Wednesday, February 17, 2010

ഹിന്ദുത്വവാദി ഇന്ത്യയുടെ ശത്രുവാകാമോ?

ജനങ്ങളുടെ മനസ്സില്‍ വല്ലാത്ത സംശയങ്ങളും അസ്വാസ്ഥ്യങ്ങളും ഉളവാക്കുന്ന സംഭവങ്ങളാണ് ഇന്ത്യയില്‍ പലേടത്തും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ വിദേശനയം, ആണവനയം, വിദ്യാഭ്യാസനയം എന്നിവയുടെ വൈകല്യങ്ങള്‍ ലോക്സഭയില്‍വച്ചും മറ്റും പ്രതിപക്ഷങ്ങള്‍ക്ക് മാറ്റാവുന്നതും മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ അവ ചര്‍ച്ചാവിഷയങ്ങളാക്കാവുന്നതുമാണ്. ഇവിടെ ഉദ്ദേശിച്ച ആശങ്കകളും ഭീതികളും ഇവയേക്കുറിച്ചുള്ളതേയല്ല. മുംബൈയിലും ആന്ധ്രയിലുംനിന്ന് നാം കേള്‍ക്കുന്ന മുറവിളികള്‍ എത്ര ശുഭപ്രതീക്ഷാശാലികളായവരെയും ഞെട്ടിക്കുന്നവയാണ്. മുംബൈയില്‍ ഭീകരന്മാര്‍ നടത്തിയ സ്ഫോടനങ്ങളെയുമല്ല ഉദ്ദേശിക്കുന്നത്. നാട്ടുകാര്‍ മുംബൈ നഗരത്തില്‍ മുംബൈക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും അധിവസിക്കാന്‍ അവകാശമില്ലെന്ന് ഭീഷണിപ്പെടുത്തുന്നു. ഈ വിഷപൂര്‍ണമായ ആശയത്തിന്റെ മുന്നില്‍ ഏത് ബോംബും നിസ്സാരമാണ്.

ആന്ധ്ര ഉണ്ടായതുതന്നെ മനുഷ്യാഹുതിയില്‍നിന്നാണ്. ആന്ധ്ര ഉണ്ടായിക്കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ ഉദ്ഗ്രഥനം നടന്നിട്ടില്ല. മുംബൈ ഭീഷണിയുടെ മുമ്പില്‍ ആന്ധ്രകലാപം താരതമ്യേന ലഘുവാകയാല്‍, അതിനെപ്പറ്റി പെട്ടെന്ന് പറഞ്ഞുതീര്‍ക്കാം. മുക്കാല്‍പങ്ക് ജനങ്ങളും തെലുങ്ക് സംസാരിക്കുന്ന ആന്ധ്രപ്രദേശില്‍ അനൈക്യം ഇത്രമാത്രം വളരാന്‍ പാടില്ലായിരുന്നു. ആന്ധ്രപ്രദേശില്‍ ആന്ധ്ര എന്ന തീരദേശം, റായലസീമ എന്ന വടക്കുകിഴക്ക് പ്രദേശം, പഴയ നൈസാമിന്റെ ഹൈദരാബാദിന്റെ ഭാഗമായി കിട്ടിയ തെലുങ്കാന എന്നിങ്ങനെ മൂന്ന് വിഭാഗമുണ്ട്. ഇവ മൂന്നും ചേര്‍ന്ന് ഒരു ത്രിമധുരമാകുന്നതിനു പകരം ത്രിദോഷങ്ങളായിട്ടാണ് മാറിയത്. റായലസീമ വളരെ അവികസിതമായ ഭാഗമാകയാല്‍ അതിന് പ്രത്യേകം പരിരക്ഷ വേണമെന്ന വാദം വിഭജനം വേണമെന്ന ആശയംവരെയെത്തിയിരുന്നു. ഇപ്പോള്‍ ഈ വാദം തെലുങ്കാനയുടെ വിഭജനപ്രക്ഷോഭത്തിന് വഴിമാറിക്കൊടുത്തിരിക്കുകയാണ്. ഭരണത്തില്‍ തുല്യമായ നീതി ലഭിക്കുന്നില്ലെന്ന പരാതി തുടക്കത്തിലേ പരിഹരിച്ചില്ലെങ്കില്‍ പ്രശ്നം സംസ്ഥാനത്തിന്റെ ഭാവിയെത്തന്നെ ബാധിക്കും.

പ്രകാശത്തിനുശേഷം ആന്ധ്ര ഭരിച്ചത് മിക്കവാറും റെഡ്ഡിമാരും റാവുമാരുമാണ്. സഞ്ജീവറെഡ്ഡിയെയും രാമറാവുവിനെയും ഓര്‍ക്കുക. ഇവര്‍ മാറിമാറിവന്നു. അത് ജനങ്ങളുടെ തൃണമൂലങ്ങളില്‍ നനയെത്തിക്കുന്നില്ല. അതുകൊണ്ട് ദേശീയകക്ഷിയായ കോണ്‍ഗ്രസുപോലും അംഗങ്ങളുടെ ഇളക്കംമൂലം ഛിദ്രിച്ചുപോയി. ബാന്‍ഡേജ് മുറുക്കിക്കെട്ടിയിരിക്കുകയാണ് ഇപ്പോള്‍. പക്ഷേ, അതുകൊണ്ട് തീരുന്ന പ്രശ്നമല്ല ഇത്.

ഇതിനേക്കാള്‍ സങ്കീര്‍ണവും ഭീകരവുമാണ് മുബൈയിലെ സ്ഥിതി. ഒരു സ്ഥലത്ത് വെളിയില്‍നിന്നുള്ള ആളുകള്‍ (മറ്റാരുമല്ല ഇന്ത്യക്കാര്‍) പാടില്ല എന്ന വാദം ഭ്രാന്തമായ അവസ്ഥയെ കാണിക്കുന്നു. ഇന്ത്യക്കാരായ നമ്മള്‍ അങ്ങനെ ഒരു വാദം ഉന്നയിക്കാന്‍ ഇഷ്ടപ്പെടില്ല. ഇന്ത്യക്കാര്‍ക്ക് ഈ നാട്ടില്‍ എവിടെയും പാര്‍ക്കാം. കേരളത്തില്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും തമിഴര്‍ മാത്രമല്ല കര്‍ണാടകക്കാരനും ബംഗാളികളും പഞ്ചാബികളും മറ്റുമായി ഏതെല്ലാം സംസ്ഥാനക്കാര്‍ വര്‍ഷങ്ങളായി പാര്‍ത്തുവരുന്നില്ല! അവര്‍ക്കെതിരെ അക്രമം ഉണ്ടാകാറില്ല. അന്യസംസ്ഥാനങ്ങളില്‍ ഉണ്ടാകാറുള്ളത് മതാടിസ്ഥാനത്തിലുള്ള കലാപങ്ങളാണ്. ദേശവ്യത്യാസത്തിന്റെ പേരില്‍ ഇന്ത്യയെ വേര്‍തിരിച്ച് മുറിച്ചുനിര്‍ത്താനുള്ള ശ്രമം രാജ്യദ്രോഹമാണ്. ഭരണഘടനാലംഘനം എന്നൊന്നും കുറ്റപ്പെടുത്തിയാല്‍ മതിയാകില്ല.

നമ്മുടെ ഏറ്റവും വിലപിടിച്ച ചില അവകാശങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയില്‍ എല്ലാ ദേശത്തും പാര്‍ക്കാനും എവിടെയും സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം എല്ലാ പൌരന്മാര്‍ക്കുമുണ്ടെന്ന് വിധിച്ചിരിക്കുന്നത്. പക്ഷേ, ഈ വകുപ്പിന്റെ നിരാകരണം മാത്രമല്ല, ഭരണഘടനയുടെ ആകെത്തുകയും ചൈതന്യവും നിഷേധിക്കുന്നതിനു തുല്യമാണ് ഒരു പ്രദേശത്ത് മറ്റ് ദേശക്കാര്‍ പാടില്ലെന്നുള്ള ഏകപക്ഷീയമായ വിലക്ക്. ഇത് ഇന്ത്യയെത്തന്നെ നിഷേധിക്കലാണ്. ഇങ്ങനെ ഡല്‍ഹിയും കൊല്‍ക്കത്തയും ചെന്നൈയും തുടര്‍ന്ന് ഏത് പ്രദേശവും, അന്യരുടെ (അന്യന്‍ എന്ന വാക്കിനെ ഇന്ത്യയുടെ ഏകതയെ ചോദ്യംചെയ്യുന്നു) പ്രവേശനത്തെ തടയാന്‍ തുടങ്ങിയാല്‍ ഇന്ത്യ ശേഷിക്കുന്നത് ഭൂപടത്തില്‍ മാത്രമായിരിക്കും. ഏതെങ്കിലും വകുപ്പല്ല, മൊത്തം ഇന്ത്യയുടെ സ്വഭാവംതന്നെ മുംബൈയിലെ ശിവസേന മാറ്റാന്‍ ശ്രമിക്കുകയാണ്. ഭരണഘടനയുടെ ഉപഭ്രമത്തില്‍, ഇന്ത്യക്കാര്‍ സഹോരന്മാരാണെന്നും അതുവഴി ഇന്ത്യ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും പറയുന്നുണ്ട്. അത് വെള്ളത്തിലെഴുത്താണെന്നു വരുത്താന്‍ ശിവസേനയ്ക്കല്ല, ഒരു സേനയ്ക്കും അധികാരമില്ല.

സിനിമാതാരമായ ഷാരൂഖ് ഖാന്‍ മുംബൈ എല്ലാവരുടേതുമാണെന്ന് സധൈര്യം പ്രഖ്യാപിച്ചതിന് നമ്മുടെയെല്ലാം ആദരം അര്‍ഹിക്കുന്നു. ഇവിടെയാകട്ടെ, നമ്മുടെ താരങ്ങള്‍ ഇതൊന്നും കാണാതെ കച്ചവടസാധനങ്ങളുടെ പരസ്യപ്രചാരകരായി പണം സമ്പാദിക്കുമ്പോള്‍ ഇന്ത്യയുടെ ഭദ്രതയുടെ പേരില്‍ ഏത് ശത്രുവിനെയും നേരിടും എന്ന ധീരത കാണിച്ച ഖാന്റെ ശ്രേഷ്ഠതയെ നാമെല്ലാം എത്ര വാഴ്ത്തിയാലും ഏറിപ്പോകില്ല. അദ്ദേഹം ഇപ്പോള്‍ നേരിടുന്ന എതിര്‍പ്പിന്റെയും നിരോധനത്തിന്റെയും പത്തിലൊരംശം നേരിടാന്‍ നമ്മുടെ താരങ്ങള്‍ക്ക് കഴിയുമോ. തമ്മിലടിക്കാന്‍ അവര്‍ക്ക് നല്ല കഴിവുണ്ടെന്നു തെളിഞ്ഞുവരുന്നുണ്ട്.

ചരിത്രപരമായും മുംബൈ മൊത്തം ഇന്ത്യയുടേതാണ്. ഇത് ദേശീയ നഗരിമാത്രമല്ല. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക പറയുന്നത്, അത് സാര്‍വദേശീയ നഗരമാണെന്നാണ്. ഇന്ത്യയുടെ സാമ്പത്തികവും വാണിജ്യപരവുമായ ഈ കേന്ദ്രം ഈ നിലയിലെത്തിയത് ഇന്ത്യയുടെ വ്യാപാരമാര്‍ഗങ്ങള്‍ മുബൈയെ ഇന്ത്യയുമായി ബന്ധിപ്പിച്ചതുകൊണ്ടാണ്. മുംബൈ മുംബൈക്കാര്‍ക്കുമാത്രമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഇവര്‍ക്കാകുമോ? വേറിട്ടുനിന്നാല്‍ മുംബൈ എവിടെ, എന്ത് എന്ന് ഈ സേനാനായകന്മാരായ ചിന്താശൂന്യര്‍ ചിന്തിക്കേണ്ടതാണ്. ഭൂമിവഴിയും കടല്‍വഴിയും ആകാശംവഴിയും ഇന്ത്യയുടെ ഇതരഭാഗങ്ങളുമായുള്ള ബന്ധം നിലച്ചാല്‍ മുംബൈ ഹൃദയസ്തംഭനംകൊണ്ട് മൃതിയടയും. മുംബൈയിലെ മഹത്തരങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (ബോംബെ യൂണിവേഴ്സിറ്റി, ഐഐടി, ആണവകമീഷന്‍ തലസ്ഥാനം, ടിഐഎസ്ആര്‍ തുടങ്ങിയ) ലോകനിലവാരമുള്ള കേന്ദ്രങ്ങള്‍ മുബൈക്കാര്‍ക്കുമാത്രം അട്ടിപ്പേറവകാശമായി നല്‍കിയാല്‍, അവിടെ വിദ്യാര്‍ഥികളും പ്രൊഫസര്‍മാരും അതോടെ തീരും. ശിവസേനക്കാരുടെ പരിശീലനത്തിനുള്ള ഒരു കളരിയായിട്ട് അത് അവസാനിക്കും.

തങ്ങളുടെ ഈ രാഷ്ട്രവിരുദ്ധനയം ഇരുതലമൂര്‍ച്ചയുള്ള വാളാണെന്നും അത് സ്വന്തം കഴുത്താണ് ആദ്യം വെട്ടിമുറിക്കുക എന്നും മനസ്സിലാക്കാനുള്ള പ്രാഥമിക ബുദ്ധി ഈ പിഴച്ച നേതൃത്വത്തിന്റെ മസ്തിഷ്കത്തില്‍ എവിടെയെങ്കിലും ബാക്കിയുണ്ടായിരിക്കാമെന്ന് നമുക്ക് വിശ്വസിക്കാം.

ബോംബെ എന്ന ആംഗലപ്രയോഗം മുംബൈ എന്ന മറാത്തി പദമാക്കിയതും വളരെ നന്നായി. പക്ഷേ, അവിടംവിട്ട്, മുംബൈ മുംബൈക്കാര്‍ക്കുമാത്രം എന്നു മറുകണ്ടം ചാടിയാല്‍ മുംബൈയുടെ ജഡമായിരിക്കും ഇവര്‍ക്ക് കൈയില്‍ കിട്ടുക.

തെലുങ്കാന അവിടത്തെ രാഷ്ട്രീയനേതാക്കള്‍ ഒത്തുപിടിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നംമാത്രമാണ്. മുംബൈ പ്രശ്നമല്ല- അര്‍ബുദരോഗമാണ്. ഹിന്ദു എന്ന വാക്ക് ശിവസേനയുടെയോ ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ നിഘണ്ടുവിലെ പദമല്ല. അത് ഭാരതചരിത്രത്തിലെ ഒരു വലിയ വാക്കാണ്. അതിന് തോന്നിയ അര്‍ഥം കൊടുക്കാന്‍ ഇവരെ ആരും അധികാരപ്പെടുത്തിയിട്ടില്ല. 'ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠമാണ്' എന്നത് ആ ഹിന്ദുത്വത്തിന്റെ ശബ്ദമാണ്. അതിനെതിരായി സംസാരിക്കുന്നവര്‍ രാഷ്ട്രമോ മതമോ ഉള്ളവരല്ല. ജവാഹര്‍ലാല്‍നെഹ്റു ഇത് സ്വാതന്ത്യസമരകാലത്ത് നമ്മെ ഓര്‍മിപ്പിച്ചു-'ഇന്ത്യയുണ്ടെങ്കില്‍ നമുക്കെല്ലാമുണ്ട്. ഇന്ത്യ ഇല്ലെങ്കില്‍ നമുക്ക് ഒന്നുമില്ല'. മുംബൈ ഇല്ലാത്ത ഇന്ത്യ വലതുകൈ നഷ്ടപ്പെട്ട ഇന്ത്യയായിരിക്കും. ശിവസേനയുടെ പടവാള്‍ ആ കൈ വെട്ടാന്‍ മുതിരുമ്പോള്‍, അത് തടയാന്‍ ഷാരൂഖ് ഖാന്മാര്‍ ഇനിയും മുന്നോട്ടുവരേണ്ടിയിരിക്കുന്നു. സിനിമയുടെയും കളിയുടെയും ആകാശങ്ങളില്‍ എത്രയെത്ര താരങ്ങള്‍ മിന്നിനില്‍ക്കുന്നു. അവര്‍ ഒന്ന് ഇറങ്ങിവരുമോ? ഒടുവില്‍ തോന്നിയത്- 19-ാം നൂറ്റാണ്ടില്‍ ഇംഗ്ളണ്ടില്‍ ജീവിച്ച പ്രസിദ്ധനായ താക്കറെയുടെ 'നോവലുകള്‍' വളരെ രസകരമായിരുന്നു. ഇപ്പോള്‍ മുംബൈയില്‍ ജീവിച്ചുവരുന്ന താക്കറെയുടെ വാക്കുകള്‍ 'നോവുകള്‍' ആയി തീര്‍ന്നിരിക്കുന്നു!

സുകുമാര്‍ അഴീക്കോട് ദേശാഭിമാനി 180210

5 comments:

  1. ജനങ്ങളുടെ മനസ്സില്‍ വല്ലാത്ത സംശയങ്ങളും അസ്വാസ്ഥ്യങ്ങളും ഉളവാക്കുന്ന സംഭവങ്ങളാണ് ഇന്ത്യയില്‍ പലേടത്തും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ വിദേശനയം, ആണവനയം, വിദ്യാഭ്യാസനയം എന്നിവയുടെ വൈകല്യങ്ങള്‍ ലോക്സഭയില്‍വച്ചും മറ്റും പ്രതിപക്ഷങ്ങള്‍ക്ക് മാറ്റാവുന്നതും മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ അവ ചര്‍ച്ചാവിഷയങ്ങളാക്കാവുന്നതുമാണ്. ഇവിടെ ഉദ്ദേശിച്ച ആശങ്കകളും ഭീതികളും ഇവയേക്കുറിച്ചുള്ളതേയല്ല. മുംബൈയിലും ആന്ധ്രയിലുംനിന്ന് നാം കേള്‍ക്കുന്ന മുറവിളികള്‍ എത്ര ശുഭപ്രതീക്ഷാശാലികളായവരെയും ഞെട്ടിക്കുന്നവയാണ്. മുംബൈയില്‍ ഭീകരന്മാര്‍ നടത്തിയ സ്ഫോടനങ്ങളെയുമല്ല ഉദ്ദേശിക്കുന്നത്. നാട്ടുകാര്‍ മുംബൈ നഗരത്തില്‍ മുംബൈക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും അധിവസിക്കാന്‍ അവകാശമില്ലെന്ന് ഭീഷണിപ്പെടുത്തുന്നു. ഈ വിഷപൂര്‍ണമായ ആശയത്തിന്റെ മുന്നില്‍ ഏത് ബോംബും നിസ്സാരമാണ്.

    ReplyDelete
  2. കാശ്മീരില്‍ നിന്നും ഹിന്ദുക്കളെ പുരത്താകിയതും, കണ്ണൂരിലെ ചില സ്ഥലങ്ങളില്‍ സ്വയംസേവകരെ വീട്ടില്‍ കയറാന്‍ അനുവതികാത്തതും, ശാഖ തടയുന്നതും കൂടി ഇതില്‍ ഉള്പെടുമല്ലോ അല്ലെ?

    ReplyDelete
  3. വര്ഗീയത തിരിച്ച്വരുന്നു എന്നത് സത്യമാണ്....
    ഇന്ത്യയിലും ലോക തലത്തിലും ....
    താങ്കളെ പോലുള്ളവര് അതിനു തടയാകട്ടെ....

    ReplyDelete
  4. നാട്ടുകാര്‍ മുംബൈ നഗരത്തില്‍ മുംബൈക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും അധിവസിക്കാന്‍ അവകാശമില്ലെന്ന് ഭീഷണിപ്പെടുത്തുന്നു.
    പയ്യന്നൂരില്‍ വന്ന് പാലാക്കാരെപ്പോലെ പ്രസംഗിച്ചാല്‍ ജീവനോടെ തിരിച്ചുപോകില്ല എന്നതിന്റെ മറ്റൊരു ഭാഷ്യം. പയ്യന്നൂരില്‍ ‘നാട്ടുകാര്‍ക്ക്’ഇഷ്ടമല്ലാത്ത ആളുകള്‍ വന്ന് ഇഷ്ടപ്പെടാത്തത്‌ പറഞ്ഞാല്‍ അടികിട്ടും. മുംബൈയില്‍ മുംബൈക്കാര്‍ക്ക് ഇഷ്ടമല്ലാത്തവര്‍ വന്ന് ഇഷ്ടമല്ലാത്തത് പറഞ്ഞാല്‍ അടികിട്ടും. ഒന്നിനെ ന്യായീകരിക്കാമെങ്കില്‍ മറ്റതിനേയും ന്യായീകരിച്ചേ പറ്റൂ.

    ReplyDelete
  5. സംഘപരിവാറിണ്റ്റെ വിധ്വംസക ഭീകരതകല്‍ തുടങ്ങുന്നതു പെട്ടന്നല്ല.. അതു പത്തൊമ്പതാം നൂറ്റാണ്ടിണ്റ്റെ മധ്യത്തിലാണു അന്വേഷിക്കേണ്ടതു.. ഇന്ത്യയെ വിഭജിച്ച്‌ മുസ്ളിംകളെ പുറംതള്ളാന്‍ ആരംഭിച്ച നീക്കങ്ങളില്‍ അതു തുടങ്ങുന്നു.

    ഇതുംകൂടി : ഇന്ത്യാ വിഭജനം : സമകാലിക വായന

    .

    ReplyDelete