Thursday, February 25, 2010

ജനത്തെ പറ്റിക്കാനുള്ള റെയില്‍ ബജറ്റ്

രണ്ടാം യുപിഎ സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയം പ്രതിഫലിപ്പിക്കുന്നതാണ് മമത ബാനര്‍ജി അവതരിപ്പിച്ച റെയില്‍ബജറ്റ്. മമതയുടെ ബംഗാള്‍ രാഷ്ട്രീയ സ്വപ്നങ്ങളും ഇതില്‍ ലക്ഷ്യംവയ്ക്കുന്നു. ഒറ്റനോട്ടത്തില്‍ ജനപ്രിയം എന്നുതോന്നുന്ന ചില പ്രഖ്യാപനങ്ങളുണ്ടെങ്കിലും സമര്‍ഥമായി മറച്ചുവയ്ക്കപ്പെട്ട സ്വകാര്യവല്‍ക്കരണനടപടിക്കാണ് ബജറ്റില്‍ പ്രാധാന്യമുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുള്ള ആദ്യത്തെ സമ്പൂര്‍ണബജറ്റാണിത്. ഇതിനു മുന്നോടിയായി മന്ത്രാലയം പ്രസിദ്ധീകരിച്ച കാഴ്ചപ്പാട് രേഖ- 2020, ധവളപത്രം എന്നിവയുടെ പശ്ചാത്തലത്തില്‍ മാത്രമേ ഈ ബജറ്റിനെ സമീപിക്കാന്‍ കഴിയുകയുള്ളൂ. സ്വകാര്യമൂലധനത്തെ ആകര്‍ഷിച്ചുമാത്രമേ ലക്ഷ്യം നിര്‍വഹിക്കാനാകൂ എന്നാണ് മമത ബാനര്‍ജി വ്യക്തമാക്കിയത്. ചരക്കുകടത്തുപാതയുടെ കാര്യത്തിലും റെയില്‍വേ സ്റ്റേഷനുകളുടെ ആധുനീകരണത്തിന്റെ കാര്യത്തിലും സ്വകാര്യമൂലധനത്തെ ഉപയോഗിക്കുമെന്ന കാര്യം പ്രസംഗത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. കാഴ്ചപ്പാട് രേഖപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് വിഹിതമായി 50,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അത്തരം സമീപനം ഉണ്ടാകില്ലെന്ന് കേന്ദ്രധനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍ പുതിയ പദ്ധതികള്‍ക്കായി കൂടുതല്‍ സ്വകാര്യപങ്കാളിത്തത്തെ ആശ്രയിക്കേണ്ടിവരുമെന്ന് ഉറപ്പ്.

റെയില്‍വേയുടെ ആസ്തി വിറ്റ് പണമുണ്ടാക്കുന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചിരുന്നു. 129 സഥലങ്ങളിലായി 3568 ഏക്കര്‍ സ്ഥലം വില്‍ക്കുമെന്ന് കാഴ്ചപ്പാട് രേഖയില്‍ത്തന്നെ സൂചിപ്പിച്ചിരുന്നു. അതില്‍ രണ്ടു സ്ഥലത്തിന്റെ വില്‍പ്പനയിലൂടെമാത്രം 1052 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഈ നടപടികള്‍ ശക്തിപ്പെടുത്തുമെന്ന സൂചനായണ് ബജറ്റിലുള്ളത്. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ നല്ലൊരു പങ്കും ആസൂത്രണകമീഷന്റെയോ ധനമന്ത്രാലയത്തിന്റെയോ അനുമതി നേടാത്തവയാണ്. സുരക്ഷാകാര്യങ്ങള്‍ക്കായുള്ള വകയിരുത്തലില്‍ കുറവ് വരുത്തിയിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരുവശത്ത് അപകടരഹിത സര്‍വീസായി റെയില്‍വേയെ മാറ്റുമെന്ന് പ്രഖ്യാപിക്കുകയും മറുവശത്ത് വകയിരുത്തല്‍ കുറയ്ക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണ്. റെയില്‍വേ സുരക്ഷാഫണ്ടില്‍ത്തന്നെ 2316 കോടി രൂപ ചെലവഴിക്കാതെ കിടക്കുമ്പോഴാണ് ഈ കുറവുകൂടി വരുത്തുന്നത്.

റെയില്‍വേയുടെ നടത്തിപ്പു ചെലവ് ഭീമമായി വര്‍ധിക്കുമെന്നും ബജറ്റ് പറയുന്നു. വികസനകാര്യങ്ങള്‍ക്കായുള്ള നീക്കിയിരുപ്പില്‍ വലിയ കുറവാണ് ഇതുവഴിയുണ്ടാകുന്നത്. ഈ സാഹചര്യവും സ്വകാര്യമൂലധനത്തെ ആശ്രയിക്കുന്നതിനു നിര്‍ബന്ധിതമാക്കും. യാത്രക്കൂലിയില്‍ വര്‍ധനയില്ലെന്നതാണ് ജനപ്രിയമാകുന്നതിനു കാരണമായി പ്രധാനമായും പറയുന്നത്. എന്നാല്‍, യാത്രക്കൂലിയില്‍ നേരിട്ട് വര്‍ധന വരുത്താതെ പരോക്ഷമായി ഈയിനത്തിലെ വരുമാനം റെയില്‍വേ വര്‍ധിപ്പിക്കുന്നുണ്ട്. 2005-06ല്‍ മൊത്തം റിസര്‍വ്ഡ് സീറ്റിന്റെ 5.6 ശതമാനമായിരുന്നു തത്കാല്‍ സീറ്റെങ്കില്‍ ഇപ്പോഴത് 14.2 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. ഇതുവഴി 650 കോടി രൂപയാണ് അധികമായി റെയില്‍വേ സമാഹരിച്ചത്. ചരക്കുകൂലയില്‍ വര്‍ധന വരുത്താതിരുന്നതും ഭക്ഷ്യധാന്യങ്ങളുടെയും മണ്ണെണ്ണയുടെയും കാര്യത്തില്‍ ഇളവുകള്‍ വരുത്തിയതും സ്വാഗതാര്‍ഹംതന്നെ. എന്നാല്‍, ലോകത്ത് ഏറ്റവുമധികം ചരക്കുകൂലിയുള്ള രാജ്യമാണ് ഇന്ത്യ എന്ന കാര്യം മറക്കരുത്.

പ്രതിവര്‍ഷം 1000 കിലോമീറ്റര്‍ റെയില്‍പാത പുതുതായി നിര്‍മിക്കുമെന്ന പ്രഖ്യാപനം ആവേശപൂര്‍വം നടത്തിയെങ്കിലും ഇതുസംബന്ധിച്ച മൂര്‍ത്തമായ പദ്ധതിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴത്തെ നിര്‍മാണം കേവലം 220 കിലോ മീറ്ററാണ്. വര്‍ഷത്തില്‍ 1000 കിലോമീറ്റര്‍ പാത നിര്‍മിക്കുന്ന ചൈനയുടെ വഴിയിലേക്ക് എത്തണമെന്ന ആഗ്രഹം നല്ലതാണെങ്കിലും ഈയിനത്തില്‍ നിലവിലുള്ള തുകപോലും കുറച്ചിരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ മാത്രമല്ല അതിനുമുമ്പുള്ള ബജറ്റുകളിലും പ്രഖ്യാപിച്ച നിരവധി പദ്ധതി തുടങ്ങാന്‍പോലും കഴിഞ്ഞിട്ടില്ലെന്ന കുറ്റകരമായ അനാസ്ഥയ്ക്കുള്ള മറുപടിയും മമതുടെ പ്രസംഗത്തിലില്ല. 1.7 ലക്ഷം ജീവനക്കാരുടെ കുറവുണ്ടെന്നു സമ്മതിക്കുന്ന റെയില്‍വേ അത് നികത്താനുള്ള നടപടി ഒന്നുംതന്നെ എടുത്തിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. റെയില്‍വേ അതിന്റെ മുഖ്യപ്രവര്‍ത്തനത്തില്‍നിന്നു വഴിമാറി മറ്റുമേഖലകളില്‍ കേന്ദ്രീകരിക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള 150 കോടി രൂപയില്‍നിന്ന് 1000 കോടി രൂപയാക്കി ഇതില്‍നിന്നുള്ള വരുമാനം ഉയര്‍ത്തുമെന്നാണ് പറയുന്നത്.

കേരളത്തെ സംബന്ധിച്ച് കുറച്ച് പുതിയ ട്രെയിനുകള്‍ ലഭിച്ചെന്നതാണ് പ്രധാനനേട്ടമായി പറയുന്നത്. എന്നാല്‍, കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ട കൊച്ചി- ബംഗളൂരു ട്രെയിന്‍ അനുവദിക്കാന്‍ തയ്യാറാകാത്തത് ബംഗളൂരു ബസ് ലോബിയുടെ സമ്മര്‍ദത്തിന്റെ ഫലമായാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിനുകളില്‍ മഹാഭൂരിപക്ഷവും ആരംഭിച്ചിട്ടില്ലെന്ന കാര്യവും പ്രസക്തം. രാജധാനി എക്സ്പ്രസ് പ്രതിദിന സര്‍വീസാക്കണമെന്നത് ഉള്‍പ്പെടെയുള്ള പ്രധാനാവശ്യങ്ങളും പരിഗണിച്ചില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനാവശ്യമായ പ്രത്യേക സോണിന് ഈ ബജറ്റിലും പരിഗണന ലഭിച്ചില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കോച്ച് ഫാക്ടറി ആരംഭിക്കുന്ന നടപടി തുടരുകയാണെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹംതന്നെ. എന്നാല്‍, അക്കൂട്ടത്തില്‍പ്പെട്ട ചേര്‍ത്തല ഓട്ടോകാസ്റ്റിലെ വാഗണ്‍ ഫാക്ടറിയുടെ കാര്യത്തില്‍ ബജറ്റ് നിശബ്ദത പാലിച്ചു. പുതുതായി അഞ്ച് വാഗണ്‍ ഫാക്ടറി അനുവദിക്കുന്ന പ്രഖ്യാപനംകൂടി നടത്തിയ സാഹചര്യത്തില്‍ ഇത് കടുത്ത അവഗണനയാണ്.

അതിവേഗചരക്കുകടത്തുപാതയില്‍ കേരളം പൂര്‍ണമായും അവഗണിക്കപ്പെട്ടു. റെയില്‍വേയുടെ ആറു പാതയില്‍ ചെന്നൈ-ബംഗളൂരു- കോയമ്പത്തൂര്‍- കൊച്ചി അതിവേഗ ചരക്കു കടത്തുപാതയുടെ സാങ്കേതികപഠനത്തിന് അനുമതി നേരത്തെ നല്‍കിയിരുന്നതാണ്. പക്ഷേ, അത് ഈ ബജറ്റില്‍ സ്ഥാനംപടിച്ചില്ല. ആസൂത്രണകമീഷന്റെ പരിഗണനയ്ക്ക് അഞ്ചു പുതിയ പാത കേരളത്തില്‍നിന്ന് നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ വലിയ പുതുമയില്ല. ഇതുവരെ 13 പ്രധാന സര്‍വേ കേരളത്തില്‍ നടന്നിട്ടുണ്ടെങ്കിലും അതില്‍ മഹാഭൂരിപക്ഷവും ഉപേക്ഷിക്കുകയാണ് ചെയ്തത്. പുതിയ മെമു ട്രെയിന്‍ അനുവദിച്ചതിലും വലിയ പുതുമയില്ല. ലാലുപ്രസാദിന്റെ ഭരണകാലത്തുതന്നെ ഇത് പ്രഖ്യാപിക്കുകയും അതിനായി കൊല്ലത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് അന്നുതന്നെ പണം അനുവദിക്കുകയും ചെയ്തു. പഴയ പ്രഖ്യാപനങ്ങളുടെ തനിയാവര്‍ത്തനമാണ് കേരളത്തെ സംബന്ധിച്ച് പ്രധാനമായുമുള്ളത്. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍കൂടി വരുന്നതോടെ തിരക്കു വര്‍ധിക്കുന്ന എറണാകുളം- ഷൊര്‍ണൂര്‍ പാത നാലുവരിയാക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പൊതുവെ പ്രഖ്യാപനങ്ങള്‍കൊണ്ട് ആളുകളെ പറ്റിക്കാനുള്ള വിദ്യയാണ് മമത നടത്തിയത്.

ദേശാഭിമാനി മുഖപ്രസംഗം 250210

1 comment:

  1. രണ്ടാം യുപിഎ സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയം പ്രതിഫലിപ്പിക്കുന്നതാണ് മമത ബാനര്‍ജി അവതരിപ്പിച്ച റെയില്‍ബജറ്റ്. മമതയുടെ ബംഗാള്‍ രാഷ്ട്രീയ സ്വപ്നങ്ങളും ഇതില്‍ ലക്ഷ്യംവയ്ക്കുന്നു. ഒറ്റനോട്ടത്തില്‍ ജനപ്രിയം എന്നുതോന്നുന്ന ചില പ്രഖ്യാപനങ്ങളുണ്ടെങ്കിലും സമര്‍ഥമായി മറച്ചുവയ്ക്കപ്പെട്ട സ്വകാര്യവല്‍ക്കരണനടപടിക്കാണ് ബജറ്റില്‍ പ്രാധാന്യമുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുള്ള ആദ്യത്തെ സമ്പൂര്‍ണബജറ്റാണിത്. ഇതിനു മുന്നോടിയായി മന്ത്രാലയം പ്രസിദ്ധീകരിച്ച കാഴ്ചപ്പാട് രേഖ- 2020, ധവളപത്രം എന്നിവയുടെ പശ്ചാത്തലത്തില്‍ മാത്രമേ ഈ ബജറ്റിനെ സമീപിക്കാന്‍ കഴിയുകയുള്ളൂ.

    ReplyDelete