Monday, December 28, 2009

ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരം

ഞങ്ങള്‍ ഒരുചുവടുകൂടി പിന്നിടുന്നു. ദേശാഭിമാനിയുടെ കേരളത്തിനു പുറത്തുള്ള രണ്ടാമത്തെ എഡിഷന്‍ ഇന്ന് ബംഗളൂരുവില്‍ യാഥാര്‍ഥ്യമാകുന്നു. ഇതോടെ, ദേശാഭിമാനി എട്ട് കേന്ദ്രത്തില്‍നിന്ന് പുറത്തിറങ്ങുന്ന മലയാള പത്രമാവുകയാണ്. അടുത്തമാസം മലപ്പുറം എഡിഷന്‍ ആരംഭിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, ബഹ്റൈന്‍ -ഇപ്പോള്‍ ബംഗളൂരു, ഇനി മലപ്പുറവും. ഒന്നാമത്തെ മലയാള ദിനപത്രമാവുക എന്ന ദേശാഭിമാനിയുടെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന മുന്നേറ്റമാണ് ഈ വളര്‍ച്ച. കര്‍ണാടകത്തിലെ ലക്ഷക്കണക്കിന് മലയാളികളുടെ ചിരകാലാഭിലാഷമായ ബംഗളൂരു എഡിഷന്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.

ബംഗളൂരുവിലും പരിസരങ്ങളിലുമായി 14 ലക്ഷം മലയാളികള്‍ തൊഴിലെടുത്ത് ജീവിക്കുന്നുണ്ട്. തെരുവു കച്ചവടം മുതല്‍ ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയില്‍ വരെ മലയാളികളുടെ നിറസാന്നിധ്യം കാണാം. നാട്ടില്‍നിന്നും വീട്ടില്‍നിന്നും അകന്നുകഴിയുന്ന അവര്‍ക്ക് കേരളത്തിന്റെ വര്‍ത്തമാനം എത്തിക്കുക എന്നതുമാത്രമല്ല, അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ സത്യസന്ധതയോടെ വാര്‍ത്തകളും വീക്ഷണങ്ങളും ലഭിക്കുന്നത് ഉറപ്പാക്കുകയുമാണ് ദേശാഭിമാനി.

ദേശാഭിമാനി സിപിഐ എം മുഖപത്രമാണെന്നതിനൊപ്പം സമ്പൂര്‍ണ ദിനപത്രവുമാണ്. 1942ല്‍ ദേശാഭിമാനി വാരികയായി കോഴിക്കോട്ടുനിന്ന് ആരംഭിച്ചു. ഇ എം എസ് തന്റെ തറവാട്ടുസ്വത്ത് വിറ്റുകിട്ടിയ പണം ദേശാഭിമാനിക്ക് നല്‍കി. തുടക്കംമുതല്‍ അന്ത്യശ്വാസംവരെ ദേശാഭിമാനിക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ഇ എം എസിന്റേത്. പാര്‍ടിപത്രവും ഒപ്പം സമ്പൂര്‍ണ ദിനപത്രവുമാകണം എന്ന് ശഠിച്ചത് ഇ എം എസ് ആണ്. എ കെ ജി ശ്രീലങ്കയിലും സിംഗപ്പൂരിലും പോയി ദേശാഭിമാനിക്ക് സംഭാവന പിരിച്ചു. പി കൃഷ്ണപിള്ള, അഴീക്കോടന്‍, സി എച്ച് കണാരന്‍, നായനാര്‍ തുടങ്ങി നിരവധി സഖാക്കള്‍ ദേശാഭിമാനിയുടെ നിലനില്‍പ്പിലും വളര്‍ച്ചയിലും അമൂല്യ സംഭാവനയാണ് നല്‍കിയത്. പാലോറ മാത എന്ന കര്‍ഷകത്തൊഴിലാളി ഉള്‍പ്പെടെ കേരളത്തിലെ സാധാരണ ജനങ്ങള്‍ ചെറുതും വലുതുമായി ദേശാഭിമാനിക്ക് നല്‍കിയ സംഭാവനകളും വിലപ്പെട്ടതാണ്. വാരിക 1946ല്‍ ദിനപത്രമായി. ഏഴാമത്തെ എഡിഷനാണ് ഗള്‍ഫ് രാജ്യമായ ബഹ്റൈനില്‍നിന്ന് ആരംഭിച്ചത്. സൌദി അറേബ്യയിലാണ് പ്രധാനമായും വിതരണം. ഗള്‍ഫ് നാടുകളിലെ രണ്ടാമത്തെ പത്രമാണ് ഇന്ന് ദേശാഭിമാനി.

കേരളത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനമാണ് ദേശാഭിമാനിക്ക്. വായനക്കാരുടെ വര്‍ധനയില്‍ ഒന്നാംസ്ഥാനത്താണ് ദേശാഭിമാനി എന്നത് അഭിമാനകരമാണ്. ഇടതുപക്ഷ മാധ്യമം എങ്ങനെയായിരിക്കണം എന്ന് ഇ എം എസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി, വിലക്കയറ്റം തുടങ്ങി സമൂഹം അനുഭവിക്കുന്ന ദുരിതങ്ങളുണ്ട്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സംഘടന ശക്തിപ്പെടുത്തുകയും പ്രക്ഷോഭ സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുക എന്നത് ഇടതുപക്ഷ പത്രത്തിന്റെ കടമയാണ്. ഈ കടമ നന്നായി നിര്‍വഹിക്കുന്ന പത്രമാണ് ദേശാഭിമാനി.

വര്‍ഗ ബഹുജന സംഘടനകളെയും പ്രക്ഷോഭ സമരങ്ങളെയും ദുര്‍ബലപ്പെടുത്താനാണ് വലതുപക്ഷ മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തെ കരിതേച്ചുകാണിക്കാനും പിന്തിരിപ്പന്‍ രാഷ്ട്രീയത്തെ വെള്ളപൂശാനും നിരന്തര മാധ്യമശ്രമം നടക്കുന്നു. വലതുപക്ഷമാധ്യമങ്ങളുടെ വെല്ലുവിളിയെ നേരിട്ടുകൊണ്ടേ ഇടതുപക്ഷ പ്രസ്ഥാനത്തിന് വളരാനാവൂ. പശ്ചിമ ബംഗാളിലും കേരളത്തിലുമുള്ള ഇടതുപക്ഷ സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനാണ് മാധ്യമങ്ങള്‍ സംഘടിതവും ആസൂത്രിതവുമായി ശ്രമിക്കുന്നത്. പ്രശസ്ത പത്രപ്രവര്‍ത്തകനായ സായിനാഥ് ചൂണ്ടിക്കാണിച്ചതുപോലെ സമ്പന്നരില്‍നിന്ന് വന്‍തുക കൈക്കലാക്കി തെരഞ്ഞെടുപ്പില്‍ പിന്തിരിപ്പന്‍ ശക്തികളെ ജയിപ്പിക്കാനുള്ള പ്രചാരവേല സംഘടിപ്പിക്കാന്‍പോലും വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് പണം വാങ്ങുക എന്ന ഹീനമായ മാര്‍ഗം മാധ്യമങ്ങള്‍ സ്വീകരിക്കുന്നു. എഡിറ്റേഴ്സ് ഗില്‍ഡ് തന്നെ ഈ പ്രവണതയെ അപലപിക്കാന്‍ തയ്യാറായിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ മാധ്യമത്തിന്റെ അനിവാര്യത കൂടുതല്‍ ബോധ്യപ്പെടേണ്ടത്. പിന്തിരിപ്പന്‍ ശക്തികളുടെ നുണകളെ ഫലപ്രദമായി നേരിടാന്‍ ദേശാഭിമാനി വളരണം. ഈ വസ്തുത തിരിച്ചറിഞ്ഞ് ബംഗളൂരുവില്‍ എഡിഷന്‍ ആരംഭിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ബംഗളൂരു എഡിഷന്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 281209

ദേശാഭിമാനി ബംഗളൂരു എഡിഷന്‍ ഉദ്ഘാടനം ഇന്ന്

പൂന്തോട്ടനഗരിയിലെ മലയാളികളുടെ പ്രഭാതങ്ങള്‍ക്ക് നവോന്മേഷമായി 'ദേശാഭിമാനി' എത്തുന്നു. ദേശാഭിമാനിയുടെ എട്ടാമത് എഡിഷന്‍ ബംഗളൂരുവില്‍ തിങ്കളാഴ്ച സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് ഇന്ദിരാനഗറിലെ ഈസ്റ് കള്‍ച്ചറല്‍ (ഇസിഎ) അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി വി ജെ കെ നായര്‍ അധ്യക്ഷനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേകപതിപ്പ് ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി പ്രകാശനംചെയ്യും. ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ സ്വാഗതം ആശംസിക്കും.


പ്രവാസികളുടെ സ്നേഹവായ്പില്‍ ഉദ്യാനനഗരിയിലേക്ക് ദേശാഭിമാനി

ദേശാഭിമാനിയുടെ എട്ടാമത് എഡിഷന്‍ യാഥാര്‍ഥ്യമാക്കാന്‍ ബംഗളൂരുവിലെ മലയാളികള്‍ നടത്തിയത് മാതൃകാപ്രവര്‍ത്തനം. ദേശാഭിമാനിയുടെ ഉദ്യാനനഗരിയിലേക്കുള്ള ചുവടുകളില്‍ പ്രവാസി മലയാളികളുടെ ഹൃദയസ്പന്ദനമുണ്ട്. പ്രസിദ്ധീകരണം തുടങ്ങാനുള്ള സാമ്പത്തികബാധ്യത ദേശാഭിമാനി റീഡേഴ്സ് ഫോറം പ്രവര്‍ത്തകര്‍ സ്വയം ഏറ്റെടുത്തും പുതിയ വരിക്കാരെ ചേര്‍ത്തുമാണ് നിര്‍വഹിച്ചത്. തൊഴില്‍ തേടി മറുനാട്ടിലെത്തുന്ന ഇടതുപക്ഷ ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ് ബംഗളൂരുവില്‍നിന്ന് പത്രം പ്രസിദ്ധീകരിക്കാന്‍ മാനേജ്മെന്റിന് പ്രേരണയായത്.

മല്ലേശ്വരത്ത് 1995ല്‍ ബ്യൂറോ തുടങ്ങി. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി ദേശാഭിമാനി റീഡേഴ്സ് ഫോറം രൂപീകരിച്ചു. ഇന്ന് റീഡേഴ്സ് ഫോറത്തിന് 18 മേഖലാ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ദേശാഭിമാനി മുന്‍ ജനറല്‍ മാനേജര്‍മാരായ പി കരുണാകരന്‍ എംപി, പി ജയരാജന്‍ എംഎല്‍എ, കര്‍ണാടക മുന്‍മന്ത്രി ജെ അലക്സാണ്ടര്‍, ബംഗളൂരു പ്രസ്ക്ളബ് സെക്രട്ടറി സദാശിവ ഷേണായി, ഉദയവാണി എഡിറ്റര്‍ ഡോ. ആര്‍ പൂര്‍ണിമ, ജനശക്തി എഡിറ്റര്‍ എസ് വൈ ഗുരുശാന്ത്, സിപിഐ എം ബംഗളൂരു ജില്ലാ സെക്രട്ടറി കെ പ്രകാശ്, മാതൃഭൂമി ബംഗളൂരു ബ്രാഞ്ച് മാനേജര്‍ പി രമേഷ്, മാധ്യമം പത്രം പ്രതിനിധി മുഹമ്മദ് റഫീഖ് എന്നിവര്‍ ആശംസ അര്‍പ്പിക്കും. റീഡേഴ്സ് ഫോറം ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ നന്ദി പറയും. വളര്‍ച്ചയിലേക്ക് കുതിക്കുന്ന ദേശാഭിമാനി പത്രത്തിന്റെ ഒമ്പതാമത് എഡിഷന്‍ ജനുവരി 17ന് മലപ്പുറത്തുനിന്ന് ആരംഭിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലും ഗള്‍ഫില്‍ ബഹ്റൈനിലുമാണ് മറ്റ് എഡിഷന്‍.
(ജയകൃഷ്ണന്‍ നരിക്കുട്ടി)

1 comment:

  1. ഞങ്ങള്‍ ഒരുചുവടുകൂടി പിന്നിടുന്നു. ദേശാഭിമാനിയുടെ കേരളത്തിനു പുറത്തുള്ള രണ്ടാമത്തെ എഡിഷന്‍ ഇന്ന് ബംഗളൂരുവില്‍ യാഥാര്‍ഥ്യമാകുന്നു. ഇതോടെ, ദേശാഭിമാനി എട്ട് കേന്ദ്രത്തില്‍നിന്ന് പുറത്തിറങ്ങുന്ന മലയാള പത്രമാവുകയാണ്. അടുത്തമാസം മലപ്പുറം എഡിഷന്‍ ആരംഭിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, ബഹ്റൈന്‍ -ഇപ്പോള്‍ ബംഗളൂരു, ഇനി മലപ്പുറവും. ഒന്നാമത്തെ മലയാള ദിനപത്രമാവുക എന്ന ദേശാഭിമാനിയുടെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന മുന്നേറ്റമാണ് ഈ വളര്‍ച്ച. കര്‍ണാടകത്തിലെ ലക്ഷക്കണക്കിന് മലയാളികളുടെ ചിരകാലാഭിലാഷമായ ബംഗളൂരു എഡിഷന്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.

    ReplyDelete