Saturday, January 9, 2010

എച്ച്എംടി ഭൂമി കൈമാറ്റം സുപ്രീംകോടതി ശരിവച്ചു

സൈബര്‍സിറ്റി പദ്ധതിക്കായി എച്ച്എംടിയുടെ 70 ഏക്കര്‍ അധികഭൂമി ബ്ളൂസ്റാര്‍ റിയല്‍റ്റേഴ്സിന് കൈമാറിയ നടപടി സുപ്രീംകോടതിയും ശരിവച്ചു. ഭൂമികൈമാറ്റത്തിന് അംഗീകാരം നല്‍കിയ ഹൈക്കോടതിവിധി വെള്ളിയാഴ്ച സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സ്റേറ്റ് ഹ്യൂമന്‍റൈറ്റ്സ് സെന്റര്‍ എന്ന സംഘടന സമര്‍പ്പിച്ച അപ്പീല്‍ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ജസ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉത്തരവില്‍ പറഞ്ഞു. സുപ്രീംകോടതി വിധികൂടി വന്നതോടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു.

അഴിമതി ആരോപണവും മറ്റും ഉന്നയിച്ച് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കോടതിയെ സമീപിച്ചതിനാല്‍ ഏറെ തൊഴിലവസരം നല്‍കുന്ന പദ്ധതി ഒന്നരവര്‍ഷമാണ് വൈകിയത്. വ്യവസായ വികസനത്തിനായി ഭൂപരിഷ്കരണ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിക്കൊടുത്ത 100 ഏക്കര്‍ ഭൂമിയില്‍ 70 ഏക്കറാണ് എച്ച്എംടി ബ്ളൂസ്റാറിന് വിറ്റത്. ടെന്‍ഡര്‍ വിളിച്ച് തികച്ചും നിയമാനുസൃതമായാണ് വില്‍പ്പന നടത്തിയത്. എന്നാല്‍, ഇടപാട് നിയമാനുസൃതമല്ലെന്നും അഴിമതിയുണ്ടെന്നുമുള്ള വാദവുമായി ചിലര്‍ രംഗത്തുവന്നു. തുടര്‍ന്നാണ് ഇടപാട് റദ്ദാക്കണമെന്ന ആവശ്യവുമായി ഹ്യൂമന്‍റൈറ്റ്സ് സെന്റര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വിശദമായി വാദംകേട്ട കോടതി ഇടപാട് ശരിവച്ചു. ആഗസ്ത് 11നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍, ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എച്ച്എംടിയുടെ കൈവശമുള്ള അധികഭൂമിയാണ് വില്‍പ്പന നടത്തിയതെന്നും ഈ ഭൂമിയില്‍ അവര്‍ക്ക് പൂര്‍ണ അവകാശം നല്‍കാന്‍ പാടില്ലായിരുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണം. വ്യവസായ ആവശ്യത്തിന് നീക്കിവച്ച ഭൂമി റിയല്‍ എസ്റേറ്റ് കമ്പനിക്കാണ് വിറ്റതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

എച്ച്എംടിക്ക് പൂര്‍ണ അവകാശത്തോടെ സര്‍ക്കാര്‍ കൈമാറിയ ഭൂമി അവര്‍ വിറ്റതില്‍ തെറ്റില്ലെന്ന് കോടതി പറഞ്ഞു. വ്യവസായ ആവശ്യത്തിന് നീക്കിവച്ചതാണ് ഭൂമി. ഇത് വ്യവസായ ആവശ്യത്തിനല്ലാതെ ഉപയോഗിക്കാന്‍ പറ്റില്ല. പിന്നെ ഹര്‍ജിക്കാര്‍ക്ക് എന്താണ് പരാതിയെന്ന് ബോധ്യപ്പെടുന്നില്ല. വ്യവസായ ആവശ്യത്തിനായിമാത്രം നീക്കിവച്ച ഭൂമിയായതിനാല്‍ വാങ്ങിയത് റിയല്‍ എസ്റേറ്റ് കമ്പനിയാണോ അല്ലയോ എന്നതിലൊന്നും കഴമ്പില്ല. ഇടപാടില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുള്ളതായി കോടതിക്ക് ബോധ്യപ്പെടുന്നില്ല - സുപ്രീംകോടതി പറഞ്ഞു. കേസില്‍ സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ടി എല്‍ വിശ്വനാഥ അയ്യരും സ്റാന്‍ഡിങ് കൌസല്‍ ജി പ്രകാശും ഹാജരായി. എച്ച്എംടിക്ക് 2000 ജൂലൈയില്‍ പൂര്‍ണ അവകാശം നല്‍കിയ ഭൂമിയാണ് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ മറ്റൊരു കമ്പനിക്ക് വിറ്റത്. ഏറെ കൂടിയാലോചനയ്ക്കുശേഷമാണ് എച്ച്എംടിക്ക് ഭൂമിയില്‍ അവകാശം നല്‍കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇവിടെ വ്യവസായവികസനം എന്നതാണ് പൊതുതാല്‍പ്പര്യമെന്നും അതിനാല്‍ ഇടപാടിനെതിരായ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

വിവാദം സൃഷ്ടിച്ചവര്‍ മാപ്പുപറയണം: കരീം

വിവാദം സൃഷ്ടിച്ച് സൈബര്‍സിറ്റി പദ്ധതി താമസിപ്പിച്ചവര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. തങ്ങളുടെ നിലപാട് ശരിയായിരുന്നില്ലെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ വിവാദം സൃഷ്ടിച്ചവര്‍ തയ്യാറാകണമെന്നും സുപ്രീംകോടതി വിധിയോട് പ്രതികരിക്കെ മന്ത്രി പറഞ്ഞു. എച്ച്എംടി ഭൂമി ഇടപാടില്‍ സംഭവിച്ചതുപോലുള്ള അനാവശ്യമായ വിവാദങ്ങള്‍ കേരളത്തെ പുറകോട്ടടുപ്പിക്കും. ആരോപണങ്ങള്‍ ശരിയല്ലെന്ന് ഹൈക്കോടതി വിധിയോടെ തെളിഞ്ഞിരുന്നു. സുപ്രീംകോടതി വിധികൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. കോടതിനടപടികളില്‍പ്പെട്ട് സൈബര്‍സിറ്റി പദ്ധതി ഒന്നരവര്‍ഷം വൈകിയതിന്റെ ഉത്തരവാദിത്തം വിവാദക്കാര്‍ ഏറ്റെടുക്കണമെന്നും കരീം പറഞ്ഞു.

ദേശാഭിമാനി 090110

1 comment:

  1. സൈബര്‍സിറ്റി പദ്ധതിക്കായി എച്ച്എംടിയുടെ 70 ഏക്കര്‍ അധികഭൂമി ബ്ളൂസ്റാര്‍ റിയല്‍റ്റേഴ്സിന് കൈമാറിയ നടപടി സുപ്രീംകോടതിയും ശരിവച്ചു. ഭൂമികൈമാറ്റത്തിന് അംഗീകാരം നല്‍കിയ ഹൈക്കോടതിവിധി വെള്ളിയാഴ്ച സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സ്റേറ്റ് ഹ്യൂമന്‍റൈറ്റ്സ് സെന്റര്‍ എന്ന സംഘടന സമര്‍പ്പിച്ച അപ്പീല്‍ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ജസ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉത്തരവില്‍ പറഞ്ഞു. സുപ്രീംകോടതി വിധികൂടി വന്നതോടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു.

    ReplyDelete