Saturday, January 2, 2010

തീവ്രവാദബന്ധം തുറന്നുകാട്ടും

യുഡിഎഫിന്റെ തീവ്രവാദബന്ധം തുറന്നുകാട്ടും: സിപിഐ എം

ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗീകരിച്ച കമ്യൂണിക്കെ

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കുമെതിരെ എല്ലാ കാലത്തും ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് സിപിഐ എം. എന്നാല്‍, ഈ നിലപാടുകള്‍ക്കെതിരെ അപവാദപ്രചാരണങ്ങള്‍ നടത്തി തീവ്രവാദശക്തികളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ് യുഡിഎഫും ചില വലതുപക്ഷ മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തുന്നതിന് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. രാഷ്ട്രീയമായി ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ഉല്‍ക്കണ്ഠ സൃഷ്ടിച്ചിട്ടുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. സംസ്ഥാനത്തെ ഭീകരവാദികളുടെ ഇന്നത്തെ രാഷ്ട്രീയമറ എന്‍ഡിഎഫ് അഥവാ എസ്ഡിപിഐ ആണ്. എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ സഖ്യത്തെ വെള്ളപൂശുന്നതിനും സിപിഐ എമ്മിന്റെ മതനിരപേക്ഷ പ്രതിച്ഛായ തകര്‍ക്കുന്നതിനും വേണ്ടിയാണ് മഅദ്നി വിവാദം ചില മാധ്യമങ്ങളും യുഡിഎഫും ഊതിവീര്‍പ്പിച്ചത്. ഈ വൈകിയ വേളയിലെങ്കിലും പാര്‍ലമെന്റ്-അസംബ്ളി ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎഫുമായി കൂട്ടുകൂടിയത് തെറ്റാണെന്ന് യുഡിഎഫ് സമ്മതിക്കുമോ? ഈ ബാന്ധവം തുടരാന്‍ തന്നെയാണോ യുഡിഎഫ് ഉദ്ദേശിക്കുന്നത്?

മഅദ്നി തീവ്രവാദ നിലപാട് സ്വീകരിച്ച വേളയില്‍ യുഡിഎഫുമായി സഖ്യത്തിലായിരുന്നു. കഴക്കൂട്ടം, കുന്നമംഗലം എന്നീ രണ്ടു സീറ്റുതന്നെ പിഡിപിക്കാണ് നീക്കിവച്ചത്. പി പി തങ്കച്ചനടക്കമുള്ളവര്‍ മഅദ്നിയുടെ ഫോട്ടോ വച്ചാണ് 2001ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മഅദ്നി ഇന്ന് തീവ്രവാദ നിലപാട് പരസ്യമായി തള്ളിപ്പറയുകയും ആ സ്ഥാനം തടിയന്റവിട നസീറും എന്‍ഡിഎഫും ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ യുഡിഎഫ് ഈ ഭീകരരുമായി സഖ്യത്തിലായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍പോലും എന്‍ഡിഎഫ് പരസ്യമായി യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിച്ചു. എന്‍ഡിഎഫിനെ തള്ളിപ്പറയാന്‍ യുഡിഎഫ് ഇന്നും തയ്യാറല്ല. എന്‍ഡിഎഫിന്റെ രാഷ്ട്രീയ സംരക്ഷകരായി ലീഗ് മാറിയിരിക്കുകയാണ്. അതാണ് ഈയിടെ കാസര്‍കോട്ട് നടന്ന കലാപം നല്‍കുന്ന സൂചന.

അബ്ദുള്‍ നാസര്‍ മഅദ്നി ഐഎസ്എസ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ഘട്ടത്തില്‍ അതിന്റെ തീവ്രവാദപരമായ നിലപാടുകളെ സിപിഐ എം ശക്തമായി എതിര്‍ത്തു. മഅദ്നിയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് വോട്ടു പിടിക്കുകയാണ് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചെയ്തത്. ജയിലില്‍ കിടന്നിരുന്ന മഅദ്നിയുടെ പിന്തുണ വാങ്ങിക്കൊണ്ടാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ഈ കാലയളവില്‍ നടന്ന ചില സംഭവങ്ങളാണ് ഇപ്പോള്‍ അന്വേഷണത്തില്‍ ഇരിക്കുന്നത്. കളമശേരി ബസ് കത്തിക്കലുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ കാലത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. കോടതി നിര്‍ദേശപ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പുനരന്വേഷണത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തത വന്നതും നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടായതും. ലോക്സഭ തെരഞ്ഞെടുപ്പില്‍ മഅദ്നി പിന്തുണ നല്‍കി എന്നുള്ളതുകൊണ്ട് മുന്‍കാലത്ത് എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അവ സംബന്ധിച്ച് അന്വേഷിച്ച് നിയമനടപടി സ്വീകരിക്കുന്നതിന് ഒരു വീഴ്ചയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ല എന്നാണ് ഇത് തെളിയിക്കുന്നത്.

യുഡിഎഫാണ് സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാന്‍ ശ്രമിച്ചിട്ടുള്ളത്. നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടുകൊണ്ട് കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമായി നടത്തുകയുണ്ടായി. എന്നാല്‍, പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ആ കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. മാത്രമല്ല, കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം ആഭ്യന്തരവകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസ് പിന്‍വലിക്കുന്നതിനുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് ഉത്തരവ് നല്‍കി. ഇങ്ങനെ കേസ് പിന്‍വലിക്കാന്‍ ശ്രമം നടത്തി നസീറിനെ രക്ഷപ്പെടുത്തിയെടുക്കാനുള്ള പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുകയായിരുന്നു യുഡിഎഫ്. നസീറിന്റെ പേരില്‍ എട്ടു കേസാണ് നിലനില്‍ക്കുന്നത്. ഇതില്‍ നാലെണ്ണം യുഡിഎഫിന്റെ കാലത്തും മൂന്നെണ്ണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണകാലത്തുമാണ് ഉണ്ടാകുന്നത്. മറ്റൊന്ന് 1999ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനാണ്. യുഡിഎഫ് സര്‍ക്കാര്‍ നസീറിനെ പ്രതിയാക്കിയത് 2002ല്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്മാര്‍ പോലീസുകാരെ ആക്രമിച്ച ഒരു കേസിലാണ്. അപ്പോള്‍ 2002 ആയപ്പോഴേക്കും നസീര്‍ എന്‍ഡിഎഫ് ആയി എന്നാണ് യുഡിഎഫ് കാലത്ത് രജിസ്റ്റര്‍ചെയ്ത ഈ കേസില്‍നിന്ന് വ്യക്തമാകുന്നത്. ബാക്കി മൂന്നു കേസിലും പ്രതിയെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കുകയാണ് ഉണ്ടായത്. ഇപ്പോഴത്തെ അന്വേഷണത്തില്‍ക്കൂടിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവങ്ങളില്‍ നസീര്‍ പ്രതിയായിത്തീര്‍ന്നത്. ഈ തീവ്രവാദിയെ ആരാണ് സഹായിച്ചത് എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നുണ്ട്.

എന്നാല്‍, ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ആത്മാര്‍ഥത ഇല്ലെന്നും കേസന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നുമുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. ചില മാധ്യമങ്ങളും ഇതിനോടൊപ്പം കൂടി. മാധ്യമ കോലാഹലമാകട്ടെ ഫലത്തില്‍ ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ കയറ്റുന്ന പ്രചാരണമായി മാറി. അത്യന്തം ദൌര്‍ഭാഗ്യകരമായ ഒരു സ്ഥിതിവിശേഷമാണ് ഇത്. രാജ്യത്ത് ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയിട്ടുള്ള ഭീകരമായ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് സമാനതയില്ല. മലെഗാവ് ബോംബ് സ്ഫോടനക്കേസും ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ചുള്ള ലിബര്‍ഹാന്‍ അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടും ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നതിനു തെളിവാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകളാവട്ടെ ഹിന്ദു ഭീകരവാദികള്‍ക്കെതിരായി മൃദുത്വ സമീപനമാണ് സ്വീകരിച്ചുവരുന്നത്. ഭിന്ദ്രന്‍വാലയെപ്പോലുള്ള ഭീകരരെ ഊട്ടിവളര്‍ത്തിയത് കോണ്‍ഗ്രസായിരുന്നു. ആയിരക്കണക്കിന് സിഖുകാരെ കൊലപ്പെടുത്തിയ ഡല്‍ഹി കലാപത്തിന്റെ, കോണ്‍ഗ്രസുകാരായ നേതാക്കള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുവാദം നല്‍കുന്നില്ല. എന്നാല്‍, എല്‍ഡിഎഫ് ആകട്ടെ, ഏതു മതവിഭാഗത്തിന്റെ പേരില്‍ നടക്കുന്നതായാലും എല്ലാ ഭീകരവാദത്തിനുമെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റവാളികളെ ശിക്ഷിക്കുകയും നിരപരാധിയെന്നു കണ്ട് മഅദ്നിയെ മോചിപ്പിക്കുകയുംചെയ്തു. ഇപ്പോള്‍ ചെന്നൈ ഹൈക്കോടതി മഅദ്നിയെ കുറ്റവിമുക്തനാക്കിയുള്ള വിധി അംഗീകരിച്ചിരിക്കുകയാണ്. ജയില്‍വാസത്തിനുശേഷം മഅദ്നിയുടെ നിലപാടുകള്‍ക്ക് മാറ്റം വരികയും താന്‍ തന്റെ പഴയകാല നിലപാടുകള്‍ തിരുത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും തീവ്രവാദത്തിനെതിരായുള്ള റാലികള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും സംഘടിപ്പിക്കുകയുംചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. ഈ പിന്തുണ സ്വീകരിക്കുന്നതിനപ്പുറം സീറ്റ് ധാരണയോ സീറ്റിനെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഒരു ധാരണയും എല്‍ഡിഎഫുമായി ഉണ്ടായിട്ടില്ല. പൊന്നാനിയില്‍ മത്സരിക്കുന്നതിന് പിഡിപി പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ഥിയെ പിന്‍വലിച്ചുകൊണ്ടാണ് എല്‍ഡിഎഫ് പിന്താങ്ങിയിരുന്ന സ്വതന്ത്രനെ പിഡിപി പിന്തുണച്ചത്. എന്നാല്‍, ഇത് പിഡിപിയുമായുള്ള സഖ്യമായി ചിത്രീകരിച്ചുകൊണ്ട് വമ്പിച്ച പ്രചാരണമാണ് മാധ്യമങ്ങളും യുഡിഎഫും നടത്തിയത്. ഇത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്താങ്ങിയിരുന്ന മതേതര വിശ്വാസികളില്‍ ചിലരുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട് എന്ന് തെരഞ്ഞെടുപ്പുഫലം തെളിയിച്ചു.

ഈ പശ്ചാത്തലത്തിലാണ് സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ് റിവ്യൂവിന്റെ ഭാഗമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി പലയിടത്തും പരസ്യമായി വേദി പങ്കിട്ടത് ശരിയായിരുന്നില്ല എന്ന് നിരീക്ഷിച്ചത്. സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ അച്ചടിച്ച് പരസ്യ പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടുള്ളതാണ്. ഇതില്‍നിന്ന് ഒരു ഉദ്ധരണി എടുത്ത് പുതിയൊരു വിമര്‍ശനം എന്ന മട്ടില്‍ ചില മാധ്യമങ്ങളില്‍ നടന്ന പ്രചാരണത്തിന്റെ ഗൂഢലക്ഷ്യം പാര്‍ടിബന്ധുക്കളിലും അനുഭാവികളിലും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭീകരവാദത്തെയും തീവ്രവാദത്തെയും നേരിടാന്‍ കേരളത്തില്‍ ആദ്യമായി ഡിഐജിയുടെ കീഴില്‍ ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗം രൂപീകരിച്ചു. യുഡിഎഫിന്റെ കാലത്ത് മരവിപ്പിച്ച കേസുകളില്‍ അന്വേഷണം പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റിയില്‍ വിനോദ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഇടയിലാണ് അത് കൊലപാതകമെന്ന് മനസ്സിലായത്. നസീര്‍ ബംഗ്ളാദേശിലേക്ക് കടന്നു എന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ വിവരം അറിയിച്ചതും നസീര്‍ ബംഗ്ളാദേശില്‍ ഉപയോഗിച്ചുവരുന്ന ടെലിഫോണ്‍ നമ്പര്‍ നല്‍കിയതും സംസ്ഥാന ഇന്റലിജന്‍സാണ്.

തീവ്രവാദത്തിനും വര്‍ഗീയതയ്ക്കും എതിരായി സന്ധിയില്ലാത്ത പോരാട്ടമാണ് സിപിഐ എം നടത്തിയിട്ടുള്ളത്. ഭീകരവാദികളായ എന്‍ഡിഎഫിന്റെ കൊലക്കത്തിക്ക് പാര്‍ടിയുടെ ആറ് സഖാക്കളാണ് ഇരയായിട്ടുള്ളത്. എന്നാല്‍, രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇത്തരം ശക്തികളുമായി കൈകോര്‍ക്കുക എന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത് എന്ന് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ദേശീയ അന്വേഷണ ഏജന്‍സി നിയമാനുസൃതമായി ഏതൊരു കേസും അന്വേഷിക്കുന്നതിന് എതിര്‍പ്പില്ല. പക്ഷേ, മുംബൈ ഭീകരാക്രമണക്കേസ് അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നത് എന്ന് വിജയ് കര്‍ക്കറെയുടെ ഭാര്യയും പ്രധാന്‍ കമീഷനും അഭിപ്രായപ്പെട്ടിട്ടും ദേശീയ കുറ്റാന്വേഷണ ഏജന്‍സി ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ഇതേ ഏജന്‍സി സംസ്ഥാന സര്‍ക്കാരിനെപ്പോലും അറിയിക്കാതെ കേന്ദ്രനിയമം നിലവില്‍വരുന്നതിനു മുമ്പുകാലത്തെ കേസുകള്‍ ഏറ്റെടുക്കുന്നതിനു കാണിക്കുന്ന തിരക്ക് വിചിത്രമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തിയിട്ടുള്ള അനുഭവങ്ങള്‍ നമുക്കുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ഔചിത്യം ദീക്ഷിച്ചുവേണം ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍.

തന്റെ പഴയ നിലപാടുകളെ മഅദ്നി തിരസ്കരിച്ചതിനെ സിപിഐ എം സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, മഅദ്നിയോ അദ്ദേഹത്തിന്റെ പാര്‍ടിക്കാരോ മുന്‍കാലങ്ങളില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ സംരക്ഷിക്കേണ്ട ആവശ്യം സിപിഐ എമ്മിന് ഇല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

3 comments:

  1. അബ്ദുള്‍ നാസര്‍ മഅദ്നി ഐഎസ്എസ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ഘട്ടത്തില്‍ അതിന്റെ തീവ്രവാദപരമായ നിലപാടുകളെ സിപിഐ എം ശക്തമായി എതിര്‍ത്തു. മഅദ്നിയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് വോട്ടു പിടിക്കുകയാണ് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചെയ്തത്. ജയിലില്‍ കിടന്നിരുന്ന മഅദ്നിയുടെ പിന്തുണ വാങ്ങിക്കൊണ്ടാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ഈ കാലയളവില്‍ നടന്ന ചില സംഭവങ്ങളാണ് ഇപ്പോള്‍ അന്വേഷണത്തില്‍ ഇരിക്കുന്നത്. കളമശേരി ബസ് കത്തിക്കലുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ കാലത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. കോടതി നിര്‍ദേശപ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പുനരന്വേഷണത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തത വന്നതും നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടായതും. ലോക്സഭ തെരഞ്ഞെടുപ്പില്‍ മഅദ്നി പിന്തുണ നല്‍കി എന്നുള്ളതുകൊണ്ട് മുന്‍കാലത്ത് എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അവ സംബന്ധിച്ച് അന്വേഷിച്ച് നിയമനടപടി സ്വീകരിക്കുന്നതിന് ഒരു വീഴ്ചയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ല എന്നാണ് ഇത് തെളിയിക്കുന്നത്.

    ReplyDelete
  2. സി.പി.എം.ഉം ഈ പോസ്റ്റും പറയുന്നു മദനി അതിഭയങ്ങര തീവ്രവാദി എന്നൊക്കെ. അതു തന്നെയാ പൊന്നാനിയിലേയും മൊത്തത്തിൽ കേരളത്തിലേയും സാദ ജനങ്ങൾ സി.പി.എം. നോട്‌ പറഞ്ഞത്‌, മദനിയുടെ കൂടെ കൂടിയാൽ, മദനിയെ മാത്രമല്ല, സി.പി.എം.നേയും ബാരക്കിലിരുത്തും.

    കോങ്ങ്രസ്സിന്റെ നയങ്ങളോടെ എതിർപ്പുള്ളവരാണ്‌ കമ്യുണിസ്റ്റ്‌ പർട്ടികൾക്ക്‌ വോട്ട്‌ ചെയുന്നത്‌ അവരെ നിരാശപ്പെടുത്തിയാൽ... തിരിച്ചടികൾ സ്വഭാവികം.

    മദനിക്കെതിരെയുള്ള "കോലാഹലം" മദനിക്കെതിരെ മാത്രം. അപ്പോൾ മദനി മുസ്ലിമാണൊ, ക്രിസ്താനിയാണോ ഹിന്ദുവാണൊ എന്ന്‌ നോക്കേണ്ട കാര്യമില്ല.

    "ബംഗലൂര്‌ പൊട്ടിയാൽ താത്ത എന്തിനാ ഫോൺ കട്ട്‌ ചെയ്യുന്നേ" എന്നെ എന്റെ പോസ്റ്റുംകൂടി വായിക്കുക.

    http://georos.blogspot.com/2009/12/blog-post_15.html

    ReplyDelete
  3. കോങ്ങ്രസ്സിന്റെ നയങ്ങളോടെ എതിർപ്പുള്ളവരാണ്‌ കമ്യുണിസ്റ്റ്‌ പർട്ടികൾക്ക്‌ വോട്ട്‌ ചെയുന്നത്‌ ---അത്രത്തോളം ശരി. എന്നിട്ടോ, ----
    യു.ഡി.എഫ് ചാര്‍ജ് ചെയ്ത കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ ഒന്നാം പ്രതി കൊണ്ഗ്രെസ്സ് പാര്‍ടി അങ്ങത്വം കൊടുക്കുക,ബസ് കത്തിക്കുന്ന സമയത്ത്.ഇതാ ഇപ്പോള്‍ കോയമ്പത്തൂര്‍ കേസില്‍ റിമാണ്ട് ചെയ്യപ്പെട്ട, ഷബീര്‍ ചെനിത്തലക്കൊപ്പം വിലക്കയറ്റ വിരുദ്ധ സമരത്തിനു മുന്നില്‍ നിന്ന് നയിക്കുക (പാവം വിഷനുംമാത്ത്വീരന്‍ മര്‍ഡോക്ക്കള്‍ ഇതൊന്നും അറിഞ്ഞില്ല. അവര്‍ "അറിഞ്ഞാലല്ലേ"വാര്‍ത്ത ആവൂ).നായനാര്‍ കേസ് പ്രതിയെ ഒഴിവാക്കാന്‍ ഫയല്‍ നീക്കുക, ....എല്ലാം ചെയ്ത "ഭീകര വിരുദ്ധ" യു.ഡിഎഫിന് തന്നെ ""കോങ്ങ്രസ്സിന്റെ നയങ്ങളോടെ എതിർപ്പുള്ളവര്‍"" വോട്ടു ചെയ്യണം,ചെയ്തു, ചെയ്യും എന്ന് പറയുമ്പോ ഒരു സ്പെല്ലിംഗ് മിസ്റ്റെക് ഇല്ലേ. ഇനി അങ്ങനെയുള്ള ട്രപ്പീസുകളി രാഷ്ട്രീയം (സ്വന്തം കണ്ണിലെ കോല് മറച്ചു വെച്ചു ആരാന്റെ കണ്ണിലെ പൊടി തപ്പല്‍)ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നേരിടപ്പെടും. ബാരക് കയ്യിലുള്ള എത്ര മോയാളിമാരു വന്നു പോയി .

    ReplyDelete