Tuesday, February 16, 2010

ഖജനാവു ചോരുന്ന വഴികള്‍

വീണ്ടും ഒരു ബജറ്റ് ഘട്ടം.

കേന്ദ്രവും കേരളവും വാര്‍ഷിക ബജറ്റ് രൂപപ്പെടുത്തുന്ന ഈ ഘട്ടത്തില്‍ കേന്ദ്ര സാമ്പത്തിക നടപടി കേരളത്തിന്റെ ഖജനാവ് ശോഷിപ്പിക്കുന്നതെങ്ങനെ എന്ന ചിന്തയ്ക്ക് പ്രസക്തിയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികാധികാരങ്ങള്‍ ചുരുക്കുകയും നിലവിലുണ്ടായിരുന്ന സഹായംകൂടി തുടരെ വെട്ടിക്കുറയ്ക്കുകയുമാണ് കേന്ദ്രം. ഈ പ്രക്രിയ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെപ്പോലും ധ്വംസിച്ചുകൊണ്ട് സാമ്പത്തികാധികാരങ്ങള്‍ കേന്ദ്രീകരിക്കുന്നതിലും സംസ്ഥാനത്തെ പാപ്പരീകരിക്കുന്നതിലും വഹിക്കുന്ന പങ്ക് ചെറുതല്ല. ഈ ദുഷ്പ്രവണതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പതിമൂന്നാം ധനകമീഷന്റെ നീക്കം. കേന്ദ്രനികുതികളില്‍നിന്നുള്ള കേരളത്തിന്റെ വിഹിതം വീണ്ടും വെട്ടിക്കുറയ്ക്കുകയാണ് കമീഷന്‍. ധനകമീഷന്‍ അവാര്‍ഡ് കാലയളവില്‍- അതായത് അഞ്ചുവര്‍ഷങ്ങളില്‍- 5000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് ഇതുമൂലമുണ്ടാകുക. ഓരോ വര്‍ഷവും 1000 കോടിയുടെ നഷ്ടം! ധനകമീഷന്‍ ഇത് ഒരു സ്ഥിരം രീതിയാക്കിയിരിക്കുകയാണ്. 90കള്‍ മുതല്‍ ഈ പ്രവണത ശക്തിപ്പെട്ടുവരികയാണ്. സംസ്ഥാനങ്ങള്‍ക്ക് പൊതുവില്‍ കൊടുക്കുന്നതിന്റെ ശരാശരിക്കു താഴെ മാത്രമാണ് കേരളത്തിന് രണ്ടു പതിറ്റാണ്ടായി ലഭിക്കാറ്. പത്താം ധനകമീഷനെ (1995-2000) അപേക്ഷിച്ച് പതിനൊന്നാം ധനകമീഷന്‍ (2000-05) അഞ്ചുവര്‍ഷത്തിലായി 3664 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയത്. പന്ത്രണ്ടാം ധനകമീഷനാകെട്ട (2005-10) 6088 കോടിയുടെ വെട്ടിക്കുറവുവരുത്തി. ചുരുക്കിപ്പറഞ്ഞാല്‍, കഴിഞ്ഞ പത്തുവര്‍ഷമായി ഓരോ വര്‍ഷവും കേരളത്തിന് 1000 കോടിയുടെ കുറവ്. പന്ത്രണ്ടാം ധനകമീഷന്‍ ശുപാര്‍ശ പ്രകാരം 2.67 ശതമാനമായിരുന്നു കേന്ദ്രനികുതികളില്‍നിന്നുള്ള കേരളത്തിന്റെ ഓഹരി. പതിമൂന്നാം കമീഷന്‍ ഇതില്‍ വീണ്ടും കുറവുവരുത്തുന്നു. 2.67 ശതമാനത്തില്‍നിന്ന് 2.34 ശതമാനത്തിലേക്ക്. പത്താം ധനകമീഷന്റെ മാനദണ്ഡംതന്നെ തുടര്‍ന്നും അനുവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്ര ഭീമമായ നഷ്ടം കേരളത്തിനുണ്ടാകുമായിരുന്നില്ല.

2000 ഏപ്രില്‍ 28ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ധനകമീഷന്റെ പരിഗണനാവിഷയത്തില്‍ ധനപരിഷ്കരണ നടപടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഇതിലൂടെ യഥാര്‍ഥത്തില്‍ കേന്ദ്രംചെയ്തത്, പദ്ധതിയിതര റവന്യൂകമ്മി നികത്താനുള്ള സഹായത്തെ അവരുടെ സാമ്പത്തിക പരിഷ്കാര നടപടി സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കാനുള്ള ആയുധമാക്കി മാറ്റലായിരുന്നു. ആഗോളവല്‍ക്കരണനയം മുന്‍നിര്‍ത്തിയുള്ള ഒരു പൊളിച്ചെഴുത്തായിരുന്നു യഥാര്‍ഥത്തില്‍ അത്. ഇതിന്റെ ആപത്തിനെക്കുറിച്ച് 2000ല്‍ത്തന്നെ അന്നത്തെ ഇ കെ നായനാര്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍, 12-ാം ധനകമീഷന്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, ആപല്‍ക്കരമായ ഈ വഴിക്ക് കേന്ദ്രം കൂടുതല്‍ മുമ്പോട്ടുപോയി. പരിഷ്കാരപദ്ധതികള്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് കമീഷന്‍ പ്രഖ്യാപിച്ചു. കേന്ദ്രസഹായം ആ പദ്ധതികളുടെ നടപ്പാക്കലിലെ പുരോഗതിയെ ആസ്പദമാക്കിയായിരിക്കുമെന്നും പ്രഖ്യാപിച്ചു.

പഞ്ചവത്സരപദ്ധതിയുടെ സമീപനരേഖ ഒരു മടിയുമില്ലാതെ ഈ നയംമാറ്റം പ്രഖ്യാപിച്ചിരുന്നു. എന്താണിതിനര്‍ഥം? എല്ലാ മേഖലയിലും സേവനകൂലി ഏര്‍പ്പെടുത്തുക, നിലവിലുള്ളത് കൂട്ടുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, നികുതി കൂട്ടുക തുടങ്ങിയവ നടപ്പാക്കണം. ഇത് ചെയ്യുന്നവര്‍ക്കേ സഹായമുള്ളൂ. ഈ വിധത്തിലുള്ള മാനദണ്ഡമാണ് ധനകമീഷന്‍ നടപ്പാക്കിയത്. ഭരണഘടനാസ്ഥാപനമായ ധനകമീഷനെ ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കാനുള്ള ഉപകരണമായി കേന്ദ്രം മാറ്റിയതുമുതലാണ് കേന്ദ്രത്തില്‍നിന്നുള്ള കേരളത്തിന്റെ ഓഹരി തുടരെ ഇടിഞ്ഞത്. കൈവരിച്ച നേട്ടങ്ങള്‍ മുന്‍നിര്‍ത്തിപ്പോലും കേരളം ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടായി. വിദ്യാഭ്യാസം, കുടുംബക്ഷേമം തുടങ്ങിയ രംഗങ്ങളില്‍ കേരളം മാതൃകാപരമായ നേട്ടമുണ്ടാക്കി. അപ്പോള്‍, നേട്ടമുണ്ടാക്കിക്കഴിഞ്ഞ സ്ഥിതിക്ക് ആ മേഖലകള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയായി കേന്ദ്രം. എന്നാല്‍, ആ മേഖലകള്‍ക്കുള്ള ഫണ്ട് പിന്നോക്കം നില്‍ക്കുന്ന മേഖലകള്‍ക്കായി മാറ്റി ഉപയോഗിക്കാന്‍ അനുമതിയുമില്ല. തുടരെയുണ്ടായ ഇത്തരം കടന്നാക്രമണങ്ങള്‍കൊണ്ട് ഏറെ നഷ്ടപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. എക്സിക്യൂട്ടീവ് ഉത്തരവുകള്‍മുതല്‍ സാമ്പത്തിക നിയമഭേദഗതികള്‍വരെ കേന്ദ്രം സംസ്ഥാനത്തിന്റെ വിഭവസമാഹരണശേഷി ചുരുക്കാന്‍ ആയുധമാക്കി.

ഒന്ന്: സംസ്ഥാനത്തിന്റെ നികുതിമേഖലയില്‍പ്പെട്ട (വില്‍പ്പന നികുതി) അഞ്ച് ഇനത്തെ കേന്ദ്രനികുതിമേഖലയായ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയുടെ പട്ടികയിലേക്ക് കേന്ദ്രം അറുപതുകളില്‍ മാറ്റി. ഇതോടെ, സംസ്ഥാനത്തിന് ഈ ഇനങ്ങള്‍ക്കുമേല്‍ നികുതി ചുമത്താന്‍ പറ്റില്ലെന്നു വന്നു. സംസ്ഥാന ഖജനാവിന് നഷ്ടമായ ഈ വരുമാനം കേന്ദ്രഖജനാവിനെ കനപ്പിച്ചു. പഞ്ചസാര, തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് ഇങ്ങനെ വകുപ്പുമാറ്റപ്പെട്ടത്. അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയുടെ പട്ടികയില്‍പ്പെട്ടവയില്‍നിന്നുപോലും ഒരു ഓഹരി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണെന്നു വന്നപ്പോള്‍, ആ ഡ്യൂട്ടി കൂട്ടാതെ, അടിസ്ഥാന യൂണിയന്‍ എക്സൈസ് ഡ്യൂട്ടിമാത്രം കേന്ദ്രം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. ആ ഓഹരികൂടി സംസ്ഥാനത്തിന് നിഷേധിക്കാന്‍! കേരളത്തിന് ആയിരക്കണക്കിനു കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലമുണ്ടായത്. ഇതു പരിഗണിച്ച് നഷ്ടപരിഹാരം നല്‍കാമെന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍, ഒരു നയാപൈസ കേരളത്തിന് കിട്ടിയിട്ടില്ല.

രണ്ട്: എഴുപതുകളുടെ മധ്യത്തില്‍ വില്‍പ്പന നികുതി നിയമത്തിലെ അഞ്ചാംവകുപ്പ് കേന്ദ്രം ഭേദഗതിചെയ്തു. കയറ്റുമതി വസ്തുക്കളുടെ അവസാനഘട്ട വില്‍പ്പന നികുതി ഒഴിവാക്കുന്നതായിരുന്നു ആ ഭേദഗതി. കയറ്റുമതി പ്രോത്സാഹിപ്പിക്കാനെന്ന പേരിലായിരുന്നു ഇതെങ്കിലും മലഞ്ചരക്ക്, സമുദ്രോല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കയറ്റി അയക്കുന്ന കേരളത്തിന് അത് കടുത്ത ആഘാതമായി. സംസ്ഥാനത്തിന്റെ വരുമാനം വല്ലാതെ ശോഷിക്കാന്‍ ഇത് വഴിവച്ചു. അതുമുതല്‍ ഇതുവരെ നൂറുകണക്കിനു കോടികളുടെ നഷ്ടമാണ് ഇതുമൂലം കേരളത്തിന്റെ ഖജനാവിനുണ്ടായത്. ഈ പ്രശ്നത്തിലും കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ നഷ്ടപരിഹാരം വാഗ്ദാനംചെയ്തു. പക്ഷേ, കേരളത്തിന് ഒരു പൈസയും കിട്ടിയില്ല.

മൂന്ന്: വിദേശത്തുനിന്ന് കേന്ദ്രം സ്വീകരിക്കുന്ന വായ്പ അതിനേക്കാള്‍ ഉയര്‍ന്ന പലിശനിരക്കിലാണ് കേരളത്തിന് നല്‍കുന്നത്. സംസ്ഥാനത്തിന്റെ ഖജനാവിനെ ശോഷിപ്പിക്കുന്നതിന് കേന്ദ്രം കണ്ടുപിടിച്ചിട്ടുള്ള മറ്റൊരു വഴി!

നാല്: പ്രകൃതിദുരന്തങ്ങള്‍ പലപ്പോഴും കേരളത്തിന്റെ സാമ്പത്തിക കണക്കുകൂട്ടലുകളെത്തന്നെ അട്ടിമറിക്കാറുണ്ട്. അര്‍ഹമായ നഷ്ടപരിഹാരം കേന്ദ്രം അനുവദിച്ചിട്ടില്ല എന്നതുപോകട്ടെ, നഷ്ടപരിഹാരം അനുവദിക്കുന്നതിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അതേ മാനദണ്ഡംതന്നെ കേരളത്തിനും ബാധകമാക്കുകയാണ് കേന്ദ്രം. ഇതും കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ ഞെരുക്കുകയായിരുന്നു.

അഞ്ച്: കേന്ദ്രത്തിന്റെ ഇറക്കുമതി ഉദാരവല്‍ക്കരണനയമാണ് കേരളത്തിന്റെ ഖജനാവിനെ ശോഷിപ്പിക്കുന്ന മറ്റൊന്ന്. റബര്‍, കൊപ്ര തുടങ്ങിയവയുടെ വില കുറഞ്ഞു. അതനുസരിച്ച് അതിന്മേലുള്ള നികുതിയില്‍നിന്നുള്ള കേരളത്തിന്റെ വരുമാനവും കുറഞ്ഞു.

കേന്ദ്രം മറ്റൊരു പരിഷ്കാരംകൂടി വരുത്തി. കേന്ദ്രം അതിന്റെ നികുതിനിരക്ക് വര്‍ധിപ്പിക്കുകയും വിഭവസമാഹരണമേഖല വിപുലപ്പെടുത്തുകയുംചെയ്തപ്പോള്‍, സംസ്ഥാനങ്ങള്‍ക്ക് വീതിക്കേണ്ട നികുതിമേഖലകളെ ഒഴിവാക്കി. കേന്ദ്രസര്‍ക്കാരിന്റെ നികുതി-ദേശീയ വരുമാന അനുപാതം 90-91ല്‍ 10.12 ശതമാനമായിരുന്നത് കുത്തനെ ഇടിഞ്ഞ് എട്ടും ഏഴും ഒക്കെയായി. ഇതുകൊണ്ടും വിഷമിച്ചത് സംസ്ഥാനം.

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സംസ്ഥാനങ്ങളെ കൊള്ളയടിച്ച് കേന്ദ്രത്തെ കൊഴുപ്പിക്കുക എന്നതിലായിരുന്നു കോണ്‍ഗ്രസിന്റെ ശ്രദ്ധ. ഒരുപാട് സാമ്പത്തിക നിയമഭേദഗതികള്‍ ഇതിനായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്നു. അവയൊക്കെ സംസ്ഥാനത്തിന്റെ സാമ്പത്തികാധികാരങ്ങള്‍ ചുരുക്കി; വിഭവസമാഹരണശേഷി ചോര്‍ത്തി. പണമെല്ലാം കേന്ദ്രത്തിനും ചെലവെല്ലാം സംസ്ഥാനത്തിനും എന്ന നിലയ്ക്ക് കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധം അസന്തുലിതമാകുന്നതിനാണ് ഇത് വഴിവച്ചത്. ജനങ്ങള്‍ നല്‍കുന്ന നികുതിയുടെയും നികുതിയിതര വരുമാനങ്ങളുടെയും സിംഹഭാഗം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കുംവിധമാണ് രാജ്യത്തെ നികുതി സമ്പ്രദായം തുടക്കത്തില്‍ത്തന്നെ ക്രമീകരിച്ചിരുന്നത്. ഭരണഘടനയുടെ 268 മുതല്‍ 272 വരെയുള്ള അനുച്ഛേദങ്ങള്‍ പ്രകാരം കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ള നികുതി മേഖലകള്‍, കേന്ദ്രം പിരിച്ചതില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട മേഖലകള്‍ എന്നിവ നിര്‍വചിച്ചിട്ടുണ്ട്. എന്നാല്‍, ഈ വ്യവസ്ഥപോലും അട്ടിമറിക്കുകയും സംസ്ഥാനത്തില്‍ നിക്ഷിപ്തമായ പരിമിതമായ സാമ്പത്തികാധികാരംപോലും കവര്‍ന്ന് സാമ്പത്തികാധികാരങ്ങള്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന നടപടികളും നിയമഭേദഗതികളുമാണ് കേന്ദ്രത്തില്‍നിന്ന് തുടരെ ഉണ്ടായത്.

ഉദാഹരണങ്ങള്‍ നിരവധി.

ഒന്ന്: ആദായനികുതിയില്‍നിന്നുള്ള വരുമാനം കേന്ദ്രവും സംസ്ഥാനവും വീതിച്ചെടുക്കണമെന്ന വ്യവസ്ഥ ദുര്‍ബലപ്പെടുത്തിക്കൊണ്ടാണ് കേന്ദ്രം നിയമഭേദഗതിചെയ്ത് കമ്പനികളില്‍നിന്നുള്ള വരുമാനത്തെ കോര്‍പറേറ്റ് ടാക്സ് എന്നു വിശേഷിപ്പിച്ച് സ്വന്തം പരിധിയിലേക്കു മാറ്റിയത്. ഇതോടെ സംസ്ഥാനത്തിന്റെ ഒരു വലിയ ഓഹരി സ്രോതസ്സ് അടച്ചു. '59ല്‍ ആയിരുന്നു ഇത്. കോര്‍പറേറ്റ് ടാക്സ് മുമ്പ് സംസ്ഥാനങ്ങള്‍ക്ക് വീതിക്കാനുള്ള നികുതികളുടെ പട്ടികയിലായിരുന്നു. എന്നാല്‍, പിന്നീട് കേന്ദ്രം ധനനിയമം ഭേദഗതിപ്പെടുത്തിക്കൊണ്ട് കമ്പനികള്‍ അടയ്ക്കുന്ന ആദായനികുതി ഓഹരി സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇന്‍കംടാക്സിന്റെ മേല്‍ ചുമത്തുന്ന സര്‍ചാര്‍ജിന്റെ സ്ഥിതിയും ഇതുതന്നെ. കോര്‍പറേറ്റ് ടാക്സ് വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് മൂന്നുമുതല്‍ ആറുവരെ ധനകമീഷനുകള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം അത് ചെയ്തില്ല.

രണ്ട്: മറ്റ് ആദായനികുതികളില്‍നിന്നുള്ള വിഹിതം സംസ്ഥാനത്തിനും നല്‍കണമെന്നതിനാല്‍ ആ ഇനത്തില്‍ വര്‍ധന പല കൊല്ലവും സര്‍ചാര്‍ജില്‍ മാത്രമാക്കി. സര്‍ചാര്‍ജില്‍നിന്നുള്ള വരുമാനം സംസ്ഥാനങ്ങള്‍ക്ക് വീതിക്കേണ്ടതില്ല.

മൂന്ന്: യൂണിയന്‍ എക്സൈസ് ഡ്യൂട്ടി രണ്ടുതരത്തിലുണ്ടായിരുന്നതുകൊണ്ട് സംസ്ഥാനത്തിന് അവകാശമില്ലാത്തതും കേന്ദ്രത്തിലേക്ക് ചെല്ലുന്നതുമായവയ്ക്കുമേലുള്ള ആ നികുതിമാത്രം കേന്ദ്രം കൂട്ടിപ്പോന്നു.

നാല്: ഇത് സംസ്ഥാന താല്‍പ്പര്യം ഹനിക്കുമെന്ന് തിരിച്ചറിഞ്ഞ് ധനകമീഷന്‍ സംസ്ഥാനങ്ങള്‍ക്കുകൂടി വിവേചനരഹിതമായി ഇത് നല്‍കാന്‍ നിശ്ചയിച്ചതുകൊണ്ടുണ്ടായ പരിമിതിയെ കേന്ദ്രം സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി എന്ന പേരില്‍ പുതുതായി ഒന്നുണ്ടാക്കി മറികടന്നു. എന്നാല്‍, അതിലും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ധനകമീഷന്‍ അവാര്‍ഡിലൂടെ പിന്നീട് വന്നപ്പോള്‍ ഓക്സിലറിഡ്യൂട്ടി എന്ന പേരില്‍ മറ്റൊന്നുകൊണ്ടുവന്ന് അതിനെയും

പ്രഭാവര്‍മ ദേശാഭിമാനി 160210

1 comment:

  1. വീണ്ടും ഒരു ബജറ്റ് ഘട്ടം.

    ReplyDelete