്‍ ഒന്നിനും 12നും ഇടയ്ക്കായി ഒന്നിലേറെ പത്രങ്ങളിലായാണ് ഇത്. പ്രധാനമായും ലോക്മതിന്റെ നിരവധി എഡിഷനുകളില്‍ (ആ കലാത്ത് യഥാര്‍ഥത്തില്‍ പ്രസിദ്ധീകരിച്ചിരുന്നതിന്റെ ഏകദേശം മൂന്നിലൊന്നു ഭാഗം വരും ഈ 47 പേജ്). സെപ്തംബര്‍ 12ന് അശോക്പര്‍വ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച നാലുപേജുള്ള കളര്‍ സപ്ളിമെന്റാണ് ഇതിന്റെയെല്ലാം മാതൃക എന്നു തോന്നുന്നു. ആ സപ്ളിമെന്റിനെത്തുടര്‍ന്ന് വോട്ടെടുപ്പുദിവസം (ഒക്ടോബര്‍ 13) വരെ "വികാസ്പര്‍വ്'' (വികസനത്തിന്റെ കാലം) എന്ന പേരില്‍ മിക്കവാറും എല്ലാദിവസവും ഫുള്‍പേജും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. ഈ വികാസ്പര്‍വ് പേജുകളും അശോക്റാവു ചവാനെ കേന്ദ്രീകരിച്ചുതന്നെയായിരുന്നു. കൂട്ടത്തില്‍, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ഭരണത്തിന്റെ നേട്ടങ്ങളും!

മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയിലുള്ള ഭോകര്‍ നിയമസഭാ നിയോജകമണ്ഡലത്തില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി മാധവറാവു കിനാല്‍ക്കറേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടി ചവാന്‍ വിജയിച്ചു. ചവാന്റെ ദൈനംദിന തെരഞ്ഞെടുപ്പു ചെലവുകളുടെ കണക്കില്‍ പരസ്യങ്ങളുടെ യഥാര്‍ഥചെലവ് പ്രതിഫലിക്കുന്നുമില്ല. അധികാരികളില്‍നിന്നു ലഭിച്ച തെരഞ്ഞെടുപ്പു ചെലവുകള്‍ സംബന്ധിച്ച കണക്കുപ്രകാരം അശോക്ചവാന്‍ അഡ്വര്‍ടൈസിങ്ങിനായി 11,379 രൂപ മാത്രമേ ചെലവാക്കിയിട്ടുള്ളൂ. അച്ചടി മാധ്യമങ്ങളില്‍ വെറും ആറു പരസ്യംമാത്രമാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. അതിന്റെ ചെലവ് തുച്ഛമായ 5379 രൂപ. അദ്ദേഹം ഒരേയൊരു പത്രത്തിനു മാത്രമേ-സത്യപ്രഭ - തന്റെ തെരഞ്ഞെടുപ്പു പരസ്യം നല്‍കിയിട്ടുള്ളൂ. അതാകട്ടെ നന്ദേദ് ജില്ലയില്‍മാത്രമുള്ള ഒരു ചെറിയ പത്രവും! എന്നിട്ടും ചവാന് മിക്കവാറും എല്ലാ പ്രമുഖ ദിനപത്രങ്ങളും പൂര്‍ണപേജ് കവറേജ് നല്‍കുകയും ചെയ്തിരിക്കുന്നു. അവയെല്ലാം പരസ്യം എന്ന ഇനത്തില്‍പ്പെടുത്തുകയാണെങ്കില്‍ കോടിക്കണക്കിനു രൂപ ആ ഇനത്തില്‍ മാത്രം ചെലവുവരും.

ഒരു കോടിയിലേറെ വായനക്കാരുള്ള മഹാരാഷ്ട്രയിലെ ലോക്മത് പത്രം ഇന്ത്യയില്‍ ഏറ്റവും അധികം സര്‍ക്കുലേഷനുള്ള നാലാമത്തെ പത്രമാണ്. മഹാരാഷ്ട്ര ടൈംസും അല്‍പ്പവും ചെറിയ ഒന്നല്ല. അതിനും ദശലക്ഷക്കണക്കിനു വായനക്കാരുണ്ട്. ലോക്മതിനെപ്പോലെയുള്ള ഒരു പത്രത്തിന്റെ 13 എഡിഷനിലും നാലു പേജ് കളര്‍ സപ്ളിമെന്റ് പ്രസിദ്ധീകരിക്കണമെങ്കില്‍ 1.5 കോടി രൂപയ്ക്കും രണ്ടു കോടി രൂപയ്ക്കും ഇടയ്ക്ക് പരസ്യക്കൂലി വേണ്ടിവരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഈ രംഗത്തുള്ള ഒരു എക്സിക്യൂട്ടീവ് പറയുന്നത് ഇങ്ങനെ- "പ്രത്യേകിച്ചും ഇത് തെരഞ്ഞെടുപ്പു കാലത്തായിരുന്നു. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ഈ അവസരം കിട്ടുന്നത്. അതുകൊണ്ട് ഡിസ്കൌണ്ടുകളെക്കുറിച്ച് ഓര്‍ക്കുകയേ വേണ്ട. വില്‍പ്പനവിപണിയില്‍ ഈ കാലത്ത് നിരക്ക് വളരെ അധികമായിരിക്കും''.

സപ്ളിമെന്റിന്റെ കാര്യം പോകട്ടെ. വികാസ്പര്‍വ് എന്ന പേരില്‍ ലോക്മതില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പുദിവസംവരെ അടിക്കടി പ്രസിദ്ധീകരിച്ചിരുന്നല്ലോ. (ഒക്ടോബര്‍ ഒന്നിനും 12നും ഇടയ്ക്കുള്ള ഇത്തരം 35 പേജ് ഞങ്ങള്‍ക്ക് ലഭിച്ചു.) ഇവയെ പരസ്യം എന്ന നിലയില്‍ പരിഗണിച്ചാല്‍ ഇവയ്ക്കുവേണ്ടിവരുന്ന ചെലവുമാത്രം മൊത്തം തെരഞ്ഞെടുപ്പു ചെലവിന്റെ പരിധിയും വലിയതോതില്‍ കവിയും. അപ്പോള്‍ അതൊഴിവാക്കാന്‍ പരസ്യദാതാവും പത്രവും തമ്മില്‍ പ്രത്യേക കരാറില്‍ ഏര്‍പ്പെടുന്നു. (യാദൃച്ഛികമായിട്ടാകാം, ലോക്മതിന്റെ ഉടമസ്ഥാവകാശമുള്ള കുടുംബത്തിലെ ഒരംഗം, രാജേന്ദ്രദര്‍ദ എന്ന കോണ്‍ഗ്രസ് എംഎല്‍എ പൂര്‍ണ ക്യാബിനറ്റ് പദവിയോടെ അശോക് ചവാന്‍ മന്ത്രിസഭയില്‍ ചേര്‍ന്നു.)
'പണംവാങ്ങി പ്രസിദ്ധീകരിക്കുന്ന വാര്‍ത്താ' വ്യവസായത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ ഉണ്ടായി. അഡ്വര്‍ടൈസ്മെന്റുകളെ 'വാര്‍ത്ത'കളായി അവതരിപ്പിക്കുന്നതില്‍ മുമ്പ് എന്നത്തേയുംകാള്‍ വാര്‍ത്താമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറെ മുമ്പിലേക്കു പോയതായാണ് പലരും കരുതുന്നത്. ആദ്യകാലത്ത് ചുരുക്കം ചില പത്രപ്രവര്‍ത്തകര്‍ നടത്തുന്ന ചില്ലറ അഴിമതി മാത്രമായിരുന്നു; എന്നാല്‍ ഇപ്പോള്‍ സ്ഥിതി പാടെ മാറിയിരിക്കുന്നു- കോടിക്കണക്കിനു രൂപ മറിയുന്ന ഒരു മാധ്യമവേലത്തരമാണ് അതിപ്പോള്‍.

മറാത്തി പത്രപ്രവര്‍ത്തനരംഗത്തെ പ്രമുഖരില്‍ ഒരാളായ ഗോവിന്ദ് തല്‍വാല്‍ക്കര്‍ ഇതറിഞ്ഞ് വല്ലാതെ അസ്വസ്ഥനായി. മാധ്യമരംഗത്തുനിന്ന് വിരമിച്ച് അമേരിക്കയില്‍ കഴിയുന്ന അദ്ദേഹം 'ദ ഹിന്ദു'വിന് ഇങ്ങനെ എഴുതി-

"ഇത് സിബിഐ അന്വേഷണം ആവശ്യമായ കുറ്റകൃത്യമാണ്. എന്റെ ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തനജീവിതത്തിനിടയില്‍ ഇത്രയും ഹീനവും ജീര്‍ണിച്ചതുമായ നടപടി കണ്ടിട്ടേയില്ല.“

50 വര്‍ഷത്തിലേറെക്കാലം മഹാരാഷ്ട്രയിലെ മാധ്യമരംഗത്തെ സജീവ സാന്നിധ്യമായിരുന്നു തല്‍വാല്‍ക്കര്‍; അതില്‍ 27 വര്‍ഷവും മഹാരാഷ്ട്ര ടൈംസിന്റെ എഡിറ്റര്‍ ആയിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാത്രമല്ല, അല്ലാതെയും ഇത്തരം 'ന്യൂസ്സ്റോറി'കള്‍ പ്രത്യക്ഷപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസ്റുകളുടെ സഹായത്താല്‍ ഈ ലേഖകന്‍തന്നെ ഇത്തരം നിരവധി വാര്‍ത്ത കണ്ടെത്തുകയുണ്ടായി. തെരഞ്ഞെടുപ്പുകാലത്തെ 'കവറേജ് പാക്കേജുകള്‍'ക്കു പുറമെ ഇപ്പോള്‍ പത്രങ്ങളിലും ടെലിവിഷനിലും ഓലൈനിലുമെല്ലാം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം 'വാര്‍ത്തകള്‍' വ്യാപകമായിരിക്കുന്നു.

2009ല്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ മാധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് തെരഞ്ഞെടുപ്പു കമീഷന് ഒരു പഠനം നടത്താവുന്നതാണ്. പ്രസ്കൌസിലും അത്തരം ഒരു പഠനം നടത്തേണ്ടതാണ്. നമ്മുടെ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് ഫലപ്രഖ്യാപനംകഴിഞ്ഞ് 45 ദിവസത്തിനകം ഏതെങ്കിലും സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ ബന്ധപ്പെട്ട ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പു പെറ്റീഷന്‍ ഫയല്‍ചെയ്യുമ്പോള്‍ മാത്രമേ ആ തെരഞ്ഞെടുപ്പ് "ചോദ്യംചെയ്യപ്പെടുന്നുള്ളൂ''. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 123 (6) വകുപ്പുപ്രകാരം "77-ാം വകുപ്പിന് വിരുദ്ധമായി ചെലവുകള്‍ അധികരിക്കുന്നത്'' തെരഞ്ഞെടുപ്പ് അഴിമതിയാണ്. അത് ഒരു തെരഞ്ഞെടുപ്പു പെറ്റീഷന് വിഷയമാക്കാവുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍, ആരോപിക്കപ്പെട്ട അഴിമതി തെളിയിക്കാന്‍ വേണ്ടത്ര രേഖകള്‍ ഉണ്ടെങ്കില്‍ കാര്യം വഷളാകും. ചവാന്റെയും നിരവധി പത്രങ്ങളുടെയും ടിവി ചാനലുകളുടെയും സ്ഥിതി വഷളാകുമെന്നതില്‍ സംശയം വേണ്ട. അത് പരസ്യംചെയ്യലാണെങ്കില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി കുഴപ്പത്തിലാകും. 'അഭ്യുദയകാംക്ഷി'കളുടെ സൌജന്യമാണെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. തെരഞ്ഞെടുപ്പു ചെലവിന്റെ 10 ലക്ഷം രൂപയെന്ന പരിധി കടക്കുമെന്ന കാര്യം ഉറപ്പാണ്. മുഖ്യമന്ത്രിക്കുവേണ്ടി പാര്‍ടിയാണ് ഇത് ചെയ്തതെന്നു പറയുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പാര്‍ടി വോട്ടര്‍മാരെ വഴിതെറ്റിക്കാന്‍ പരസ്യത്തെ വാര്‍ത്തയാക്കി തെറ്റായി അവതരിപ്പിച്ചെന്നാണ് അതിനര്‍ഥം.

'കവറേജ് പാക്കേജുകള്‍' സ്പോണ്‍സര്‍ചെയ്യപ്പെട്ടതാണെങ്കില്‍ ആര്, ആര്‍ക്ക്, എത്ര പണം നല്‍കി എന്ന് വെളിപ്പെടുത്തേണ്ടതായി വരും'. അപ്പോള്‍ അത് 'വാര്‍ത്ത'യാണെങ്കിലോ? എങ്കില്‍, ഞങ്ങള്‍ ശേഖരിച്ച ഈ റിപ്പോര്‍ട്ടുകള്‍ എക്കാലത്തെയും ഏറ്റവും ശ്രദ്ധേയമായ വാര്‍ത്താ വിധിന്യായത്തിന് വിധേയമാക്കേണ്ടതാണ്. പല പത്രങ്ങളില്‍ ഒരേ കാര്യം പല ലേഖകരുടെ പേരുകളില്‍ അച്ചടിച്ചുവരുന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പാദസേവയുടെ ദുര്‍ഗന്ധം വമിക്കുന്നവയാണ് അവയുടെ ഉള്ളടക്കം. ഇത് പരസ്യംചെയ്യല്‍ ആണെങ്കില്‍, ചവാന്‍ മാത്രമല്ല മറ്റു പല സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പു ചെലവുകളുടെ പരിധി ലംഘിച്ചിരിക്കുന്നതായി കാണാം. അത് പരസ്യംചെയ്യല്‍ അല്ലെങ്കില്‍ 'പണംപറ്റി പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത'യാണ് അത്- മാധ്യമ മഹാ നിഘണ്ഡുവിലെ ഒരു പുതിയ പദപ്രയോഗമാണിത്. പരസ്യംചെയ്യല്‍ ആണെങ്കില്‍ എന്തുകൊണ്ട് അക്കാര്യം വ്യക്തമായി രേഖപ്പെടുത്തുന്നില്ല? മാധ്യമ ഉടമകളും ജേര്‍ണലിസ്റുകളും ഉത്തരം പറയേണ്ട ചോദ്യമാണിത്. വാര്‍ത്തകള്‍ എന്ന നിലയില്‍ വേഷപ്രച്ഛന്നമാക്കി അവയെ അവതരിപ്പിക്കുന്നത് വോട്ടര്‍മാരില്‍ തെറ്റായ സ്വാധീനംചെലുത്താനാണ്. അത് പരസ്യംചെയ്തതായിരുന്നെങ്കില്‍, പരസ്യദാതാക്കള്‍ ശരിയായവിധത്തില്‍ പരസ്യക്കൂലി നല്‍കിയിരുന്നോ? ഇല്ലെങ്കില്‍, കോടിക്കണക്കിനു രൂപയുടെ നിയമവിരുദ്ധ പണ ഇടപാടും നികുതിവെട്ടിപ്പും നടന്നിട്ടുണ്ടാകും. 'പണംപറ്റി പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത' ആണെങ്കില്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും തെറ്റായ സാമ്പത്തിക ഇടപാടുകളേക്കാള്‍ വലിയ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. നമ്മുടെ ജനാധിപത്യപ്രക്രിയക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയതിന് അവര്‍ ഉത്തരം പറഞ്ഞേ മതിയാകൂ.

പി.സായ്നാഥ്
(ദ ഹിന്ദു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സംക്ഷിപ്തം - കടപ്പാട്: ദേശാഭിമാനി)

1 comment:

  1. 'കവറേജ് പാക്കേജുകള്‍' സ്പോണ്‍സര്‍ചെയ്യപ്പെട്ടതാണെങ്കില്‍ ആര്, ആര്‍ക്ക്, എത്ര പണം നല്‍കി എന്ന് വെളിപ്പെടുത്തേണ്ടതായി വരും'. അപ്പോള്‍ അത് 'വാര്‍ത്ത'യാണെങ്കിലോ? എങ്കില്‍, ഞങ്ങള്‍ ശേഖരിച്ച ഈ റിപ്പോര്‍ട്ടുകള്‍ എക്കാലത്തെയും ഏറ്റവും ശ്രദ്ധേയമായ വാര്‍ത്താ വിധിന്യായത്തിന് വിധേയമാക്കേണ്ടതാണ്. പല പത്രങ്ങളില്‍ ഒരേ കാര്യം പല ലേഖകരുടെ പേരുകളില്‍ അച്ചടിച്ചുവരുന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പാദസേവയുടെ ദുര്‍ഗന്ധം വമിക്കുന്നവയാണ് അവയുടെ ഉള്ളടക്കം. ഇത് പരസ്യംചെയ്യല്‍ ആണെങ്കില്‍, ചവാന്‍ മാത്രമല്ല മറ്റു പല സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പു ചെലവുകളുടെ പരിധി ലംഘിച്ചിരിക്കുന്നതായി കാണാം. അത് പരസ്യംചെയ്യല്‍ അല്ലെങ്കില്‍ 'പണംപറ്റി പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത'യാണ് അത്- മാധ്യമ മഹാ നിഘണ്ഡുവിലെ ഒരു പുതിയ പദപ്രയോഗമാണിത്. പരസ്യംചെയ്യല്‍ ആണെങ്കില്‍ എന്തുകൊണ്ട് അക്കാര്യം വ്യക്തമായി രേഖപ്പെടുത്തുന്നില്ല? മാധ്യമ ഉടമകളും ജേര്‍ണലിസ്റുകളും ഉത്തരം പറയേണ്ട ചോദ്യമാണിത്.

    ReplyDelete