Saturday, December 26, 2009

ഭീകരതയ്ക്കെതിരായ പോരാട്ടം

ഭീകരതയ്ക്കെതിരായ പോരാട്ടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്, മതവല്‍ക്കരിക്കരുത്

ആഭ്യന്തരസുരക്ഷയെക്കുറിച്ച് 2009 ഡിസംബര്‍ 2ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സി.പി.എം നേതാവ് സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്തരൂപം.

ഭീകരവാദത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസ്സില്‍ തെളിയുന്നത് ജാലിയന്‍‌വാലാഭാഗ് കൂട്ടക്കൊലക്ക് ശേഷം തന്റെ സര്‍ സ്ഥാനം തിരികെ നല്‍കിക്കൊണ്ട് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞ വാക്കുകളാണ്. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഭീകരവാദമെന്ന ഭീഷണിയോട് നമുക്കെല്ലാം തോന്നുന്ന രോഷത്തെയും അസ്വസ്ഥതയെയും ശക്തമായി പ്രകടിപ്പിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞു “എനിക്ക് ഇടിമുഴക്കത്തിന്റെ ശബ്ദം തരിക, ഞാനതിനെ ഈ സ്വവര്‍ഗഭോജിക്ക് നേരെ പ്രയോഗിക്കട്ടെ, അവന്റെ ഭീതിയുണര്‍ത്തുന്ന വിശപ്പ് അമ്മയെയും കുഞ്ഞിനെയും പോലും വെറുതെ വിടാത്തതാണല്ലോ”(Give me a voice of thunder, That I may hurl implications upon this cannibal, Whose gruesome hunger, Spares neither the mother nor the child) രാഷ്‌ട്രവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഭീകരവാദം എന്ന ഭീഷണിയാണ് അമ്മയെയും കുഞ്ഞിനെയും പോലും വെറുതെ വിടാത്തത്. ഇതിനോട് ഏറ്റവും കുറഞ്ഞത് എന്റെ പാര്‍ട്ടിക്കും എനിക്കുമെങ്കിലും ഒരു തരിമ്പുപോലും അനുഭാവമില്ല. അതുകൊണ്ട് തന്നെ ഭീകരതക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നു മാത്രമല്ല അതിന്റെ പേരിൽ എന്തെങ്കിലും വിലപേശൽ അനുവദിക്കാവുന്നതുമല്ല..ഇതു പറയുമ്പോഴും ഭീകരവാദത്തെ ഏതെങ്കിലുമൊരു കള്ളിയില്‍ മാത്രമായി പെടുത്താനാവില്ല എന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും നാം മനസ്സിലാക്കണം. അത് ഏതെങ്കിലും വിധത്തിലുള്ള അതിരുകളില്‍ തളച്ചിടപ്പെട്ടതോ ഏതെങ്കിലും മതത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങുന്നതോ അല്ല. ഒരു മതഭ്രാന്തന്റെ വെടിയുണ്ടയില്‍ മഹാത്മാഗാന്ധിയെ നമുക്ക് നഷ്ടപ്പെട്ടു, ഒരു സിഖ് ഭ്രാന്തനാല്‍ ഒരു പ്രധാനമന്ത്രിയെ നഷ്ടപ്പെട്ടു, എല്‍.ടി.ടി കൊലയാളികളുടെ വെടിയുണ്ടകളില്‍ അന്നത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടിരുന്ന ഒരു മുന്‍ പ്രധാനമന്ത്രിയെ നമുക്ക് നഷ്ടപ്പെട്ടു. വടക്കുകിഴക്കന്‍ മേഖലകളില്‍ സക്രിയരായ വിവിധ വിധ്വംസകവാദികളാല്‍ ഇന്നും ഓരോ ദിവസവും നൂറുകണക്കിനു മനുഷ്യജീവനുകൾ നഷ്ടപ്പെടുകയാണ്. വിവിധ മതങ്ങളുടെ നിറം പങ്കിടുന്ന മൌലികവാദികളുടെ ഭീകരതക്കെതിരെ പോരാടേണ്ടുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ രാജ്യത്ത് ഉണ്ടായിരിക്കുകയാണ്. ഹിന്ദുത്വഭീകരതയേയും കൂടി ചെറുക്കേണ്ട അവസ്ഥയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്.

ഇത്തരമൊരു സ്ഥിതിവിശേഷം നമ്മുടെ രാജ്യത്തുള്ളത് കൊണ്ടു തന്നെ, ഭീകരവാദത്തെ ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ, പ്രദേശത്തിന്റെയോ, സംഘടനയുടെയോ ലേബലില്‍ തളച്ചിടാനാവില്ല. ഭീകരതക്കെതിരായ പോരാട്ടത്തെ രാഷ്ട്രീയവല്‍ക്കരിക്കാനോ മതവല്‍ക്കരിക്കാനോ ഉള്ള ഏത് ശ്രമവും ഈയൊരു ഭീഷണിയില്‍ നിന്ന് മുക്തി നേടാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ദുർബലമാക്കുകയേ ഉള്ളൂ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരതയെ പ്രതിരോധിക്കുമ്പോള്‍ തന്നെ ഭീകരതക്ക് കാരണമാകുന്ന ആഭ്യന്തിരമായ ഘടകങ്ങളെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നുമാത്രമല്ല ഭീകരതയുടെ വളർച്ചയ്ക്ക് വളം വച്ചുകൊടുക്കുന്ന എല്ലാ സാഹചര്യങ്ങളെയും ഇല്ലാതാക്കേണ്ടതുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി മാവോയിസ്റ്റ് ആക്രമണങ്ങളാണെന്ന് നമ്മുടെ പ്രധാനമന്ത്രി പറയുകയുണ്ടായി. ഇത് ശരിയാണെങ്കിൽ‍, അതിനെ ആത്മാർത്ഥമായും പ്രതിരോധിക്കേണ്ടതുണ്ടെങ്കില്‍, നാം ഒറ്റക്കെട്ടായി സ്വീകരിക്കേണ്ട രണ്ട് അടിസ്ഥാന നിലപാടുകളുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒന്നാമതായി, ഭീകരതയെ വളരാന്‍ അനുവദിക്കാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. സിഖ് വിരുദ്ധ കലാപകാലത്തേതുപോലുള്ള ഒരു സാഹചര്യം ഉണ്ടായിക്കൂടാ, മുസ്ലീം വിരുദ്ധ വംശഹത്യയുടെ (പോഗ്രോമിന്റെ) കാലത്തുള്ളതുപോലുള്ള സാഹചര്യം ഉണ്ടായിക്കൂടാ, ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെതുപോലുള്ള സാ‍ഹചര്യം ഉണ്ടായിക്കൂടാ. ഇത്തരം സാഹചര്യങ്ങള്‍ എത്രയധികം ഉണ്ടാകുന്നുവോ അത്രയധികം നാം ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെ വളര്‍ത്തുകയായിരിക്കും. ഭീകരതക്കെതിരായ പോരാട്ടത്തെ നാം ഗൌരവപൂര്‍ണ്ണമായി കാ‍ണുന്നുവെങ്കില്‍ തീർച്ചായായും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുവൻ നമ്മൾ അനുവദിച്ചുകൂടാ. അങ്ങനെ അല്ലായെങ്കില്‍ ഇത്രയധികം വൈവിധ്യപൂര്‍ണ്ണമായ നമ്മുടെ രാജ്യത്തു നിന്ന് ഭീകരതയെ തുടച്ചുനീക്കുക അസാദ്ധ്യമായിരിക്കും.

ഭീകരതക്ക് വളരാന്‍ പറ്റിയ മണ്ണ്

രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ്. അതെ, അത് ഭീകരതക്ക് വളരാന്‍ പറ്റിയ മണ്ണാണ്. ഇന്ന് രണ്ട് തരത്തിലുള്ള ഇന്ത്യ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു വശത്ത് സഹസ്രകോടിപതികളുടെ എണ്ണത്തില്‍ നാം ഏഷ്യയില്‍ ഏറ്റവും മുന്നിലാണ്. താമസിക്കാനുള്ള വീടിനായി 4000 കോടി രൂപ ചിലവഴിക്കാന്‍ കഴിവുള്ളവരാണിവര്‍. മറുവശത്താകട്ടെ 77 ശതമാനം ഇന്ത്യക്കാരും ഒരു ദിവസം 20 രൂപയില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്നവരാണ്. ഇത്തരത്തിലുള്ള സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുകയാണെങ്കില്‍, തീര്‍ച്ചയായും അതു തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, നാം നമുക്ക് താ‍ങ്ങാനാവാത്ത ഭീകരവാ‍ദം പോലുള്ള പ്രവര്‍ത്തങ്ങള്‍ക്ക് തഴച്ചുവളരാനുള്ള വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുകയായിരിക്കും ചെയ്യുന്നത്. അതുകൊണ്ട് തന്നെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വളര്‍ച്ച എന്നത് ഭീകരവാദത്തിനെതിരെ പോരാടുന്നതിന് ആവശ്യം വേണ്ട ഒന്നാണ്. ആയതിനാല്‍ മതത്തിന്റെയോ മറ്റെന്തിന്റെയെങ്കിലും പേരില്‍ ജനങ്ങളെ വിഭജിക്കാതിരിക്കുകയും എല്ലാവര്‍ക്കും വികസനപ്രക്രിയയില്‍ സ്ഥാനം ലഭിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് വേണ്ടത്. ഭീകരതക്കെതിരെ പോരാടുവാനും, അതിനെതിരെ പോരാടുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുവാനും ഈ രണ്ടു സഹചര്യങ്ങളാണ് നാം സൃഷ്‌ടിക്കേണ്ടത്.

ഇതിന്റെ കൂട്ടത്തില്‍ മൂന്നാമതൊരു ഘടകം കൂടി ചേര്‍ക്കേണ്ടതുണ്ട്. ഭരണകൂടവിവേചനം ജനങ്ങളെ ഭീകരരുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുന്ന അവസ്ഥ സൃഷ്ടിക്കാതിരിക്കാൻ ഭരണകൂടങ്ങള്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തണം. വിവിധ തരം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ (encounter deaths)നാം മുന്‍പ് കണ്ടിട്ടുണ്ട്. സൊഹ്രാബുദീന്‍ സംഭവം നാം കണ്ടിട്ടുണ്ട്, ഇഷ്രത് ജഹാന്‍ കേസ് നമുക്ക് മുന്നിലുണ്ട്. നിരാശയുടെ പുറത്ത് (out of frustration)ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ചില ആളുകളെ തള്ളിവിടുന്ന നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇതും അനുവദിക്കാനാവില്ല.

അതുകൊണ്ട്‍, നമ്മുടെ ജനതയെ വര്‍ഗീയമായോ, മതപരമായോ, ജാതിയടിസ്ഥാനത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ വിഭജിക്കാത്ത ഒരു നയം സ്വീകരിക്കുക, എല്ലാവര്‍ക്കും വികസനപ്രക്രിയയില്‍ പങ്കാളിത്തം ലഭിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനരീതി സ്വീകരിക്കുക, വിവേചപരമായ നടപടികളിലൂടെ ജനങ്ങളെ ഭീകരതയുടെ മാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത് ഒഴിവാക്കാന്‍ ഭരണകൂടം ആവശ്യമായ കരുതൽ നടപടികള്‍ സ്വീകരിക്കുക എന്നീ മൂന്ന് കാര്യങ്ങളും അടിവരയിട്ടു പറയേണ്ടതുണ്ട്. ഈ വസ്‌തുത അംഗീകരിച്ചു കഴിഞ്ഞാൽ നമുക്ക് രാജ്യത്തിലങ്ങോളം ഇങ്ങോളം അരങ്ങേറുന്ന ഭീകരപ്രവർത്തനങ്ങളെ എങ്ങനെ ചെറുക്കാൻ കഴിയും എന്ന് ചിന്തിക്കാം. ഇക്കഴിഞ്ഞ ദിവസം 26/11 ആക്രമണങ്ങളുടെ വാർഷികത്തിൽ ഇത്തരം ആക്രമണങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയുണ്ടായി. 26/11നു ശേഷം ഇതേ സഭയില്‍ തന്നെ നാം രണ്ടു നിയമങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. ഈ നിയമങ്ങളാകട്ടെ ഭീകരാക്രമണം നടന്നതിനു ശേഷം ഭീകരരെ കൈകാര്യം ചെയ്യുന്നതിനുള്ള ഭരണകൂടത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായുള്ളവയുമാണ്. ആ നിയമങ്ങൾ പാസ്സാക്കുന്ന സമയത്ത് തന്നെ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെയും ഫെഡറല്‍ സംവിധാനത്തെയും ഈ നിയമങ്ങൾ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വീണ്ടും പരിശോധിക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. അത് ഇനിയും നടന്നിട്ടില്ല. സര്‍ക്കാര്‍ അതിന്റെ വാഗ്ദാനം പാലിക്കുമെന്നും കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമെന്നും ഞാന്‍ കരുതുന്നു.

ഈ നിയമങ്ങള്‍ കൊണ്ടു വന്നത് ഭീകരാക്രമണത്തിനു ശേഷം ഭീകരരെ കൈകാര്യം ചെയ്യാനായാണ് എന്നതാണ് ഞാന്‍ ഇവിടെ ചൂണ്ടിക്കാട്ടാനുദ്ദേശ്യിക്കുന്ന കാര്യം. ഭീകരാക്രമണം നടക്കുന്നതിനു മുന്‍പേ തന്നെ അത് തടയുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കാതെ നോക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം താല്പര്യമുള്ള വിഷയം. ഇതിനെക്കുറിച്ചൊക്കെ വളരെയധികം ചര്‍ച്ചകള്‍ നടന്നെങ്കിലും ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല. 26/11 നു ശേഷം സര്‍ക്കാരിന്റെ വിവിധ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ് ? നമുക്ക് കേന്ദ്ര ഇന്റലിജന്‍സ് ഉണ്ട്, സംസ്ഥാന ഇന്റലിജന്‍സ് ഉണ്ട്, മിലിറ്ററി ഇന്റലിജന്‍സ് ഉണ്ട്. ഇവയൊക്കെ തമ്മിലുള്ള യോജിച്ച പ്രവത്തനത്തിന്റെ അവസ്ഥ എന്താണ് ? നമുക്ക് വിവിധങ്ങളായ റോന്ത് ചുറ്റല്‍ സംഘങ്ങളുണ്ട്. തീരദേശ സംഘത്തെപ്പറ്റിയും(coastal patrol) അതിന്റെ പോരായ്‌മകളെപ്പറ്റിയും നാം കുറെയധികം ചര്‍ച്ച ചെയ്തതാണ്. എടുത്ത് പറയാവുന്ന എന്തെങ്കിലും നടന്നിട്ടില്ലാത്തെ ഒരു മേഖലയാണിത്. തികച്ചും ഭീതിദമായ സാഹചര്യമാണുള്ളത്. ഞാന്‍ ഭീതിദം എന്ന വാക്കുപയോഗിക്കുന്നത് പോലീസ് ഇന്നും പ്രവര്‍ത്തിക്കുന്നത് കാലഹരണപ്പെട്ട 1861ലെ പോലീസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ്. ഈ നിയമമാകട്ടെ ബ്രിട്ടീഷുകാര്‍ ‘തദ്ദേശീയര്‍’ ('natives')എന്നു വിളിച്ചിരുന്നവരെ കൈകാര്യം ചെയ്യുന്നതിനായി കൊണ്ടുവന്നതും. ആധുനികമായ ഒരു നിയമവും നമുക്കില്ല.

ഓരോ ഒരു ലക്ഷം പേര്‍ക്കും 222 പോലീസുകാര്‍ വേണം എന്നാണ് ഐക്യരാഷ്‌ട്ര സഭ നിര്‍ദ്ദേശിക്കുന്നത് . നമ്മുടെ രാജ്യത്തെ അനുവദിച്ചിട്ടുള്ള എണ്ണം (sanctioned strength) ഒരു ലക്ഷം പേര്‍ക്ക് 145 പോലീസുകാര്‍ എന്നതാണ്. ശരിക്കും ഉള്ളതാകട്ടെ ഒരു ലക്ഷം പേര്‍ക്ക് 117 പോലീസുകാരും. ഈ മേഖലകളിലെല്ലാം നടപടികളെടുക്കാതെ ഭീകരവാദത്തിനെതിരായ ദൃഢനിശ്ചയം നടപ്പിലാക്കാനാവുകയില്ല.

മാവോയിസ്റ്റ് അക്രമങ്ങൾ

വര്‍ദ്ധിച്ചുവരുന്ന മാവോയിസ്റ്റ് അക്രമങ്ങളെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഈ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ നടന്ന ആഭ്യന്തിരസുരക്ഷയെക്കുറിച്ചുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ നിന്നും ചില വാചകങ്ങള്‍ ഉദ്ധരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അദ്ദേഹം പറഞ്ഞു: “ഇടതുതീവ്രവാദം ഗൌരവതരമായൊരു വെല്ലുവിളിയാണ്. ആ പ്രശ്നത്തിന്റെ വര്‍ദ്ധിച്ചുവരുന്ന തീവ്രതയെപ്പറ്റി ഊന്നിപ്പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈയടുത്ത കാലത്ത് നക്സല്‍ ഗ്രൂപ്പുകളാല്‍ വളരെയധികം സുരക്ഷാ സേനാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. കൂടുതല്‍ ആക്രാമകമായ പ്രവർത്തനങ്ങള്‍ ഈ ഗ്രൂപ്പുകളുടെ ഭാഗത്തു നിന്നും ഉണ്ടാകും എന്നതിനു സൂചനകളുണ്ട്. ഇടതു തീവ്രവാദത്തിന്റെ പ്രശ്നം തീര്‍ച്ചയായും സങ്കീര്‍ണ്ണമാണ്. ഇതിനെ നേരിടുവാന്‍ വിശദാംശങ്ങളില്‍പ്പോലും ശ്രദ്ധ ഊന്നുന്നതും സന്തുലിതവുമായ ഒരു തന്ത്രം ആവിഷ്കരിക്കേണ്ടതുണ്ട്. അതുപോലെത്തന്നെ ഭരണകൂടം അതിന്റെ കടമകളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുകയും നക്സലൈറ്റുകള്‍ ആധിപത്യം ചെലുത്തുന്ന മേഖകളില്‍ നിയമവാഴ്ച പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. അതേ സമയം തന്നെ, ജനങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടുന്നതിനും നക്സലിസം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും ഉള്ള കാ‍രണങ്ങളെ ഇല്ലാതാക്കുന്നതിനും ശ്രമിക്കേണ്ടതുണ്ട്.” പ്രധാനമന്ത്രി ഒരു ദ്വിമുഖസമീപനത്തിന്റെ പ്രാഥമിക പദ്ധതി നല്‍കിയിരിക്കുന്നു. ക്രമസമാധാനത്തിന്റെ പ്രശ്‌നവും നക്സലിസം പോലുള്ളയുടെ ആവിര്‍ഭാവത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ ഇല്ലാതാക്കലും. തന്റെ പ്രസംഗത്തില്‍ അദ്ദേഹം ചില സ്ഥിതിവിവരക്കണക്കുകളും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 2009 കലണ്ടര്‍ വര്‍ഷത്തില്‍, നവംബര്‍ വരെയുള്ള കാലയളവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ആക്രമണങ്ങളുടെ ഫലമായി 1979 ജീവനുകള്‍ പൊലിഞ്ഞതില്‍ 873 എണ്ണം മാവോയിസ്റ്റ് ആക്രമണങ്ങളുടെ ഫലയായാണെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചിരിക്കുന്നത്.

ഇതിന്റെ അര്‍ത്ഥം മഹാഭൂരിപക്ഷത്തിനും ജീവന്‍ നഷ്ടപ്പെട്ടത് മാവോയിസ്റ്റ് ആക്രമണങ്ങളിലാണെന്നാണ്. യഥാര്‍ഥത്തില്‍ അദ്ദേഹം നല്‍കിയ ഡാറ്റയും അതിലെ വിവിധ ഘടകങ്ങളും പരിശോധിക്കുകയാണെങ്കില്‍ നമ്മുടെ ആഭ്യന്തിര സുരക്ഷക്കുള്ള ഏറ്റവും വലിയ ഒറ്റ ഭീഷണി മാവോയിസ്റ്റുകളിൽ നിന്നാണ്. പ്രധാനമന്ത്രി പറഞ്ഞത് അംഗീകരിച്ചാല്‍, ഈ ഭീഷണിയെ ഒറ്റക്കെട്ടായി നേരിടുക എന്നതിലായിരിക്കണം രാജ്യത്തിന്റെ ശ്രദ്ധ. അതിനു പകരം നിങ്ങള്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെങ്കില്‍, മറ്റേതൊരു ഭീകരാക്രമണത്തെയും നിങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതു പോലെ ഇതിനെയും രാഷ്ട്രീയവല്‍ക്കരിക്കുകയാണെങ്കിൽ, നാം ചെയ്യുന്നത് ഇരിക്കുന്ന കമ്പ് മുറിക്കുകയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

സി.പി.ഐ(എം) ഉം മാവോയിസ്റ്റുകളും ബന്ധുക്കളാണെന്നും (cousins) വൈകിയാണ് സി.പി.എം മാവോയിസ്റ്റ് ആക്രമണത്തിനെതിരെ ഉണര്‍ന്നിട്ടുള്ളതെന്നും പലപ്പോഴും ആരോപണങ്ങള്‍ ഉയർത്താറുണ്ട്. എനിക്ക് പറയാനുള്ളത് ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ ചരിത്രം ഓര്‍മ്മിക്കണം എന്നാണ്.

1967ല്‍ ബംഗാളിലെ നക്സല്‍ബാരി എന്ന ഗ്രാമവുമായി ബന്ധപ്പെട്ടാണ് നക്സലൈറ്റ് എന്ന പദം ഉയര്‍ന്നു വന്നത്; ആ ഗ്രാമം ഇപ്പോഴും അവിടെ ഉണ്ട്. ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് ഭിന്നിച്ച് പോകുകയും പിന്നീറ്റ് സി.പി.ഐ.(എം.എല്‍) എന്ന സംഘടന രൂപീകരിക്കുകയും ചെയ്തവരുടെ നേതൃത്വത്തില്‍ 1967ല്‍ നക്സല്‍ബാരിയിൽ ഒരു സായുധകലാപം ഉണ്ടായി. അവര്‍ ഞങ്ങളെ വിട്ടുപോവുകയും, ബൂര്‍ഷ്വാ ജനാധിപത്യത്തിനു ഞങ്ങള്‍ സാധുത നല്‍കുന്നു എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് വ്യത്യസ്തമായൊരു നിലപാട് സ്വീകരിക്കുകയും ചെയ്തു. ഞങ്ങള്‍ എല്ലാ ഇടതുപക്ഷവിശ്വാസികളേയും ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നുകൊണ്ടിരുന്നപ്പോള്‍, ഇടതുപക്ഷത്തെ ജനാധിപത്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തിക്കുവാന്‍ ശ്രമിച്ചവര്‍ ആക്രമത്തിന്റെയും അരാജകത്വത്തിന്റെയും ചതിക്കുഴികളിലേക്ക് വീഴുകയായിരുന്നു. ഞങ്ങള്‍ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ അവര്‍ അതിനെ തടസ്സപ്പെടുത്തുകയായിരുന്നു. ഞങ്ങള്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിനു ‘സാധുത’ നല്‍കുന്നവരായിരുന്നതു കൊണ്ട് അന്നു മുതല്‍ തന്നെ നക്സലൈറ്റുകളുടെ പ്രധാന ലക്ഷ്യം ഞങ്ങളായിരുന്നു. അവരുടെ ആക്രമണത്തില്‍ ഞങ്ങള്‍ക്ക് ആയിരക്കണക്കിന് സഖാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ആക്രമണത്തില്‍ ഞങ്ങളേക്കാള്‍ അധികമായി പ്രവര്‍ത്തകരെ നഷ്ടപ്പെട്ട മറ്റൊരു പാര്‍ട്ടിയും ഇല്ല; ഇത് ബംഗാളിലെ മാത്രം കാര്യമല്ല രാജ്യത്തൊട്ടാകെയുള്ള കാര്യമാണ്. ആന്ധ്രയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ മൂന്നായി പിളരുകയായിരുന്നു. അതുകൊണ്ട് തന്നെ നക്സലൈറ്റുകളുമായോ ഇന്ന് മാവോയിസ്റ്റുകള്‍ എന്നറിയപ്പെടുന്നവരുമായോ ഉള്ള ഞങ്ങളുടെ ആശയപരമായ എതിര്‍പ്പ് 1960കളിലെ ‍, അവരുടെ രൂപീകരണം മുതലുള്ളതാണ് . തെറ്റായ പ്രത്യയശാസ്ത്രധാരണയുടെ അടിസ്ഥാനത്തിലാണ് ആ പാർട്ടി രൂപീകരിക്കപ്പെട്ടത് എന്ന് ഞങ്ങള്‍ കരുതുന്നു. ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ പ്രത്യയശാസ്ത്രപരമായ പോരാട്ടം ഇനിയും തുടരുകയും ചെയ്യും. ഞങ്ങള്‍ വളരെയധികം ദുരിതങ്ങള്‍ സഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഞങ്ങളെ അവരുടെ നേരം വൈകി ഉണര്‍ന്ന ബന്ധുക്കളായി മുദ്രകുത്തുന്നത് ചരിത്രത്തെ കൊഞ്ഞനം കുത്തുന്നതാണ്, സത്യത്തെ കൊഞ്ഞനം കുത്തുന്നതാണ്.

ബംഗാളിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു

അപ്പോള്‍, ഇന്ന് നാം മനസ്സിലാക്കേണ്ട പ്രധാനകാര്യം എങ്ങിനെ 32 വര്‍ഷങ്ങള്‍ക്കു ശേഷം നക്സലുകള്‍ ബംഗാളിലേക്ക് പുനഃപ്രവേശനം നടത്തി എന്നതാണ്. എന്റെ സുഹൃത്ത് ശ്രീ കേശവ റാവു ഭൂമിയെ സംബന്ധിച്ച യഥാര്‍ത്ഥ പ്രശ്നങ്ങളെന്ത് എന്നതിനെക്കുറിച്ചും ജനങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞത് ഞാന്‍ കേള്‍ക്കുകയുണ്ടായി. അദ്ദേഹം കുറ്റസമ്മതം നടത്തുകയും ഉണ്ടായി. ഭൂപരിഷ്കരണ സംബന്ധിയായ മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നുവെങ്കിലും, അവര്‍ അവയൊന്നും ഒരിക്കലും നടപ്പിലാക്കിയില്ലെന്നും അതാണ് നക്സലിസം വളരാനുള്ള കാരണമെന്നുമുള്ള അദ്ദേഹത്തിന്റെ കുറ്റസമ്മതത്തിനു അദ്ദേഹത്തോട് എനിക്ക് നന്ദിയുണ്ട്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ അക്കാര്യം പരസ്യമായി സമ്മതിച്ചിരിക്കുകയാണ്. അക്കാര്യത്തിനും അദ്ദേഹത്തോട് നന്ദിയുണ്ട്. ഈ രാജ്യത്ത് നടപ്പിലാക്കാവുന്നതിന്റെ അങ്ങേയറ്റം ഭൂപരിഷ്കരണം നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. അതാണ് ശ്രദ്ധിക്കേണ്ട പ്രധാന വസ്‌തുതയും. നക്സലുകള്‍ ബംഗാളിലെ വസ്‌തുനിഷ്ഠസാഹചര്യങ്ങള്‍ കാരണം അവിടേക്ക് വരികയല്ല ഉണ്ടായത്. അവരെ അവിടേക്ക് കൊണ്ടുവരികയും ഇറക്കുമതി ചെയ്യുകയും ആണ് ഉണ്ടായത്. അതെങ്ങിനെയാണെന്ന് ഞാന്‍ വിവരിക്കാം.

അവര്‍ ബംഗാളിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടത് നിങ്ങളുടെ (കേന്ദ്ര) സര്‍ക്കാരിലെ ഒരു സഖ്യകക്ഷി മുഖേനയാണ്. അതാണ് യാഥാര്‍ത്ഥ്യം. മാവോയിസ്റ്റുകളുടെ നന്ദിഗ്രാം മേഖലാ കണ്‍‌വീനറുടെ ഒരു പ്രസ്താവന ഇതാണ്. “സോനാചുരയിലെ ഒരു റാലിയില്‍ വെച്ച് നിങ്ങള്‍ പറയുകയുണ്ടായി ഞങ്ങളെ 2007ല്‍ ബംഗാളിലേക്ക് കൊണ്ടുവന്നതും സുരക്ഷിതമായ രക്ഷപ്പെടലിനു അവസരമൊരുക്കിയതും സി.പി.ഐ(എം) ആണെന്ന്. അതൊരു പച്ചക്കള്ളമാണ്.” ഇത് പറഞ്ഞത് മാവോയിസ്റ്റുകളുടെ നന്ദിഗ്രാം മേഖലാ കണ്‍‌വീനര്‍ ആണ്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ പാര്‍ലിമെന്റ് അംഗങ്ങള്‍ എങ്ങിനെ മാവോയിസ്റ്റുകളോടൊപ്പം ആ പ്രത്യേക മേഖലയിലെ യോഗങ്ങളില്‍ പങ്കെടുത്തുവെന്നതിനെക്കുറിച്ചും ജനങ്ങളോട് സംസാരിച്ചുവെന്നതിനെക്കുറിച്ചും പിന്നീടദ്ദേഹം വിശദമായി പറയുന്നുണ്ട്. അടിസ്ഥാനപരമായ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച ശേഷം ഞാന്‍ മറ്റു വിഷയങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും ഒന്നിലേറെ തവണ പറഞ്ഞുകഴിഞ്ഞും രാജ്യത്തിന്റെ ആഭ്യന്തിര സുരക്ഷക്കുള്ള ഏറ്റവും വലിയ ഒറ്റ ഭീഷണി മാവോയിസ്റ്റുകളിൽ നിന്നാണ് എന്ന്. അതിനാൽ തന്നെ ഈ ഭീഷണിയെ രാജ്യം ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്.

നാം സൃഷ്‌ടിച്ച നമ്മുടെ ഫ്രാങ്കെൻസ്റ്റെയിൻ‌മാർ* പലപ്പോഴും നമ്മുടെ നേതാക്കളെ വിഴുങ്ങിയ അവസരങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് ഈ മഹത്തായ സഭയും രാജ്യവും ഒരു കാര്യം ഓർമ്മിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. രാജ്യത്തിന് , വിശേഷിച്ചും കോൺഗ്രസ്സ് പാർട്ടിക്ക്, ധാരാളം ദു:ഖകരമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. നിങ്ങൾക്ക് ദൾ ഖൽ‌സ യുണ്ടായിരുന്നു, ഭിന്ദ്രൻ വാലയുണ്ടായിരുന്നു. ശ്രീമതി ഗാന്ധി കൊല്ലപ്പെട്ടു. നിങ്ങൾക്ക് ഐ പി കെ എഫ് ഉണ്ടായിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട്. ദയവായി ഫ്രാങ്കെൻസ്റ്റെയിൻ‌മാരെ സൃഷ്‌ടിക്കാതിരിക്കുക. ഭരണത്തിൽ തുടരാനായി ദയവായി മാവോയിസ്റ്റുകൾക്ക് എല്ലാ പ്രോത്‌സാഹനവും നൽകുന്നവരെ പിന്തുണ നൽകാതിരിക്കുക.

അതുകൊണ്ട് ഞാന്‍ ഈ സര്‍ക്കാരിനോട് ഒരു കാര്യം മാത്രമേ അഭ്യര്‍ത്ഥിക്കുന്നുള്ളൂ. നമ്മുടെ പൂര്‍വകാലാനുഭവത്തിന്റെ വെളിച്ചത്തി, നമുക്ക് പുതിയ ഫ്രാങ്കെന്‍സ്റ്റീനുമാരെ സൃഷ്ടിക്കാതിരിക്കാം. അഞ്ചുവര്‍ഷം ഭരിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഭരണത്തില്‍ തുടരാനായി ഇത്തരം ഫ്രാങ്കെന്‍സ്റ്റീനുകളെ സൃഷ്ടിക്കുവാനാഗ്രഹിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും നിങ്ങള്‍ക്കില്ല. നിങ്ങള്‍ക്ക് ഭരിക്കാനുള്ള അവകാശം ലഭിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങളെന്തിനാണ് മാവോയിസ്റ്റുകള്‍ക്കെതിരെ പോരാടാനുള്ള ഇച്ഛാശക്തിയെ ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുന്നതരത്തില്‍, അവരെ പോറ്റുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സഖ്യകക്ഷിയെ കൊണ്ടു നടക്കുന്നത്? അവസാനമായി, എല്ലാ രാഷ്ട്രീയകക്ഷികളോടും, ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് ഈ വിഷയത്തില്‍ നമുക്ക് പക്ഷപാതികളാകാതിരിക്കാം എന്നാണ്; ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയോ വര്‍ഗീയവല്‍ക്കരിക്കുകയോ ചെയ്യാതിരിക്കാം. ഞാന്‍ പറയുന്നത് നമുക്കിതിനെതിരെ ഒരുമിച്ച് പോരാടാം എന്നാണ്. ഞാന്‍ അഭ്യന്തിര മന്ത്രിയോട് ആവശ്യപ്പെടുന്നത്, അദ്ദേഹം തന്റെ മറുപടിയില്‍, രാജ്യത്തിന്റെ ഒറ്റ മനസ്സ് പ്രതിഫലിപ്പിക്കണമെന്നും ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നുമാണ്.

നന്ദി.

* Frankenstein : Creator of something that causes ruin or destruction, or brings about a personal downfall. {The monster created by Frankenstein in a gothic novel by Mary Wollstonecraft Shelley (the creator's name is commonly used to refer to his creation).}

ആംഗലേയ രൂപം : 'Neither Communalise nor Politicise the Fight against Terror'

2 comments:

  1. ഭീകരവാദത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസ്സില്‍ തെളിയുന്നത് ജാലിയന്‍‌വാലാഭാഗ് കൂട്ടക്കൊലക്ക് ശേഷം തന്റെ സര്‍ സ്ഥാനം തിരികെ നല്‍കിക്കൊണ്ട് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞ വാക്കുകളാണ്. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഭീകരവാദമെന്ന ഭീഷണിയോട് നമുക്കെല്ലാം തോന്നുന്ന രോഷത്തെയും അസ്വസ്ഥതയെയും ശക്തമായി പ്രകടിപ്പിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞു “എനിക്ക് ഇടിമുഴക്കത്തിന്റെ ശബ്ദം തരിക, ഞാനതിനെ ഈ സ്വവര്‍ഗഭോജിക്ക് നേരെ പ്രയോഗിക്കട്ടെ, അവന്റെ ഭീതിയുണര്‍ത്തുന്ന വിശപ്പ് അമ്മയെയും കുഞ്ഞിനെയും പോലും വെറുതെ വിടാത്തതാണല്ലോ”(Give me a voice of thunder, That I may hurl implications upon this cannibal, Whose gruesome hunger, Spares neither the mother nor the child) രാഷ്‌ട്രവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഭീകരവാദം എന്ന ഭീഷണിയാണ് അമ്മയെയും കുഞ്ഞിനെയും പോലും വെറുതെ വിടാത്തത്. ഇതിനോട് ഏറ്റവും കുറഞ്ഞത് എന്റെ പാര്‍ട്ടിക്കും എനിക്കുമെങ്കിലും ഒരു തരിമ്പുപോലും അനുഭാവമില്ല. അതുകൊണ്ട് തന്നെ ഭീകരതക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നു മാത്രമല്ല അതിന്റെ പേരിൽ എന്തെങ്കിലും വിലപേശൽ അനുവദിക്കാവുന്നതുമല്ല

    ReplyDelete
  2. ഗുജറാത്ത് മുഖ്യമന്ത്രിയുടെ വലംകൈയായ മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷാ അറസ്റിലായ സൊഹ്റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് പൊലീസിന്റെ വാദങ്ങള്‍ പൊളിയുന്നു. ഏറ്റുമുട്ടലിലാണ് സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന ഗുജറാത്ത് പൊലീസിന്റെ വാദം തെറ്റാണെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തൊട്ടടുത്തുനിന്നുള്ള അഞ്ച് വെടിയേറ്റാണ് സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് റിപ്പോര്‍ട്ട് പുറംലോകം കാണുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സിബിഐക്ക് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിര്‍ണായക തെളിവാകും. മുകളില്‍നിന്നു താഴേക്കുള്ള വെടിയാണ് സൊഹ്റാബുദ്ദീന്റെ ശരീരത്തിലുള്ളതെന്ന കണ്ടെത്തലും സുപ്രധാനമാണ്. നിലത്തുകിടക്കുമ്പോഴോ മുട്ടുകുത്തിയിരിക്കുമ്പോഴോ ആണ് പൊലീസ് വെടിവച്ചതെന്ന്് ഇതു വ്യക്തമാക്കുന്നു.

    2005 നവംബര്‍ 23നാണ് സൊഹ്റാബുദ്ദീനെയും ഭാര്യ കൌസര്‍ബിയെയും ഗുജറാത്ത് എടിഎസ് പിടികൂടിയത്. ഹൈദരാബാദില്‍നിന്ന് ഗുജറാത്തിലേക്ക് ബസില്‍ വരികയായിരുന്നു ഇവര്‍. അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത്ഷായുടെ ഗുണ്ടാസംഘത്തിലെ പ്രമുഖനായിരുന്ന സൊഹ്റാബുദ്ദീനെ രാജസ്ഥാനിലെ മാര്‍ബിള്‍ ലോബിയുടെ ആവശ്യപ്രകാരം ഗുജറാത്ത് പൊലീസിലെ ഉന്നതര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു.

    ReplyDelete