Friday, January 1, 2010

അവലോകനം 2009 - സാഹിത്യം, കായികം

കാലം ചൊരിയുന്നത് പൊലിമയോടെ സ്വീകരിക്കാം

പ്രബുദ്ധതയുടെ ഓരംചേര്‍ന്നുനിന്ന് എഴുതുന്ന എഴുത്തുകാര്‍ എപ്പോഴും എന്നിലെ ചോരയോട്ടം നിലനിര്‍ത്തുന്നു. മാറിയിരുന്ന് വായിച്ചാസ്വദിക്കുന്ന എഴുത്തിന്റെ പക്ഷത്ത് നില്‍ക്കുന്നയാളാണ് ഞാന്‍. തലമുറ നിശ്ചയിക്കലോ ഗണംതിരിക്കലോ ചീറിപ്പാറ്റലോ എന്റെ നിഗമനങ്ങളില്‍ ഉണ്ടാകില്ല. എഴുത്തുകാര്‍ ചൊരിഞ്ഞു തരുന്നത് വടിച്ചളക്കാതെ പൊലിച്ചു സ്വീകരിക്കുന്നവനാണ് ഞാന്‍. ആ പക്ഷംപിടിച്ചാണ് എല്ലാ എഴുത്തുകാരെയും കാണുന്നത്. മലയാളത്തില്‍ ചെറുകഥയിലും നോവലിലും പ്രതീക്ഷാ നിര്‍ഭരമായ മാറ്റങ്ങളുടെ സൂചനകള്‍ പ്രത്യക്ഷമായ വര്‍ഷമാണ് കടന്നുപോകുന്നത്. വരാനിരിക്കുന്ന കാലം ഈ പ്രതീക്ഷകളെ സാര്‍ഥകമാക്കുമെന്നതില്‍ സംശയമില്ല. പുതിയ തലമുറയിലെ എഴുത്തുകാരായ ബെന്യാമിന്റെയും സുഭാഷ്ചന്ദ്രന്റെയുമൊക്കെ രചനകള്‍ ഈ തോന്നലിന് ഉറപ്പുനല്‍കുന്നുണ്ട്. എഴുതി തഴക്കം വന്നവരുടെ കൂട്ടത്തില്‍ ശിഹാബുദീന്‍ പൊയ്ത്തുംകടവ് തന്റെ അപൂര്‍വമായ രചനകളിലൂടെ വ്യതിരിക്തമായ രചനാശേഷി പ്രകടിപ്പിച്ചു. വളരെ കാലത്തിനുശേഷം ചന്ദ്രമതിയും ശക്തമായ രചനകളുമായി സാന്നിധ്യം അറിയിച്ചു. 'മുസ്ളിം ഛായയുള്ള ഹിന്ദു ചെറുപ്പക്കാരന്‍' തുടങ്ങിയ അതി തീക്ഷ്ണമായ കഥകളെഴുതിയ ഇന്ദുമേനോനെപ്പോലുള്ള ചില എഴുത്തുകാര്‍ ഇടക്കാലത്ത് പിന്‍വാങ്ങിയതായി കാണുന്നു. ശ്രദ്ധേയവും വിപുലമായ ക്യാന്‍വാസിലുള്ളതുമായ രചനകള്‍ ഇവരില്‍നിന്ന് സാഹിത്യലോകം പ്രതീക്ഷിക്കുന്നുണ്ട്. ഇന്ദുമേനോന്‍ ഒരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ കോഴിക്കോടിന്റെ പഴയ പശ്ചാത്തലത്തില്‍ പറങ്കിസ്വാധീനത്തിന്റെ വികാസചരിത്രത്തെ അവലംബിച്ച് ഒരു നോവല്‍ എഴുതാനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള സര്‍ഗാത്മകപരിശ്രമങ്ങളിലൂടെ തങ്ങളെ സ്വയം ഉടച്ചുവാര്‍ക്കാനുള്ള ഉദ്യമത്തില്‍ മുഴുകിനില്‍ക്കുന്നതിനാലാകാം ഇന്ദു, അല്ലെങ്കില്‍ ആ നിരയിലുള്ള എഴുത്തുകാര്‍ പിന്‍വാങ്ങി നില്‍ക്കുന്നത്. ഈ പിന്‍വാങ്ങല്‍ ഒരുപക്ഷേ പുതിയ കുതിച്ചുചാട്ടത്തിനുള്ള ശക്തിസംഭരണമാകാം. എഴുത്തിന്റെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയില്‍ കെ ആര്‍ മീരയുടെ രചനകള്‍ പ്രകാശഗോപുരങ്ങളായി സ്വീകരിക്കാവുന്നതാണ്. ഇത്തരത്തിലുള്ള എഴുത്തുകാരുടെ സൃഷ്ടികള്‍ വായിക്കുമ്പോള്‍ മലയാള ചെറുകഥ അതിന്റെ രചനയുടെ സീമകള്‍ അനുദിനം നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നത് കാണാം.

പരിമിതമായ ജീവിതപശ്ചാത്തലമാകാം പുതുതലമുറ എഴുത്തുകാരെ നോവലില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്. അവര്‍ക്ക് ശേഖരിക്കാവുന്ന അറിവിന്റെ ലോകം മൌസിന്റെ വിരല്‍ചലനങ്ങളില്‍ ഒതുങ്ങിപ്പോകുന്നു. അനുഭവങ്ങളുമായി നേരിട്ടുള്ള ഇടപഴലുകള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്നില്ലെന്നതാണ് നേര്. നല്ല കവിതകളൊന്നും ഉണ്ടാകുന്നില്ല. വരികള്‍ മുറിച്ച് പറഞ്ഞതുകൊണ്ട് കവിതയാകുന്നില്ല. അതിന് താളംവേണം. വളരെ എളുപ്പം കടന്നുചെല്ലാവുന്ന ലോകമായി കവിതയെ പുതിയ ചെറുപ്പക്കാര്‍ തെറ്റിദ്ധരിച്ചിരിക്കയാണ്. നല്ല കവിതകള്‍ ഉണ്ടാകാത്തതിനാലാണ് ആധുനികോത്തര ജീവിതസന്ദര്‍ഭങ്ങളില്‍പ്പോലും നമുക്ക് വൈലോപ്പിള്ളിയെയും കക്കാടിനെയുമൊക്കെ ഉദ്ധരിക്കേണ്ടിവരുന്നത്. നിരൂപണസാഹിത്യത്തില്‍ പ്രതീക്ഷയ്ക്ക് വകയുള്ളതൊന്നും ഉണ്ടായിട്ടില്ല.
(യു.എ.ഖാദര്‍)

പതിറ്റാണ്ടിന്റെ പ്രതിഭകള്‍

കായികരംഗത്തെ വിപണി കൈയേറുന്നതിനു സാക്ഷിയായാണ് 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകം കടന്നുപോകുന്നത്. കളി വെറും കളിയല്ലെന്നും കളിക്ക് വിപണി എന്ന കാര്യമുണ്ടെന്നും ഈ ദശകം നമ്മോടു പറഞ്ഞു. ഒളിമ്പിക്സ് ആകട്ടെ ലോകകപ്പ് ഫുട്ബോളാകട്ടെ- എന്തും വിപണിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. ആഗോള സാമ്പത്തികത്തകര്‍ച്ചയില്‍ കോര്‍പറേറ്റുകള്‍ മൂക്കുകുത്തിയപ്പോഴും ഫുട്ബോള്‍മാര്‍ക്കറ്റില്‍ തീപിടിച്ച വിലയ്ക്ക് താരങ്ങള്‍ വിറ്റു പോയി. പണം, പണം സര്‍വത്ര പണം എന്ന മുദ്രാവാക്യവുമായി മുന്നേറുന്നവര്‍ക്ക് ഫിഫയും യുവേഫയും മറ്റു കായിക ഭരണസമിതികളും മുന്നറിയിപ്പു നല്‍കുന്നുണ്ട്. വേണ്ടതിലധികം പണം ഒഴുക്കുന്നത് കായികരംഗത്തിന് ഒട്ടും ഗുണംചെയ്യില്ലെന്ന മുന്നറിയിപ്പും അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. ഈ ആശങ്കയ്ക്കു നടുവിലും ഒരുപിടി കായികതാരങ്ങള്‍- യുസൈന്‍ ബോള്‍ട്ട്, റൊണാള്‍ഡിന്യോ, റോജര്‍ ഫെഡറര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മൈക്കേല്‍ ഷുമാക്കര്‍, മൈക്കേല്‍ ഫെല്‍പ്സ്, ടൈഗര്‍ വുഡ്സ് എന്നിവര്‍- മനുഷ്യന് അസാധ്യമായി ഒന്നുമില്ലെന്നു തെളിയിച്ചു.
'മനുഷ്യന് എത്ര വേഗത്തില്‍ ഓടാന്‍ കഴിയും?'-

ലോകറെക്കോഡുകള്‍ക്കു പുറമെ യുസൈന്‍ ബോള്‍ട്ടിന്റെ സംഭാവന ഈ ചോദ്യംകൂടിയാണ്. ബീജിങ് ഒളിമ്പിക്സും ബര്‍ലിന്‍ ലോകചാമ്പ്യന്‍ഷിപ്പും കഴിഞ്ഞപ്പോള്‍ അത്ലറ്റിക്സിലെ അവസാനവാക്ക് ഈ ജമൈക്കക്കാരനായി. ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സ് എന്നു വാഴ്ത്തപ്പെട്ട ബീജിങ്ങില്‍ ട്രിപ്പിള്‍ ലോകറെക്കോഡും സ്വര്‍ണവും. ഒരുവര്‍ഷത്തിനുശേഷം ബര്‍ലിന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ 100, 200 മീറ്ററുകളില്‍ ലോകറെക്കോഡോടെ സ്വര്‍ണം, ഒപ്പം 4-100 മീറ്റര്‍ റിലേയിലും ഒന്നാംസ്ഥാനം. സമയം ഈ കറുത്തമുത്തിനു മുന്നില്‍ ഓഛാനിച്ചുനില്‍ക്കുന്നു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.

റൊണാള്‍ഡോ അസീസ് മൊറെയ്റ എന്ന റൊണാള്‍ഡിന്യോയ്ക്ക് ഈ ദശകത്തിന്റെ അന്ത്യം അത്ര ശുഭകരമല്ല. എങ്കിലും പത്തുവര്‍ഷത്തിനിടെയിലെ സോക്കര്‍താരം ആരെന്ന ചോദ്യത്തിന് ഉത്തരമാകുക ഈ ബ്രസീലുകാരന്റെ നാമംതന്നെ. ലോകകപ്പും (2002), യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗും (2005) നേടിയ താരങ്ങള്‍ അപൂര്‍വമാണ്. റൊണാള്‍ഡിന്യോ ബ്രസീലിന്റെയും ബാഴ്സലോണയുടെയും കുപ്പായത്തില്‍ ഈ നേട്ടം കൈവരിച്ചു. 2004ലും '05ലും ഫിഫയുടെ ലോകതാരമായി. '05ല്‍ യൂറോപ്പിലെ താരവും. ഫോമിലായിരുന്നപ്പോള്‍ പ്രതിരോധക്കാര്‍ക്കും വലകാവല്‍ക്കാര്‍ക്കും പേടിസ്വപ്നമായിരുന്നു ഈ യുവാവ്. വെറുതെ ഗോളടിച്ചുകൂട്ടുക മാത്രമല്ല, എതു പ്രതിരോധത്തെയും പിളര്‍ത്തുന്ന പാസുകള്‍ നല്‍കി കൂട്ടുകാരെക്കൊണ്ട് ഗോളടിപ്പിക്കാനും മിടുക്കുകാട്ടി.

2003ല്‍ വിംബിള്‍ഡണ്‍ ഉയര്‍ത്തിയശേഷം റോജര്‍ ഫെഡറര്‍ പതിറ്റാണ്ടിന്റെ ശേഷിക്കുന്ന വര്‍ഷങ്ങളില്‍ റെക്കോഡ് തിരുത്തുകയായിരുന്നു. 15 ഗ്രാന്‍സ്ളാം കിരീടം നേടിയ ഈ സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ തൊണ്ണൂറുകളില്‍ ടെന്നീസ്കളം അടക്കിവാണ പിറ്റ് സമ്പ്രാസിന്റെ റെക്കോഡും സ്വന്തമാക്കി. 2009ല്‍ എല്ലാ ഗ്രാന്‍സ്ളാം ടൂര്‍ണമെന്റുകളുടെയും ഫൈനല്‍ കളിച്ച ഫെഡറര്‍ നടാടെ ഫ്രഞ്ച് ഓപ്പണും നേടി.

ക്രിക്കറ്റ് വിരലിലെണ്ണാവുന്ന രാജ്യങ്ങളുടെമാത്രം കളിയാണെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വിശ്വ കായികരംഗത്തെ അപൂര്‍വ പ്രതിഭകളുടെ നിരയിലാണ് സ്ഥാനം. ഈ ദശകം അവസാനിക്കുമ്പോള്‍ ടെസ്റ്റില്‍ 43ഉം ഏകദിനത്തില്‍ 45ഉം സെഞ്ചുറി നേടി സച്ചിന്‍ തുടരുന്നു. ക്രിക്കറ്റ്ഭാഷയില്‍ പറഞ്ഞാല്‍- നോട്ടൌട്ട്. തുടര്‍ച്ചയായി രണ്ടു പതിറ്റാണ്ടുകാലം ക്രിക്കറ്റിലെ ഒന്നാംനമ്പറാണ് ഈ ഇന്ത്യന്‍താരം.

ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ഏഴു കിരീടം നേടിയ മൈക്കേല്‍ ഷുമാക്കര്‍ ദശകത്തിന്റെ മാത്രമല്ല, നൂറ്റാണ്ടിന്റെ താരം കൂടിയാണ്. വിരമിക്കലിന് അവധിനല്‍കി വര്‍ഷാന്ത്യത്തില്‍ തിരിച്ചുവന്ന ജര്‍മന്‍കാരന്‍ ഇനി എത്ര കിരീടങ്ങള്‍ ഉയര്‍ത്തുമെന്നതുമാത്രമാണ് ചോദ്യം. താരങ്ങളില്‍ താരം എന്ന ബഹുമതി മാത്രമല്ല മൈക്കേല്‍ ഫെല്‍പ്സ് സ്വന്തമാക്കിയത്. എക്കാലത്തെയും മികച്ച നീന്തല്‍ക്കാരന്‍ എന്ന പട്ടംകൂടി ഈ അമേരിക്കക്കാരന്‍ സ്വന്തംപേരില്‍ കുറിച്ചു. ബീജിങ് ഒളിമ്പിക്സില്‍ എട്ടു സ്വര്‍ണം. നാലുവര്‍ഷംമുമ്പ് ഏഥന്‍സില്‍ നാലെണ്ണം- ഈ റെക്കോഡ് ആര്‍ക്കു മറികടക്കാനാകും? 2001 മുതല്‍ 2009 വരെയുള്ള അഞ്ച് ലോകചാമ്പ്യന്‍ഷിപ്പുകളില്‍ ഫെല്‍പ്സ് നേടിയത് 22 സ്വര്‍ണവും. 2009ന്റെ അവസാനം അല്‍പ്പം മങ്ങിപ്പോയെങ്കിലും ടൈഗര്‍വുഡ്സിന്റെ പ്രതിഭയെ കുറച്ചുകാണാനാകില്ല. പതിറ്റാണ്ടിനിടെ 12 മേജര്‍ ഗോള്‍ഫ് കിരീടങ്ങളാണ് ഈ അമേരിക്കക്കാരന്‍ സ്വന്തമാക്കിയത്. ഒപ്പം 29 ലോകചാമ്പ്യന്‍ഷിപ്പില്‍ 14 എണ്ണവും സ്വന്തമാക്കി.

ദേശാഭിമാനി 01012010

1 comment:

  1. മലയാളത്തില്‍ ചെറുകഥയിലും നോവലിലും പ്രതീക്ഷാ നിര്‍ഭരമായ മാറ്റങ്ങളുടെ സൂചനകള്‍ പ്രത്യക്ഷമായ വര്‍ഷമാണ് കടന്നുപോകുന്നത്. വരാനിരിക്കുന്ന കാലം ഈ പ്രതീക്ഷകളെ സാര്‍ഥകമാക്കുമെന്നതില്‍ സംശയമില്ല.........

    ..........കായികരംഗത്തെ വിപണി കൈയേറുന്നതിനു സാക്ഷിയായാണ് 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകം കടന്നുപോകുന്നത്. കളി വെറും കളിയല്ലെന്നും കളിക്ക് വിപണി എന്ന കാര്യമുണ്ടെന്നും ഈ ദശകം നമ്മോടു പറഞ്ഞു.

    ReplyDelete