Monday, February 1, 2010

കെല്‍ട്രോണ്‍ കുതിപ്പിലേക്ക്

1972ല്‍ ആരംഭിച്ച കെല്‍ട്രോണ്‍ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും വിതരണത്തിനുമായി സ്ഥാപിക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ ഇലക്ട്രോണിക്സ് വികസന കോര്‍പറേഷനുകളുടെ പതാകവാഹിനിയായിരുന്നു. ഒരു കോടി രൂപ മൂലധനത്തോടെ പ്രവര്‍ത്തനം തുടങ്ങിയ കെല്‍ട്രോണിന് വളരെ വേഗം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തെ പൊതുമേഖലയിലെ നിറഞ്ഞ സാന്നിധ്യമായി മാറാനുംകഴിഞ്ഞു. കെ പി പി നമ്പ്യാരുള്‍പ്പെടെ നിരവധി പേരുടെ സംഭാവന ഈ പുരോഗതിയില്‍ സുപ്രധാന പങ്കുവഹിച്ചു. കുറഞ്ഞ വിലയ്ക്ക് ഗുണഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ രാജ്യത്തിനകത്തും പുറത്തും ലഭ്യമായി. സര്‍ക്കാര്‍ ഏജന്‍സികളെ ഉള്‍പ്പെടുത്തി സബ്സിഡിയറി അസോസിയേറ്റഡ് കമ്പനികളും സ്വകാര്യ പങ്കാളിത്തത്തോടെ സംയുക്ത സംരംഭങ്ങളും ഒട്ടേറെ വനിതാ വ്യവസായ സഹകരണസംഘങ്ങളും കെല്‍ട്രോണിന്റെ സംഭാവനയാണ്. ആഭ്യന്തര ഗവേഷണ സ്ഥാപനമായ ഇആര്‍ ആന്‍ഡ് ഡിസി കേന്ദ്രം പിന്നീട് ഏറ്റെടുത്തെങ്കിലും തുടക്കം കെല്‍ട്രോണായിരുന്നു. ഇതൊക്കെ കെല്‍ട്രോണിന്റെ പ്രതാപകാലത്തായിരുന്നു.

ഒരു കോടി രൂപ മൂലധനത്തില്‍ തുടങ്ങിയ കെല്‍ട്രോണ്‍ 4000 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുകയും 104 കോടി രൂപ മൂലധനത്തോടെയും 123 കോടി രൂപ വിറ്റുവരവുള്ള സുപ്രധാന സ്ഥാപനമായി കേരളത്തില്‍ മാറി. ആദ്യത്തെ രണ്ടു ദശകം കുതിപ്പിന്റെ കാലമായിരുന്നു. 91ലെ ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നയമാണ് കെല്‍ട്രോണിനെ കിതപ്പിലെത്തിച്ചത്. ഇലക്ട്രോണിക്സ് വ്യവസായ മേഖലയില്‍ ബഹുരാഷ്ട്രകമ്പനികളുടെ വരവും കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കം ഗുണ്യമായി കുറച്ചതും കെല്‍ട്രോണ്‍ വൈവിധ്യവല്‍ക്കരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാതായി. വിദേശ സാങ്കേതികവിദ്യയോട് നമുക്ക് മത്സരിക്കാന്‍ കഴിയുമെങ്കിലും നിര്‍മിത വസ്തുക്കള്‍ക്ക് അസംസ്കൃത വസ്തുക്കളെക്കാള്‍ ചുങ്കം കുറച്ച നടപടിയാണ് ഏറെ പ്രതിസന്ധിയിലാക്കിയത്. ആദ്യ രണ്ട് ദശകം നഷ്ടം 23.90 കോടിയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2003-04 ല്‍ സാമ്പത്തിക ബാധ്യത 429 കോടിയായി ഉയര്‍ന്നു. മുടക്കുമുതലിനേക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടാക്കിയ സ്ഥാപനമായി കെല്‍ട്രോണ്‍ മാറി. ബാങ്ക് ബാധ്യതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതിനാല്‍ ബി ഐഎഫ്ആര്‍ (ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീകസ്ട്രക്ഷന്‍) പരിധിയില്‍ കടക്കെണിയില്‍ അകപ്പെട്ടു. 99ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ജീവനക്കാര്‍ ഒട്ടേറെ ത്യജിക്കാനും കെല്‍ട്രോണ്‍ സംരക്ഷിക്കാനും സന്നദ്ധമായി. ഒന്നര ദശകം ശമ്പള പരിഷ്കരണം നടന്നില്ലെന്നു മാത്രമല്ല അര്‍ഹതപ്പെട്ട പ്രമോഷനും വിവിധ ആനുകൂല്യങ്ങളും ജീവനക്കാര്‍ ഉപേക്ഷിച്ചു. 2000 ല്‍ പ്രവര്‍ത്തന ലാഭമുണ്ടാക്കാന്‍ കഴിഞ്ഞത് ഈ ത്യാഗത്തിന്റെകൂടി ഫലമായാണ്. അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കെല്‍ട്രോണ്‍ സംരക്ഷിക്കാന്‍ സ്വീകരിച്ച മാതൃകാപരമായ നടപടികള്‍ വിസ്മരിക്കാന്‍ കഴിയില്ല.

കെല്‍ട്രോണ്‍ പ്രവര്‍ത്തനലാഭത്തിലേക്ക് നീങ്ങിയപ്പോഴാണ് 2005-06 കാലത്ത് അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ആര്‍ സി ചൌധരിയെ ഈ സ്ഥാപനത്തിന്റെ ചെയര്‍മാനായി അവരോധിക്കുകയും വിറ്റുതുലയ്ക്കാന്‍ നടപടി സ്വീകരിക്കുകയുംചെയ്തത്. എന്റര്‍പ്രൈസസ് റിഫോംസ് കമ്മിറ്റിയുടെ അധ്യക്ഷന്‍കൂടിയായ ചൌധരിയാവട്ടെ പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുകയെന്ന യു ഡിഎഫ് നയം നടപ്പാക്കാനുതകും വിധത്തിലുള്ള റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിച്ചത്. തിരുവനന്തപുരത്തെ കെല്‍ട്രോണ്‍ കൌണ്ടേഴ്സ് എന്ന സ്ഥാപനം ആലൂക്കാസിന് വില്‍ക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പദ്ധതി. സേവ് കെല്‍ട്രോണ്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ബഹുജനങ്ങളെ അണിനിരത്തി ഉജ്വലമായ പോരാട്ടത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഈ കിതപ്പിന്റെ കാലത്തും കെല്‍ട്രോണ്‍ എന്ന നാമം വിശ്വപ്രസിദ്ധമായിരുന്നുവെന്ന കാര്യം പ്രത്യേകം സ്മരണീയമാണ്. അതുകൊണ്ടുതന്നെ വിറ്റുതുലയ്ക്കാനുള്ള നീക്കം ജനങ്ങളെ അണിനിരത്തി തടയാന്‍ കഴിഞ്ഞു.

2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ ആത്മവിശ്വാസം വീണ്ടെടുത്തു കെല്‍ട്രോണ്‍ കുതിപ്പിലേക്ക് നീങ്ങിത്തുടങ്ങി. ധനസ്ഥാപനങ്ങളുടെ ബാധ്യതകള്‍ 317.47 കോടി 57 കോടിയായി നിജപ്പെടുത്തി സര്‍ക്കാര്‍തന്നെ 5 വാര്‍ഷിക ഗഡുവായി അടച്ചുതീര്‍ക്കാന്‍ തീരുമാനിച്ചു. ഇതിനുപുറമെ ആദ്യവര്‍ഷംതന്നെ 10 കോടി രൂപ കെല്‍ട്രോണിന് ബജറ്റിലൂടെ നല്‍കി. സബ്സിഡിയറി കമ്പനികള്‍ക്ക് കെല്‍ട്രോണ്‍ വായ്പ എടുത്തു നല്‍കിയ 110.58 കോടിയുടെ ബാധ്യതയില്‍നിന്ന് ഒഴിവാക്കിക്കൊടുത്തു. സര്‍ക്കാര്‍ വായ്പയായ 11.82 കോടി ഓഹരിയാക്കി മാറ്റി. കിര്‍ഫ് ബോര്‍ഡില്‍ പലയിനത്തില്‍ നല്‍കാനുള്ള 8.70 കോടി ഒഴിവാക്കി. സബ്സിഡിയറി കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വായ്പ 2006 മുതല്‍ 5 വര്‍ഷത്തേക്ക് പലിശ മരവിപ്പിച്ചു. സബ്സിഡിയറി കമ്പനികള്‍ക്ക് 4 കോടി പ്രത്യേക സഹായം നല്‍കി. കണ്ണൂര്‍, കുറ്റിപ്പുറം, അരൂര്‍, മൂടാടി എന്നിവിടങ്ങളിലെ കെല്‍ട്രോണ്‍ യൂണിറ്റുകള്‍ പുതിയ പദ്ധതികള്‍ നടപ്പാക്കി മുന്നേറാന്‍ പ്രാപ്തമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ നടപടികളാണ്. 2003ല്‍ യുഡിഎഫ് ഭരണകാലത്ത് കണ്ണൂര്‍ യൂണിറ്റ് സ്വകാര്യവല്‍ക്കരിക്കാന്‍ ഉത്തരവിറക്കിയതാണ്.

പൊതുമേഖലാ സ്ഥാപനങ്ങളാണ് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഉന്നത ശൃംഗമെന്നു ജവാഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചെങ്കില്‍ മന്‍മോഹന്‍സിങ് പൊതുമേഖല രാജ്യത്തിന് ശാപവും ഭാരവുമാണെന്ന നിലപാടിലാണ്. ഈ കേന്ദ്രനയത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ നട്ടെല്ലായ പൊതുമേഖല വ്യവസായങ്ങള്‍ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ലാഭത്തിലാക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെല്‍ട്രോണ്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാതെ വന്‍കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ പദ്ധതിയിലൂടെ കടബാധ്യത വിമുക്തമാക്കി സര്‍ക്കാര്‍ മാറിനില്‍ക്കുകയല്ല ഇവിടെ ചെയ്തത്. വിപണി സാധ്യതകള്‍ക്കനുസൃതമായ വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്കാവശ്യമായ ധനസഹായം നല്‍കിയും പ്രൊഫഷണലുകളായ എംഡിയെയും മധ്യനിര സാങ്കേതിക ഉദ്യോഗസ്ഥരെയും നിയമിക്കാനും യഥാസമയം മോണിറ്ററിങ് നടത്തി പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാനും സര്‍ക്കാര്‍തന്നെ മുന്‍കൈ എടുത്തു. യുഡിഎഫാവട്ടെ ഒരു ധനസഹയാവും 5 വര്‍ഷത്തിനിടയില്‍ നല്‍കിയില്ലെന്നു മാത്രമല്ല നിയമന നിരോധനമാണ് നടപ്പാക്കിയത്. പ്രാപ്തരും വിദഗ്ധരുമില്ലാതെ നാഥനില്ലാത്ത സ്ഥാപനമാക്കി മാറ്റിയ കെല്‍ട്രോണില്‍ ദീര്‍ഘകാലത്തെ നിയമന നിരോധനംമൂലം താഴെക്കിടയില്‍ പരിചയ സമ്പന്നരായവര്‍ റിട്ടയര്‍ചെയ്താല്‍ പകരം വയ്ക്കാവുന്ന തൊഴിലാളികളും ഇല്ലാതായി.

കമ്പനി പ്രവര്‍ത്തനങ്ങളിലും നയപരമായ തീരുമാനങ്ങളിലും തൊഴിലാളികളുടെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും അഭിപ്രായം കണക്കിലെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ കെല്‍ട്രോണില്‍ ഫലം കണ്ടെത്തിത്തുടങ്ങി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനുള്ള പദ്ധതികള്‍ ഇതിനകം അഞ്ച് സ്ഥാപനങ്ങള്‍ വിജയകരമായി നടപ്പാക്കി വരികയാണ്. നാല്‍പ്പത്തൊന്ന് പൊതുമേഖലാ സ്ഥാപനങ്ങളാണ് വ്യവസായ വകുപ്പിന്റെ കീഴിലുള്ളത്. അതില്‍ 33 എണ്ണവും ലാഭത്തിലായി. യുഡിഎഫ് ഭരണകാലത്ത് കേവലം 12 സ്ഥാപനംമാത്രമായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചത്. 2005-06ല്‍ 70 കോടി രൂപയായിരുന്നു നഷ്ടം. കഴിഞ്ഞ വര്‍ഷം (2008-09) 170 കോടി ലാഭമായി എന്നതാണ് ഇടതുപക്ഷ നേട്ടം. കൂടുതല്‍ കമ്പനികള്‍ ലാഭത്തിലേക്ക് നീങ്ങുകയാണ്. കെല്‍ട്രോണാവട്ടെ 2008-09ല്‍ 11.11 കോടി ലാഭത്തിലായി. 2009 ഡിസംബര്‍വരെ പ്രവര്‍ത്തന ലാഭം 9 കോടി രൂപയാണ്. യുഡിഎഫ് ഭരണകാലത്ത് 24 കോടി നഷ്ടത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനമാണ് ഇത്തരമൊരു വളര്‍ച്ചയുടെ പടവുകള്‍ കയറുന്നത്. വിറ്റുവരവ് 1000 കോടിയായി വര്‍ധിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചുവരുന്നത്.

ഡല്‍ഹിയിലെ വ്യവസായവകുപ്പ് ദേശീയ സെമിനാറില്‍ മുന്‍ കേന്ദ്ര വ്യവസായ വികസന സഹമന്ത്രി പി ജെ കുര്യന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യവസായ നയത്തെ ശ്ളാഘിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ്.

"ഒരു സര്‍ക്കാര്‍ വ്യവസായത്തെ മനഃപൂര്‍വം മരിക്കാന്‍ വിട്ടുകൊടുത്തുകൂടാ. പീഡിത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിരിക്കണം. ശ്രീ കരീം അതാണ് ചെയ്തത്. ഞാന്‍ അദ്ദേഹത്തെ സര്‍വാത്മനാ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഞാനൊരു കോണ്‍ഗ്രസ് എംപിയാണ്. രാഷ്ട്രീയമായി ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍, വികസനത്തിന്റെയും സദ്ഭരണത്തിന്റെയും ജനക്ഷേമത്തിന്റെയും കാര്യം പറയുമ്പോള്‍ എന്തിനാണ് ആ വ്യത്യാസം. എല്ലാ രാഷ്ട്രീയ പാര്‍ടികളും ആത്യന്തികമായി ലക്ഷ്യമിടുന്നത് ജനക്ഷേമമാണ്. പക്ഷേ, വ്യത്യസ്ത വഴികളാണെന്നുമാത്രം. ലക്ഷ്യം ഒന്നുതന്നെ. അതുകൊണ്ട് ശ്രീ കരീമിനെ അഭിനന്ദിക്കാനും പിന്തുണയ്ക്കാനും എനിക്ക് മടിയില്ല. മൂന്നുനാല് വര്‍ഷം മുമ്പ് 70 കോടി നഷ്ടം വരുത്തിയിരുന്നിടത്തെ ഇന്നത്തെ ലാഭം എടുത്തുപറയേണ്ടതാണ്.''

കെല്‍ട്രോണിന്റെ പുരോഗതിയും ഈ വീക്ഷണത്തോടെ എല്ലാവര്‍ക്കും കാണാന്‍ കഴിയേണ്ടതാണ്. സ്ഥാപനത്തിന്റെ പുരോഗതി ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കാന്‍കൂടി സഹായിക്കുന്നുവെന്ന് കെല്‍ട്രോണ്‍ സാക്ഷ്യപ്പെടുത്തുന്നു. തൊണ്ണൂറ്റാറിനുശേഷം നീണ്ട 13 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ശമ്പള പരിഷ്കരണം 2009 നവംബറില്‍ നടപ്പാക്കിയത്. ശമ്പള പരിഷ്കരണ ചര്‍ച്ചാവേളയില്‍ ഐഎന്‍ടിയുസി നേതാവ് പാലോട് രവി ചൂണ്ടിക്കാട്ടിയതുപോലെ എല്‍ഡിഎഫ് സര്‍ക്കാരായതുകൊണ്ടാണ് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ കഴിഞ്ഞത്. പൊതുമേഖലാ വ്യവസായങ്ങളെ അഭിവൃദ്ധിയിലേയ്ക്ക് നയിക്കാനും ജീവനക്കാരുടെ അവകാശങ്ങള്‍ നേടാനും കഴിയണമെങ്കില്‍ എല്‍ഡിഎഫ് തന്നെ വേണം. 4.20 കോടി രൂപയുടെ അധിക ബാധ്യതയാണ് കെല്‍ട്രോണ്‍ ശമ്പള പരിഷ്കരണം നടപ്പാക്കുക വഴി ഏറ്റെടുക്കുന്നത്. 2000 മുതല്‍ 3500 രൂപവരെയാണ് തൊഴിലാളികള്‍ക്ക് പ്രതിമാസം ലഭിക്കുന്ന അധികവേതനം. എക്സിക്യൂട്ടീവ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതിനേക്കാള്‍ ശമ്പളം വര്‍ധിക്കും. യുഡിഎഫ് നിഷേധിച്ച ആശ്രിത നിയമനവും പ്രമോഷനും പുനസ്ഥാപിച്ചത് ഏറെ ആശ്വാസകരമാണ്. എല്ലാ അലവന്‍സുകളും കാലോചിതമായി വര്‍ധിപ്പിച്ചു. കെല്‍ട്രോണ്‍ കൌണ്ടേഴ്സ്, ഐപിഡിഎല്‍ ജീവനക്കാരെ കെല്‍ട്രോണില്‍ പുനര്‍വിന്യസിക്കാനും 18 വര്‍ഷമായി ജോലി ചെയ്തുവരുന്ന താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനും ശമ്പള പരിഷ്കരണ കരാറില്‍ തീരുമാനമായി. എന്നാല്‍, മറ്റു യൂണിറ്റുകളില്‍ തൊഴില്‍ചെയ്യുന്ന താല്‍ക്കാലിക തൊഴിലാളികള്‍ക്കുകൂടി സ്ഥിരനിയമനം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണം. പുനര്‍വിന്യാസ നടപടികള്‍ ത്വരിതപ്പെടുത്തണം. മധ്യനിരയില്‍ക്കൂടി പ്രാപ്തരായ പ്രൊഫഷണലുകളെ നിയമിക്കാനും മാര്‍ക്കറ്റിങ് സംവിധാനം മെച്ചപ്പെടുത്താനും കഴിയണം. ഇത്തരം ഫലപ്രദമായ നടപടികളിലൂടെ കെല്‍ട്രോ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുംവിധത്തില്‍ പ്രതാപകാലം വീണ്ടെടുക്കുകതന്നെ ചെയ്യും.

എം വി ജയരാജന്‍ ദേശാഭിമാനി 010210

3 comments:

  1. 1972ല്‍ ആരംഭിച്ച കെല്‍ട്രോണ്‍ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും വിതരണത്തിനുമായി സ്ഥാപിക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ ഇലക്ട്രോണിക്സ് വികസന കോര്‍പറേഷനുകളുടെ പതാകവാഹിനിയായിരുന്നു. ഒരു കോടി രൂപ മൂലധനത്തോടെ പ്രവര്‍ത്തനം തുടങ്ങിയ കെല്‍ട്രോണിന് വളരെ വേഗം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തെ പൊതുമേഖലയിലെ നിറഞ്ഞ സാന്നിധ്യമായി മാറാനുംകഴിഞ്ഞു. കെ പി പി നമ്പ്യാരുള്‍പ്പെടെ നിരവധി പേരുടെ സംഭാവന ഈ പുരോഗതിയില്‍ സുപ്രധാന പങ്കുവഹിച്ചു. കുറഞ്ഞ വിലയ്ക്ക് ഗുണഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ രാജ്യത്തിനകത്തും പുറത്തും ലഭ്യമായി. സര്‍ക്കാര്‍ ഏജന്‍സികളെ ഉള്‍പ്പെടുത്തി സബ്സിഡിയറി അസോസിയേറ്റഡ് കമ്പനികളും സ്വകാര്യ പങ്കാളിത്തത്തോടെ സംയുക്ത സംരംഭങ്ങളും ഒട്ടേറെ വനിതാ വ്യവസായ സഹകരണസംഘങ്ങളും കെല്‍ട്രോണിന്റെ സംഭാവനയാണ്. ആഭ്യന്തര ഗവേഷണ സ്ഥാപനമായ ഇആര്‍ ആന്‍ഡ് ഡിസി കേന്ദ്രം പിന്നീട് ഏറ്റെടുത്തെങ്കിലും തുടക്കം കെല്‍ട്രോണായിരുന്നു. ഇതൊക്കെ കെല്‍ട്രോണിന്റെ പ്രതാപകാലത്തായിരുന്നു.

    ReplyDelete
  2. കെല്‍ട്രോണ്‍ പുരോഗതിയിലേക്ക് എന്നറിയുന്നതില്‍ സന്തോഷം.

    ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ കേരളത്തിന് ഏറ്റവും അനുയോജ്യമായ വികസനപാതയാണ്. അത് മനസ്സിലാക്കി പ്രവര്‍ത്തിച്ചത് ആര്, പിന്നോട്ട് നടത്തിയത് ആര് എന്ന ഒറ്റ കാര്യം മതി ആരാണ് വികസനോന്മുഖര്‍, ആരാണ് വികസനവിരുദ്ധര്‍ എന്ന് മനസ്സിലാക്കുവാന്‍.

    ReplyDelete
  3. njaan keltron inte MEDICL transcription course cheythittundu. Franchisee system aanu

    ReplyDelete