Saturday, January 2, 2010

ആയിരത്തിന് ഒരുവള്‍- ആശ

വനിതകള്‍ മാത്രമുള്ള ഒരു പ്രകടനം, മാര്‍ഗതടസ്സമൊന്നും ഉണ്ടാക്കാതെ അച്ചടക്കത്തോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നീങ്ങുന്നു. നഗരവീഥിയെ പ്രകമ്പനം കൊള്ളിക്കുന്നതോ സ്തംഭിപ്പിക്കുന്നതോ അല്ലെങ്കിലും ചെങ്കൊടിയും ചുവന്ന ബാനറും പ്ളക്കാര്‍ഡുകളും പിടിച്ചുള്ള ആ പ്രകടനം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതുതന്നെ. ആശാ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പ്രക്ഷോഭത്തിന്റെ നാന്ദികുറിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചാണത്. അധികമാരും പ്രത്യേകിച്ചും തലസ്ഥാന നഗരവാസികള്‍ കേട്ടിട്ടില്ലാത്ത അഥവാ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വിഭാഗത്തിന്റെ പ്രകടനം എന്ന സവിശേഷതയാണ് അതിനെ ശ്രദ്ധേയമാക്കിയത്. തങ്ങളുടെ ആവശ്യങ്ങളും അവശതകളും പ്രശ്നങ്ങളും ഭരണാധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിനാണ് പുതുതായി സംഘടിതരായി വരുന്ന ഈ വനിതകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്.

എന്താണ് ആശ, അഥവാ ആരാണ് ആശ? ഗ്രാമീണ ആരോഗ്യപരിപാലനത്തിനും ബോധവല്‍ക്കരണത്തിനുമായി പരിശീലനം നല്‍കി നിയോഗിക്കപ്പെട്ട സ്ത്രീകളാണിവര്‍. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് ആശ (Accredited Social Health Activist). അതാത് ഗ്രാമങ്ങളില്‍നിന്നു തന്നെ തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമത്തിന്റെ സന്താനങ്ങളാണ് ആശമാര്‍. പൊതുജനാരോഗ്യ സംവിധാനത്തെയും ഗ്രാമീണ സമൂഹത്തെയും തമ്മില്‍ കൂട്ടിമുട്ടിക്കുന്നതിനുള്ള കണ്ണിയായാണ് ആശ സങ്കല്‍പ്പിക്കപ്പെടുന്നത്. സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സൌജന്യമായി ലഭിക്കുന്ന ആരോഗ്യസേവന സംവിധാനങ്ങളുടെ അടുത്തേക്ക് അവരെ കൈപിടിച്ചെത്തിക്കാനും അവരെ ബോധവല്‍ക്കരിക്കാനും പരിചരിക്കാനും സന്നദ്ധരായ സാമൂഹിക ആരോഗ്യ പ്രവര്‍ത്തകരാണിവര്‍.

ആയിരം ജനങ്ങള്‍ക്ക് ഒരു ആശ. ഒരു പഞ്ചായത്ത് വാര്‍ഡില്‍ ഒന്നോ, ചിലപ്പോള്‍ രണ്ടോ ആശമാരുണ്ടാവും. വിവാഹിതരായ സ്ത്രീകളില്‍നിന്നാണ് ആശയെ തെരഞ്ഞെടുക്കുന്നത് - വിധവകളെയും ഭര്‍ത്താവ് ഉപേക്ഷിച്ചവരെയും ആശയായി തെരഞ്ഞെടുക്കാം. 25 വയസ്സിനും 45 വയസ്സിനും ഇടയ്ക്കാണ് പ്രായപരിധി. അക്ഷരാഭ്യാസം ഉണ്ടാകണം - ഔപചാരിക വിദ്യാഭ്യാസം എട്ടാം ക്ളാസ് പാസ്സായവരായിരിക്കണം; അര്‍ഹരായവരില്ലെങ്കില്‍ അതാതിടത്ത് ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാം. കേരളത്തിലെ ഗ്രാമങ്ങളില്‍ കാണുന്ന ആശമാരില്‍ മഹാഭൂരിപക്ഷവും ചുരുങ്ങിയത് എസ്എസ്എല്‍സിയെങ്കിലും പാസായവരാണ്; അതിലും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും തീരെ അപൂര്‍വ്വമല്ല.

എങ്ങനെയാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെടുന്നത്? ആരാണ് ഇവരെ തെരഞ്ഞെടുക്കുകയും ഈ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുകയും ചെയ്യുന്നത്? പഞ്ചായത്ത് ഹെല്‍ത്ത് കമ്മിറ്റിയും ഗ്രാമസഭയും ചേര്‍ന്ന ഒരു സംവിധാനമാണ് യോഗ്യതയും കഴിവും പരിശോധനാവിധേയമാക്കി ആശമാരെ കണ്ടെത്തുന്നത്. പ്രായോഗികതലത്തില്‍ പഞ്ചായത്ത് അംഗവും പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറും അതാത് മേഖലയിലെ ജെപിഎച്ചുഎന്‍മാരും ചേര്‍ന്നാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.

അഞ്ച് ഘട്ടങ്ങളിലായി 23 ദിവസത്തെ പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. ഇതുമാത്രമല്ല, നിരന്തരമായ പരിശീലന പ്രക്രിയയിലൂടെ ഇവരുടെ കഴിവുകളും വൈദഗ്ധ്യവും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കണം എന്നാണ് സങ്കല്‍പം. അതിന്റെ ഭാഗമായി അഞ്ച് ഘട്ടങ്ങളിലെ പരിശീലനം പൂര്‍ത്തിയായവര്‍ക്ക് ഒന്നിടവിട്ട മാസങ്ങളില്‍ രണ്ടുദിവസത്തെ പരിശീലനവും നല്‍കുന്നു. നിരന്തരമായ പരിശീലനങ്ങളിലൂടെയും പ്രവര്‍ത്തന പരിചയത്തിലൂടെയും വൈദഗ്ധ്യമാര്‍ജിക്കുന്ന ഇവര്‍ ദരിദ്രരായ ഗ്രാമവാസികളെ പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും നല്ല ആരോഗ്യശീലങ്ങള്‍ പരിശീലിപ്പിക്കുകയും പരിസരശുചിത്വത്തിന് പ്രേരണ നല്‍കുകയും ചെയ്യുന്നു. ആരോഗ്യ പരിചരണത്തിന്റെ ഭാഗമായി പോഷകാഹാരങ്ങള്‍, അടിസ്ഥാന ശുചീകരണം, ശുചിത്വം, ആരോഗ്യപ്രദമായ ജീവിത സാഹചര്യങ്ങള്‍, നിലവിലുള്ള ആരോഗ്യപരിചരണ സംവിധാനങ്ങള്‍, ആരോഗ്യ കുടുംബക്ഷേമ സേവനങ്ങള്‍ കൃത്യസമയത്ത് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചെല്ലാം ഇവര്‍ ഗ്രാമവാസികളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ഇതിന് ഇവരെ പര്യാപ്തരാക്കുന്ന തരത്തിലുള്ള പരിശീലനമാണ് ആദ്യഘട്ടത്തില്‍ തന്നെ നല്‍കുന്നത്.

ദേശീയ ഗ്രാമീണ ആരോഗ്യമിഷന്റെ ഭാഗമായി 2005 മുതലാണ് ഇന്ത്യാ ഗവണ്‍മെന്റ് ഈ സംവിധാനത്തിന് തുടക്കംകുറിച്ചത്. ആദ്യവര്‍ഷം 10 സംസ്ഥാനങ്ങളില്‍ മാത്രമാണ് ആശ പദ്ധതി നടപ്പിലാക്കിയത്. കേരളത്തില്‍ 2007 മുതലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇപ്പോള്‍ 18 സംസ്ഥാനങ്ങളിലായി ഏഴ് ലക്ഷത്തിലേറെ ആശാ പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഇരുപതിനായിരത്തോളം 'ആശ' പ്രവര്‍ത്തകര്‍ നിലവിലുണ്ട്. പുതുതായി ആളുകളെ കണ്ടെത്തി പരിശീലനം നല്‍കുന്നത് തുടരുന്നുമുണ്ട്.

പഞ്ചായത്തിലെ അതാത് വാര്‍ഡുകളില്‍നിന്നാണ് ആശ പ്രവര്‍ത്തകരെ കണ്ടെത്തുന്നതെങ്കിലും അവര്‍ക്ക് അതിനകത്തുള്ള മുന്നൂറോളം കുടുംബങ്ങളുമായി നേരിട്ടു ബന്ധമുണ്ടായിരിക്കാന്‍ ഇടയില്ല. അതുകൊണ്ടുതന്നെ പരിശീലനം കഴിഞ്ഞാല്‍ ഇവരുടെ ആദ്യത്തെ പ്രവര്‍ത്തനം തങ്ങളുടെ പ്രവര്‍ത്തനപരിധിയില്‍പ്പെട്ട വീടുകള്‍ സന്ദര്‍ശിച്ച് ഓരോ കുടുംബത്തിലെയും ഓരോ വ്യക്തിയുടെയും ആരോഗ്യനില സംബന്ധിച്ച് സര്‍വെ നടത്തലാണ്. ആ പ്രദേശത്ത് പൊതുവെ കാണപ്പെടുന്ന രോഗങ്ങള്‍, ഓരോ കുടുംബത്തിന്റെയും സാമ്പത്തിക നില, ഗര്‍ഭിണികളുടെ എണ്ണം, നവജാത ശിശുക്കളുടെ എണ്ണം, വിദ്യാഭ്യാസ നിലവാരം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ - സാമൂഹിക - സാമ്പത്തിക സ്ഥിതി, പോഷകാഹാര ലഭ്യത എന്നിവയെക്കുറിച്ചെല്ലാം സര്‍വെയിലൂടെ മനസ്സിലാക്കണം. ഈ സര്‍വെയില്‍ നിന്ന് ലഭിക്കുന്ന അടിസ്ഥാന വിവരങ്ങളാണ് തുടര്‍ന്നുള്ള അവരുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇന്‍പുട്ട്. മാത്രമല്ല, അവരുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഓരോ വ്യക്തിയുമായും നേരിട്ട് പരിചയം സ്ഥാപിക്കേണ്ടതും ആവശ്യമാണ്.

ഗ്രാമങ്ങളിലെ ആരോഗ്യ പദ്ധതി ആസൂത്രണം ചെയ്യാന്‍ പഞ്ചായത്തുകള്‍ക്ക് ഇവരുടെ സേവനം ലഭ്യമാക്കാം. ഇന്നിപ്പോള്‍ പല സ്ഥലത്തും അംഗന്‍വാടി വര്‍ക്കര്‍മാര്‍ ഗ്രാമങ്ങളിലെ ആരോഗ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നുണ്ടെങ്കിലും അവ അപര്യാപ്തവും അപൂര്‍ണവുമാണ്. ആശാ പ്രവര്‍ത്തകരുടെ സേവനം ഉപയോഗിച്ചും അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ആരോഗ്യവകുപ്പ് ഫീല്‍ഡ് ജീവനക്കാരുടെയും സഹകരണത്തോടെയും ഓരോ പഞ്ചായത്തിലെയും മൊത്തം ജനങ്ങളുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. അതിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തും നടപ്പിലാക്കേണ്ട ആരോഗ്യസേവനങ്ങളെക്കുറിച്ച് ആസൂത്രണവും ആവാം. പഞ്ചായത്തുതല ആരോഗ്യസമിതിയില്‍ ആശകളെക്കൂടി ഉള്‍പ്പെടുത്താവുന്നതാണെന്നാണ് ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍മാര്‍ഗ രേഖയില്‍ പറയുന്നത്.

പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞ ആശ പ്രവര്‍ത്തകയ്ക്ക് ഒരു ഔഷധ കിറ്റ് ലഭ്യമാക്കും. ആ ഔഷധ കിറ്റില്‍ എല്ലാ ഗ്രാമപ്രദേശങ്ങളിലും അത്യാവശ്യമായിട്ടുള്ള ഒ ആര്‍ എസ്, അയണ്‍ ഫോളിക് ആസിഡ് ഗുളിക, ക്ളോറോക്വിന്‍, ഗര്‍ഭ നിരോധന ഗുളികകള്‍, ഉറകള്‍ തുടങ്ങിയവയെല്ലാം ഉണ്ടായിരിക്കും. പക്ഷേ ഇപ്പോള്‍ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഔഷധകിറ്റ് ലഭ്യമല്ല. ഏഴുലക്ഷത്തിലധികം ആശാ പ്രവര്‍ത്തകര്‍ ഇന്ത്യയിലാകെ പരിശീലനം പൂര്‍ത്തിയായി ഉണ്ടെങ്കിലും അതില്‍ നാലരലക്ഷം പേര്‍ക്കു മാത്രമേ ഈ കിറ്റ് ലഭിച്ചിട്ടുള്ളൂ. പി എച്ച് സെന്ററുകളില്‍ പ്രതിമാസം ചേരുന്ന മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ കിറ്റില്‍ ആവശ്യമായ ഇനങ്ങള്‍ വീണ്ടും ലഭ്യമാക്കുമെന്നാണ് ധാരണയെങ്കിലും പലപ്പോഴും ഇതു നടക്കാറില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്. എല്ലാ ആശാ പ്രവര്‍ത്തകര്‍ക്കും കിറ്റ് ലഭ്യമാക്കുകയും തീരുന്ന ഇനങ്ങള്‍ കൃത്യമായി നിറയ്ക്കാനുള്ള സംവിധാനം ഉറപ്പാക്കുകയും ചെയ്യുന്നത് ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കും.

കേരളത്തില്‍ ആശാ പ്രവര്‍ത്തകരുടെ സേവനം പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പകലന്തിയോളം പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട ഇവര്‍ക്ക് ഹെല്‍ത്ത് സെന്ററുകളോടനുബന്ധിച്ച് ഒരു വിശ്രമമുറിയോ ആസ്ഥാനമോ നല്‍കുന്നത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സഹായകമായിരിക്കും എന്ന അഭിപ്രായമാണ് പത്തനാപുരത്തുനിന്നുള്ള പ്രസന്നയും തൃശൂര്‍ ജില്ലക്കാരായ രേഖയും വത്സലും സിന്ദുവുമെല്ലാം പ്രകടിപ്പിച്ചത്.

ഗ്രാമീണമേഖലയില്‍, പ്രത്യേകിച്ചും ദാരിദ്യ്രരേഖയ്ക്കു താഴെക്കഴിയുന്നവര്‍ക്കും മറ്റു ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും പൊതുജനാരോഗ്യസേവനം ഉറപ്പാക്കുന്നതിനുവേണ്ടി പണിയെടുക്കുന്ന ഇവര്‍ക്ക് ശമ്പളമോ കൃത്യമായ അലവന്‍സോ യാത്രപ്പടിയോ ഒന്നും തന്നെയില്ല. പ്രതിമാസം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചേരുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് 100 രൂപ വീതം നല്‍കുന്നതു കഴിച്ചാല്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്‍സെന്റീവുകളാണ് ഇവരുടെ പ്രതിഫലം. നാലരവയസ്സില്‍ താഴെയുള്ള ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട അഞ്ച് കുട്ടികളെ ഒന്നിച്ച് പ്രതിരോധ കുത്തിവെയ്പുകള്‍ക്കായി എത്തിച്ചാല്‍ 100 രൂപ ഇന്‍സെന്റീവായി ലഭിക്കും. കുട്ടികളുടെ എണ്ണം നാലായാലോ ഒരാളുടെയെങ്കിലും പ്രായം നാലരവയസ്സ് കഴിഞ്ഞാലോ ഈ തുക ലഭിക്കില്ല. 10 കുട്ടികളായാലും തുകയില്‍ വര്‍ദ്ധനവുണ്ടാവുകയുമില്ല. ഓരോ ആശയുടെയും പ്രവര്‍ത്തനപരിധിക്കുള്ളിലുള്ളവരായിരിക്കണം ഈ കുട്ടികള്‍. ഒരു വാര്‍ഡില്‍ രണ്ട് ആശ പ്രവര്‍ത്തകമാരുണ്ടെങ്കില്‍, ആവശ്യത്തിന് കുട്ടികള്‍ ഉണ്ടെങ്കില്‍പ്പോലും ഒരു മാസത്തില്‍ തന്നെ ഒരു വാര്‍ഡില്‍ ഒരാള്‍ക്കു മാത്രമേ ഇതനുസരിച്ച് ഇന്‍സെന്റീവ് ലഭിക്കൂ.

ലാപ്രോസ്കോപ്പിക്ക് ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചാല്‍ 'ആശ'യ്ക്ക് 150 രൂപ ലഭിക്കും. ഇത് ഇപ്പോള്‍ വളരെ അപൂര്‍വമായേ ഉണ്ടാകൂ. അധികം ആളുകളും പ്രസവത്തോടനുബന്ധിച്ചു തന്നെ ശസ്ത്രക്രിയ ചെയ്യുന്നത് കേരളത്തില്‍ പതിവായിരിക്കുന്നതാണ് കാരണം.

ജനനി സുരക്ഷായോജന പ്രകാരം ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ഒരു ഗര്‍ഭിണിയെ മൂന്നാം മാസത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും തുടര്‍ന്ന് പ്രസവിച്ച് കുഞ്ഞിന് മൂന്ന് മാസം കഴിയുന്നതുവരെ ഓരോ ഘട്ടത്തിലും വൈദ്യപരിചരണം ലഭ്യമാക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്താല്‍ 600 രൂപ ആശയ്ക്ക് ലഭിക്കുമെന്നാണ് പറയുന്നതെങ്കിലും ഇതുവരെ ആര്‍ക്കെങ്കിലും ഈ തുക ലഭിച്ചതായി അറിയില്ലെന്നാണ് പരിഭവത്തോടെ ഇവര്‍ പറയുന്നത്. എന്നാല്‍ പ്രതിമാസം സബ്സെന്ററുകളില്‍ ചേരാറുള്ള മദേഴ്സ് മീറ്റിങ്ങില്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട മുലയൂട്ടുന്ന അമ്മമാരെ എത്തിച്ചാല്‍ 50 രൂപ 'ആശ'യ്ക്ക് ലഭിക്കും. ഇത് 25 എന്നത് ഒരെണ്ണം കുറഞ്ഞാല്‍പോലും ഇന്‍സെന്റീവ് ഉണ്ടാവില്ല എന്ന് ആശാ പ്രവര്‍ത്തകരായ ലീലാവതിയും സുബൈദയും ഹലീമയും പരിഭത്തോടെ പറയുന്നു. പഞ്ചായത്ത് സാനിറ്റേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനായി ഒരു വര്‍ഷം 10,000 രൂപ ലഭിക്കും. ഈ കമ്മിറ്റിയുടെ പരിധിയില്‍ ഏഴോ എട്ടോ ആശമാരുണ്ടാകും. ആനുപാതികമായി ചെറിയൊരു തുക ഇതില്‍നിന്നും ഇവര്‍ക്ക് ലഭിക്കും എന്നാണ് അറിയുന്നത്.

പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോള്‍ അത് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യല്‍, അവരെ ചികില്‍സയ്ക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കല്‍, തിമിര ശസ്ത്രക്രിയയ്ക്ക് ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആളുകളെ ആശുപത്രിയില്‍ എത്തിക്കല്‍, ക്ഷയരോഗം ബാധിച്ചവരുണ്ടെങ്കില്‍ അവരെ പിഎച്ച്സിയില്‍ രജിസ്റ്റര്‍ ചെയ്ത് ചികില്‍സ ലഭ്യമാക്കല്‍, അവര്‍ക്ക് ഡോട്സ്നല്‍കല്‍ ഇതെല്ലാം ആശയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നതാണ്. പക്ഷേ, ഇവര്‍ക്ക് അര്‍ഹമായ പരിഗണനയോ ആനുകൂല്യമോ ലഭിക്കുന്നില്ല എന്ന പരാതിയാണുള്ളത്. അത് ശരിയാണുതാനും. മാത്രമല്ല, തുച്ഛമായ ആനുകൂല്യംപോലും കാലതാമസം കൂടാതെ അതാത് സമയത്ത് ലഭിക്കും എന്ന് ഉറപ്പുമില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ എന്നതുപോലെ ബാങ്ക് അക്കൌണ്ടില്‍ കൂടി തുക നല്‍കണമെന്നതും പ്രതിമാസം കൃത്യമായ ഒരു തുക ഓണറേറിയമോ അലവന്‍സോ ആയി ലഭ്യമാക്കണമെന്നതുമാണ് തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ എന്നാണ് ആശാ വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഗീത പറയുന്നത്. പക്ഷേ നിലവില്‍ കേന്ദ്ര പദ്ധതിയില്‍ അതിന് വ്യവസ്ഥയില്ല. മാത്രമല്ല, 2012 വരെ മാത്രമുള്ള ഒരു താല്‍ക്കാലിക പ്രോജക്ടായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഒരു സ്ഥിരം സംവിധാനമാക്കി അംഗീകരിക്കണം എന്ന ആവശ്യവും സംഘടന മുന്നോട്ടുവെയ്ക്കുന്നുണ്ട്.

പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനും ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതിനും സംഘടിക്കേണ്ടത് ആവശ്യമാണെന്ന ബോധമാണ് സിഐടിയുവിന്റെ കൊടിക്കീഴില്‍ അണിനിരക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. സംഘടനയ്ക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. ഏകദേശം 90 ശതമാനം ആശാപ്രവര്‍ത്തകരെയും ഈ സംഘടനയില്‍ അംഗങ്ങളായി ഇതിനകം ചേര്‍ത്തു കഴിഞ്ഞു. അംഗന്‍വാടി ജീവനക്കാരെയും അസംഘടിതരായ മറ്റു നിരവധി മേഖലകളിലെ തൊഴിലാളികളെയും സംഘടിപ്പിച്ച് സമരങ്ങളിലൂടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് നേതൃത്വം നല്‍കിയത് സിഐടിയു ആണെന്ന യാഥാര്‍ത്ഥ്യമാണ് ഇവരെയും സിഐടിയുവിന്റെ കൊടിക്കീഴില്‍ തന്നെ അണിനിരക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ മറ്റെല്ലാ മേഖലകളിലും എന്നതുപോലെ തന്നെ ഒന്നിച്ചു നില്‍ക്കുന്ന തൊഴിലാളികളെ കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതിനായി ഐഎന്‍ടിയുസിയും മറ്റു ശിഥിലീകരണ ശക്തികളും ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയുമാണ്.

ജി വിജയകുമാര്‍ ചിന്ത വാരിക 01 ജനുവരി 2010

1 comment:

  1. വനിതകള്‍ മാത്രമുള്ള ഒരു പ്രകടനം, മാര്‍ഗതടസ്സമൊന്നും ഉണ്ടാക്കാതെ അച്ചടക്കത്തോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നീങ്ങുന്നു. നഗരവീഥിയെ പ്രകമ്പനം കൊള്ളിക്കുന്നതോ സ്തംഭിപ്പിക്കുന്നതോ അല്ലെങ്കിലും ചെങ്കൊടിയും ചുവന്ന ബാനറും പ്ളക്കാര്‍ഡുകളും പിടിച്ചുള്ള ആ പ്രകടനം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതുതന്നെ. ആശാ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പ്രക്ഷോഭത്തിന്റെ നാന്ദികുറിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചാണത്. അധികമാരും പ്രത്യേകിച്ചും തലസ്ഥാന നഗരവാസികള്‍ കേട്ടിട്ടില്ലാത്ത അഥവാ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വിഭാഗത്തിന്റെ പ്രകടനം എന്ന സവിശേഷതയാണ് അതിനെ ശ്രദ്ധേയമാക്കിയത്. തങ്ങളുടെ ആവശ്യങ്ങളും അവശതകളും പ്രശ്നങ്ങളും ഭരണാധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിനാണ് പുതുതായി സംഘടിതരായി വരുന്ന ഈ വനിതകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്.

    ReplyDelete