Thursday, February 4, 2010

പെട്രോള്‍ ലിറ്ററിന് 80 രൂപ, എല്‍പിജിക്ക് 815 രൂപ'

ന്യൂഡല്‍ഹി: പെട്രോള്‍വില ലിറ്ററിന് 80 രൂപ, ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 815 രൂപ- പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച കിറിത് പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കിയാല്‍ ഇതായിരിക്കും അവസ്ഥ. അന്താരാഷ്ട്രവിപണിയിലെ അസംസ്കൃത എണ്ണയുടെ വിലവര്‍ധനയ്ക്ക് ആനുപാതികമായി പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കണമെന്ന് കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. അസംസ്കൃത എണ്ണ വില ബാരലിന് 150 ഡോളറായാല്‍ 79.32 രൂപയായിരിക്കണം ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീസലിന് 66.83 രൂപയും മണ്ണെണ്ണയ്ക്ക് 55.06 രൂപയും പാചകവാതക സിലിണ്ടറിന് 815.42 രൂപയും ഈടാക്കണം. 2008 ആഗസ്തില്‍ അസംസ്കൃത എണ്ണയ്ക്ക് 148 ഡോളറായിരുന്നു വില. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നഷ്ടം സഹിച്ച് വില്‍ക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതിനാല്‍ ആഗോളവിലയിലെ മാറ്റമനുസരിച്ച് ആഭ്യന്തരവിലയില്‍ മാറ്റം വരുത്തണം. പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് പണപ്പെരുപ്പത്തെ ബാധിക്കില്ലെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

ഇരുചക്രവാഹനം, കാര്‍തുടങ്ങിയ പെട്രോള്‍ വാഹനങ്ങളുള്ളവര്‍ നല്ല സാമ്പത്തികസ്ഥിതിയുള്ളവരാണ്. അവര്‍ക്ക് ഒരു കാരണവശാലും സബ്സിഡി നല്‍കരുതെന്ന് സമിതി ആവശ്യപ്പെടുന്നു. ഇരുചക്രവാഹനത്തിന് മാസം ശരാശരി 320 രൂപയുടെയും കാറിന് 2210 രൂപയുടെയും ഇന്ധനം മതിയെന്നാണ് സമിതിയുടെ കണ്ടെത്തല്‍. അത് താങ്ങാനുള്ള ശേഷി ആ വാഹനങ്ങളുടെ ഉടമകള്‍ക്കുണ്ട്. അതിനാല്‍ സബ്സിഡി പാടില്ല. ഡീസലിന്റെ 40 ശതമാനത്തോളം ട്രക്ക്, ചെറു ചരക്കുവാഹനങ്ങള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. ഡീസല്‍ വില വര്‍ധിപ്പിച്ചാല്‍ അവര്‍ ഇന്ധനശേഷി വര്‍ധിപ്പിക്കാനുള്ള മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊള്ളും. അതിനാല്‍ വിലവര്‍ധന നാണയപ്പെരുപ്പത്തിന് ഇടയാക്കില്ല.

കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡീസലിന് വില വര്‍ധിപ്പിച്ചാല്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കുറഞ്ഞ സംഭരണവില സര്‍ക്കാര്‍ വര്‍ധിപ്പിക്കും. അതിനാല്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകില്ല- റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍, അധികമാരും വിളക്കു കത്തിക്കാന്‍ മണ്ണെണ്ണ ഉപയോഗിക്കുന്നില്ലെന്ന് സമിതി വിലയിരുത്തി. സാമ്പത്തികവളര്‍ച്ചയും ദ്രുതഗതിയിലുള്ള വൈദ്യുതീകരണവും എല്‍ഇഡി തുടങ്ങിയ ആധുനികരീതിയിലുള്ള വിളക്കുകളും സൌരോര്‍ജവും മണ്ണെണ്ണ ഉപയോഗം കുറച്ചു. അതിനുള്ള സബ്സിഡിയും എടുത്തുകളയണമെന്നാണ് നിര്‍ദേശം. പാചകവാതക ഉപയോഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പല മടങ്ങായി. ഒന്നുകില്‍ സബ്സിഡി വെട്ടിക്കുറയ്ക്കണം. അല്ലെങ്കില്‍ സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കണം. വളരെ പാവപ്പെട്ടവര്‍ക്ക് മാത്രം സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തി ഒരു വര്‍ഷം നിശ്ചിത എണ്ണം സിലിണ്ടര്‍ നല്‍കണം. അതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വില ഈടാക്കണമെന്നും നിര്‍ദേശമുണ്ട്. ആവശ്യമായ വിവരങ്ങള്‍ നല്‍കിയതിന് എഡിബി, ലോകബാങ്ക് എന്നിവര്‍ക്ക് റിപ്പോര്‍ട്ട് പ്രത്യേകം നന്ദി പറയുന്നു.
(വി ജയിന്‍)

പാചകവാതകത്തിന് 100 രൂപ കൂട്ടാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: പാചകവാതകം സിലിണ്ടറിന് 100 രൂപയും മണ്ണെണ്ണ ലിറ്ററിന് ആറു രൂപയും വര്‍ധിപ്പിക്കാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയം സംബന്ധിച്ചു പഠിച്ച കിറിത് പരീഖ് സമിതി കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്‍കി. പെട്രോളിനും ഡീസലിനും മൂന്നു രൂപവീതം കൂട്ടാനും നിര്‍ദേശമുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിയന്ത്രണം എടുത്തുകളയണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണസംവിധാനം തുടരണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കമ്മിറ്റിയെ നിയോഗിച്ചത്. നിലവിലുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയ നയം നിലനില്‍ക്കുന്നതല്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം സമിതി അധ്യക്ഷന്‍ കിറിത് പരീഖ് മാധ്യമങ്ങളോടു പറഞ്ഞു.

പെട്രോളിനും ഡീസലിനും വില നിശ്ചയിക്കുന്നത് മത്സരാധിഷ്ഠിത കമ്പോളത്തിനു വിട്ടുകൊടുക്കണം. പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും സബ്സിഡി നല്‍കുന്നത് തുടരുകയും ചെയ്യാം. കേന്ദ്രസര്‍ക്കാരിന്റെ വിലനിയന്ത്രണം ഇല്ലാതായാല്‍ പെട്രോളിന് മൂന്നു രൂപയും ഡീസലിന് മൂന്നു മുതല്‍ നാലുരൂപ വരെയും വര്‍ധിപ്പിക്കാന്‍ കഴിയും. ഇപ്പോഴുള്ള നയമനുസരിച്ച് വില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികളെ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ മാറ്റമനുസരിച്ച് ആഭ്യന്തര വില നിശ്ചയിക്കാന്‍ അനുവദിക്കാത്തതുകൊണ്ട് എണ്ണക്കമ്പനികള്‍ക്ക് നഷ്ടം വരുന്നെന്നാണ് വാദം. ഈ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലാത്ത സ്ഥിതിയില്‍ വില വര്‍ധിപ്പിക്കണമെന്നും ഗവമെന്റിന്റെ നിയന്ത്രണം എടുത്തുകളയണമെന്നുമാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. പെട്രോളിയംമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇതേ അഭിപ്രായമാണ് ഉള്ളത്. എന്നാല്‍ ഇത് പരീഖ് സമിതിയുടെ തലയില്‍കെട്ടിവച്ച് നടപ്പാക്കാനാണ് നീക്കം. പരീഖ് കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് ഒരാഴ്ചയ്ക്കകം ക്യാബിനറ്റിന് സമര്‍പ്പിക്കുമെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്റ പറഞ്ഞു.

സമിതി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ആഗോളവിപണിയിലെ ചലനത്തിനനുസരിച്ച് ഉപയോക്താക്കള്‍ ഭാരം വഹിക്കേണ്ടിവരും. അസംസ്കൃത എണ്ണയ്ക്ക് ബാരലിന് 140 ഡോളര്‍ വരെ ഉയര്‍ന്ന സാഹചര്യത്തിലും അതനുസരിച്ച് വില വര്‍ധിപ്പിക്കാതെ ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നതാണ് ഗവമെന്റിന്റെ വിലനിയന്ത്രണ സംവിധാനം. നിയന്ത്രണം ഉപേക്ഷിച്ചാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമില്ലാതെ വില ഉയരും. സ്വകാര്യമേഖലയിലെ എണ്ണക്കമ്പനികളെ സഹായിക്കാന്‍ ലക്ഷ്യംവച്ചാണ് നിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്സാഹിക്കുന്നത്. ഇപ്പോള്‍ ശുപാര്‍ശ ചെയ്ത വിലവര്‍ധന നടപ്പാക്കിയാല്‍ ഡല്‍ഹിയില്‍ പെട്രോളിന് 47.72 രൂപയില്‍നിന്ന് 50.72 രൂപയും ഡീസലിന് 37.87 രൂപയില്‍നിന്ന് 40.87 രൂപയും പാചകവാതകത്തിന് 300 രൂപയില്‍നിന്ന് 400 രൂപയുമാകും.

ദേശാഭിമാനി 040210

2 comments:

  1. പെട്രോള്‍വില ലിറ്ററിന് 80 രൂപ, ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 815 രൂപ- പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച കിറിത് പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കിയാല്‍ ഇതായിരിക്കും അവസ്ഥ. അന്താരാഷ്ട്രവിപണിയിലെ അസംസ്കൃത എണ്ണയുടെ വിലവര്‍ധനയ്ക്ക് ആനുപാതികമായി പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കണമെന്ന് കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. അസംസ്കൃത എണ്ണ വില ബാരലിന് 150 ഡോളറായാല്‍ 79.32 രൂപയായിരിക്കണം ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീസലിന് 66.83 രൂപയും മണ്ണെണ്ണയ്ക്ക് 55.06 രൂപയും പാചകവാതക സിലിണ്ടറിന് 815.42 രൂപയും ഈടാക്കണം. 2008 ആഗസ്തില്‍ അസംസ്കൃത എണ്ണയ്ക്ക് 148 ഡോളറായിരുന്നു വില. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നഷ്ടം സഹിച്ച് വില്‍ക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതിനാല്‍ ആഗോളവിലയിലെ മാറ്റമനുസരിച്ച് ആഭ്യന്തരവിലയില്‍ മാറ്റം വരുത്തണം. പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് പണപ്പെരുപ്പത്തെ ബാധിക്കില്ലെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

    ReplyDelete