Tuesday, March 2, 2010

സിബിഐയുടെ 'തലപരിശോധന'

സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇങ്ങനെ പറയുന്നു:

"ക്യാന്‍സറും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെ ചോദ്യംചെയ്ത് അന്നത്തെ ധനകാര്യ സെക്രട്ടറി വരദാചാരി ഇതിനെ എതിര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധിയെത്തന്നെ പിണറായി ചോദ്യംചെയ്തത് എങ്ങനെയെങ്കിലും ഇതു നടപ്പാക്കാനുള്ള ദുഷ്ടലാക്ക് വ്യക്തമാക്കുന്നു.''

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ കേരള ഗവര്‍ണറുടെ നടപടിയും സിബിഐ കുറ്റപത്രവും ചോദ്യംചെയ്ത് മുന്‍വൈദ്യുതി മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിട്ട് ഹര്‍ജിക്കെതിരെയാണ് ഈ സത്യവാങ്മൂലം. സിബിഐ നിരത്തിയ വാദമുഖങ്ങളെയാകെ ഖണ്ഡിക്കാനുള്ള പുറപ്പാടല്ല ഇത്. അത് കോടതിയില്‍ നടക്കേണ്ട കാര്യമാണ്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിനുമുമ്പാകെ, ജനങ്ങളെയും നീതിന്യായ സംവിധാനത്തെയും കൊഞ്ഞനം കുത്തുന്ന ഇത്തരമൊരു പ്രസ്താവം നടത്താന്‍ സിബിഐക്ക് എങ്ങനെ കഴിയുന്നു എന്നതാണ് പരിശോധിക്കപ്പെടേണ്ട വിഷയം.

വരദാചാരിയുടെ തലപ്രശ്നം സിബിഐയെ പരിഹാസ്യമാക്കിയ ഒന്നാണ്. സഹകരണമന്ത്രികൂടിയായിരുന്ന പിണറായി വിജയന്‍, കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വിശ്വാസ്യതയില്ല എന്ന് അന്നത്തെ ധനസെക്രട്ടറി വരദാചാരി നിലപാടെടുത്തപ്പോള്‍ ശക്തമായി പ്രതികരിച്ചതായി 1997 നവംബറിലെ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത്തരം അസംബന്ധം പറയുന്ന ധനസെക്രട്ടറിയുടെ തല പരിശോധിക്കേണ്ടതാണെന്നാണ് അന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ (അത് ഒരു ഫയലല്ല, മുഖ്യമന്ത്രിക്കു നല്‍കിയ കുറിപ്പുമാത്രം) പിണറായി കമന്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത. അത് ആ സമയത്തുതന്നെ പ്രതികരണങ്ങളും വിവാദവുമുണ്ടാക്കി. കാലക്രമത്തില്‍ ലാവ്ലിന്‍ കേസ് കുത്തിപ്പൊക്കിയവര്‍, വരദാചാരിയുടെ തലയെ അതിനായി ഉപയോഗിച്ചു. തലപരിശോധനാ ഫയല്‍ മുക്കി, അതാണ് കേസിലെ പ്രധാന തെളിവ്, മുക്കിയത് പിണറായിയും കോടിയേരിയും- ഇങ്ങനെയൊക്കെയായി പ്രചാരണം. കേസായി; കോടതിയുത്തരവായി. ഒടുവില്‍ അത് സിബിഐയും ഏറ്റുപിടിച്ചു. ലാവ്ലിന്‍ കേസില്‍ പിണറായിക്കെതിരെ തെളിവുകള്‍ പടച്ചുണ്ടാക്കുന്ന കൂട്ടത്തില്‍ 'വരദാചാരിയുടെ തലപരിശോധന' ഒരു പ്രധാന 'തെളിവായി'ത്തന്നെ അവതരിപ്പിക്കപ്പെട്ടു. വരദാചാരി, രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ സാക്ഷികളുമാക്കി. കേസ് കോടതിയിലെത്തിയപ്പോഴാണ്, തല പരിശോധന സംഭവം വൈദ്യുതിവകുപ്പുമായി ബന്ധപ്പെട്ടതല്ല, സഹകരണമേഖലയിലെ പ്രശ്നത്തിലാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍, മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി തുടങ്ങിയ പത്രങ്ങളില്‍ അച്ചടിച്ചുവന്ന വാര്‍ത്തകള്‍ സഹിതം പുറത്തുവന്നത്. അതില്‍പ്പിന്നെ, കേരളത്തിലെ ബൂര്‍ഷ്വാ മാധ്യമങ്ങളും യുഡിഎഫും വരദാചാരിയെക്കുറിച്ച് മിണ്ടിയിട്ടില്ല. വിചിത്രമെന്നു പറയട്ടെ, സിബിഐ ഇപ്പോഴും വരദാചാരിയെത്തന്നെ ആശ്രയിക്കുന്നു!

സുപ്രീംകോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ പിണറായി രണ്ടു പ്രധാന കാര്യങ്ങളാണ് ഊന്നിയത്.

ഒന്ന്: ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി തെറ്റാണ്.
രണ്ട്: സിബിഐ ഈ കേസില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രം നിയമപരമായി സാധുതയില്ലാത്തതാണ്.

ഈ രണ്ടു കാര്യവും സമര്‍ഥിക്കുന്ന തെളിവുകളാണ് റിട്ടില്‍ നിരത്തുന്നത്. അവയെ ഖണ്ഡിക്കാന്‍ എതിര്‍ സത്യവാങ്മൂലത്തിലൂടെ സിബിഐ നിരത്തുന്ന 17 ന്യായവാദങ്ങള്‍ പര്യാപ്തമാകുന്നില്ല. മാത്രമല്ല, നേരത്തെ പറഞ്ഞതും പരാജയപ്പെട്ടതുമായ വാദമുഖങ്ങളില്‍നിന്ന് ഒരിഞ്ചുപോലും കേന്ദ്ര അന്വേഷണ ഏജന്‍സി മുന്നോട്ടുപോകുന്നുമില്ല. സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണല്ലോ കേസ്. അങ്ങനെ നഷ്ടമുണ്ടായത് ആരുടെ, ഏത് പ്രവൃത്തികൊണ്ടാണ് എന്ന് കണ്ടുപിടിക്കലാണ് യഥാര്‍ഥത്തില്‍ ലാവ്ലിന്‍ കേസിന്റെ അടിസ്ഥാനം. ആ അടിസ്ഥാന വസ്തുത കണ്ടെത്താന്‍ പ്രത്യേകമായ പരിശ്രമമൊന്നും വേണ്ടതില്ല. പിണറായി വിജയന്‍ മന്ത്രിയായപ്പോള്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പണി അതിവേഗം നടന്നിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ക്യാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് വന്നപ്പോള്‍ ആദ്യം പണി മുടങ്ങി. ധാരണപത്രം കരാറാക്കി മാറ്റാനുള്ള പ്രക്രിയക്കിടെ ഏകപക്ഷീയമായി പിന്മാറിയത് യുഡിഎഫ് ഗവമെന്റാണ്. സംസ്ഥാനത്തിന് വിദേശത്തുനിന്ന് ലഭിക്കുമായിരുന്ന സഹായം ഇല്ലാതാക്കുന്ന ആ തീരുമാനം എന്തിനെടുത്തു, എന്തുകൊണ്ട് ധാരണപത്രം കാലഹരണപ്പെടാന്‍ വിട്ടു,
എസ്എന്‍സി ലാവ്ലിന്‍ കമ്പനി പണം തരില്ലെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണോ അത്, സഹായം തുടരുന്നതിന് ലാവ്ലിന്‍ കമ്പനി നടത്തിയ ശ്രമങ്ങളോടും അഭ്യര്‍ഥനയോടും പ്രതികരിക്കാതിരുന്നതെന്ത് എന്നിങ്ങനെയുള്ള സുപ്രധാന ചോദ്യങ്ങള്‍ക്ക് സിബിഐ ഉത്തരം കാണുന്നില്ല. ഇതിനൊന്നും അവര്‍ക്ക് മറുപടിയില്ലാഞ്ഞിട്ടല്ല, മറിച്ച്, മറുപടി പറഞ്ഞാല്‍ പ്രതിക്കൂട്ടിലെത്തുക സ്വന്തം രാഷ്ട്രീയ യജമാനന്‍മാരാണ് എന്ന് മറ്റാരെക്കാള്‍ നന്നായി സിബിഐ തിരിച്ചറിയുന്നുണ്ട്. ധാരണാപത്രത്തിനുപകരം കരാര്‍ വയ്ക്കുന്നതിന് ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകളോടും ശ്രമങ്ങളോടും അന്നത്തെ മുഖ്യമന്ത്രി ആന്റണിയും വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസനും കാട്ടിയ അലംഭാവപൂര്‍ണ്ണവും നിഷേധാത്മകവുമായ സമീപനം തെളിയിക്കുന്ന രേഖകള്‍ സിബിഐ തന്നെ സമര്‍പ്പിച്ചവയിലുണ്ട്. റിട്ടിന്റെ ഭാഗമായി സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടാണ് സിബിഐയുടെ ഈ ഒളിച്ചുകളി.

കമ്പനിയെ കണ്ടുപിടിച്ച് കരാറും ധാരണപത്രവുമുണ്ടാക്കിയത് യുഡിഎഫിന്റെ കാലത്താണെന്നു സമ്മതിക്കുന്ന സിബിഐ, അന്ന് അധികാരസ്ഥാനങ്ങളിലിരുന്നവര്‍ക്ക് എന്താണ് പങ്കാളിത്തം എന്ന് ശ്രദ്ധിക്കുന്നില്ല. കരാറിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഉണ്ടായിരുന്നവര്‍ വരാത്ത കേസില്‍ എങ്ങനെ ഇടക്കാലത്ത്, കുറഞ്ഞ കാലയളവില്‍മാത്രം മന്ത്രിസ്ഥാനത്തിരുന്ന ഒരാള്‍ പ്രതിയായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് സിബിഐ മാത്രമാണ്. സിബിഐയുടെ ചെന്നൈയിലെ എസ്പി എസ് മുരുകന്‍ സമര്‍പ്പിച്ച 36 പേജുള്ള എതിര്‍സത്യവാങ്മൂലത്തില്‍ അതൊന്നും കാണാനില്ല. റിട്ട് ഹര്‍ജിയില്‍ പിണറായി ഉന്നയിച്ച പ്രശ്നങ്ങള്‍ ഈ കേസില്‍ സിബിഐ സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അവയോടൊന്നും പ്രതികരിക്കാന്‍ മുതിരാതെ, ഒറ്റനോട്ടത്തില്‍ത്തന്നെ പരിഹാസ്യമെന്നു കാണാവുന്ന വാദങ്ങളാണ് സിബിഐ നിരത്തുന്നത്.

അതിലൊന്ന്, "പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. രാഷ്ട്രീയമായി വളരെ ഉയര്‍ന്ന പദവിയാണിത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കുന്നതില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായത്തിന് വലിയ പങ്കുണ്ട്'' എന്നാണ്. അതേ അര്‍ഥത്തില്‍, കേന്ദ്ര മന്ത്രിസഭയെ നിയന്ത്രിക്കുന്ന സോണിയ ഗാന്ധിയാണ് സിബിഐ എന്തു ചെയ്യണമെന്ന് തീരുമാനിക്കുക എന്ന പ്രത്യാരോപണവും ആയിക്കൂടേ? 'രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതിയുടെ വിധി പറയുന്നതു പ്രതി ഗൂഢാലോചന മുഴുവന്‍ അറിഞ്ഞിരിക്കണം എന്നില്ല എന്നാണ്. എന്നാല്‍, കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് അതുകൊണ്ട് ഇല്ലാതാകുന്നില്ല' എന്നു വാദിച്ച്, ഒരന്വേഷണ ഏജന്‍സിക്കു ചേരാത്ത അനുമാനങ്ങളിലും പരിഹാസ്യമായ താരതമ്യത്തിലുമാണ് സിബിഐ എത്തുന്നത്.

പിണറായിയെ പ്രതിയാക്കാന്‍ തെളിവാണല്ലോ വേണ്ടത്. എവിടെ തെളിവ് എന്നു ചോദിക്കുമ്പോള്‍ കൃത്യമായി പറയാന്‍ ഒന്നുംതന്നെ ഇല്ല സിബിഐയുടെ കൈവശം. 86 കോടി നഷ്ടപ്പെടുത്തിയവരെ കണ്ടെത്താന്‍ സിബിഐ എന്തിനു മടിക്കുന്നു എന്ന ചോദ്യത്തിനുത്തരം ആ ഏജന്‍സിയുടെ രാഷ്ട്രീയ വിധേയത്വം എന്നുതന്നെയാണ്. തലശേരിയിലെ ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ മന്ത്രിസ്ഥാനമൊഴിഞ്ഞിട്ടും പിണറായി താല്‍പ്പര്യം കാട്ടി, പദ്ധതിനടത്തിപ്പ് സംബന്ധിച്ച് മന്ത്രി എന്ന നിലയില്‍ വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി എന്നതൊക്കെ കുറ്റാരോപണമായാണ് നിരത്തുന്നത്. അതായത്, ഒരു മന്ത്രി തന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി അനിവാര്യമായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ കുറ്റങ്ങളാകുന്നു!

ലാവ്ലിന്‍ കേസിന്റെ വിവിധ ഘട്ടങ്ങളില്‍ സുവ്യക്തമായി മറുപടി പറയപ്പെട്ടതും കേസ് രേഖകള്‍കൊണ്ടുതന്നെ ഖണ്ഡിക്കപ്പെട്ടതുമായ 17 കാര്യങ്ങള്‍ മാത്രമേ ഇപ്പോഴും സിബിഐക്ക് സമര്‍പ്പിക്കാനുള്ളൂ എന്നത്, തുടക്കംമുതല്‍ ഈ കേസ് രാഷ്ട്രീയമായി കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന വസ്തുതയ്ക്കാണ് അടിവരയിടുന്നത്. സിബിഐ ഇപ്പോഴും വരദാചാരിയുടെ ലെവലില്‍തന്നെയാണ്്. അതിനപ്പുറം പോകാന്‍ അവര്‍ക്ക് അനുവാദമില്ല. എന്തുകൊണ്ട് യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ ഒഴിവാക്കപ്പെട്ടു എന്നുപറയാനുള്ള അവരുടെ ശേഷിയില്ലായ്മതന്നെയാണ്, സുപ്രീംകോടതിയില്‍പ്പോലും വസ്തുതാവിരുദ്ധവും പരിഹാസ്യവുമായ സത്യവാങ്മൂലം നല്‍കാന്‍ ആ അന്വേഷണ ഏജന്‍സിയെ നിര്‍ബദ്ധരാക്കിയത്.

പി.എം.മനോജ് ദേശാഭിമാനി 020310
മനോജിന്റെ പോസ്റ്റ് ഇവിടെ

1 comment:

  1. janasakthi we dont trust you either manorama or desabhimani , let the case be decided by the court and like so many other political leaders from congress and other dirty parties , let our comerade come clean from the case. and as the histroy showed no political leader in india went to jail from corruption we know your commerade also will not go to Jail.

    ReplyDelete