Monday, March 15, 2010

ഗുജറാത്തില്‍ വൈകിയെത്തുന്ന നീതി

ഗുജറാത്ത് വംശഹത്യാവേളയില്‍ പകച്ചുപോയ രാജ്യത്തെ നീതിന്യായ സംവിധാനം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതിന്റെ കരുത്ത് വീണ്ടെടുക്കുകയാണ്. വംശഹത്യയുടെ സൂത്രധാരകന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൂട്ടക്കൊലക്കേസില്‍ ചോദ്യംചെയ്യാന്‍ സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം(എസ്എടി) സമന്‍സ് അയച്ചത് ഈ വീണ്ടെടുപ്പിന്റെ ആശ്വസം പകരുന്ന സൂചനയാണ്. 2002 ഫെബ്രുവരി 28ന് ഗുല്‍ബര്‍ഗ് ഹൌസിങ് സൊസൈറ്റിയിലെ ആക്രമണങ്ങള്‍ക്കിടെ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യംചെയ്യലിന് ഈ മാസം 21ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് മോഡിക്ക് സമന്‍സ് അയച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയെ കൂട്ടക്കൊലക്കേസില്‍ ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിക്കുന്നത്. എട്ടു വര്‍ഷം കഴിഞ്ഞ് ജഫ്രിയുടെ കുടുബത്തെതേടി നീതിയെത്തുകയാണ്.

ഗോധ്ര സംഭവത്തിന്റെ പിറ്റേന്ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സംഘപരിവാര്‍ നടത്തിയ കൂട്ടക്കൊലയില്‍ ജഫ്രിയടക്കം 69 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2002 ഫെബ്രുവരി 28ന് രാവിലെ ഒമ്പതോടെയാണ് ആര്‍എസ്എസിന്റെ വേഷം ധരിച്ചെത്തിയ അക്രമികള്‍ സൊസൈറ്റിക്ക് പുറത്ത് തടിച്ചുകൂടിയത്. ഭയന്നോടിയ ജനം മുന്‍ എംപിയായ ഇഹ്സാന്‍ ജഫ്രിയുടെ വീട്ടില്‍ അഭയംതേടി. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സഹായം അഭ്യര്‍ഥിച്ച് ജഫ്രി പലവട്ടം വിളിച്ചു. എന്നാല്‍, ജഫ്രിയെ ശകാരിക്കുകയാണ് മോഡി ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരെയടക്കം സഹായത്തിനായി ഫോണ്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഡല്‍ഹിയിലേക്കും ജഫ്രി ഫോണ്‍ ചെയ്തു. കേന്ദ്രം ഭരിക്കുന്നത് അന്ന് വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപിയായിരുന്നു. രണ്ടു കിലോമീറ്റര്‍ മാത്രം അപ്പുറത്ത് പൊലീസ് കമീഷണര്‍ ഓഫീസ് ഉണ്ടായിട്ടും നിയമപാലകര്‍ വന്നില്ല. അന്നത്തെ രാഷ്ട്രപതി പരേതനായ കെ ആര്‍ നാരായണന്‍തന്നെ ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജഫ്രിയുടെ ജീവന്‍ രക്ഷിക്കാന്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ എംപിമാര്‍ അന്നുച്ചയോടെ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്ചെയ്തു. ഇതൊന്നും ഫലംചെയ്തില്ല. വൈകിട്ട് വീട്ടിലേക്ക് അതിക്രമിച്ചു കടന്ന അക്രമികള്‍ ജഫ്രിയെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് കൈയും കാലും വെട്ടി ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. രാഷ്ട്രപതിയുടെ ഇടപെടലിനുപോലും വിലയില്ലാതായി.

ഗുജറാത്ത് സംഭവത്തില്‍ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഗൂഢാലോചന നടന്നതായി കെ ആര്‍ നാരായണന്‍ സ്ഥാനമൊഴിഞ്ഞശേഷം പറയുകയുണ്ടായി.

നരേന്ദ്ര മോഡിക്കെതിരെ 100 പേജുള്ള പരാതിയാണ് സാകിയ ജഫ്രി സമര്‍പ്പിച്ചത്. മോഡിക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത 62 പേരെയും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇവരില്‍ മോഡിയുടെ മന്ത്രിസഭാംഗങ്ങളും ഉള്‍പ്പെടും. കേസില്‍ സാക്ഷികളായ നിരവധിപേരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. മോഡിക്കെതിരെ സുപ്രധാനമായ പല തെളിവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വംശഹത്യാവേളയില്‍ മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് മോഡി നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളും എസ്എടി പരിഗണിക്കുന്നുണ്ട്. പ്രസംഗഭാഗങ്ങളുടെ ടേപ്പ് കൈമാറാന്‍ മടിച്ചതടക്കം അന്വേഷണസംഘവുമായി ഗുജറാത്ത് സര്‍ക്കാര്‍ തുടര്‍ച്ചയായി നിസ്സഹകരിക്കുകയാണുണ്ടായത്. തുടര്‍ന്ന് സുപ്രീംകോടതിതന്നെ ഉത്തരവിട്ടാണ് പ്രസംഗത്തിന്റെ ടേപ്പ് അന്വേഷണസംഘത്തിന് ലഭിച്ചത്.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പത്ത് പ്രധാന കേസ് അന്വഷിക്കാന്‍ 2008 മാര്‍ച്ചിലാണ് മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ സംഘത്തെ സുപ്രീംകോടതി നിയോഗിച്ചത്. ഗോധ്ര പട്ടണം, ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദ പാട്യ, വഡോദരയിലെ ബെസ്റ് ബേക്കറി തുടങ്ങിയ പത്ത് സ്ഥലത്ത് നടന്ന കൂട്ടക്കൊലയും ബലാത്സംഗങ്ങളും കലാപവുമാണ് സംഘം അന്വേഷിക്കുന്നത്. ഗുല്‍ബര്‍ഗിലടക്കം പല കേസിലും സംഘപരിവാര്‍ നേതാക്കളുടെ പങ്ക് നേരത്തെ പുറത്തുവന്നിരുന്നു. ഏപ്രില്‍ മുപ്പതിനകം അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം. ഈ സമയക്രമം പാലിക്കുമെന്ന് നിഷ്പക്ഷതയ്ക്കും സത്യസന്ധതയ്ക്കും പേരുകേട്ട ആര്‍ കെ രാഘവന്‍ ഉറപ്പിച്ചു പറയുന്നു. അങ്ങനെയെങ്കില്‍ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മോഡി നിയമത്തിനു മുന്നില്‍ കുടുങ്ങുമെന്ന് ഏതാണ്ട് ഉറപ്പിക്കാം.

രണ്ടായിരത്തിലെപ്പേര്‍ കശാപ്പുചെയ്യപ്പെട്ട ഗുജറാത്ത് വംശഹത്യയില്‍ നാലായിരത്തിലേറെ പരാതികള്‍ സംസ്ഥാനത്തെ പൊലീസ് സ്റേഷനുകളിലും പ്രാദേശിക കോടതികളിലും എത്തിയിരുന്നു. ഇതില്‍ പകുതിയും തുടര്‍നടപടിയില്ലാതെ തള്ളുകയായിരുന്നു. തുടര്‍ന്നുപോയതില്‍ ഏറെയും മുസ്ളിങ്ങള്‍ പ്രതികളായ കേസും. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതി നേരിട്ട് ഇടപെട്ടത്. സംസ്ഥാന സര്‍ക്കാരിനെയും ജുഡീഷ്യറിയെയും രൂക്ഷമായി വിമര്‍ശിച്ച പരമോന്നതകോടതി പലകേസും ഗുജറാത്തിനു പുറത്തേക്ക് മാറ്റുകയും നേരിട്ട് അന്വേഷണത്തിന് മുതിരുകയുംചെയ്തു. ഇതിലൊന്നാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ്. ഇതില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയല്ലാതെ മറ്റൊരു വഴിയും നരേന്ദ്രമോഡി എന്ന നരാധമനുമുന്നില്‍ ഇല്ലാതെവരും.

സംഘപരിവാര്‍ ശക്തികള്‍ അതൊരു പുതിയ അവസരമാക്കി എടുക്കുമെങ്കിലും മതേതര ഇന്ത്യക്ക് അത് മുതല്‍ക്കൂട്ടാവും. ഇന്ത്യയുടെ മതേതര അടിത്തറ തകര്‍ക്കാന്‍ ഹിന്ദുപരിവാര്‍ വച്ച മൂന്ന് ചുവടുവയ്പില്‍ ഒന്നാണ് ഗുജറാത്ത് വംശഹത്യ. ആദ്യത്തേത് രാഷ്ട്രപിതാവിനെ വെടിവച്ച് കൊന്നതായിരുന്നു. രണ്ടാമത്തേത് ബാബറിമസ്ജിദ് തകര്‍ത്തത്. പിന്നീട് വംശീയ ഉന്മൂലനത്തിന് ഗാന്ധിജിയുടെ ജന്മനാട്ടിനെത്തന്നെ അവര്‍ തെരഞ്ഞെടുത്തു. ഇതിലൊന്നിനെയും തള്ളിപ്പറയാന്‍ ഹിന്ദുത്വ ഭീകരര്‍ തയ്യാറായിട്ടില്ല; തയ്യാറാവുകയുമില്ല.

ദേശാഭിമാനി മുഖപ്രസംഗം 150310

മോഡി സര്‍ക്കാറിനെതിരെ സിബിഐ സുപ്രീം കോടതിയിലേക്ക്

സൊഹ്റാബുദ്ദീനും ഭാര്യ കൌസര്‍ബിയും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസിലെ രേഖകള്‍ കൈമാറാന്‍ വിസമ്മതിക്കുന്ന ഗുജറാത്ത് സര്‍ക്കാറിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നു. സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷിയായിരുന്ന തുളസി പ്രജാപതിയും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച രേഖകള്‍ കൈമാറാന്‍ സര്‍ക്കാര്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഭീകരരായ സൊഹ്റബുദ്ദീനും ഭാര്യയും 2005ല്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാറിന്റെ വാദം. ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് പിന്നീട് തെളിഞ്ഞത് മോഡി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി. തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ടാണ്് കേസന്വേഷണത്തിന് സിബിഐയെ ചുമതലപ്പെടുത്തിയത്. കേസില്‍ സാക്ഷിയായിരുന്ന പ്രജാപതിയുടെ കൊലയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് സമീപിച്ചപ്പോള്‍ മോഡി സര്‍ക്കാര്‍ നിരസിച്ചു. വിചാരണയ്ക്ക് രാജസ്ഥാനിലെ കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുവരുന്നതിനിടെ പ്രജാപതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലപ്പെട്ടതായാണ് ഗുജറാത്ത് പൊലീസിന്റെ വാദം. സൊഹ്റാബുദ്ദീന്‍ കേസിന്റെ പിന്നിലുള്ള ഗൂഢാലോചനയും അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് സിബിഐ വക്താവ് ഹാര്‍ഷ് ബാഹല്‍ പറഞ്ഞു. അതുമായി ബന്ധമുള്ള പ്രജാപതി കേസിന്റെ രേഖകള്‍ കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് വംശഹത്യ അന്വേഷണ സംഘത്തില്‍നിന്ന് ഒരാള്‍കൂടി പിന്മാറി

ഗുജറാത്ത് വംശഹത്യക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ 21ന് ചോദ്യംചെയ്യാനിരിക്കെ പ്രത്യേക അന്വേഷണ സംഘ (എസ്ഐടി)ത്തില്‍നിന്ന് ഒരാള്‍കൂടി പിന്‍മാറി. സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സംഘത്തിലെ റിട്ട. ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ പരംവീര്‍ സിങ്ങാണ് പിന്മാറിയത്. ദിവസങ്ങളായി അന്വേഷണത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന സിങ് വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി രാജി സമര്‍പ്പിച്ചതായാണ് വിവരം. റിട്ട. ഐപിഎസ് ഓഫീസര്‍ സി ബി സത്പതി രാജിവച്ചതിനെ തുടര്‍ന്നാണ് മുന്‍ സിബിഐ അഡീഷണല്‍ ഡയറക്ടറായ പരംവീര്‍ സിങ് എസ്ഐടിയിലെത്തിയത്. അമ്മയ്ക്ക് രോഗമാണെന്ന കാരണത്താല്‍ സിങ് ഏറെനാളായി ജോലിയില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്ന് എസ്ഐടിയിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഗുല്‍ബര്‍ഗ് കേസിലെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ആര്‍ കെ ഷായും സഹായി നയന ഭട്ടും രാജിവച്ചതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെതന്നെ പിന്മാറ്റം. എസ്ഐടിയുടെയും വിചാരണക്കോടതി ജഡ്ജിയുടെയും തെറ്റായ നടപടികളും നിസ്സഹകരണവും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂട്ടര്‍ രാജി നല്‍കിയത്. എസ്ഐടി അംഗമായ ഗീത ജോഹ്രി നേരത്തെ രാജിവയ്ക്കുമെന്ന് പറഞ്ഞിരുന്നു.

വംശഹത്യക്കിടെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കോണ്‍ഗ്രസ് നേതാവ് എഹ്സാന്‍ ജഫ്രിയടക്കം 69 പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിയപ്പോഴാണ് എസ്ഐടി പ്രതിസന്ധിയിലായത്. എസ്ഐടി തലവന്‍ ആര്‍ കെ രാഘവന്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചെന്നാണ് വിവരം. മോഡിയെ ചോദ്യംചെയ്യുന്നതോടെ അന്വേഷണം പൂര്‍ത്തിയാകുമെന്ന് രാഘവന്‍ വ്യക്തമാക്കിയിരുന്നു. കേസന്വേഷണം അട്ടിമറിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് അന്വേഷണസംഘത്തില്‍നിന്നുള്ള രാജികള്‍. എസ്ഐടിക്കുമേല്‍ കടുത്ത സമ്മര്‍ദവും ഭീഷണിയുമുണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ശക്തമായ ആരോപണമുണ്ട്.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 150310

2 comments:

  1. ഗുജറാത്ത് വംശഹത്യാവേളയില്‍ പകച്ചുപോയ രാജ്യത്തെ നീതിന്യായ സംവിധാനം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതിന്റെ കരുത്ത് വീണ്ടെടുക്കുകയാണ്. വംശഹത്യയുടെ സൂത്രധാരകന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൂട്ടക്കൊലക്കേസില്‍ ചോദ്യംചെയ്യാന്‍ സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം(എസ്എടി) സമന്‍സ് അയച്ചത് ഈ വീണ്ടെടുപ്പിന്റെ ആശ്വസം പകരുന്ന സൂചനയാണ്. 2002 ഫെബ്രുവരി 28ന് ഗുല്‍ബര്‍ഗ് ഹൌസിങ് സൊസൈറ്റിയിലെ ആക്രമണങ്ങള്‍ക്കിടെ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യംചെയ്യലിന് ഈ മാസം 21ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് മോഡിക്ക് സമന്‍സ് അയച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയെ കൂട്ടക്കൊലക്കേസില്‍ ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിക്കുന്നത്. എട്ടു വര്‍ഷം കഴിഞ്ഞ് ജഫ്രിയുടെ കുടുബത്തെതേടി നീതിയെത്തുകയാണ്.

    ReplyDelete
  2. നന്ദി ജാഗ്രത. എങ്കിലും, ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം ഞാന്‍ കാണുന്ന ഏറ്റവും വലിയ ട്രാജഡി, അവിടുത്തെ ഹിന്ദു-മുസ്ലിം ജനങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള അകല്‍ച്ചയാണ്. കുടിയൊഴിപ്പിക്കപ്പെടുന്നതിനെതിരെ കേസു കൊടുത്ത് വിജയിക്കുകയും വീടുകള്‍ കിട്ടുകയും ചെയ്ത പാവപ്പെട്ട ഹിന്ദു-മുസ്ലിങ്ങള്‍ക്കു പോലും ഒരേയിടത്ത് ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുന്നില്ല

    ReplyDelete