Monday, February 8, 2010

മന്ത്രി കെ വി തോമസ് അറിയാന്‍

കേന്ദ്ര റേഷന്‍വിഹിതം കേരളം വാങ്ങുന്നില്ലെന്നും വിലക്കയറ്റത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണെന്നും വന്‍കടല വിലകൂട്ടി വിറ്റെന്നുമുള്ള കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ വി തോമസിന്റെ അഭിപ്രായം ഗീബല്‍സിയന്‍ നുണയാണ്. കെ വി തോമസ് കേരളത്തിലെ റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാവായിരുന്നു; അക്കാലത്ത് റേഷന്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുകയും വിഹിതം വെട്ടിക്കുറയ്ക്കുകയും വില വര്‍ധിപ്പിക്കുകയുംചെയ്ത കേന്ദ്ര നടപടികള്‍ക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചയാളുമാണ്. കേരളത്തിലാകെ 1,73,000 റേഷന്‍ വ്യാപാരികളാണുള്ളത്. റേഷന്‍ വ്യാപാരികളുടെ സംഘടന എല്ലാവര്‍ക്കും റേഷന്‍ എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി രാജ്യവ്യാപകമായ സമരത്തിനു തയ്യാറെടുക്കുകയാണ്. സാര്‍വത്രിക റേഷനിങ് പട്ടിണി മരണം ഒഴിവാക്കാനും ജീവിക്കാനുമുള്ള ജനങ്ങളുടെ അവകാശംകൂടിയാണ്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ് വരുംനാളുകളില്‍ കേരളത്തില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത്. ആ പോരാട്ടത്തോടൊപ്പമാണോ അതോ ജനവിരുദ്ധ നയത്തോടൊപ്പമാണോ കേന്ദ്ര ഭക്ഷ്യ സഹമന്ത്രിയെന്ന ചോദ്യം വളരെയേറെ പ്രസക്തമാണ്.

മൂന്ന് ദശകമായി നിലനിന്നിരുന്ന സാര്‍വത്രിക റേഷന്‍ ആഗോളവല്‍ക്കരണനയത്തെ തുടര്‍ന്ന് ഇല്ലാതാക്കിയത് എ കെ ആന്റണി കേന്ദ്ര ഭക്ഷ്യമന്ത്രിയായപ്പോഴാണ്. ബിപിഎല്‍ - എപിഎല്‍ എന്ന വിധം രണ്ടുതരം കാര്‍ഡും രണ്ടുതരം വിലയും ഏര്‍പ്പെടുത്തിയപ്പോള്‍ത്തന്നെ സിപിഐ എം ഇതിന്റെ ആപത്ത് ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ഭൂരിപക്ഷം വരുന്ന എപിഎല്‍ കുടുംബങ്ങള്‍ റേഷന്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്ന വ്യവസ്ഥപോലും കൊണ്ടുവന്നു. ഈ നിയമം പാസാക്കിയാല്‍ 50 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ നിഷേധിക്കപ്പെടും. അങ്ങനെ വന്നാല്‍ കേരളത്തില്‍ റേഷന്‍ കടകള്‍ മൂന്നില്‍ രണ്ടും അടച്ചുപൂട്ടേണ്ടിവരും. സ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ലഭ്യമായിരുന്ന റേഷന്‍ ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ബിപിഎല്‍ ലിസ്റിലുള്ളവര്‍ക്കു മാത്രമാക്കുന്നുവെന്ന ആക്ഷേപത്തെ താങ്കളുടെ തുറന്ന കത്തില്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ മില്ലുടമകള്‍ക്കും കച്ചവടക്കാര്‍ക്കും ലേലത്തിലൂടെ (ഓപ്പ മാര്‍ക്കറ്റ് സെയില്‍സ് സ്കീം) കൂടിയ വിലയ്ക്ക് (17 രൂപ) സംസ്ഥാനങ്ങള്‍ക്ക് അരി നല്‍കുന്നത്. ഇത്തരത്തില്‍ അരി നല്‍കുമ്പോള്‍ കേരളത്തിലെ പൊതുമാര്‍ക്കറ്റിലെ അരിയുടെ വില 22 രൂപയായി വര്‍ധിച്ചു. അതിനുമുമ്പ് 18 രൂപയായിരുന്നു. അപ്പോള്‍ റേഷന്‍വിലയാവട്ടെ 6 രൂപ 90 പൈസയും. റേഷനരി വില 17 രൂപയായി വര്‍ധിപ്പിച്ചപ്പോഴാണ് പൊതുമാര്‍ക്കറ്റില്‍ അരിയുടെ വില വര്‍ധിച്ചത്. കേന്ദ്രം റേഷന്‍ അരിവില വര്‍ധിപ്പിക്കുക മാത്രമല്ല ആ നടപടിയിലൂടെ പൊതുമാര്‍ക്കറ്റിലും അരിവില വര്‍ധിപ്പിക്കാന്‍ കൂട്ടുനിന്നു. ഇതാവട്ടെ ഭക്ഷ്യധാന്യ വിപണന മേഖല കൈയടക്കിയ കുത്തക കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കി. സംസ്ഥാന സര്‍ക്കാരാവട്ടെ മാവേലി സ്റോറില്‍ കഴിഞ്ഞ മൂന്നു വര്‍ഷം അരിവില വര്‍ധിപ്പിച്ചിട്ടില്ല. യുപിഎ സര്‍ക്കാര്‍ അരിവില വര്‍ധിപ്പിച്ചപ്പോള്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാന്‍ 2009 ഡിസംബര്‍ മുതല്‍ അരിവില 13 രൂപയായി കുറയ്ക്കുകയുംചെയ്തു.

കേന്ദ്രസര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുമെന്നും അതിന്റെ ഭാഗമായി രണ്ടു മാസങ്ങളില്‍ 10 കിലോ അരി വീതം 15.87 രൂപ നിരക്കില്‍ ഓരോ റേഷന്‍ കാര്‍ഡുടമകള്‍ക്കും നല്‍കുമെന്നുംകെ വി തോമസ് പ്രഖ്യാപിച്ചതായി കണ്ടു. ഇപ്പോള്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് രണ്ടു രൂപയ്ക്കും എപിഎല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപയ്ക്കുമാണ് നല്‍കുന്നത്. അവര്‍ക്കാണ് 16 രൂപയ്ക്ക് അരി നല്‍കുമെന്ന് പ്രഖ്യാപിക്കുന്നത്! പൊതുവിപണി വില്‍പ്പനപദ്ധതി (ഒഎംഎസ്എസ്) പ്രകാരം കേന്ദ്രം ഭക്ഷ്യധാന്യങ്ങള്‍ വാഗ്ദാനം ചെയ്തപ്പോള്‍ കേരളം മാത്രമല്ല 17 സംസ്ഥാനം അതു നിരാകരിച്ചു. അതില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഭൂരിപക്ഷവും. എന്തുകൊണ്ടാണ് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാതിരിക്കുന്നതെന്ന് സ്വന്തം മുഖ്യമന്തിമാരോട് തിരക്കിയിരുന്നെങ്കില്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. കൂടിയ വിലയ്ക്കുള്ള അരി 10 ലക്ഷം ടണ്‍ 31 സര്‍ക്കാരുകള്‍ക്ക് കേന്ദ്രം അനുവദിച്ചതില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ ഒരു മണി അരിപോലും വാങ്ങിയിട്ടില്ല. അതില്‍ 3,09,131 ടണ്‍ മാത്രമാണ് ഏറ്റെടുത്തത്. കേരളം ഏറ്റെടുത്ത അരിയാവട്ടെ ആരും വാങ്ങിയില്ല. കെട്ടിക്കിടക്കുകയാണ്. ഈ പദ്ധതി പരാജയമായിരുന്നുവെന്ന് കേന്ദ്ര ഭക്ഷ്യ - പൊതുവിതരണ ജോയിന്റ് ഡയറക്ടര്‍ തുറന്നു സമ്മതിച്ചിരുന്നു. ഉയര്‍ന്ന വിലയും ഗുണനിലവാരക്കുറവുമാണ് പദ്ധതിയുടെ പരാജയത്തിന് കാരണമെന്ന് ഇനിയെങ്കിലും മന്ത്രി തോമസ് അംഗീകരിക്കുമോ?

കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലും പൊതുവിതരണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. രൂക്ഷമായ വിലക്കയറ്റംമൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ കേന്ദ്രീയ ഭണ്ഡാറുകളും നാഫെഡും ജനങ്ങളെ സഹായിക്കാന്‍ എന്താണ് ചെയ്യുന്നത്. മാവേലിസ്റോറിന്റെ മാതൃകയില്‍ കൊച്ചിയിലെങ്കിലും ഒരു പൊതു വിതരണകേന്ദ്രം ആരംഭിക്കാന്‍ മന്ത്രി തോമസ് തയ്യാറാണോ. കേന്ദ്രം നല്‍കുന്ന റേഷനരി പൂര്‍ണമായി കേരളം എടുക്കുന്നുണ്ട്. ഭക്ഷ്യ ക്വോട്ട കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്. സംസ്ഥാനത്തിന്റെ അരിവിഹിതത്തിനുമാത്രം പ്രതിമാസം ഏതാണ്ട് ഒരു ലക്ഷം ട വെട്ടിക്കുറച്ചു. രൂക്ഷമായ വിലക്കയറ്റത്തിന്റെ നാളുകളില്‍പ്പോലും ഭക്ഷ്യ ക്വോട്ട പുനഃസ്ഥാപിച്ചില്ല. ഓണക്കാലത്ത് കേന്ദ്രം കൂടുതലായി ഭക്ഷ്യധാന്യം അനുവദിച്ചെന്ന മന്ത്രിയുടെ കണ്ടെത്തല്‍ പച്ചക്കള്ളമാണ്. ഒരു ലക്ഷം ടണ്‍ അരി വെട്ടിക്കുറച്ചതിനുശേഷം 50,000 ടണ്‍ അനുവദിക്കുമ്പോള്‍ അത് അധികമാണെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അതാവട്ടെ റേഷന്‍ വിഹിതമല്ലതാനും. പൊതുവിപണി വില്‍പ്പന പദ്ധതി പ്രകാരമാണതാനും. ബിപിഎല്‍ അരി 6.20 രൂപയ്ക്കും എപിഎല്‍ അരി 8.90 രൂപയ്ക്കും നല്‍കിയാല്‍മാത്രമേ റേഷന്‍ വിഹിതമാകൂ.

ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കിയത് നാലര കോടി ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സ്റോക്കുണ്ടെന്നാണ്. ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടത് 1.6 കോടി ടണ്‍ മാത്രമാണ്. ആവശ്യത്തില്‍ കവിഞ്ഞ സ്റോക്കുണ്ടായിട്ടും എന്തുകൊണ്ടാണ് റേഷന്‍വിഹിതം വെട്ടിക്കുറച്ചതെന്ന് വിശദീകരിക്കാന്‍ അരിയില്‍ രാഷ്ട്രീയം കാണുന്ന പ്രൊഫ. കെ വി തോമസ് തയ്യാറുണ്ടോ? ഫെബ്രു. ഒന്നിന് ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചത് ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിച്ച് വില നിയന്ത്രിക്കാന്‍ പരിശ്രമിക്കണമെന്നാണ്. കേരളത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേശം വരുന്നതിന് മുമ്പുതന്നെ ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെ അരിക്ക് ഭൂമിയില്‍ നെല്ലും പച്ചക്കറിയും ഉല്‍പ്പാദിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. കുടുംബശ്രീയും മറ്റും ഈ രംഗത്ത് ഇടപെട്ടു. നെല്‍കൃഷിക്ക് വിത്തും വളവും സബ്സിഡിയും പ്രത്യേകമായി നല്‍കിവരുന്നു. ജനകീയാസൂത്രണത്തില്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി. നെല്ലിന്റെ സംഭരണവിലയാവട്ടെ യുഡിഎഫിന്റെ കാലത്ത് ഏഴു രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 12 രൂപയാക്കി വര്‍ധിപ്പിച്ചു. കേന്ദ്രം ഇപ്പോഴും നല്‍കുന്ന സംഭരണവില 9.50 രൂപ മാത്രമാണ്. ഇതിന്റെയൊക്ക ഫലമായി നെല്ലുല്‍പ്പാദനം യുഡിഎഫിന്റെ കാലത്ത് പ്രതിവര്‍ഷം 5 ലക്ഷം ടണ്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 7ലക്ഷം ടണ്‍ ആയി വര്‍ധിച്ചു. കൃഷിക്കാരില്‍നിന്ന് സപ്ളൈകോ നെല്ല് സംഭരിക്കുകയും ചെയ്യുന്നു. ഈ പദ്ധതികളൊക്കെ നടത്തിയിട്ടും കേരളത്തില്‍ ഭക്ഷ്യോല്‍പ്പാദനം നമ്മുടെ ഉപഭോഗത്തിന്റെ 15 ശതമാനം മാത്രമാണ്. കാര്‍ഷികോല്‍പ്പാദനത്തിന്റെ 82 ശതമാനവും നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട റേഷന്‍വിഹിതം നല്‍കി സാര്‍വത്രിക റേഷനിങ് പുനഃസ്ഥാപിക്കുകതന്നെ വേണം.

കേന്ദ്രനയംമൂലം വിലക്കയറ്റം രൂക്ഷമായപ്പോള്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള നയങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തര നടപടികളും സ്വീകരിച്ചു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്താല്‍ വിലനിലവാരം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. സിവില്‍ സപ്ളൈസ് കോര്‍പറേഷനും കസ്യൂമര്‍ ഫെഡും സഹകരണസംഘങ്ങളും ഈ രംഗത്ത് നടത്തുന്ന സേവനം മാതൃകാപരമാണ്. കേന്ദ്രമന്ത്രിമാര്‍പോലും ശ്ളാഘിച്ച ഈ നടപടിയില്‍പോലും കേരളീയനായ ഭക്ഷ്യസഹമന്ത്രി രാഷ്ട്രീയ തിമിരം ബാധിച്ചവരെപ്പോലെയാണ് നോക്കിക്കാണുന്നത്. യുഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വര്‍ഷമായ 2005-06ല്‍ വിലക്കയറ്റം തടയാന്‍ നല്‍കിയ സബ്സിഡി 50 കോടി ബജറ്റില്‍ വകയിരുത്തിയപ്പോള്‍ 10 കോടി മാത്രമാണ് സപ്ളൈകോയ്ക്ക് നല്‍കിയത്. ഈ വര്‍ഷംമാത്രം എല്‍ഡിഎഫ് സര്‍ക്കാര്‍ 400 കോടിയാണ് നല്‍കിയത്. യുഡിഎഫ് 5 വര്‍ഷം ആകെ അക്കാലത്ത് നല്‍കിയ സബ്സിഡി 4 കോടിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നര വര്‍ഷത്തിനകം 186 കോടി ചെലവഴിച്ചുകഴിഞ്ഞു. എല്ലായ്പ്പോഴും മാര്‍ക്കറ്റില്‍ സജീവമായി ഇടപെട്ടുകൊണ്ട് നീതിസ്റോറുകളും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിച്ചുവരുന്നു. 70 ശതമാനംവരെ വിലക്കുറവ് മാവേലി - നീതിസ്റോറുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്നു. ഇത്തരം സ്റോറുകളുടെ എണ്ണം കൂട്ടാനുള്ള നടപടികളും സ്വീകരിച്ചു. 1075 മാവേലി - നീതിസ്റോറുകളും ത്രിവേണി - സപ്ളൈകോ മാര്‍ക്കറ്റും പുതുതായി ആരംഭിച്ചു. സബ്സിഡി നല്‍കി വിലകുറയ്ക്കാന്‍ സമാനതകളില്ലാത്ത നടപടികള്‍ സ്വീകരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ കുറ്റം പറയാന്‍ കേന്ദ്ര ഭക്ഷ്യസഹമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ആലയില്‍ കിടക്കുന്ന പട്ടിയെപ്പോലെ കേന്ദ്രമൊട്ട് വില കുറയ്ക്കുന്നുമില്ല, വില കുറയ്ക്കുന്ന സംസ്ഥാനത്തെ അതിനൊട്ട് അനുവദിക്കുന്നുമില്ല എന്ന കേന്ദ്രനയം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.

എം വി ജയരാജന്‍ ദേശാഭിമാനി ദിനപത്രം

2 comments:

  1. കേന്ദ്ര റേഷന്‍വിഹിതം കേരളം വാങ്ങുന്നില്ലെന്നും വിലക്കയറ്റത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണെന്നും വന്‍കടല വിലകൂട്ടി വിറ്റെന്നുമുള്ള കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ വി തോമസിന്റെ അഭിപ്രായം ഗീബല്‍സിയന്‍ നുണയാണ്. കെ വി തോമസ് കേരളത്തിലെ റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാവായിരുന്നു; അക്കാലത്ത് റേഷന്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുകയും വിഹിതം വെട്ടിക്കുറയ്ക്കുകയും വില വര്‍ധിപ്പിക്കുകയുംചെയ്ത കേന്ദ്ര നടപടികള്‍ക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചയാളുമാണ്. കേരളത്തിലാകെ 1,73,000 റേഷന്‍ വ്യാപാരികളാണുള്ളത്. റേഷന്‍ വ്യാപാരികളുടെ സംഘടന എല്ലാവര്‍ക്കും റേഷന്‍ എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി രാജ്യവ്യാപകമായ സമരത്തിനു തയ്യാറെടുക്കുകയാണ്. സാര്‍വത്രിക റേഷനിങ് പട്ടിണി മരണം ഒഴിവാക്കാനും ജീവിക്കാനുമുള്ള ജനങ്ങളുടെ അവകാശംകൂടിയാണ്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ് വരുംനാളുകളില്‍ കേരളത്തില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത്. ആ പോരാട്ടത്തോടൊപ്പമാണോ അതോ ജനവിരുദ്ധ നയത്തോടൊപ്പമാണോ കേന്ദ്ര ഭക്ഷ്യ സഹമന്ത്രിയെന്ന ചോദ്യം വളരെയേറെ പ്രസക്തമാണ്.

    ReplyDelete
  2. കടല വിലകൂട്ടി വിറ്റപ്പോള്‍ ചെറുപയര്‍ വില കുറച്ച് വിറ്റത് മനോരമയോ കണ്ടില്ല. ഭക്ഷണത്തില്‍ ക്രോസ് സബ്സിഡി പാടില്ല എന്ന്‍ വിധി ഒന്നും ഇല്ലല്ലോ.. പണിയൊന്നുമില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ ആരായാലും ഒന്ന് കുരച് നോക്കും. ഇല്ലെങ്കില്‍ മീഡിയയില്‍ നിന്ന്‍ ഔട്ട്‌ ആകില്ലേ..

    ReplyDelete